Followers

Sunday, January 16, 2011

ഖാദിയാനിസം, റശാദ് ഖലീഫ, ഹാറൂന്‍ യഹ്‌യാ: അന്ത്യപ്രവാചകനും അന്ത്യദൂതനും -3

ഈ ലേഖനത്തിന്റെ ഒന്ന് , രണ്ട് ഭാഗങ്ങള്‍ വായിക്കുക.


മഹ്‌ദി എന്ന റസൂല്‍

ഈസാ നബി പ്രവചിച്ചതായി ഖുര്‍ആന്‍ 61/6 ചൂണ്ടിക്കാണിച്ച അഹ്‌മദ് എന്ന് പേരുള്ള റസൂലിനെക്കുറിച്ച് ഹാറൂന്‍ യഹ്‌യാ എഴുതുന്നു: “And when Jesus son of Maryam said, “Tribe of Israel, I am the Messenger of Allah to you, confirming the Torah which came before me and giving you the good news of a messenger after me whose name is Ahmad.” When he brought them the clear signs, they said, “This is downright magic.” (Surat as-Saff, 6)
“Prophet Jesus (pbuh) imparts the tidings that this messenger who will come after him will be called “Ahmad.” Examination of the Qur’an as a whole shows that those verses referring to Prophet Muhammad (may Allah bless him and grant him peace) either use the name “Muhammad” or else just the term “prophet.” Nowhere in the Qur’an is the name “Ahmad” used for the Prophet (may Allah bless him and grant him peace). The name appears only once in the Qur’an, in a verse revealing the glad tidings of a messenger. This supports the idea that the name “Ahmad” refers to Mahdi who will come in the End Times, as well as our Prophet (may Allah bless him and grant him peace). And Allah knows best. In addition, as in the previous verse, the fact that it is Prophet Jesus (pbuh) who imparts the name of the messenger is another piece of evidence reinforcing this interpretation.” (Pages 77 The Mahdi a Descendant of prophet Abraham [PBUH] can be downloaded from: http://www.harunyahya.com/books/faith/descendent/descendent_01.php)

'അല്ലഹു പറഞ്ഞു: 'മര്‍യമിന്റെ പുത്രന്‍ ഈസാ പറഞ്ഞ സന്ദര്‍ഭം അനുസ്‌മരിക്കുക: ഇസ്‌റാഈല്‍ ഗോത്രമേ, എനിക്ക് മുമ്പ് വന്ന തൌറാത്തിനെ സത്യപ്പെടുത്തിക്കൊണ്ടും എനിക്ക് ശേഷം വരാനിരിക്കുന്ന അഹ്‌മദ് എന്ന് പേരുള്ള ദൂതനെക്കുറിച്ച് സന്തോഷവാര്‍ത്ത അറിയിച്ച് കൊണ്ടും നിങ്ങളിലേക്ക് വന്ന അല്ലാഹുവിന്റെ ദൂതനാണ്‌ ഞാന്‍. വ്യക്തമായ ദൃഷ്ടാന്തങ്ങളുമായി അദ്ദേഹം അവരുടെ അടുത്ത് വന്നപ്പോള്‍ അവര്‍ പറഞ്ഞു: ഇത് വ്യക്തമായ മാരണം തന്നെ. (സൂറഃ അസ്സ്വഫ്ഫ് 6) ഈസാ നബി അദ്ദേഹത്തിന്‌ ശേഷം വരാനിരിക്കുന്ന ദൂതന്റെ പേര്‌ പരിചയപ്പെടുത്തിയത് 'അഹ്‌മദ്' എന്നാണ്‌. ഖുര്‍ആന്‍ മുഴുവന്‍ പരിശോധിച്ചാലും, മുഹമ്മദ് നബിയെ പരാമര്‍ശിക്കുന്ന സൂക്തങ്ങള്‍ അദ്ദേഹത്തെ 'മുഹമ്മദ്' എന്നോ അല്ലെങ്കില്‍ 'പ്രവാചകന്‍' എന്ന് മാത്രമോ ആണ്‌ വിളിക്കുന്നത് എന്ന് കാണാം. മുഹമ്മദ് നബിയുടെ പേരായിട്ട് ഖുര്‍ആനില്‍ എവിടെയും 'അഹ്‌മദ്' എന്ന പദം ഉപയോഗിച്ചിട്ടേയില്ല. ഒരു ദൂതനെക്കുറിച്ച് സന്തോഷ വാര്‍ത്ത അറിയിക്കുന്ന ഒരു സൂക്തത്തില്‍ മാത്രം, ഒരിക്കലാണ്‌ ഈ പദം ഖുര്‍ആനില്‍ വന്നിരിക്കുന്നത്. അഹ്‌മദ് കൊണ്ടുദ്ദേശ്യം മുഹമ്മദ് നബിയാണ്‌ എന്ന ആശയത്തെ മാത്രമല്ല; അവസാന കാലത്ത് വരുന്ന മഹ്‌ദിയാണ്‌ എന്ന ആശയത്തെയും ഇത് പിന്തുണക്കുന്നു. അല്ലഹുവിന്നറിയാം. കൂടാതെ ഈസാ നബിയാണ്‌ ഈ ദൂതന്റെ പേര്‌ പറയുന്നത് എന്നത് ഈ വീക്ഷണത്തിന്റെ മറ്റൊരു തെളിവാണ്‌.)

