Followers

Sunday, May 22, 2011

അല്ലാഹു, റസൂല്‍, ഉലുല്‍ അംറ്‌

അല്ലാഹുവിനെയും റസൂലിനെയും ഉലുല്‍ അംറിനെയും അനുസരിക്കണമെന്നു ഖുര്‍ആന്‍ കല്‍പ്പിക്കുന്നു. എന്നാല്‍ വളയമില്ലാതെ ചാടാന്‍ കൊതിക്കുന്ന ചിലര്‍ ഹദീസ് നിഷേധികളായി രംഗത്ത് വന്നിരിക്കുന്നു. അവരുടെ വാദപ്രകാരം അല്ലാഹുവിനെ അനുസരിക്കുകയെന്നാല്‍ ഖുര്‍ആന്‍ അനുസരിക്കലാണ്‌. റസൂലിനെ അനുസരിക്കുകയെന്നാലും ഖുര്‍ആന്‍ അനുസരിക്കലാണ്‌. ഉലുല്‍ അംറിനെ അനുസരിക്കുകയെന്നാലും ഖുര്‍ആന്‍ അനുസരിക്കല്‍ തന്നെ. എന്നിട്ട് ആ ഖുര്‍ആനിന്‌ തങ്ങള്‍ക്ക് തോന്നിയ പോലുള്ള വ്യാഖ്യാനങ്ങള്‍ സമര്‍പ്പിക്കുന്നു. ചില ഹദീസ് നിഷേധികള്‍ക്ക് നമസ്‌കാരം അഞ്ചുനേരം തന്നെയാണ്‌. മറ്റുചിലര്‍ക്ക് മൂന്നു നേരം. എന്നാല്‍ ഇത്തിക്കൂടി കടുത്ത ഒരു വിഭാഗത്തിനു രണ്ടു നേരം മതിയെന്നാണ്‌ വാദം. ഇങ്ങനെയെല്ലാം വാദിക്കണമെങ്കില്‍ ഹദീസിനെ നിഷേധിക്കണം. അല്ലാതെ സാധിക്കുകയില്ല. ഇതാണ്‌ ഹദീസ് നിഷേധത്തിന്റെ മനഃശസ്ത്രം. ഇനി ഖുര്‍ആന്‍ കല്‍പ്പിച്ച, അല്ലാഹുവിനും റസൂലിനും, ഉലുല്‍ അംറ്വിനുമുള്ള അനുസരണത്തിന്റെ വിവക്ഷ എന്താണെന്നു നോക്കാം.

ഖുര്‍ആന്‍ പറയുന്നു:

"അല്ലയോ വിശ്വസിച്ചവരേ, അല്ലാഹുവിനെ അനുസരിപ്പിന്‍, ദൂതനെയും അനുസരിപ്പിന്‍, നിങ്ങളില്‍ കൈകാര്യക്കാരെയും അനുസരിപ്പിന്‍. ഏതെങ്കിലും കാര്യത്തില്‍ തമ്മില്‍ തര്‍ക്കമുണ്ടായാല്‍ അതിനെ അല്ലാഹുവിങ്കലേക്കും ദൂതനിലേക്കും മടക്കുവിന്‍; നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും യഥാര്‍ഥത്തില്‍ വിശ്വസിക്കുന്നുവെങ്കില്‍ ഇതാണ് ഏറ്റവും ശരിയായ മാര്‍ഗം. അനന്തരഫലം പരിഗണിക്കുമ്പോഴും ഇതുതന്നെയാണ് ഏറ്റം നല്ലത്." (4:59)

ഈ സൂക്തം വ്യാഖ്യാനിച്ചുകൊണ്ടു സയ്യിദ് അബുല്‍ അഅ്‌ലാ മൌദൂദി എഴുതുന്നു:

ഈ ഖുര്‍ആന്‍ വാക്യം ഇസ്ലാമിന്റെ മതപരവും നാഗരികവും രാഷ്ട്രീയവുമായ സമ്പൂര്‍ണ വ്യവസ്ഥിതിയുടെ അടിത്തറയും ഇസ്ലാമിക രാഷ്ട്രത്തിന്റെ ഭരണഘടനയുടെ ഒന്നാം ഖണ്ഡികയുമാകുന്നു. ഇതില്‍, താഴെ പറയുന്ന തത്വങ്ങള്‍ സുസ്ഥിരമായി സ്ഥാപിക്കപ്പെട്ടിരിക്കുന്നു.

i) ഇസ്ലാമിക വ്യവസ്ഥിതിയില്‍ സാക്ഷാല്‍ അനുസരണാര്‍ഹന്‍ അല്ലാഹുവാകുന്നു. ഒരു മുസ്ലിം ഒന്നാമതായി ദൈവത്തിന്റെ അടിമയാണ്. മറ്റെല്ലാം പിന്നീടുമാത്രം. മുസല്‍മാന്റെ വ്യക്തിജീവിതത്തിന്റെയും മുസ്ലിംകളുടെ സാമൂഹിക ജീവിതത്തിന്റെയും കേന്ദ്രവും അച്ചുതണ്ടുമായിരിക്കുന്നത് ദൈവത്തോടുള്ള അനുസരണവും കൂറുമാകുന്നു. ഇതരന്മാര്‍ക്കുള്ള അനുസരണവും കൂറും സ്വീകരിക്കപ്പെടുന്നത്, അല്ലാഹുവിന്റെ അനുസരണത്തിനും കൂറിനും എതിരാവാതെ വരുമ്പോള്‍, അല്ല, അവയ്ക്കു വിധേയമായിരിക്കുമ്പോള്‍ മാത്രമാണ്. ഈ മൌലികാനുസരണത്തിനു വിരുദ്ധമായിട്ടുള്ള എല്ലാ അനുസരണബന്ധങ്ങളും അറുത്തെറിയപ്പെടുന്നതാണ്. لا طَاعَةَ لِمَخْلـُوقٍ فِي مَعْصِيَةِ الْخَالِقِ (സ്രഷ്ടാവിനോട് അനുസരണക്കേടു കാണിച്ചുകൊണ്ട് യാതൊരു സൃഷ്ടിക്കും അനുസരണം പാടുള്ളതല്ല) എന്ന പ്രവാചകവചനത്തിന്റെ സാരവും ഇതത്രെ.

ii) ഇസ്ലാമിക വ്യവസ്ഥിതിയുടെ രണ്ടാമത്തെ അടിസ്ഥാനം റസൂലിനുള്ള അനുസരണമാണ്. ഇത് ഒരു സ്വതന്ത്രമായ അനുസരണമല്ല; പിന്നെയോ, ദൈവത്തിനുള്ള അനുസരണത്തിന്റെ ഏക പ്രായോഗികരൂപമാണ്. ദൈവത്തിന്റെ നിയമങ്ങളും കല്‍പനകളും നമുക്കു ലഭിക്കുന്നതിനുള്ള പ്രമാണയോഗ്യമായ മാര്‍ഗമായതുകൊണ്ടാണ് പ്രവാചകന്‍ അനുസരിക്കപ്പെടുന്നത്. പ്രവാചകന്റെ അനുസരണംവഴിക്കേ നമുക്ക് ദൈവത്തെ അനുസരിക്കാനാവൂ. പ്രവാചകന്റെ അംഗീകാരം കൂടാതെ ദൈവത്തിനുള്ള യാതൊരനുസരണവും പരിഗണനീയമല്ല. പ്രവാചകനോടുള്ള ധിക്കാരം ദൈവത്തോടുള്ള ധിക്കാരമാണ്. مَنْ أطاعَنِي فَقَدْ أطَاعَ اللهَ وَمَنْ عَصَانِي فَقَدْ عَصَى اللهَ (എന്നെ അനുസരിച്ചവന്‍ ദൈവത്തെ അനുസരിച്ചു; എന്നെ ധിക്കരിച്ചവന്‍ ദൈവത്തെ ധിക്കരിച്ചു) എന്ന നബിവചനം ഇതാണ് വ്യക്തമാക്കുന്നത്. ഇതേ സംഗതി വളരെ വ്യക്തമായി ഖുര്‍ആനില്‍ തന്നെ പിന്നീട് വരുന്നുണ്ട്.*

