ആദ്യം ഈ ലേഖനത്തിന്റെ ഒന്നാം ഭാഗം വായിക്കുക.
ശരീഅത്ത് വാഹകനായ അന്ത്യപ്രവാചകനും അന്ത്യ ദൂതനും
നബിയും റസൂലും തുല്യമായ രണ്ട് സാങ്കേതിക പദങ്ങളായിട്ടാണ് ഖാദിയാനികള്‍ പരിഗണിക്കുന്നത്. അതോടൊപ്പം, 'ശരീഅത്ത്‌വാഹകനായ അന്ത്യപ്രവാചകനും അന്ത്യദൂതനുമാണ് മുഹമ്മദ് നബി'യെന്നും പുതിയ ശരീഅത്തില്ലാത്ത പ്രവാചകന്‍മാര്‍ മാത്രമേ മുഹമ്മദ് നബിക്ക് ശേഷം വരുകയുള്ളുവെന്നും അവര്‍ വിശ്വസിക്കുന്നു. ഈ വാദത്തിലെ രണ്ട് ഘടകങ്ങള്‍ക്കും വ്യക്തമായ തെളിവ് സമര്‍പ്പിക്കുവാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല. ഒന്നാമത്തേത് അവര്‍ തന്നെ സമ്മതിക്കുന്നത് കാണുക: എനിക്ക് ശേഷം ന്യായപ്രമാണത്തോടും എന്നോടുള്ള തുടര്‍ച്ച കൂടാതെ സ്വതന്ത്രമായ ദൌത്യത്തോട് കൂടിയ ഒരു പ്രവാചകന്‍ ഉണ്ടാകുന്നതല്ല' എന്ന് തിരുമേണി വ്യക്തമായി പറഞ്ഞിരുന്നില്ലെന്നത് വാസ്തവം തന്നെ. (പേജ് 347, അന്നുബുവ്വത്തു ഫില്‍ ഇസ്‌ലാം, മൌലാനാ അബ്ദുല്ലാ സാഹിബ് H.A)
അതെ; എനിക്ക് ശേഷം ഒരു നബിയും ഉണ്ടാവില്ലെന്ന ഉപാധിരഹിതമായ പ്രസ്താവന മാത്രമാണ് നബി നടത്തിയിട്ടുള്ളത്. അദ്ദേഹം പറഞ്ഞു:
إِنَّ مَثَلِى وَمَثَلَ الأَنْبِيَاءِ مِنْ قَبْلِى كَمَثَلِ رَجُلٍ بَنَى بَيْتاً فَأَحْسَنَهُ وَأَجْمَلَهُ ، إِلاَّ مَوْضِعَ لَبِنَةٍ مِنْ زَاوِيَةٍ ، فَجَعَلَ النَّاسُ يَطُوفُونَ بِهِ وَيَعْجَبُونَ لَهُ ، وَيَقُولُونَ هَلاَّ وُضِعَتْ هَذِهِ اللَّبِنَةُ قَالَ فَأَنَا اللَّبِنَةُ ، وَأَنَا خَاتِمُ النَّبِيِّينَ
'എന്റെയും എനിക്ക് മുമ്പുള്ള പ്രവാചകന്‍മാരുടെയും ഉപമ ഇപ്രകാരമാകുന്നു: ഒരാള്‍ ഒരു വീട് പണിതു. അത് നല്ലതും സുന്ദരവുമാക്കി. എന്നാല്‍ ഒരു മൂലക്കല്ലിന്റെ സ്ഥാനം ഒഴിവായിരുന്നു. ജനം ആ ഭവനം ചുറ്റിനടന്ന് കാണുകയും അല്‍ഭുതപ്പെടുകയും ചെയ്യുന്നതോടൊപ്പം അവര്‍ അന്വേഷിച്ചുകൊണ്ടിരുന്നു: ഈ കല്ല് എന്താണ് വയ്ക്കാതിരുന്നത്? നബി പറഞ്ഞു: ആ കല്ല് ഞാനാണ്; ഞാന്‍ ഖാത്തമുന്നബിയ്യീന്‍ (അന്ത്യപ്രവാചകന്‍) ആണ്. (ബുഖാരി, അഹ്‌മദ്)
ഖാത്തമുന്നബിയ്യീന്‍ എന്നതിന്ന് അന്ത്യപ്രവാചകന്‍ എന്നതല്ലാത്ത ഒരു വിവര്‍ത്തനവും ഈ സന്ദര്‍ഭത്തോട് യോജിക്കുകയില്ല.
