madhyamam.com Published on Sat, 02/19/2011 - 08:25
റിയാദ്: കൈറോവിലെ തഹ്‌രീര്‍ സ്‌ക്വയറില്‍ ഡോ. യൂസുഫ് അല്‍ ഖറദാവി ഇന്നലെ നടത്തിയ ജുമുഅ ഖുതുബ ശ്രവിക്കാന്‍ 30 ലക്ഷംപേര്‍ ഒത്തുചേര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. അറബ് ഭരണാധികാരികള്‍ തങ്ങളുടെ ജനതയുടെ ആവശ്യങ്ങള്‍ കേള്‍ക്കാനും അവരുമായി സംവദിക്കാനും തയാറാവണമെന്ന് ഖര്‍ദാവി പ്രസംഗത്തില്‍ ആവശ്യപ്പെട്ടു. ഉദിച്ചുയര്‍ന്ന പ്രഭാതത്തെ ആര്‍ക്കും പിറകോട്ട് പിടിച്ചുവലിക്കാനാവില്ല. ലോകം ഇന്ന് പരിവര്‍ത്തനത്തിന്റെ പാതയിലാണ്. അറബ് ലോകത്ത് ഇതുവളരെ പ്രകടമാണ്. പ്രജകള്‍ക്ക് എതിരായി നില്‍ക്കലല്ല; മറിച്ച് അവരുടെ ആവശ്യങ്ങള്‍ പരിഗണിച്ച് ആരോഗ്യപരമായ സംവാദത്തിന് അവസരമൊരുക്കലാണ് അഭികാമ്യമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.ഈജിപ്തിന്റെ ഭരണനേതൃത്വം അടിമുടി മാറേണ്ടതുണ്ട്. സ്ഥാനമൊഴിയുന്നതിന് മുമ്പ് ഹുസ്‌നി മുബാറക് നിയോഗിച്ച മുഖങ്ങളാണ് ഇപ്പോള്‍ അധികാരസ്ഥാനത്തുള്ളത്. പട്ടാള ഭരണമല;്‌ള സിവില്‍ ഭരണമാണ് ഈജിപ്തില്‍ നിലവില്‍ വരേണ്ടത്. രാഷ്ട്രീയ തടവുകാരെ ഉടന്‍ മോചിപ്പിക്കണമെന്നും ഗസ്സ അതിര്‍ത്തിയിലെ റഫഹ കവാടം പൂര്‍ണമായും തുറന്നിടണമെന്നും ഖര്‍ദാവി ആവശ്യപ്പെട്ടു.
ഈജിപ്തില്‍ യാഥാര്‍ഥ്യമായ വിപ്ലവത്തില്‍ മുസ്‌ലിംകള്‍ മാത്രമല്ല ക്രിസ്ത്യന്‍ വിശ്വാസികളും പങ്കാളിത്തം വഹിച്ചിട്ടുണ്ട്. ചരിത്രത്തില്‍ നടന്ന റുമേനിയന്‍, കുരിശുയുദ്ധ വേളകളില്‍ ഈജിപ്ഷ്യന്‍ മുസ്‌ലിംകള്‍ ക്രിസ്ത്യാനികളുടെ പ്രതിരോധത്തിന് ത്യാഗം സഹിച്ചിട്ടുണ്ട്. സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനുമുള്ള പുതിയ പോരാട്ടത്തിലും മുസ്‌ലികളും ക്രിസ്ത്യാനികളും സഹകരിച്ചു. ഈ വിജയത്തില്‍ എല്ലാ മതവിശ്വാസികളും നന്ദി സൂചകമായി ദൈവത്തിന് സാഷ്ടാംഗം ചെയ്യേണ്ടതുണ്ട്. സാഷ്ടാംഗം എല്ലാ മതത്തിലും അംഗീകരിക്കപ്പെട്ട ആരാധനയാണ്.
മുബാറക്കിനെ താഴെയിറക്കാനുള്ള പോരാട്ടത്തില്‍ മരണമടഞ്ഞവര്‍ക്കായി പ്രത്യേക പ്രാര്‍ഥനയും നമസ്‌കാരവും ജമുഅക്ക് ശേഷം നടന്നു. ഈജിപ്തിലെ രണ്ട് ഔദ്യോഗിക ചാനലുകളും വിദേശ ചാനലുകളും ഖറദാവിയുടെ പ്രസംഗം തല്‍സമയം സംപ്രേഷണം ചെയ്തു. ജുമുഅക്ക് ശേഷം ദശലക്ഷങ്ങള്‍ പങ്കെടുത്ത പ്രകടനവും തഹ്‌രീര്‍ സ്‌ക്വയറില്‍ അരങ്ങേറി.
അറബ് ഭരണകൂടങ്ങള്‍ ജനാഭിലാഷത്തിന് വിലങ്ങുതടിയാകരുത്: ഖറദാവി
ReplyDeletePosted on 19-02-11, 10:56 am
ജനങ്ങളുടെ അഭിലാഷങ്ങള്‍ക്ക് വിലങ്ങുതടിയായി അറബ് ഭരണകൂടങ്ങള്‍ നിലകൊള്ളരുതെന്ന് അന്തര്‍ദേശീയ മുസ്‌ലിം പണ്ഡിതസഭ അധ്യക്ഷന്‍ ഡോ. യൂസുഫുല്‍ ഖറദാവി. ജനം മാറ്റം ആഗ്രഹിക്കുന്നു. അവരുടെ അഭിലാഷങ്ങള്‍ ഭരണാധികാരികള്‍ തിരിച്ചറിയണം. ചരിത്രത്തെ പിറകോട്ടുവലിക്കാന്‍ ശ്രമിക്കരുതെന്ന് ഈജിപ്തിലെ 'വിമോചന ചത്വര'ത്തില്‍ ഇന്നലെ നടത്തിയ ജുമുഅഃ പ്രഭാഷണത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു.
