Followers

Wednesday, March 16, 2011

ദൈവത്തിന്റെ രാഷ്ട്രീയം

"കേരളത്തിന്റെ മതേതര മനസ്സിന് സമര്‍പ്പിച്ചിരിക്കുന്ന ഹമീദ് ചേന്നമംഗലൂരിന്റെ ദൈവത്തിന്റെ രാഷ്ട്രീയം (മാതൃഭൂമി ബുക്‌സ്) എന്ന പുസ്തകത്തില്‍ നിന്ന് ഒരു ഭാഗം ഇവിടെ വായിക്കാം. ജമാഅത്തെ ഇസ്‌ലാമിയെ വിമര്‍ശനാത്മകമായി സമീപിക്കുന്ന ഈ പഠനഗ്രന്ഥം പുതിയ കാലത്ത് ഏറെ പ്രസക്തമാണ്." എന്ന മുഖവുരയോട് കൂടി ഫെയ്സ്ബുക്കിലെ 'ചില' ഗ്രൂപ്പുകളില്‍ -യുക്തിവാദികളാലും ചില മുസ്‌ലിം സംഘടനാ പ്രവര്‍ത്തകരാലും- പ്രസിദ്ധീകരിക്കപ്പെട്ട 'ഒരു' ലേഖനത്തിലെ ചില പരാമര്‍ശങ്ങളോടുള്ള പ്രതികരണമാണിത്.


പ്രസ്തുത കൃതിയില്‍ ഹമീദ് ചേന്ദമംഗല്ലൂര്‍ എഴുതുന്നു: "ആര്.എസ്.എസ്സിനെ നിരോധിച്ചപ്പോള് തൂക്കമൊപ്പിക്കുന്നതിനാണ് ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ചതെന്ന മൗദൂദിസ്റ്റ് വാദത്തിന്റെ കഴമ്പില്ലായ്മയിലേക്ക് വിരല്ചൂണ്ടുകകൂടി ചെയ്യുന്നുണ്ട്, ജമാഅത്തെ ഇസ്ലാമിയുടെ അരമന രഹസ്യങ്ങള് നന്നായി അറിയുന്ന ഹാശിം ഹാജി. 'എന്.ഡി.എഫിന്റെയും സിമിയുടെയും പി.ഡി.പിയുടെയുമൊക്കെ ദാര്ശനിക ഉപ്പാപ്പ'5 ജമാഅത്തെ ഇസ്ലാമിയാണെന്നു വിലയിരുത്തുന്ന ഗ്രന്ഥകാരന് എഴുതുന്നു:
'1969-ലോ 1970-ലോ ആയിരുന്നു തലശ്ശേരി കലാപം. കലാപാനന്തരം ഹല്ഖാ അടിസ്ഥാനത്തില് ആര്.എസ്.എസ്സിനെ നേരിടുന്നതിനുവേണ്ടി ആയോധനകല പരിശീലിപ്പിക്കാന് ജമാഅത്തെ ഇസ്ലാമി നേതൃത്വം അന്നൊക്കെ ആളെ നിയോഗിക്കുമായിരുന്നു. അതനുസരിച്ച്, എറണാകുളത്തു വന്ന ഗുരുക്കളെ കെ.കെ. മുഹമ്മദ് ഇസ്ലാഹിയുടെ സഹായത്തോടെ ഞാനാണ് താമസസൗകര്യവും ഭക്ഷണവും നല്കി സംരക്ഷിച്ചത്. എന്റെ കമ്പനിയിലെ ചില ജീവനക്കാരടക്കം പതിനഞ്ചു പേര് കളരിമുറകളും ആയോധനകലയും അഭ്യസിച്ചു. മികച്ച പ്രകടനം കാഴ്ചവെച്ചവര്ക്ക് അവാര്ഡുദാനവും നടത്തി.


