Followers

Monday, March 14, 2011

ഖുര്‍ആന്‍ മുഹമ്മദിന്റെ വചനങ്ങളോ?

അല്ല, ഈ ഖുര്‍ആന്‍ ഇയാള്‍ സ്വയം രചിച്ചതാണെന്നാണോ ഇവര്‍ പറയുന്നത്? എന്നാല്‍ ഇവര്‍ വിശ്വസിക്കാന്‍ വിചാരിക്കുന്നില്ല എന്നതത്രെ യാഥാര്‍ഥ്യം. തങ്ങളുടെ വാദത്തില്‍ സത്യസന്ധരാണെങ്കില്‍, ഇമ്മട്ടിലൊരു വചനം അവര്‍ രചിച്ചുകൊണ്ടുവരട്ടെ. (ഖുര്‍ആന്‍ 52:33-34)

അതായത്, ഇത് മുഹമ്മദീയ വചനമല്ല എന്നതുമാത്രമല്ല കാര്യം. ഇത് മാനുഷിക വചനമേയല്ല എന്നതത്രെ സത്യം. ഇത്തരം വചനങ്ങള്‍ വിരചിക്കുക മനുഷ്യ കഴിവിന്നതീതമാകുന്നു. നിങ്ങളിത് മനുഷ്യവചനംതന്നെ എന്ന് വാദിക്കുന്നുവെങ്കില്‍ ഏതെങ്കിലും ഒരു മനുഷ്യന്‍ ഇത്തരം വചനങ്ങള്‍ രചിച്ചിട്ടുള്ളതായി ചൂണ്ടിക്കാണിച്ചുതരിക. ഈ വെല്ലുവിളി ഖുറൈശികളോട് മാത്രമുള്ളതല്ല. ലോകത്തെങ്ങുമുള്ള നിഷേധികളോട് ഈ സൂക്തത്തിലൂടെ ആദ്യമായി ഉയര്‍ത്തപ്പെട്ടതാണീ വെല്ലുവിളി. ഇതിനുശേഷം മൂന്നുവട്ടം വിശുദ്ധ മക്കയില്‍വെച്ചും പിന്നീട് അവസാനമായി മദീനയില്‍വെച്ചും ഈ വെല്ലുവിളി ആവര്‍ത്തിച്ചിട്ടുണ്ട് (യൂനുസ് 38 10:38 , ഹൂദ് 13 11:13 , ബനീഇസ്രാഈല്‍ 88 17:88 , അല്‍ബഖറ 23 2:23 സൂക്തങ്ങള്‍ നോക്കുക). പക്ഷേ, അന്ന് ആര്‍ക്കും അതിനു മറുപടി നല്‍കാന്‍ കഴിഞ്ഞില്ല. അതിനുശേഷം ഇന്നുവരെയും ഖുര്‍ആനിനു തുല്യം ഒരു മനുഷ്യരചന അവതരിപ്പിക്കാന്‍ ഒരാളും ധൈര്യപ്പെട്ടിട്ടുമില്ല. ചിലയാളുകള്‍ ഈ വെല്ലുവിളി യഥാരൂപത്തില്‍ സ്വീകരിക്കാതിരിക്കുന്നതിന് ഇങ്ങനെ ന്യായം പറയുന്നുണ്ട്: ഖുര്‍ആന്‍ മാത്രമല്ല, ഒരാളുടെ ശൈലിയില്‍ മറ്റാര്‍ക്കും ഗദ്യമോ പദ്യമോ എഴുതാന്‍ കഴിയുകയില്ല. അങ്ങനെനോക്കിയാല്‍ ഹോമര്‍, റൂമി, ഷേക്സ്പിയര്‍, ഗോയ്ഥേ, ഗാലിബ്, ടാഗോര്‍, ഇഖ്ബാല്‍ തുടങ്ങിയവരെല്ലാം തന്നെ അതുല്യരാകുന്നു. അവര്‍ രചിച്ചതുപോലുള്ള വചനങ്ങള്‍ രചിക്കുക മറ്റാരുടെയും കഴിവില്‍പെട്ടതല്ല. ഇങ്ങനെ ഖുര്‍ആനിക വെല്ലുവിളിക്ക് മറുപടി നല്‍കുന്നവര്‍ വാസ്തവത്തില്‍ ഒരു തെറ്റിദ്ധാരണയിലകപ്പെട്ടിരിക്കുന്നു. فَلْيَأْتُوا بِحَدِيثٍ مِّثْلِهِ (ഇമ്മട്ടിലൊരു വചനം അവര്‍ രചിച്ചുകൊണ്ടുവരട്ടെ.) എന്ന വാക്യത്തിന് ഖുര്‍ആനിക സ്റൈലില്‍ ഒരു പുസ്തകം എഴുതിക്കൊണ്ടുവരിക എന്നാണവര്‍ അര്‍ഥം കല്‍പിച്ചിരിക്കുന്നത്. എന്നാല്‍, അതിന്റെ താല്‍പര്യം സ്റൈലിലുള്ള തുല്യതയല്ല. ഖുര്‍ആനിനോളം ഭദ്രതയും ഗാംഭീര്യവും മഹത്വവുമുള്ള ഒരു പുസ്തകം കൊണ്ടുവരിക എന്നാണ് യഥാര്‍ഥത്തില്‍ ഉദ്ദേശിച്ചിട്ടുള്ളത്. അത് അറബിഭാഷയില്‍തന്നെ ആയിരിക്കണമെന്നില്ല. ലോകത്തിലെ ഏതു ഭാഷയിലായാലും കൊള്ളാം, ഏതെല്ലാം സവിശേഷതകളാലാണോ ഖുര്‍ആന്‍ ഒരു ദിവ്യാദ്ഭുതമായിരിക്കുന്നത്, ആ സവിശേഷതകളില്‍ അത് ഖുര്‍ആനിനോട് തുല്യത പുലര്‍ത്തണമെന്നുമാത്രം. അന്നും