Followers

Monday, March 14, 2011

ആയിശയും മുലകുടി ബന്ധവും 

(മുലകുടിബന്ധത്തെച്ചൊല്ലി പ്രവാചകപത്നി ആയിശക്കെതിരായി നടത്തപ്പെടുന്ന കുപ്രചരണം വിലയിരുത്തുന്നു.)

സയ്യിദ് സുലൈമാന്‍ നദ്‌വിയുടെ 'സീറത്തേ ആയിശ' (1920) എന്ന കൃതി മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത് എം.പി.അബ്ദുര്‍റഹ്‌മാന്‍ കുരിക്കളാണ്‌. 'ഹസ്രത്ത് ആയിശ (റ)' എന്ന പേരില്‍ ഹാദി പബ്ലിക്കേഷന്‍സ്, മഞ്ചേരി പ്രസാധീകരിച്ച മൂന്നാം പതിപ്പാണ്‌ (1986) എന്റെ പക്കലുള്ളത്. പിന്നീടാണ്‌ ഇത് ഐ.പി.എച്ച് പ്രസിദ്ധീകരിച്ചത്.

ഗ്രന്‍ഥത്തില്‍ 'സമകാലിന്നരുമായുള്ള അഭിപ്രായ വ്യത്യാസം' എന്നൊരു അദ്ധ്യായമുണ്ട്. പ്രഗല്‍ഭരായ മറ്റ് സഹാബികളുമായി ആയിശക്ക് അഭിപ്രായ വ്യത്യാസമുണ്ടയിരുന്ന 31 കാര്യങ്ങള്‍ ഇതില്‍ നിരത്തിയിരിക്കുന്നു. രണ്ട് കോളാങ്ങളിലായാണ്‌ വിവരിച്ചത്. ഒന്നാം കോളത്തില്‍ ആയിശയുടെ അഭിപ്രായം. രണ്ടാം കോളത്തില്‍ എതിര്‍ ഭാഗത്തുള്ളതാരെന്നും അവരുടെ അഭിപ്രായമെന്തെന്നും വിവരിച്ചിരിക്കുന്നു.

ഇതില്‍ ഒരിനം (നമ്പര്‍ 25) ഇതാണ്‌: 'പ്രായപൂര്‍ത്തി വന്ന മനുഷ്യനാണെങ്കിലും ഒരു സ്ത്രീയുടെ മുലപ്പാല്‍ കുടിക്കുന്നത് മൂലം അവളുമായി മുലകുടി ബന്ധം ഉണ്ടായിത്തീരും.' ആയിശയുടെ ഈ അഭിപ്രായത്തിന്റെ മറുവശത്ത് നില്‍ക്കുന്നത് നബിയുടെ മറ്റ് ഭാര്യമാരാണ്‌. അവരുടെ വീക്ഷണപ്രകാരം പ്രായപൂര്‍ത്തി വന്നയാള്‍ ഒരു സ്ത്രീയുടെ മുലപ്പാല്‍ കുടിക്കുന്നതിലൂടെ അവളുമായി മുലകുടി ബന്ധം സ്ഥാപിതമാവുകയില്ല.

ഈ കര്‍മ്മശാസ്ത്ര പ്രശ്നത്തെക്കുറിച്ച് തന്റെ അഭിപ്രായം വ്യക്തമാക്കാന്‍ ഗ്രന്‍ഥകര്‍ത്താവ് ഒരു അടിക്കുറിപ്പെഴുതിയിരിക്കുന്നു. അതിങ്ങനെയാണ്‌:

"അബൂ ഹുദൈഫ എന്ന സഹാബിക്ക് സാലിം എന്ന് പേരായ പ്രായപൂര്‍ത്തി വരാത്ത ഒരടിമയുണ്ടായിരുന്നു. മൌലാ അബൂ ഹുദൈഫ എന്ന പേരില്‍ അദ്ദേഹം പ്രശസ്തനാണ്‌. അദ്ദേഹം തന്റെ യജമാനന്റെ വീട്ടില്‍ താമസിച്ചു വന്നു. സ്ത്രീകള്‍ക്കിടയില്‍ വന്നും പോയുമിരിക്കും. അബൂ ഹുദൈഫയുടെ ഭാര്യ സഹ്‌ല ബിന്‍ത് സുഹൈല്‍ അയാളുടെ മുമ്പില്‍ പര്‍ദ്ദ ആചരിച്ചിരുന്നില്ല. സാലിമിന്ന് പ്രായപൂര്‍ത്തി വന്നിട്ടും മുമ്പത്തെപ്പോലെ ഭാര്യ അയാളുടെ മുമ്പില്‍ പര്‍ദ്ദ ആചരിക്കാതിരുന്നത് ഭര്‍ത്താവിന്‌ ഇഷ്ടമായില്ല.
ആ സ്ത്രീ തിരുമേനിയുടെ സന്നിധിയില്‍ ഹാജറായി ഇപ്രകാരം അപേക്ഷിച്ചു: 'അല്ലാഹുവിന്റെ ദൂതരേ, ഇപ്പോള്‍ സാലിമിന്ന് പ്രായപൂര്‍ത്തി വന്നിരിക്കുന്നു. ഞാന്‍ അയാളുടെ മുമ്പാകെ വരുന്നത് അബൂ ഹുദൈഫക്ക് ഇഷ്ടമല്ലെന്ന് ഞാന്‍ മനസ്സിലാക്കുന്നു.'
അതിന്‌ തിരുമേനി ഇപ്രകാരം പറഞ്ഞു: 'സാലിമിന്ന് നീ മുല കൊടുക്കുക. എന്നാല്‍ അബൂ ഹുദൈഫയുടെ വിഷമം നീങ്ങും.'
അബൂ ഹുദൈഫയുടെ ഭാര്യ അങ്ങനെ ചെയ്തു. അനന്തരം അദ്ദേഹത്തിന്റെ വിഷമം യഥാര്‍ത്ഥത്തില്‍ തന്നെ നീങ്ങി.

"ഈ സംഭവത്തിന്റെ അടിസ്ഥാനത്തിലാണ്‌ പ്രായപൂര്‍ത്തി വന്ന ആള്‍ മുല കുടിക്കുന്നത് മൂലം മുലകുടി ബന്ധം സ്ഥിരപ്പെടുമെന്ന് ആയിശ (റ) അഭിപ്രായപ്പെട്ടിട്ടുള്ളത്. ഈ അനുവാദം അബൂ ഹുദൈഫയുടെ ഭാര്യക്കും സാലിമിന്നും നബി (സ) പ്രത്യേകമായി നല്‍കിയതായിരുന്നുവെന്നും പൊതു വിധി അല്ലെന്നുമാണ്‌ മറ്റു നബിപത്നിമാരുടെ അഭിപ്രായം. മുജ്തഹിദുകളായ ഇമാമുകളില്‍ ദാവൂദ് ളാഹിരി ഒഴിച്ച് ഭൂരിപക്ഷം ഇമാമുകളും ഫുഖഹാക്കളും ഈ വിഷയത്തില്‍ മറ്റു നബിപത്നിമാരുടെ പക്ഷത്താണ്‌. ദാവൂദ് ളാഹിരി മാത്രമാണ്‌ മേല്‍ പറഞ്ഞ ഹദീസിന്റെ അടിസ്ഥാനത്തില്‍ ആയിശയുടെ അഭിപ്രായം സ്വീകരിച്ചിട്ടുള്ളത്. ശൈശവ കാലത്തെ മുലകുടി കൊണ്ട് മാത്രമേ ബന്ധം സ്ഥിരപ്പെടുകയുള്ളുവെന്ന് സഹീഹായ മറ്റു ഹദീസുകളില്‍ നിന്നും വ്യക്തമായിരിക്കുന്നു. പരിശുദ്ധ ഖുര്‍ആനിലും മുലകുടി കാലം രണ്ട് വര്‍ഷമായി കണക്കാക്കിയിട്ടുണ്ട്. അതിനാല്‍ ഈ വിഷയത്തില്‍ ഫുഖഹാക്കള്‍ ആയിശ (റ) യുടെ അഭിപ്രായം സ്വീകരിക്കുകയുണ്ടായില്ല. (ശറഹ് മുസ്‌ലിം, നവവി.)"