iii) മുകളില്‍ പറഞ്ഞ രണ്ടുവക അനുസരണത്തിനു പുറമെ, അതിനു കീഴിലായിക്കൊണ്ട്, ഇസ്ലാമിക വ്യവസ്ഥിതിയില്‍ മുസ്ലിംകളുടെ മേല്‍ നിര്‍ബന്ധമായിരിക്കുന്ന മൂന്നാമതൊരു അനുസരണം കൂടിയുണ്ട്. മുസ്ലിംകളില്‍നിന്നുള്ള `ഉലുല്‍അംറി`ന്നാണത്. മുസ്ലിംകളുടെ സാമൂഹിക കാര്യങ്ങളില്‍ മേലധികാരം വഹിക്കുന്ന എല്ലാവരും ഉലുല്‍അംറിന്റെ നിര്‍വചനത്തില്‍ പെടുന്നു. മാനസികവും ചിന്താപരവുമായ മാര്‍ഗദര്‍ശനം നല്‍കുന്ന പണ്ഡിതന്മാര്‍, രാഷ്ട്രീയ നേതൃത്വം കൊടുക്കുന്ന ലീഡര്‍മാര്‍, രാജ്യകാര്യം നടത്തുന്ന അധികൃതര്‍, കോര്‍ട്ട് തീരുമാനങ്ങള്‍ കല്‍പിക്കുന്ന ജഡ്ജിമാര്‍, നാഗരികവും സാമുദായികവുമായ കാര്യങ്ങളില്‍ ഗോത്രങ്ങള്‍ക്കും പ്രദേശങ്ങള്‍ക്കും മഹല്ലുകള്‍ക്കും നേതൃത്വം നല്‍കുന്ന നായകന്മാരും തലവന്മാരും - എന്നു വേണ്ട വല്ലവിധത്തിലും മുസ്ലിംകളുടെ കൈകാര്യക്കാരായിട്ടുള്ളവരെല്ലാം അനുസരണാര്‍ഹരാണ്. അവരുമായി പിണങ്ങി, മുസ്ലിംകളുടെ സാമൂഹ്യജീവിതത്തില്‍ വിടവുണ്ടാക്കുന്നത് ശരിയല്ല. എന്നാല്‍ അവര്‍ (കൈകാര്യക്കാര്‍) (1) മുസ്ലിംകളില്‍നിന്നുള്ളവരും (2) അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുന്നവരും ആയിരിക്കണമെന്നു നിബന്ധനയുണ്ട്. ഇത് രണ്ടും പ്രസ്തുത അനുസരണത്തിനുള്ള നിര്‍ബന്ധോപാധികളത്രെ. ഇത് പ്രകൃത ആയത്തില്‍തന്നെ വ്യക്തമാക്കിയിട്ടുള്ളതിനു പുറമെ, ഹദീസില്‍ സവിസ്തരം വിവരിച്ചിട്ടുമുണ്ട്. ഉദാഹരണത്തിന് താഴെക്കൊടുത്ത ഹദീസുകള്‍ കാണുക:

السَمْعُ وَالطاعَةُ علَى المَرْءِ المُسْلِمِ فِي مَا أحَبَّ وَكَرِهَ مَالَمْ يُؤْمَرْ بِمَعْصِيَةٍ فَإذا أُمَِرَ بِمَعْصِيَةٍ فَلا سَمْعَ وَلا طَاعَة (بخاري، مسلم)
(ഉലുല്‍അംറിന്റെ വാക്ക് കേള്‍ക്കലും അനുസരിക്കലും, അത് തനിക്ക് ഇഷ്ടകരമായാലും അനിഷ്ടകരമായാലും മുസല്‍മാനു നിര്‍ബന്ധമാകുന്നു- `മഅ്സിയത്ത്` കൊണ്ട് ആജ്ഞാപിക്കപ്പെടാത്തേടത്തോളം. അഥവാ `മഅ്സിയത്ത്` കൊണ്ട് ആജ്ഞാപിക്കപ്പെടുന്ന പക്ഷം പിന്നെ കേള്‍ക്കലും അനുസരിക്കലും പാടുള്ളതല്ല).
لا طَاعَةَ فِي مَعْصِيَةٍ إنَّمَا الطَاعَة ُ فِي المَعْرُوفِ (بخاري، مسلم)
(ദൈവത്തോടും പ്രവാചകനോടും അനുസരണക്കേടു കാണിച്ചുകൊണ്ട് യാതൊരാള്‍ക്കും അനുസരണമില്ലതന്നെ; അനുസരണം സല്‍ക്കാര്യത്തില്‍ മാത്രമാണ്.)
يكون عَلَيْكُمْ أُمَرَاءُ تَعْرِفُونَ وَتُنْكِرُونَ فَمَنْ أَنْكَر فَقَدْ بَرِءَ ومَنْ كَرِهَ َ فَقَدْ سَلِمَ وَلكِنْ مَنْ رَضِيَ وَتَابَعَ، فقَالُوا أفلا نُقَاتِلُهُمْ؟ قَالَ: لا مَا صَلـَّوا (مسلم)
(തിരുമേനി അരുള്‍ചെയ്തു: `നിങ്ങള്‍ക്ക് ചില ഭരണാധിപന്മാരുണ്ടാകും; അവരുടെ കാര്യങ്ങളില്‍ ചിലത് നിങ്ങള്‍ നന്മയായി കാണും; ചിലത് തിന്മയായും. എന്നാല്‍ അവരുടെ തിന്മകളില്‍ അതൃപ്തി പ്രകടിപ്പിക്കുന്നവര്‍ കടമ നിര്‍വഹിച്ചു. അവയെ വെറുക്കുന്നവരും രക്ഷപ്രാപിച്ചു. പക്ഷേ ആര്‍ അവയെ തൃപ്തിപ്പെടുകയും പിന്‍പറ്റുകയും ചെയ്യുന്നുവോ അവര്‍ ശിക്ഷിക്കപ്പെടും.` സഹാബികള്‍ ചോദിച്ചു: `അങ്ങനെയുള്ള ഭരണാധിപന്മാരുടെ കാലം വരുമ്പോള്‍ ഞങ്ങള്‍ അവരോട് യുദ്ധം ചെയ്യട്ടെയോ?` നബി ഉത്തരമരുളി: `പാടില്ല, അവര്‍ നമസ്കരിക്കുന്ന കാലത്തോളം.) അതായത,് അവര്‍ ദൈവത്തിന്റെയും പ്രവാചകന്റെയും അനുസരണത്തില്‍നിന്ന് പുറത്തുപോയെന്ന് വ്യക്തമായി തെളിയിക്കുന്ന അടയാളമാണ് നമസ്കാരമുപേക്ഷിക്കല്‍. അനന്തരം അവര്‍ക്കെതിരായി പ്രവര്‍ത്തിക്കുന്നത് ന്യായമായിരിക്കും.
شِرَارُ أئِمَتِكُمْ الذِينَ تُبْغِضُونَهُمْ ويُبْغِضُونَكُمْ وتَلْعَنُونَهُمْ ويَلْعَنُونَكُمْ قُلْنَا يَا رَسُولَ اللهَ أفَلَا نُنَابِذُهُمْ عِنْدَ ذَلِكَ؟ قال: لا مَا أقامُوا فِيكُمْ الصَلَوةَ ، لا مَا أقامُوا فِيكُمْ الصَلاةَ (مسلم)
