Followers

Wednesday, May 25, 2011

മുജാഹിദുകളോട് ചില ചോദ്യങ്ങള്‍

Abdul Latheef writes:

രാഷ്ട്രീയത്തിന്റെ കാര്യത്തില്‍ ജമാഅത്തിനെ വിമര്‍ഷിക്കുന്ന ഇടവേളകളില്‍ അല്‍പം സമയം ലഭിക്കുമെങ്കില്‍ മുജാഹിദ് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും സ്വയം ചോദിച്ച് ഉത്തരം കണ്ടെത്താന്‍ അല്‍പം ചോദ്യങ്ങള്‍ താഴെ നല്‍കുന്നു:

1. മുജാഹിദുകള്‍ രാഷ്ട്രീയത്തെ എങ്ങനെ കാണുന്നു?
2. അത് ദീനിന്റെ ഒരു ഭാഗമാണോ അല്ലേ?
3. രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാനും വോട്ട് ചെയ്യാനും എടുക്കുന്ന തീരുമാനങ്ങളില്‍ ഖുര്‍ആനും സുന്നത്തിനും വല്ല സ്ഥാനവുമുണ്ടോ?
4. ഉണ്ടെങ്കില്‍ അത് എന്താണ്?
5. അതനുസരിച്ച് തന്നെയാണോ മുജാഹിദ് പ്രസ്ഥാനം രാഷ്ട്രീയ നിലപാടുകള്‍ കൈകൊള്ളുന്നത്.
6. അല്ലെങ്കില്‍ അതിലെ വ്യക്തികളൊരോന്നും എടുക്കുന്നത്?
7ഒരു പ്രദേശത്തെ വ്യക്തികള്‍ തന്നെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ വരുന്നത് അവര്‍ എടുക്കുന്ന ഇസ്ലാമികമായ രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമായിട്ടാണോ?

അവസാനം ഒരു ഗോള്‍ഡന്‍ ചോദ്യം:
ജമാഅത്തെ ഇസ്ലാമി, ഇപ്പോള്‍ മുജാഹിദുകള്‍ ചെയ്യുന്നത് പോലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ മുജാഹിദുകളുടെ പരാതി തീരുമോ? എങ്കില്‍ എന്താണ് ഈ പരാതിയുടെ അടിസ്ഥാനം? അത് ഇസ്ലാമികമാണോ?

ഈ അവസാന ചോദ്യത്തിനെങ്കിലും ഉത്തരം ഉറക്കെ പറയണമെന്ന് അഭ്യര്‍ഥനയുണ്ട്.

Monday, May 23, 2011

കുഴപ്പം കണ്ടുപിടിക്കുക

ഇരുപതു വര്‍ഷം മുമ്പു നടന്ന ഒരു സംഭവം പറയാം.
കോഴിക്കോട് ജില്ലയിലെ ഒരു തോട്ടം. അതിന്റെ മേല്‍നോട്ടം വഹിക്കുന്നവനാണ്‌ മാമു. അയാള്‍ക്ക് കൊല്ലം വരെ ഒന്നു പോകണം. അതിനു നാലുദിവസത്തെ ലീവ് വേണം. മുതലാളിയെ സമീപിച്ചപ്പോള്‍ ഒരു നിബന്ധനയോടെ ലീവനുവദിച്ചു. 'നിനക്ക് വിശ്വാസമുള്ള ഒരാളെ തോട്ടത്തില്‍ നിറുത്തിയിട്ട് നീ പോയ്ക്കോ'.

മാമുവിനു എന്നെ വിശ്വാസമായിരുന്നു. എനിക്കും സമ്മതം. പകരക്കാരനെ കിട്ടിയാല്‍ എപ്പോള്‍ വേണമെങ്കിലും പോകാന്‍ മാമുവിനു അനുവാദം കിട്ടിയിട്ടുണ്ട്. അങ്ങനെ ഒരു ശനിയാഴ്ച വൈകുന്നേരം മാമു കൊല്ലത്തേക്കു പുറപ്പെട്ടു. പോകുമ്പോള്‍ എന്നോട് പറഞ്ഞു 'ഞാന്‍ ഞായറാഴ്ച കാലത്താണ്‌ പോയത്' എന്നേ മുതലാളിയോട് പറയാവൂ എന്ന്. ഞാന്‍ ശക്തമായി എതിര്‍ത്തെങ്കിലും മാമു സമ്മതിച്ചില്ല.

അന്നു രാത്രി ഏതാണ്ട് 10 മണി സമയം. അപ്പോഴുണ്ട് ഒരാള്‍ ഓടിക്കിതച്ചു കയറിവരുന്നു. കിതപ്പിനിടയില്‍ അയാള്‍ പറഞ്ഞു: മാമു അയച്ചിട്ടാണ്‌ ഞാന്‍ വരുന്നത്. അവന്‍ എപ്പോഴാണ്‌ കൊല്ലത്തേക്ക് പോയതെന്നു മുതലാളി ചോദിച്ചാല്‍ 'ശനിയാഴ്ച വൈകുന്നേരം പോയെ'ന്നു പറയാന്‍ പറഞ്ഞു. എനിക്ക് നേരമില്ല ഞാന്‍ പോവുകയാണ്‌.
അയാള്‍ പോവുകയും ചെയ്തു.

നാലുനാള്‍ കഴിഞ്ഞു മാമു തിരിച്ചെത്തി. മേല്‍ ദൂതിനെക്കുറിച്ച് ഞാന്‍ അന്വേഷിച്ചു. അപ്പോള്‍ മാമു പറയുകയാണ്‌: ശനിയാഴ്ച വൈകുന്നേരം ബസ് കാത്തു നില്‍ക്കുമ്പോള്‍ മുതലാളിയുടെ അനുജന്‍ ആ വഴിക്കു കാറില്‍ വന്നു. എന്നെ കണ്ടു. കാര്‍ നിറുത്തി. അതിലാണ്‌ കോഴിക്കോട്ടേക്ക് പോയത്.
മുതലാളിയും അനുജനും ഒരു വീട്ടിലാണ്‌ താമസം. അതിനാല്‍, ഞാന്‍ എപ്പോഴാണ്‌ യാത്രതിരിച്ചതെന്ന കാര്യം അനുജനില്‍ നിന്നു മുതലാളി അറിയാനിടയാവുമെന്നു ഞാന്‍ ഊഹിച്ചു. അദ്ദേഹം തോട്ടത്തില്‍ വരുമ്പോള്‍, 'മാമു ഞായറാഴ്ച രാവിലെയാണ്‌ പോയതെ'ന്ന് നീ കള്ളം പറയുകയും കൈയോടെ പിടികൂടപ്പെടുകയും ചെയ്യുമോ എന്ന് ഞാന്‍ ആശങ്കിക്കുകയും ചെയ്തു. അതിന്നു പരിഹാരം കാണാന്‍ വേണ്ടിയാണ്‌ ഞാന്‍ സുഹൃത്തിനെ തോട്ടത്തിലേക്കയച്ചത്. യാത്ര അവസാനിപ്പിച്ചാലോ എന്നു പോലും ഞന്‍ ആലോചിച്ചു പോയിരുന്നു. അപ്പോഴാണ്‌ അവനെ കണ്ടു മുട്ടിയത്. ഇല്ലായിരുന്നുവെങ്കില്‍ നിന്നെ വിവരമറിയിക്കാന്‍ എനിക്കു കഴിയുമായിരുന്നില്ല. നിന്നെ വിവരമറിയിക്കാതെ എനിക്കു പോകാനും പറ്റുമായിരുന്നില്ല.

അന്ന് മൊബൈലുണ്ടായിരുന്നില്ലെന്നു മാത്രമല്ല, ആ തോട്ടത്തില്‍ ലാന്‍ഡ് ഫോണ്‍ കണക്‌ഷന്‍ പോലുമുണ്ടായിരുന്നില്ല.

ഈ കഥ മുമ്പില്‍ വച്ചുകൊണ്ട് നമുക്ക് രണ്ടു രീതിയില്‍ ചിന്തിക്കാം.
ഒന്ന്: സാങ്കേതികവിദ്യകളുടെ അപര്യപ്തതയാണ്‌ കുഴപ്പമായത്.
രണ്ട്: കള്ളം പറയാനുള്ള പ്രവണതയാണ്‌ കുഴപ്പമായത്.

Sunday, May 22, 2011

അല്ലാഹു, റസൂല്‍, ഉലുല്‍ അംറ്‌

അല്ലാഹുവിനെയും റസൂലിനെയും ഉലുല്‍ അംറിനെയും അനുസരിക്കണമെന്നു ഖുര്‍ആന്‍ കല്‍പ്പിക്കുന്നു. എന്നാല്‍ വളയമില്ലാതെ ചാടാന്‍ കൊതിക്കുന്ന ചിലര്‍ ഹദീസ് നിഷേധികളായി രംഗത്ത് വന്നിരിക്കുന്നു. അവരുടെ വാദപ്രകാരം അല്ലാഹുവിനെ അനുസരിക്കുകയെന്നാല്‍ ഖുര്‍ആന്‍ അനുസരിക്കലാണ്‌. റസൂലിനെ അനുസരിക്കുകയെന്നാലും ഖുര്‍ആന്‍ അനുസരിക്കലാണ്‌. ഉലുല്‍ അംറിനെ അനുസരിക്കുകയെന്നാലും ഖുര്‍ആന്‍ അനുസരിക്കല്‍ തന്നെ. എന്നിട്ട് ആ ഖുര്‍ആനിന്‌ തങ്ങള്‍ക്ക് തോന്നിയ പോലുള്ള വ്യാഖ്യാനങ്ങള്‍ സമര്‍പ്പിക്കുന്നു. ചില ഹദീസ് നിഷേധികള്‍ക്ക് നമസ്‌കാരം അഞ്ചുനേരം തന്നെയാണ്‌. മറ്റുചിലര്‍ക്ക് മൂന്നു നേരം. എന്നാല്‍ ഇത്തിക്കൂടി കടുത്ത ഒരു വിഭാഗത്തിനു രണ്ടു നേരം മതിയെന്നാണ്‌ വാദം. ഇങ്ങനെയെല്ലാം വാദിക്കണമെങ്കില്‍ ഹദീസിനെ നിഷേധിക്കണം. അല്ലാതെ സാധിക്കുകയില്ല. ഇതാണ്‌ ഹദീസ് നിഷേധത്തിന്റെ മനഃശസ്ത്രം. ഇനി ഖുര്‍ആന്‍ കല്‍പ്പിച്ച, അല്ലാഹുവിനും റസൂലിനും, ഉലുല്‍ അംറ്വിനുമുള്ള അനുസരണത്തിന്റെ വിവക്ഷ എന്താണെന്നു നോക്കാം.