ഈ ആശയങ്ങള്‍ അദ്ദേഹം ഇമാം നവവിയുടെ ശര്‍ഹ് മുസ്‌ലിമില്‍ നിന്ന് ഉദ്ധരിക്കുകയാണ്‌ ചെയ്തിരിക്കുന്നത്. താഴെ പറയുന്ന കാര്യങ്ങള്‍ ഇതിലടങ്ങിയിട്ടുണ്ട്:

1. സാലിമിന്ന് പ്രായപൂര്‍ത്തിയാകുന്നതിന്ന് മുമ്പാണ്‌, അടിമയെന്ന നിലയില്‍ അവനെ അബൂഹുദൈഫക്ക് ലഭിക്കുന്നത്.
2. വീട്ടിലെ ഒരു കുട്ടിയെപ്പോലെ അവന്‍ വളരുന്നു.
3. അങ്ങനെ അവരുടെ കൂടെ കഴിയവെ അവന്ന് പ്രായപൂര്‍ത്തിയായി.
4. അപ്പോള്‍ അവന്റെ മുമ്പില്‍, അബൂഹുദൈഫയുടെ ഭാര്യ സഹ്‌ല പര്‍ദ്ദയില്ലാതെ പ്രത്യക്ഷപ്പെടുന്നത് അദ്ദേഹത്തിന്‌ ഇഷ്ടമായില്ല.
5. സഹ്‌ല നബിയോട് ഇക്കാര്യം ഉണര്‍ത്തിക്കുകയും ഒരു പരിഹാരം തേടുകയും ചെയ്തു.
6. സഹ്‌ലയോട് നബി നിര്‍ദ്ദേശിച്ചത് ഇപ്രകാരമായിരുന്നു: അവന്ന് മുല കൊടുക്കുക; അതിലൂടെ അവനെ മുലകുടി ബന്ധത്തിലിള്ള സന്താനമാക്കുക.
7. സഹ്‌ല അതനുസരിച്ച് പ്രവര്‍ത്തിച്ചു; അതോടെ ഹുദൈഫയുടെ പ്രയാസം തീരുകയും ചെയ്തു.

രക്തബന്ധം, മുലകുടിബന്ധം ഇവ രണ്ടിനും ഇസ്‌ലാം വലിയ വില കല്‍പ്പിക്കുന്നുണ്ട്. ഒരിക്കല്‍ ആയിശയെ കാണാന്‍ അഫ്‌ലഹ് അനുവാദം ചോദിച്ചു. അവര്‍ അയാള്‍ക്ക് മുമ്പില്‍ പര്‍ദ്ദയണിഞ്ഞിരുന്നു. ഇതിനെക്കുറിച്ച് നബിയോട് അവര്‍ സംസാരിച്ചു. അപ്പോള്‍ നബി പറഞ്ഞത് അഫ്‌ലഹിന്ന് മുമ്പില്‍ ആയിശ പര്‍ദ്ദയണിയേണ്ടതില്ലെന്നായിരുന്നു. കാരണം അഫ്‌ലഹ് ആയിശയുടെ മുലകുടി ബന്ധത്തിലുള്ള പിതൃസഹോദരനാണ്‌. കുടുംബബന്ധത്തിലൂടെ പവിത്രമായിത്തീരുന്നതെല്ലാം മുലകുടിബന്ധത്തിലൂടെയും പവിത്രമാകുമെന്ന് നബി അവരെ അറിയിക്കുകയും ചെയ്തു.

ഹദീസില്‍ നിന്ന് കര്‍മ്മശാസ്ത്ര വിധികള്‍ കണ്ടെത്തുന്നത് ശ്രമകരമായ ഒരു ജോലിയാണ്‌. ഒരു ഉദാഹരണത്തിലൂടെ ഇത് വ്യക്തമാക്കാം.

വെള്ളിയാഴ്ച പള്ളികളില്‍ നിര്‍വ്വഹിക്കപ്പെടുന്ന ഖുതുബ-പ്രസംഗം-യുടെ ഭാഷ ഏതായിരിക്കണമെന്നത് കേരളത്തിലെ മുസ്‌ലിംകള്‍ക്കിടയിലെ ഒരു തര്‍ക്ക വിഷയമാണല്ലോ. അറബി വേണോ അതല്ല മലയാളമാണോ വേണ്ടത്? രണ്ട് വിഭാഗവും പ്രവാചകനെ പിന്‍പറ്റണമെന്ന വീക്ഷണക്കാരാണ്‌.
അത്കൊണ്ട് ഒരു വിഭാഗം പറയുന്നു: പ്രവാചകന്‍ അറബിയിലാണ്‌ ഖുതുബ നിര്‍വ്വഹിച്ചത്; അതിനാല്‍ അറബിയില്‍ തന്നെ ഖുതുബ നിര്‍വ്വഹിക്കണം. അതാണ്‌ പ്രവാചകമാതൃക.
രണ്ടാമത്തെ വിഭാഗം പറയുന്നു: പ്രവാചകന്‍ ഖുതുബ നിര്‍വ്വഹിച്ചത് തന്റെ സദസ്യരുടെ ഭാഷയിലാണ്‌; അതിനാല്‍ ഇവിടെ സദസ്യരുടെ ഭാഷയായ മലയാളത്തിലാണ്‌ ഖുതുബ നിര്‍വ്വഹിക്കേണ്ടത്; അതാണ്‌ പ്രവാചകമാതൃക.

പ്രവാചകചര്യ പിന്‍പറ്റണമെന്ന് തന്നെയാണ്‌ ഇരു വിഭാഗവും ആഗ്രഹിക്കുന്നത്. എന്നാല്‍ പ്രവാചകചര്യയെ അവര്‍ വ്യത്യസ്ത കോണുകളില്‍ നിന്ന് നോക്കിക്കാണുന്നു.

ഇതേ പോലെ വ്യത്യസ്ത കോണുകളില്‍ നിന്ന് വിലയിരുത്തുമ്പോഴുള്ള അഭിപ്രായാന്തരങ്ങളാണ്‌ മുലകുടി വിഷയത്തിലുമുള്ളത്. പ്രായപൂര്‍ത്തി എത്തിക്കഴിഞ്ഞ സാലിമിന്ന് മുല കൊടുക്കാനും അതിലൂടെ അവനെ സന്താനമാക്കാനും നബി സഹ്‌ലക്ക് നല്‍കിയ അനുമതിയെ ആയിശ കണക്കാക്കുന്നത് ഒരു പൊതു വിധിയായിട്ടാണ്‌. എന്നാല്‍ പ്രവാചകന്റെ മറ്റ് പത്നിമാരും ഇസ്‌ലാമിക പണ്ഡിതന്മാരില്‍ മഹാ ഭൂരിപക്ഷവും ഇതൊരു പ്രത്യേക വിധിയായി കണക്കാക്കുന്നു. ഈ പ്രത്യേക വിധിക്ക് ഒരു കാരണമുണ്ട്. അത് വിശദീകരിക്കാം:

ഇമാം മാലിക് റിപ്പോര്‍ട്ട് ചെയ്യുന്നു: പ്രവാചകന്റെ അനുചരനായ അബൂ ഹുദൈഫ, സാലിമിനെ തന്റെ മകനായി ദത്തെടുത്തു. പിന്നീട് തന്റെ സഹോരദരിയുടെ മകളെ സാലിമിന്ന് വിവാഹം ചെയ്തു കൊടുത്തു. അങ്ങനെയിരിക്കെയാണ്‌ ദത്തു പുത്രന്മാരെ മക്കാളായി കണക്കാക്കാന്‍ പാടില്ലെന്ന ഖുര്‍ആനിക കല്‍പ്പന വരുന്നത്.
അപ്പോള്‍ അബൂ ഹുദൈഫയുടെ ഭാര്യ സഹ്‌ല നബിയെ സമീപിച്ചു പറഞ്ഞു: സാലിമിനെ ഞങ്ങള്‍ മകനായിട്ടാണ്‌ കണക്കാക്കി വന്നത്. ഞാന്‍ പര്‍ദ്ദ ധരിക്കാത്തപ്പോഴും അവന്‍ എന്റെ മുമ്പില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഞങ്ങള്‍ക്കാകട്ടെ ഒരു വീടേയുള്ളു. അവന്റെ കാര്യത്തില്‍ താങ്കളുടെ അഭിപ്രായമെന്താണ്‌?
നബി പറഞ്ഞു: 'അവന്ന് നീ അഞ്ച് തവണ മുലപ്പാല്‍ കൊടുക്കുക. നിന്റെ മുലപ്പാല്‍ മൂലം അവന്‍ നിനക്ക് (വിവാഹ ബന്ധം) നിഷിദ്ധമായവനാകും.'