ഗസ്സയിലേക്കുള്ള റഫാ അതിര്‍ത്തി തുറന്നുകൊടുക്കാന്‍ ഈജിപ്ഷ്യന്‍ സൈന്യം തയാറാകണം. ഈജിപ്ത് സ്വേഛാധിപത്യത്തില്‍ നിന്ന് മോചിതമായതുപോലെ, ഫലസ്തീനിലെ ഖുദ്‌സ് വിമോചിക്കപ്പെട്ട് അല്‍അഖ്‌സാ പള്ളിയില്‍ നമസ്‌കരിക്കാനും ഖുതുബഃ നിര്‍വഹിക്കാനും മോഹമുണ്ടെന്ന് തഹ്‌രീര്‍ സ്‌ക്വയറിലെ ഇരുപത്തിയഞ്ച് ലക്ഷത്തോളം വരുന്ന പ്രക്ഷോഭകരെ അഭിസംബോധന ചെയ്ത് ഖറദാവി പറഞ്ഞു. മുഴുവന്‍ രാഷ്ട്രീയ തടവുകാരെയും ഉടന്‍ മോചിപ്പിക്കണം. മുബാറക് രൂപവത്കരിച്ച സര്‍ക്കാരില്‍ നിന്ന് രാജ്യത്തെ മുക്തമാക്കണമെന്നും ഖറദാവി ആവശ്യപ്പെട്ടു. സിവിലിയന്‍ സര്‍ക്കാറിലേക്കുള്ള മാറ്റം ത്വരിതഗതിയിലാകണം. വിപ്ലവം പൂര്‍ണവിജയത്തിലെത്തുന്നതുവരെ ക്ഷമയോടെ നിലകൊള്ളണമെന്ന് അദ്ദേഹം പ്രക്ഷോഭകരെ ആഹ്വാനം ചെയ്തു. ഭരണാധികാരികളാല്‍ കൊള്ളയടിക്കപ്പെട്ട രാജ്യത്തിന്റെ സ്വത്ത് തിരിച്ചുപിടിക്കണം.
അനിതരസാധാരണമായ വിപ്ലവം നയിച്ച യുവാക്കളെ അഭിനന്ദിച്ചാണ് ഖറദാവി പ്രഭാഷണം ആരംഭിച്ചത്. ലോകത്തിനു മുഴുവന്‍ പാഠവും പ്രചോദനവുമാണ് ഈജിപ്ത് ജനതയുടെ പ്രക്ഷോഭം. അനീതിക്കും സ്വാര്‍ഥതക്കും അഴിമതിക്കും എതിരായ വിജയം കൂടിയാണിത്. ഒരേ ലക്ഷ്യത്തിനുവേണ്ടി ഭിന്നതകള്‍ മറന്ന് ഈജിപ്ത് ജനത കാഴ്ചവെച്ച ഐക്യം മാതൃകാപരമാണ്. മുസ്‌ലിംകളും ക്രിസ്ത്യാനികളും തമ്മിലെ ഐക്യത്തിന്റെ അസാധാരണമായ ചിത്രമാണ് തഹ്‌രീര്‍ സ്‌ക്വയറില്‍ ദൃശ്യമായത്. ഈ ഐക്യവും സഹകരണവും തുടര്‍ന്നും നിലനിര്‍ത്തണം. ആദ്യം പ്രക്ഷോഭത്തെ തള്ളിപ്പറയുകയും നില്‍ക്കക്കള്ളിയില്ലാതെ കൂടെച്ചേരുകയും ചെയ്ത കപടന്‍മാര്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഖറദാവി പറഞ്ഞു. 14 നൂറ്റാണ്ടായി ഇസ്‌ലാമിക സംസ്‌കാരത്തിന്റെയും വിജ്ഞാനീയങ്ങളുടെയും കേന്ദ്രമായി നിലകൊണ്ട ഈജിപ്ത് പ്രതാപം വീണ്ടെടുക്കുമെന്ന് അദ്ദേഹം പ്രത്യാശിച്ചു. 'ജനുവരി 25' വിപ്ലവത്തിന് രക്തസാക്ഷികളെ അര്‍പ്പിച്ച തഹ്‌രീര്‍ സ്‌ക്വയറിന് 'രക്തസാക്ഷി ചത്വരം' എന്ന് പുനഃനാമകരണം ചെയ്യണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
'വിജയ വെള്ളി'യായി ഈജിപ്ത് ആചരിച്ച ഇന്നലെ, ഖറദാവിയുടെ പ്രഭാഷണം ആവേശത്തോടെയാണ് പ്രക്ഷോഭകര്‍ സ്വീകരിച്ചത്. ഈജിപ്ഷ്യന്‍ ടി.വി ചാനല്‍ അടക്കം നിരവധി അറബ് ചാനലുകള്‍ ഖുതുബയും നമസ്‌കാരവും തല്‍സമയം സംപ്രേഷണം ചെയ്തു. മുപ്പത് വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഖറദാവി ഈജിപ്തില്‍ ജുമുഅഃ പ്രഭാഷണം നിര്‍വഹിക്കുന്നത്. 1981 സെപ്തംബറില്‍ പ്രസിഡന്റിന്റെ മന്ദിരത്തിന് സമീപമുള്ള ആബിദീന്‍ മൈതാനിയില്‍ ബലിപെരുന്നാളിനാണ് ഖറദാവി അവസാനമായി ഈജിപ്തില്‍ ഖുതുബ നിര്‍വഹിച്ചത്. ഖത്തരി പൗരത്വമുള്ള അദ്ദേഹം ദോഹയിലാണ് സ്ഥിരതാമസം.
jihkerala.org