Followers

Wednesday, June 8, 2011

തീവ്രവാദിവേട്ടക്കൊടുവില്‍ പരിഹാസ്യരായത് പൊലീസ്

'തീവ്രവാദിവേട്ട'ക്കൊടുവില്‍ പരിഹാസ്യരായത് പൊലീസ്
Published on Tue, 06/07/2011 - 09:03
പാലക്കാട്: മതപണ്ഡിതനും രണ്ട് വിദ്യാര്‍ഥികളുമടങ്ങുന്ന തബ്‌ലീഗ് പ്രവര്‍ത്തകരെ പള്ളിയില്‍നിന്ന് പിടികൂടി 24 മണിക്കൂര്‍ ചോദ്യം ചെയ്തുള്ള 'തീവ്രവാദിവേട്ട' പൊലീസിനെ പരിഹാസ്യരാക്കി. സംശയകരമായി ഒന്നും കണ്ടെത്താനാവാതെ പിടികൂടിയവരെ നിരുപാധികം വിട്ടയച്ചപ്പോള്‍ 'രാജ്യദ്രോഹികള്‍'ക്കെതിരെ പൊലീസ്‌സ്‌റ്റേഷന് മുന്നില്‍ സംഘ്പരിവാര്‍ പ്രതിഷേധം ഇരമ്പുകയായിരുന്നു.
മുതലമട ഇടുക്കുപാറ ബദരിയ്യ ജുമാമസ്ജിദില്‍ നിന്ന് ചോദ്യം ചെയ്യാനായി 21 തബ്‌ലീഗ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തപ്പോള്‍ പൊലീസിലെ ഒരുവിഭാഗം വാര്‍ത്ത പുറത്തുവിട്ടത് കേരളത്തില്‍ പുതിയ തീവ്രവാദ ക്യാമ്പ് കണ്ടെത്തിയെന്ന രീതിയിലാണ്. നിരോധിത സംഘടനയായ സിമിയുടെ ഉന്നത നേതാക്കളായ സെയ്ദ് അബ്ദുറഹ്മാന്‍ ഉമരി, സെയ്ദ് മുഹമ്മദ് ബുഹാര എന്നിവര്‍ മുതലമടയില്‍ അറസ്റ്റിലായെന്നും വാഗമണ്ണിലേതു പോലെ ഇവര്‍ 19 പേര്‍ക്ക് ക്ലാസെടുക്കവേയാണ് പിടിയിലായതെന്നും പ്രചാരണമുണ്ടായി.
എന്നാല്‍, എന്താണ് സംഭവിക്കുന്നതെന്ന് പോലും വിദ്യാര്‍ഥികളടക്കമുള്ള തബ്‌ലീഗ് പ്രവര്‍ത്തകരില്‍ ഭൂരിഭാഗത്തിനും മനസ്സിലായില്ല. മതപ്രബോധനവുമായി തങ്ങള്‍ രാജ്യത്തിന്റെ പലഭാഗങ്ങളിലും സഞ്ചരിച്ചിട്ടുണ്ടെന്നും ഇത്തരമൊരു അനുഭവം ആദ്യമാണെന്നുമാണ് ഇവര്‍ പൊലീസിനോട് തന്നെ പറഞ്ഞത്. രണ്ടോ മൂന്നോ ദിവസം പള്ളികളില്‍ താമസിച്ച് മതപ്രബോധനം നടത്തുന്ന പതിവുണ്ട്. ഞായറാഴ്ച ഉച്ചക്കാണ് ഇടുക്കുപാറയിലെത്തിയത്. ഉച്ചക്ക് ഭക്ഷണം പാകം ചെയ്ത് കഴിക്കുന്നതിനിടെയായിരുന്നു പൊലീസ് റെയ്ഡ്. പളളിയിലുണ്ടായിരുന്ന 21 പേരും പൊലീസിനോട് സഹകരിച്ചു.
പിടിയിലായവരുടെ പക്കല്‍ നിന്ന് തീവ്രവാദബന്ധമുള്ള ലഘുലേഖകള്‍ കണ്ടെത്തിയെന്നും പൊലീസ് അവകാശപ്പെട്ടിരുന്നു. കൊല്ലങ്കോട് എസ്.ഐ ശ്രീധരന്റെ നേതൃത്വത്തിലുളള മലയാളികളായ പൊലീസുകാരാണ് റെയ്ഡിനും പിടിച്ചെടുക്കലുകള്‍ക്കും നേതൃത്വം നല്‍കിയത്.