സഹ്‌ല തന്റെ മുലപ്പാല്‍ ഒരു പാത്രത്തില്‍ കറന്നെടുക്കുകയും അത് സാലിമിന്ന് നല്‍കുകയും അവനത് കുടിക്കുകയും ചെയ്യുകയെന്നാണ്‌ ഇവിടെ 'മുലകൊടുക്കുക' എന്നത് കൊണ്ട് ഉദ്ദേശിക്കപ്പെട്ടത്.

അതിന്‌ ശേഷം, മുലകുടി ബന്ധത്തിലുള്ള മകനായിട്ടാണ്‌ സഹ്‌ല അവനെ കണ്ടിരുന്നത്.
ഈ സംഭവം തെളിവായി സ്വീകരിച്ചു കൊണ്ടാണ്‌ പ്രായപൂര്‍ത്തിയായവന്ന്‌ മുലപ്പാല്‍ കൊടുത്താലും മുലകുടിബന്ധം സ്ഥാപിതമാകുമെന്ന് ആയിശ പറഞ്ഞത്. അതിന്റെ അടിസ്ഥാനത്തില്‍ താന്‍ താല്‍പര്യപ്പെടുന്ന ചിലര്‍ക്ക് മുലപ്പാല്‍ നല്‍കാന്‍ തന്റെ സഹോദരി ഉമ്മു കുല്‍സൂമിനോടും സഹോദരന്റെ പെണ്‍മക്കളോടും ആയിശ നിര്‍ദ്ദേശിക്കാറുണ്ടായിരുന്നു. മുലപ്പാല്‍ കുടിക്കുന്നതിലൂടെ തന്റെ ബന്ധുക്കളായി മാറുന്ന അവര്‍ക്ക് തന്റെ അടുക്കല്‍ വരാനുള്ള തടസ്സം നീങ്ങാന്‍ വേണ്ടിയായിരുന്നു ഇത് ചെയ്തത്.
എന്നാല്‍ ഇത്തരം മുലകുടി ബന്ധം പ്രവാചകന്റെ മറ്റ് പത്നിമാര്‍ അംഗീകരിച്ചിരുന്നില്ല. അവരുടെ വീക്ഷണത്തില്‍, പ്രവാചകന്റെ നിര്‍ദ്ദേശമനുസരിച്ച് സാലിമിന്ന്‌ സഹ്‌ല മുലപ്പാല്‍ കൊടുത്തതും അതിലൂടെ ബന്ധം സ്ഥാപിച്ചതും അവര്‍ക്ക് നല്‍കിയ ഒരു പ്രത്യേക ഇളവ് മാത്രമാണ്‌; അല്ലാതെ ഒരു പൊതു നിയമം ആയിരുന്നില്ല. (മുവത്വ 1287)

അബൂ ഹുദൈഫയുടെയും സഹ്‌ലയുടെയും മകനെപ്പോലെയാണ്‌ സാലിം അവരുടെ വീട്ടില്‍ വളര്‍ന്നത്. അവന്ന് പ്രായപൂര്‍ത്തിയായ ശേഷം സഹ്‌ല അവന്ന് മുമ്പില്‍ പര്‍ദ്ദയണിയണമെന്ന് അബൂഹുദൈഫ പറഞ്ഞപ്പോള്‍ സഹ്‌ലക്ക് അതുള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. അവരുടെ വീക്ഷണത്തോട് പ്രവാചകനും യോജിക്കുന്നു. അതോടൊപ്പം അവര്‍ക്കൊരു മനശ്ശാസ്ത്ര ചികില്‍സ വിധിക്കുകയും ചെയ്യുന്നു; അതാണ്‌ സാലിമിന്റെ മുലകുടി.

ഇമാം മാലികിന്റെ റിപ്പോര്‍ട്ടില്‍ നിന്ന് ആയിശ ഈ വിഷയത്തില്‍ ഒരു ഒറ്റപ്പെട്ട നിലപാട് സ്വീകരിക്കാണുണ്ടായ കാരണം വീക്ഷണവ്യത്യാസമാണെന്ന് വ്യക്തമാകുന്നുണ്ട്. എന്നാല്‍ വിമര്‍ശകന്മാര്‍ അവര്‍ക്ക് മേല്‍ ചൊരിയുന്ന വൃത്തികെട്ട ആക്ഷേപ ശകാരങ്ങള്‍ അര്‍ത്ഥശൂന്യവും ദുരുപദിഷ്ടവുമാണെന്ന് കാണാന്‍ കഴിയും.

ഇത് മനസ്സിലാക്കാന്‍ അവര്‍ ജീവിച്ചിരുന്ന സമൂഹം അവരെ കണ്ടിരുന്നത് എങ്ങെനെയാണെന്ന് നോക്കാം:

അബൂ മൂസല്‍ അശ്-അരി പറയുന്നു: മുഹമ്മദ് നബിയുടെ അനുചരന്മാരായ ഞങ്ങള്‍ക്ക് ഒരു വിഷയത്തെപ്പറ്റി സംശയം ജനിക്കുകയും അങ്ങനെ അതുമായി ആയിശയെ സമീപിക്കുകയും ചെയ്താല്‍ അത് സംബന്ധിച്ച് അവരില്‍ നിന്ന് എന്തെങ്കില്‍ വിവരം കിട്ടതെ പോകാറില്ല. (തിര്മിദി)

ഇമാം സുഹ്‌രി പറയുന്നു: ആയിശ ജനങ്ങളില്‍ ഏറ്റവും അറിവുള്ള ആളായിരുന്നു. നബിയുടെ അനുചരന്മാരിലെ പ്രമുഖന്മാര്‍ പോലും അവരോട് അറിവ് അന്വേഷിക്കാറുണ്ടായിരുന്നു.

ഉര്‍വഃ ബിന്‍ സുബൈര്‍ പറയുന്നു: ഖുര്‍ആന്‍, അനന്തരാവകാശ നിയമം, അനുവദനീയ കാര്യങ്ങള്‍, കര്‍മ്മശാസ്ത്രം, കവിത, വൈദ്യം, അറബി പുരാണങ്ങള്‍, ഗോത്രചരിത്രം എന്നിവയിലൊന്നും ആയിശയെക്കാള്‍ അറിവുള്ള ആരെയും ഞാന്‍ കണ്ടിട്ടില്ല. (സുര്‍ഖാനീ)

ഇമാം സുഹ്‌രീ പറയുന്നു: ജനങ്ങളുടെ അറിവും നബി പത്നിമാരുടെ അറിവും ശേഖരിച്ചാല്‍ കൂട്ടത്തില്‍ ഏറ്റവും വിശാലം ആയിശയുടെ അറിവായിരിക്കും.

പ്രവാചകശിഷ്യന്മാരും അടുത്ത തലമുറയുമുള്‍ക്കൊള്ളുന്ന ഭക്തന്മാരായ ആ സമൂഹത്തിന്റെ കാഴ്ചപാടനുസരിച്ച് ആയിശ ഒരു ഉന്നത പണ്ഡിതയും പ്രഗല്‍ഭ അദ്ധ്യാപികയുമായിരുന്നു. സമൂഹം എന്തിനാണ്‌ അവരെ സമീപിച്ചിരുന്നതെന്ന് ഇതില്‍ നിന്ന് മനസ്സിലാകാം.