'ഇന്ദിരാഗാന്ധി സര്ക്കാര് ആര്.എസ്.എസ്സിനെ നിരോധിച്ചപ്പോള് തൂക്കമൊപ്പിക്കുന്നതിനായി പാവം ജമാഅത്തെ ഇസ്ലാമിയെയും നിരോധിച്ചു എന്ന പ്രചാരണം ഇതോടെ അസ്ഥാനത്താകുന്നു. ജമാഅത്തെ ഇസ്ലാമി ഇരയല്ല, ആര്.എസ്.എസ്സിന്റെ പ്രതിരൂപം തന്നെയാണ് എന്ന് ഇതു വ്യക്തമാക്കുന്നു.'6"



ഹമീദിന്റെ ഈ വാദത്തിന്‌ എം.എന്‍. കാരശ്ശേരി മറുപടി നല്‍കുന്നു: "1948-ലാണ്‌ ജമാഅത്തെ ഇസ്‌ലാമി കേരളത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. ഇവിടെ അവര്‍ ആയുധപരിശീലനം നടത്തിയതിന്ന് നാളിതുവരെ തെളിവൊന്നുമില്ല. " (പേജ് 123, ഇസ്‌ലാമിക രാഷ്ട്രീയം വിമര്‍ശിക്കപെടുന്നു. മാതൃഭൂമി പ്രസിദ്ധീകരണം)


ഹമീദിന്റെ വാദത്തിന്‌ ഹമീദ് തന്നെ മറുപടി പറയുന്നു:
"ധാര്‍മ്മിക പോലീസായും (അശ്ലീല ചിത്രപ്രദര്‍ശാനം ​ആരോപിച്ച് തിയേറ്ററുകള്‍ കത്തിക്കുക, അപഥസഞ്ചാരം ആരോപിച്ച് സ്ത്രീകളെ മൊട്ടയടിക്കുക) മുസ്‌ലിം സാംകാരിക സംരക്ഷകരായും (റംസാന്‍ മാസത്തില്‍ ഹോട്ടലുകള്‍ ബലപ്രയോഗത്തിലൂടെ അടപ്പികുക, മുസ്‌ലിം യുവതിയെ പ്രേമവിവാഹം ചെയ്ത ഹിന്ദു യുവാവിനെ വധിക്കുക) ഇസ്‌ലാമിലെ വിയോജനശബ്ദത്തിന്റെ സംഹാരകരായും (ചേകന്നൂര്‍ മൌലവിയുടെ ഉന്മൂലനം) കമ്മ്യൂണിസത്തിന്റെ പ്രതിരോധകരായും (നദാപുരത്ത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കെതിരില്‍ ഒളിഞ്ഞും തെളിഞ്ഞും പോരാടുക) സംഘപരിവാറിന്റെ അന്തകരായും (മാറാട് കൂട്ടക്കൊല) അത് വിവിധ രൂപങ്ങളില്‍ കേരളത്തില്‍ അതിന്റെ സംഘടിതസാന്നിദ്ധ്യം തെളിയിച്ചിട്ടുണ്ട്. തല്‍പര കക്ഷികള്‍ പ്രചരിപ്പികുന്നത് പോലെ മുസ്‌ലിം തീവ്രവാദം ഒരു സാങ്കല്‍പിക പ്രതിഭാസമല്ല എന്നു സാരം." (പേജ് 53, ഭീകരതയുടെ ദൈവശാസ്ത്രം പൊതുസമൂഹത്തിന്റെ നിസ്സംഗത)


'മുസ്‌ലിം തീവ്രവാദം ഒരു സാങ്കല്‍പിക പ്രതിഭാസമല്ലെ'ന്നും അതൊരു പ്രത്യക്ഷ യാഥാര്‍ഥ്യമാണെന്നുമാണല്ലോ ഹമീദ് പറയുന്നത്. ഈ വാദത്തിന്നുള്ള തെളിവായി അദ്ദേഹം നിരത്തി വച്ച അഞ്ചിനത്തില്‍ പെട്ട സംഭവങ്ങളില്‍ ഏതിലാണ്‌ ജമാഅത്തിന്‌ പങ്കാളിത്തമുള്ളത് എന്ന്കൂടി പറയണം. അപ്പോള്‍ മാത്രമേ 1970 മുതല്‍ ആയോധനകലയില്‍ പരിശീലനം നേടിയവര്‍, ആ ശേഷി ഉപയോഗിച്ച് എന്ത് ചെയ്തുവെന്ന് മാലോകര്‍ക്ക് മനസ്സിലാവുകയുള്ളു.