ഖുര്‍ആന്‍ പറയുന്നു:

"അല്ലയോ വിശ്വസിച്ചവരേ, അല്ലാഹുവിനെ അനുസരിപ്പിന്‍, ദൂതനെയും അനുസരിപ്പിന്‍, നിങ്ങളില്‍ കൈകാര്യക്കാരെയും അനുസരിപ്പിന്‍. ഏതെങ്കിലും കാര്യത്തില്‍ തമ്മില്‍ തര്‍ക്കമുണ്ടായാല്‍ അതിനെ അല്ലാഹുവിങ്കലേക്കും ദൂതനിലേക്കും മടക്കുവിന്‍; നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും യഥാര്‍ഥത്തില്‍ വിശ്വസിക്കുന്നുവെങ്കില്‍ ഇതാണ് ഏറ്റവും ശരിയായ മാര്‍ഗം. അനന്തരഫലം പരിഗണിക്കുമ്പോഴും ഇതുതന്നെയാണ് ഏറ്റം നല്ലത്." (4:59)

ഈ സൂക്തം വ്യാഖ്യാനിച്ചുകൊണ്ടു സയ്യിദ് അബുല്‍ അഅ്‌ലാ മൌദൂദി എഴുതുന്നു:

ഈ ഖുര്‍ആന്‍ വാക്യം ഇസ്ലാമിന്റെ മതപരവും നാഗരികവും രാഷ്ട്രീയവുമായ സമ്പൂര്‍ണ വ്യവസ്ഥിതിയുടെ അടിത്തറയും ഇസ്ലാമിക രാഷ്ട്രത്തിന്റെ ഭരണഘടനയുടെ ഒന്നാം ഖണ്ഡികയുമാകുന്നു. ഇതില്‍, താഴെ പറയുന്ന തത്വങ്ങള്‍ സുസ്ഥിരമായി സ്ഥാപിക്കപ്പെട്ടിരിക്കുന്നു.

i) ഇസ്ലാമിക വ്യവസ്ഥിതിയില്‍ സാക്ഷാല്‍ അനുസരണാര്‍ഹന്‍ അല്ലാഹുവാകുന്നു. ഒരു മുസ്ലിം ഒന്നാമതായി ദൈവത്തിന്റെ അടിമയാണ്. മറ്റെല്ലാം പിന്നീടുമാത്രം. മുസല്‍മാന്റെ വ്യക്തിജീവിതത്തിന്റെയും മുസ്ലിംകളുടെ സാമൂഹിക ജീവിതത്തിന്റെയും കേന്ദ്രവും അച്ചുതണ്ടുമായിരിക്കുന്നത് ദൈവത്തോടുള്ള അനുസരണവും കൂറുമാകുന്നു. ഇതരന്മാര്‍ക്കുള്ള അനുസരണവും കൂറും സ്വീകരിക്കപ്പെടുന്നത്, അല്ലാഹുവിന്റെ അനുസരണത്തിനും കൂറിനും എതിരാവാതെ വരുമ്പോള്‍, അല്ല, അവയ്ക്കു വിധേയമായിരിക്കുമ്പോള്‍ മാത്രമാണ്. ഈ മൌലികാനുസരണത്തിനു വിരുദ്ധമായിട്ടുള്ള എല്ലാ അനുസരണബന്ധങ്ങളും അറുത്തെറിയപ്പെടുന്നതാണ്. لا طَاعَةَ لِمَخْلـُوقٍ فِي مَعْصِيَةِ الْخَالِقِ (സ്രഷ്ടാവിനോട് അനുസരണക്കേടു കാണിച്ചുകൊണ്ട് യാതൊരു സൃഷ്ടിക്കും അനുസരണം പാടുള്ളതല്ല) എന്ന പ്രവാചകവചനത്തിന്റെ സാരവും ഇതത്രെ.

ii) ഇസ്ലാമിക വ്യവസ്ഥിതിയുടെ രണ്ടാമത്തെ അടിസ്ഥാനം റസൂലിനുള്ള അനുസരണമാണ്. ഇത് ഒരു സ്വതന്ത്രമായ അനുസരണമല്ല; പിന്നെയോ, ദൈവത്തിനുള്ള അനുസരണത്തിന്റെ ഏക പ്രായോഗികരൂപമാണ്. ദൈവത്തിന്റെ നിയമങ്ങളും കല്‍പനകളും നമുക്കു ലഭിക്കുന്നതിനുള്ള പ്രമാണയോഗ്യമായ മാര്‍ഗമായതുകൊണ്ടാണ് പ്രവാചകന്‍ അനുസരിക്കപ്പെടുന്നത്. പ്രവാചകന്റെ അനുസരണംവഴിക്കേ നമുക്ക് ദൈവത്തെ അനുസരിക്കാനാവൂ. പ്രവാചകന്റെ അംഗീകാരം കൂടാതെ ദൈവത്തിനുള്ള യാതൊരനുസരണവും പരിഗണനീയമല്ല. പ്രവാചകനോടുള്ള ധിക്കാരം ദൈവത്തോടുള്ള ധിക്കാരമാണ്. مَنْ أطاعَنِي فَقَدْ أطَاعَ اللهَ وَمَنْ عَصَانِي فَقَدْ عَصَى اللهَ (എന്നെ അനുസരിച്ചവന്‍ ദൈവത്തെ അനുസരിച്ചു; എന്നെ ധിക്കരിച്ചവന്‍ ദൈവത്തെ ധിക്കരിച്ചു) എന്ന നബിവചനം ഇതാണ് വ്യക്തമാക്കുന്നത്. ഇതേ സംഗതി വളരെ വ്യക്തമായി ഖുര്‍ആനില്‍ തന്നെ പിന്നീട് വരുന്നുണ്ട്.*

iii) മുകളില്‍ പറഞ്ഞ രണ്ടുവക അനുസരണത്തിനു പുറമെ, അതിനു കീഴിലായിക്കൊണ്ട്, ഇസ്ലാമിക വ്യവസ്ഥിതിയില്‍ മുസ്ലിംകളുടെ മേല്‍ നിര്‍ബന്ധമായിരിക്കുന്ന മൂന്നാമതൊരു അനുസരണം കൂടിയുണ്ട്. മുസ്ലിംകളില്‍നിന്നുള്ള `ഉലുല്‍അംറി`ന്നാണത്. മുസ്ലിംകളുടെ സാമൂഹിക കാര്യങ്ങളില്‍ മേലധികാരം വഹിക്കുന്ന എല്ലാവരും ഉലുല്‍അംറിന്റെ നിര്‍വചനത്തില്‍ പെടുന്നു. മാനസികവും ചിന്താപരവുമായ മാര്‍ഗദര്‍ശനം നല്‍കുന്ന പണ്ഡിതന്മാര്‍, രാഷ്ട്രീയ നേതൃത്വം കൊടുക്കുന്ന ലീഡര്‍മാര്‍, രാജ്യകാര്യം നടത്തുന്ന അധികൃതര്‍, കോര്‍ട്ട് തീരുമാനങ്ങള്‍ കല്‍പിക്കുന്ന ജഡ്ജിമാര്‍, നാഗരികവും സാമുദായികവുമായ കാര്യങ്ങളില്‍ ഗോത്രങ്ങള്‍ക്കും പ്രദേശങ്ങള്‍ക്കും മഹല്ലുകള്‍ക്കും നേതൃത്വം നല്‍കുന്ന നായകന്മാരും തലവന്മാരും - എന്നു വേണ്ട വല്ലവിധത്തിലും മുസ്ലിംകളുടെ കൈകാര്യക്കാരായിട്ടുള്ളവരെല്ലാം അനുസരണാര്‍ഹരാണ്. അവരുമായി പിണങ്ങി, മുസ്ലിംകളുടെ സാമൂഹ്യജീവിതത്തില്‍ വിടവുണ്ടാക്കുന്നത് ശരിയല്ല. എന്നാല്‍ അവര്‍ (കൈകാര്യക്കാര്‍) (1) മുസ്ലിംകളില്‍നിന്നുള്ളവരും (2) അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുന്നവരും ആയിരിക്കണമെന്നു നിബന്ധനയുണ്ട്. ഇത് രണ്ടും പ്രസ്തുത അനുസരണത്തിനുള്ള നിര്‍ബന്ധോപാധികളത്രെ. ഇത് പ്രകൃത ആയത്തില്‍തന്നെ വ്യക്തമാക്കിയിട്ടുള്ളതിനു പുറമെ, ഹദീസില്‍ സവിസ്തരം വിവരിച്ചിട്ടുമുണ്ട്. ഉദാഹരണത്തിന് താഴെക്കൊടുത്ത ഹദീസുകള്‍ കാണുക:

السَمْعُ وَالطاعَةُ علَى المَرْءِ المُسْلِمِ فِي مَا أحَبَّ وَكَرِهَ مَالَمْ يُؤْمَرْ بِمَعْصِيَةٍ فَإذا أُمَِرَ بِمَعْصِيَةٍ فَلا سَمْعَ وَلا طَاعَة (بخاري، مسلم)
(ഉലുല്‍അംറിന്റെ വാക്ക് കേള്‍ക്കലും അനുസരിക്കലും, അത് തനിക്ക് ഇഷ്ടകരമായാലും അനിഷ്ടകരമായാലും മുസല്‍മാനു നിര്‍ബന്ധമാകുന്നു- `മഅ്സിയത്ത്` കൊണ്ട് ആജ്ഞാപിക്കപ്പെടാത്തേടത്തോളം. അഥവാ `മഅ്സിയത്ത്` കൊണ്ട് ആജ്ഞാപിക്കപ്പെടുന്ന പക്ഷം പിന്നെ കേള്‍ക്കലും അനുസരിക്കലും പാടുള്ളതല്ല).
لا طَاعَةَ فِي مَعْصِيَةٍ إنَّمَا الطَاعَة ُ فِي المَعْرُوفِ (بخاري، مسلم)
(ദൈവത്തോടും പ്രവാചകനോടും അനുസരണക്കേടു കാണിച്ചുകൊണ്ട് യാതൊരാള്‍ക്കും അനുസരണമില്ലതന്നെ; അനുസരണം സല്‍ക്കാര്യത്തില്‍ മാത്രമാണ്.)
يكون عَلَيْكُمْ أُمَرَاءُ تَعْرِفُونَ وَتُنْكِرُونَ فَمَنْ أَنْكَر فَقَدْ بَرِءَ ومَنْ كَرِهَ َ فَقَدْ سَلِمَ وَلكِنْ مَنْ رَضِيَ وَتَابَعَ، فقَالُوا أفلا نُقَاتِلُهُمْ؟ قَالَ: لا مَا صَلـَّوا (مسلم)
(തിരുമേനി അരുള്‍ചെയ്തു: `നിങ്ങള്‍ക്ക് ചില ഭരണാധിപന്മാരുണ്ടാകും; അവരുടെ കാര്യങ്ങളില്‍ ചിലത് നിങ്ങള്‍ നന്മയായി കാണും; ചിലത് തിന്മയായും. എന്നാല്‍ അവരുടെ തിന്മകളില്‍ അതൃപ്തി പ്രകടിപ്പിക്കുന്നവര്‍ കടമ നിര്‍വഹിച്ചു. അവയെ വെറുക്കുന്നവരും രക്ഷപ്രാപിച്ചു. പക്ഷേ ആര്‍ അവയെ തൃപ്തിപ്പെടുകയും പിന്‍പറ്റുകയും ചെയ്യുന്നുവോ അവര്‍ ശിക്ഷിക്കപ്പെടും.` സഹാബികള്‍ ചോദിച്ചു: `അങ്ങനെയുള്ള ഭരണാധിപന്മാരുടെ കാലം വരുമ്പോള്‍ ഞങ്ങള്‍ അവരോട് യുദ്ധം ചെയ്യട്ടെയോ?` നബി ഉത്തരമരുളി: `പാടില്ല, അവര്‍ നമസ്കരിക്കുന്ന കാലത്തോളം.) അതായത,് അവര്‍ ദൈവത്തിന്റെയും പ്രവാചകന്റെയും അനുസരണത്തില്‍നിന്ന് പുറത്തുപോയെന്ന് വ്യക്തമായി തെളിയിക്കുന്ന അടയാളമാണ് നമസ്കാരമുപേക്ഷിക്കല്‍. അനന്തരം അവര്‍ക്കെതിരായി പ്രവര്‍ത്തിക്കുന്നത് ന്യായമായിരിക്കും.
شِرَارُ أئِمَتِكُمْ الذِينَ تُبْغِضُونَهُمْ ويُبْغِضُونَكُمْ وتَلْعَنُونَهُمْ ويَلْعَنُونَكُمْ قُلْنَا يَا رَسُولَ اللهَ أفَلَا نُنَابِذُهُمْ عِنْدَ ذَلِكَ؟ قال: لا مَا أقامُوا فِيكُمْ الصَلَوةَ ، لا مَا أقامُوا فِيكُمْ الصَلاةَ (مسلم)
(`നിങ്ങള്‍ വെറുക്കുന്നവരും നിങ്ങളെ വെറുക്കുന്നവരും നിങ്ങള്‍ ശപിക്കുന്നവരും നിങ്ങളെ ശപിക്കുന്നവരുമാണ് നിങ്ങളുടെ നായകന്‍മാരില്‍ നീചരായിട്ടുള്ളവര്‍` എന്നു നബി(സ) പറഞ്ഞു. സഹാബിമാര്‍ ചോദിച്ചു: `ആ സ്ഥിതി വരുമ്പോള്‍ ഞങ്ങള്‍ അവര്‍ക്കെതിരായി പൊരുതട്ടെയോ?` നബി അരുള്‍ ചെയ്തു: `പാടില്ല, അവര്‍ നിങ്ങളില്‍ നമസ്കാരം നിലനിര്‍ത്തുന്ന കാലത്തോളം; പാടില്ല, അവര്‍ നിങ്ങളില്‍ നമസ്കാരം നിലനിര്‍ത്തുന്ന കാലത്തോളം.`) ഈ ഹദീസുകളില്‍ മുകളിലത്തെ നിബന്ധന ഒന്നുകൂടി വ്യക്തമാക്കപ്പെട്ടിരിക്കുന്നു. ഇതിനു മുമ്പത്തെ ഹദീസുകൊണ്ട്, വ്യക്തിജീവിതത്തില്‍ നമസ്കാരം അനുഷ്ഠിക്കുന്നവരാണ് ഭരണാധിപന്മാരെങ്കില്‍ അവര്‍ക്കെതിരായി പ്രവര്‍ത്തിച്ചുകൂടാ എന്ന് തോന്നാമായിരുന്നു. എന്നാല്‍ നമസ്കാരം നിര്‍വഹിക്കുന്നതുകൊണ്ടുദ്ദേശ്യം, മുസ്ലിംകളുടെ സാമൂഹിക ജീവിതത്തില്‍ നമസ്കാരവ്യവസ്ഥ സ്ഥാപിക്കലാണെന്നു ഈ ഹദീസ് വ്യക്തമാക്കുന്നു. അതായത്, ഭരണാധിപന്മാര്‍ സ്വന്തംനിലക്കു നമസ്കാരക്കാരായാല്‍ പോരാ, പിന്നെയോ തങ്ങളുടെ കീഴില്‍ നടത്തപ്പെടുന്ന ഭരണകൂടം, ചുരുങ്ങിയത്, `ഇഖാമത്തുസ്സ്വലാത്തി`നു വ്യവസ്ഥ ചെയ്യുകയെങ്കിലും വേണം. തങ്ങളുടെ ഭരണം അതിന്റെ മൌലിക സ്വഭാവമനുസരിച്ച് ഒരിസ്ലാമിക ഭരണമാണ് എന്നതിന്റെ അടയാളമാണിത്. ഇതുംകൂടി ഇല്ലെന്നു വന്നാല്‍ ആ ഭരണം ഇസ്ലാമില്‍നിന്ന് വ്യതിചലിച്ചിരിക്കുന്നു എന്നര്‍ഥമായി. പിന്നീടതിനെ തട്ടിമാറ്റുന്നതിനായുള്ള പരിശ്രമം മുസ്ലിംകള്‍ക്ക് അനുവദനീയമായിത്തീരുന്നതാണ്. ഇതേ വിഷയം മറ്റൊരു രിവായത്തില്‍ ഇങ്ങനെ വിവരിക്കപ്പെട്ടിരിക്കുന്നു: "നബി(സ) ഞങ്ങളോട് പലതിനേയും പറ്റി കരാറുവാങ്ങിയ കൂട്ടത്തില്‍ ഒരു കരാര്‍ ഇതായിരുന്നു: നാം നമ്മുടെ നായകന്മാരോടും ഭരണാധിപന്മാരോടും പിണങ്ങുകയില്ല- അല്ലാഹുവിന്റെ മുമ്പില്‍ സമര്‍പ്പിക്കപ്പെടാവുന്ന തെളിവുണ്ടായിരിക്കുമാര്‍ പരസ്യമായ കുഫ്ര്‍ അവരുടെ പ്രവര്‍ത്തനങ്ങളില്‍ കാണപ്പെടാത്ത കാലത്തോളം.
`` أنْ لا نُنَازِعَ الأمْرَ أَهْلَهُ إلا أنْ تَرَوْا كُفْرًا بَوَاحًا عِنْدَكُمْ مِنَ اللهِ فِيهِ بُرْهَانٌ (بخاري، مسلم)

iv) പ്രകൃത ഖുര്‍ആന്‍ വാക്യത്തില്‍ വിവരിച്ചിരിക്കുന്ന, സ്വതന്ത്രവും ശാശ്വതവുമായ നാലാമത്തെ തത്വമിതാണ്: ഇസ്ലാമിക വ്യവസ്ഥിതിയില്‍ ദൈവനിയമത്തിനും പ്രവാചകചര്യക്കും അടിസ്ഥാന നിയമത്തിന്റെയും അന്ത്യപ്രമാണത്തി(Final Authority)ന്റെയും പദവിയാണുള്ളത്. മുസ്ലിംകള്‍ തമ്മില്‍ തമ്മിലോ, ഭരണകൂടവും ഭരണീയരും തമ്മിലോ വല്ല പ്രശ്നത്തിലും അഭിപ്രായഭിന്നതയുണ്ടായാല്‍ അതിന്റെ തീരുമാനത്തിനു ഖുര്‍ആനെയും സുന്നത്തിനെയും സമീപിക്കുന്നു; അവിടുന്ന് ലഭിക്കുന്ന തീരുമാനമെന്തോ അതിനുമുമ്പില്‍ സകലരും തലകുനിക്കുന്നു. ഇങ്ങനെ എല്ലാ ജീവിത ഇടപാടുകളിലും കിതാബിനെയും സുന്നത്തിനെയും അടിസ്ഥാനപ്രമാണമായും അവസാന വാക്കായും സമ്മതിക്കുന്നു എന്നതാണ് ഇസ്ലാമിക വ്യവസ്ഥിതിയെ അനിസ്ലാമിക വ്യവസ്ഥിതിയില്‍നിന്നും വേര്‍തിരിച്ചു നിര്‍ത്തുന്ന അനിവാര്യമായ സവിശേഷത. യാതൊന്നില്‍ ഇതു കാണപ്പെടുന്നില്ലയോ ആ വ്യവസ്ഥിതി തീര്‍ച്ചയായും ഒരനിസ്ലാമിക വ്യവസ്ഥിതിയാകുന്നു. ഇവിടെ ചിലര്‍ക്കൊരു സംശയം: "എല്ലാ ജീവിതപ്രശ്നങ്ങളുടെയും തീരുമാനത്തിന് കിതാബിനെയും സുന്നത്തിനെയും സമീപിച്ചതുകൊണ്ടെന്താണ്; മുന്‍സിപ്പാലിറ്റിയുടെയും റെയില്‍വേയുടെയും പോസ്റാഫീസിന്റെയും നിയമചട്ടങ്ങളും ഇതുപോലുള്ള മറ്റനേകം കാര്യങ്ങളെ സംബന്ധിച്ച വ്യവസ്ഥകളൊന്നും തന്നെ ഖുര്‍ആനിലും ഹദീസിലും പറഞ്ഞിട്ടില്ലല്ലോ?`` ദീനിന്റെ അടിസ്ഥാനങ്ങള്‍ മനസ്സിലാക്കാത്തതാണ് വാസ്തവത്തില്‍ ഈ സംശയത്തിനു കാരണം. മുസ്ലിമിനെ അമുസ്ലിമില്‍ നിന്ന് വേര്‍തിരിക്കുന്ന വസ്തു എന്താണെന്നു വെച്ചാല്‍, അമുസ്ലിം നിരുപാധിക സ്വാതന്ത്ര്യവാദിയാണെങ്കില്‍, ദൈവത്തിന്റെ അടിമയായിക്കൊണ്ട് ദൈവനിര്‍ദിഷ്ടമായ പരിധിയില്‍ മാത്രം സ്വാതന്ത്ര്യം അനുഭവിക്കുന്നവനാണ് മുസ്ലിം. അവിശ്വാസി തന്റെ എല്ലാ പ്രശ്നത്തിലും സ്വയംകൃത തത്വങ്ങള്‍ക്കും നിയമങ്ങള്‍ക്കുമൊത്ത് തീരുമാനം കല്‍പിക്കുന്നു; തനിക്ക് ദൈവിക പ്രമാണത്തിന്റെ ആവശ്യകതയുണ്ടെന്നു തന്നെ മനസ്സിലാക്കുന്നില്ല. വിശ്വാസിയാകട്ടെ, തന്റെ എല്ലാ പ്രശ്നങ്ങളും ആദ്യമായി അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുന്നു. അവിടെ വല്ല നിയമവും കണ്ടെത്തുന്നുവെങ്കില്‍ അത് പിന്തുടരുന്നു. അഥവാ യാതൊരു നിയമവും കണ്ടെത്തുന്നില്ലെങ്കില്‍, അപ്പോള്‍ മാത്രം സ്വാതന്ത്ര്യം ഉപയോഗിക്കുന്നു. `ഒരു വിഷയത്തില്‍ ശാരിഅ് യാതൊരു നിയമവും നല്‍കാതിരിക്കുമ്പോള്‍ ആ വിഷയത്തില്‍ സ്വാതന്ത്ര്യമനുവദിച്ചിരിക്കുന്നു എന്ന് തെളിയുന്നു` എന്ന ന്യായത്തില്‍ അധിഷ്ഠിതമാണ് മുസ്ലിമിന്റെ ഈ സ്വാതന്ത്ര്യനയം.
(തഫ്‌ഹീമുല്‍ ഖുര്‍ആനില്‍ മൌലാനാ മൌദൂദി നല്‍കിയ വ്യാഖ്യാനത്തില്‍ നിന്ന് Quran 4:59)

ചുരുക്കത്തില്‍ അല്ലാഹുവിനെയും റസൂലിനെയും ഉലുല്‍ അംറിനെയും അനുസരിക്കുകയെന്നതിന്നു ഖുര്‍ആനും നബിചര്യയും നിശ്ചയിച്ച വ്യക്തമായ അര്‍ത്ഥകല്‍പ്പനയുണ്ട്. അതിനാല്‍ ഇതിനെ മറികടക്കുന്നവര്‍ സ്വയം വഴിപിഴച്ചവരും മറ്റുള്ളവരെ പിഴപ്പിക്കുന്നവരുമാണെന്നു തിരിച്ചറിയുക.
.........................................................
* "ദൈവദൂതനെ അനുസരിക്കുന്നവന്‍ അല്ലാഹുവിനെ അനുസരിച്ചു." (Quran 4/80)

Saturday, May 21, 2011

കണ്ണാടി തല്ലിയുടയ്ക്കുന്നവര്‍

മുഖം മോശമായതിന്നു കണ്ണാടിയെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. മുഖം നന്നാക്കുക അഥവാ പ്രതിച്ഛായ നന്നാക്കുക - അതു മാത്രമാണു പരിഹാരം. കേരളത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ നടക്കുന്ന അക്രമങ്ങള്‍ കണ്ടപ്പോള്‍ ഇങ്ങനെ ചിന്തിക്കാനാണു തോന്നിയത്. വാര്‍ത്താമാധ്യമങ്ങള്‍ സമൂഹത്തിന്റെ നേര്‍ചിത്രം നമുക്കു മുമ്പില്‍ സമര്‍പ്പിക്കുന്നു. സമൂഹത്തിലെ പലരുടെയും നന്മകളും തിന്മകളും, മേന്മകളും പോരായ്മകളും, യോഗ്യതകളും അയോഗ്യതകളും നാട്ടുകാരറിയാന്‍ ഇത് ഇടവരുത്തുന്നു. ഇതു പക്ഷേ പലര്‍ക്കും രസിക്കുന്നില്ല. വാര്‍ത്തയുടെ മറുവശം പറഞ്ഞു പിടിച്ചു നില്‍ക്കാന്‍ ശോഭനമായ ഒരു മറുവശം അത്തരക്കര്‍ക്കു കാണുകയുമില്ല. പിന്നെ മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം നടത്തുകയാണു എളുപ്പമെന്ന് അവര്‍ ചിന്തിക്കുന്നുണ്ടാകാം. ചില വാര്‍ത്തകള്‍ കാരണമായാകാം ചിലപ്പോള്‍ ഇതു സംഭവിക്കുന്നത്. എന്നാല്‍ മറ്റു ചിലപ്പോള്‍ ഏതെങ്കിലും ഒരു പ്രത്യേക വാര്‍ത്തയുടെ പേരിലാവണമെന്നില്ല. മൊത്തത്തില്‍ മാധ്യമപ്രവര്‍ത്തകരെ ഒന്നു വിരട്ടി നിറുത്താമെന്നു ചിലര്‍ക്കു തോന്നിയിരിക്കാം.

