സ്വാമി അസീമാനന്ദയുടെ വെളിപ്പെടുത്തലുകളോടെകാവി ഭീകരതയുട വികൃതമായ മുഖമാണ് അനാവരണം ചെയ്യപ്പെട്ടിരിക്കുന്നത്. മെക്കാ മസ്ജിദിലും അജ്മീറിലും നടന്ന സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്തത് ഹിന്ദു സംഘടനകളാണെന്ന അസീമാനന്ദയുടെ വെളിപ്പെടുത്തല്‍ രാജ്യത്ത് സൃഷ്ടിച്ച പ്രകമ്പനം ഇനിയും അടങ്ങിയിട്ടില്ല.
എന്നാല്‍ അസീമാനന്ദയുടെ ഈ മനംമാറ്റത്തിനു പിന്നില്‍ മറ്റൊരു യുവാവായിരുന്നു.-സയ്യദ് അബ്ദുല്‍ കലീം- മക്ക മസ്ജിദ് സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്യപ്പെട്ട ആളായിരുന്നു കലീം. ഹെരിദ്വാറില്‍ അറസ്റ്റിലായ ശേഷം അസീമാനന്ദയെ തെളിവെടുപ്പിനായി ചഞ്ചല്‍ഗുഡ് ജയിലില്‍ പാര്‍പ്പിക്കുകയായിരുന്നു. അസീമാനന്ദയും കലീമും ഒരേ തടവറയില്‍ അടയക്കപ്പെടുകയും ഒടുവില്‍ അസീമാനന്ദ പശ്ചാത്താപവശനായി കുറ്റസമ്മതം നടത്തുകയുമായിരുന്നു. കലീമുമായുള്ള അഭിമുഖത്തില്‍ നിന്നും..
എപ്പോഴാണ് അസീമാനന്ദയെ ആദ്യമായി കാണുന്നത്?
= ഞങ്ങള്‍ തമ്മില് കാണുന്നതിനുമുമ്പ് അസീമാനന്ദയുടെ അറസ്റ്റിനെക്കുറിച്ച് ഞാന്‍ പത്രത്തില്‍ വായിച്ചിരുന്നു. മെക്ക മസ്ജിദ് സ്‌ഫോടനവുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് അദ്ദേഹത്തെ തെളിവെടുപ്പിനായി ജയിലില്‍ കൊണ്ടുവന്നു. തുടര്‍ന്ന് ജയിലിലെ മറ്റ് തടവുകാരെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ അധികൃതര്‍ എന്റെ കാര്യവും പറഞ്ഞു.
സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഞാന്‍ അറസ്റ്റിലായതും എല്ലാം അവര്‍ അസീമാനന്ദയോട് വെളിപ്പെടുത്തി. അദ്ദേഹം തന്നെ താല്‍പ്പര്യമെടുത്താണ് എന്നെ സന്ദര്‍ശിച്ചത്. ഞാന്‍ എങ്ങിനെ അറസ്റ്റുചെയ്യപ്പെട്ടു എന്നതിനെക്കുറിച്ചെല്ലാം അദ്ദേഹം ചോദിച്ചറിഞ്ഞു. തുടര്‍ന്ന് അദ്ദേഹം എല്ലാം വെളിപ്പെടുത്തുകയായിരുന്നു.
തങ്ങള്‍ ചെയ്ത ചില പ്രവൃത്തികള്‍ മൂലം നിരവധിയാളുകള്‍ ദുരിതത്തിലായിയെന്നും നിരവധി ചെറുപ്പക്കാര്‍ വേട്ടയാടപ്പെട്ടുവെന്നും അദ്ദേഹം മനസിലാക്കി.
അദ്ദേഹം എന്താണ് പറഞ്ഞത്?
= സ്‌ഫോടനത്തിന് ഇരയായവരോടെല്ലാം മാപ്പപേക്ഷിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം സ്‌ഫോടനങ്ങളുടെ ഫലമായി ദുരിതമനുഭവിക്കുന്ന രാജ്യത്തെ എല്ലാവരോടും അദ്ദേഹം മാപ്പിരന്നു.
ജയിലില്‍ വെച്ച് മരിക്കുകയാണെങ്കില്‍ അദ്ദേഹത്തിന്റെ അവയവങ്ങളും സ്വത്തും സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവര്‍ക്കായി ദാനം ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. ജയിലിനു പുറത്തിറങ്ങാന്‍ കഴിഞ്ഞാല്‍ കൊല്ലപ്പെട്ട എല്ലാവരുടേയും ബന്ധുക്കളെ കാണാനാണ് ആഗ്രഹിക്കുന്നതെന്നും അസീമാനന്ദ പറഞ്ഞിരുന്നു.
തുടര്‍ന്നും അദ്ദേഹത്തെ കാണുകയുണ്ടായോ?