(`നിങ്ങള്‍ വെറുക്കുന്നവരും നിങ്ങളെ വെറുക്കുന്നവരും നിങ്ങള്‍ ശപിക്കുന്നവരും നിങ്ങളെ ശപിക്കുന്നവരുമാണ് നിങ്ങളുടെ നായകന്‍മാരില്‍ നീചരായിട്ടുള്ളവര്‍` എന്നു നബി(സ) പറഞ്ഞു. സഹാബിമാര്‍ ചോദിച്ചു: `ആ സ്ഥിതി വരുമ്പോള്‍ ഞങ്ങള്‍ അവര്‍ക്കെതിരായി പൊരുതട്ടെയോ?` നബി അരുള്‍ ചെയ്തു: `പാടില്ല, അവര്‍ നിങ്ങളില്‍ നമസ്കാരം നിലനിര്‍ത്തുന്ന കാലത്തോളം; പാടില്ല, അവര്‍ നിങ്ങളില്‍ നമസ്കാരം നിലനിര്‍ത്തുന്ന കാലത്തോളം.`) ഈ ഹദീസുകളില്‍ മുകളിലത്തെ നിബന്ധന ഒന്നുകൂടി വ്യക്തമാക്കപ്പെട്ടിരിക്കുന്നു. ഇതിനു മുമ്പത്തെ ഹദീസുകൊണ്ട്, വ്യക്തിജീവിതത്തില്‍ നമസ്കാരം അനുഷ്ഠിക്കുന്നവരാണ് ഭരണാധിപന്മാരെങ്കില്‍ അവര്‍ക്കെതിരായി പ്രവര്‍ത്തിച്ചുകൂടാ എന്ന് തോന്നാമായിരുന്നു. എന്നാല്‍ നമസ്കാരം നിര്‍വഹിക്കുന്നതുകൊണ്ടുദ്ദേശ്യം, മുസ്ലിംകളുടെ സാമൂഹിക ജീവിതത്തില്‍ നമസ്കാരവ്യവസ്ഥ സ്ഥാപിക്കലാണെന്നു ഈ ഹദീസ് വ്യക്തമാക്കുന്നു. അതായത്, ഭരണാധിപന്മാര്‍ സ്വന്തംനിലക്കു നമസ്കാരക്കാരായാല്‍ പോരാ, പിന്നെയോ തങ്ങളുടെ കീഴില്‍ നടത്തപ്പെടുന്ന ഭരണകൂടം, ചുരുങ്ങിയത്, `ഇഖാമത്തുസ്സ്വലാത്തി`നു വ്യവസ്ഥ ചെയ്യുകയെങ്കിലും വേണം. തങ്ങളുടെ ഭരണം അതിന്റെ മൌലിക സ്വഭാവമനുസരിച്ച് ഒരിസ്ലാമിക ഭരണമാണ് എന്നതിന്റെ അടയാളമാണിത്. ഇതുംകൂടി ഇല്ലെന്നു വന്നാല്‍ ആ ഭരണം ഇസ്ലാമില്‍നിന്ന് വ്യതിചലിച്ചിരിക്കുന്നു എന്നര്‍ഥമായി. പിന്നീടതിനെ തട്ടിമാറ്റുന്നതിനായുള്ള പരിശ്രമം മുസ്ലിംകള്‍ക്ക് അനുവദനീയമായിത്തീരുന്നതാണ്. ഇതേ വിഷയം മറ്റൊരു രിവായത്തില്‍ ഇങ്ങനെ വിവരിക്കപ്പെട്ടിരിക്കുന്നു: "നബി(സ) ഞങ്ങളോട് പലതിനേയും പറ്റി കരാറുവാങ്ങിയ കൂട്ടത്തില്‍ ഒരു കരാര്‍ ഇതായിരുന്നു: നാം നമ്മുടെ നായകന്മാരോടും ഭരണാധിപന്മാരോടും പിണങ്ങുകയില്ല- അല്ലാഹുവിന്റെ മുമ്പില്‍ സമര്‍പ്പിക്കപ്പെടാവുന്ന തെളിവുണ്ടായിരിക്കുമാര്‍ പരസ്യമായ കുഫ്ര്‍ അവരുടെ പ്രവര്‍ത്തനങ്ങളില്‍ കാണപ്പെടാത്ത കാലത്തോളം.
`` أنْ لا نُنَازِعَ الأمْرَ أَهْلَهُ إلا أنْ تَرَوْا كُفْرًا بَوَاحًا عِنْدَكُمْ مِنَ اللهِ فِيهِ بُرْهَانٌ (بخاري، مسلم)