ഞന്‍ തന്നെയാണ്‌ അഹ്‌മദും മുഹമ്മദും എന്ന് നബി (സ) വ്യക്തമാക്കിയിട്ടുണ്ട്. (ബുഖാരി, മുസ്‌ലിം) എന്നിരിക്കെ ഈസാ നബി പ്രവചിച്ച അഹ്‌മദ് എന്ന് പേരുള്ള ദൂതന്‍ മറ്റൊരാളായിരിക്കാന്‍ തീരേ സാദ്ധ്യതയില്ല. ഇതാണ്‌ ഖുര്‍ആന്‍ വ്യഖ്യാതാക്കള്‍ അംഗീകരിച്ച കാഴ്ചപ്പാട്. എന്നാല്‍ ഹാറൂന്‍ യഹ്‌യാ മഹ്‌ദിയെക്കുറിച്ച് പറയുന്നത് അദ്ദേഹം അല്ലാഹുവിനാല്‍ അയക്കപ്പെട്ട ഒരു ദൂതനായിരിക്കുമെന്നാണ്‌. വരാനിരിക്കുന്ന മഹ്‌ദിയുടെ പേര്‌ നബി തിരുമേനിയുടെ പേര്‌ തന്നെ ആയിരിക്കുമെന്ന് ഹദീസുകളില്‍ കാണാം. പക്ഷെ അദ്ദേഹം റസൂല്‍ ആയിരിക്കുമെന്നല്ല; ഇമാം ആയിരിക്കുമെന്ന് മാത്രമാണ്‌ നബി വ്യക്തമാക്കിയത്.

റസൂലും നബിയും

ഇസ്‌ലാമിന്റെ രണ്ട് സാങ്കേതിക പദങ്ങളായ നബി, റസൂല്‍ (പ്രവാചകന്‍, ദൂതന്‍) ഇവ തമ്മില്‍ വ്യത്യാസമുണ്ടോ എന്നത് സംബന്ധിച്ച് ഇസ്‌ലാമിക പണ്ഡിതന്‍മാര്‍ ധാരാളം ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. അവരില്‍ ചിലര്‍ നബിക്ക് ഉയര്‍ന്ന സ്ഥാനവും റസൂലിന്ന് അതിന്റെ താഴെയുള്ള സ്ഥാനവും കല്‍പ്പിക്കുന്നു. 'എല്ലാ റസൂലും നബിയല്ല; എല്ലാ നബിയും റസൂലാണ്‌' എന്നതാണിവരുടെ സമവാക്യം. മറ്റു ചിലര്‍, റസൂലിന്ന് ഉയര്‍ന്ന സ്ഥാനവും നബിക്ക് അതിന്ന് താഴെയുള്ള സ്ഥാനവും കല്‍പ്പിക്കുന്നു. 'എല്ലാ നബിയും റസൂലല്ല; എന്നാല്‍ എല്ലാ റസൂലും നബിയാണ്‌' എന്നതാണിവരുടെ സമവാക്യം. പക്ഷെ, ഇവയൊന്നും ഖണ്ഡിതമായ തെളിവുകളാല്‍ സ്ഥാപിക്കുവാന്‍ ഇവരിലാര്‍ക്കും സാധിച്ചിട്ടില്ല.

