Followers

Saturday, January 1, 2011

നിരക്ഷരനായ പ്രവാചകന്‍ 

മുഹമ്മദ് നബിയെ വിശുദ്ധ ഖുര്‍ആന്‍ നിരക്ഷരനായ പ്രവാചകന്‍ എന്ന് വിശേഷിപ്പിച്ചിരിക്കുന്നു. (ഖുര്‍ആന്‍ 7/157) പൊതുവെ മനസ്സിലാക്കപ്പെടുന്നതും അദ്ദേഹത്തിന്ന് എഴുത്തും വായനയും അറിയില്ലായിരുന്നുവെന്ന് തന്നെയാണ്‌. എന്നാല്‍ നബിക്ക് എഴുത്തും വായനയും അറിയാമായിരുന്നെവെന്ന് പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന ചിലരുണ്ട്. അവരുടെ പക്കല്‍ തെളിവൊന്നുമില്ല. ചില ചോദ്യങ്ങളാണ്‌ അവരുടെ ആയുധം.

നബി സിറിയയിലും മറ്റും കച്ചവടത്തിന്ന് പോയിരുന്നില്ലേ? അപ്പോള്‍ എഴുത്തും വായനയും അറിയാതെ പറ്റുമോ? എന്നാണ്‌ ചിലര്‍ ചോദിക്കുന്നത്. നബിക്ക് ഖുര്‍ആനിലൂടെ ആദ്യമായി ലഭിച്ച കല്‍പ്പന വായിക്കുക (ഖുര്‍ആന്‍ 96/1) എന്നല്ലേ? ഈ കല്‍പ്പന കിട്ടി 23 വര്‍ഷം കഴിഞ്ഞല്ലേ നബി മരിച്ചത്? എന്നിട്ടും നബി വായിക്കാന്‍ പഠിച്ചില്ലെന്ന് പറഞ്ഞാല്‍ അത് വിശ്വസിക്കുന്നതെങ്ങനെ എന്നാണ്‌ വേറെ ചിലര്‍ ചോദിക്കുന്നത്.

എന്നാല്‍ നബിക്ക് എഴുത്തും വായനയും അറിയില്ലായിരുന്നു എന്നത് ഖുര്‍ആനിന്റെ അമാനുഷികതക്കുള്ള തെളിവായി ഖുര്‍ആന്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. "ഇതിന്ന് മുമ്പ് നീ ഒരു ഗ്രന്‍ഥവും പാരായണം ചെയ്തിരുന്നില്ല; നിന്റെ വലം കൈകൊണ്ട് നീയത് എഴുതിയിട്ടുമില്ല. അങ്ങനെ ഉണ്ടായിരുന്നുവെങ്കില്‍ ഈ അസത്യവാദികള്‍ക്ക് സംശയിക്കാമായിരുന്നു." (ഖുര്‍ആന്‍ 29/48)

എഴുത്തും വായനയും അക്കാലത്ത് അത്യപൂര്‍വ്വം ചിലര്‍ക്ക് മാത്രമേ വശമുണ്ടായിരുന്നുള്ളു. മക്കയില്‍ 2% ആളുകള്‍ക്ക്. മദീനയില്‍ ഇരുപതില്‍ താഴെ ആളുകള്‍ക്ക് മാത്രവും.

ചില ചരിത്ര സംഭവങ്ങള്‍ കാണുക:

1. പ്രവാചകന്ന് ലഭിച്ചിരുന്ന ദിവ്യബോധനം എഴുതിരുന്നത് അദ്ദേഹമായിരുന്നില്ല. അദ്ദേഹത്തിന്റെ അനുചരന്‍മാരില്‍ ചിലരായിരുന്നു. അബൂബകര്‍ അസ്സിദ്ദീഖ്, ഉമര്‍ ബിന്‍ അല്‍ ഖത്താബ്, ഉസ്‌മാന്‍ ബിന്‍ അഫ്ഫാന്‍, അലി ബിന്‍ അബീ ത്വാലിബ്, അസ്സുബൈര്‍ ബിന്‍ അല്‍ അവ്വാം, ഉബയ്യ് ബിന്‍ കഅ്‌ബ്, സൈദ് ബിന്‍ സാബിത്, മുആവിയ ബിന്‍ അബീ സുഫ്‌യാന്‍, മുഹമ്മദ് ബിന്‍ മസ്‌ലമ, അല്‍ അര്‍ഖം ബിന്‍ അബില്‍ അര്‍ഖം, അബാന്‍ ബിന്‍ സഅ്‌ദ്, ഖാലിദ് ബിന്‍ സഅ്‌ദ്, സാബിത് ബിന്‍ ഖൈസ്, ഹന്‍ളല ബിന്‍ അര്‍റബീഅഃ, ഖലിദ് ബിന്‍ അല്‍ വലീദ്, അബ്ദുല്ലാ ബിന്‍ അല്‍ അര്‍ഖം, അല്‍ അലാഅ്‌ ബിന്‍ ഉത്ബഃ, അല്‍ മുഗീറഃ ബിന്‍ ശുഅ്‌ബഃ, ശുറഹ്‌ബീല്‍ ബിന്‍ ഹസനഃ എന്നീ 19 പേരുകള്‍ ചരിത്ര ഗ്രന്‍ഥങ്ങളില്‍ കാണാം . ഇവര്‍ക്കിടയില്‍ ഒരു മുഹമ്മദ് ഉണ്ട്. എന്നാല്‍ അത് പ്രവാചകനായ മുഹമ്മദ് അല്ല.

2. ബദ്‌റിലെ പരാജയത്തിന്ന് പ്രതികാരം ചെയ്യാന്‍ മക്കയിലെ ജനങ്ങള്‍ ഒരു യുദ്ധത്തിന്ന് (ഉഹ്‌ദ്) ഒരുങ്ങുന്ന സന്ദര്‍ഭം. ഈ വിവരം പ്രവാചകനെ അറിയിക്കാന്‍ വേണ്ടി, അന്ന് മക്കയില്‍ താമസക്കാരനായിരുന്ന, അബ്ബാസ് ബിന്‍ അബ്ദില്‍ മുത്തലിബ് ഒരു കത്തെഴുതി. ഗിഫ്ഫാര്‍ ഗോത്രക്കാരനായ ഒരാള്‍ വശം അത് മദീനയിലേക്ക് കൊടുത്തയച്ചു. കത്ത് കിട്ടിയ ഉടനെ നബി അത് തുറന്ന് വായിച്ചില്ല; പ്രത്യുത ഉബയ്യ് ബിന്‍ കഅ്‌ബിനെ വിളിച്ചു വരുത്തി. അദ്ദേഹത്തോട് അത് വായിച്ചു കൊടുക്കാന്‍ ആവശ്യപ്പെടുകയാണ്‌ ചെയ്തത്. വായിച്ചു കേട്ട ശേഷം ഈ വിവരം രഹസ്യാമായി സൂക്ഷിക്കാണമെന്ന് അദ്ദേഹം ഉബയ്യിനോട് ആവശ്യപ്പെടുകയും ചെയ്തു.