ഇന്നും ഖുര്‍ആന്‍ ഒരു ദിവ്യാദ്ഭുതം (മുഅ്ജിസത്ത്) ആയി ഗണിക്കപ്പെടുന്നതിന് ആധാരമായ ചില സുപ്രധാന സവിശേഷതകള്‍ താഴെ സംഗ്രഹിക്കുന്നു: ശ. ഖുര്‍ആന്‍ അവതരിച്ച ഭാഷയുടെ സാഹിത്യത്തില്‍ അത് അത്യുന്നതവും സമ്പൂര്‍ണവുമായ ഒരു മാതൃകയായി വര്‍ത്തിക്കുന്നു. ഗ്രന്ഥത്തിലഖിലം എവിടെയും ഒരു വാക്യമോ പദമോ സാഹിതീയ മാനദണ്ഡപ്രകാരം തരംതാണതായിട്ടില്ല. ഏതു വിഷയവും ഏറ്റവും ഉചിതമായ പദങ്ങളിലും അനുയോജ്യമായ ശൈലിയിലുംതന്നെ അവതരിപ്പിച്ചിരിക്കുന്നു. ഒരേ വിഷയം ആവര്‍ത്തിച്ചു പറയുന്നു. എന്നാല്‍, ഓരോ വട്ടവും ആവര്‍ത്തിക്കുന്നത് പുതിയ പശ്ചാത്തലത്തിന്റെയും സന്ദര്‍ഭത്തിന്റെയും ഉചിതമായ ഉടയാടകളിലായിരിക്കും. അതുമൂലം എവിടെയും ആവര്‍ത്തനവൈരസ്യം അനുഭവപ്പെടുന്നില്ല. തുടക്കംമുതല്‍ ഒടുക്കംവരെ പുസ്തകത്തിലെവിടെയും പദങ്ങള്‍ വിന്യസിച്ചിട്ടുള്ളത് ചെത്തിയുരച്ചു പാകപ്പെടുത്തിയ രത്നങ്ങള്‍ ഹാരത്തില്‍ ഘടിപ്പിച്ചിട്ടുള്ളതുപോലെയാണ്. ഭാഷ അറിയാവുന്ന ആര്‍ക്കും അതുകേട്ടാല്‍, ആ അനുഭൂതിയില്‍ ലയിക്കാതിരിക്കാനാവില്ല. എത്രത്തോളമെന്നാല്‍ കടുത്ത വിരോധികളുടെ ആത്മാവിനെപ്പോലും അത് തരളിതമാക്കിയിരിക്കുന്നു. 14 നൂറ്റാണ്ട് പിന്നിട്ട ഈ ഗ്രന്ഥം അതിന്റെ ഭാഷയിലെ ഏറ്റവും ഉന്നതമായ സാഹിത്യമാതൃകയായി പരിലസിക്കുകയാണ്. അതിനു തുല്യമാകുന്നതു പോകട്ടെ, അറബിഭാഷയില്‍ മറ്റൊരു ഗ്രന്ഥവും സാഹിത്യമൂല്യത്തില്‍ അതിന്റെ അടുത്തെങ്ങുപോലും എത്തിയിട്ടില്ല. ഇതുമാത്രമല്ല, ഈ ഗ്രന്ഥം അറബിഭാഷയെ സമൂലം അടക്കിഭരിക്കുകയും ചെയ്യുന്നു. ഈ ഗ്രന്ഥം സ്ഥാപിച്ചിട്ടുള്ളതുതന്നെയാണ് 14 നൂറ്റാണ്ടുകള്‍ക്കുശേഷവും ആ ഭാഷയുടെ സാഹിത്യമാനദണ്ഡം. ഈ കാലയളവിനുള്ളില്‍ പലവിധ മാറ്റങ്ങള്‍ വന്നുകൊണ്ടേയിരുന്നിട്ടും പ്രഭാഷണത്തിലും പ്രബന്ധത്തിലും സംസാരത്തിലും ഭാഷാനിയമങ്ങളിലും പദപ്രയോഗങ്ങളിലും എല്ലാം ഇത്ര സുദീര്‍ഘമായ കാലയളവുവരെ ഒരേ രീതി നിലനില്‍ക്കുന്ന മറ്റൊരു ഭാഷയും ഈ ലോകത്തില്ലതന്നെ. അറബിഭാഷ അതിന്റെ സ്ഥാനത്തുനിന്ന് ഇളകാതെ സുസ്ഥിരമായി നിന്നത് വിശുദ്ധ ഖുര്‍ആനിന്റെ ശക്തി ഒന്നുകൊണ്ടുമാത്രമാണ്. അതിലെ ഒരു പദംപോലും ഇന്നുവരെ വര്‍ജിതമായിട്ടില്ല. അതിലെ എല്ലാ പ്രയോഗ രീതികളും അറബി സാഹിത്യത്തില്‍ ഇന്നും പ്രചാരത്തിലുണ്ട്. അതിലെ സാഹിത്യ സൌന്ദര്യം അറബിസാഹിത്യത്തിന്റെ അളവുകോലാകുന്നു. പതിനാലു നൂറ്റാണ്ടുകള്‍ക്കുമുമ്പ് ഖുര്‍ആന്‍ സ്വീകരിച്ച ശൈലി തന്നെ പ്രസംഗങ്ങളിലും പ്രഭാഷണങ്ങളിലും ഇന്നും ശുദ്ധഭാഷാശൈലികളായി അംഗീകരിക്കപ്പെടുന്നു. ലോകത്തിലേതെങ്കിലും ഭാഷയില്‍ ആരെങ്കിലും ഇങ്ങനെ ഒരു രചന കാഴ്ചവെച്ചിട്ടുണ്ടോ? ii. മനുഷ്യവര്‍ഗത്തിന്റെ ചിന്തയിലും സംസ്കാരത്തിലും ജീവിതരീതിയിലും ഇത്ര ആഴത്തിലും പരപ്പിലും