എല്ലാം ക്വട്ടേഷന്‍ സംഘങ്ങള്‍ കൈകാര്യം ചെയ്യുന്ന ഈ നാട്ടില്‍ ഇനി അവരോടോ അവരെ ഏര്‍പ്പാടാക്കാന്‍ ഇടയുള്ളവരോടോ സമ്മതം വാങ്ങാതെ ഒന്നും ചെയ്യാന്‍ നിവൃത്തിയില്ലെന്നായിരിക്കുന്നു. തികച്ചും അദൃശ്യവും അപ്രതീക്ഷിതവുമായ മാര്‍ഗ്ഗത്തിലാണല്ലോ അവരുടെ ആക്രമണം നടക്കുക. കൈവെട്ടാന്‍, കാലുവെട്ടാന്‍, നട്ടെല്ലൊടിക്കാന്‍, ജീവനെടുക്കാന്‍ അങ്ങനെ ഓരോന്നിനും കൃത്യമായ നിരക്കുകള്‍ നിശ്ചയിക്കപ്പെട്ടിരിക്കുന്നു. നിശ്ചിത തുകയും കൂട്ടത്തില്‍ ഇരയുടെ ഫോട്ടോയും അത്യാവശ്യ വിവരങ്ങളും നല്‍കിയാല്‍ മതി. ബാക്കിയെല്ലാം അവര്‍ നോക്കിക്കൊള്ളും. ഇരയെ വധിക്കാന്‍ മാത്രമല്ല; വധശ്രമമാണെന്നു തോന്നാത്ത വിധം മാത്രം കൈകാര്യം ചെയ്യാനും അവര്‍ പരിശീലനം നേടിയിരിക്കുന്നു.

നാട്ടിലെ ക്രമസമാധാനം കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്തമുള്ളവരുടെ മൂക്കിനു മുമ്പിലാണ്‌ ഇതൊക്കെ നടന്നുകൊണ്ടിരിക്കുന്നത്. കുറ്റവാളികളെ അന്വേഷിച്ചു കണ്ടെത്താനുള്ള കഴിവുള്ളതോടൊപ്പം തന്നെ അതിസമര്‍ത്ഥമായി കണ്ണടക്കാനും കഴിവുള്ളവരാണ്‌ തങ്ങളെന്നു നമ്മുടെ പോലീസ് പലവുരു തെളിയിച്ചിട്ടുണ്ടല്ലോ. പക്ഷേ, അവര്‍ വെറുതെ കണ്ണടക്കുകയില്ലെന്ന് എല്ലാവര്‍ക്കുമറിയാം. അവിടെയുമുണ്ട് ചില നിരക്കുകള്‍. കാക്കിയുടുപ്പിട്ടവരില്‍ ചിലരും ചിലപ്പോള്‍ ക്വട്ടേഷന്‍ സംഘങ്ങളെപ്പോലെ പെരുമാറുന്നു.

മാധ്യമപ്രവര്‍ത്തകരും കുറ്റവിമുക്തരാണെന്നു ധരിക്കരുത്. പണം വാങ്ങി ന്യൂസും സ്റ്റോറിയും പടച്ചുവിടുന്നവര്‍ക്കു നമ്മുടെ നാട്ടില്‍ ഒരു കുറവുമില്ല. ചില വാര്‍ത്തകള്‍ ചില പത്രങ്ങളില്‍ വരുകയില്ല. ഇതിന്റെ കാരണങ്ങളിലൊന്നു പത്രത്തിന്റെ ചായ്‌വും നിലപാടുമാകാം. എന്നാല്‍, അതുമാത്രമല്ല കാരണം. പ്രാദേശിക ലേഖകന്മാര്‍ മുതല്‍ പത്രമുതലാളിമാര്‍ വരെയുള്ളവരില്‍ ആരെയെങ്കിലും കാണേണ്ടതു പോലെ കണ്ടാല്‍ വാര്‍ത്തകള്‍ ജനിക്കുകയോ മരിക്കുകയോ എന്തു വേണമെങ്കിലും ചെയ്യും. ജനിച്ചവയ്ക്ക് പരിണാമവും സംഭവിക്കാം. ഇതും പരസ്യമായ മറ്റൊരു രഹസ്യം തന്നെ.

അവിഹിതമാര്‍ഗ്ഗത്തില്‍ ധനവും അധികാരവും മറ്റും കൈക്കലാക്കാന്‍ കൊതിക്കുന്നവര്‍ എല്ലാവരെയും ഉപയോഗപ്പെടുത്തുന്നു; അവരെ തൃപ്തിപ്പെടുത്തുകയും ചെയ്യുന്നു. അങ്ങനെ അവിശുദ്ധകൂട്ടുകെട്ടുകള്‍ രൂപപ്പെടുകയാണ്‌. പല തരം ദുസ്വഭാവങ്ങളുടെ പിടിയിലമര്‍ന്ന ഒരു സമൂഹത്തിന്റെ സഹജമായ ഒരു ലക്‌ഷണം മാത്രമാണ്‌ ക്വട്ടേഷന്‍ സംഘങ്ങളിലൂടെ പ്രകടമായിക്കൊണ്ടിരിക്കുന്നത്; ബാക്കി ലക്‌ഷണങ്ങള്‍ മറ്റുള്ളവരിലൂടെയും പ്രകടമാകുന്നുണ്ടല്ലോ. ധാര്‍മ്മികതയുടെയും നൈതികതയുടെയും കണ്ണാടിയില്‍ സമൂഹം അതിന്റെ മുഖം നോക്കാന്‍ തയ്യാറാവണം. എന്നിട്ടു പോരായ്‌മകള്‍ പരിഹരിക്കണം. എന്നാലോ, ആ കണ്ണാടി തല്ലിയുടയ്ക്കാനാണ്‌ എല്ലാവര്‍ക്കും താല്‍പ്പര്യം.

Friday, May 20, 2011

ആദാമിന്റെ മകന്‍ അബു

സലിം കുമാര്‍ മികച്ച നടനുള്ള ദേശീയ അവര്‍ഡ് നേടിയിരിക്കുന്നു. അഭിനന്ദനങ്ങള്‍. ആദാമിന്റെ മകന്‍ അബു എന്ന സിനിമയിലെ 'അഭിനയ'ത്തിലൂടെയാണ്‌ സലിം കുമാര്‍ ഈ നേട്ടം കൈവരിച്ചതെന്നു മാധ്യമങ്ങള്‍ പറയുന്നു; എന്നാല്‍ അദ്ദേഹം ഇതു നിഷേധിച്ചിരിക്കുന്നു. അദ്ദേഹം പറയുന്നത് ആ പടത്തിനല്‍ ഒരു സീനില്‍ പോലും താന്‍ അഭിനയിച്ചിട്ടില്ലെന്നാണ്‌. പിന്നെങ്ങനെ അഭിനയത്തിനുള്ള അവാര്‍ഡ് കിട്ടി? സലിം കുമാര്‍ തന്നെ മറുപടി നല്‍കുന്നു: ഞാന്‍ ആദാമിന്റെ മകന്‍ അബുവായി ജീവിക്കുകയായിരുന്നു. അതേ, അതാണ്‌ വേണ്ടത്. അപ്പോഴാണ്‌ അവാര്‍ഡ് കിട്ടുക.

പ്രതിഫലം വാങ്ങാതെയാണ്‌ ഈ പടത്തില്‍ അദ്ദേഹം അഭിനയിച്ചത്. എന്നാല്‍, കഥയിലെ അബു ഹജ്ജിനായി സ്വരുക്കൂട്ടിയ 1600 രൂപയുടെ നാണയങ്ങളും അതു സൂക്ഷിച്ച പെട്ടിയും ഈ പടത്തിന്റെ ഓര്‍മ്മയ്ക്കായി സലിം കുമാര്‍ സ്വന്തമാക്കുകയും സൂക്ഷിച്ചുവരുകയും ചെയ്യുന്നു. താന്‍ അബുവായി ജീവിക്കുകയായിരുന്നുവെന്ന സലിം കുമാറിന്റെ അവകാശവാദം പ്രത്യക്ഷരം ശരിയാണെന്ന് ഈ സംഭവം നമ്മെ തെര്യപ്പെടുത്തുന്നു.

ഈ കഥാപാത്രം സലിം കുമാറിനെ വല്ലാതെ സ്വാധീനിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ സാക്‌ഷ്യപ്പെടുത്തുന്നത് കാണുക: 40 ദിവസം ഞാന്‍ ആദാമിന്റെ മകന്‍ അബുവായി ജീവിക്കുകയായിരുന്നു. ഇസ്‌ലാമിന്റെ നന്മകളെ മാത്രമല്ല; ഒപ്പം ഈ ലോകത്തിന്റെ മുഴുവന്‍ നന്മകളെയുമാണ്‌ ഈ സിനിമ വെളിച്ചത്ത് നിറുത്തുന്നത്.

മാത്രമല്ല; ഈ സിനിമയില്‍ 'അഭിനയി'ക്കുമ്പോള്‍ സലിം കുമാറിനെ സ്വാധീനിച്ച മറ്റൊന്ന് ഹജ്ജ് ചെയ്യാനുള്ള തീവ്രവികാരമാണ്‌. ഹജ്ജ് ചെയ്യാനുള്ള വിശ്വാസിയുടെ ആഗ്രഹത്തിന്റെ തീവ്രത അദ്ദേഹം ആവാഹിച്ചെടുക്കുകയായിരുന്നുവെന്നാണ്‌ മനസ്സിലാകുന്നത്. സംവിധായകന്‍ സലിം അഹ്‌മദിനോട് അദ്ദേഹം അന്വേഷിച്ചുവത്രെ: തനിക്ക് ഹജ്ജ് ചെയ്യാന്‍ പറ്റുമോ എന്ന്. ഏതായാലും സലിം കുമാര്‍ ഒരു തീരുമാനമെടുത്തിരിക്കുന്നു. ഇത്തവണ തന്റെ പ്രതിനിധിയായി ഒരാളെ ഹജ്ജിനയക്കുമെന്ന്. അയാള്‍ക്ക് ഹജ്ജ് നിര്‍വഹിക്കാന്‍ വേണ്ടിവരുന്ന സാമ്പത്തികച്ചെലവുകള്‍ താന്‍ വഹിച്ചുകൊള്ളാമെന്ന് സലിം കുമാര്‍ വാഗ്ദാനം ചെയ്തിരിക്കുന്നു. അര്‍ഹനായ ആളെ കണ്ടെത്താന്‍ മുസ്‌ലിം ലീഗ് നേതാവ് ഡോ. എം.കെ. മുനീറിനെ അദ്ദേഹം ചുമതലപ്പെടുത്തുകയും ചെയ്തിരിക്കുന്നു. ഹജ്ജ് ചെയ്യാന്‍ കൊതിയുള്ള, എന്നാല്‍ സാമ്പത്തിക ശേഷി ഇല്ലാത്തതു മൂലം അത് സാധിക്കാതെ പോകുന്ന, ആദാമിന്റെ മകന്‍ അബുവിനെപ്പോലുള്ള, ഒരു ഹതഭാഗ്യനെ, മഹാഭാഗ്യവാനാക്കി മാറ്റാനുള്ള സലിം കുമാറിന്റെ തീരുമാനം അഭിനന്ദനാര്‍ഹമാണ്‌. ഒപ്പം മതസൌഹാര്‍ദ്ദത്തിന്റെ ഉത്തമമാതൃകയും.