3. പുതു വിശ്വാസികളായിരുന്ന, സഖീഫ് ഗോത്രക്കാരുടെ ഒരു വിവേദകസംഘം പ്രവാചകനെ സമീപിച്ച് അവര്‍ക്കൊരു പ്രമാണം എഴുതിക്കൊടുക്കാന്‍ ആവശ്യപ്പെട്ടു. 'നിങ്ങള്‍ക്ക് തോന്നുന്നത് നിങ്ങള്‍ എഴുതിക്കൊണ്ട് വരുക.' ഇതായിരുന്നു പ്രവാചകന്റെ നിര്‍ദ്ദേശം. അവര്‍ എഴുതാന്‍ വേണ്ടി അലി ബിന്‍ അബീ താലിബിന്റെ സഹായം തേടി. ആ പ്രമാണത്തിലൂടെ വ്യഭിചാരവും പലിശയും അവര്‍ക്ക് അനുവദിച്ച് കൊടുക്കാണമെന്നാണ്‌ അവര്‍ ആവശ്യപ്പെട്ടിരുന്നത്. അത്കൊണ്ട് ഇതെഴുതിക്കൊടുക്കുവാന്‍ അലി വിസമ്മതിച്ചു. അപ്പോഴവര്‍ ഖാലിദ് ബിന്‍ സഈദിനെ സമീപിച്ചു. അദ്ദേഹം എഴുതാന്‍ സന്നദ്ധനായി. അപ്പോല്‍ അലി അദ്ദേഹത്തോട് ചോദിച്ചു: ഇവര്‍ക്ക് വേണ്ടി താങ്കള്‍ എഴുതാന്‍ പോകുന്നത് എന്താണെന്നറിയാമോ?
ഖാലിദ്: അവര്‍ പറയുന്നതെന്തോ അത് ഞനെഴുതും. അവരുടെ കാര്യം തീരുമാനിക്കേണ്ടത് നബിയാണല്ലോ.

അവര്‍ തങ്ങളുടെ പ്രമാണവുമായി പ്രവാചകനെ സമീപിച്ചു. അപ്പോള്‍ ഒരാളോട് വയിക്കുവാന്‍ നബി ആവശ്യപ്പെട്ടു. വായന പലിശയെ കുറിക്കുന്നിടത്തെത്തിയപ്പോള്‍ പ്രവാചകന്‍ ആവശ്യപ്പെട്ടു: എന്റെ കൈ അതിന്‍മേല്‍ വയ്ക്കുക.
എന്നിട്ട് അദ്ദേഹം ഒരു ഖുര്‍ആന്‍ വാക്യം പാരായണം ചെയ്തു: 'സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക; പലിശയില്‍ നിന്ന് അവശേഷിക്കുന്നത് നിങ്ങള്‍ ഉപേക്ഷിക്കുകയും ചെയ്യുക. (2/278)' എന്നിട്ട് അവരെഴുതിയ പലിശയെ സംബന്ധിക്കുന്ന ഭാഗം നബി മായ്‌ച്ചു കളഞ്ഞു.
പിന്നീട് വായന വ്യഭിചാരത്തെക്കുറിച്ച് അവരെഴുതിയേടത്ത് എത്തിയപ്പോഴും ഇത് ആവര്‍ത്തിച്ചു. 'നിങ്ങള്‍ വ്യഭിചാരത്തെ സമീപിച്ചു പോകരുത്' (17/32) എന്ന ഖുര്‍ആന്‍ സൂക്തമാണ്‌ ഈ സമയം അദ്ദേഹം ഓതിയിരുന്നത്.

