Followers

Wednesday, January 19, 2011

"എല്ലാ ഭീകരവാദികളും മുസ്‌ലിംകളാണ്‌"

'എല്ലാ മുസ്‌ലിംകളും ഭീകരവാദികളല്ല; എന്നാല്‍ എല്ലാ ഭീകരവാദികളും മുസ്‌ലിംകളാണ്‌.' ഒരു കാലത്ത് സംഘ്പരിവാരിന്റെ വക്താക്കള്‍ നമ്മുടെ രാജ്യത്ത് പ്രചരിപ്പിച്ചു കൊണ്ടിരുന്നതാണിത്. ഇത് കേവലം പ്രചാരണമായി അവസാനിച്ചില്ല. ഇത് രാജ്യത്തെ മീഡിയയും ഉദ്യോഗസ്ഥരും പൊതുജനവും അംഗീകരിക്കുകയായിരുന്നു. അതിനാല്‍ പിന്നീട് സ്ഫോടനം നടന്നപ്പോഴൊക്കെ, മുസ്‌ലിംകള്‍ പ്രതി ചേര്‍ക്കപ്പെട്ടു. പള്ളിയിലോ ഖബര്‍സ്ഥാനിലോ സ്ഫോടനം നടന്നാല്‍ അത് പോലും മുസ്‌ലിം ഭീകരന്‍മാരുടെ കൃത്യമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ മുന്‍വിധിയോട് കൂടി പാടിക്കൊണ്ടിരുന്നു. മീഡിയ അതേറ്റു പാടി. നാടും നാട്ടുകാരും അത് വിശ്വസിച്ചു. അത് വിശ്വസിപ്പിക്കാന്‍ വേണ്ടി പുതിയ ന്യായങ്ങള്‍ നിര്‍മ്മിക്കപ്പെട്ടു. അതിലൊന്നാണ്‌; 'സ്ഫോടനത്തില്‍ ആര്‍.ഡി.എക്സ്. ഉപയോഗിച്ചിട്ടുണ്ട്; അത്കൊണ്ട് അതിന്ന് പിന്നില്‍ പ്രവര്‍ത്തിച്ചത് മുസ്‌ലിം ഭീകരന്‍മാരാണ്‌. കാരണം മുസ്‌ലിം ഭീകരന്‍മാര്‍ക്കലാതെ ആര്‍.ഡി.എക്സ്. ലഭിക്കുകയില്ല.' മാധ്യമങ്ങള്‍ ഏറ്റു പാടി. ജനം അതും വിശ്വസിച്ചു. ആരും ചോദിച്ചില്ല: എന്ത്കൊണ്ട് ആര്‍.ഡി.എക്സ്. മറ്റാര്‍ക്കും ലഭിക്കില്ല എന്ന്. ഓരോ സ്ഫോടനത്തെത്തുടര്‍ന്നും 100% നിരപരാധികളായ മുസ്‌ലിംകള്‍ ഓരോ കേസിലും പ്രതി ചേര്‍ക്കപ്പെട്ടു. അതി ക്രൂരമായ മര്‍ദ്ദനത്തിലൂടെ അവരുടെ കുറ്റസമ്മതമൊഴി വാങ്ങപ്പെട്ടു. എന്നിട്ട് ലോകത്തോട് അവര്‍ പറഞ്ഞു: ഇതാ, മുസ്‌ലിം ഭീകരന്‍മാര്‍ കുറ്റം സമ്മതിച്ചിരിക്കുന്നു എന്ന്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരെക്കൊണ്ട് ഈ വിധം മുസ്‌ലിം വിരുദ്ധ അജണ്ട നടപ്പിലാക്കിച്ചത് ആരായിരുന്നു? എന്തായിരുന്നു ഇതിന്റെ ലക്‌ഷ്യം? ഇത് ആരുടെ അജണ്ടയായിരുന്നു? ഇന്ത്യന്‍ ഫാഷിസ്റ്റുകളുടെയോ? അതല്ല സര്‍ക്കാറിന്റെയോ? ഫാഷിസ്റ്റുകളുടെ അജണ്ട സര്‍ക്കാര്‍ ഏറ്റെടുക്കുകയായിരുന്നോ?
ഉത്തരം കിട്ടേണ്ട ചില ചോദ്യങ്ങളാണിവ.
കൂട്ടത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരും മാധ്യമപ്രവര്‍ത്തകരും സംഘ് പരിവാറും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടും അന്വേഷണ വിധേയമാകേണ്ടതുണ്ട്. ഇത്തരമൊരു നെറികെട്ട അവസ്ഥ ഇനി നമ്മുടെ രാജ്യത്ത് ഉണ്ടായിക്കൂടാ.

