വിധി വിശ്വാസം -ഖദ്‌റിലുള്ള വിശ്വാസം- എന്നും ആളുകളെ കുഴക്കിയിട്ടുണ്ട്. മത വിജ്ഞാനം കുറഞ്ഞ സാധാരണക്കാരെ മാത്രമല്ല; ചില പണ്ഡിതന്‍മാരെ പോലും അത് പ്രയാസപ്പെടുത്തിയിട്ടുണ്ട്. സാധാരണക്കാര്‍ക്ക് ഇത് പോലുള്ള സങ്കീര്‍ണ്ണ വിഷയങ്ങള്‍ മനസ്സിലാക്കാന്‍ സൌകര്യം കുറവായിരിക്കും. സമഗ്രമായ ഒരു കാഴ്ചപ്പട് രൂപപ്പെടുത്താനുള്ള ക്ഷമ കാണിക്കാത്തതാണ് പണ്ഡിതന്മാരുടെ കുറ്റം.
വിവരം കുറഞ്ഞ ആളുകള്‍ വൈരുദ്ധ്യം നിറഞ്ഞ ഒരു വിശ്വാസമാണിതെന്ന് കരുതുന്നു. സാധാരണക്കാര്‍ക്ക് എളുപ്പം വിശദീകരിക്കാന്‍ കഴിയാത്തതിനാല്‍ അവരെ വഴിതെറ്റിക്കാന്‍ വേണ്ടി ഇസ്‌ലാമിന്റെ പ്രതിയോഗികള്‍ ഇതില്‍ കയറിപ്പിടിക്കാറുണ്ട്.
മനുഷ്യന്ന് ഇച്ഛാസ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. അതേ സമയം ആളുകളെ സന്മാര്‍ഗ്ഗത്തിലാക്കുന്നതും ദുര്‍മാര്‍ഗ്ഗത്തിലാക്കുന്നതും അല്ലാഹുവാണെന്നും ഖുര്‍ആനിലുണ്ട്. ഇത് വൈരുദ്ധ്യമല്ലേ എന്നാണ് വിമര്‍ശകരുടെ ചോദ്യം.
എല്ലാം നിയന്ത്രിക്കുന്നത് അല്ലാഹുവണെന്നും ഖുര്‍ആന്‍ പറയുന്നുണ്ടല്ലോ. പിന്നെ എവിടെയാണ് മനുഷ്യന്ന് സ്വാതന്ത്ര്യം അവശേഷിക്കുക എന്നും അവര്‍ ചോദിക്കുന്നു. ആരാണ് സ്വര്‍ഗ്ഗത്തിലെന്നും നരകത്തിലെന്നും അലാഹു നേരത്തെ രേഖപ്പെടുത്തിയിട്ടുണ്ട് എന്നാണല്ലോ ഇസ്‌ലാമിന്റെ വിശ്വാസം. ആ 'വിധിക്ക്' മാറ്റം വരില്ലെന്നും പറയുന്നു. അപ്പോള്‍ ചിലരെ സ്വര്‍ഗ്ഗത്തിലും മറ്റു ചിലരെ നരകത്തിലും ഇടാന്‍ മുന്‍കൂട്ടി തന്നെ തീരുമാനിച്ച അല്ലാഹു കാരുണ്യവാനാകുന്നതെങ്ങനെ എന്നാണ് മറ്റൊരു ചോദ്യം.
അല്ലാഹുവിന്റെ ഗ്രന്‍ഥമായ വിശുദ്ധ ഖുര്‍ആന്‍ വൈരുദ്ധ്യങ്ങളില്‍ നിന്ന് മുക്ത്മാണെന്ന് അത് തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്; മാത്രമല്ല, വൈരുദ്ധ്യമില്ലായ്‌മ അത് ദൈവികമാണെന്നതിന്റെ തെളിവായി ചൂണ്ടിക്കാണിക്കുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍, ഖുര്‍ആന്‍ വ്യഖ്യാതാക്കളുടെയും മതപണ്ഡിതന്മാരുടെയും വ്യാഖ്യാന മിടുക്ക് കൊണ്ട് വൈരുദ്ധ്യം ചെത്തി മിനുക്കി ഇല്ലാതാക്കുകയാണെന്നാണ് വിമര്‍ശകന്മാരുടെ ആക്ഷേപം. പിശാച് ദൈവത്തിന്റെ സൃഷ്ടി അല്ലെന്നോ അവന്‍ ദൈവത്തിന്റെ തുല്യനായ എതിരാളിയാണെനോ ഇസ്‌ലാം സിദ്ധാന്തിക്കുന്നില്ല. പിശാചിന്ന് മുമ്പില്‍ ദൈവം തോറ്റുപോയെന്ന കാഴ്ചപ്പാടും ഇസ്‌ലാമിനില്ല. അതേ സമയം അല്ലാഹു അവന്നനുവദിച്ച പരിധിയില്‍ നിന്ന് കൊണ്ട് തന്റെ ദുഷ്‌കൃത്യം ചെയ്യാന്‍ പിശാചിന്ന് കഴിയും. മനുഷ്യന്ന് ദുര്‍ബോധനം നല്‍കി അവനെ വഴി തെറ്റിക്കാന്‍ ശ്രമിക്കുകയാണ് പിശാച് ചെയ്യുക. അതാകട്ടെ അല്ലാഹുവിന്റെ അധികാരത്തിലുള്ള കടന്നു കയറ്റമല്ല; അവന്‍ അനുവദിച്ചതനുസരിച്ച് സംഭവിക്കുന്നതാണ്.