iv) പ്രകൃത ഖുര്‍ആന്‍ വാക്യത്തില്‍ വിവരിച്ചിരിക്കുന്ന, സ്വതന്ത്രവും ശാശ്വതവുമായ നാലാമത്തെ തത്വമിതാണ്: ഇസ്ലാമിക വ്യവസ്ഥിതിയില്‍ ദൈവനിയമത്തിനും പ്രവാചകചര്യക്കും അടിസ്ഥാന നിയമത്തിന്റെയും അന്ത്യപ്രമാണത്തി(Final Authority)ന്റെയും പദവിയാണുള്ളത്. മുസ്ലിംകള്‍ തമ്മില്‍ തമ്മിലോ, ഭരണകൂടവും ഭരണീയരും തമ്മിലോ വല്ല പ്രശ്നത്തിലും അഭിപ്രായഭിന്നതയുണ്ടായാല്‍ അതിന്റെ തീരുമാനത്തിനു ഖുര്‍ആനെയും സുന്നത്തിനെയും സമീപിക്കുന്നു; അവിടുന്ന് ലഭിക്കുന്ന തീരുമാനമെന്തോ അതിനുമുമ്പില്‍ സകലരും തലകുനിക്കുന്നു. ഇങ്ങനെ എല്ലാ ജീവിത ഇടപാടുകളിലും കിതാബിനെയും സുന്നത്തിനെയും അടിസ്ഥാനപ്രമാണമായും അവസാന വാക്കായും സമ്മതിക്കുന്നു എന്നതാണ് ഇസ്ലാമിക വ്യവസ്ഥിതിയെ അനിസ്ലാമിക വ്യവസ്ഥിതിയില്‍നിന്നും വേര്‍തിരിച്ചു നിര്‍ത്തുന്ന അനിവാര്യമായ സവിശേഷത. യാതൊന്നില്‍ ഇതു കാണപ്പെടുന്നില്ലയോ ആ വ്യവസ്ഥിതി തീര്‍ച്ചയായും ഒരനിസ്ലാമിക വ്യവസ്ഥിതിയാകുന്നു. ഇവിടെ ചിലര്‍ക്കൊരു സംശയം: "എല്ലാ ജീവിതപ്രശ്നങ്ങളുടെയും തീരുമാനത്തിന് കിതാബിനെയും സുന്നത്തിനെയും സമീപിച്ചതുകൊണ്ടെന്താണ്; മുന്‍സിപ്പാലിറ്റിയുടെയും റെയില്‍വേയുടെയും പോസ്റാഫീസിന്റെയും നിയമചട്ടങ്ങളും ഇതുപോലുള്ള മറ്റനേകം കാര്യങ്ങളെ സംബന്ധിച്ച വ്യവസ്ഥകളൊന്നും തന്നെ ഖുര്‍ആനിലും ഹദീസിലും പറഞ്ഞിട്ടില്ലല്ലോ?`` ദീനിന്റെ അടിസ്ഥാനങ്ങള്‍ മനസ്സിലാക്കാത്തതാണ് വാസ്തവത്തില്‍ ഈ സംശയത്തിനു കാരണം. മുസ്ലിമിനെ അമുസ്ലിമില്‍ നിന്ന് വേര്‍തിരിക്കുന്ന വസ്തു എന്താണെന്നു വെച്ചാല്‍, അമുസ്ലിം നിരുപാധിക സ്വാതന്ത്ര്യവാദിയാണെങ്കില്‍, ദൈവത്തിന്റെ അടിമയായിക്കൊണ്ട് ദൈവനിര്‍ദിഷ്ടമായ പരിധിയില്‍ മാത്രം സ്വാതന്ത്ര്യം അനുഭവിക്കുന്നവനാണ് മുസ്ലിം. അവിശ്വാസി തന്റെ എല്ലാ പ്രശ്നത്തിലും സ്വയംകൃത തത്വങ്ങള്‍ക്കും നിയമങ്ങള്‍ക്കുമൊത്ത് തീരുമാനം കല്‍പിക്കുന്നു; തനിക്ക് ദൈവിക പ്രമാണത്തിന്റെ ആവശ്യകതയുണ്ടെന്നു തന്നെ മനസ്സിലാക്കുന്നില്ല. വിശ്വാസിയാകട്ടെ, തന്റെ എല്ലാ പ്രശ്നങ്ങളും ആദ്യമായി അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുന്നു. അവിടെ വല്ല നിയമവും കണ്ടെത്തുന്നുവെങ്കില്‍ അത് പിന്തുടരുന്നു. അഥവാ യാതൊരു നിയമവും കണ്ടെത്തുന്നില്ലെങ്കില്‍, അപ്പോള്‍ മാത്രം സ്വാതന്ത്ര്യം ഉപയോഗിക്കുന്നു. `ഒരു വിഷയത്തില്‍ ശാരിഅ് യാതൊരു നിയമവും നല്‍കാതിരിക്കുമ്പോള്‍ ആ വിഷയത്തില്‍ സ്വാതന്ത്ര്യമനുവദിച്ചിരിക്കുന്നു എന്ന് തെളിയുന്നു` എന്ന ന്യായത്തില്‍ അധിഷ്ഠിതമാണ് മുസ്ലിമിന്റെ ഈ സ്വാതന്ത്ര്യനയം.
(തഫ്‌ഹീമുല്‍ ഖുര്‍ആനില്‍ മൌലാനാ മൌദൂദി നല്‍കിയ വ്യാഖ്യാനത്തില്‍ നിന്ന് Quran 4:59)