കെ.കെ. ആലിക്കോയ

അസിമാനന്ദയും കാളിദാസനും
ജിഹാദ്
ഭീകരതയുടെ കുത്തക മുസ്‌ലിംകള്‍ക്കോ?
ഭീകരതയുടെ നിറംമാറ്റം

3 comments:

  1. ആലിക്കോയ,
    മുസ്ലീംങ്ങൾ പലപ്പോഴും വല്ലാത്തൊരു മുൻവിധിയോടെയാണ്‌ വീക്ഷിക്കപ്പെടുന്നത്‌ എന്നത്‌ ദു:ഖകരവും അത്യന്തം ആശങ്കാജനകവുമായ ഒരു കാര്യമാണ്‌. ഒരുകണക്കിന്‌ എല്ലാ ജനവിഭാഗങ്ങളും എന്തെങ്കിലുമൊരു മുൻവിധിയോടെയാണ്‌ വീക്ഷിക്കപ്പെടുന്നത്‌. മലയാളികൾക്ക്‌ തമിഴനും ലോകത്ത്‌ പലയിടങ്ങളിലും നീഗ്രോകളും ഏഷ്യൻ വംശജരും എന്നുവേണ്ട, ഏതൊരു ജാതിവിഭാഗത്തിൽ പെടുന്നവനും(ളും) മറ്റൊരു വിഭാഗത്താൽ നോക്കിക്കാണപ്പെടുന്നത്‌ എന്തെങ്കിലുമൊരു മുൻവിധി വെച്ചാണ്‌. മലബാറുകാരെ തിരുവിതാംകൂറുകാർ വരെ ഒരു പ്രത്യേകരീതിയിലാണ്‌ വീക്ഷിക്കുന്നത്‌, തിരിച്ചും.

    ഇവിടെ പ്രശ്നം രൂക്ഷമാകുന്നത്‌ ഭീകരവാദവുമായി ബന്ധപ്പെട്ടാണ്‌ എന്നതാണ്‌. ഈ മുൻവിധി മൂലം ഒരു ഭയത്തോടെയാണ്‌ മുസ്ലിം സമൂഹത്തെ പൊതുജനം നോക്കിക്കാണുന്നത്‌. ഒരുതരം ഫോബിയ. അതുകൊണ്ടുതന്നെ ഏതൊരു ഭീകരവാദസംഭവവും ആദ്യം ചെന്നെത്തുന്നത്‌ ഏതെങ്കിലും മുസ്ലിം ഏരിയയിലേയ്ക്കായിരിക്കും. കുറ്റം തെളിയിയ്ക്കാനുള്ള വ്യഗ്രതയാണല്ലൊ നമ്മുടെ ഇടിയൻ പോലീസിന്റേത്‌, ആരും സമ്മതിച്ചുപോകും. ഇതിൽ അവിശുദ്ധകൂട്ടുകെട്ട്‌ എന്തെങ്കിലുമുണ്ടോ എന്ന് എനിക്ക്‌ ഉറപ്പിച്ച്‌ പറയാനാവില്ല, പക്ഷെ പോലീസിന്റെ സൈക്‌-ൽ ചെറിയതോതിലെങ്കിലും ഇത്‌ ഉണ്ടാവാം. അതിനോടൊപ്പം ഞാൻ നേരത്തെ പറഞ്ഞ ഇടിയൻ മനോഭാവം കൂടിയാകുമ്പോൾ കാര്യം ക്ലീൻ. ഈ ഫോബിയ മുതലെടുക്കാനും സാമൂഹ്യവിരുദ്ധരോ സംഘടനകൾ തന്നെയോ ശ്രമിക്കുന്നുണ്ട്‌ എന്നത്‌ സത്യമാണ്‌.

    Just an analogy..
    പണ്ട്‌ നക്സലുകളുടെ കാര്യത്തിലും സിഖുകാരുടെ കാര്യത്തിലും അവസ്ഥ വ്യത്യസ്തമായിരുന്നില്ല. ഇപ്പറഞ്ഞ എല്ലാം അവിടെയും applicable.

    ReplyDelete
  2. അപ്പൂട്ടന്‍,
    നീണ്ട ഒരിടവേളയ്ക്ക് ശേഷം താങ്കളെ ഈ ബ്ലോഗില്‍ വീണ്ടും കാണാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്.

    ReplyDelete
  3. മറ്റു യുക്തിവാദികളില്‍ നിന്ന് അപ്പൂട്ടനെ വ്യതിരിക്തനാക്കുന്നത് ഈ സത്യസന്ധതയാണ്. കേരളത്തിലെ യുക്തിവാദികളിലുള്‍പ്പെടെ ഈ ആന്റിമുസ്ലിം പൊതുബോധം ശക്തമാണ്. മാത്രമല്ല. അത് ശക്തിപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കയും ചെയ്യുന്നു അവര്‍ പലപ്പോഴും എന്നതാണ് ദു:ഖകരമായ സത്യം.

    ReplyDelete