സ്വാധീനം ചെലുത്തിയതായി ലോകത്ത് ഈയൊരൊറ്റ പുസ്തകമേയുള്ളൂ. ഇതിന് സദൃശമായി മറ്റൊന്നില്ല. ആദ്യമായി അതിന്റെ സ്വാധീനശക്തി ഒരു ജനതയെ മാറ്റിമറിച്ചു. പിന്നെ ആ ജനതയെ ഉയര്‍ത്തിക്കൊണ്ടുവന്ന് അവരിലൂടെ ലോകത്തിന്റെ വലിയൊരു ഭാഗത്ത് വിപ്ളവമുണ്ടാക്കി. ലോകത്ത് ഇത്രയേറെ വിപ്ളവാത്മകമായ പ്രത്യാഘാതം സൃഷ്ടിച്ച മറ്റൊരു ഗ്രന്ഥവുമില്ല. ഈ ഗ്രന്ഥം കേവലം ഏടുകളിലെഴുതപ്പെട്ടുകിടക്കുകയല്ല. പ്രത്യുത, പ്രായോഗികലോകത്ത് അതിലെ ഓരോ പദവും വിചാരങ്ങള്‍ക്ക് രൂപംനല്‍കുകയും അങ്ങനെ ഒരു സ്വതന്ത്ര സംസ്കാരം കെട്ടിപ്പടുക്കുകയും ചെയ്തിരിക്കുന്നു. കഴിഞ്ഞ 14 നൂറ്റാണ്ടുകളിലായി ഈ പ്രതികരണശൃംഖല നിരന്തരം തുടര്‍ന്നുവരികയാണ്. അനുദിനം അതിന്റെ സ്വാധീനം വ്യാപിച്ചുകൊണ്ടിരിക്കുന്നു. iii. അനാദി മുതല്‍ അനന്തത വരെയുള്ള അഖിലാണ്ഡത്തെയുമുള്‍ക്കൊള്ളുന്ന അതിവിപുലമായ ഒരു വിഷയസമുച്ചയത്തെക്കുറിച്ചാണ് ഈ ഗ്രന്ഥം ചര്‍ച്ചചെയ്യുന്നത്. പ്രപഞ്ചത്തിന്റെ യാഥാര്‍ഥ്യത്തെക്കുറിച്ചും അതിന്റെ ആരംഭത്തെയും പരിണാമത്തെയുംകുറിച്ചും ഘടനയെയും സംവിധാനത്തെയും കുറിച്ചും അതു സംസാരിക്കുന്നു. ഈ പ്രപഞ്ചത്തിന്റെ സ്രഷ്ടാവും ആസൂത്രകനും പരിപാലകനും ആര്, അവന്റെ ഗുണവിശേഷണങ്ങളും അധികാരശക്തിയും എന്തെല്ലാം, ഈ പ്രപഞ്ചത്തെയഖിലം നിലനിര്‍ത്തിപ്പോരുന്ന തഥ്യ എന്താണ് എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്കൊക്കെയും അത് ഉത്തരം പറയുന്നു. ഈ ലോകത്ത് മനുഷ്യന്റെ അവസ്ഥയും സ്ഥാനവും അത് കൃത്യമായി നിര്‍ണയിച്ചിരുന്നു. മനുഷ്യന്റെ സ്വയം മാറ്റാനാവാത്ത പ്രകൃതിപരമായ സ്ഥാനമിന്നതാണെന്നും ജന്മ സ്വഭാവമിന്നതാണെന്നും അതു പറഞ്ഞുതരുന്നു. ഈ സ്ഥാനവും നിലപാടുമനുസരിച്ച് മനുഷ്യന്‍ സ്വീകരിക്കേണ്ട യാഥാര്‍ഥ്യാധിഷ്ഠിതമായ ചിന്താകര്‍മപഥങ്ങളേതെന്നും യാഥാര്‍ഥ്യവിരുദ്ധമായ ദുര്‍മാര്‍ഗമേതെന്നും അതു വിശദീകരിച്ചുതരുന്നു. സന്മാര്‍ഗം സന്മാര്‍ഗമാണെന്നതിനും ദുര്‍മാര്‍ഗം ദുര്‍മാര്‍ഗമാണെന്നതിനും, അത് ആകാശത്തിലെ ഓരോ കോണുകളില്‍നിന്നും മനുഷ്യന്റെതന്നെ അസ്തിത്വത്തില്‍നിന്നും ജീവിതത്തില്‍നിന്നും മാനവചരിത്രത്തില്‍നിന്നും എണ്ണമറ്റ തെളിവുകള്‍ ചൂണ്ടിക്കാണിക്കുന്നു. ഇതോടൊപ്പം മനുഷ്യന്‍ തെറ്റായ വഴികളില്‍ പതിച്ചുപോകുന്നത് എന്തുകാരണങ്ങളാല്‍, എങ്ങനെയാണെന്നും അതു വിശദീകരിച്ചുതരുന്നുണ്ട്. സല്‍വഴി എന്നും ഒന്നേയുള്ളൂ. ഉണ്ടാവുകയുള്ളൂ. അതിനെ എങ്ങനെ തിരിച്ചറിയാമെന്നും അതിനെ എങ്ങനെ വെളിപ്പെടുത്തപ്പെട്ടു എന്നും ഈ ഗ്രന്ഥം വ്യക്തമാക്കിയിരിക്കുന്നു. അതു ശരിയായ മാര്‍ഗം ചൂണ്ടിക്കാണിക്കുക മാത്രമല്ല ചെയ്തിട്ടുള്ളത്; ആ മാര്‍ഗത്തിലൂടെ സഞ്ചരിക്കുന്നതിനുള്ള സമ്പൂര്‍ണ ജീവിത പദ്ധതി അവതരിപ്പിക്കുകകൂടി