എങ്കിലും ഖാദിയാനികളുടെ വിചിത്രമായ വ്യാഖ്യാനം ഇപ്രകാരമാണ്: 'മുഹമ്മദ് നബി പ്രവാചകന്‍മാരുടെ മുദ്രയാണ്. അദ്ദേഹത്തിന്റെ മുദ്രയോട് കൂടിയല്ലാതെ ഇനിയൊരു പ്രവാചകന്‍ വരുകയില്ല.'
പ്രവാചകന്‍ നടത്തിയ അര്‍ത്ഥശങ്കക്കിടമില്ലാത്ത പ്രസ്താവനയുടെ വെളിച്ചത്തില്‍ അവരുടെ ഈ വാദത്തെ വിലയിരുത്താന്‍ നമുക്ക് സാധിക്കുന്നുണ്ടല്ലോ. ബനൂ ഇസ്‌റാഈലിലെ അവസാനത്തെ പ്രവാചകനായതിനാല്‍ ഈസ നബിയെ خَاتَمُ أَنْبِيَاءِ بَنِي إِسْرَائِيل (ഖാതമു അന്‍ബിയാഇ ബനീ ഇസ്‌റാഈല്‍) എന്ന് ഇമാം ഇബ്‌നു കസീര്‍ വിശേഷിപ്പിച്ചിരിക്കുന്നു. ഖുര്‍ആന്‍ 61/6 ന്ന് അദ്ദേഹമെഴുതിയ വ്യാഖ്യാനം കാണുക. ഖാദിയാനീ വാദം ശരിയായിരുന്നുവെങ്കില്‍ ആ സമുദായത്തില്‍, ഇസാ നബിയുടെ മുദ്രയുമായി, പിന്നീട് പ്രവാചകന്‍മാര്‍ വന്നിട്ടുണ്ടാകണമല്ലോ. അല്ലെങ്കില്‍ തന്നെ ഈസാ നബിയെ അല്ലല്ലോ; മൂസാ നബിയെ അല്ലേ 'ഖാതമു അന്‍ബിയാഇ ബനീ ഇസ്‌റാഈല്‍' എന്ന് വിളിക്കേണ്ടിയിരുന്നത്? കാരണം, അദ്ദേഹത്തിന്റെ ശരീഅത്തും കിതാബും അംഗീകരിക്കുന്നവരായിരുന്നുവല്ലോ ആ സമുദായത്തില്‍ വന്ന ഈസാ നബി വരെയുള്ള മുഴുവന്‍ പ്രവാചകന്‍മാരും. ഈ വാദമനുസരിച്ചാകുമ്പോള്‍ കുറേ ഖാതമുന്നബിയ്യീനുകള്‍ ഉണ്ടായിരുന്നുവെന്ന് സമ്മതിക്കേണ്ടി വരും. പക്ഷെ, ആ പേരില്‍ ഒരു നബിയെ മാത്രമേ അല്ലാഹു പരിചയപ്പെടുത്തിയിട്ടുള്ളു. ഈസാ നബിയെ 'ഖാതമു അന്‍ബിയാഇ ബനീ ഇസ്‌റാഈല്‍' എന്ന് ഇമാം ഇബ്‌നു കസീര്‍ വിശേഷിപ്പിച്ചത് ഇതിന്നെതിരല്ല.