പരിസ്ഥിതി സ്നേഹം, ഈ പടം ഉയര്‍ത്തിക്കാണിക്കുന്ന മറ്റൊരു നന്മയാണെന്നു സംവിദായകന്‍ സലിം അഹ്‌മദ് പറയുന്നു. ഹജ്ജിനു പോകാന്‍ പണം കണ്ടെത്താന്‍ വേണ്ടിയാണെങ്കിലും, വീട്ടുമുറ്റത്തുള്ള മരം മുറിക്കുമ്പോള്‍ അബു തേങ്ങുകയാണ്‌. ഈ മരത്തില്‍ ഒരു കിളിക്കൂടെങ്കിലുമുണ്ടെങ്കില്‍, അതു മുറിക്കുന്നത് പാതകമാവില്ലേ? 'ഭൂമിയുടെ അവകാശികളെ'ക്കുറിച്ച് നമ്മെ ചിന്തിപ്പിച്ച എഴുത്തുകാരനാണ്‌ വൈക്കം മുഹമ്മദ് ബഷീര്‍. ഒരു ചെടിയില്‍ നിന്ന്, അനാവശ്യമായി ഒരില നുള്ളുന്നതു പോലും ഇസ്‌ലാമിന്റെ പ്രവാചകന്‍ വെറുത്തിരുന്നുവെന്ന് അദ്ദേഹത്തിന്റെ ചരിത്രത്തില്‍ കാണാം. നമ്മുടെ ജീവിതത്തില്‍ നന്മതിന്മകളില്ലാത്ത ഒരു മേഖലയുമില്ല. നമ്മുടെ വാക്കുകളില്‍ നന്മയും തിന്മയുമുണ്ട്; മാത്രമല്ല മൌനത്തിലുമുണ്ടത്. നമ്മുടെ കര്‍മ്മത്തില്‍ മാത്രമല്ല; നിഷ്ക്രിയത്വത്തിലും നന്മതിന്മകളുണ്ട്. നമ്മുടെ മനസ്സില്‍ നമയെക്കുറിച്ചുള്ള ചിന്തയുടെ വിത്തുപാകാന്‍ ഒരു സിനിമയ്ക്ക് സാധിക്കുന്നുവെങ്കില്‍ ആ സിനിമ ഒരു സല്‍ക്കര്‍മ്മമാണ്‌.

Thursday, May 19, 2011

അരക്ഷിതരായ രക്ഷിതാക്കള്‍ 

'ഗുരുവായൂരിലെ ലോഡ്ജില്‍ മുറിയെടുത്തു താമസിച്ച വൃദ്ധദമ്പദികള്‍ ജീവനൊടുക്കി. മൂന്നു ദിവസം മുമ്പാണ്‌ റൂമെടുത്തത്. വാര്‍ദ്ധക്യത്തില്‍ സംരക്ഷിക്കാനാളില്ലാത്തതാണ്‌ മരണം വരിക്കാന്‍ കാരണമെന്ന് ആത്മഹത്യാകുറിപ്പില്‍ പറഞ്ഞിരിക്കുന്നു. ശവമടക്കു ചെലവിനായി 6500 രൂപ ആത്മഹത്യാകുറിപ്പിനൊപ്പം വച്ചിട്ടുണ്ട്.' (manorama online)

ഇവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍, ഇതെഴുതും വരെ, ലഭിച്ചിട്ടില്ല. എങ്കിലും ഒരുകാര്യം തീര്‍ച്ചയാണ്‌; നമ്മുടെ നാട്ടില്‍ ഇതുപോലുള്ള സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരുകയാണ്‌. വാര്‍ദ്ധക്യത്തിലെത്തുമ്പോള്‍ നോക്കാനാളില്ലാതാകുന്ന അവസ്ഥ. അതുമൂലം നടക്കുന്ന ആത്മഹത്യകള്‍. ഇനി മറ്റൊരു കൂട്ടരുണ്ട്. നോക്കാനാളു/കളു/ള്ളവര്‍. എന്നാല്‍ നോക്കാനുള്ള സന്നദ്ധത നോക്കേണ്ടവര്‍ക്കില്ലാത്തതുമൂലം അവഗണിക്കപ്പെടുന്നവര്‍. സ്വന്തം വീട്ടില്‍ നിന്ന് ആട്ടിയിറക്കപ്പെടുന്നവര്‍. അതേ, ജന്മംനല്‍കി വളര്‍ത്തി വലുതാക്കിയ മാതാപിതാക്കളെ അവരുടെ അവശതയുടെ ഘട്ടത്തില്‍ ആട്ടിയിറക്കുന്ന മക്കള്‍. അതിന്റെ തോത് ഏറിക്കൊണ്ടിരിക്കുന്ന ഈ യുഗത്തെ നാം 'പരിഷ്കൃതയുഗമെ'ന്നു വിളിക്കുന്നു.

ദയാവധം പോലുള്ള നിഷേധാത്മകമായ പരിഹാരങ്ങളല്ല നമുക്കാവശ്യം. നിര്‍മ്മാണാത്മകമായ എന്തു പരിഹാരമാണിതിന്നു കണ്ടെത്താന്‍ കഴിയുക?

അവനവന്റെ മാതാപിതാക്കളെ അവനവന്‍ സംരക്ഷിക്കുക എന്നതാണ്‌ മാന്യവും ലളിതവുമായ പരിഹാരമാര്‍ഗ്ഗം. അതിനു സന്നദ്ധതയില്ലാത്തവരുടെ/ സാധിക്കാത്തവരുടെ മാതാപിതാക്കളെ ആരു സംരക്ഷിക്കും? ബന്ധുക്കളാരുമില്ലാത്ത വൃദ്ധരെ ആരു സംരക്ഷിക്കും? അതേപോലെ സമൂഹത്തിലെ അവശരായ മറ്റംഗങ്ങളെ ആരു സംരക്ഷിക്കും? ഇതൊരു സാമൂഹിക പ്രശ്നമായി കണക്കാക്കണം. കൂട്ടായി ചിന്തിക്കുകയും പരിഹാരം കണ്ടെത്തുകയും ചെയ്യണം.

Wednesday, May 18, 2011

പൂവ്, പൂമ്പാറ്റ, ദൈവം 

പൂവിനെയും പൂമ്പാറ്റയെയും ഇഷ്ടപ്പെടുന്നത് കുട്ടികള്‍ മാത്രമല്ല. എന്നാല്‍, അവയുടെ ദൃശ്യഭംഗി ആസ്വദിക്കുന്നതിന്നപ്പുറം നമ്മിലെത്ര പേര്‍ക്ക് അതൊരു ചിന്താവിഷയമാകാറുണ്ട്?

പൂവും പൂമ്പാറ്റയും നല്‍കുന്ന പാഠമെന്താണെന്നു നോക്കാം:
സസ്യത്തിന്റെ നിലനില്‍പ്പിനു വിത്തുല്‍പ്പാദനം ആവശ്യമാണ്‌. ചിലതില്‍ പരപരാഗണത്തിലൂടെയാണ്‌ വിത്തുല്‍പ്പാദനത്തിനു കളമൊരുങ്ങുന്നത്. ഇത്തരം ചെടികളുല്‍പ്പാദിപ്പിക്കുന്ന പൂക്കള്‍ പ്രാണികളെ ആകര്‍ഷിക്കാന്‍ പോന്നവയായിരിക്കും. പ്രാണികള്‍ക്ക് അവയില്‍നിന്ന് ആഹാരം ലഭിക്കുകയും ചെയ്യും. അതിനുവേണ്ടിയാണല്ലോ അവ പൂക്കളില്‍ ചെല്ലുന്നതു തന്നെ. അല്ലാതെ പരാഗണം, വിത്തുല്‍പ്പാദനം, സസ്യവംശത്തിന്റെ നിലനല്‍പ്പ് ഇവയൊന്നും ഒരു പ്രാണിക്കറിയാവുന്ന കാര്യങ്ങളല്ലെ. അതിനെ പറഞ്ഞു പഠിപ്പിക്കാമെന്നു വച്ചാലും സാദ്ധ്യവുമല്ലല്ലോ.

ഇനി ചെടിയുടെ കാര്യമോ?
തനിക്കു വംശം നിലനിറുത്തണം,
അതിനു പരാഗണം നടക്കണം,
അതിനു പ്രാണിയെ ആശ്രയിക്കണം,
അതിനു പൂവിനു നല്ല ആകര്‍ഷകത്വം വേണം,
കൂട്ടത്തില്‍ പ്രാണിക്ക് ഇഷ്ടപ്പെടുന്ന ആഹാരം നല്‍കണം,
ഇന്നിടത്ത് ആഹാരവും ഇന്നിടത്ത് പരാഗവസ്തുവും വച്ചാലാണ്‌ പരാഗണം നടക്കുക
ഇവയൊന്നും ചെടിക്കും നിശ്ചയമുള്ള കാര്യങ്ങളല്ല. എന്നിട്ടും ഇവയത്രയും മുറതെറ്റാതെ നടന്നു വരുന്നു; ഇതിന്റെ ആസൂത്രണത്തില്‍ ചെടിക്കോ പ്രാണികള്‍ക്കോ ഒരു പങ്കുമില്ലെങ്കിലും!

ആഹാരം നല്‍കിക്കൊള്ളാമെന്നു ചെടിയും, പരാഗണം നടത്തിത്തരാമെന്നു പ്രാണിയും സമ്മതിക്കുന്ന ഒരു ഉടമ്പടി ഇവതമ്മില്‍ ഉണ്ടായിട്ടുമില്ല. പക്ഷെ, കാലാകാലങ്ങളായി അവ സഹകരിച്ചുവരുന്നു.

എങ്കില്‍ ഇതാസൂത്രണം ചെയ്തതാരാണ്‌?
ഇവയെ സഹകരിപ്പിച്ചതാരാണ്‌?
നല്ല ആസൂത്രണപാടവമുള്ള ഒരു ബുദ്ധി ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടില്ലേ?
ഇല്ലെന്നെങ്ങനെ പറയും?
ആ അസ്തിത്വത്തിനു താന്‍ ആസൂത്രണം ചെയ്യുന്നത് നടപ്പില്‍ വരുത്താനുള്ള കഴിവും അധികാരവും ഉണ്ടായിരിക്കണം. ഇല്ലാതെ തന്റെ പദ്ധതികളെങ്ങനെ നടപ്പില്‍ വരുത്തുന്നു?

ചുരുക്കത്തില്‍ സര്‍വശക്തനും സര്‍വജ്ഞനുമായ അപാരബുദ്ധിയുടെയും ആസൂത്രണപാടവത്തിന്റെയും ഉടമയായ താനിച്ഛിക്കുന്നതെന്തും നടപ്പില്‍വരുത്താന്‍ ശക്തിയും അധികാരവുമുള്ള
ഒരു ദൈവത്തെ കണ്ടെത്താന്‍ പൂവും പൂമ്പാറ്റയും നമ്മെ സഹായിക്കുന്നുണ്ട്. ആ ദൃശ്യവിരുന്ന് ആസ്വദിക്കുന്നതിനപ്പുറം, അവ നല്‍കുന്ന പാഠത്തെപ്പറ്റി അല്‍പ്പനേരം ചിന്തിക്കാന്‍ നാം തയ്യാറായാവണമെന്നു മാത്രം.