സയ്യിദ് സുലൈമാന്‍ നദ്‌വി എഴുതുന്നു: "പര്‍ദ്ദയുടെ കാര്യത്തില്‍ അവര്‍ വളരെയേറെ ശ്രദ്ധിച്ചിരുന്നു. പര്‍ദ്ദ സംബന്ധിച്ച ഖുര്‍ആന്‍ വാക്യം അവതരിച്ച ശേഷം നിര്‍ബന്ധ പൂര്‍വ്വം അതാചരിച്ചിരുന്നു. ഭാവിയെപ്പറ്റി ശൂഭപ്രതീക്ഷയുള്ള കുട്ടികള്‍ക്ക് വിജ്ഞാനം ​സമ്പാദിക്കുന്നതിന്ന് തന്റെ അടുക്കലേക്ക് യഥേഷ്ടം കടന്നു വരാന്‍ സൌകര്യമുണ്ടാകണമെന്ന് അവര്‍ ആഗ്രഹിച്ചു. നബി തിരുമേനിയുടെ ഒരു ഹദീസിനെ ആസ്പദമാക്കി സ്വന്തം സഹോദരിയുടെയോ സഹോദരീപുത്രിമാരുടെയോ മുല കൊടുത്ത് മുലകുടി ബന്ധം സ്ഥാപിക്കുകയാണ്‌ അവര്‍ അതിന്ന് സ്വീകരിച്ച മാര്‍ഗ്ഗം. അങ്ങനെ ആ കുട്ടികള്‍ക്ക് ആയിശ മുലകുടി ബന്ധത്തിലുള്ള എളയുമ്മയോ വലിയുമ്മയോ ആയിത്തീരുമല്ലോ. പിന്നീട് അവരുടെ മുമ്പില്‍ പര്‍ദ്ദ ആചരിക്കേണ്ടി വരുകയില്ല. മറ്റു വിദ്യാര്‍ത്ഥികള്‍ക്കും ആവര്‍ക്കുമിടയില്‍ എപ്പോഴും തിരശ്ശീല തൂങ്ങിയിരുന്നു." (സീറത്തേ ആയിശ)

ഭൂരിപക്ഷത്തിനെതിരായ ഒരു വീക്ഷണം ആയിശ മുലകുടി ബന്ധത്തിന്റെ കാര്യത്തില്‍ സ്വീകരിച്ചുവെന്നത് ശരിയാണ്‌. എന്നാല്‍, വിജ്ഞാനം പകര്‍ന്നു കൊടുക്കുന്നതിന്ന് തടസ്സമില്ലാതിരിക്കാന്‍ വേണ്ടിയായിരുന്നു അവരാ മാര്‍ഗ്ഗം സ്വീകരിച്ചത്.

കന്യകയോ വിവാഹിതയോ ആയ ഏത് സ്ത്രീക്കും തനിക്ക് തോന്നുന്ന ഏത് പുരുഷനുമായും ലൈംഗികബന്ധത്തിലേര്‍പ്പെടാനും ഗര്‍ഭം ധരിക്കാനും പ്രസവിക്കാനും കുഞ്ഞിനെ വളര്‍ത്താനുമുള്ള സ്വാതന്ത്ര്യമുണ്ടാകണം; അപ്പോഴേ സ്ത്രീസ്വാതന്ത്ര്യം പൂര്‍ണ്ണമാവുകയുള്ളു എന്ന് പ്രചരിപ്പിക്കുന്ന യുക്തിവാദികളാണ്‌ മേല്‍ ചരിത്ര വസ്തുതകളുപയോഗിച്ച് ആയിശക്കെതിരെ അപവാദം പ്രചരിപ്പിക്കുന്നത്. ഇത് തിരിച്ചറിയാന്‍ ഒരു നിഷ്പക്ഷമതിയ്ക്ക് ഒട്ടും പ്രയാസമില്ല.

കെ.കെ. ആലിക്കോയ

12 comments:

  1. പഠനവും വിലയിരുത്തലും നന്നായിട്ടുണ്ട് ആലിക്കോയ... നന്ദി

    ReplyDelete
  2. (ഈ വിഷയത്തെക്കുറിച്ച് ഫെയ്സ്ബുക്കില്‍ നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചയില്‍ ഒരു സുഹൃത്ത് ഉന്നയിച്ച വിമര്‍ശനവും അതിന്ന് നല്‍കിയ മറുപടിയുമാണിത്.)
    പോസ്റ്റില്‍ നിന്ന് തെളിയുന്ന ഏഴ് കാര്യങ്ങള്‍ അലന്‍ പറഞ്ഞിരിക്കുന്നു.
    അലന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ട്; അദ്ദേഹത്തിന്‌ താല്‍പര്യമുള്ള കാര്യങ്ങള്‍ എന്ന് ഞാന്‍ കുറ്റപ്പെടുത്തുന്നില്ല. എങ്കിലും ചില കര്യങ്ങളും ശ്രദ്ധിച്ച കാര്യങ്ങളുടെ തന്നെ ചില വശങ്ങളും അദ്ദേഹം ശ്രദ്ധിക്കാതെ വിട്ടിട്ടുണ്ട്. അത് ചൂണ്ടിക്കാണിക്കേണ്ടത് എന്റെ ബാദ്ധ്യതയാണ്‌.

    അൽ അമീൻ അലൻ: ഈ പോസ്റ്റിൽ തെളിയുന്ന കാര്യങ്ങൾ
    1. ഇന്ത്യയിൽ ബാല വേല കുറ്റകരമാണ്. മുഹമ്മദിന്റെ കാലത്ത് ബാല അടിമത്വം പോലും അനുവദനീയമായിരുന്നു

    = അലന്റെ ഈ ആക്ഷേപത്തിനുള്ള മറുപടി പോസ്റ്റില്‍ തന്നെയുണ്ട്. അദ്ദേഹമത് കാണാന്‍ കൂട്ടാക്കുന്നില്ലെന്ന് മാത്രം. ഈ വിഷയം സവിസ്തരം പ്രതിപാദിക്കപ്പെട്ടത് ഇമാം മാലികിന്റെ മുവത്വയിലാണ്‌. ആ ഭാഗം ഞാന്‍ പോസ്റ്റില്‍ ഉദ്ധരിച്ചത് കാണുക: "ഇമാം മാലിക് റിപ്പോര്‍ട്ട് ചെയ്യുന്നു: പ്രവാചകന്റെ അനുചരനായ അബൂ ഹുദൈഫ, സാലിമിനെ തന്റെ മകനായി ദത്തെടുത്തു. പിന്നീട് തന്റെ സഹോരദരിയുടെ മകളെ സാലിമിന്ന് വിവാഹം ചെയ്തു കൊടുത്തു." അടിമയായി അബൂ ഹുദൈഫക്ക് ലഭിച്ച കുട്ടിയാണ്‌ സാലിം. അദ്ദേഹമവനെ സ്വന്തം മകനായി ദത്തെടുത്തു. അവന്ന് പ്രായമായപ്പോള്‍, അബൂ ഹുദൈഫ തന്റെ സഹോദരിയുടെ മകളെ അവന്ന് കല്യാണം കഴിച്ചു കൊടുത്തു. ഇതൊക്കെ മറച്ച്‌വച്ച്കൊണ്ടാണ്‌ അലന്‍ അബൂ ഹുദൈഫയ്ക്ക് മേല്‍ ബാലവേലയും ബാല അടിമത്തവും ആരോപിക്കുന്നത്. ടിന്റുമോനോട് വീട്ടിലെ ചില ജോലികള്‍ ചെയ്യാന്‍ അച്ഛന്‍ ആവശ്യപ്പെട്ടു. അപ്പോള്‍ അച്ഛനെ ശരിക്കും വിരട്ടി. ബാലവേലയുടെ പേരിലായിരുന്നു വിരട്ട്. അലന്റെ വാക്കുകള്‍ വായിക്കുമ്പോള്‍ ഈ 'സംഭവം' ഓര്‍ത്ത് പോകുന്നു.

    2. അബൂ ഹുദൈഫയുടെ ആശങ്കക്ക് നല്ല മരുന്നാണ് മുഹമ്മദ നൽകിയത് അഥവാ സ്വന്തം ഭാര്യയും ചെറുപ്പക്കാരനായ ഭൃത്യനുമുണ്ടായതു കൊണ്ട് ഭർത്താവിനുണ്ടായ വേവലാതിക്ക് പറ്റിയ മരുന്ന് തന്നെ ഈ മുല കുടി. എനി അവർക്ക് എന്താണോ പാടില്ലന്ന് മതം പറഞ്ഞത് അത് രഹസ്യമായി ചെയ്യാൻ അവസരം. പ്രായ പൂർത്തി ആയവർക്കും മുല കുടിച്ച് രസിക്കാം.

