Followers

Showing posts with label ഉദിച്ചുയര്‍ന്ന പ്രഭാതത്തെ പിറകോട്ട് വലിക്കാനാവില്ല- ഡോ. ഖറദാവി. Show all posts
Showing posts with label ഉദിച്ചുയര്‍ന്ന പ്രഭാതത്തെ പിറകോട്ട് വലിക്കാനാവില്ല- ഡോ. ഖറദാവി. Show all posts

Sunday, February 20, 2011

ഉദിച്ചുയര്‍ന്ന പ്രഭാതത്തെ പിറകോട്ട് വലിക്കാനാവില്ല- ഡോ. ഖറദാവി

madhyamam.com Published on Sat, 02/19/2011 - 08:25

റിയാദ്: കൈറോവിലെ തഹ്‌രീര്‍ സ്‌ക്വയറില്‍ ഡോ. യൂസുഫ് അല്‍ ഖറദാവി ഇന്നലെ നടത്തിയ ജുമുഅ ഖുതുബ ശ്രവിക്കാന്‍ 30 ലക്ഷംപേര്‍ ഒത്തുചേര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. അറബ് ഭരണാധികാരികള്‍ തങ്ങളുടെ ജനതയുടെ ആവശ്യങ്ങള്‍ കേള്‍ക്കാനും അവരുമായി സംവദിക്കാനും തയാറാവണമെന്ന് ഖര്‍ദാവി പ്രസംഗത്തില്‍ ആവശ്യപ്പെട്ടു. ഉദിച്ചുയര്‍ന്ന പ്രഭാതത്തെ ആര്‍ക്കും പിറകോട്ട് പിടിച്ചുവലിക്കാനാവില്ല. ലോകം ഇന്ന് പരിവര്‍ത്തനത്തിന്റെ പാതയിലാണ്. അറബ് ലോകത്ത് ഇതുവളരെ പ്രകടമാണ്. പ്രജകള്‍ക്ക് എതിരായി നില്‍ക്കലല്ല; മറിച്ച് അവരുടെ ആവശ്യങ്ങള്‍ പരിഗണിച്ച് ആരോഗ്യപരമായ സംവാദത്തിന് അവസരമൊരുക്കലാണ് അഭികാമ്യമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.ഈജിപ്തിന്റെ ഭരണനേതൃത്വം അടിമുടി മാറേണ്ടതുണ്ട്. സ്ഥാനമൊഴിയുന്നതിന് മുമ്പ് ഹുസ്‌നി മുബാറക് നിയോഗിച്ച മുഖങ്ങളാണ് ഇപ്പോള്‍ അധികാരസ്ഥാനത്തുള്ളത്. പട്ടാള ഭരണമല;്‌ള സിവില്‍ ഭരണമാണ് ഈജിപ്തില്‍ നിലവില്‍ വരേണ്ടത്. രാഷ്ട്രീയ തടവുകാരെ ഉടന്‍ മോചിപ്പിക്കണമെന്നും ഗസ്സ അതിര്‍ത്തിയിലെ റഫഹ കവാടം പൂര്‍ണമായും തുറന്നിടണമെന്നും ഖര്‍ദാവി ആവശ്യപ്പെട്ടു.
ഈജിപ്തില്‍ യാഥാര്‍ഥ്യമായ വിപ്ലവത്തില്‍ മുസ്‌ലിംകള്‍ മാത്രമല്ല ക്രിസ്ത്യന്‍ വിശ്വാസികളും പങ്കാളിത്തം വഹിച്ചിട്ടുണ്ട്. ചരിത്രത്തില്‍ നടന്ന റുമേനിയന്‍, കുരിശുയുദ്ധ വേളകളില്‍ ഈജിപ്ഷ്യന്‍ മുസ്‌ലിംകള്‍ ക്രിസ്ത്യാനികളുടെ പ്രതിരോധത്തിന് ത്യാഗം സഹിച്ചിട്ടുണ്ട്. സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനുമുള്ള പുതിയ പോരാട്ടത്തിലും മുസ്‌ലികളും ക്രിസ്ത്യാനികളും സഹകരിച്ചു. ഈ വിജയത്തില്‍ എല്ലാ മതവിശ്വാസികളും നന്ദി സൂചകമായി ദൈവത്തിന് സാഷ്ടാംഗം ചെയ്യേണ്ടതുണ്ട്. സാഷ്ടാംഗം എല്ലാ മതത്തിലും അംഗീകരിക്കപ്പെട്ട ആരാധനയാണ്.
മുബാറക്കിനെ താഴെയിറക്കാനുള്ള പോരാട്ടത്തില്‍ മരണമടഞ്ഞവര്‍ക്കായി പ്രത്യേക പ്രാര്‍ഥനയും നമസ്‌കാരവും ജമുഅക്ക് ശേഷം നടന്നു. ഈജിപ്തിലെ രണ്ട് ഔദ്യോഗിക ചാനലുകളും വിദേശ ചാനലുകളും ഖറദാവിയുടെ പ്രസംഗം തല്‍സമയം സംപ്രേഷണം ചെയ്തു. ജുമുഅക്ക് ശേഷം ദശലക്ഷങ്ങള്‍ പങ്കെടുത്ത പ്രകടനവും തഹ്‌രീര്‍ സ്‌ക്വയറില്‍ അരങ്ങേറി.