Tuesday, May 17, 2011

ആതിഥ്യമര്യാദ

ഈയിടെ ഒരു സുഹൃത്തിന്റെ ഗൃഹപ്രവേശച്ചടങ്ങില്‍ പങ്കെടുത്തിരുന്നു. സാമാന്യം വലിയ ഒരു ചടങ്ങ്. നല്ല ഭക്ഷണം. പക്ഷെ, അത് ക്യൂ നിന്നു വാങ്ങണം. എന്നിട്ട് ഒരു കസേര കിട്ടിയാല്‍ അതിലിരുന്നും ഇല്ലെങ്കില്‍ രണ്ടുകാലില്‍ നിന്നും കഴിക്കണം. കുടിക്കാന്‍ വെള്ളമാവശ്യമുള്ളവര്‍ക്കു മറ്റൊരിടത്ത് ക്യൂ നിന്ന് വേണമെങ്കില്‍ വാങ്ങാവുന്നതാണ്‌. അത് ഇരിക്കുന്ന കസേരയുടെ ചുവട്ടിലോ മറ്റോ സൂക്ഷിക്കുകയും എടുത്ത് കുടിക്കുകയും ചെയ്യാം. ഇത്രമാത്രം അസൌകര്യമുണ്ടായിട്ടും ആളുകള്‍ അവിടെനിന്നു ഭക്ഷണം കഴിച്ചത് നാട്ടില്‍ ക്ഷാമവും പട്ടിണിയുമുള്ളതുകൊണ്ടല്ല. ക്ഷണിച്ചുവരുത്തിയ ആളുകളെ ഇങ്ങനെ അപമാനിക്കുന്നതില്‍ പ്രതിഷേധമില്ലാത്തതുകൊണ്ടുമല്ല. ഇങ്ങോട്ട് അമാന്യമായി പെരുമാറുന്നവനോട് അങ്ങോട്ട് വളരെ മാന്യമായി പെരുമാറുകയെന്ന ഉദാര നയം ആളുകള്‍ സ്വീകരിച്ചതുമല്ല. മറിച്ച്, ഇതാണ്‌ ഇന്നത്തെ നാട്ടുനടപ്പ് എന്നു ജനം ധരിച്ചിരിക്കുന്നു. അതുകൊണ്ട് ഇഷ്ടമില്ലാഞ്ഞിട്ടും ആരെയും ചോദ്യം ചെയ്യാന്‍ മുതിരാതെ ജനം സഹിക്കുന്നു. ഞാന്‍ സുഹൃത്തിനോട് പറഞ്ഞു: 'ആളുകളെ വിളിച്ചുവരുത്തി ഇപ്രകാരം അപമാനിക്കരുത്. അതിഥിയെ ആദരിക്കാനാണ്‌ പ്രവാചകന്‍ പഠിപ്പിച്ചത്. ഇവിടെ നിങ്ങള്‍ അവരെ നിന്ദിക്കുകയാണ്‌ ചെയ്യുന്നത്.'
അദ്ദേഹം തന്റെ ചെയ്തിയെ ന്യായീകരിച്ചത് ഇന്നത്തെ നാട്ടുനടപ്പിന്റെ പേരിലായിരുന്നു. കാലാകാലങ്ങളില്‍ വരാനിരിക്കുന്ന നാട്ടുനടപ്പിനെക്കുറിച്ചൊന്നും ഒരു വിചിന്തനവും നടത്താതെ 'നിങ്ങള്‍ അതിഥികളെ ആദരിക്കണം' എന്നു പഠിപ്പിച്ച പ്രവാചകനു തെറ്റു പറ്റിയോ? അല്ലെങ്കില്‍ ഇക്കാലത്തെ ആദരവ് ഇതാണോ?

Friday, May 6, 2011

എന്‍ഡോസള്‍ഫാന്‍: ലാഭമോ നഷ്ടമോ?

കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക്, പ്ലാന്റേഷന്‍ കോര്‍പറേഷന്‍ അഞ്ചു കോടി രൂപ നഷ്ടപരിഹാരം നല്‍കുന്നു. നാനൂറു പേര്‍ മരിക്കുകയും നാലായിരത്തില്‍പരമാളുകള്‍ മരിച്ചുജീവിക്കുകയും ചെയ്യുന്ന കൊടുംദുരന്തത്തിനു പകരമായി കണക്കാക്കുമ്പോള്‍ അഞ്ചു കോടി വെറും നക്കാപ്പിച്ച മാത്രം. മരിച്ച നാനൂറു പേപേരുടെ കുടുംബങ്ങള്‍ക്കിതു വിതരണം ചെയ്താല്‍ 125,000 വീതമാണ്‌ ഒരോ കുടുംബത്തിനും ലഭിക്കുക! ദുരന്തത്തിന്റെ ഉത്തരവാദികള്‍ ഇത്രയും നിസ്സാരതുക നഷ്ടപരിഹാരമായി നല്‍കുന്നത് ഇരകളെ പരിഹസിക്കുന്നതിന്നു തുല്യമാണ്‌.

ഇവരുടെ നഷ്ടത്തിനു പരിഹാരം നല്‍കുക മനുഷ്യസാദ്ധ്യമല്ലാത്ത കാര്യമാണ്‌. എന്നാലും പ്ലാന്റേഷന്‍ കോര്‍പറേഷന്‍ മരണപ്പെട്ടവരുടെ കുടുംബത്തിനു പത്തു ലക്ഷം വീതം നഷ്ടപരിഹാരം നല്‍കണം. നാല്‍പതു കോടി ഇതിനു വേണ്ടിവരും. മരിച്ചുജീവിക്കുന്നവര്‍ക്കും അവരവരുടെ അവസ്ഥ പരിഗണിച്ച് നഷ്ടപരിഹാരം നല്‍കണം. മാത്രമല്ല, ആവശ്യമനുസരിച്ചു പുനരധിവാസസൌകര്യവും ലഭ്യമാക്കണം. ഇതിനാവശ്യമായി വരുന്ന തുക വളരെ വളരെ ഭീമമായിരിക്കും.

മനുഷ്യന്റെ ജീവന്നോ അവന്റെ ജീവിക്കാനുള്ള അവകാശത്തിന്നോ അവന്റെ വേദനകള്‍ക്കോ വിലകല്‍പ്പിക്കാന്‍ കഴിയാത്ത, സാമ്പത്തിക ലാഭനഷ്ടങ്ങളുടെ കണക്കു മാത്രം മനസ്സിലാകുന്നവര്‍ ഉത്തരം പറയട്ടെ: എന്‍ഡോസള്‍ഫാന്‍ ഉള്‍പ്പെടെയുള്ള വിഷങ്ങളുടെ ഉപയോഗം വരുത്തിവയ്ക്കുന്നത് ലാഭമോ നഷ്ടമോ?

Tuesday, May 3, 2011

ഇസ്‌ലാമും അടിമത്തസമ്പ്രദായവും

ഇസ്‌ലാമും അടിമത്ത സമ്പ്രദായവും: ഇസ്‌ലാംവിമര്‍ശകരുടെ ഇഷ്ടവിഷയമാണിത്. ബ്ലോഗുകളിലും ഫെയ്സ്ബുക്കിലുമെല്ലാം മലയാളത്തില്‍ തന്നെ ഈ വിഷയം നന്നായി വിശകലനം ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാലും പലതവണ വ്യക്തമായി മറുപടി നല്‍കപ്പെട്ട ആരോപണങ്ങള്‍ പോലും വിമര്‍ശകന്മാര്‍ ആവര്‍ത്തിച്ചുന്നയിച്ചുകൊണ്ടിരിക്കുന്നു. ഇസ്‌ലാമിന്റെ സുന്ദരമുഖത്ത് ചെളിവാരിയെറിയുക എന്നത് മാത്രമാണ്‌ അവരുടെ ലക്‌ഷ്യം .അത് മാത്രമേ അവര്‍ക്ക് സാധിക്കുകയുള്ളു. ഇനി വിഷയത്തിലേക്ക് കടക്കാം.

1. അടിമത്ത സമ്പ്രദായം നിലനിറുത്തണമെന്ന് ഇസ്‌ലാം ആഗ്രഹിച്ചിട്ടില്ല. അതില്ലാതാക്കാനാണ്‌ ഇസ്‌ലാം ശ്രമിച്ചിട്ടുള്ളത് എന്ന് ചരിത്രം പരിശോധിച്ചാല്‍ കാണാന്‍ കഴിയും. ഒരു നിരോധന പ്രഖ്യാപനം കൊണ്ട് അടിമത്തം ഇല്ലാതാക്കാന്‍ കഴിയുമെന്ന് ഇസ്‌ലാം വ്യാമോഹിച്ചിരുന്നില്ല. അതുകൊണ്ടാണ്‌ പടിപടിയായ നടപടികളിലൂടെ അടിമത്ത നിവാരണത്തിന്ന് വേണ്ട നിയമങ്ങള്‍ അതാവിഷ്‌കരിച്ചത്.

2. ഇസ്‌ലാം അടിമകളുടെ മോചനത്തിന്‌ വേണ്ടത് ചെയ്യുമെന്ന് അറിയാവുന്നത് കൊണ്ടാണാല്ലോ അന്ന് അടിമകളായിരുന്ന പലരും ഇസ്‌ലാമില്‍ ചേര്‍ന്നതും അവരുടെ യജമാനന്‍മാരുടെ കൊടും പീഡനങ്ങള്‍ സഹിച്ചും അവര്‍ ഇസ്‌ലാമില്‍ ഉറച്ചു നിന്നതും.

3. അടിമകള്‍ക്ക് സ്വതന്ത്രന്‍മാരോടൊപ്പം സ്ഥാനം നല്‍കുന്നതു കണ്ട അവിശ്വാസികള്‍ അക്കാരണത്താല്‍ ഇസ്‌ലാമിനെ വിമര്‍ശിച്ചിരുന്നു. അവരുടെ പ്രീതിക്കു വേണ്ടി വിശ്വാസികളിലെ അടിമകളെയും മറ്റ് തരത്തില്‍ സമൂഹത്തിന്റെ താഴെതട്ടില്‍ കഴിയുന്നവരയും ഒട്ടും അവഗണിക്കരുതെന്ന പാഠം ഖുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട്.

4. 'എന്റെ അടിമ, എന്റെ അടിമസ്ത്രീ' എന്ന് അടിമകളെ വിളിക്കരുതെന്ന് പ്രവാചകന്‍ ഉപദേശിച്ചിട്ടുണ്ട്. അത് പോലെ 'എന്റെ യജമാനന്‍, എന്റെ യജമാനത്തി' എന്നൊന്നും പറയരുത് അടിമകളോടും കല്‍പ്പിച്ചു.

5. അടിമകളുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ വേണ്ട നടപടികളും കൂട്ടത്തില്‍ കാണാം. അവര്‍ക്ക് നല്ല ഭക്ഷണവും വസ്‌ത്രവും നല്‍കാനും ഭാരം ലഘൂകരിച്ച് കൊടുക്കാനും ഇസ്‌ലാം കര്‍ശനമായി നിര്‍ദ്ദേശിച്ചു. അടിമയെ ഉപദ്രവിക്കുന്നതും പ്രയാസപ്പെടുത്തുന്നതും നിരോധിച്ചു. അടിമയോട് ക്രൂരത കാണിക്കുന്നത് ശിക്ഷര്‍ഹമായ കുറ്റമായി പ്രഖ്യാപിച്ചു. ഇത്തരം നടപടികളിലൂടെ നിലവിലുള്ള അടിമകളുടെ സുസ്ഥിതി ഉറപ്പ് വരുത്തുകയാണ്‌ ഇസ്‌ലാം ആദ്യം ചെയ്തത്.

