Followers

Saturday, May 21, 2011

കണ്ണാടി തല്ലിയുടയ്ക്കുന്നവര്‍

മുഖം മോശമായതിന്നു കണ്ണാടിയെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. മുഖം നന്നാക്കുക അഥവാ പ്രതിച്ഛായ നന്നാക്കുക - അതു മാത്രമാണു പരിഹാരം. കേരളത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ നടക്കുന്ന അക്രമങ്ങള്‍ കണ്ടപ്പോള്‍ ഇങ്ങനെ ചിന്തിക്കാനാണു തോന്നിയത്. വാര്‍ത്താമാധ്യമങ്ങള്‍ സമൂഹത്തിന്റെ നേര്‍ചിത്രം നമുക്കു മുമ്പില്‍ സമര്‍പ്പിക്കുന്നു. സമൂഹത്തിലെ പലരുടെയും നന്മകളും തിന്മകളും, മേന്മകളും പോരായ്മകളും, യോഗ്യതകളും അയോഗ്യതകളും നാട്ടുകാരറിയാന്‍ ഇത് ഇടവരുത്തുന്നു. ഇതു പക്ഷേ പലര്‍ക്കും രസിക്കുന്നില്ല. വാര്‍ത്തയുടെ മറുവശം പറഞ്ഞു പിടിച്ചു നില്‍ക്കാന്‍ ശോഭനമായ ഒരു മറുവശം അത്തരക്കര്‍ക്കു കാണുകയുമില്ല. പിന്നെ മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം നടത്തുകയാണു എളുപ്പമെന്ന് അവര്‍ ചിന്തിക്കുന്നുണ്ടാകാം. ചില വാര്‍ത്തകള്‍ കാരണമായാകാം ചിലപ്പോള്‍ ഇതു സംഭവിക്കുന്നത്. എന്നാല്‍ മറ്റു ചിലപ്പോള്‍ ഏതെങ്കിലും ഒരു പ്രത്യേക വാര്‍ത്തയുടെ പേരിലാവണമെന്നില്ല. മൊത്തത്തില്‍ മാധ്യമപ്രവര്‍ത്തകരെ ഒന്നു വിരട്ടി നിറുത്താമെന്നു ചിലര്‍ക്കു തോന്നിയിരിക്കാം.

എല്ലാം ക്വട്ടേഷന്‍ സംഘങ്ങള്‍ കൈകാര്യം ചെയ്യുന്ന ഈ നാട്ടില്‍ ഇനി അവരോടോ അവരെ ഏര്‍പ്പാടാക്കാന്‍ ഇടയുള്ളവരോടോ സമ്മതം വാങ്ങാതെ ഒന്നും ചെയ്യാന്‍ നിവൃത്തിയില്ലെന്നായിരിക്കുന്നു. തികച്ചും അദൃശ്യവും അപ്രതീക്ഷിതവുമായ മാര്‍ഗ്ഗത്തിലാണല്ലോ അവരുടെ ആക്രമണം നടക്കുക. കൈവെട്ടാന്‍, കാലുവെട്ടാന്‍, നട്ടെല്ലൊടിക്കാന്‍, ജീവനെടുക്കാന്‍ അങ്ങനെ ഓരോന്നിനും കൃത്യമായ നിരക്കുകള്‍ നിശ്ചയിക്കപ്പെട്ടിരിക്കുന്നു. നിശ്ചിത തുകയും കൂട്ടത്തില്‍ ഇരയുടെ ഫോട്ടോയും അത്യാവശ്യ വിവരങ്ങളും നല്‍കിയാല്‍ മതി. ബാക്കിയെല്ലാം അവര്‍ നോക്കിക്കൊള്ളും. ഇരയെ വധിക്കാന്‍ മാത്രമല്ല; വധശ്രമമാണെന്നു തോന്നാത്ത വിധം മാത്രം കൈകാര്യം ചെയ്യാനും അവര്‍ പരിശീലനം നേടിയിരിക്കുന്നു.