ചെയ്തിരിക്കുന്നു. അതില്‍ വിശ്വാസം, ധര്‍മം, ആത്മസംസ്കരണം, ആരാധന, സാമൂഹിക ഇടപാടുകള്‍, സംസ്കാരം, നാഗരികത, ഭരണം, നീതിന്യായം, നിയമങ്ങള്‍ എന്നുവേണ്ട, മനുഷ്യജീവിതത്തിന്റെ നിഖില വശങ്ങളെക്കുറിച്ചും സൂക്ഷ്മവും ഭദ്രവുമായ വ്യവസ്ഥകള്‍ നിശ്ചയിച്ചിട്ടുണ്ട്. കൂടാതെ സന്മാര്‍ഗത്തിലൂടെ സഞ്ചരിക്കുന്നതിന്നും ദുര്‍മാര്‍ഗത്തിലൂടെ സഞ്ചരിക്കുന്നതിന്നും ഈ ലോകത്തുണ്ടാകുന്ന അനന്തരഫലങ്ങളെന്തെല്ലാമായിരിക്കുമെന്നും നിലവിലുള്ള ഭൌതികവ്യവസ്ഥ അവസാനിപ്പിച്ചശേഷം മറുലോകത്ത് അനുഭവപ്പെടാനിരിക്കുന്ന അനന്തരഫലങ്ങളെന്തെല്ലാമായിരിക്കുമെന്നും കൂടി അത് വിശദമായി വിവരിച്ചുതന്നിരിക്കുന്നു. ഈ ഭൌതികലോകത്തിന്റെ പരിസമാപ്തിയെയും മറ്റൊരു ലോകത്തിന്റെ ആവിര്‍ഭാവത്തെയും അത് വ്യക്തമായി ചിത്രീകരിച്ചിട്ടുണ്ട്. ഈ പരിവര്‍ത്തന പ്രക്രിയയുടെ ഓരോ ദശയെയും അത് വെവ്വേറെ വിവരിച്ചുകൊണ്ട് മറുലോകത്തിന്റെ സമ്പൂര്‍ണ ചിത്രം വരച്ചുകാണിക്കുന്നു. പിന്നെ മനുഷ്യന് അവിടെ അഭിമുഖീകരിക്കേണ്ടിവരിക എങ്ങനെയുള്ള ജീവിതമായിരിക്കും, ഐഹിക ജീവിതത്തിലെ കര്‍മങ്ങള്‍ വിചാരണചെയ്യപ്പെടുന്നത് എങ്ങനെയായിരിക്കും, ഏതെല്ലാം കാര്യങ്ങള്‍ക്ക് സമാധാനം ബോധിപ്പിക്കേണ്ടിവരും, തന്റെ കര്‍മാവലി മുഴുവന്‍ അനിഷേധ്യമായ രൂപത്തില്‍ മുമ്പില്‍വെക്കപ്പെടുന്നതെങ്ങനെയായിരിക്കും, എത്ര പ്രബലമായ സാക്ഷ്യങ്ങളായിരിക്കും അവ സ്ഥിരീകരിക്കാന്‍ ഹാജരാക്കപ്പെടുക, രക്ഷാശിക്ഷകള്‍ ലഭിക്കുന്നവര്‍ക്ക് അതു ലഭിക്കുന്നതെന്തുകൊണ്ട്, രക്ഷിതര്‍ക്ക് ലഭിക്കുന്ന അനുഗ്രഹങ്ങള്‍ എന്തെല്ലാമായിരിക്കും, ശിക്ഷിതര്‍ ഏതെല്ലാം രൂപങ്ങളിലാണ് സ്വയം കര്‍മഫലങ്ങളനുഭവിക്കേണ്ടിവരിക എന്നു തുടങ്ങിയ വിഷയങ്ങളെക്കുറിച്ചൊക്കെ ഈ ഗ്രന്ഥം സംസാരിച്ചിട്ടുള്ളത്, അതിന്റെ കര്‍ത്താവ് കുറേ ചെറുതും വലുതും കൂട്ടിഘടിപ്പിച്ച് ഏതാനും അനുമാനങ്ങളുടെ ഒരു സൌധം കെട്ടിപ്പടുത്തിരിക്കുന്നു എന്ന നിലയ്ക്കല്ല, പ്രത്യുത അതിന്റെ കര്‍ത്താവിന് യാഥാര്‍ഥ്യങ്ങളെക്കുറിച്ച് നേരിട്ട് ദൃഢജ്ഞാനമുണ്ട് എന്ന നിലയ്ക്കാണ്. അവന്റെ ദൃഷ്ടികള്‍ അനാദി മുതല്‍ അനന്തത വരെ സകലതും ദര്‍ശിച്ചുകൊണ്ടിരിക്കുന്നു. എല്ലാ പൊരുളുകളും അവന്റെ മുമ്പില്‍ തുറന്നുകിടപ്പാണ്. പ്രപഞ്ചം ആമൂലാഗ്രം അവന്റെ കണ്ണില്‍ ഒരു തുറന്ന പുസ്തകം പോലെയാണ്. മനുഷ്യവര്‍ഗത്തിന്റെ ആരംഭം മുതല്‍ അവസാനം വരെ മാത്രമല്ല, അവസാനത്തിനുശേഷമുള്ള പുനര്‍ജീവിതവും അവന്‍ ഒരേസമയം കാണുന്നുണ്ട്. അവന്‍ മനുഷ്യനെ മാര്‍ഗദര്‍ശനം ചെയ്യുന്നത് അനുമാനങ്ങളെയും നിഗമനങ്ങളെയും ആസ്പദമാക്കിയല്ല, തികഞ്ഞ ദൃഢജ്ഞാനത്തെ ആസ്പദമാക്കിയാണ്. അവന്‍ ജ്ഞാനമെന്ന നിലയില്‍ അവതരിപ്പിച്ച യാഥാര്‍ഥ്യങ്ങളിലൊന്നുപോലും ഇന്നുവരെ ആര്‍ക്കും