Followers

Wednesday, June 15, 2011

മുഹമ്മദ് നബിയുടെ വിവാഹങ്ങള്‍

മുഹമ്മദ് നബിയുടെ വിവാഹങ്ങള്‍:

1. ഖദീജ. അദ്ദേഹത്തിന്ന് 25 വയസുള്ളപ്പോള്‍ അന്ന് നാല്‍പതു കാരിയായ, രണ്ട് മുന്‍വിവാഹങ്ങളിലായി നാലു കുട്ടികള്‍ക്ക് ജന്മം നല്‍കിയിട്ടുള്ള, ഖദീജയുമായുള്ള വിവാഹം. 65-ആം വയസ്സില്‍ (പ്രവാചകന്ന് 50) അവര്‍ മരണപ്പെടും വരെ പ്രവാചകന്ന് വേറെ ഭാര്യമാരോ അടിമസ്ത്രീകളോ ഉണ്ടായിരുന്നില്ല. 25 വര്‍ഷക്കാലം അവര്‍ ഒരുമിച്ച് ജീവിച്ചു. അവരില്‍ നിന്ന് ഖാസിം, അബ്ദുല്ല (ആണ്‍), സൈനബ്, റുഖിയ്യ, ഉമ്മു കുല്‍സൂം, ഫാത്വിമ (പെണ്‍) എന്നിങ്ങനെ ആറ്‌ മക്കളുണ്ടായിട്ടുണ്ട്. ഹിജ്‌റയ്ക്ക് 28 വര്‍ഷം മുമ്പ് വിവാഹം. ഹിജ്‌റയ്ക്ക് 3 വര്‍ഷം മുമ്പ് 65-ആം വയസ്സില്‍ മരണം.


2. സൌദ. ഖദീജയുടെ മരണശേഷം ശേഷം 66 കാരിയായ സൌദയെ ആണ്‌ നബി കല്യാണം കഴിച്ചത്. ആദ്യ കാല മുസ്‌ലിംകളില്‍ പെട്ട അവര്‍ക്ക് ഭര്‍ത്താവൊഴികെ മുസ്‌ലിമായ ബന്ധുക്കളാരും ഉണ്ടായിരുന്നില്ല. ഭര്‍ത്താവിന്റെ മരണത്തോടെ ഇസ്‌ലാം ത്യജിക്കാന്‍ ബന്ധുക്കള്‍ അവരെ നിര്‍ബന്ധിച്ച് വരുകയായിരുന്നു. അവരെ പ്രവാചകന്‍ കല്യാണം കഴിച്ചു. ഹിജ്‌റയ്ക്ക് 3 വര്‍ഷം മുമ്പ് വിവാഹം. ഹിജ്‌റ 22 ല്‍, 91-ആം വയസ്സില്‍ മരണം.


3. ആയിശ. അബൂബകറിന്റെ മകള്‍ ആയിശ. അവര്‍ക്ക് ആറ്‌ വയസ്സുള്ളപ്പോഴാണ്‌ പ്രവാചകനുമായുള്ള വിവാഹം നടന്നത്. 9-ആം വയസ്സിലണ്‌ ഒരുമിച്ച് താമസം തുടങ്ങിയത്. അവരുടെ പ്രായം സംബന്ധിച്ച് ചരിത്രകാരന്‍മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. നികാഹ് നടന്നപ്പോള്‍ 14 ഓ 15 ഓ വയസ്സായിരുന്നുവെന്നും അഭിപ്രായമുണ്ട്. പ്രവാചചകനും അവരും തമ്മില്‍ സന്തുഷ്ടമായ കുടുംബ ജീവിതമാണ്‌ നയിച്ചിരുന്നത്. ഇവരില്‍ നിന്ന് 2210 ഹദീസുകള്‍ നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. പ്രവാചക പത്നി എന്നതിലുപരി ഒരു തികഞ്ഞ പണ്ഡിതയായിരുന്നു അവര്‍. ഹിജ്‌റയ്ക്ക് 3 വര്‍ഷം മുമ്പ് വിവാഹം. ഹിജ്‌റ 58 ല്‍, 70/ 61-ആം വയസ്സില്‍ മരണം.


