Followers

Sunday, January 2, 2011

ജിഹാദ്

ജിഹാദ്! ഇസ്‌ലാമിന്റെ സാങ്കേതിക പദങ്ങളില്‍ ഏറെ തെറ്റിദ്ധരിക്കപ്പെട്ടതും തെറ്റിദ്ധരിപ്പിക്കപ്പെട്ടതുമായ ഒന്നാണിത്. جَاهَدَ (ജാഹദ) എന്ന ക്രിയയില്‍ നിന്നാണ്‌ ഇതിന്റെ ഉല്‍ഭവം. അര്‍ത്ഥം: ശാരീരികമോ മാനസികമോ ആയ കഴിവ് ഉപയോഗിച്ചു, നല്ല വണ്ണം പരിശ്രമിച്ചു. അപ്പോള്‍ ജിഹാദ് എന്നാല്‍  മാനസികവും ശാരീരികവുമായ കഴിവുകള്‍ ഉപയോഗിച്ചു കൊണ്ട് ഒരു ലക്‌ഷ്യത്തിന്നായി നടത്തുന്ന പരിശ്രമം ആകുന്നു. ഇതിന്റെ വിപരീതപദമായി ഖുര്‍ആനില്‍ ഖുഊദ് (ഇരുത്തം) എന്ന പദം ഉപയോഗിച്ചിട്ടുണ്ട്. "സത്യവിശ്വാസികളില്‍ പെട്ട, പ്രയാസം ഇല്ലാതിരുന്നിട്ടും ഇരുന്നു കളഞ്ഞവരും (ഖാഇദൂന്‍) അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ സമ്പത്ത് കൊണ്ടും ശരീരം കൊണ്ടും അദ്ധ്വാനിച്ചവരും (മുജാഹിദൂന്‍) തുല്യരാവുകയില്ല. (4/95) ഖാഇദ്, മുജാഹിദ് എന്നീ പദങ്ങളാണ്‌ പരസ്പര വിരുദ്ധമായ ആശയങ്ങള്‍ സൂചിപ്പിക്കാന്‍ വേണ്ടി ഈ സൂക്തത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.

അതായത് നിഷ്‌ക്രിയത്വത്തിന്റെ വിപരീതപദമാണ്‌ ജിഹാദ്. അഥവാ അത് യുദ്ധത്തിന്റെ പര്യായപദമല്ല. ഇപ്പറഞ്ഞതിന്റെ അര്‍ത്ഥം ജിഹാദിന്റെ പരിധിയില്‍ യുദ്ധം ഉള്‍പെടില്ലെന്നല്ല; അതും ഉള്‍പെടും. പക്ഷെ യുദ്ധം = ജിഹാദ് എന്ന സമീകരണം ശരിയല്ല. ജിഹാദിന്ന് പല പടികളും തലങ്ങളുമുണ്ട്. അവയില്‍ അവസാനതേതാണ്‌ ഖിതാല്‍ അഥവാ യുദ്ധം.

ആത്മ സംസ്കരണത്തിന്നുള്ള പരിശ്രമം ജിഹാദാണ്‌. പ്രവാചകന്‍ പറഞ്ഞു: "ദൈവത്തെ അനുസരിക്കുന്ന കാര്യത്തില്‍ തന്നോട് തന്നെ ജിഹാദ് നടത്തുന്നവനാണ്‌ മുജാഹിദ്." (അഹ്‌മദ് 24685) ഇത് യഥാര്‍ത്ഥത്തില്‍ യുദ്ധമല്ല; എന്നാല്‍ യുദ്ധമെന്ന് വിളിക്കുകയുമാവാം. ഒരു വ്യക്തി ഏറ്റവും ശക്തമായ പോരാട്ടം നടത്തേണ്ടി വരുക സ്വന്തം മനസ്സിനോടും അതിന്റെ അനുസരണക്കേടിനോടും തന്നെ ആയിരിക്കും.

ആശയസമരം ജിഹാദാണ്‌. പ്രവാചകന്ന് പ്രതിരോധയുദ്ധം നടത്താനുള്ള അനുമതി ലഭിച്ചത് അദ്ദേഹം മദീനയില്‍ ഒരു രാഷ്ട്രം സ്ഥാപിച്ചതിന്ന് ശേഷം, രണ്ടാം വര്‍ഷത്തിലാണ്‌. എന്നാല്‍ അദ്ദേഹം മക്കയില്‍ ആയിരുന്നപ്പോഴും ജിഹാദിന്നുള്ള കല്‍പന അദ്ദേഹത്തിന്ന് കിട്ടിയിട്ടുണ്ട്. "സത്യനിഷേധികളെ നീ അനുസരിക്കരുത്. അവരോട് അത് (ഖുര്‍ആന്‍) കൊണ്ട് നീ വലിയ ജിഹാദ് നടത്തുക. (25/52) ആശയസമരമാണ്‌ ഉദ്ദേശ്യം. അഥവാ അതും ജിഹദ് തന്നെയാണ്‌.