റശാദ് ഖലീഫയുടെയും ഹാറൂന്‍ യഹ്‌യായുടെയും അഭിപ്രായത്തില്‍ 'പുതിയ ഗ്രന്‍ഥവുമായി വരുന്നയാള്‍ ദൂതനും പ്രവാചകനുമാണ്‌. നിലവിലുള്ള ഗ്രന്‍ഥം പ്രബോധനം നടത്താന്‍ വരുന്നയാള്‍ ദൂതന്‍ മാത്രമാണ്‌ പ്രവാചകനല്ല.'

എന്നാല്‍, ഗ്രന്‍ഥം നല്‍കപ്പെട്ടിട്ടില്ലാത്ത ഹാറൂനിനെ നബിയെന്ന് വിളിച്ചിട്ടുണ്ടെന്നിരിക്കെ, ഈ നിര്‍വ്വചനം എങ്ങനെയാണ്‌ ശരിയാവുക എന്ന ചോദ്യത്തിന്‌ റശാദ് അദ്ദേഹത്തിന്റെ വെബ്സൈറ്റില്‍ നല്‍കിയ മറുപടി ഖുര്‍ആന്‍ 37/117 ആണ്‌. وَآتَيْنَاهُمَا الْكِتَابَ الْمُسْتَبِينَ 'അവരിരുവര്‍ക്കും (മൂസാ, ഹാറൂന്‍) നാം വ്യക്തമായ ഗ്രന്‍ഥം നല്‍കി.' അതായത് അല്ലാഹു തൌറാത്ത് നല്‍കിയത് മൂസാ നബിക്ക് മാത്രമാണെന്ന വിശ്വാസം ശരിയല്ല; അവരിരുവര്‍ക്കുമാണ്‌ തൌറാത്ത് നല്‍കപ്പെട്ടത് എന്ന്.

ഇതാണ്‌ മറുപടിയെങ്കില്‍ പ്രവാചകന്‍മരുടെ എണ്ണം നിരവധി കോടികളാണെന്ന് ഇവര്‍ സമ്മതിക്കേണ്ടി വരും. കാരണം, ഖുര്‍ആനില്‍ ഇങ്ങനെയും ചില വചനങ്ങളുണ്ട്. الَّذِينَ آتَيْنَاهُمُ الْكِتَابَ يَعْرِفُونَهُ كَمَا يَعْرِفُونَ أَبْنَاءَهُمْ وَإِنَّ فَرِيقًا مِنْهُمْ لَيَكْتُمُونَ الْحَقَّ وَهُمْ يَعْلَمُونَ നാം ഗ്രന്‍ഥം നല്‍കിയിട്ടുള്ളവരാരോ അവര്‍ തങ്ങളുടെ മക്കളെ തിരിച്ചറിയും പ്രകാരം അദ്ദേഹത്തെ (മുഹമ്മദ് നബിയെ) തിരിച്ചറിയുന്നു. അവരില്‍ ഒരു വിഭാഗം അറിഞ്ഞു കൊണ്ട് സത്യം മറച്ചുവയ്ക്കുകയാകുന്നു. (ഖുര്‍ആന്‍ 2/146. കൂടാതെ 2/121; 6/20,6/89, 6/114; 13/36; 28/52; 29/47 എന്നിവയും കാണുക.) അപ്പോള്‍ ഗ്രന്‍ഥം നല്‍കപ്പെട്ടവരായിട്ട് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നവര്‍ ഇവരുടെ വാദമനുസരിച്ച് പ്രവാചകന്‍മാരാകേണ്ടതാണ്‌. അങ്ങനെ വരുമ്പോള്‍ അഹ്‌ലുല്‍ കിതാബിലെ മുഴുവന്‍ അംഗങ്ങളും പ്രവാചകന്‍മാരായിരിക്കും. മാത്രമല്ല; അല്ലാഹുവിന്റെ പ്രവാചകന്‍മാരില്‍ ചിലര്‍ സത്യം മനസ്സിലാക്കിയിട്ടും അത് മറച്ചുവയ്ക്കുന്നവരായിരുന്നു എന്ന് കൂടി ഇവര്‍ വാദിക്കേണ്ടി വരും. 'പറയുക: അല്ലഹുവിന്‌ മേല്‍ വ്യാജം ചമയ്ക്കുന്നവര്‍ വിജയിക്കുകയില്ല. (ഖുര്‍ആന്‍ 10/69)