4. ഹഫ്‌സ. ഹിജ്‌റയ്ക്ക് ശേഷം പ്രവാചകന്‍ ആദ്യമായി വിവാഹം ചെയ്തത് ഉമറീന്റെ മകള്‍ ഹഫ്‌സയെ ആണ്‌. ബദര്‍ യുദ്ധത്തിലേറ്റ പരിക്കിനെ തുടര്‍ന്ന് അവരുടെ ഭര്‍ത്താവ് മരണപ്പെടുകയായിരുന്നു. അവരെ വേള്‍ക്കാന്‍ ഉമര്‍ അബൂബകറിനോട് ആവശ്യപ്പെട്ടിരുന്നു; എന്നാല്‍ അദ്ദേഹം തയ്യാറായില്ല. പിന്നെ നബി അവരെ സ്വീകരിച്ചപ്പോള്‍ അവരും ഉമറും സന്തുഷ്ടരായി. പ്രവാചകനുമായുള്ള വിവഹ വേളയില്‍ അവര്‍ക്ക് 19 വയസ്സ് പ്രായമുണ്ട്. 60 ഹ്ദീസുഅകള്‍ അവര്‍ രിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഹിജ്‌റ 3 ല്‍ വിവാഹം. ഹിജ്‌റ 45 ല്‍, 62-ആം വയസ്സില്‍ മരണം.

5. ഖുസൈമയുടെ മകള്‍ സൈനബ. ഉഹ്‌ദ് യുദ്ധത്തില്‍ ഇവരുടെ ഭര്‍ത്താവ് മരണപ്പെട്ടതിനെ തുടര്‍ന്നാണ്‌ നബി ഇവരെ വേട്ടത്. അപ്പോഴവര്‍ക്ക് 30 വയസ്സായിരുന്നു. വിവാഹാനന്തരം മൂന്ന് മാസത്തിനകം, ഹിജ്‌റ 3 ല്‍, 30-ആം വയസ്സില്‍ അവര്‍ മരണപ്പെട്ടു.


6. ഉമ്മു സലമ. അബൂ സലമയുടെ വിധവ. മക്കയില്‍ നിന്ന് ഹിജ്‌റ ചെയ്തു വന്നവരാണിവര്‍. കുടുംബനാഥന്റെ മരണത്തോടെ ഈ വിധവയും നാലു മക്കളും ഗതിയില്ലാത്തവരായി. നബി അവരെ ഏറ്റെടുത്തു. ഹിജ്‌റ 4 ല്‍ വിവാഹം. ഹിജ്‌റ 63 ല്‍, 84-ആം വയസ്സില്‍ മരണം.


7. ജഹ്‌ശിന്റെ മകള്‍ സൈനബ്. നബിയുടെ അമ്മാവിയുടെ പുത്രിയും ദത്തു പുത്രന്‍ സൈദിന്റെ വിവാഹമോചിതയുമാണ്‌. ഖുറൈശി കുലത്തില്‍ പിറന്ന സൈനബും അടിമത്തത്തില്‍ നിന്ന് മോചിതനായ സൈദും തമ്മിലുള്ള വിവാഹം ഇസ്‌ലാം പഠിപ്പിക്കുന്ന സമത്വത്തിന്റെ പ്രയോഗവല്‍ക്കരണമായിരുന്നു. ഉച്ച നീചത്വത്തിന്റെ നിരാകരണത്തിന്ന് നിരവധി ഉദാഹരണങ്ങള്‍ ഇസ്‌ലാമിക ചരിത്രത്തില്‍ ലഭ്യമാണെങ്കിലും ഇത് വിജയിച്ചില്ല. അവസാനം നബി അവരെ വിവാഹം ചെയ്തു. 'സ്വന്തം മകന്റെ ഭാര്യായിരുന്നവളെ' വിവാഹം ചെയ്തുവെന്ന് വിമര്‍ശകര്‍ ഒച്ചപ്പാടുണ്ടാക്കി. ദത്തുപുത്രന്‍ പുത്രനല്ലെന്ന കാര്യം കൂടി ഉറപ്പിച്ചു പറയാന്‍ നബിയും അവരും തമ്മിലുള്ള വിവാഹം ഹേതുവായി. ഹിജ്‌റ 5 ല്‍ വിവാഹം. ഹിജ്‌റ 20 ല്‍ 53 -ആം വയസ്സില്‍ മരണം.


8. ജുവൈരിയ. ബനൂ മുസ്തലഖ് യുദ്ധത്തില്‍ പിടിക്കപെട്ടവരാണിവര്‍. നബി മദീനയിലെത്തിയ ശേഷം അവരെ മോചിപ്പിക്കാന്‍ മോചന മൂല്യവുമായി പിതാവ് ഹാരിസ് എത്തി. നബി അവരെ പ്രതിഫലം കൂടാതെ മോചിപ്പിച്ചു. അതോടെ ഹാരിസും രണ്ട് പുത്രന്‍ന്‍മാരും ഇസ്‌ലാം സ്വീകരിക്കുകയും മകളെ പ്രവാചകന്ന് വിവാഹം ചെയ്തു കൊടുക്കുകയും ചെയ്തു. നബി ഇവരെ മോചിപ്പിച്ചത് കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ അനുചരന്‍മാര്‍ 100 ഓളം തടവുകാരെ മോചിപ്പിച്ചു. ഹിജ്‌റ 5 ഇല്‍ വിവാഹം. ഹിജ്‌റ 56 ല്‍ 65 -ആം വയസ്സില്‍ മരണം.