6. രണ്ടാമത്തെ പടിയായി അടിമകളെ മോചിപ്പിക്കാന്‍ ഇസ്‌ലാം നിര്‍ദ്ദേശിച്ചു. ഖുര്‍ആനും ഹദീസും അടിമകളെ മോചിപ്പിക്കാന്‍ പ്രേരണ ചെലുത്തുന്നതു കാണാം. അത് ഒരു വലിയ പുണ്യ കര്‍മ്മമാക്കി നിശ്ചയിച്ചു. ഈ ആഹ്വാനമനുസരിച്ച് മുസ്‌ലിംകള്‍ ധാരാളം അടിമകളെ മോചിപ്പിച്ചിരുന്നു. സ്വന്തമായി അടിമകളില്ലാത്ത സമ്പന്നര്‍ അടിമകളെ വിലക്ക് വാങ്ങി മോചിപ്പിച്ച് പുണ്യം നേടാന്‍ ശ്രമിച്ചതും ചരിത്രത്തില്‍ കാണാം. ആദ്യത്തെ നാലു ഖലീഫമാരുടെ കാലത്ത് ഇങ്ങനെ 39000 അടിമകള്‍ മോചിപ്പിക്കപ്പെട്ടത് ചരിത്രത്തില്‍ കാണാം. മൂന്നാം ഖലീഫ ഉസ്‌മാന്‍ എല്ലാ വെള്ളിയാഴ്ചയും ഓരോ അടിമയെ വീതം മോചിപ്പിക്കാറുണ്ടായിരുന്നു.

7. സ്വയം ഒരു പുണ്യകര്‍മ്മമായി ഇതിനെ കണക്കാക്കിയതോടൊപ്പം തന്നെ ചില തെറ്റുകള്‍ക്കുള്ള പ്രായശ്ചിത്തമായി അടിമത്തമോചനം ഒരു ഓപ്‌ഷനായി നിശ്ചയിക്കപ്പെട്ടു. ശപഥത്തിന്റെ ലംഘനം, സംയോഗം മൂലം റമദാന്‍ വ്രതം നഷ്ടപ്പെടുത്തല്‍, മനപ്പൂര്‍വ്വമല്ലാത്ത കൊല മുതലായ കുറ്റങ്ങള്‍ ഇതില്‍ പെടും.

8. അതി സുപ്രധാനമായ മറ്റൊരു നീക്കം: മോചനം ആഗ്രഹിക്കുന്ന അടിമയ്ക്ക് തന്റെ ഉടമയുമായി മോചന പത്രം എഴുതാന്‍ ഇസ്‌ലാം അനുവാദം നല്‍കി. മോചനപത്രം എഴുതാന്‍ അടിമ ആവശ്യപ്പെട്ടാല്‍ അത് നിരാകരിക്കാന്‍ ഉടമക്ക് അവകാശമില്ലെന്ന് ഇസ്‌ലാം വിധിച്ചു. അടിമയ്ക്ക് ഇത് കോടതിയില്‍ ചോദ്യം ചെയ്യാമായിരുന്നു. ഇന്നത്തേത് പോലെ പണം ചെലവാക്കി നീതി നേടുന്ന കോടതിയായിരുന്നില്ല ഇസ്‌ലാമിന്റെത് എന്ന് പ്രത്യേകം ഓര്‍മ്മിക്കുക. മോചന പത്രം എഴുതുന്ന അടിമ നിശ്ചിത കാലത്തിനകം ഉടമയ്ക്ക് അയാളുടെ മോചനത്തിന്റെ വില നല്‍കണം. ഇതിന്നാവശ്യമായ ധനം സമ്പാദിക്കുവാന്‍ അടിമയ്ക്ക് അവകാശമുണ്ടായിരിക്കും. സ്വയം ഈ തുക സ്വരൂപിക്കാന്‍ അടിമയ്ക്ക് കഴിയാതെ വന്നാല്‍ അയാള്‍ക്ക് സകാത്ത് ഫണ്ടില്‍ നിന്ന് സഹായം ലഭിക്കാനുള്ള അര്‍ഹതയുണ്ട്.

9. ഇസ്‌ലാമിലെ സകാത്തിന്റെ എട്ട് അവകാശികളില്‍ ഒരു വിഭാഗം മോചനം ആഗ്രഹിക്കുന്ന അടിമകളാണ്‌. ഇസ്‌ലാമിക ഭരണപ്രദേശത്ത് അടിമകളുടെ എണ്ണം കൂടുകയല്ല കുറയുകയാണ്‌ ചെയ്തിരുന്നത് എന്നും കാണാം. മേല്‍പറഞ്ഞവയായിരുന്നു കാരണങ്ങള്‍.

10. പുതിയ അടിമകള്‍ സൃഷ്ടിക്കപ്പെടാനിടയുള്ള എല്ലാ വഴികളും ഇസ്‌ലാം അടച്ചു കളഞ്ഞു. യുദ്ധത്തില്‍ പിടിക്കപ്പെടുന്ന ശത്രുക്കളെ മാത്രമേ അടിമകളാക്കാവൂ എന്നും വിധിച്ചു; അതും അനിവാര്യ ഘട്ടത്തില്‍ മാത്രം. യുദ്ധത്തില്‍ പിടിക്കപ്പെടുന്നവരെയെല്ലാം അടിമകളാക്കണമെന്ന് ഇസ്‌ലാം നിശ്ചയിച്ചിട്ടില്ല. മറിച്ച് അവരുടെ മോചനത്തിനാണ്‌ ഇസ്‌ലാം മുന്‍ഗണന നല്‍കുന്നത്. ഒന്നുകില്‍ അവരെ മുസ്‌ലിം തടവുകാര്‍ക്ക് പകരമായി കൈമാറാം. അല്ലെങ്കില്‍ മോചനമൂല്യം വാങ്ങി വിട്ടയക്കാം. ഒരു നിശ്ചിത ജോലി ചെയ്തു തീര്‍ത്തു സ്വതന്ത്രരാവാനുള്ള അവകാശവും അവര്‍ക്ക് നല്‍കിയിട്ടുണ്ട്. രാജ്യത്തിന്റെ സുരക്ഷിതത്വത്തിന്ന് ഹാനി വരുത്തുമെന്ന് ഭയമില്ലാത്തവരെ സൌജന്യമായി മോചിപ്പിക്കുകയുമാവാം. ഇതൊന്നും നടത്താന്‍ പറ്റാത്ത സാഹചര്യത്തില്‍ മാത്രം തടവുകാരെ യുദ്ധത്തില്‍ പങ്കെടുത്തവര്‍ക്ക് അടിമകളായി വീതിച്ചു കൊടുക്കാന്‍ ഇസ്‌ലാം അനുവദിച്ചത്.

11. ഇങ്ങനെ തടവുകാരായി മാറുന്ന സ്ത്രീകളെ സ്വതന്ത്രരാക്കി വിവാഹം കഴിച്ച് കൂടെ താമസിപ്പിക്കാം. പ്രവാചക പത്നിമാരിലെ സഫിയ, ജുവൈരിയ എന്നിവര്‍, നബി ഇങ്ങനെ വിവാഹം ചയ്തിട്ടുള്ളവരാണ്‌. ഇനി സ്വയം വിവാഹം ചെയ്യാതെ, അവളെ മറ്റ് സ്വതന്ത്രര്‍ക്കോ അടിമകള്‍ക്കോ വിവാഹം ചെയ്തു കൊടുക്കുകയുമാവാം. ഈ സാഹചര്യത്തില്‍ അവളുടെ ദേഹം സ്പര്‍ശിക്കുവാനുള്ള അവകാശം ഈ ഉടമയ്ക്കുണ്ടായിരിക്കുകയില്ല. മറ്റെല്ലാ ഉടമാവകാശങ്ങളെയും പോലെ ഒരാള്‍ക്കു നിയമാനുസൃതമായി ഗവണ്‍മെന്റു നല്‍കിയ യുദ്ധത്തടവുകാരുടെ മേലുള്ള ഉടമാവകാശവും കൈമാറ്റം ചെയ്യാവുന്നതാണ്.

12. വിവാഹം ചെയ്യാതെ തന്നെ ലൈംഗികമായി ഉപയോഗിക്കാനും, ശക്തമായ നിബന്ധനകള്‍ക്ക് വിധേയമായി, ഇസ്‌ലാം അനുവദിച്ചിരുന്നു. അവളുടെ ഒരു ആര്‍ത്തവം കഴിഞ്ഞ ശേഷമേ ഉപയോഗിക്കാന്‍ പാടുള്ളൂ. ഒരു സ്ത്രീയെ ഒരു പുരുഷന്ന് മാത്രമേ ഉപയോഗിക്കാന്‍ അനുവാദമുള്ളൂ. മറ്റാരും അവളെ ഉപയോഗിച്ചുകൂടാ.

13. പട്ടാളക്കാര്‍ക്ക് ബന്ധനസ്ഥരായ സ്ത്രീകളുമായി ലൈംഗികവേഴ്ച നടത്തുവാന്‍ അനുവാദം ഉണ്ടായിരിക്കുന്നതല്ല. അത് ഇസ്ലാമിക നിയമപ്രകാരം നിഷിദ്ധമായ നടപടിയാണ്. അതും വ്യഭിചാരവും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല.

14. അടിമസ്ത്രീ പ്രസവിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് സ്വതന്ത്ര ഭാര്യ പ്രസവിക്കുന്ന കുഞ്ഞിനെ പ്പോലെ പിതൃസ്വത്ത് ഉള്‍പ്പെടെ എല്ലാറ്റിനും അവകാശമുണ്ടായിരിക്കും. അവര്‍, അവരുടെ പിതാവിന്റെ അടിമകളായിരിക്കുകയില്ല എന്നര്‍ത്ഥം. പുരുഷന്‍ മരിക്കുന്നതോടെ അവള്‍ സ്വതന്ത്രയാവുകയും ചെയ്യും. ഒരു സ്ത്രീയെ അവളുടെ രക്ഷിതാവ് ഒരു പുരുഷന്ന് വിവാഹം ചെയ്തു കൊടുക്കുന്നത് പോലെ, ഒരു രാഷ്ട്രം അതിന്റെ അധീനത്തില്‍ വരുന്ന അടിമസ്ത്രീയെ അവളുടെ രക്ഷിതാവിന്റെ സ്ഥാനത്ത് നിന്നുകൊണ്ട് ഒരു പൌരന്ന് ഏല്‍പ്പിച്ചു കൊടുക്കുന്ന ഒരു പ്രക്രിയയാണിത്. പേര്‌ വിവാഹമെന്നല്ലെന്ന് മാത്രം.

15. ആദ്യ ഘട്ടത്തില്‍ ഇസ്‌ലാമിക രാഷ്ട്രത്തില്‍ ജയില്‍ സംവിധാനമുണ്ടായിരുന്നില്ല; അക്കാലത്താണ്‌ അടിമത്ത സമ്പ്രദായം ഉപയോഗപ്പെടുത്തിയത്. ജയില്‍ സംവിധാനവും അടിമത്ത സമ്പ്രദായവും തമ്മിലുള്ള സാദൃശ്യവും പരിഗണിക്കാവുന്നതാണ്‌. പരിഷ്‌കൃത ലോകത്തിന്റെ പേര്‌ പറഞ്ഞാണല്ലോ ഇസ്‌ലാമിനെ വിമര്‍ശിക്കുന്നത്. പരിഷ്‌കൃത ലോകം യുദ്ധത്തടവുകാരോട് പെരുമാറുന്ന വിധവും പരസ്യമായ കാര്യമാണല്ലോ. യൂ. എസ്സിന്റെ ഗ്വാണ്ടനാമോയും ഇറാഖിലെ അബൂഗുറൈബും കുപ്രസിദ്ധി ആര്‍ജ്ജിച്ചത് തറ്റവുകാരോടുള്ള ക്രൂരതയുടെ പേരിലാണാല്ലോ.