പ്രവാചകന്‍മാര്‍ എന്നാല്‍ ഗ്രന്‍ഥം നല്‍കപ്പെട്ടവരാണ്‌ എന്ന് ഖുര്‍ആന്‍ കൊണ്ട് തെളിയിക്കാന്‍ സാദ്ധ്യമല്ല. കാരണം, ദൂതന്‍മാരെ പരിചയപ്പെടുത്തിക്കൊണ്ട് ഖുര്‍ആന്‍ പറയുന്നത് കാണുക: لَقَدْ أَرْسَلْنَا رُسُلَنَا بِالْبَيِّنَاتِ وَأَنْزَلْنَا مَعَهُمُ الْكِتَابَ وَالْمِيزَانَ വ്യക്തമായ ദൃഷ്ടാന്തങ്ങളുമായി നാം ദൂതന്‍മാരെ അയച്ചിരിക്കുന്നു. അവരോടൊപ്പം ഗ്രന്‍ഥവും ത്രാസും ഇറക്കിയിരിക്കുന്നു. (57/27)

മുഹമ്മദ് നബിയെ ആശ്വസിപ്പിക്കുന്ന ഒരു സൂക്തം കാണുക: فَإِنْ كَذَّبُوكَ فَقَدْ كُذِّبَ رُسُلٌ مِنْ قَبْلِكَ جَاءُوا بِالْبَيِّنَاتِ وَالزُّبُرِ وَالْكِتَابِ الْمُنِيرِ അവര്‍ നിന്നെ കളവാക്കുന്നുവെങ്കില്‍ നിന്റെ മുന്‍ഗാമികളായ, വ്യക്തമായ ദൃഷ്ടാന്തങ്ങളും ഏടുകളും പ്രകാശിക്കുന്ന ഗ്രന്‍ഥങ്ങളും കൊണ്ട് വന്ന, ദൂതന്‍മാരും കളവാക്കപ്പെട്ടിട്ടുണ്ട്. (ഖുര്‍ആന്‍ 3/184, 35/25) ഗ്രന്‍ഥങ്ങള്‍ കൊണ്ട് വന്നവരെ ഇവിടെ നബി എന്നല്ല; റസൂല്‍ എന്നാണ്‌ പരിചയപെടുത്തിയത്. റശാദ് ഖലീഫയും അദ്ദേഹത്തെ കോപ്പിയടിച്ചുകൊണ്ട് ഹാറൂന്‍ യഹ്‌യായും പറയുന്നത് പോലെയല്ല അല്ലാഹു പറഞ്ഞിട്ടുള്ളത്. നമുക്ക് അല്ലാഹുവിന്റെ വാക്കുകളെ അവലംബിക്കാം.

ഖുര്‍ആന്‍ 2/246-247 സൂക്തങ്ങളില്‍ ഇസ്‌റാഈല്യര്‍ അവരുടെ നബിയോട് ഒരു രാജാവിനെ നിശ്ചയിച്ചു കൊടുക്കാന്‍ ആവശ്യപ്പെട്ടതും അതനുസരിച്ച് രാജാവ് നിശ്ചയിക്കപ്പെട്ടതും വിവരിക്കുന്നുണ്ട്. ഇവരുടെ മേല്‍ പറഞ്ഞ വാദം ശരിയാണെങ്കില്‍ ഈ പറയപ്പെട്ട നബി ആരാണ്‌? അദ്ദേഹത്തിന്‌ നല്‍കപ്പെട്ട ഗ്രന്‍ഥം ഏതാണ്‌?