മറ്റൊരു ഹദീസ് കാണുക:
مَثَلِى فِى النَّبِيِّينَ كَمَثَلِ رَجُلٍ بَنَى دَاراً فَأَحْسَنَهَا وَأَكْمَلَهَا وَأَجْمَلَهَا وَتَرَكَ مِنْهَا مَوْضِعَ لَبِنَةٍ فَجَعَلَ النَّاسُ يَطُوفُونَ بِالْبِنَاءِ وَيَعْجَبُونَ مِنْهُ وَيَقُولُونَ لَوْ تَمَّ مَوْضِعُ تِلْكَ اللَّبِنَةِ وَأَنَا فِى النَّبِيِّينَ مَوْضِعُ تِلْكَ اللَّبِنَةِ പ്രവാചകന്‍മാര്‍ക്കിടയില്‍ എന്റെ ഉപമ വീട് നിര്‍മ്മിച്ച ഒരാളുടേത് പോലെയാകുന്നു. അയാള്‍ ആ വീട് നന്നാക്കുകയും പൂര്‍ത്തിയാക്കുകയും എന്നാല്‍ ഒരു കല്ലിന്റെ സ്ഥാനം കല്ല് വയ്ക്കാതെ ഒഴിച്ചിടുകയും ചെയ്തു. ജനം ആ ഭവനം ചുറ്റിക്കാണുകയും ആശ്ചര്യപ്പെടുകയും ചെയ്തു. ഈ കല്ലിന്റെ സ്ഥാനം പൂര്‍ത്തീകരിച്ചിരുന്നുവെങ്കില്‍ എന്ന് അവര്‍ പറയുമായിരുന്നു. പ്രവാചകന്‍മാര്‍ക്കിടയില്‍ ആ കല്ലിന്റെ സ്ഥാനം ഞാനാകുന്നു. (അഹ്‌മദ്, തിര്‍മിദി)
മറ്റൊരു നിവേദനത്തില്‍ ഇങ്ങനെ കാണാം: فَأَنَا مَوْضِعُ اللَّبِنَةِ جِئْتُ فَخَتَمْتُ الأَنْبِيَاءَ ആ കല്ലിന്റെ സ്ഥാനം ഞാനാണ്; ഞാന്‍ വന്നു, ഞാന്‍ പ്രവാചകന്‍മാരെ പൂര്‍ത്തീകരിച്ചു/ അവസാനിപ്പിച്ചു. (മുസ്‌ലിം)
'ഖതമ'യ്ക്ക് അവസാനിപ്പിച്ചു എന്ന ഒരര്‍ത്ഥം ഉണ്ടായിരുന്നില്ലെങ്കില്‍, ഖാദിയാനികള്‍ പ്രസിദ്ധീകരിച്ച ഖുര്‍ആന്‍ പരിഭാഷയുടെ അവസാനത്തില്‍ ഉള്ള 'ദുആഉ ഖത്‌മില്‍ ഖുര്‍ആന്‍' എന്ന തലക്കെട്ടിലുള്ള പ്രാര്‍ത്ഥനയുടെ ഉദ്ദേശ്യമെന്താണ്? ഖുര്‍ആനിന് മുദ്ര വയ്ക്കുന്ന പ്രാര്‍ത്ഥന എന്ന് തന്നെയാണോ? അല്ലെങ്കില്‍ ഖുര്‍ആനിന്റെ മുദ്രയുമായി ഇനിയും ഗ്രന്‍ഥങ്ങള്‍ വരുമെന്നാണോ?
മുഹമ്മദ് നബി അന്ത്യപ്രവാചകനാണ് എന്ന കാര്യം ഖാദിയാനികള്‍ക്ക് സ്വീകാര്യമല്ലെങ്കിലും റശാദ് ഖലീഫയും ഹാറൂന്‍ യഹ്‌യായും ഇതംഗീകരിക്കുന്നുണ്ട്. റശാദ് ഖലീഫ ഖുര്‍ആന്‍ 33/40 വിവര്‍ത്തനം ചെയ്തത് ഇങ്ങനെയാണ്. Muhammad was not the father of any man among you. He was a messenger of God and the final prophet. God is fully aware of all things. (മുഹമ്മദ് നിങ്ങളില്‍ പെട്ട ഒരു പുരുഷന്റെയും പിതാവല്ല. അദ്ദേഹം ദൈവത്തിന്റെ ദൂതനും അന്ത്യപ്രവാചകനും ആകുന്നു. അല്ലാഹു എല്ലാം അറിയുന്നവനാകുന്നു.) ഇതിന്ന് കൊടുത്ത അടിക്കുറിപ്പില്‍ ഇങ്ങനെ പറയുന്നു: മുഹമ്മദ് നബിയുടെ വ്യക്തമായ നിര്‍വ്വചനമിതാണെങ്കിലും അദ്ദേഹം അന്ത്യപ്രവാചകനും അന്ത്യദൂതനുമാണെന്നാണ് മിക്ക മുസ്‌ലിംകളും കരുതുന്നത്.'