    = അബൂഹുദൈഫയെ സംബന്ധിച്ചേടത്തോളം, നബി നല്‍കിയത് നല്ലൊരു ചികില്‍സയായി അനുഭവപ്പെട്ടുവല്ലോ. എങ്കില്‍ സലീമിനും സഹ്‌ലക്കും മേല്‍ അലന്‍ ഉന്നയിക്കുന്ന ആരോപണം പച്ചക്കള്ളമായിരിക്കും. അലന്‍ ദുസ്സൂചന നല്‍കും പ്രകാരം അബൂഹുദൈഫ ഒരു സംശയാലുവായിരുന്നുവെങ്കില്‍ നബിയുടെ ചികില്‍സ ഒട്ടും ഫലിക്കുമായിരുന്നില്ല; മാത്രമല്ല സംശയം വര്‍ദ്ധിക്കുകയും ചെയ്യുമായിരുന്നു. അതിനാല്‍ അലന്റെ ഈ പ്രസ്താവന ദുരുദ്ദേശ്യത്തോട് കൂടിയാണെന്ന് പറയാതെ വയ്യ. കാരണം, സാലിമും അബൂഹുദൈഫയുടെ കുടുംബവും തമ്മിലുള്ള ബന്ധം എന്താണെന്ന് ഇമാം മാലികിന്റെ മുവത്വയിലുള്ള ഹദീസ് വ്യക്തമാക്കിക്കഴിഞ്ഞു. ആ കുടുംബത്തിലെ ഒരു 'മകന്‍' ഇതാണ്‌ സാലിമിന്റെ സ്ഥാനം. ദത്തെടുക്കുന്നതിന്റെ അര്‍ത്ഥം അതാണല്ലോ. അപ്പോള്‍, അബൂഹുദൈഫയുടെ ഭാര്യ സഹ്‌ല അവന്ന് സ്വന്തം 'അമ്മയെപ്പോലെ'യാണ്‌. അബൂഹുദൈഫക്ക് സാലിമിനെക്കുറിച്ചോ സഹ്‌ലയെക്കുറിച്ചോ ഒരു പരാതിയുമില്ല. അവര്‍ അവിഹിതമായി എന്തെങ്കിലും ചെയ്തെന്ന് അദ്ദേഹം സംശയിക്കുന്നില്ല. മറിച്ച് അദ്ദേഹത്തിന്റെ സംശയമിതാണ്‌: സാലിം ഇപ്പോള്‍ തങ്ങളുടെ അടിമയല്ല. അവന്‍ തങ്ങളുടെ ദത്ത് പുത്രനാണെങ്കിലും, ദത്ത്പുത്രനെ പുത്രനായി കണക്കാക്കാന്‍ പാടില്ലെന്ന് ഖുര്‍ആന്‍ വിധിച്ചു കഴിഞ്ഞു. ഈയൊരു സാഹചര്യത്തില്‍ സാലിമിന്ന് മുമ്പില്‍ പര്‍ദ്ദ ആചരിക്കാന്‍ സഹ്‌ല ബാദ്ധ്യസ്ഥയല്ലേ? അത് ചെയ്തില്ലെങ്കില്‍ സഹ്‌ലയും സാലിമും പിന്നെ താനും അത് മൂലം കുറ്റക്കരാകുമോ എന്നായിരുന്നു അബൂ ഹുദൈഫയുടെ പേടി. ഈ ആശയം അദ്ദേഹം ഭാര്യയുടെ മുമ്പില്‍ അവതരിപ്പിച്ചു. അതിനെത്തുടര്‍ന്നാണ്‌ സഹ്‌ല പ്രവാചകനെ സമീപിക്കുന്നതും മുലകുടി ബന്ധം സ്ഥാപിക്കാന്‍ നബി കല്‍പ്പിക്കുന്നതും. ഇതാണ്‌ വസ്തുതയെന്നിരിക്കെ അലന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്‌. അന്നവിടെ, സഹ്‌ലയും സാലിമും തമ്മില്‍ അവിഹിതമായി വല്ലതും സംഭവിച്ചതായി, ആ വീട്ടില്‍ അവരോടൊത്ത് ജീവിക്കുന്ന അബൂഹുദൈഫക്ക് പോലും പരാതിയില്ല. എന്നിട്ടും 14 നൂറ്റാണ്ടുകള്‍ക്ക് ശേഷം നിലമ്പൂരിലിരുന്ന് അലന്‍ ചെളിവാരിയെറിയുന്നത് ദുരുപദിഷ്ടമാണ്‌. ഇസ്‌ലാമിനെ ആക്ഷേപിക്കാനുള്ള വ്യഗ്രതയാണ്‌ അദ്ദേഹത്തെക്കൊണ്ടിത് ചെയ്യിക്കുന്നത്. "എനി അവർക്ക് എന്താണോ പാടില്ലന്ന് മതം പറഞ്ഞത് അത് രഹസ്യമായി ചെയ്യാൻ അവസരം." അങ്ങേയറ്റം അസത്യവും ക്രൂരവുമാണീ വാക്കുകള്‍ എന്ന് മാത്രമേ ഇതിനെക്കുറിച്ച് തല്‍ക്കാലം പറയുന്നുള്ളു.

    (തുടരും)

    ReplyDelete
  3. (തുടര്‍ച്ച)
    3 മുഹമ്മദിന്റെ ജീവതത്തിനിടെ തന്റെ സഹപ്രവർത്തകർക്ക് നൽകിയ ചില നിയമങ്ങൾ ആഗോള വ്യാപകമായ എല്ലാവർക്കും എല്ലാ കാലത്തേക്കുമുള്ള നിയമങ്ങളല്ല.ഈ ആശയം പരിഗണിച്ചാൽ ഇസ്ലാമിന്റ ആപ്പീസ് പൂട്ടും . മത നിയമങ്ങൾ എല്ലാം തന്നെയും മുഹമ്മദിന്റെ ജീവിത സഹചര്യങ്ങളിൽ നിന്നും മാത്രമാണ് മുസ്ലീകൾ സ്വീകരിക്കുന്നത്. അത് പലതും അതാത് കാലത്തേ മാത്രം നിയമായാൽ നിസ്കാരവും നോമ്പും സകാത്തും ഹജ്ജും എല്ലാം പുന പരിശോധനക്ക് വിധേയമാക്കേണ്ടി വരും.

    = അലന്‍, സൂചി കുത്താന്‍ ഇടം കിട്ടിയേടത്ത് തൂമ്പ കയറ്റാന്‍ ശ്രമിക്കുന്നത് പരിഹാസ്യമാണ്‌. "ചില നിയമങ്ങൾ"ക്ക് മാത്രം ബാധകമാവുന്നതെന്ന് അലന്‍ തന്നെ സമ്മതിക്കുന്ന കാര്യങ്ങള്‍ എങ്ങനെയാണ്‌ "എല്ലാ നിയമങ്ങള്‍ക്കും" ബാധകമാവുക? ആരോപണമുന്നയിക്കുമ്പോള്‍ ഈ വൈരുദ്ധ്യം പോലും അലന്‍ പരിഗണിച്ചില്ല. ഇസ്‌ലാമിനെയും അതിന്റെ നിയമങ്ങളെയും വല്ലാതെ അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്യുന്നത് കൊണ്ടാണ്‌ അലന്‌ ഈ ദുര്‍ഗതി വരുന്നത്. ഇസ്‌ലാമിലെ ചില നിയമങ്ങള്‍ കാലികമാണ്‌; ചിലത് സാര്‍വ്വകാലികവും. ചിലത് സവിശേഷ സാഹചര്യവുമായി മാത്രം ബന്ധപ്പെട്ടവയാണ്‌; ചിലത് പൊതുവായുള്ളതും. ചില നിയമങ്ങള്‍ പരിവര്‍ത്തന ദശയില്‍ മാത്രം ഉപയോഗിക്കാനുള്ളതാണ്‌. നിയമങ്ങള്‍ക്കെല്ലാം തന്നെ പ്രത്യേക സാഹചര്യങ്ങളില്‍, ആ സാഹചര്യത്തിന്റെ തേട്ടമനുസരിച്ച് ഇളവ് അനുവദിക്കപ്പെടുന്നുമുണ്ട്. സാഹചര്യം മാറുന്നതിനനുസരിച്ച് മാറുന്ന നിയമങ്ങളുമുണ്ട്. ഒരു വിമര്‍ശകന്‍ ഇവയൊക്കെ അറിയാന്‍ ബാദ്ധ്യസ്ഥനാണ്‌. എന്നാല്‍ അലനോ, ഞാന്‍ ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന വിമര്‍ശകന്മാര്‍ക്കോ മുമ്പില്‍ ഇങ്ങനെയൊരാവശ്യം ഞാനുന്നയിക്കുന്നില്ല. കാരണം തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്നത് കുട്ടിക്കാലത്ത് പോലും എനിക്ക് ഇഷ്ടമുള്ള കാര്യമായിരുന്നില്ല. ഇത് കൊണ്ടൊന്നും പൂട്ടുന്ന ആപ്പീസല്ല ഇസ്‌ലാമിന്റേത് എന്ന് അലന്‍ തിരിച്ചറിയണം.