നന്മയിലേക്ക് സമൂഹത്തെ പരിവര്‍ത്തിപ്പിക്കുന്നതിന്നുള്ള ശ്രമം ജിഹാദാണ്‌. പ്രവാചകന്‍ പറഞ്ഞു: "നിങ്ങളിലാരെങ്കിലും ഒരു തിന്മ കണ്ടാല്‍ സാധിക്കുമെങ്കില്‍ അത് കൈകൊണ്ട് തിരുത്തണം. അതസാദ്ധ്യമെങ്കില്‍ നാവ് കൊണ്ട്. അതും അസാദ്ധ്യമെങ്കില്‍ മനസ്സ് കൊണ്ട്. അതാണ്‌ ഏറ്റവും ദുര്‍ബലമായ ഈമാന്‍." (അഹ്‌മദ് 11371)


നീതിക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്നത് ജിഹാദാണ്‌. നബി പറഞ്ഞു: "സ്വേച്ഛാധികാരിയായ ഒരു ഭരണാധികാരിക്ക് മുമ്പില്‍ നീതിക്ക് വേണ്ടി ശബ്ദിക്കുന്നതാണ്‌ ഏറ്റവും ശ്രേഷ്ഠമായ ജിഹാദ്." (അബൂ ദാവൂദ് 4344)

ഒരു ഇസ്‌ലാമിക രാഷ്ട്രത്തിലെ സൈന്യം ആയുധമുപയോഗിച്ച് ശത്രുക്കളോട് നടത്തുന്ന യുദ്ധവും ജിഹാദ് തന്നെയാണ്‌. അതിന്നാരും തെളിവ് ചോദിക്കുകയില്ലെന്നറിയാം. അത്കൊണ്ട് ഇവിടെ ഒന്നും ഉദ്ധരിക്കുന്നില്ല. ഇത് മാത്രമല്ല ജിഹാദ് എന്നതാണ്‌ എനിക്ക് ഊന്നിപ്പറയാനുള്ളത്. സുപ്രസിദ്ധ താബിഈ പണ്ഡിതനായ അല്‍ ഹസന്‍ അല്‍ ബസ്വരീ (മരണം ഹിജ്‌റ 120) പറഞ്ഞത് ഇതിനോട് ചേര്‍ത്ത് വായിക്കുക: "ജീവിത കാലത്ത് ഒരിക്കല്‍ പോലും വാളെടുത്തിട്ടില്ലാത്ത വ്യക്തിയും ജിഹാദ് ചെയ്യുന്നുണ്ട്." (തഫ്‌സീര്‍ ഇബ്‌നു കസീര്‍, ഖുര്‍ആന്‍ 29/6 ന്റെ വ്യാഖ്യാനത്തില്‍)


കെ.കെ. ആലിക്കോയ

അസിമാനന്ദയും കാളിദാസനും
"എല്ലാ ഭീകരവാദികളും മുസ്‌ലിംകളാണ്‌"
ഭീകരതയുടെ കുത്തക മുസ്‌ലിംകള്‍ക്കോ?
ഭീകരതയുടെ നിറംമാറ്റം

2 comments:

 1. സര്‍,
  സാധാരണയായി ജിഹാദികള്‍ എന്ന് വിളിക്കുന്നത് തീവ്രവാദികളെയാണ്‌ .എന്നിട്ടും ഇവിടെ ഇങ്ങനെയൊക്കെ പറയാന്‍ കാരണമെന്തെന്ന് മനസ്സിലാകുന്നില്ല. തീവ്രവാദത്തെ വെള്ള പൂശാനുള്ള ശ്രമമാണോ എന്നൊരു സംശയം.

  ReplyDelete
 2. To Dooasis:

  * ഇസ്‌ലാമിനെ ഭീകരതയുടെ മതമാക്കി ചീത്രീകരിക്കാന്‍ വേണ്ടി അതിന്റെ സാങ്കേതികപദത്തെ ദുരുപയോഗം ചെയ്യുന്നതിന്റെ ഉദാഹരണമാണത്.
  * തീവ്രവാദത്തെ വെള്ള പൂശാനുള്ള ഒരു ശ്രമവും ഞാന്‍ നടത്തിയിട്ടില്ല. തീവ്രവാദം വേറെ ഇസ്‌ലമിന്റെ ജിഹാദ് വേറെ. അത് തിര്ച്ചറിയണമെന്നാണ്‌ ഈ ലേഖനം ആവശ്യപ്പെടുന്നത്.

  ReplyDelete