ഈ ആശയം ഹാറൂന്‍ യഹ്‌യായുടെ THE PROPHET MUHAMMAD (SAAS) എന്ന കൃതിയുടെ ആമുഖത്തില്‍ കാണാം: As a verse of the Quran reveals, "... Muhammad is the messenger of Allah and the final seal of the prophets" (Surat al ahzab 40), the prophet Muhammad (SAAS) was sent to the mankind as the last prophet. (ഖുര്‍ആനിലെ ഒരു വചനം - മുഹമ്മദ് അല്ലാഹുവിന്റെ ദൂതനും പ്രവാചകന്‍മാരുടെ അവസാനത്തെ മുദ്രയുമാണ്' (അഹ്‌സാബ് 40) - വ്യക്തമാക്കുന്നത് പോലെ മുഹമ്മദ് (സ) മനുഷ്യരിലേക്കുള്ള അന്ത്യപ്രവാചകനായി നിയോഗിക്കപ്പെട്ടിരിക്കുന്നു.)
അന്ത്യപ്രവാചകനാണ്; അന്ത്യദൂതനല്ല
നബിയും റസൂലും (പ്രവാചകനും ദൂതനും) രണ്ടാണെന്ന വാദമാണ് റശാദ് ഖലീഫക്കും ഹാറൂന്‍ യഹ്‌യായ്ക്കുമുള്ളത്. എല്ലാ റസൂലും നബിയല്ല; എന്നാല്‍ എല്ലാ നബിയും റസൂലാണ് എന്നതാണ് ഇവരുടെ സമവാക്യം. ഇവരുടെ വീക്ഷണത്തില്‍ മുഹമ്മദ് നബി അന്ത്യപ്രവാചകനാണ്. എന്നാല്‍ അന്ത്യദൂതനല്ല.
റശാദ് ഖലീഫ എഴുതുന്നു: 'ഖുര്‍ആനിലുള്ള മുഖ്യ പ്രവചനങ്ങളിലൊന്ന്, എല്ലാ പ്രവാചകന്‍മാരും വന്നതിന്ന് ശേഷം എല്ലാ വേദങ്ങളും ഇറക്കപെട്ടതിന്ന് ശേഷം ദൈവിക കരാറനുസരിച്ചുള്ള ദൂതന്‍ അയക്കപ്പെടുമെന്നതാണ്. (ഖുര്‍ആന്‍ വിവര്‍ത്തനം അപ്പെന്ഡിക്സ് മൂന്ന്) ഈ ദൂതന്‍ താന്‍ തന്നെയാണെന്നും അദ്ദേഹം വാദിച്ചു. അദ്ദേഹം ദൂതനാണെന്നതിന്റെ തെളിവ് ഖുര്‍ആനിന്റെ അമാഷികതയുടെ തെളിവെന്ന നിലയില്‍ അദ്ദേഹമവതരിപ്പിച്ച 'ഖുര്‍ആനും 19 ന്റെ ഗുണിതവും' ആണത്രെ. അദ്ദേഹത്തിന്റെ കാലം വരെ ആര്‍ക്കും (ഖുര്‍ആന്‍ ഇറക്കപ്പെട്ട മുഹമ്മദ് നബിക്ക് പോലും) അറിഞ്ഞുകൂടാതിരുന്ന ഈ അല്‍ഭുത അടയാളം വെളിപ്പെടുത്തുവാനാണ് ദൈവം തന്നെ നിയോഗിച്ചത് എന്നാണ് റശാദിന്റെ വാദം. ഇങ്ങനെ ഒരു അമാനുഷികത ഖുര്‍ആനിനുണ്ടെങ്കില്‍ അത് ഖുര്‍ആനിലൂടെ തന്നെയോ മുഹമ്മദ് നബിയിലൂടെയോ അല്ലാഹുവിന്ന് വെളിപ്പെടുത്താമായിരുന്നുവല്ലോ. ഖുര്‍ആനിന്റെ അമാഷുകികത ഇസ്‌ലാമില്‍ സര്‍വ്വകാല പ്രസക്തിയുള്ള വിഷയമാണെന്നിരിക്കെ വിശേഷിച്ചും! കമ്പ്യൂട്ടര്‍ യുഗത്തില്‍ മാത്രമേ അദ്ദേഹമവതരിപ്പിച്ച ഗണിതം മനസ്സിലാക്കാന്‍ സാധിക്കുകയുള്ളു എന്നില്ല. അറബി ഭാഷ എഴുതാനും വായിക്കാനും അറിയുന്ന ആര്‍ക്കും പരിശോധിക്കാന്‍ സാധിക്കുന്നതാണിത്. അതിന്റെ പൊള്ളത്തരം ബോധ്യമാവുകയും ചെയ്യും. അദ്ദേഹം പറയുന്ന കാര്യങ്ങള്‍ ചിലേടത്ത് മാത്രം ഒത്താല്‍ പോരല്ലോ.