    4 >>“ഭൂരിപക്ഷത്തിനെതിരായ ഒരു വീക്ഷണം ആയിശ മുലകുടി ബന്ധത്തിന്റെ കാര്യത്തില്‍ സ്വീകരിച്ചുവെന്നത് ശരിയാണ്‌. എന്നാല്‍, വിജ്ഞാനം പകര്‍ന്നു കൊടുക്കുന്നതിന്ന് തടസ്സമില്ലാതിരിക്കാന്‍ വേണ്ടിയായിരുന്നു അവരാ മാര്‍ഗ്ഗം സ്വീകരിച്ചത്‘<< ആലിക്കൊയ ഉവാച.

    പ്രായ പൂർത്തി ആയവർ തമ്മിൽ നേർക്കു നേർ മുലകുടി നടത്തുന്നതിൽ ആയിശക്ക് സമ്മതമായിരുന്നു. ഇസ്ലാമിക സർവ്വകലാശാലകളിലും പ്രായ പൂർത്തിയായവർക്കുള്ള ഉയർന്ന ഇസ്ലാമിക ഡിഗ്രി പി ജി ക്ലാസുകളിലും അധ്യാപകന്മാരും വിദ്യാർത്ഥിനികളൂം തമ്മിലും അധ്യാപികകളും വിദ്യാർത്ഥികൾ തമ്മിലും ഈ വഴിയിലൂടെ നമ്മൾ സഞ്ചരിച്ചാൽ ഈ കലാശാലകളെ നമുക്ക് സെക്സ് കലാ ശാലകൾ എന്ന് വിളിക്കേണ്ടി വരും. എന്നാലും കുഴപ്പമില്ല “” വിജ്ഞാനം പകര്‍ന്നു കൊടുക്കുന്നതിന്ന് തടസ്സമില്ലാതിരിക്കാന്‍ വേണ്ടിയായിരുന്നു അവരാ(ആയിശ) മാര്‍ഗ്ഗം സ്വീകരിച്ചത്‘‘

    = "പ്രായ പൂർത്തി ആയവർ തമ്മിൽ നേർക്കു നേർ മുലകുടി നടത്തുന്നതിൽ ആയിശക്ക് സമ്മതമായിരുന്നു" എന്ന അറപ്പുളവാക്കുന്ന ഈ സങ്കല്‍പം താങ്കള്‍ക്കെവിടെ നിന്ന് കിട്ടി? ആദ്യം അതു പറയണം. ഇസ്‌ലാമിക കലാലയങ്ങളെക്കുറിച്ചുള്ള ഗീര്‍വാണം അതിന്ന് ശേഷമാകാം. ലോകത്തുള്ള ഏത് സ്ത്രീയ്ക്കും തനിക്ക് തോന്നുന്ന ഏത് പുരുഷനുമായും ലൈംഗിക ബന്ധത്തിലേര്‍പ്പെടാനും അതിലൂടെ ഗര്‍ഭം ധരിക്കാനും പ്രസവിക്കാനും കുഞ്ഞുങ്ങളെ വളര്‍ത്താനുമുള്ള സ്വാതന്ത്ര്യമുണ്ടാകണമെന്നും അപ്പോള്‍ മാത്രമേ സ്ത്രീസ്വാതന്ത്ര്യം പൂര്‍ണ്ണമാവുകയുള്ളു എന്നുമാണല്ലോ യുക്തിവാദ കാഴ്ചപ്പാട്. ഈ കാഴ്ചപ്പാടുള്ളവര്‍ സദാചാരത്തെക്കുറിച്ച് പ്രകടിപ്പിക്കുന്ന ഏതഭിപ്രായവും വേശ്യയുടെ ചാരിത്ര്യപ്രസംഗത്തേക്കാള്‍ അധമായിരിക്കും.

    ഇസ്‌ലാമിന്റെ ഉന്നതമായ ധാര്‍മ്മിക സങ്കല്‍പം താങ്കളെപ്പോലുള്ള ഒരാള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുമോ എന്നെനിക്കറിയില്ല; എങ്കിലും പറയട്ടെ: ഹിജാബ് ആചരിക്കാതെ പരസ്പരം കാണുകയും ഇടപഴകുകയും ചെയ്താല്‍ അത് മൂലം കുറ്റക്കാരാകുമോ എന്ന് ഭയപ്പെടുന്നവരായുരുന്നു അവര്‍. അതിന്റെ പരിഹാരമായിട്ടാണ്‌ മുലകുടി ബന്ധം ഉപയോഗപ്പെടുത്തിയത്. ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിന്‌ കൌതുകം!
    (തുടരും)

    ReplyDelete
  4. (തുടര്‍ച്ച)
    5 മറ്റു പ്രവാചക പത്നിമാർക്കൊന്നും ഇല്ലാത്ത എന്തോ ഒരു “ആത്മീയ ഉണർവ്വ്” ആയിശക്ക് ഉണ്ടായിരുന്നിരിക്കണം. അതു കൊണ്ടാണല്ലോ അവർ ഈ പ്രവാചകചര്യ അവർ സന്തോഷ പൂർവ്വം പ്രചരിപ്പിച്ചത്. . അതിന് അവരേ അഭിനന്ദിച്ചേ മതിയാവൂ..

    = No comment.

    6 ഈ വിഷയത്തിൽ ഫേസ് ബുക്കിലേ ജമാ അത്ത്കാർ ആയിശയേ സ്വീകരിക്കുന്നുവോ, അതൊ തള്ളി പറയുന്നുവോ?

    = ഈ വിഷയത്തില്‍ ഏറ്റവും ശരിയാണെന്ന് എനിക്ക് തോന്നിയത് ഇമാം ഇബ്നു തൈമിയ്യയുടെ അഭിപ്രായമാണ്‌:
    1. ഈ നിയമം റദ്ദ് ചെയ്യപ്പെട്ടിട്ടില്ല.
    2. ഇത് സാലിമിനും സഹ്‌ലക്കും മാത്രമുള്ള നിയമമല്ല.
    3. എന്നാല്‍ സമൂഹത്തിലെ എല്ലാ അംഗങ്ങള്‍ക്കും എപ്പോഴും ഉപയോഗിക്കാവുന്ന ഒരു പൊതു നിയമവുമല്ല.
    4. സാലിമും സഹ്‌ലയും എത്തിപ്പെട്ടത് പോലുള്ള ഒരു ധര്‍മ്മസങ്കടത്തില്‍ എത്തിപ്പെടുന്നവര്‍ക്ക് ഉപയോഗിക്കാവുന്ന് ഒന്നാണിത്.

    7 തള്ളി പറയുന്നുവെങ്കിൽ ഈ സ്വർഗ്ഗാവകാശിനി ആയ വിശ്വാസികളൂടെ മാതാവിന്റ്റെ എല്ലാ ഹദീസുകളും തള്ളി പറയുമോ?

    = ആയിശയെ തള്ളിപ്പറയേണ്ട ഒരു സാഹചര്യവും ഇവിടെയില്ല. അവരുടെ ജീവിതം അത്രക്ക് വിശുദ്ധമായിരുന്നുവെന്ന് സമകാലികര്‍ സാക്‌ഷ്യപ്പെടുത്തിയിട്ടുണ്ട്. പോസ്റ്റില്‍ അത് കാണാം. ആയിശ ഈ ഇളവ് ഉപയോഗപ്പെടുത്തിയതും സവിശേഷമായ ഒരു സാഹചര്യത്തിലായിരുന്നു. പോസ്റ്റില്‍ അതും കാണാം.
    (അവസാനിച്ചു)

    ReplyDelete
  5. മാഷെ, ഇപ്പൊയും ഈ നിയമം നിലനിൽക്കുന്നുണ്ടൊ? ഇന്ത്യയിലും ഈ ഹദീസ്‌ നിയമം ഇപ്പൊയുണ്ടൊ?