മനുഷ്യനെ വഴിതെറ്റിക്കാന്‍ ശ്രമിക്കാനുള്ള അവസരം പിശാചിന്ന് നല്‍കിയ അല്ലാഹു മനുഷ്യന്‍ നരകത്തില്‍ പോകുന്നത് തടയാതിരുന്നത് ക്രൂരതയല്ലേ എന്നണ് മറ്റൊരു ചോദ്യം. ഇത് തടയാന്‍ അല്ലഹു ഒരുക്കിവച്ച മഹാസംരംഭങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്നവര്‍ക്ക്, ആ സംവിധാനം ഉപയോഗപ്പെടുത്താന്‍ ശ്രമിക്കാത്തവര്‍ക്ക്, അങ്ങനെ തോന്നും; അത് അവരുടെ തന്നെ കുറ്റം കാരണമായാണ്; അവര്‍ തിരിച്ചറിയുന്നില്ലെങ്കിലും.
പിശാചിനെ പൂര്‍ണ്ണമായും നിയന്ത്രിക്കാനോ നശിപ്പിക്കാനോ അല്ലാഹുവിന്ന് കഴിയാതെ പോകുന്നു എന്ന ഒരാക്ഷേപം അല്ലാഹുവിനെ കുറിച്ച് ഇവര്‍ ഉന്നയിക്കുന്നുണ്ട്. ഇത് പറയുപോള്‍ അല്ലാഹുവിന്റെ സൃഷ്ടിതന്നെയാണ് പിശാച് എന്ന കാര്യം ഇവര്‍ മറന്നു പോകുന്നു; സ്വന്തം സൃഷ്ടിയെ നിയന്ത്രിക്കണമെന്നോ നശിപ്പിക്കാമെന്നോ ഉദ്ദേശിച്ചാല്‍ ദൈവത്തിന്ന് കഴിയില്ലെന്നോ? വിശ്വാസികളോട് തര്‍ക്കിക്കാന്‍ മാത്രമെങ്കിലും ദൈവ ശാസ്ത്രം പഠിക്കാന്‍ ഇവര്‍ ശ്രമിക്കാത്തതെന്താണ്?
വിമര്‍ശകര്‍ പറയുന്നു: " അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ എല്ലാവരും നേര്‍മാര്‍ഗ്ഗത്തിലാകുമായിരുന്നു എന്നു (ഖുര്‍ആന്‍) പറയുമ്പോള്‍ ഒരു കാര്യം വ്യക്തമാണ്. അല്ലാഹു അങ്ങനെയൊരു നന്മ ആഗ്രഹിച്ചിട്ടേയില്ല. "
ഈ ആരോപണം ശരിയല്ല; കാരണം, അല്ലാഹു മനുഷ്യനെ ഇച്ഛാസ്വാതന്ത്ര്യം നല്‍കി സര്‍ഷ്ടിച്ചത് അവനെ പരീക്ഷണ വിധേയനാക്കാനാണ്. അല്ലാഹു എല്ലാവരെയും നേര്‍മാര്‍ഗ്ഗത്തിലാക്കിയാല്‍
പിന്നെ എങ്ങനെയാണ് പരീക്ഷണം നടക്കുക? അപ്പോള്‍ അല്ലാഹു ആരെയും നേര്‍മര്‍ഗ്ഗത്തിലാക്കാന്‍ പാടില്ല. മനുഷ്യ സ്വാതന്ത്ര്യത്തിന്റെയും അവന്റെ ഉത്തരവാദിത്തബോധത്തിന്റെയും താല്‍പര്യമതാണ്.
വിമര്‍ശകര്‍ പറയുന്നു: "എല്ലാവരും നന്മയുള്ളവരാകണമെന്ന് അല്ലാഹു ആഗ്രഹിച്ചിട്ടില്ല. ഭൂരിഭാഗം പേരും വഴി പിഴപ്പിക്കപ്പെട്ട് നരകത്തില്‍ വീഴണം എന്നേ ദൈവം ആഗ്രഹിച്ചിട്ടുള്ളു."
