Followers

Thursday, January 6, 2011

ഇസ്‌ലാമിന്‍റെ പ്രബോധന വിജയവും അവിശ്വാസികളുടെ പ്രതിരോധവും 

മക്കയിലെ അവിശ്വാസികള്‍ പ്രവാചകനോടുള്ള സംവാദത്തില്‍ പരാചയപ്പെടുകയായിരുന്നു. അത്കൊണ്ട് ഖുര്‍ആനില്‍ നിന്ന് ആളുകളുടെ ശ്രദ്ധ തിരിച്ചു വിടാന്‍ വേണ്ടി അവര്‍ പല കോപ്രായങ്ങളും കാട്ടിക്കൊണ്ടിരുന്നു. ചിലപ്പോള്‍ നുണപ്രചാരണങ്ങള്‍. മറ്റു ചിലപ്പോല്‍ വെറും കുരവയിടല്‍ മാത്രവും. അവരുടെ ശ്രമം സംബന്ധിച്ച് ഖുര്‍ആന്‍ പറയുന്നു:
"ഈ സത്യനിഷേധികള്‍ പറയുന്നു: `ഈ ഖുര്‍ആന് നിങ്ങള്‍ ചെവികൊടുക്കുകയേ അരുത്. അത് കേള്‍പ്പിക്കപ്പെടുമ്പോള്‍ ബഹളമുണ്ടാക്കുക. അങ്ങനെ നിങ്ങള്‍ക്കതിനെ ജയിക്കാം.` ഈ നിഷേധികളെ നാം കൊടിയ ശിക്ഷ രുചിപ്പിക്കുകതന്നെ ചെയ്യും. അവര്‍ ചെയ്തുകൊണ്ടിരുന്ന കൊടും പാതകങ്ങള്‍ക്ക് തികഞ്ഞ പ്രതിഫലം നല്‍കുന്നതുമാകുന്നു. അല്ലാഹുവിന്റെ വൈരികള്‍ക്കുള്ള ആ പ്രതിഫലമത്രെ നരകം! അതില്‍തന്നെയായിരിക്കും അവരുടെ സ്ഥിര താമസത്തിനുള്ള വീട്."(ഖുര്‍ആന്‍ 41: 26-28)

ഈ സൂക്തം മൌദൂദി ഇങ്ങനെ വ്യാഖ്യാനിക്കുനു: 'നബി(സ)യുടെ പ്രബോധനം പരാജയപ്പെടുത്താന്‍ നിശ്ചയിച്ച മക്കയിലെ അവിശ്വാസികള്‍ അവലംബിച്ച പരിപാടികളിലൊന്നായിരുന്നു ഇത്. ഖുര്‍ആന്‍ ജനഹൃദയങ്ങളിലുളവാക്കുന്ന പ്രതികരണത്തെക്കുറിച്ചും അത് കേള്‍പ്പിക്കുന്ന ആളുടെ അവസ്ഥയെയും അത്തരം ഒരു വ്യക്തിത്വം അത് അവതരിപ്പിക്കുമ്പോഴുണ്ടാകുന്ന ഉയര്‍ന്ന പ്രതിഫലനശക്തിയെയും കുറിച്ചും അവര്‍ക്ക് നന്നായറിയാമായിരുന്നു. ഇത്ര ഉന്നതനായ ഒരാളില്‍നിന്ന്, ഈ വിധം ഹൃദയാവര്‍ജകമായ വചനങ്ങള്‍ കേള്‍ക്കുന്നവര്‍ അതില്‍ ആകൃഷ്ടരാവുക തന്നെ ചെയ്യുമെന്ന് അവര്‍ മനസ്സിലാക്കി. അതുകൊണ്ട് ഈ വചനങ്ങള്‍ കേള്‍ക്കാതെയും ആരെയും കേള്‍പ്പിക്കാതെയും കഴിക്കാന്‍ പരിപാടിയിട്ടു. മുഹമ്മദ് അത് കേള്‍പ്പിക്കാന്‍ തുടങ്ങിയാല്‍ ഉടനെ ബഹളം കൂട്ടുക, കൂക്കും ചൂളവുമിടുക, സന്ദേഹങ്ങളും വിമര്‍ശനങ്ങളും തുരുതുരാ ഉന്നയിക്കുക, അങ്ങനെ അദ്ദേഹത്തിന്റെ ശബ്ദം ആര്‍ക്കും കേള്‍ക്കാനാവാത്തവണ്ണം രംഗം ശബ്ദമുഖരിതമാക്കുക, ഇത്തരം സൂത്രങ്ങളിലൂടെ അല്ലാഹുവിന്റെ പ്രവാചകനെ തോല്‍പിച്ചുകളയാമെന്നായിരുന്നു അവരുടെ വിചാരം.'
നബിയുടെ പ്രബോധനം പരാചയമായിരുന്നുവെങ്കില്‍ എന്തിനായിരുന്നു ഈ കുരവയിടല്‍?

ഇസ്‌ലാമിന്‍റെ പ്രബോധന വിജയത്തിന്ന് ത്ടയിടാന്‍ വേണ്ടി മക്കയിലെ അവിശ്വാസികള്‍ പ്രയോഗിച്ച മറ്റൊരു തന്ത്രം ഖുര്‍ആന്‍ വിവരിക്കുന്നു:

"വഞ്ചനാത്മകമായ വര്‍ത്തമാനങ്ങള്‍ വിലയ്ക്കുവാങ്ങി കൊണ്ടുവരുന്ന ചില മനുഷ്യരുണ്ട്; ഒരു വിവരവുമില്ലാതെ ദൈവിക മാര്‍ഗത്തില്‍നിന്ന് ജനത്തെ വ്യതിചലിപ്പിക്കുന്നതിനും ഈ മാര്‍ഗത്തിലേക്കുള്ള പ്രബോധനത്തെ പരിഹസിക്കുന്നതിനും വേണ്ടി. അത്തരമാളുകള്‍ക്കുള്ളത് അവരെ അത്യധികം നിന്ദിതരാക്കുന്ന ശിക്ഷയത്രെ. നമ്മുടെ സൂക്തങ്ങള്‍ ഓതിക്കേള്‍പ്പിക്കുമ്പോള്‍, താനതു കേട്ടിട്ടേയില്ല എന്ന മട്ടില്‍ മഹാ ഗര്‍വോടെ അവന്‍ തിരിഞ്ഞുകളയുന്നു; കാതുകളില്‍ അടപ്പുള്ളതുപോലെ. ശരി, അവനെ വേദനയേറിയ ശിക്ഷയുടെ സുവിശേഷമറിയിച്ചുകൊള്ളുക. (31:6,7)

മൌദൂദിയുടെ വ്യാഖ്യാനം:

"ഇബ്നു ഹിശാം മുഹമ്മദുബ്നു ഇസ്ഹാഖിനെ ഉദ്ധരിക്കുന്നു: മക്കയില്‍ നിഷേധികളുടെ സകലവിധ പ്രതിലോമ പ്രവര്‍ത്തനങ്ങളെയും അതിജയിച്ചുകൊണ്ട് നബി(സ)യുടെ സന്ദേശം പ്രചരിച്ചുകൊണ്ടിരുന്നപ്പോള്‍ നള്റുബ്നു ഹാരിസ് ഖുറൈശികളോടു പറഞ്ഞു: `നിങ്ങള്‍ ഇയാള്‍ക്കെതിരില്‍ ഇങ്ങനെ പ്രവര്‍ത്തിച്ചതുകൊണ്ടൊന്നും ഫലമില്ല. കുട്ടിക്കാലം മുതല്‍ മധ്യവയസ്സുവരെ നിങ്ങള്‍ക്കിടയില്‍ കഴിഞ്ഞുകൂടിയവനാണ് ഇയാള്‍. ഇന്നേവരെ ഇയാള്‍ സ്വഭാവചര്യകളില്‍ സര്‍വോല്‍കൃഷ്ടനായിരുന്നു. വിശ്വസ്തതയില്‍ എല്ലാവരുടെയും മുമ്പിലായിരുന്നു. ഇന്നിതാ നിങ്ങള്‍ പറയുന്നു; അയാള്‍ ജ്യോത്സ്യനാണ്, മാന്ത്രികനാണ്, ഭ്രാന്തനാണ്, കവിയാണ് എന്നൊക്കെ. ഇതൊക്കെ ആരാണ് വിശ്വസിക്കുക?! മാന്ത്രികന്മാര്‍ ഏതുതരം സൂത്രങ്ങളാണവലംബിക്കുകയെന്ന് ജനങ്ങള്‍ക്കറിയില്ലെന്നോ? ഒരു ജ്യോത്സ്യന്‍ ഏതുതരം വര്‍ത്തമാനങ്ങളാണ് പറയുകയെന്ന് ജനങ്ങള്‍ക്കറിയില്ലേ? കവിതയെയും കവികളെയും കുറിച്ച് ആളുകള്‍ തീരേ അജ്ഞരാണോ? ഭ്രാന്തിനെക്കുറിച്ചും ജനങ്ങള്‍ക്ക് ഒരു വിവരവുമില്ലെന്നാണോ? ഈ ആരോപണങ്ങളില്‍ ഏതാണ് മുഹമ്മദി(സ)ന്ന് യോജിക്കുക; അത് വിശ്വസിപ്പിച്ച് ജനങ്ങളെ അയാളില്‍നിന്നകറ്റുവാന്‍? നില്‍ക്കട്ടെ, ഞാനിതിനൊരു വിദ്യ കണ്ടിട്ടുണ്ട്.` അനന്തരം അയാള്‍ ഇറാഖിലേക്കു പോയി. അവിടെനിന്ന് അനറബി രാജാക്കന്മരുടെ ചരിതങ്ങളും റുസ്തം കഥകളും ശേഖരിച്ചുകൊണ്ടുവന്ന് മക്കയില്‍ കഥാസദസ്സുകള്‍ സംഘടിപ്പിക്കുകയായിരുന്നു ലക്ഷ്യം. അപ്പോള്‍ ജനശ്രദ്ധ ഖുര്‍ആനില്‍നിന്നകന്ന് കഥകളില്‍ മുഴുകിക്കൊള്ളുമല്ലോ. (സീറത്തു ഇബ്നിഹിശാം വാള്യം 1, പേജ് 320-321) ഇതേ നിവേദനം `അസ്ബാബുന്നുസൂലി`ല്‍ വാഹിദി , കല്‍ബിയില്‍ നിന്നും മുഖാതിലില്‍നിന്നും ഉദ്ധരിച്ചിട്ടുണ്ട്. ഇബ്നു അബ്ബാസ് ഇപ്രകാരംകൂടി പ്രസ്താവിച്ചിരിക്കുന്നു: നള്ര്‍ ഈ ഉദ്ദേശ്യാര്‍ഥം ഗായികകളായ ദാസികളെക്കൂടി വാങ്ങിക്കൊണ്ടുവന്നിരുന്നു. ആരെങ്കിലും പ്രവാചകന്റെ പ്രബോധനത്തില്‍ സ്വാധീനിക്കപ്പെട്ടിരിക്കുന്നുവെന്നു കേട്ടാല്‍ അയാള്‍ക്ക് ഒരു ദാസിയെ ഏല്‍പിച്ചുകൊടുക്കും. അവളോട് പറയും: `നന്നായി ആടിപ്പാടി ഇദ്ദേഹത്തിന്റെ മനസ്സിനെ കീഴടക്കി മറ്റേ ഭാഗത്തു നിന്നകറ്റണം.` മഹാ ധിക്കാരികള്‍ എക്കാലത്തും തുടര്‍ന്നുവന്നിട്ടുള്ള ഒരു സൂത്രം തന്നെയാണിത്. സാധാരണക്കാരെ കളിതമാശകളുടെയും കഥകളുടെയും സംസ്കാരത്തില്‍ മുക്കിക്കളയാന്‍ ശ്രമിക്കുക. അങ്ങനെ അവരെ ഗൌരവമുള്ള ജീവിത പ്രശ്നങ്ങളെക്കുറിച്ചും തങ്ങള്‍ മഹാനാശത്തിലേക്ക് തള്ളിവിടപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്നതിനെക്കുറിച്ചും ഒട്ടും ബോധമില്ലാത്തവരാക്കിത്തീര്‍ക്കുക. `ലഹ്വുല്‍ ഹദീസിന്റെ ഈ വ്യാഖ്യാനം നിരവധി സഹാബികളില്‍നിന്നും താബിഇകളില്‍നിന്നും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്."