9. ഉമ്മു ഹബീബ. ഇവര്‍ നബിയുടെ ശത്രുവായിരുന്ന അബൂ സുഫ്‌യാന്റെ പുത്രിയാണ്‌. അവര്‍ ഭര്‍ത്താവിനൊപ്പം അബ്‌സീനിയയിലേക്ക് പലായനം ചെയ്തിരുന്നു. അവിടെ വച്ച് ഭര്‍ത്താവ് ക്രിസ്തുമതത്തിലേക്ക് മാറി. അവരതിന്ന് തയ്യാറായിരുന്നില്ല. സംരക്ഷിക്കാനാളില്ലാതെ അവര്‍ പ്രയാസപ്പെട്ടപ്പോള്‍ നബി അവരെ ഏറ്റെടുക്കാന്‍ തയ്യാറാവുകയായിരുന്നു. ഈ വിവാഹത്തെ സന്തോഷത്തോടെയാണ്‌ അന്നും അവിശ്വാസിയായിരുന്ന, പിതാവ് അബൂസുഫ്‌യാന്‍ സ്വീകരിച്ചത്. അതിന്ന് ശേഷം അദേഹം നബിയുമായി യുദ്ധം ചെയ്തിട്ടില്ല. ഹിജ്‌റ 7 ല്‍ വിവാഹം. ഹിജ്‌റ 44 ല്‍ 73 -ആം വയസ്സില്‍ മരണം.


10. സഫിയ്യ. ഖൈബര്‍ യുദ്ധത്തില്‍ തടവുകാരായി പിടിക്കപ്പെട്ട വരില്‍ ഒരാളാണിവര്‍. നബി ഇവരെ മോചിപ്പിക്കുകയും കല്യാണം കഴിക്കുകയും ചെയ്തു. ഹിജ്‌റ 7 ല്‍ വിവാഹം. ഹിജ്‌റ 50 ല്‍ 60 -ആം വയസ്സില്‍ മരണം.

11. മൈമൂന. അബ്ദുര്‍റഹ്‌മാന്റെ വിധവയാണിവര്‍. ഹിലാല്‍ ഗോത്രവുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ ഇത് ഉപകരിച്ചു. ഹിജ്‌റ 7 ല്‍ വിവാഹം. ഹിജ്‌റ 51 ല്‍ 95 -ആം വയസ്സില്‍ മരണം.
..................................................................



1. 25-ആം വയസ്സില്‍ ഒരു 40 കാരി വിധവയെ വിവാഹം കഴിച്ചു.

2. 25 വര്‍ഷം അവരോടൊത്ത് ജീവിച്ചു.

3. തന്റെ 50-ആം വയസ്സില്‍ അവര്‍ മരണപെട്ടപ്പോള്‍ ഒരു 66 കാരിയെയാണ്‌ അദ്ദേഹം വിവാഹം കഴിച്ചത്. (മരിക്കുമ്പോള്‍ ഖദീജക്കുണ്ടായിരുന്നതിനേക്കാള്‍ ഒരു വയസ്സ് കൂടുതല്‍.)

4. ഇതേ സമയത്ത് ആറ്‌ വയസ്സുകാരി ആയിശയെ വിവാഹം കഴിച്ചുവെങ്കിലും അവര്‍ ഒരുമിച്ച് ജീവിച്ചത് 3 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്‌.

5. പിന്നീട് അദേഹം വിവാഹം കഴിക്കുന്നത് ഹിജ്‌റ 3-ആം വര്‍ഷത്തിലാണ്‌. ആ വര്‍ഷം രണ്ട് വിവാഹം കഴിച്ചു. അന്നദേഹം 56 കാരനാണെന്നോര്‍ക്കണം.

6. പിന്നെ ഹിജ്‌റ 4-ആം വര്‍ഷം ഒന്ന്, 5-ആം വര്‍ഷം ഒന്ന്, 7-ആം വര്‍ഷം മൂന്ന് എന്നിങ്ങനെയാണ്‌ അദ്ദേഹത്തിന്റെ വിവാഹങ്ങള്‍ നടന്നത്.