ഇതും ശരിയല്ല; കാരണം, എല്ലാ മനുഷ്യര്‍ക്കും ഇച്ഛാ സ്വാതന്ത്ര്യം നല്‍കണമെന്നും ഓരോരുത്തരും അവരവര്‍ക്കിഷ്ടമുള്ളത് തെരഞ്ഞെടുക്കണമെന്നുമാണ് ദൈവം ഇച്ഛിച്ചത്. ആരെങ്കിലും നരകത്തിലേക്കുള്ള വഴി തെരഞ്ഞെടുത്താല്‍ അല്ലാഹു അവനെ തടയുകയില്ല; മാത്രമല്ല ആ വഴിക്ക് അവനെ നയിക്കുകയും ചെയ്യും. അതേ പോലെ തന്നെ സ്വര്‍ഗ്ഗത്തിലേക്കുള്ള വഴി തെരഞ്ഞെടുക്കുന്നവനെ ആ വഴിക്കും നയിക്കും.
ഒരു വിമര്‍ശകന്‍ പറയുന്നു: "ഞാന്‍ 17 വയസ്സുള്ളപ്പോള്‍ ഖുര്‍ ആന്‍ പരിഭാഷ വായിക്കുമെന്നും അതോടെ എന്റെ മതവിശ്വാസം പമ്പ കടക്കുമെന്നും പിന്നീട് ഞാന്‍ നാടാകെ നടന്നു മതവിരുദ്ധപ്രചാരണം നടത്തുമെന്നും അല്ലാഹുവിനു നേരത്തേ അറിയുക മാത്രമല്ല, അല്ലാഹു തന്നെ തന്റെ ഇച്ഛയാല്‍ അപ്രകാരം തീരുമാനിച്ച് അതു രേഖപ്പെടുത്തി വെക്കുകയും ചെയ്തിട്ടുണ്ട്. ഇനി എനിക്ക് ആ ഉദ്യമത്തില്‍ നിന്നും പിന്തിരിയാന്‍ സാധ്യമല്ല."
ഈ ആരോപണവും പരമാബദ്ധമാണ്. ഓരോ മനുഷ്യനും സ്വര്‍ഗ്ഗത്തിലോ നരകത്തിലോ എത്തിചേരുകയെന്ന കര്യം അല്ലാഹു നേരത്തെ ഒരു ഗ്രന്‍ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഖുര്‍ആന്‍ പറയുന്നു. എന്ന് വച്ചാല്‍, അല്ലാഹു അങ്ങനെ തീരുമാനിച്ചുവെന്നല്ല. മറിച്ച് ഓരോരുത്തര്‍ക്കും നല്‍കുന്ന സ്വാതന്ത്ര്യം അവര്‍ എങ്ങനെ വിനിയോഗിക്കുമെന്ന് അല്ലാഹുവിന്ന് മുന്‍കൂട്ടി അറിയാം. ആ അറിവനുസരിച്ചാണ് അവന്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അല്ലാതെ ഇന്നവന്‍ നേര്‍മാര്‍ഗ്ഗത്തില്‍ ഇന്നവന്‍ ദുര്‍മാര്‍ഗ്ഗത്തില്‍ എന്ന് അല്ലാഹു തീരുമാനിക്കുന്നില്ല. ഉണ്ടെന്ന് അല്ലാഹു പറഞ്ഞിട്ടില്ല.
വിധിവിശ്വാസത്തിന്റെ യാഥര്‍ത്ഥ്യമെന്താണെന്ന് നമുക്ക് നോക്കാം. താഴെ പറയുന്നവ ശ്രദ്ധിക്കുക:
1. അല്ലാഹു മനഃപൂര്‍വ്വം ആരെയും നേര്‍മാര്‍ഗ്ഗത്തിലാക്കുകയോ വഴിതെറ്റിക്കുകയോ ചെയ്യുന്നില്ല.
2. മനുഷ്യേച്ഛയും ദൈവേച്ഛയും ഉണ്ട്.
3. ഓരോ കാര്യത്തിലും രണ്ടിന്റെയും തോത് എത്രയാണെന്ന് അല്ലാഹുവിന്നറിയാം. അതനുസരിച്ചാണ് അവന്‍ വിധി കല്‍പ്പിക്കുക.
4. മനുഷ്യേച്ഛ ദൈവേച്ഛക്ക് വിധേയമാണ്. അഥവാ ദൈവേച്ഛയനുസരിച്ചാണ് മനുഷ്യേച്ഛ നടപ്പില്‍ വരുന്നത്.
5. സന്‍മാര്‍ഗ്ഗമോ ദുര്‍മാര്‍ഗ്ഗമോ രണ്ടിലൊന്ന് തെരഞ്ഞെടുക്കാന്‍ മനുഷ്യേച്ഛയ്ക്ക് സാധിക്കും.