ചുരുക്കത്തില്‍ അല്ലാഹുവിനെയും റസൂലിനെയും ഉലുല്‍ അംറിനെയും അനുസരിക്കുകയെന്നതിന്നു ഖുര്‍ആനും നബിചര്യയും നിശ്ചയിച്ച വ്യക്തമായ അര്‍ത്ഥകല്‍പ്പനയുണ്ട്. അതിനാല്‍ ഇതിനെ മറികടക്കുന്നവര്‍ സ്വയം വഴിപിഴച്ചവരും മറ്റുള്ളവരെ പിഴപ്പിക്കുന്നവരുമാണെന്നു തിരിച്ചറിയുക.
.........................................................
* "ദൈവദൂതനെ അനുസരിക്കുന്നവന്‍ അല്ലാഹുവിനെ അനുസരിച്ചു." (Quran 4/80)

2 comments:

  1. നമസ്കാരത്തിന്റെ പൂര്‍ണ്ണരൂപം

    "നിങ്ങള്‍ ഭൂമിയില്‍ സഞ്ചരിക്കുമ്പോള്‍, നമസ്കാരം ചുരുക്കുന്നതിനു വിരോധമില്ലാത്തതാകുന്നു -സത്യനിഷേധികള്‍ ദ്രോഹിക്കുമെന്നു ഭയപ്പെടുമ്പോള്‍ (വിശേഷിച്ചും). എന്തെന്നാല്‍ സത്യനിഷേധികള്‍ നിങ്ങളുടെ ബദ്ധവിരോധികളായിരിക്കുന്നു." (Quran 4/101)

    = നാം യാത്രയിലായിരിക്കെ, നമസ്കാരം ചുരുക്കി നിര്‍വഹിക്കാമെന്ന് ഈ സൂക്തം അനുവദിക്കുന്നു. അപ്പോള്‍ നമസ്കാരത്തിനു രണ്ടു രീതികളായി.
    ഒന്ന്: പൂര്‍ണ്ണമായി നമസ്കരിക്കുക.
    രണ്ട്: ചുരുക്കി നമസ്കരിക്കുക.
    എങ്കില്‍ നമസ്കാരത്തിന്റെ പൂര്‍ണ്ണരൂപം ഖുര്‍ആനില്‍ എവിടെയാണുള്ളത്?
    ഹദീസ് നിഷേധികള്‍ ഇതിനു മറുപടി നല്‍കാന്‍ ബാധ്യസ്ഥരാണ്‌.