    ReplyDelete
  6. ഒത്തിരി കഷ്ട്ടപ്പെട്ടാൽ ആടിനെയും നമുക്ക് പറഞ്ഞ് പറഞ്ഞ് പട്ടിയാക്കാം. മുലകുടിയേ പറഞ്ഞ് പറഞ്ഞ് മുലപ്പാൽ പിഴിഞ്ഞെടുത്ത് നൽകലാക്കി. ഇനി എല്ലാ അമ്മമാരു സാധാരണ കുഞ്ഞുങ്ങൾക്ക് മുലപ്പാൽ പിഴിഞ്ഞെടുത്താണു നൽകി വരുന്നത് എന്നു വരേ വേണമെങ്കിൽ വ്യഖ്യാനിക്കാം.ഇസ്ലാമിലേ മുലകുടി നിയമത്തേ വേണമെങ്കിൽ പേരു മാറ്റാതെ തന്നെ മുലപ്പാൽ നിയമവുമാക്കം. പ്രവാചകൻ ഉദ്ദേശിച്ചതും പറഞ്ഞതും ആയിശ പ്രായോഗികമാക്കിയതും പശുവിനെ കറന്നെടുക്കുന്ന പോലെ പാൽ കറന്നെടുത്ത് നൽകുകയാണെന്ന് ഹസ്രത് ആയിശ എന്ന പുസ്തകം എങ്ങിനെ വായിച്ചാലും പിടി കിട്ടുകയില്ല. പശുവിന്റെ പിഴിഞ്ഞെടുത്ത പാൽ കൊണ്ട് ഉണ്ടാക്കുന്നതാകയാൽ കുടിക്കുന്ന ചായയേ വരേ ഇങ്ങിനെ വ്യാഖ്യാനിച്ചാൽ മുലകുടി ബന്ധത്തിൽ പെടുത്തികളയും. (അങ്ങിനെ ഗോ മാതാവായാൽ ആർ എസ് എസ്സ് ന് ഒപ്പമെത്തുമല്ലോ) പ്രവാചകൻ സൂചിപ്പിക്കുന്നത് .ഡയറക്ടായുള്ള മുലകുടി തന്നെ. ഇത്രയും കഷ്ട്ടപ്പെട്ട് തള്ളാനും കൊള്ളാനു വയ്യാത്ത ഈ നിയമം “ധർമ്മ സംങ്കടക്കാർക്കു“ മാത്രമുള്ളതാണു എന്ന് പറയുന്ന ശ്രീ ആലിക്കൊയ സാഹബിന്റെ ധർമ്മ സംങ്കടം പരിതാപകരം തന്നെ.

    ReplyDelete
  7. മാഷെ, ഈ നിയമം ഒട്ടു മിക്ക മുസ്ലിങ്ങൾക്കൊ,അമുസ്ലിങ്ങൾക്കൊ അറിയില്ല.അറിഞ്ഞാൽ പലരും പരിഹസിക്കും.അതു കൊണ്ടു ഛേകനൂർ മൗലവി പറഞ്ഞ പോലെ ഹദീസുകളൊക്കെ കത്തി ചു കള എന്നിട്ടു കുർ ആൻ കൊണ്ടു മറ്റ്‌ മതസ്തരുമായി സംവാദം നഡത്തു.

    ReplyDelete
  8. അൽ അമീൻ അലൻ ഒത്തിരി കഷ്ട്ടപ്പെട്ടാൽ ആടിനെയും നമുക്ക് പറഞ്ഞ് പറഞ്ഞ് പട്ടിയാക്കാം. മുലകുടിയേ പറഞ്ഞ് പറഞ്ഞ് മുലപ്പാൽ പിഴിഞ്ഞെടുത്ത് നൽകലാക്കി. ഇനി എല്ലാ അമ്മമാരു സാധാരണ കുഞ്ഞുങ്ങൾക്ക് മുലപ്പാൽ പിഴിഞ്ഞെടുത്താണു നൽകി വരുന്നത് എന്നു വരേ വേണമെങ്കിൽ വ്യഖ്യാനിക്കാം.ഇസ്ലാമിലേ മുലകുടി നിയമത്തേ വേണമെങ്കിൽ പേരു മാറ്റാതെ തന്നെ മുലപ്പാൽ നിയമവുമാക്കം. പ്രവാചകൻ ഉദ്ദേശിച്ചതും പറഞ്ഞതും ആയിശ പ്രായോഗികമാക്കിയതും പശുവിനെ കറന്നെടുക്കുന്ന പോലെ പാൽ കറന്നെടുത്ത് നൽകുകയാണെന്ന് ഹസ്രത് ആയിശ എന്ന പുസ്തകം എങ്ങിനെ വായിച്ചാലും പിടി കിട്ടുകയില്ല. പശുവിന്റെ പിഴിഞ്ഞെടുത്ത പാൽ കൊണ്ട് ഉണ്ടാക്കുന്നതാകയാൽ കുടിക്കുന്ന ചായയേ വരേ ഇങ്ങിനെ വ്യാഖ്യാനിച്ചാൽ മുലകുടി ബന്ധത്തിൽ പെടുത്തികളയും. (അങ്ങിനെ ഗോ മാതാവായാൽ ആർ എസ് എസ്സ് ന് ഒപ്പമെത്തുമല്ലോ) പ്രവാചകൻ സൂചിപ്പിക്കുന്നത് .ഡയറക്ടായുള്ള മുലകുടി തന്നെ. ഇത്രയും കഷ്ട്ടപ്പെട്ട് തള്ളാനും കൊള്ളാനു വയ്യാത്ത ഈ നിയമം “ധർമ്മ സംങ്കടക്കാർക്കു“ മാത്രമുള്ളതാണു എന്ന് പറയുന്ന ശ്രീ ആലിക്കൊയ സാഹബിന്റെ ധർമ്മ സംങ്കടം പരിതാപകരം തന്നെ.

    = വായില്‍ തോന്നുന്നത് കോതയ്ക്ക് പാട്ട്; അല്ലേ അലന്‍?
    താങ്കള്‍ ഇസ്‌ലമിനെ വിമര്‍ശിക്കണമെന്ന് മുന്‍കൂട്ടി ഒരു തീരുമാനമെടുത്തിരിക്കുന്നു. അത്കൊണ്ട്, ഹദീസ് ഗ്രന്‍ഥങ്ങളില്‍ പറഞ്ഞതൊന്നും താങ്കള്‍ക്ക് പ്രശ്നമകുന്നില്ല.

    അന്യനായ ഒരു സ്ത്രീയും പുരുഷനും തമ്മില്‍ രക്തബന്ധുക്കളെപ്പോലെ ഇടപഴകല്‍ അനിവാര്യമാകുന്ന ഒരു സാഹചര്യം -eg. സാലിമും സഹ്‌ലയും - ഉടലെടുത്തപ്പോഴാണല്ലോ പ്രായപൂര്‍ത്തിയായവര്‍ തമ്മില്‍ മുലകുടി ബന്ധം സ്ഥാപിക്കുന്നതിന്നുള്ള നിര്‍ദ്ദേശം നബി നല്‍കിയത്. 5 തവണ മുലകുടിക്കണം. അപ്പോഴേ ബന്ധം ഉണ്ടാവുകയുള്ളു. അതിന്ന് ശേഷം അവര്‍ക്ക് രക്തബന്ധുക്കള്‍ തമ്മില്‍ ഇടപഴകുന്നത് പോലെ ഇടപഴകാം. ഇത് ശ്രദ്ധിച്ച് വായിച്ചാല്‍ തന്നെ, ബുദ്ധിയും യുക്തിയുമുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്ന ഒരു കാര്യമുണ്ട്. ആ മുലകുടി കുഞ്ഞിന്‌ മുലകൊടുക്കുന്നത് പോലെ ഡയരക്ടായ ഒരു മുലകുടിയാവുകയില്ല എന്ന്. അവര്‍ തമ്മില്‍ ബന്ധം സ്ഥാപിക്കപ്പെട്ടതിന്ന് ശേഷം പോലും അത്തരമൊരു സ്പര്‍ശനത്തിനുള്ള അനുവാദം അവര്‍ക്കുണ്ടാവുകയില്ല. എന്നിരിക്കെ, ബന്ധം ഇല്ലാത്തയാള്‍ക്ക് ഡയരക്ടായി മുലകൊടുക്കണം എന്ന് പറയാനോ പറഞ്ഞാല്‍ അത് നടപ്പില്‍ വരുത്താന്‍ യുക്തിവാദികളെയല്ലാതെ മുസ്‌ലിംകളെ കിട്ടുകയില്ല.