തീവ്രവാദരേഖകളെന്ന് ആരോപിച്ചവ തമിഴിലേക്ക് മൊഴിമാറ്റം ചെയ്ത ഹദീസുകളും ഖുര്‍ആനുമാണെന്ന് തമിഴ്‌നാട്ടില്‍ നിന്നുള്ള പൊലീസ് സംഘം എത്തിയപ്പോള്‍ മാത്രമാണ് വ്യക്തമായത്. പിടികൂടിയവരുടെ കൂട്ടത്തിലുള്ള അബ്ദുറഹ്മാന്‍ കോയമ്പത്തൂര്‍ കര്‍പകം കോളജിലെ അവസാന വര്‍ഷ ബി.എസ്‌സി വിദ്യാര്‍ഥിയാണെന്നും മുഹമ്മദ് യാസിന്‍ കോയമ്പത്തൂരില്‍ ബയോടെക്‌നോളജി വിദ്യാര്‍ഥിയാണെന്നും വ്യക്തമായി.
21 പേരെക്കുറിച്ചും തമിഴ്‌നാട്ടില്‍ അന്വേഷണം നടത്തിയപ്പോഴും ഇവര്‍ തബ്‌ലീഗ് പ്രവര്‍ത്തകര്‍ തന്നെയാണെന്ന വിവരമാണ് കേരളാ പൊലീസിന് ലഭിച്ചത്. അതേസമയം, തമിഴ്‌നാട്ടിലെയും കേരളത്തിലേയും രഹസ്യാന്വേഷണ വിഭാഗങ്ങള്‍ സംയുക്തമായി നല്‍കിയ സൂചനകളെത്തുടര്‍ന്നായിരുന്നു റെയ്‌ഡെന്ന് പൊലീസ് പറയുന്നുണ്ട്. ഇവ തമ്മില്‍ പൊരുത്തപ്പെടുന്നില്ല. പിടികൂടിയവരില്‍ ഒരാള്‍ നിരോധിത സംഘടനയായ സിമിയുടെ പ്രവര്‍ത്തകനായിരുന്നുവെന്നതല്ലാതെ കാര്യമായ വിവരങ്ങളൊന്നും പൊലീസിന് ലഭിച്ചില്ല. അപ്പോഴേക്കും പൊലീസിന്റെ 'തീവ്രവാദിവേട്ട'ക്ക് പിന്തുണ പ്രഖ്യാപിച്ച് ബി.ജെ.പി ജില്ലാ സെക്രട്ടറി കെ.ജി. പ്രദീപ്കുമാറിന്റെ നേതൃത്വത്തില്‍ കൊല്ലങ്കോട് സ്‌റ്റേഷന് മുന്നില്‍ പ്രകടനം നടന്നു.
നാണം കെടാതിരിക്കാന്‍ വേണ്ടി പിടികൂടിയവരെ കോടതിയില്‍ ഹാജരാക്കാനെന്ന് പറഞ്ഞ് പൊലീസ് വാനില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു. പിന്നീട് മീനാക്ഷിപുരം ചെക്‌പോസ്റ്റ് വഴി 21 പേരെയും അതിര്‍ത്തി കടത്തി വിട്ടതോടെ വന്‍ 'തീവ്രവാദിവേട്ട'ക്ക് അവസാനമാകുകയും ചെയ്തു.
http://www.madhyamam.com/news/85711/110607

1 comment:

  1. എന്നാലും ഈ പോലീസിനോട് ബഹുമാനം തോന്നുന്നു. നിരപരാധികളെന്ന് കണ്ടപ്പോള്‍ വിട്ടയച്ചല്ലോ. ഇസ്ലാം ഫോബിയ നിലനില്‍ക്കുന്നുവെന്ന് മാത്രമേ ഈ സംഭവം തെളിയിക്കുന്നുള്ളൂ.കുളം കലക്കി മീന്‍പിടിക്കാന്‍ സഹായം നല്‍കുന്ന ചിലര്‍ അവരുടെ കൂട്ടത്തിലുണ്ടെന്നും.

    ReplyDelete