എന്നാല്‍ റശാദ് ഖലീഫയുടെ കാര്യം വ്യത്യസ്തമാണ്. അദ്ദേഹം സ്വയം കണ്ടെത്തിയ പത്തൊമ്പതിന്റെ ഗുണിതത്തെ അടിസ്ഥാനമാക്കിയുള്ള ഗവേഷണം, നിലവിലുള്ള ഖുര്‍ആനിന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്നിടത്താണ് അദ്ദേഹത്തെ കൊണ്ടെത്തിച്ചത്. അദ്ദേഹത്തിന്റെ ഖുര്‍ആന്‍ പരിഭാഷയില്‍ ഒമ്പതാം അദ്ധ്യായത്തില്‍ 127 സൂക്തങ്ങള്‍ മാത്രമാണ് ഉള്‍പ്പെടുത്തിയത്. അവസാനത്തെ രണ്ട് സൂക്തങ്ങള്‍ (9/128, 129) പ്രക്ഷിപ്തങ്ങളായ വ്യാജസൂക്തങ്ങളാണ് (inserted false verses) എന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തല്‍. (ഖുര്‍ആന്‍ വിവര്‍ത്തനം അപ്പെന്‍ഡിക്സ് 24) ഖുര്‍ആനിലെ മൊത്തം ആയത്തുകളുടെ എണ്ണം 19 ന്റെ ഗുണിതമാണെന്ന് സ്ഥാപിക്കാന്‍ വേണ്ടിയുള്ള സര്‍ക്കസിന്റെ ഭാഗമായാണ് ഈ രണ്ട് സൂക്തങ്ങള്‍ അദ്ദേഹം തള്ളിക്കളഞ്ഞത്. ഖുര്‍ആനിലെ സൂക്തങ്ങളുടെ മൊത്തം എണ്ണം 6236 ആണ്. ഇത് 19 ന്റെ ഗുണിതമല്ല. അപ്പോഴാണ് ഖുര്‍ആനിന്റെ ഭാഗമായി എണ്ണാറില്ലാത്തതും വേണമെങ്കില്‍ എണ്ണാവുന്നതുമായ 112 ബിസ്‌മികള്‍ (ഒമ്പതാം അദ്ധ്യായത്തില്‍ ബിസ്‌മി ഇല്ല. ഒന്നാം അദ്ധ്യായത്തിലെ ബിസ്‌മി നേരത്തെത്തന്നെ ആ അദ്ധ്യായത്തിലെ ഒരു സൂക്തമായിട്ടാണ് കണക്കാക്കുന്നത്.) അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടുന്നത്. (6236 + 112 = 6348) ഇത് ചേര്‍ത്തിട്ടും രക്ഷയില്ലെങ്കിലോ? ഇതില്‍ നിന്ന് രണ്ട് കുറച്ചാല്‍ കിട്ടുന്ന സംഖ്യ (6346) 19 ന്റെ ഗുണിതമാണ്. എന്നാല്‍ പിന്നെ രണ്ട് സൂക്തങ്ങള്‍ വെട്ടിക്കുറക്കാം എന്ന് തീരുമനിച്ചു. അല്ലാഹുവിന്റെ ഗ്രന്‍ഥം വിശ്വാസയോഗ്യമല്ലെന്ന് വന്നാലും തന്റെ ഗണിതം ഒത്ത് വന്നതില്‍ അദ്ദേഹം സന്തോഷിച്ചിട്ടുണ്ടാവാം. അദ്ദേഹം ഖുര്‍ആനിന്റെ വിശ്വാസ്യത തകര്‍ക്കാന്‍ ശ്രമിക്കുന്ന ആരുടെയോ കയ്യിലെ പാവയാണെന്ന് വരാനും സാദ്ധ്യതയുണ്ട്.