തെറ്റാണെന്നു തെളിയിക്കാനായിട്ടില്ല. അവന്‍ മുന്നോട്ടുവെക്കുന്ന പ്രപഞ്ച വീക്ഷണവും മാനവിക വീക്ഷണവും എല്ലാ പ്രതിഭാസങ്ങളാലും സംഭവങ്ങളാലും സമ്പൂര്‍ണമായി സാധൂകരിക്കപ്പെടുന്നതും ഏതു വിജ്ഞാനശാഖയിലും ഗവേഷണത്തിന് ആധാരമാക്കാവുന്നതുമാകുന്നു. ദര്‍ശനത്തിന്റെയും ശാസ്ത്രത്തിന്റെയും വിജ്ഞാനങ്ങളുടെയും നാഗരികതയുടെയുമെല്ലാം അന്തിമ പ്രശ്നങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ അതിലുണ്ട്. അവ തമ്മില്‍ സമ്പൂര്‍ണവും സുഭദ്രവും സമഗ്രവുമായ ഒരു ചിന്താപദ്ധതി സ്ഥാപിക്കാവുന്ന വിധത്തിലുള്ള നൈയാമിക ബന്ധവുമുണ്ട്. കൂടാതെ അത് മനുഷ്യജീവിതത്തിന്റെ എല്ലാ വശങ്ങളെക്കുറിച്ചും നല്‍കിയിട്ടുള്ള കര്‍മപരമായ മാര്‍ഗദര്‍ശനം അത്യന്തം യുക്തിബന്ധുരവും വിശുദ്ധവുമാണെന്നു മാത്രമല്ല, 14 നൂറ്റാണ്ടുകളായി ഭൂഗോളത്തിന്റെ വിവിധ ഭാഗങ്ങളിലായി കണക്കറ്റ മനുഷ്യര്‍ പ്രായോഗികമായി പിന്തുടര്‍ന്നുവരുന്നതും അതിവിശിഷ്ടമെന്ന് അനുഭവം തെളിയിച്ചിട്ടുള്ളതുമാകുന്നു. ഈ സ്വഭാവത്തിലൊരു മനുഷ്യരചന ഈ ലോകത്തുണ്ടോ? അല്ലെങ്കില്‍ അതിനോട് കിടപിടിക്കാവുന്ന ഒന്ന് എന്നെങ്കിലും ഉണ്ടായിട്ടുണ്ടോ? ശ്. ഈ ഗ്രന്ഥം മുഴുവന്‍ ഒറ്റയടിക്ക് എഴുതി ലോകത്തിനുമുമ്പില്‍ അവതരിപ്പിച്ചതല്ല. ഏതാനും പ്രാഥമിക മാര്‍ഗദര്‍ശനങ്ങളോടെ ഒരു സംസ്കരണ പ്രസ്ഥാനത്തിന് തുടക്കമിടുകയായിരുന്നു അത്. അതിനുശേഷം 23 വര്‍ഷത്തിനകം ആ പ്രസ്ഥാനം ഏതേതു ഘട്ടങ്ങളിലൂടെയെല്ലാം കടന്നുപോന്നുവോ ആ അവസ്ഥകള്‍ക്കും ആവശ്യങ്ങള്‍ക്കും അനുഗുണമായി അതിന്റെ ഘടകങ്ങള്‍ ആ പ്രസ്ഥാനത്തിന്റെ നായകന്റെ നാവിലൂടെ ചിലപ്പോള്‍ സുദീര്‍ഘമായ പ്രഭാഷണങ്ങളായും ചിലപ്പോള്‍ ഹ്രസ്വമായ വാക്യങ്ങളായും അവതീര്‍ണമായിക്കൊണ്ടിരുന്നു. പിന്നെ ഈ മഹാദൌത്യത്തിന്റെ പൂര്‍ത്തീകരണത്തിനായി വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ പ്രസാധിതമായ ഘടകങ്ങള്‍, ഖുര്‍ആനെന്ന് നാമകരണം ചെയ്യപ്പെട്ട നിലയില്‍ സമ്പൂര്‍ണ ഗ്രന്ഥരൂപത്തില്‍ ക്രോഡീകരിച്ച് ലോകസമക്ഷം സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു. ഈ പ്രഭാഷണങ്ങളും വാക്യങ്ങളും സ്വന്തം വകയല്ല, ലോകനാഥനായ ദൈവത്തിങ്കല്‍നിന്ന് തനിക്ക് അവതരിച്ചുകിട്ടിയതാണ് എന്നത്രേ പ്രസ്ഥാനനായകന്‍ പറയുന്നത്. ഇത് പ്രസ്ഥാനനായകന്റെ സര്‍ഗ സൃഷ്ടിതന്നെയാണ് എന്ന് വല്ലവരും വാദിക്കുന്നുവെങ്കില്‍ അയാള്‍ ലോകചരിത്രത്തില്‍ ഇതിനു തുല്യമായ ഒരു സംഭവം എടുത്തുകാണിക്കേണ്ടതുണ്ട്. അതായത്, വര്‍ഷങ്ങളോളം തുടര്‍ച്ചയായി സുശക്തമായ ഒരു സാമൂഹിക പ്രസ്ഥാനത്തിന് സ്വയം നേതൃത്വം കൊടുത്ത ഒരാള്‍ ചിലപ്പോള്‍ ഒരു സദുപദേശകന്റെയും ധാര്‍മികാധ്യാപകന്റെയും നിലയിലും ചിലപ്പോള്‍ ഒരു മര്‍ദിതസമാജത്തിന്റെ ഭരണാധികാരി എന്ന നിലയിലും ചിലപ്പോള്‍ ഒരു രാഷ്ട്രത്തിന്റെ ഭരണാധികാരി എന്ന നിലയിലും ചിലപ്പോള്‍ സമരസജ്ജരായ ഒരു സൈന്യത്തിന്റെ നായകനെന്ന നിലയിലും ചിലപ്പോള്‍ ഒരു യുദ്ധജേതാവെന്ന നിലയിലും ചിലപ്പോള്‍ നിയമനിര്‍മാതാവെന്ന നിലയിലും എന്നുവേണ്ട വ്യത്യസ്തമായ അനേകം സന്ദര്‍ഭങ്ങളിലും സാഹചര്യങ്ങളിലും വൈവിധ്യമാര്‍ന്ന നിലപാടുകളില്‍നിന്നുകൊണ്ട് വൈവിധ്യമുള്ള പ്രഭാഷണങ്ങള്‍ അവതരിപ്പിക്കുക, അല്ലെങ്കില്‍ കാര്യങ്ങള്‍ പറയുക, എന്നിട്ട് അവ സമാഹരിച്ച് സമ്പൂര്‍ണവും സുഭദ്രവും സമഗ്രവുമായ ഒരു ചിന്താപദ്ധതിയായി ക്രോഡീകരിക്കുക, അതിലെവിടെയും ഒരു വൈരുധ്യവും ഇല്ലാതിരിക്കുക, തുടക്കം മുതല്‍ ഒടുക്കംവരെ അതില്‍ ഒരു മുഖ്യആശയവും ചിന്താശ്രേണിയും തന്നെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുക, അത് ആദ്യനാളില്‍ വിശദീകരിച്ച മൌലിക തത്വങ്ങളിലധിഷ്ഠിതമായ വിശ്വാസ പ്രമാണങ്ങളുടെയും കര്‍മനിയമങ്ങളുടെയും ഒരു സമ്പൂര്‍ണ സംവിധാനം തന്നെ അവസാനദിവസവും അവതരിപ്പിക്കുക, അതിലെ ഘടകങ്ങള്‍ പരസ്പരം അങ്ങേയറ്റം ഇണങ്ങിയിരിക്കുക, അതിന്റെ സമുച്ചയം വായിച്ചുനോക്കുന്ന ദീര്‍ഘദൃഷ്ടിയുള്ള ഏതൊരാള്‍ക്കും ഈ പ്രസ്ഥാനം ആരംഭിച്ച സമയത്തുതന്നെ അതിന്റെ നായകന്റെ മുമ്പില്‍ ആ പ്രസ്ഥാനത്തിന്റെ പൂര്‍ണവളര്‍ച്ചയുടെ വ്യക്തമായ ചിത്രം ഉണ്ടായിരുന്നുവെന്നും ഇടയ്ക്കൊരിടത്തുവെച്ച് നേരത്തെ അയാള്‍ക്ക് വെളിപ്പെട്ടിട്ടില്ലാതിരുന്നതും പിന്നീട് മാറേണ്ടിവന്നതുമായ ഒരാശയവും രംഗപ്രവേശം ചെയ്തിട്ടില്ലെന്നും അനിവാര്യമായി ബോധ്യപ്പെടുന്നതാണ്. ഈ നിലയില്‍ സൃഷ്ടിപരമായ പ്രതിഭാപ്രസരണം കാഴ്ചവെച്ച മനസ്സുള്ള ഒരു മനുഷ്യന്‍ എന്നെങ്കിലും കടന്നുപോയിട്ടുണ്ടോ? ഉണ്ടെങ്കില്‍ അയാളെ ഒന്നു ചൂണ്ടിക്കാണിച്ചുതരിക. ്. ഈ പ്രഭാഷണങ്ങളും വാക്യങ്ങളും ഉതിര്‍ത്ത നാവിന്റെ ഉടമയായ മാര്‍ഗദര്‍ശകന്‍ ഇതു കേള്‍പ്പിക്കുന്നതിനുവേണ്ടിമാത്രം പെട്ടെന്ന് ഏതോ മൂലയില്‍നിന്ന് എഴുന്നേറ്റുവന്നതല്ല. അതു കേള്‍പ്പിച്ച ശേഷം അദ്ദേഹം എങ്ങോട്ടും പോയിമറഞ്ഞിരുന്നില്ല. അദ്ദേഹം ഈ പ്രസ്ഥാനം തുടങ്ങുന്നതിനുമുമ്പും അതിനുശേഷം അന്ത്യശ്വാസം വരെയും സ്വന്തം സമൂഹത്തിനകത്തു ജീവിതം നയിച്ചയാളാണ്. അദ്ദേഹത്തിന്റെ സംഭാഷണ-പ്രഭാഷണ ഭാഷയും ശൈലിയും ആളുകള്‍ക്ക് വളരെ സുപരിചിതമായിരുന്നു. ഹദീസുകളില്‍ അതിന്റെ വിപുലമായ ഒരു ശേഖരം ഇന്നു സുരക്ഷിതമായി സൂക്ഷിക്കപ്പെട്ടിരിക്കുന്നു. അവ വായിക്കുന്ന പില്‍ക്കാല അറബി പരിജ്ഞാനികള്‍ക്കുപോലും ആ നായകന്റെ സ്വന്തം സംസാരരീതി എന്തായിരുന്നുവെന്ന് എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയും. അദ്ദേഹത്തിന്റെ ഭാഷക്കാരായ ആളുകള്‍ക്ക് അന്നുതന്നെ ഈ ഗ്രന്ഥത്തിന്റെ ഭാഷയും ശൈലിയും