6. രണ്ടിലൊന്ന് തെരഞ്ഞെടുക്കാന്‍ അല്ലാഹു മനുഷ്യനെ നിര്‍ബന്ധിക്കുന്നില്ല.
7. മനുഷ്യന്‍ എന്ത് തെരഞ്ഞെടുത്താലും ആ വഴിക്ക് അല്ലാഹു അവനെ നയിക്കും.
8. അല്ലാഹു നേര്‍മാര്‍ഗ്ഗത്തിലാക്കി/ ദുര്‍മാര്‍ഗ്ഗത്തിലാക്കി എന്ന് പറയുന്നത് ഇതിനെ സംബന്ധിച്ചാണ്.
9. മനുഷ്യ കഴിവിന്നതീതമായതോ അവന്റെ നിയന്ത്രണത്തിലില്ലാത്തതോ ആയ ഒന്നിന്റെയും ഉത്തരവാദിത്തം അല്ലഹു മനുഷ്യനെ ഏല്‍പ്പിച്ചിട്ടില്ല.
10. മനുഷ്യനെ വഴിതെറ്റിക്കാനുള്ള 'അധികാരം' അല്ലാഹു പിശാചിന്നും നല്‍കിയിട്ടില്ല.
11. പിശാചിന്‍റെ ക്ഷണം സ്വീകരിക്കാനും നിരസിക്കാനുമുള്ള സ്വാതന്ത്ര്യവും കഴിവും മനുഷ്യന്നുണ്ട്.
12. പിശാചിനെ സംബന്ധിച്ച്, പ്രവാചകന്‍മാരിലൂടെയും വേദങ്ങളിലൂടെയും അല്ലാഹു നേരത്തെ തന്നെ മനുഷ്യന്ന് താക്കീത് നല്‍കിയിട്ടുണ്ട്.
13. അത്കൊണ്ട് പിശാചിനാല്‍ വഴിതെറ്റിക്കപെട്ടാല്‍ പോലും വഴികേടിന്‍റെ ഉത്തരവാദി മനുഷ്യന്‍ തന്നെയാണ്.
14. നന്മയാകട്ടെ തിന്മയാകട്ടെ തന്റെ തെരഞ്ഞെടുപ്പിന് മനുഷ്യനാണ് ഉത്തരവാദി; അല്ലാതെ അല്ലാഹുവല്ല.
15. ഉത്തരവാദിത്തം മനുഷ്യന്നാകയാല്‍ അവന്‍ രക്ഷാ ശിക്ഷകള്‍ക്കര്‍ഹനാണ്.
16. പ്രപഞ്ചത്തില്‍ അതിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ നടക്കുന്ന സകലതും അല്ലാഹു മുന്‍കൂട്ടി രേഖപ്പെടുത്തിയിട്ടുണ്ട്.
17. ഓരോ വ്യക്തിയും സ്വര്‍ഗ്ഗത്തിലോ നരകത്തിലോ എവിടെയാണെത്തിച്ചേരുകയെന്ന കാര്യവും ഈ രേഖയിലുണ്ടെങ്കിലും ഈയൊരു കാര്യത്തില്‍ അല്ലാഹു സ്വയം തീരുമാനമെടുക്കുന്നില്ല.
18. ഓരോരുത്തരും അവരവരുടെ ഇച്ഛാ സ്വാതന്ത്ര്യം എങ്ങനെ വിനിയോഗിക്കുമെന്നതിനെ സംബന്ധിച്ചുള്ള തന്റെ അറിവനുസരിച്ച് ആര് സ്വര്‍ഗ്ഗത്തില്‍ ആര് നരകത്തില്‍ എന്ന് രേഖപ്പെടുത്തുകയാണ് അല്ലാഹു ചെയ്തിട്ടുള്ളത്.
ഇവിടെ ചൂണ്ടിക്കാണിച്ച ഈ വസ്തുതകള്‍ ചര്‍ച്ചാ വിധേയമാകേണ്ടതുണ്ട്. ഖുര്‍ആന്‍ സൂക്തങ്ങളും ഹദീസുകളും ഇവിടെ ഉദ്ധരിച്ചിട്ടില്ല. അവ ചര്‍ച്ചയ്ക്കിടയില്‍ ആകാമെന്ന് വിചാരിക്കുകയാണ്. വിധി വിശ്വസത്തെ അനുകൂലിച്ചോ പ്രതികൂലിച്ചോ താങ്കള്‍ക്ക് പറയാനുള്ളവ കേള്‍ക്കാനും വിലയിരുത്താനും അറിഞ്ഞുകൂടാത്തവ പഠിക്കാനും എനിക്ക് താല്‍പര്യമുണ്ട്.