ഹമീദിന്റെ വാദത്തിന്‌ ഹമീദ് തന്നെ വീണ്ടും മറുപടി പറയുന്നു: 'മാറാട് ഓപറേഷനു' പിന്നില്‍ പ്രവര്‍ത്തിച്ച മസ്തിഷ്ക-ബാഹുക്കളെക്കുറിച്ച് ഖണ്ഡിതമായി ഒന്നും പറയാന്‍ ഇപ്പോള്‍ വയ്യെങ്കിലും, സാഹചര്യത്തെളിവുകള്‍ വെച്ച് ഉത്തരവാദപ്പെട്ട രാഷ്ട്രീയ നേതാക്കളും സാമൂഹിക-രാഷ്ട്രീയ നിരീക്ഷകരും വിരല്‍ ചൂണ്ടുന്നത് എന്‍.ഡി.എഫ് എന്ന് നേഷനല്‍ ഡവലപ്മെന്റ് ഫ്രന്‍ഡിലേക്കാണ്‌. സംഭവത്തില്‍ ഇസ്‌ലാമിക രണോല്‍സുക സംഘമായ എന്‍.ഡി.എഫിനുണ്ടെന്നാരോപിക്കപ്പെടുന്ന പങ്ക് തള്ളിക്കളയാന്‍ നിയമപാലക വൃത്തങ്ങള്‍ തയ്യാറായിട്ടുമില്ല. കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഒട്ടേറെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരുണ്ടെന്ന വസ്തുത എന്‍.ഡി.എഫ്-ലീഗ് കൂട്ടുകെട്ട് ചിലയിടങ്ങളില്‍ നിലനില്‍ക്കുന്നതിന്റെ സൂചനയായി വേണം കാണാന്‍. സി.പി.എമ്മിന്റെയും കോണ്‍ഗ്രസ്സിന്റെയും അനുഭാവികളായി പുറത്തറിയപ്പെടുന്ന ചിലരും എന്‍.ഡി.എഫിന്റെ പ്രവര്‍ത്തകരായുണ്ട് എന്ന് നേരത്തെ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ഇതിന്നര്‍ത്ഥം മുസ്‌ലിം ലീഗിനെ അല്‍പാല്‍പം വിഴുങ്ങാന്‍ മാത്രമല്ല മതേതര പാര്‍ട്ടികളില്‍ പോലും സമര്‍ത്ഥമായി നുഴഞ്ഞു കയറാനും എന്‍.ഡി.എഫിന്‌ സാധിക്കുന്നു എന്നണ്‌. (പേജ് 47, മതം, രാഷ്ട്രീയം, ജനാധിപത്യം)