ആ നായകന്റെ സ്റൈലില്‍നിന്ന് വളരെ ഭിന്നമായി അനുഭവപ്പെട്ടിരുന്നു. അറബിഭാഷ അറിയാവുന്നവര്‍ക്ക് ഇന്നും അതനുഭവപ്പെടാതിരിക്കില്ല. എത്രത്തോളമെന്നാല്‍, അദ്ദേഹത്തിന്റെ സ്വന്തമായ ഒരു പ്രഭാഷണത്തിനിടയില്‍ ഈ ഗ്രന്ഥത്തില്‍നിന്നുള്ള ഒരു വചനം കടന്നുവന്നാല്‍ അവിടെ രണ്ടിന്റെയും ഭാഷകള്‍ തമ്മിലുള്ള അന്തരം തികച്ചും തെളിഞ്ഞുകാണാം. പ്രശ്നമിതാണ്: വര്‍ഷങ്ങളോളം പരസ്പരഭിന്നമായ രണ്ടു ഭാഷാരീതികള്‍ കൃത്രിമമായി കൊണ്ടുനടക്കാന്‍ കഴിഞ്ഞിട്ടുള്ള, അല്ലെങ്കില്‍ കഴിഞ്ഞിട്ടുണ്ടാകാവുന്ന വല്ലവരും എന്നെങ്കിലും ഉണ്ടായിട്ടുണ്ടോ? ഉണ്ടെങ്കില്‍ ഭിന്നമായ ഈ രണ്ടുശൈലികളും ഒരാളുടേതുതന്നെയെന്ന രഹസ്യം ഒരിക്കലും പുറത്തായില്ലെന്നോ? ക്ഷണികവും താല്‍ക്കാലികവുമെന്ന നിലക്ക് ഇത്തരം കൃത്രിമ നടപടികള്‍ വിജയിച്ചെന്നുവരാം. സുദീര്‍ഘമായ 23 വര്‍ഷക്കാലം ഒരാള്‍ ദൈവത്തിങ്കല്‍നിന്നു തനിക്കു ലഭിച്ച ദിവ്യബോധനം എന്നവകാശപ്പെട്ടുകൊണ്ടു സംസാരിക്കുമ്പോള്‍ അയാളുടെ ഭാഷയും ശൈലിയും ഒരുതരത്തിലും, തന്റെ സ്വന്തംവക എന്ന നിലയില്‍ സംസാരിക്കുകയോ പ്രഭാഷണം നടത്തുകയോ ചെയ്യുമ്പോള്‍ ഭാഷയും സ്റൈലും തികച്ചും വ്യത്യസ്തമായ മറ്റൊരു രീതിയിലും ആവുക സാധ്യമാണോ? ്ശ.മാര്‍ഗദര്‍ശകന്‍ ഈ പ്രസ്ഥാനത്തെ നയിക്കുമ്പോള്‍ വിവിധ സാഹചര്യങ്ങളെ നേരിട്ടുകൊണ്ടിരിക്കുന്നു. വര്‍ഷങ്ങളോളം അദ്ദേഹം സ്വജനത്തിന്റെ പരിഹാസത്തിനും നിന്ദയ്ക്കും കടുത്ത അക്രമമര്‍ദനങ്ങള്‍ക്കും വിധേയനായി. പലപ്പോഴും അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ക്ക് സ്വദേശം വിട്ട് പലായനം ചെയ്യേണ്ടിവന്നു. ശത്രുക്കള്‍ അദ്ദേഹത്തെ കൊന്നുകളയാന്‍ ഗൂഢാലോചന നടത്തിയ സന്ദര്‍ഭങ്ങളും ഉണ്ട്. അദ്ദേഹത്തിന് ദേശത്യാഗം ചെയ്യേണ്ടിവന്നു. പലപ്പോഴും അത്യന്തം അവശവും ദുരിതപൂരിതവുമായ ജീവിതം നയിക്കേണ്ടതായിവന്നു. ചിലപ്പോഴദ്ദേഹത്തിന് യുദ്ധങ്ങള്‍ നയിക്കേണ്ടതായിവന്നു. ചിലതില്‍ ജയിച്ചു. ചിലതില്‍ തോറ്റു. തന്നെ മര്‍ദിക്കുകയും പീഡിപ്പിക്കുകയും ചെയ്ത ശത്രുക്കളുടെ മേല്‍ അദ്ദേഹം വന്‍വിജയം കൈവരിക്കുകയും അവര്‍ അദ്ദേഹത്തിനു മുമ്പില്‍ തലകുനിച്ചു നില്‍ക്കുകയും ചെയ്ത സന്ദര്‍ഭങ്ങളുണ്ടായി. അദ്ദേഹത്തിന് മറ്റധികം പേര്‍ക്കൊന്നും ലഭിച്ചിട്ടില്ലാത്ത തരത്തിലുള്ള അധികാരങ്ങള്‍ ലഭിക്കുകയുണ്ടായിട്ടുണ്ട്. ഈ അവസ്ഥാന്തരങ്ങളിലെല്ലാം ഒരാളുടെ വികാരങ്ങള്‍ സ്പഷ്ടമായും ഒരേ രീതിയിലായിരിക്കുകയില്ല. ഈ മാര്‍ഗദര്‍ശകന്‍ ഇത്തരം അവസ്ഥാന്തരങ്ങളില്‍ സ്വന്തം നിലയില്‍ സംസാരിച്ചപ്പോഴൊക്കെ ഇത്തരം സാഹചര്യങ്ങളില്‍ ഒരാളിലുണ്ടാകുന്ന വികാരങ്ങളുടെ സ്വാധീനം ദൃശ്യമായിരുന്നു. ഇത്തരം അവസ്ഥകളില്‍ ദൈവത്തിങ്കല്‍ നിന്നുള്ള ബോധനം എന്ന നിലയില്‍ അദ്ദേഹം പറഞ്ഞ വചനങ്ങളാകട്ടെ, മാനുഷിക വികാരങ്ങളുടെ സ്വാധീനത്തില്‍നിന്നും തികച്ചും മുക്തമായിരുന്നു. ഒരിടത്തും വിരല്‍വെച്ച് ഇവിടെയിതാ മാനുഷികവികാരം പ്രവര്‍ത്തിച്ചതായി കാണുന്നുവെന്ന് ഏറ്റവും പ്രഗല്‍ഭനായ നിരൂപകനുപോലും ചൂണ്ടിക്കാണിക്കാനാവില്ല. ്ശശ. ഈ ഗ്രന്ഥം ഉള്‍ക്കൊള്ളുന്ന വിപുലവും സമഗ്രവുമായ ജ്ഞാനം അക്കാലത്തെ അറബികളിലും റോമക്കാരിലും യവനരിലും ഇറാന്‍കാരിലും പോകട്ടെ, 20-ാം നൂറ്റാണ്ടിലെ മഹാപണ്ഡിതന്മാരില്‍പോലും ആരുടെ പക്കലും ഇല്ലാത്തതാണ്. ഇന്നത്തെ അവസ്ഥ ഇതാണ്: ദര്‍ശനത്തിന്റെയും ശാസ്ത്രത്തിന്റെയും നാഗരിക വിജ്ഞാനത്തിന്റെയും ഒക്കെ ഏതെങ്കിലും ഒരു ശാഖ പഠിച്ച് ആയുസ്സുകളഞ്ഞശേഷം ആ വിജ്ഞാനശാഖയിലെ അവസാനത്തെ ചോദ്യങ്ങളേതെല്ലാമാണെന്ന് കണ്ടെത്തുന്നു. അനന്തരം അയാള്‍ വിശുദ്ധ ഖുര്‍ആനിലേക്ക് ശ്രദ്ധാപൂര്‍വം നോക്കിയാല്‍ ആ ചോദ്യങ്ങള്‍ക്കെല്ലാമുള്ള വ്യക്തമായ മറുപടി ഈ ഗ്രന്ഥത്തിലുള്ളതായി കാണാറാകുന്നു. ഇതേതെങ്കിലും ഒരു ഗ്രന്ഥത്തിന്റെ മാത്രം കഥയല്ല. മനുഷ്യനോടും പ്രപഞ്ചത്തോടും ബന്ധപ്പെട്ട സകല വിജ്ഞാനശാഖകള്‍ക്കും ഇപ്പറഞ്ഞത് സാധുവാകുന്നു. 14 നൂറ്റാണ്ടുകള്‍ക്കു മുമ്പ് അറേബ്യന്‍ ഭൂമിയിലെ ഒരു നിരക്ഷരന്‍ വിജ്ഞാനത്തിന്റെ എല്ലാ കോണുകളെക്കുറിച്ചും ഇത്ര വിപുലമായ അവഗാഹം ആര്‍ജിക്കുകയും എല്ലാ അടിസ്ഥാനപ്രശ്നങ്ങളെയും അഗാധമായി അപഗ്രഥിച്ച് വ്യക്തവും ഖണ്ഡിതവുമായ മറുപടി കണ്ടെത്തുകയും ചെയ്തുവെന്ന് കരുതുന്നത് യുക്തിസഹമാവുമോ? ഖുര്‍ആനിന്റെ അമാനുഷികതക്ക് വേറെയും പല മുഖങ്ങളുമുണ്ടെങ്കിലും ഒരാള്‍ ഉപരിസൂചിതമായ കാര്യങ്ങളെക്കുറിച്ചുമാത്രം ചിന്തിച്ചുനോക്കിയാലും ഖുര്‍ആന്‍ അമാനുഷമാണെന്നത് ഖുര്‍ആനിന്റെ അവതരണകാലത്ത് എന്തുമാത്രം വ്യക്തമായിരുന്നുവോ അതിലേറെ വ്യക്തമാണ് ഇന്ന് എന്നും, ഇന്‍ശാഅല്ലാഹ്-അന്ത്യനാള്‍വരെ അത് കൂടുതല്‍ കൂടുതല്‍ വ്യക്തമായിക്കൊണ്ടിരിക്കുമെന്നും നിഷ്പ്രയാസം ബോധ്യപ്പെടുന്നതാണ്.

(മൌലാനാ അബുല്‍ അഅ്‌ലാ മൌദൂദിയുടെ തഫ്ഹീമുല്‍ ഖുര്‍ആനില്‍ നിന്ന്. http://www.thafheem.net/sura_index.html )

2 comments:

  1. oru grandhathinte qoulity ariyenemenkil athine pinthudarunnavarude avastha nokkiyaal mathi ....
    Ella mekalayilum lokath pinnokkam nilkkan ee granthamanu karanam ennitum mahath valkkarikkunnu...........

    ReplyDelete
  2. ഒരു ഗ്രന്‍ഥത്തിന്റെ മേന്മ ആ ഗ്രന്‍ഥത്തിന്റെ വാഹകരുടെ ജീവിതം നോക്കിയാല്‍ തീര്‍ച്ചയായും മനസ്സിലാക്കാം. പക്ഷെ, ജനത ഗ്രന്‍ഥത്തോട് എത്ര മാത്രം നീതി പുലര്‍ത്തുന്നുണ്ട് എന്ന് കൂടി പരിശോധിക്കണം. നീതി പുലര്‍ത്തിയവരുടെ അവസ്ഥ എന്തായിരുന്നുവെന്നും നോക്കണം.

    ReplyDelete