    ReplyDelete
  2. യുദ്ധം നിഷിദ്ധമായ മാസങ്ങള്‍

    "അല്ലാഹു ആകാശഭൂമികള്‍ സൃഷ്ടിച്ച നാള്‍തൊട്ടേ അവന്റെ രേഖയില്‍ മാസങ്ങളുടെ സംഖ്യ പന്ത്രണ്ടാകുന്നു. അതില്‍ നാലു മാസങ്ങള്‍ യുദ്ധം നിരോധിക്കപ്പെട്ടവയാണ്. ഇതാണ് ശരിയായ നിയമവ്യവസ്ഥ. അതിനാല്‍ ഈ നാലു മാസങ്ങളില്‍ നിങ്ങള്‍ നിങ്ങളോടുതന്നെ അതിക്രമം ചെയ്യാതിരിക്കുവിന്‍. എന്നാല്‍ ബഹുദൈവാരാധകര്‍ ഏതുവിധം ഒറ്റക്കെട്ടായി നിങ്ങളോടു യുദ്ധംചെയ്യുന്നുവോ അതേവിധം ഒറ്റക്കെട്ടായി നിന്നു നിങ്ങള്‍ അവരോടും യുദ്ധംചെയ്യേണം. അറിഞ്ഞിരിക്കുവിന്‍, അല്ലാഹു ഭക്തന്മാരുടെ കൂടെത്തന്നെയാകുന്നു. `നസീഅ്` സത്യനിഷേധത്തിലൊരു വര്‍ധനവു മാത്രമാകുന്നു. അതുമൂലം ഈ നിഷേധികള്‍ കൂടുതല്‍ വഴിതെറ്റിക്കപ്പെടുന്നു. അവര്‍ ചില വര്‍ഷങ്ങളില്‍ ഒരു മാസത്തെ യുദ്ധം ഹിതകരമാക്കുകയും ചില വര്‍ഷങ്ങളില്‍ അതേ മാസത്തെ യുദ്ധം നിഷിദ്ധമാക്കുകയും ചെയ്യുന്നു; അല്ലാഹു യുദ്ധം നിരോധിച്ച മാസങ്ങളുടെ എണ്ണവുമായി യോജിക്കാന്‍. അതുവഴി അല്ലാഹു നിരോധിച്ചതിനെ അവര്‍ അനുവദനീയമാക്കുന്നു -അവരുടെ ഈ ദുഷ്ചെയ്തികള്‍ അവര്‍ക്ക് അലങ്കാരമാക്കപ്പെട്ടിരിക്കുന്നു. സത്യത്തെ നിഷേധിക്കുന്ന ജനത്തിന് അല്ലാഹു മാര്‍ഗദര്‍ശനം നല്‍കുന്നില്ല." (Quran 9/36-37)

    * വര്‍ഷത്തില്‍ നാലു മാസം യുദ്ധം നിഷിദ്ധമാണ്‌.
    * ആ മാസങ്ങള്‍ക്ക് പകരം മറ്റു മാസങ്ങള്‍ യുദ്ധം ചെയ്യാതിരുന്നാല്‍ പോരാ. നിശ്ചിത മാസങ്ങള്‍ തന്നെ യുദ്ധം നിഷിദ്ധമായി കണക്കാക്കണം.
    * ഈ മാസങ്ങള്‍ ഏതാണെന്നു ഖുര്‍ആന്‍ പറയുന്നില്ല;
    * എന്നാല്‍ ഹദീസില്‍ ഉണ്ട്.
    * അപ്പോള്‍ ഹദീസ് നിഷേധികള്‍ എന്തു കെയ്യും?
    * ഏതാണ്‌ നാലു മാസങ്ങള്‍ എന്നു ഖുര്‍ആന്‍ കൊണ്ടു തന്നെ തെളിയിക്കുമോ?
    * അല്ലെങ്കില്‍ ഹദീസ് പിന്‍പറ്റുമോ?

    ReplyDelete