റശാദ് ഖലീഫ ഹദീസ് നിഷേധിയാണ്. അതിനാല്‍ മഹ്‌ദി വിശ്വാസം അംഗീകരിക്കുന്നില്ല. എന്നാല്‍, ഖുര്‍ആനില്‍ മഹ്‌ദിയുടെ അടയാളം വിവരിച്ചിരിക്കുന്നു എന്നാണ് ഹാറൂന്‍ യഹ്‌യാ വാദിക്കുന്നത്. അതോടൊപ്പം, അന്ത്യനാളിന്റെ അടയാളങ്ങളും അത് പോലുമല്ലാത്ത പലതും മഹ്‌ദിയുടെ അടയാളങ്ങളാക്കി അവതരിപ്പിക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനാവുകയും ചെയ്തിരിക്കുന്നു. മഹ്‌ദിയുടെ പേര് ഖുര്‍ആനില്‍ പറയപ്പെട്ടിട്ടില്ല. മഹ്‌ദിയെക്കുറിക്കുന്ന വ്യക്തമായ ഒരു സൂചനയും ഖുര്‍ആനിലില്ല. എന്നിരിക്കെ മഹ്‌ദിയുടെ അടയാളങ്ങള്‍ ഖുര്‍ആനില്‍ കാണപ്പെടാന്‍ ഒരു സാദ്ധ്യതയുമില്ലെന്ന് വ്യക്തമാണല്ലോ.
അദ്ദേഹത്തിന്റെ കണ്ടെത്തലിന്റെ ഒരുദാഹരണം കാണുക: ഖുര്‍ആന്‍ 54-ആം അദ്ധ്യായത്തിന്റെ തുടക്കത്തില്‍ '(അന്ത്യ)സമയം അടുത്തിരിക്കുന്നു. ചന്ദ്രന്‍ പിളര്‍ന്നിരിക്കുന്നു' എന്ന പരാമര്‍ശത്തെ മഹ്‌ദിയുടെ അടയാളമായിട്ടാണ് ഹാറൂന്‍ യഹ്‌യാ കാണക്കാക്കുന്നത്. നിരവധി ഹദീസുകളില്‍ വിവരിക്കപ്പെട്ടതനുസരിച്ച്, നബി(സ) മക്കയിലായിരുന്നപ്പോഴാണ് ചന്ദ്രന്‍ പിളര്‍ന്നത്. ഇതാണ് സര്‍വ്വരാലും അംഗീകരിക്കപ്പെട്ട വ്യാഖ്യാനം. എന്നാല്‍ ഹദീസ് വിശ്വാസിയയ ഹാറൂന്‍ യഹ്‌യാ വാദിക്കുന്നത് ചന്ദ്രന്‍ പിളര്‍ന്നത് 1969 ല്‍ ആണെന്നാണ്. അമേരിക്കന്‍ ഗഗനചാരികള്‍ ചന്ദ്രനില്‍ നിന്ന് അല്‍പം കോരിയെടുത്ത് ഭൂമിയിലേക്ക് കൊണ്ട് വന്ന സംഭവമാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്നാണ് വാദം. എന്നാല്‍ ഈ വാദം ആദ്യമുന്നയിച്ചത് ഹദീസ് നിഷേധിയായ റശാദ് ഖലീഫയാണ്. (അദ്ദേഹത്തിന്റെ ഖുര്‍ആന്‍ വ്യാഖ്യാനം അപെന്‍ഡിക്സ് 25)
(തുടരും)
കെ.കെ. ആലിക്കോയ
അവസാന ഭാഗം
* ഈ ലേഖനം (പൂര്‍ണ്ണമായും) പി.ഡി.എഫ്. ഫയലായി ലഭിക്കുവാന്‍: CLICK HERE
* ഈ ലേഖനം ബോധനം ദ്വൈമാസിക 2010 നവംബര്‍-ഡിസംബര്‍ ലക്കത്തില്‍ വായിക്കാം: CLICK HERE
No comments:
Post a Comment