ദൂതന്‍, പ്രവാചകന്‍ എന്നിവ പരസ്പരം മാറി ഉപയോഗിക്കാവുന്ന രണ്ട് സാങ്കേതിക പദങ്ങളായിട്ടാണ്‌ ഖുര്‍ആന്‍ പരിചയപെടുത്തുന്നത്. ഇസ്‌ലാമിലെ വിശ്വാസകാര്യങ്ങള്‍ എണ്ണിപ്പറഞ്ഞ സൂക്തങ്ങള്‍ ഇതിന്ന് തെളിവാണ്‌. ഖുര്‍ആന്‍ 2/177 ല്‍ അല്ലഹുവിലും അന്ത്യനാളിലും മലക്കുകളിലും ഗ്രന്‍ഥങ്ങളിലും 'പ്രവാചകന്‍മാരിലും' വിശ്വസിക്കാന്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍, ഖുര്‍ആന്‍ 4/136, 2/285 സൂക്തങ്ങളില്‍ അല്ലാഹു, മലക്കുകള്‍, ഗ്രന്‍ഥങ്ങള്‍, 'ദൂതന്‍മാര്‍' ഇവയില്‍ വിശ്വസിക്കാനാണ്‌ നിര്‍ദ്ദേശം. പ്രവാചകന്‍, ദൂതന്‍ ഇവ രണ്ടും പര്യായപദങ്ങള്‍ പോലെ ഉപയോഗിക്കാമെന്നാണല്ലോ ഇതിന്നര്‍ത്ഥം. അപ്പോള്‍ മുഹമ്മദ് (സ) അന്ത്യപ്രവാചകനാണെങ്കില്‍ അതിന്നര്‍ത്ഥം അദ്ദേഹം അന്ത്യദൂതന്‍ കൂടി ആയിരിക്കുമെന്നാണ്‌. മുഹമ്മദ് നബിയും കൂടെ മറ്റു ദൂതന്‍മാരും പരാമര്‍ശിക്കപ്പെടുന്ന മുഴുവന്‍ സൂക്തങ്ങളും പരിശോധിച്ചാല്‍ 'മുഹമ്മദ് നബിയും അദ്ദേഹത്തിന്ന് മുമ്പുള്ള ദൂതന്‍മാരും എന്ന പ്രയോഗമല്ലാതെ ശേഷമുള്ള ദൂതന്‍/മാര്‍ എന്ന പ്രയോഗം ഒരിടത്തം കാണാന്‍ സാദ്ധ്യമല്ല. അല്ലാഹു എന്തിനാണ്‌ ഇക്കാര്യത്തില്‍ ഇത്ര വലിയ സൂക്‌ഷമത പാലിച്ചത്?

ഉഹ്‌ദ് യുദ്ധ വേളയില്‍ നബി (സ) കൊല്ലപ്പെട്ടുവെന്ന കംവദന്തി പരന്നപ്പോള്‍ അതിന്ന് മറുപടിയായി ഇറങ്ങിയ സൂക്തമാണല്ലോ ഖുര്‍ആന്‍ 3/144. 'മുഹമ്മദ് ഒരു ദൂതന്‍ അല്ലാതെയല്ല/ മാത്രമാകുന്നു. അദ്ദേഹത്തിന്‌ മുമ്പും ദൂതന്‍മാര്‍ കഴിഞ്ഞു പോയിട്ടുണ്ട്. എന്നിരിക്കെ അദ്ദേഹം മരിക്കുകയോ കൊല്ലപ്പെടുകയോ ചെയ്താല്‍ നിങ്ങള്‍ പിന്തിരിഞ്ഞോടുകയാണോ?'