= തുടര്‍ന്നും മൂന്നു നാലു തവണ അദ്ദേഹത്തെ ജയിലിനുള്ളില്‍വെച്ച് കാണാന്‍ സാധിച്ചു. ഞങ്ങള്‍ പരസ്പരം ഒരുപാട് കാര്യം സംസാരിച്ചു. സ്‌ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരെക്കുറിച്ചും അവരുടെ കുടുംബാംഗങ്ങളെക്കുറിച്ചും അദ്ദേഹത്തിന് ഉത്കണ്ഠയുണ്ടായിരുന്നു.
അറസ്റ്റിലായതു മുതല്‍ നേരിടേണ്ടിവന്ന ദുരിതങ്ങളെക്കുറിച്ച് അദ്ദേഹം എന്നോട് ചോദിച്ചു. ഇലക്ട്രിക് ഷോക്ക് നല്‍കിയതടക്കമുള്ള കാര്യങ്ങള്‍ ഞാന്‍ അദ്ദേഹത്തോട് വ്യക്തമാക്കി. ചിലപ്പോള്‍ അദ്ദേഹം നിശബ്ദനായി എല്ലാം കേള്‍ക്കും, ചിലപ്പോള്‍ പൊട്ടിക്കരയും. ചെയ്ത തെറ്റില്‍ അദ്ദേഹം പശ്ചാത്തപിക്കുന്നുവെന്ന് അദ്ദേഹത്തിന്റെ ഭാവങ്ങളില്‍ നിന്നും വ്യക്തമായിരുന്നു.
സ്‌ഫോടനത്തില്‍ മറ്റാളുകള്‍ക്കുള്ള പങ്കിനെക്കുറിച്ച് അസീമാനന്ദ എന്തെങ്കിലും പറഞ്ഞിരുന്നോ?
= അതിനെക്കുറിച്ചൊന്നും അദ്ദേഹം ഒന്നും പറഞ്ഞിരുന്നില്ല. സംഭവിച്ചതില്‍ തീര്‍ത്തും ദു:ഖമുണ്ടെന്ന് മാത്രം അദ്ദേഹം വ്യക്തമാക്കി.
ഇനി ഇതുപോലുള്ള സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി.
അസീമാനന്ദ കാരണമാണ് താങ്കള്‍ക്ക് ജയിലില്‍ കഴിയേണ്ടി വന്നത്. വെറുപ്പ് തോന്നിയില്ലേ അദ്ദേഹത്തിനോട്?
= ഇല്ല. ആരോടെങ്കിലും നിങ്ങള്‍ക്ക് ദേഷ്യമുണ്ടെങ്കിലും അയാള്‍ എല്ലാകുറ്റങ്ങളും ഏറ്റുപറയുമ്പോള്‍ അതുവരെയുണ്ടായിരുന്ന ദേഷ്യമെല്ലാം ഇല്ലാതാകും. എന്നേക്കാളും ഒരുപാട് വയസിന് മൂത്തയാളാണ് അസീമാനന്ദ. അദ്ദേഹത്തെ സ്വാമിജിയെന്നോ അസീമാനന്ദജീ എന്നോ ആയിരുന്നില്ല ഞാന്‍ വിളിച്ചിരുന്നുത്. മറിച്ച് അമ്മാവന്‍ എന്നായിരുന്നു.
തുടര്‍ന്ന് അദ്ദേഹം അധികൃതര്‍ക്ക് മുമ്പില്‍ കുറ്റസമ്മതം നടത്തിയതായി എപ്പോഴാണ് അറിഞ്ഞത്?
= അദ്ദേഹം തന്നെ എന്നോട് നേരിട്ട് പറയുകയായിരുന്നു. കോടതിയില്‍ എല്ലാം പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. തന്റെ വെളിപ്പെടുത്തലുകളെക്കുറിച്ച് രാഷ്ട്രപതി ക്കും കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇനി മുതല്‍ നിരപരാധികളാരും തന്നെ അകാരണമായി പീഡിപ്പിക്കപ്പെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പക്ഷേ മൊഴി ബലംപ്രയോഗിച്ചുള്ളതാണെന്നാണ് ആര്‍.എസ.എസ് വാദം?
= അത് ശരിയല്ല. ഇനി അങ്ങിനെയാണെങ്കില്‍ സ്വാമി എന്നോട് അത് പറയുമായിരുന്നു. അദ്ദേഹത്തിന്റെ മനസാക്ഷി്ക്ക് നിരക്കുന്നതേ അദ്ദേഹം പ്രവര്‍ത്തിക്കൂ എന്ന് എനിക്ക് ഉറപ്പുണ്ട്.
കടുത്തമനസുള്ള ആളെ മാറ്റിയെടുത്ത താങ്കളെക്കുറിച്ചാണ് മാധ്യമങ്ങള്‍ വാഴ്ത്തിപ്പാടുന്നത് ?
= എനിക്ക് അത്തരം ഒരു ബഹുമതിയും വേണ്ട. അസീമാനന്ദയുടെ മനസ് മാറ്റുക എന്ന ദൈവനിയോഗമായിരിക്കാം എനിക്കുണ്ടായിരുന്നത്. ദൈവമായിരിക്കാം എന്നെ അതേ ജയിലിലേക്ക് വിട്ടത്, അസീമാനന്ദയുടെ മനസ് മാറ്റാന്‍.