(ഇബ്‌നു ഇസ്‌ഹാഖ്, ഇബ്‌നു ഹിഷാം, വാഹിദി, ഇബ്‌നു അബ്ബാസ് എന്നിവരെയാണ്‌ മൌദൂദി അവലംബിച്ചതെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.)

ഇസ്‌ലാമിക പ്രബോധനം പരാചയമായിരുന്നുവെങ്കില്‍, സംവാദത്തില്‍ മുശ്‌രിക്കുകള്‍ വിജയിച്ചു നില്‍ക്കുകയായിരുന്നുവെങ്കില്‍ എന്തിനായിരുന്നു ഇത്തരം 'ശ്രദ്ധ തിരിക്കല്‍' പരിപാടികള്‍ അവര്‍ നടത്തിയിരുന്നത്?

Visit: 1 and 2
കെ.കെ. ആലിക്കോയ

അസിമാനന്ദയും കാളിദാസനും
ഇസ്‌ലാമിക ചരിത്രം: കൈപ്പും മധുരവും
ഖുര്‍ആനിലെ 'ജനാധിപത്യ സൂക്തങ്ങള്‍'!
പ്രവാചകനിന്ദ: ശിക്ഷയും മാപ്പും
യുക്തിവാദികളുടെ സദാചാര സങ്കല്‍പ്പം
ലത്തീഫിന്റെ പ്രവാചകനിന്ദയും കാളിദാസന്റെ പ്രവാചകസ്നേഹവും

2 comments:

  1. അക്രമം, ബഹിഷ്കരണം, പരിഹാസം ഇതിനെല്ലാം പുറമെയാണ്‌ കള്ളപ്രചാരണം അവര്‍ നടത്തിയത്. എന്നിട്ടും ഇസ്‌ലാം പ്രചരിച്ചു. അത് വളര്‍ന്നു പന്തലിച്ചു. എതിര്‍ത്തവര്‍ക്ക് കൂടി ഇസ്‌ലാം പില്‍ക്കാലത്ത് അഭയം നല്‍കി. ഇന്ന് ലോകത്ത് ഇസ്‌ലാമിന്ന് നല്ല പ്രചാരം ലഭിച്ചുകൊണ്ടിരിക്കുന്നു. ഇത് പലരെയും വല്ലാതെ അസ്വസ്ഥരാക്കുന്നുണ്ട്. നാം കാണേണ്ടി വരുന്ന ചില മലയാളം ബ്ലോഗുകള്‍ ഇതിന്റെ തെളിവാണ്‌. നുണ, കള്ളപ്രചാരണം, പരിഹസം, അടിസ്ഥാനരഹിതമായ ആരോപണം അങ്ങനെ അവര്‍ മക്കയിലെ അവിശ്വാസികളെ അനുസ്‌മരിപ്പിച്ച് കൊണ്ട് മുന്നേറിക്കൊണ്ടിരിക്കുന്നു. ഇവര്‍ കണ്ണടച്ചത് കൊണ്ട് ലോകം ഇരുട്ടിലാവുകയില്ല. ഇസ്‌ലാമിന്റെ വെളിച്ചം ലോകത്തിന്ന് ലഭിക്കാതെ പോവുകയുമില്ല.

    ReplyDelete
  2. (കള്ള)സ്വാമി നിത്യനന്ത യുടെ വിഡിയോ ടേപ്പ് വരെ പത്രക്കാര്‍ പുറത്തു വിട്ടു . ഇതൊക്കെ ഉണ്ടായിട്ടും ഇയാളുടെ അടുത്ത് ആള്‍ക്കാര്‍ പോകുന്നത് ഇയാള്‍ ദൈവത്തിന്ടെ സ്വന്തം ആള്‍ക്കാര്‍ ആയതുകൊണ്ടും വിഡിയോ ടെപുകള്‍ വ്യാജം ആണെന്ന് അവര്‍ക്ക് ബോദ്യം വന്നത് കൊണ്ടും ആണോ ?

    ReplyDelete