ഇവരുടെ വാദം ശരിയാണെങ്കില്‍, മുഹമ്മദ് താഴ്ന്ന പടിയിലുള്ള വെറുമൊരു ദൂതന്‍ മാത്രമാണ്‌. ഉയര്‍ന്ന പ്രവാചകത്വ പദവി അദ്ദേഹത്തിന്ന് ലഭിച്ചിട്ടില്ല എന്നായിരിക്കും ഇതിന്നര്‍ത്ഥം. ഇങ്ങനെ ഒരു ദുരര്‍ത്ഥം ഇതിന്ന് വന്നു ചേരാതിരിക്കണമെങ്കില്‍ അല്ലാഹു പറയേണ്ടിയിരുനത്: 'മുഹമ്മദ് ഒരു ദൂതനും പ്രവാചകനും അല്ലാതെയല്ല' എന്നായിരുന്നില്ലേ? ചുരുങ്ങിയത് 'ഒരു പ്രവാചകന്‍ അല്ലാതെയല്ല' എന്നെങ്കിലും പറയേണ്ടിയിരുന്നില്ലേ? അതോടൊപ്പം ഈ സൂക്തത്തില്‍ മുഹമ്മദിന്ന് മുമ്പ് ദൂതന്‍മാര്‍ കഴിഞ്ഞു പോയിട്ടുണ്ടെന്ന് പറയുന്നു. എന്നാല്‍ ശേഷം വരാനിരിക്കുന്ന ദൂതന്‍മാരെക്കുറിച്ച് ഒന്നും പറയുന്നുമില്ല. വരാനുണ്ടായിരുന്നുവെങ്കില്‍ അത് സൂചിപ്പിക്കുവാന്‍ ഏറ്റവും പറ്റിയ സന്ദര്‍ഭമായിരുന്നില്ലേ ഇത്? 'മുഹമ്മദിന്ന് മുമ്പ് ദൂതന്‍മാര്‍ കഴിഞ്ഞു പോയിട്ടുണ്ടെന്നത് പോലെ ഇനിയും ദൂതന്‍/മാര്‍ വരാനുമുണ്ട്' എന്ന് പറയുമ്പോഴല്ലേ 'അദ്ദേഹം കൊല്ലപ്പെട്ടുവെന്ന് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ പിന്തിരിഞ്ഞോടുകയാണോ' എന്ന ചോദ്യം കൂടുതല്‍ പ്രസക്തമാവുക?

അല്ലാഹുവിനാല്‍ അയക്കപ്പെട്ട എല്ലാവരും തുല്യരല്ല. അല്ലാഹു പറയുന്നു: 'ആ ദൂതന്‍മാരില്‍ ചിലരെ ചിലരേക്കാള്‍ നാം ശ്രേഷ്ഠരാക്കിയിരിക്കുന്നു. അവരില്‍ അല്ലാഹു ഭാഷണം നടത്തിയവരുണ്ട്. അവരില്‍ ചിലര്‍ക്ക് ചിലരേക്കാള്‍ ഉയര്‍ന്ന പദവികള്‍ നല്‍കിയിരിക്കുന്നു. മര്‍യമിന്റെ പുത്രന്‍ ഈസായ്ക്ക് നാം വ്യക്തമയ ദൃഷ്ടാന്തങ്ങള്‍ നല്‍കുകയും അദ്ദേഹത്തെ പരിശുദ്ധാത്മാവ് കൊണ്ട് ശക്തിപ്പെടുത്തുകയും ചെയ്തിരിക്കുന്നു.' (ഖുര്‍ആന്‍ 2/253) ഈ സൂക്തത്തില്‍ 'ദൂതന്‍മാര്‍' എന്ന പദമാണ്‌ ഉപയോഗിച്ചത്. എന്നിട്ട് പരാമര്‍ശിച്ചവരില്‍ (അല്ലാഹു ഭാഷണം നടത്തിയ) മൂസാ, പിന്നെ ഈസാ എന്നിവരെ കാണാം. ഇരുവരും ഗ്രന്‍ഥം നല്‍കപ്പെട്ടവരാണ്‌.