4. പ്രവാചകന്‍, ഹുദൈബിയയില്‍ വച്ച്, മക്കയിലെ ജനങ്ങളുമായി ഒരു സന്ധി ഉണ്ടാക്കുകയായിരുന്നു. പ്രവാചകന്‍ പറഞ്ഞു കൊടുത്തതനുസരിച്ച് അലി ബിന്‍ അബീ ത്വാലിബ് കരാര്‍ പത്രത്തില്‍ എഴുതി: 'പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍... ഇത് അല്ലാഹുവിന്റെ ദൂതനായ മുഹമ്മദ് ഉണ്ടാക്കുന്ന കരാറാകുന്നു.'
പക്ഷെ മക്കാക്കാര്‍ ഇത് സമ്മതിച്ചു കൊടുത്തില്ല. അവര്‍ പറഞ്ഞു: താങ്കള്‍ അല്ലാഹുവിന്റെ ദൂതനാണ്‌ ഞങ്ങളറിഞ്ഞിരുന്നുവെങ്കില്‍ താങ്കളെ ഞങ്ങള്‍ പിന്‍പറ്റുമായിരുന്നു. അത്കൊണ്ട് ഞങ്ങളുമായുണ്ടാക്കുന്ന കരാറില്‍ ഇങ്ങനെ എഴുതാന്‍ പറ്റുകയില്ല. 'അബ്‌ദുല്ലായുടെ മകന്‍ മുഹമ്മദ്' എന്ന് എഴുതുക.
അവര്‍ക്ക് എതിര്‍പ്പുള്ള ഭാഗം മായ്ച്ചു കളയാന്‍ പ്രവാചകന്‍ അലിയോട് പറഞ്ഞു. എന്നാല്‍ അലി അത് ചെയ്യാന്‍ വിസമ്മതിച്ചു. അപ്പോല്‍ നബി പറഞ്ഞു: അതിന്റെ സ്ഥാനം എനിക്ക് കാണിച്ചു തരുക.
അലി കാണിച്ചു കൊടുത്തു. നബി അത് മായ്ച്ചു. എന്നിട്ട് അവിടെ 'അബ്ദുല്ലായുടെ മകന്‍' എന്ന് അലി എഴുതിചേര്‍ത്തു.

ഈ ചരിത്ര സംഭവങ്ങള്‍ സൂചിപ്പിക്കുന്നത് നബിക്ക് എഴുത്തും വായനയും അറിയുമായിരുന്നില്ല എന്ന് തന്നെയാണ്‌.

(അവലംബം: അല്‍ മൌസൂഅഃ അല്‍ ഖുര്‍ആനിയ്യഃ. ഇബ്‌റാഹീം അല്‍ ഇബ്‌യാരീ.)

5 comments:

 1. "ഇതിന്ന് മുമ്പ് നീ ഒരു ഗ്രന്‍ഥവും പാരായണം ചെയ്തിരുന്നില്ല; നിന്റെ വലം കൈകൊണ്ട് നീയത് എഴുതിയിട്ടുമില്ല. അങ്ങനെ ഉണ്ടായിരുന്നുവെങ്കില്‍ ഈ അസത്യവാദികള്‍ക്ക് സംശയിക്കാമായിരുന്നു." (ഖുര്‍ആന്‍ 29/48)

  ReplyDelete
 2. നബി നിരക്ഷരനായിരുന്നു എന്ന് തെളിയിച്ചാല്‍ കുര്‍ ആന്‍ ദൈവീകമാണ്‌ എന്നതിന്റെ അനിഷേധ്യമായ തെളിവായി അത് തീരും എന്ന വ്യാമോഹത്തില്‍ നിന്ന് ഉടലെടുത്ത ലേഖനം .........

  ReplyDelete
 3. അഭീ.,
  ഖുര്‍‌ആന്‍ മുഹമ്മദ്നബി എഴുതിയുണ്ടാക്കിയതല്ല എന്ന് ഇപ്പോള്‍ മനസ്സിലായില്ലേ !

  ReplyDelete
 4. * ഒരു വസ്തുത തെളിവ് സഹിതം ജനശ്രദ്ധയില്‍ കൊണ്ട് വരുക; അത്രയേ ഉദ്ദേശിച്ചിട്ടുള്ളു.
  * ഇത് ഖുര്‍ആനിന്റെ അമാഷികതക്കുള്ള ഏക തെളിവല്ല. പല തെളിവുകളില്‍ ഒന്നാണ്‌.
  * ഈ വിഷയത്തെക്കുറിച്ച് സി.കെ. ലത്തീഫ് വളരെ വിശദമായി എഴുതിയിട്ടുണ്ട്. അതിവിടെ വായിക്കാം.

  ReplyDelete
 5. മനസ്സിലായി ബിച്ചു ........മനസ്സിലായി.....

  ReplyDelete