യുക്തിവാദികളുടെ സദാചാര സങ്കല്‍പ്പം

ദൈവത്തിനു പൊക്കാന്‍ കഴിയാത്ത കല്ല്‌

ദൈവത്തിനു പൊക്കാന്‍ കഴിയാത്ത ഒരു കല്ല്‌ സൃഷ്ടിക്കാന്‍ ദൈവവത്തിനു കഴിയുമോ എന്നത് ജബ്ബാറിന്റെ ബില്യന്‍ ഡോളര്‍ ക്വസ്റ്റ്യനാണ്‌. പലയിടത്തും ആ ചോദ്യം ചോദിക്കുകയും യെസ് ഓര്‍ നോ, ഏത് ഉത്തരം പറഞ്ഞാലും ദൈവം സര്‍വശക്തനല്ലെന്നു തെളിയുമെന്നുന്ന് വീമ്പ് പറയുകയും ചെയ്തിട്ടുണ്ട്.

ഇതേ പോലെ ആന്തരിക വൈരുദ്ധ്യം മൂലം ദുര്‍ബലമായ ചോദ്യങ്ങള്‍ ഇനിയും സാദ്ധ്യമാണ്‌:

* ദൈവത്തിനു ഭേദമാക്കാന്‍ കഴിയാത്ത ഒരു രോഗം സൃഷ്ടിക്കാന്‍ ദൈവത്തിനു കഴിയുമോ?

കഴിയില്ലെന്നു പറഞ്ഞാല്‍ ദൈവം സര്‍വശക്തന്‍ അല്ലെന്നു വരും. കഴിയുമെന്ന് പറഞ്ഞാലോ? അപ്പോഴും രക്ഷയില്ല; ദൈവത്തിനു ഭേദമാകാന്‍ കഴിയാത്ത രോഗമുണ്ടെന്നു വരുമ്പോഴും ദൈവം സര്‍വശക്തന്‍ അല്ലെന്നു തന്നെ വരും.

* ദൈവത്തെ തന്നെ നശിപ്പിക്കാന്‍ കെല്‍പ്പുള്ള ഒരു ശത്രുവിനെ സൃഷ്ടിക്കാന്‍ ദൈവത്തിനു കഴിയുമോ?

കഴിയുമെന്നു പറഞ്ഞാലും ഇല്ലെന്നു പറഞ്ഞാലും ദൈവം സര്‍വശക്തന്‍ അല്ലെന്നു വരും.

* ദൈവം പോലും ചിന്നിച്ചിതറിപ്പോകും വിധമുള്ള ഒരു പൊട്ടിത്തെറി സൃഷ്ടിക്കന്‍ ദൈവത്തിനു കഴിയുമോ?

കഴിയുമെന്നു പറഞ്ഞാലും ഇല്ലെന്നു പറഞ്ഞാലും ദൈവം സര്‍വശക്തന്‍ അല്ലെന്നു വരും.

* നരകത്തില്‍ അകപ്പെട്ടു പോയ തങ്ങളുടെ ബന്ധുക്കളെ രക്ഷപ്പെടുത്തി സ്വര്‍ഗ്ഗത്തില്‍ കൊണ്ടുവന്ന് തങ്ങളുടെ കൂടെ താമസിപ്പിക്കാനുള്ള കഴിവ് സ്വര്‍ഗ്ഗാവകാശികള്‍ക്ക് നല്‍കന്‍ ദൈവത്തിനു കഴിയുമോ?

കഴിയുമെന്നു പറഞ്ഞാലും ഇല്ലെന്നു പറഞ്ഞാലും ദൈവം സര്‍വശക്തന്‍ അല്ലെന്നു വരും.

* നരകത്തിലെ തീ അണയ്ക്കാനുള്ള കഴിവു നരകാവകാശികള്‍ക്കു നല്‍കാന്‍ ദൈവത്തിനു കഴിയുമോ?

കഴിയുമെന്നു പറഞ്ഞാലും ഇല്ലെന്നു പറഞ്ഞാലും ദൈവം സര്‍വശക്തന്‍ അല്ലെന്നു വരും.

* നരകത്തെയും നരാകാവകാശികളെയും മൊത്തം കരിച്ചു ചാമ്പലാക്കാനുള്ള കഴിവു നരകത്തിലെ തീയ്ക്കു നല്‍കാന്‍ ദൈവത്തിനു കഴിയുമോ?

കഴിയുമെന്നു പറഞ്ഞാലും ഇല്ലെന്നു പറഞ്ഞാലും ദൈവം സര്‍വശക്തന്‍ അല്ലെന്നു വരും.

* അന്ത്യപ്രവാചകനായ മുഹമ്മദ് നബിക്കു ശേഷം ഒരു നബിയെക്കൂടി അയക്കാന്‍ ദൈവത്തിനു കഴിയുമോ?

കഴിയുമെന്നു പറഞ്ഞാലും ഇല്ലെന്നു പറഞ്ഞാലും ദൈവം സര്‍വശക്തന്‍ അല്ലെന്നു വരും.

* ദൈവത്തിനു മരിക്കാന്‍ കഴിയുമോ?
കഴിയുമെന്നു പറഞ്ഞാലും ഇല്ലെന്നു പറഞ്ഞാലും ദൈവം സര്‍വശക്തന്‍ അല്ലെന്നു വരും.

* തന്റെ മരണാനന്തരം സ്വയം ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ ദൈവത്തിനു കഴിയുമോ?
കഴിയുമെന്നു പറഞ്ഞാലും ഇല്ലെന്നു പറഞ്ഞാലും ദൈവം സര്‍വശക്തന്‍ അല്ലെന്നു വരും.

* ദൈവത്തിനു തോല്‍ക്കാന്‍ കഴിയുമോ?
കഴിയുമെന്നു പറഞ്ഞാലും ഇല്ലെന്നു പറഞ്ഞാലും ദൈവം സര്‍വശക്തന്‍ അല്ലെന്നു വരും.

* ദൈവത്തിനു രോഗിയാകാന്‍ കഴിയുമോ?
കഴിയുമെന്നു പറഞ്ഞാലും ഇല്ലെന്നു പറഞ്ഞാലും ദൈവം സര്‍വശക്തന്‍ അല്ലെന്നു വരും.

* ദൈവത്തിനു പട്ടിണി കിടക്കാന്‍ കഴിയുമോ?
കഴിയുമെന്നു പറഞ്ഞാലും ഇല്ലെന്നു പറഞ്ഞാലും ദൈവം സര്‍വശക്തന്‍ അല്ലെന്നു വരും.

* രോഗാവസ്ഥയില്‍, തന്നെ ചികില്‍സിക്കാനാവശ്യമായ സംവിധാനങ്ങള്‍ ഉണ്ടാക്കിവയ്ക്കാന്‍ ദൈവത്തിനു കഴിയുമോ?
കഴിയുമെന്നു പറഞ്ഞാലും ഇല്ലെന്നു പറഞ്ഞാലും ദൈവം സര്‍വശക്തന്‍ അല്ലെന്നു വരും.

* തന്നെ തോല്‍പ്പിച്ച് ലോകം മുഴുവന്‍ കൈപ്പിടിയിലൊതുക്കാനുള്ള കഴിവ് പിശാചിനു നല്‍കാന്‍ ദൈവത്തിനു കഴിയുമോ?
കഴിയുമെന്നു പറഞ്ഞാലും ഇല്ലെന്നു പറഞ്ഞാലും ദൈവം സര്‍വശക്തന്‍ അല്ലെന്നു വരും.

* ദൈവത്തിനു ഭ്രാന്തനാകാന്‍ കഴിയുമോ?
കഴിയുമെന്നു പറഞ്ഞാലും ഇല്ലെന്നു പറഞ്ഞാലും ദൈവം സര്‍വശക്തന്‍ അല്ലെന്നു വരും.

* തന്നെപ്പോലെ മറ്റൊരു ദൈവത്തെ സൃഷ്ടിക്കാന്‍ ദൈവത്തിനു കഴിയുമോ?
കഴിയുമെന്നു പറഞ്ഞാലും ഇല്ലെന്നു പറഞ്ഞാലും ദൈവം സര്‍വശക്തന്‍ അല്ലെന്നു വരും.

* ദൈവം ഉറങ്ങുമ്പോള്‍ ലോകത്തിന്റെ കാര്യങ്ങളൊക്കെ നോക്കിനടത്താനാവശ്യമായ സംവിധാനങ്ങള്‍ ഉണ്ടാക്കിവയ്ക്കാന്‍ ദൈവത്തിനു കഴിയുമോ?
കഴിയുമെന്നു പറഞ്ഞാലും ഇല്ലെന്നു പറഞ്ഞാലും ദൈവം സര്‍വശക്തന്‍ അല്ലെന്നു വരും.

* ദൈവത്തിനു അന്ധനാകാന്‍ കഴിയുമോ?
കഴിയുമെന്നു പറഞ്ഞാലും ഇല്ലെന്നു പറഞ്ഞാലും ദൈവം സര്‍വശക്തന്‍ അല്ലെന്നു വരും.

* ദൈവത്തിനു പൊട്ടനാകാന്‍ കഴിയുമോ?
കഴിയുമെന്നു പറഞ്ഞാലും ഇല്ലെന്നു പറഞ്ഞാലും ദൈവം സര്‍വശക്തന്‍ അല്ലെന്നു വരും.

* ദൈവത്തിനു ആത്മഹത്യചെയ്യാന്‍ കഴിയുമോ?
കഴിയുമെന്നു പറഞ്ഞാലും ഇല്ലെന്നു പറഞ്ഞാലും ദൈവം സര്‍വശക്തന്‍ അല്ലെന്നു വരും.

* ദൈവത്തിനു ദുര്‍ബലനാകാന്‍ കഴിയുമോ?
കഴിയുമെന്നു പറഞ്ഞാലും ഇല്ലെന്നു പറഞ്ഞാലും ദൈവം സര്‍വശക്തന്‍ അല്ലെന്നു വരും.

എന്നിങ്ങനെ കുറെയേറെ വിഡ്ഢിച്ചോദ്യങ്ങള്‍ ജബ്ബാറിനും കമ്പനിക്കും നെയ്തുണ്ടാക്കാന്‍ സാധിക്കും. അവര്‍ ആ പണി തുടരട്ടെ. നമുക്ക് പ്രയോജനപ്രദമായ വല്ലതും ചെയ്യാം.
...........................................


ഇനി ജബ്ബാറിനോടു ചിലത് ചോദിക്കാം. യെസ് ഓര്‍ നോ ഉത്തരം പറയണം.

* താങ്കള്‍ ഇപ്പോഴും അമേധ്യം ഭക്ഷിക്കുകയും മൂത്രം കുടിക്കുകയും ചെയ്യാറുണ്ടോ?

ഉണ്ടെന്നു പറഞ്ഞാലും ഇല്ലെന്നു പറഞ്ഞാലും ജബ്ബാര്‍ വൃത്തികെട്ടവനാണെന്നു വരും.

* പോക്കറ്റടിക്കുന്ന പതിവ്, താങ്കള്‍ ഉപേക്ഷിച്ചുവോ?

ഉണ്ടെന്നു പറഞ്ഞാലും ഇല്ലെന്നു പറഞ്ഞാലും ജബ്ബാര്‍ പോക്കറ്റടിക്കാരനാണെന്നു തെളിയും.