മറ്റൊരു സുക്തം കാണുക: 'ചില പ്രവാചകന്‍മാരെ ചിലരേക്കാള്‍ നാം ശ്രേഷ്ഠരാക്കിയിരിക്കുന്നു. ദാവൂദിന്ന് നാം സബൂര്‍ നല്‍കിയിരിക്കുന്നു.' (ഖുര്‍ആന്‍ 17/55) ഈ സൂക്തത്തില്‍ 'പ്രവാചകന്‍മാര്‍' എന്ന പദമാണ്‌ ഉപയോഗിച്ചത്. എന്നിട്ട് ദാവൂദിന്ന് സബൂര്‍ എന്ന ഗ്രന്‍ഥം നല്‍കിയതായി പറയുന്നു. റസൂലും നബിയും തമ്മിലുണ്ടെന്ന് ഇവര്‍ പറയുന്ന വ്യത്യാസം സാധുവായിരുന്നുവെങ്കില്‍ ഒന്നാമത്തെ സൂക്തത്തില്‍ ഗ്രന്‍ഥം നല്‍കപ്പെട്ടിട്ടില്ലാത്തവരുടെ പേരാണ്‌ പറയേണ്ടിയിരുന്നത്. ഒരു കാര്യം അറിയിക്കുന്നതിന്ന് ഒരിടത്ത് 'ദൂതന്‍മാര്‍' എന്നും മറ്റൊരിടത്ത് 'പ്രവാചകന്‍മാര്‍' എന്നും പ്രയോഗിച്ചിരിക്കുന്നു എന്ന് മാത്രമേ ഈ സൂക്തങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കുകയുള്ളു.

ശഹാദത്ത് കലിമയില്‍ നിന്ന് 'മുഹമ്മദുര്‍റസൂലുല്ലാഹ്' മുറിച്ചു മാറ്റിയ ആളാണ്‌ റശാദ് ഖലീഫ. 'ദീന്‍ അല്ലാഹുവിന്ന് മാത്രമായിരിക്കണ'മെന്ന ഖുര്‍ആന്‍ വാക്യമാണിതിന്ന് ആധാരമായി അദ്ദേഹം സ്വീകരിച്ചത്. ഇങ്ങനെയുള്ള ഒരാള്‍ക്ക് ഹദീസുകള്‍ പൈശാചിക കൃതികളായി തോന്നുന്നതില്‍ അല്‍ഭുതത്തിന്നവകാശമില്ല. എന്നാല്‍, ഹാറൂന്‍ യഹ്‌യാ ഹദീസ് അംഗീകരിക്കുന്ന, അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തില്‍ പെട്ട ആളാണ്‌. ഇനി റസൂലും നബിയും രണ്ടാണെന്ന് നാം സമ്മതിച്ചു കൊടുത്താലും അദ്ദേഹം രക്ഷപ്പെടുകയില്ല. കാരണം, റസൂല്‍ (സ) പറയുന്നു: إِنَّ الرِّسَالَةَ وَالنُّبُوَّةَ قَدِ انْقَطَعَتْ فَلاَ رَسُولَ بَعْدِى وَلاَ نَبِىَّ ദൌത്യവും പ്രവാചകത്വവും അവസാനിച്ചിരിക്കുന്നു. എനിക്ക് ശേഷം ദൂതനോ പ്രവാചകനോ ഇല്ല. (തിര്‍മിദി, അഹ്‌മദ്)

മുഹമ്മദ് നബി അന്ത്യപ്രവാചകനാണെന്നും എന്നാല്‍ അന്ത്യദൂതനല്ലെന്നും വദിച്ചാല്‍ അതും പ്രവാചകത്വപരിസമാപ്‌തിയുടെ നിഷേധം തന്നെയാണ്‌. (അവസാനിച്ചു)

കെ.കെ. ആലിക്കോയ

* ഈ ലേഖനം (പൂര്‍ണ്ണമായും) പി.ഡി.എഫ്. ഫയലായി ലഭിക്കുവാന്‍: CLICK HERE
* ഈ ലേഖനം ബോധനം ​ദ്വൈമാസിക 2010 നവംബര്‍-ഡിസംബര്‍ ലക്കത്തില്‍ വായിക്കാം: CLICK HERE
* English version of this article

No comments:

Post a Comment