ഈ വിവാഹചരിത്രം മുമ്പില്‍ വച്ച്കൊണ്ട് അദ്ദേഹത്തിനെതിരെ സ്ത്രീലമ്പടത്തം ആരോപിക്കുന്നത് എത്ര മാത്രം അര്‍ത്ഥശൂന്യമാണ്‌? വിവാഹത്തിന്റെ ലക്‌ഷ്യങ്ങളില്‍ ഭോഗമല്ലാതെ മറ്റൊന്നും ഉണ്ടാകാന്‍ പാടില്ല എന്നുണ്ടോ?
മൌലാനാ മൌദൂദി എഴുതുന്നു:


"തിരുമേനിയെ ചുമതലപ്പെടുത്തിയ ദൌത്യം ഇതായിരുന്നു: ഒരു നിരക്ഷര ജനത്തെ, ഇസ്‌ലാമിക വീക്ഷണത്തില്‍ മാത്രമല്ല സാധാരണ സാംസ്കാരിക നാഗരിക വീക്ഷണത്തില്‍ പോലും പ്രാകൃതമായ ഒരു ജനത്തെ എല്ലാ ജീവിത മണ്ഡലങ്ങളിലും പഠിപ്പിച്ച് പരിശീലിപ്പിച്ച് ഉന്നത നിലവാരത്തിലുള്ള സംസ്കാരവും പരിഷ്കാരവും പരിശുദ്ധിയും നേടിയ സമൂഹമാക്കി മാറ്റുക. ഈ ലക്‌ഷ്യം സാധിക്കാന്‍ പുരുഷന്‍മാര്‍ക്ക് മാത്രം ശിക്ഷണം നല്‍കിയാല്‍ പോരാ. സ്ത്രീകള്‍ക്ക് കൂടി ശിക്ഷണം നല്‍കേണ്ടത് അത്രതന്നെ ആവശ്യമായിരുന്നു. പക്ഷെ, ഏതൊരു സംസ്കാരത്തിന്റെയും നാകരികതയുടെയും തത്വങ്ങള്‍ പഠിപ്പിക്കാനാണോ അദ്ദേഹം നിയുക്തനായത്, ആ തത്വങ്ങളുടെ വെളിച്ചത്തില്‍ സ്ത്രീ പുരുഷന്‍മാരുടെ സ്വതന്ത്രമായ കൂടിക്കലരല്‍ വിലക്കപെട്ടതായിരുന്നു. ഈ നിയമം ലംഘിക്കാതെ സ്ത്രീകള്‍ക്ക് നേരിട്ട് ശിക്ഷണം നല്‍കാന്‍ അദ്ദേഹത്തിന്` സാധ്യമല്ലായിരുന്നു. അത്കൊണ്ട് സ്ത്രീകളില്‍ പ്രവര്‍ത്തനം നടത്തുന്നതിന്ന് വ്യത്യസ്ത പ്രായക്കാരും മാനസിക യോഗ്യതയുള്ളവരുമായ പല സ്ത്രീകളെ ഭാര്യമാരാക്കുകയും അവര്‍ക്ക് നേരിട്ട് ശിക്ഷണം നല്‍കി തന്റെ സഹായത്തിന്നൊരുക്കുകയും എന്നിട്ട് അവര്‍ വഴി പട്ടണവാസികള്‍, ഗ്രാമീണര്‍, യുവജനങ്ങള്‍, മദ്ധ്യവയസ്കര്‍, വൃദ്ധകള്‍ മുതലായ എല്ലാ വിഭാഗം സ്ത്രീജനങ്ങളേയും ദീന്‍ പഠിപ്പിക്കുകയും സാംസ്കാരിക നാഗരികതകളുടെ പുതിയ മൂല്യങ്ങള്‍ മനസ്സിലാക്കിക്കാന്‍ ശ്രമിക്കുകയും മാത്രമേ മാര്‍ഗ്ഗമുണ്ടായിരുന്നുള്ളു." (തഫ്‌ഹീമുല്‍ ഖുര്‍ആന്‍ 33-ആം അദ്ധ്യായം 90-ആം അടിക്കുറിപ്പില്‍ നിന്ന്)

മുഹമ്മദിനെ ഒരു പ്രവാചകനായി കാണാതെ, വെറും സാധാരണക്കാരനായി കാണുന്നവര്‍ക്കും വിവാഹം വെറും ഭോഗത്തിനു മാത്രമുള്ളതാണെന്ന് കരുതുന്നവര്‍ക്കും ഇതൊന്നും ബോധിച്ചു കൊള്ളണമെന്നില്ല.

No comments:

Post a Comment