    സാലിമും സഹ്‌ലയും -സഹ്‌ലയുടെ ദത്ത്പുത്രനാണ്‌ സാലിം- തമ്മില്‍ കണ്ടാല്‍ അത് കുറ്റമാകുമോ എന്ന് ഭയപ്പെടുകയും, എന്നിട്ട് പരിഹാരം തേടി പ്രവാചകനെ സമീപിക്കുകയും ചെയ്യുന്ന ഒരു വിഭാഗം മനുഷ്യരുടെ ഉയര്‍ന്ന ധാര്‍മ്മികതയുടെ മാനം മനസിലാകാന്‍ ഒരു യുക്തിവാദിക്കെങ്ങനെ സാധിക്കും? അവര്‍ക്ക് ഇതൊന്നും ഒരു പ്രശ്നമല്ലല്ലോ. ഏത് പുരുഷനും ഏത് സ്ത്രീയ്ക്കും തമ്മില്‍ എപ്പോഴും എന്തുമാകാം എന്നതാണല്ലോ അവരുടെ സദാചാര ബോധം. അത്കൊണ്ട് അലന്റെ ആക്ഷേപങ്ങള്‍ക്ക് ഞാന്‍ വില കല്‍പ്പിക്കുന്നില്ല.

    അലന്‍ പറഞ്ഞത് പോലെ ഇത്തിരി കഷ്ടപ്പെട്ടാല്‍ ആടിനെയും നമുക്ക് പറഞ്ഞ് പറഞ്ഞ് പട്ടിയാക്കാം. അതിന്ന് ഏറ്റവും നല്ല ഉദാഹരണമാണ്‌ അലന്റെ ഈ വിമര്‍ശനങ്ങള്‍.

    ReplyDelete
  9. (In Facebook)
    അൽ അമീൻ അലൻ: ബന്ധം ഇല്ലാത്തയാള്‍ക്ക് ഡയരക്ടായി മുലകൊടുക്കണം എന്ന് പറയാനോ പറഞ്ഞാല്‍ അത് നടപ്പില്‍ വരുത്താന്‍ യുക്തിവാദികളെയല്ലാതെ മുസ്‌ലിംകളെ കിട്ടുകയില്ല.എന്ന് ആലികോയ സാഹബ് പറയുന്നു. പറഞ്ഞ് പറഞ്ഞ് ആയിശ യുക്തിവാദി ആയിരുന്നു എന്ന് വരേ ആലികോയ സാഹബ് പറയുന്നു.(ഉമ്മത്തുൽ യുക്തിവാദൂൻ എന്നു വിളിക്കാമോ? വിളിച്ചാലും തെറ്റ് വരില്ല. പ്രവാചക്ന്റെ പ്രവാചകത്വത്തേ കളിയാക്കിയിരുന്ന ഒരേ ഒരാൾ ഈ “കുഞ്ഞ് യുക്തിവാദി“ തന്നേ) മുല കുടി മുലപ്പാൽ കുടി ആയി ആയിശ യുക്തിവാദിയുമായി. ആയിശ ചെയ്ത പ്രവർത്തികൾ തെറ്റാണെന്ന് ഒരു യുക്തിവാദിയും പറയില്ല. ഇവിടേ ചർച്ച ചുരുങ്ങിവന്ന് മുലകുടി ഡയറക്ടാണോ അതോ പാൽ കറന്നെടുത്തുള്ള പാൽ കുടിയാണോ എന്നതിൽ എത്തി നിക്കുന്നു. ഇതോട് കൂടി ചർച്ച അവസാനിക്കും. ഈ കാര്യം ഹസ്രത്ത് ആയിശ എന്ന പുസ്തകത്തിൽ iph കാർ പച്ച വെള്ളം പോലെ പകൽ വെളിച്ചം പോലെ കൃത്യമായി പ്രിന്റ് ചെയ്ത് വെച്ചിട്ടുണ്ട്


    മറുപടി:

    * യുക്തിവദിയാവാന്‍ ആയിശയെ കിട്ടുകയില്ല. അവര്‍ നല്ല വിശ്വാസിനിയായിരുന്നു; അവരുടെ ചരിത്രമതിന്ന് സാക്ഷിയാണ്‌. അവരുടെ വിശ്വാസം, ഭക്തി, സമര്‍പ്പണമനസ്‌കത, ത്യാഗം, വിജ്ഞാനം, അദ്ധ്യാപനം, അല്ലാഹുവിനോടും റസൂലിനോടും കാണിച്ച അനുസരണസന്നദ്ധത എല്ലാം ചരിത്രത്തില്‍ കാണാം.

    * ആയിശ പ്രവാചകത്വത്തെ കളിയാക്കി തുടങ്ങിയുള്ള വാദങ്ങള്‍ അലന്റെ സ്വപ്നം മാതമാണ്‌.

    * ആയിശ ഒരാള്‍ക്കും മുലകൊടുത്തിട്ടില്ല.

    * പ്രവാചകകുടുംബത്തിനെതിരെ ആരോപണമുന്നയിച്ച്കൊണ്ട് ഇസ്‌ലാമിനെ താറടിക്കാനുള്ള അലന്റെ ശ്രമത്തിന്റെ ഭാഗമായാണ്‌ മുലകുടി ഇവിടെ ചര്‍ച്ചാ വിഷയമായത്. ഡയരക്റ്റ്, ഇന്‍ഡയരക്റ്റ് കുടികള്‍ വിഷയമാക്കിയതും ഞാനല്ല; വിഷയമായപ്പോള്‍ അതിനോട് പ്രതികരിച്ചുവെന്ന് മാത്രം.

    * "ആയിശ ചെയ്ത പ്രവർത്തികൾ തെറ്റാണെന്ന് ഒരു യുക്തിവാദിയും പറയില്ല." എന്ന് അലന്‍ പറയുന്നത് ആയിശയുടെ ഏത് പ്രവര്‍ത്തികളെ ഉദ്ദേശിച്ചാണെന്നത് വ്യക്തമല്ല. ആയിശയോടുള്ള ഈ അനുഭാവം താങ്കളെ ഇസ്‌ലാമിലേക്ക് നയിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.

    * "ഈ കാര്യം ഹസ്രത്ത് ആയിശ എന്ന പുസ്തകത്തിൽ iph കാർ പച്ച വെള്ളം പോലെ പകൽ വെളിച്ചം പോലെ കൃത്യമായി പ്രിന്റ് ചെയ്ത് വെച്ചിട്ടുണ്ട്." എന്ന് അലന്‍ പറയുന്നു. ഈ കാര്യമെന്നാല്‍ ഏത് കാര്യമാണ്‌?

    ReplyDelete
  10. PUNNAKAADAN said...
    മാഷെ, ഈ നിയമം ഒട്ടു മിക്ക മുസ്ലിങ്ങൾക്കൊ,അമുസ്ലിങ്ങൾക്കൊ അറിയില്ല.അറിഞ്ഞാൽ പലരും പരിഹസിക്കും.അതു കൊണ്ടു ഛേകനൂർ മൗലവി പറഞ്ഞ പോലെ ഹദീസുകളൊക്കെ കത്തി ചു കള എന്നിട്ടു കുർ ആൻ കൊണ്ടു മറ്റ്‌ മതസ്തരുമായി സംവാദം നഡത്തു.

    = ഖുര്‍ആന്‍ ഉള്‍ക്കൊള്ളാന്‍ താങ്കള്‍ക്ക് കഴിയുമോ?

    ReplyDelete
  11. ആലിക്കോയ സാർ,ഇപ്പോഴാണു ഇതു കാണുന്നത്‌. തീർച്ചയായും, ഹദീസുകൾ മുഴുവൻ മുസ്ലിം സമൂഹം [ലോകത്തുള്ള എല്ലാ മുസ്ലിം പുരോഹിത വർഗം അംഗീകരിച്ച്‌ ] പിൻ വലിച്ച്‌ ഖുറാൻ മാത്രം അംഗീകരിച്ചാൽ ഞാൻ ഖുറാൻ ഉൾകൊള്ളുക മാത്രമല്ല ഒരു മുസ്ലിമാകാനും ഒരുക്കമാണു.താങ്കളൊ,താങ്കൾപ്രാതിധന്യം വഹിക്കുന്ന സാമുദായിക സംഘടനയോ മുൻ കൈ എടുക്കുമോ ? സ്നേഹപൂർവ്വം ഞാൻ വെല്ലുവിളിക്കുന്നു .

    ReplyDelete
  12. മുസ്‌ലിംകള്‍ക്കിടയില്‍ ഒരു ഹസീസ് പോലും അംഗീകരിക്കാത്തവരുമുണ്ട്. താങ്കള്‍ അവരോടൊപ്പം ചേരുന്നത് നന്നായിരിക്കും.

    ReplyDelete