നാട്ടിലെ ക്രമസമാധാനം കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്തമുള്ളവരുടെ മൂക്കിനു മുമ്പിലാണ്‌ ഇതൊക്കെ നടന്നുകൊണ്ടിരിക്കുന്നത്. കുറ്റവാളികളെ അന്വേഷിച്ചു കണ്ടെത്താനുള്ള കഴിവുള്ളതോടൊപ്പം തന്നെ അതിസമര്‍ത്ഥമായി കണ്ണടക്കാനും കഴിവുള്ളവരാണ്‌ തങ്ങളെന്നു നമ്മുടെ പോലീസ് പലവുരു തെളിയിച്ചിട്ടുണ്ടല്ലോ. പക്ഷേ, അവര്‍ വെറുതെ കണ്ണടക്കുകയില്ലെന്ന് എല്ലാവര്‍ക്കുമറിയാം. അവിടെയുമുണ്ട് ചില നിരക്കുകള്‍. കാക്കിയുടുപ്പിട്ടവരില്‍ ചിലരും ചിലപ്പോള്‍ ക്വട്ടേഷന്‍ സംഘങ്ങളെപ്പോലെ പെരുമാറുന്നു.

മാധ്യമപ്രവര്‍ത്തകരും കുറ്റവിമുക്തരാണെന്നു ധരിക്കരുത്. പണം വാങ്ങി ന്യൂസും സ്റ്റോറിയും പടച്ചുവിടുന്നവര്‍ക്കു നമ്മുടെ നാട്ടില്‍ ഒരു കുറവുമില്ല. ചില വാര്‍ത്തകള്‍ ചില പത്രങ്ങളില്‍ വരുകയില്ല. ഇതിന്റെ കാരണങ്ങളിലൊന്നു പത്രത്തിന്റെ ചായ്‌വും നിലപാടുമാകാം. എന്നാല്‍, അതുമാത്രമല്ല കാരണം. പ്രാദേശിക ലേഖകന്മാര്‍ മുതല്‍ പത്രമുതലാളിമാര്‍ വരെയുള്ളവരില്‍ ആരെയെങ്കിലും കാണേണ്ടതു പോലെ കണ്ടാല്‍ വാര്‍ത്തകള്‍ ജനിക്കുകയോ മരിക്കുകയോ എന്തു വേണമെങ്കിലും ചെയ്യും. ജനിച്ചവയ്ക്ക് പരിണാമവും സംഭവിക്കാം. ഇതും പരസ്യമായ മറ്റൊരു രഹസ്യം തന്നെ.

അവിഹിതമാര്‍ഗ്ഗത്തില്‍ ധനവും അധികാരവും മറ്റും കൈക്കലാക്കാന്‍ കൊതിക്കുന്നവര്‍ എല്ലാവരെയും ഉപയോഗപ്പെടുത്തുന്നു; അവരെ തൃപ്തിപ്പെടുത്തുകയും ചെയ്യുന്നു. അങ്ങനെ അവിശുദ്ധകൂട്ടുകെട്ടുകള്‍ രൂപപ്പെടുകയാണ്‌. പല തരം ദുസ്വഭാവങ്ങളുടെ പിടിയിലമര്‍ന്ന ഒരു സമൂഹത്തിന്റെ സഹജമായ ഒരു ലക്‌ഷണം മാത്രമാണ്‌ ക്വട്ടേഷന്‍ സംഘങ്ങളിലൂടെ പ്രകടമായിക്കൊണ്ടിരിക്കുന്നത്; ബാക്കി ലക്‌ഷണങ്ങള്‍ മറ്റുള്ളവരിലൂടെയും പ്രകടമാകുന്നുണ്ടല്ലോ. ധാര്‍മ്മികതയുടെയും നൈതികതയുടെയും കണ്ണാടിയില്‍ സമൂഹം അതിന്റെ മുഖം നോക്കാന്‍ തയ്യാറാവണം. എന്നിട്ടു പോരായ്‌മകള്‍ പരിഹരിക്കണം. എന്നാലോ, ആ കണ്ണാടി തല്ലിയുടയ്ക്കാനാണ്‌ എല്ലാവര്‍ക്കും താല്‍പ്പര്യം.

No comments:

Post a Comment