മറാട് കലാപത്തില്‍ മുസ്‌ലിം ലീഗ്, കോണ്‍ഗ്രസ്, സി.പി.എം എന്നീ കക്ഷികളുടെ പ്രവര്‍ത്തകര്‍ക്കും പങ്കുണ്ടെന്ന് ഹമീദ് സമ്മതിക്കുന്നു. ഇത് എന്‍.ഡി.എഫ് മുസ്‌ലിം ലീഗിനെ അല്‍പാല്‍പമായി വിഴുങ്ങുന്നതിന്റെയും സി.പി.എം, കോണ്‍ഗ്രസ് തുടങ്ങിയ കക്ഷികളില്‍ അവര്‍ നുഴഞ്ഞു കയറിയതിന്റെയും തെളിവാണെന്ന് അദ്ദേഹം വിലയിരുത്തുകയും ചെയ്യുന്നു. എന്നാല്‍ എന്‍.ഡി.എഫിന്‌ ജമാഅത്തെ ഇസ്‌ലാമിയെ അല്‍പം പോലും വിഴുങ്ങാനോ അതിന്റെ ഉള്ളില്‍ നുഴഞ്ഞു കയറാനോ സാധിച്ചിട്ടില്ല. എന്‍.ഡി.എഫിന്റെ വിവിധ രാഷ്ട്രീയ കക്ഷികളിലേക്കുള്ള നുഴഞ്ഞു കയറ്റം ഒരു ഇഷ്യൂ ആയപ്പോള്‍ മുസ്ലിം ലീഗില്‍ ദ്വയാംഗത്വം അംഗീകരിക്കുകയില്ലെന്ന് അന്നത്തെ ലീഗിന്റെ സംസ്ഥാന അദ്ധ്യക്ഷന്‌ പറയേണ്ടി വന്നു; ജമാഅത്ത് അമീറിന്ന് ഒരിക്കലും അങ്ങനെ പറയേണ്ടി വന്നിട്ടില്ല. ഇതൊക്കെ ഹമീദിനും അറിയാവുന്ന കാര്യങ്ങളാണ്‌. എന്നാലും ജമാഅത്താണ്‌ എന്‍.ഡി.എഫിനെ സൃഷ്ടിച്ചത് എന്ന വാദത്തിന്‌ ഒരു കുറവും ഇനിയും വരുത്തിയിട്ടില്ല. ഒരു കാലത്തും വരുത്തുകയുമില്ല. മുസ്‌ലിം തീവ്രവാദത്തിന്റെ പ്രത്യക്ഷ അടയാളമായി ഹമീദ് ചൂണ്ടിക്കാണിച്ചവയില്‍ ഒന്നിലേറെ സംഭവങ്ങളില്‍ അനിഷേധ്യമായ പങ്കാളിത്തം വഹിച്ച മുസ്‌ലിം ലീഗിന്റെ, സംസ്ഥാന സെക്രട്ടരി എം.കെ. മുനീറാണ്‌ ഹമീദിന്റെ മേല്‍ പറഞ്ഞ പുസ്തകം പ്രകാശനം ചെയ്തിട്ടുള്ളത്. ഹമീദും മുനീറും ഇപ്പോള്‍ എത്തിപ്പെട്ടിരിക്കുന്ന കടുത്ത വൈരുദ്ധ്യത്തിന്റെ ഏറ്റവും നല്ല ഉദാഹരണമാണിത്. ജമാഅത്തെ ഇസ്‌ലാമിയോടുള്ള ശത്രുതയാണ്‌ ഇരുവരെയും ഒന്നിപ്പിക്കുന്ന പൊതു ഘടകം.


ഹമീദ് പറയുന്നു: "ഇന്ദിരാഗാന്ധി സര്ക്കാര് ആര്.എസ്.എസ്സിനെ നിരോധിച്ചപ്പോള് തൂക്കമൊപ്പിക്കുന്നതിനായി പാവം ജമാഅത്തെ ഇസ്ലാമിയെയും നിരോധിച്ചു എന്ന പ്രചാരണം ഇതോടെ അസ്ഥാനത്താകുന്നു. ജമാഅത്തെ ഇസ്ലാമി ഇരയല്ല, ആര്.എസ്.എസ്സിന്റെ പ്രതിരൂപം തന്നെയാണ് എന്ന് ഇതു വ്യക്തമാക്കുന്നു."


ഇത് ഏറ്റ്പറയുന്ന ഹമീദ് ചില ചോദ്യങ്ങള്‍ക്ക് കൂടി ഉത്തരം നല്‍ക്കേണ്ടതുണ്ട്:


"ആര്.എസ്.എസ്സിനെ നിരോധിച്ചപ്പോള് തൂക്കമൊപ്പിക്കുന്നതിന്ന് വേണ്ടിയാണ്‌ ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ചത്" ഈ പ്രസ്താവന ആരുടേതാണ്‌?
1970-ല്‍ ആയോധനകല അഭ്യസിച്ചവര്‍ ഇന്നേതായാലും വാര്‍ദ്ധക്യം പ്രാപിച്ചിരിക്കുമല്ലോ. ജമാഅത്ത് ഈ പരിശീലനം ഇപ്പോഴും തുടരുന്നുണ്ടോ?
മേല്‍ പറഞ്ഞ ആയോധനകലയുടെ പരിശീലനക്കാര്യം കേന്ദ്ര/സംസ്ഥാന സര്‍ക്കാറുകള്‍ മനസ്സിലാക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ ജമാഅത്തിനെതിരെ വല്ല നടപടിയും സ്വീകരിക്കുകയും ചെയ്തിട്ടുണ്ടോ?
ജമാഅത്തിന്റെ ആയോധന പരിശീലന കേന്ദ്രങ്ങളില്‍ എത്രയെണ്ണം സര്‍ക്കാര്‍ പൂട്ടിച്ചിട്ടുണ്ട്?
ആയോധന പരിശീലനം/പരിശീലന കേന്ദ്രം നടത്തിയതിന്ന് ജമാഅത്തിനെതിരെ എത്ര കേസുകള്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്?
ഏതെല്ലാം പ്രദേശത്ത് നിന്നായി എത്ര പ്രവര്‍ത്തകര്‍ ഇവയില്‍ പ്രതികളായിട്ടുണ്ട്?
വല്ലപ്പോഴും വല്ല ആയുധങ്ങളും ജമാഅത്ത് കേന്ദ്രങ്ങളില്‍ നിന്നോ പ്രവര്‍ത്തകരില്‍ നിന്നോ പിടിക്കപ്പെട്ടിട്ടുണ്ടോ?
ആര്‍.എസ്.എസ്സിനെപോലെ ആയോധനകല അഭ്യസിച്ച ജമാഅത്ത് പ്രവര്‍ത്തകര്‍, ഇന്ന് വരെ ഒരു അക്രമത്തില്‍ പോലും പങ്കാളിയായതായി തെളിയിക്കാന്‍ കഴിയാതെ പോകുന്നത് എന്ത് കൊണ്ടാണ്‌?
ഈ ചോദ്യങ്ങള്‍ക്കൊന്നും തൃതികരമായ ഉത്തരം നല്‍കാന്‍ താങ്കള്‍ക്ക് കഴിയുന്നില്ലെങ്കില്‍, 'ആര്.എസ്.എസ്സിന്റെ പ്രതിരൂപം തന്നെയാണ് ജമാഅത്തെ ഇസ്‌ലാമി' എന്ന താങ്കളുടെ പ്രസ്താവന പച്ചക്കള്ളമാണെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നതില്‍ തെറ്റുണ്ടോ?


സമാപനം: ഒരു സംഘടനയുമായി തെറ്റിപ്പിരിയുന്ന ഒരാള്‍ക്ക് ആ സംഘടനയോട് പകയുണ്ടാവുക സ്വാഭാവികമാണ്‌. ഇങ്ങനെയൊരാള്‍ വൈരനിര്യാതനബുദ്ധിയോടെ നടത്തിയ ചില കള്ളപ്രചാരണങ്ങള്‍ മാത്രമാണ്‌ ഹമീദിന്റെ ആവനാഴിയിലെ ഏറ്റവും ശക്തമായ, ജമാഅത്ത് വിരുദ്ധ ആയുധം! ഒരു ബുദ്ധിജീവിയുടെ ഗതികേടെന്നല്ലാതെ എന്ത് പറയാന്‍?

കെ.കെ.ആലിക്കോയ


ജമാഅത്തെ ഇസ്‌ലാമി, സി.പി.എം, തീവ്രവാദം
"എല്ലാ ഭീകരവാദികളും മുസ്‌ലിംകളാണ്‌"
ജിഹാദ്
ഭീകരതയുടെ നിറംമാറ്റം
അസിമാനന്ദയ്ക്ക് പകരം യുക്തിവാദികള്‍

1 comment:

  1. ജമാഅത്ത്: ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നതിന് തെളിവില്ലെന്ന് സര്‍ക്കാര്‍
    http://www.madhyamam.com/node/76452
    കൊച്ചി: ജമാഅത്തെ ഇസ്‌ലാമി ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുവെന്നതിന് തെളിവുകളില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. സംഘടനക്കെതിരെ ഇതുസംബന്ധിച്ച് ഇതുവരെ കേസുകളൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും അഡീഷനല്‍ ചീഫ് സെക്രട്ടറി (ആഭ്യന്തരം, വിജിലന്‍സ്) കെ. ജയകുമാര്‍ സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. ജമാഅത്തെ ഇസ്‌ലാമിയെ നിരോധിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം വാഴക്കാലയിലെ ഇസ്‌ലാം മത്രപബോധകസംഘം കണ്‍വീനര്‍ അബ്ദുല്‍സമദ് സമര്‍പ്പിച്ച ഹരജിയിലാണ് സര്‍ക്കാറിന്റെ വിശദീകരണം.
    20 രേഖകളാണ് ഹരജിക്കൊപ്പം ഹാജരാക്കിയിട്ടുള്ളത്. ഇവയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന പൊലീസിലെ രഹസ്യാനേഷണ വിഭാഗം അന്വേഷണവും പരിശോധനയും നടത്തി. സംഘടനയുടെ പ്രസിദ്ധീകരണങ്ങള്‍ നിരോധിക്കലും പിടിച്ചെടുക്കലും അനിവാര്യമാക്കുന്ന ഒന്നും പരിശോധനയില്‍ കണ്ടെത്തിയിട്ടില്ല. അഡീഷനല്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ തിങ്കളാഴ്ച കോടതിയില്‍ നേരിട്ട് ഹാജരായിരുന്നു. സര്‍ക്കാറിന്റെ വിശദീകരണത്തെത്തുടര്‍ന്ന് ഹരജി വീണ്ടും പരിഗണിക്കുന്നത് ചീഫ് ജസ്റ്റിസ് ജെ. ചെലമേശ്വര്‍, ജസ്റ്റിസ് പി.എന്‍. രവീന്ദ്രന്‍ എന്നിരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് സെപ്റ്റംബര്‍ രണ്ടാം വാരത്തിലേക്ക് മാറ്റി.
    ഇത്തരം സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിച്ച് സര്‍ക്കാറിന് പ്രതിവാര റിപ്പോര്‍ട്ട് നല്‍കുന്നുണ്ട്. കോടതിയുടെ മുന്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി, ഇന്റലിജന്‍സ് എ.ഡി.ജി.പി, നിയമ സെക്രട്ടറി, രഹസ്യാന്വേഷണ വിഭാഗത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുടെ അടിയന്തര യോഗം വിളിച്ചുചേര്‍ത്തിരുന്നു. ഹരജിയിലെ ആരോപണങ്ങള്‍ കണക്കിലെടുത്ത് ദേശവിരുദ്ധ ആശയങ്ങള്‍ പ്രത്യക്ഷമായോ പരോക്ഷമായോ പ്രചരിപ്പിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാനും ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും അഡീഷനല്‍ ഡി.ജി.പിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ സര്‍ക്കാര്‍ ഉചിതമായ നടപടിയെടുക്കും. ഈ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ പ്രസിദ്ധീകരണങ്ങളുടെ കാര്യത്തില്‍ എന്ത് നടപടിയെടുക്കണമെന്ന് തീരുമാനിക്കാനാകൂ. സാമ്പത്തിക സ്രോതസ്സിനെക്കുറിച്ച് അന്വേഷിക്കാനും എ.ഡി.ജി.പിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിക്കുന്ന മുറക്ക് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കും.
    1908ലെ ക്രിമിനല്‍ നിയമഭേദഗതി ആക്ടിലെ 16 ാം വകുപ്പ് പ്രകാരം ഒരു സംഘടനയെ നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് കഴിയുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍, അതിക്രമങ്ങളില്‍ പങ്കാളിത്തമുണ്ടെന്ന് തെളിവില്ലാത്ത സാഹചര്യത്തില്‍ ജമാഅത്തെ ഇസ്‌ലാമിക്കെതിരെ ഈ വകുപ്പ് ബാധകമാക്കാനാകില്ലെന്നാണ് നിയമോപദേശം ലഭിച്ചിട്ടുള്ളത്. എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം ആവശ്യമെങ്കില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
    സംഘടന ദേശവിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നും മറ്റും ആരോപിച്ചാണ് ഹരജിക്കാരന്‍ കോടതിയിലെത്തിയത്. ഹരജിയില്‍ പറയുന്നതുപോലുള്ള കാര്യങ്ങളില്‍ സര്‍ക്കാറിന്റെ ശ്രദ്ധ വേണമെന്നതിനാലാണ് അഡീഷനല്‍ ചീഫ് സെക്രട്ടറിയോട് നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നതെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

    ReplyDelete