അസീമാനന്ദയെ മാതൃകാപരമായി ശിക്ഷിക്കുമെന്ന് കരുതുന്നുണ്ടോ?
= അതാണ് സങ്കടം. ഇനി അദ്ദേഹത്തെ കോടതി ശിക്ഷിച്ചാല്‍ അത് എന്നെ സങ്കടപ്പെടുത്തും. അദ്ദേഹം ചെയ്ത പ്രവൃത്തികളില്‍ പശ്ചാത്തപിച്ചുകഴിഞ്ഞു. ഇനി അസീമാനന്ദയെ വെറുതേ വിടണമെന്നാണ് എന്‍രെ ആഗ്രഹം.
ഹിന്ദുക്കളെയും മുസ്‌ലിംകളെയും ഒന്നിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച ആളായിരുന്നു അദ്ദേഹം. അതേ ലക്ഷ്യത്തിന് വേണ്ടിയാണ് അദ്ദഹം ഇനിയും പ്രവര്‍ത്തിക്കുക. ഭാരതത്തിന്റെ സ്വാതന്ത്യത്തിന് വേണ്ടി ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കും ഒരുമിച്ചു നില്‍ക്കാമെങ്കില്‍ രാഷ്ട്രത്തിന്റെ മുന്നോട്ടുള്ള പുരോഗതിക്കായും ഒന്നിക്കാം.
സ്‌ഫോടനത്തില്‍ പങ്കുള്ള മറ്റു രണ്ടുപേര്‍- ദേവേന്ദര്‍ഗുപ്ത, ലോകേഷ് ശര്‍മ- അവരെക്കുറിച്ച്?
= അവരെയും ഞാന്‍ കണ്ടിരുന്നു. അവര്‍ക്കും എന്റെ കഥയറിയാം. പക്ഷേ എന്നെക്കാണാനോ സംസാരിക്കാനോ അവര്‍ തയ്യാറായിട്ടില്ല. അസീമാനന്ദയെപ്പോലെയല്ല അവര്‍. കുറ്റസമ്മതം നടത്താനോ, പശ്ചാത്താപമൊഴിക്കോ അവര്‍ തയ്യാറല്ല.
ഇനി എങ്ങിനെ മുന്നോട്ടുപോകാനാണ് തീരുമാനം?
= 2007ല്‍ ഞാന്‍ മെഡിക്കല്‍ കോഴ്‌സിനു ചേര്‍ന്നിരുന്നു. പക്ഷേ പോലീസിന്റെ ചോദ്യംചെയ്യലും നടപടികളും മൂലം കോഴ്‌സ് തുടരാനായില്ല. തുടര്‍ന്ന് കോടതി വെറുതേവിട്ടതോടെ ലോ കോളേജില്‍ ചേര്‍ന്നു.
പക്ഷേ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തതോടെ സെമസ്റ്റര്‍ പരീക്ഷപോലും എഴുതാനായില്ല. സഹോദരന്‍ ക്വാജയുടെ മോചനത്തിനായി കാത്തിരിക്കുകയാണ് ഞാന്‍. അവന് സൗദിയിലായിരുന്നു ജോലി. എന്നാല്‍ സ്‌ഫോടനക്കേസില്‍ പ്രതിയാണെന്ന് കാണിച്ച് പോലീസ് അവനെ നാട്ടിലെത്തിച്ചു. ഭീകരസംഘടനകളുമായി അവന് ബന്ധമുണ്ടെന്ന് വരുത്താന്‍ പോലീസ് ശ്രമിച്ചു. നിരപരാധിത്തം തിരിച്ചറിഞ്ഞ് കോടതി അവനെ വെറുതെവിടുമെന്നാണ് എന്റെ പ്രതീക്ഷ.
നിരവധി ദുരിതങ്ങളാണ് പോലീസ് നടപടിമൂലം എനിക്കും എന്റെ കുടുംബത്തിനും നേരിടേണ്ടിവന്നത്. ഞങ്ങള്‍ക്ക് സമൂഹം ഭ്രഷ്ട് കല്‍പ്പിച്ചു. കഴിഞ്ഞമൂന്നുമാസമായി അഞ്ചുതവണ ഞങ്ങള്‍ക്ക് വീടുമാറേണ്ടിവന്നു. ശത്രുക്കള്‍ക്ക് പോലും ഇത്തരമൊരു അവസ്ഥ ഉണ്ടാവരുതേ എന്നാണ് എന്റെ പ്രാര്‍ത്ഥന.
കടപ്പാട്: ഡൂള്‍ ന്യൂസ്
"പ്രവാചകാ, നന്മയും തിന്മയും തുല്യമാവുകയില്ല. നീ തിന്മയെ ഏറ്റം ഉല്‍കൃഷ്ടമായ നന്മകൊണ്ട് തടുക്കുക. അപ്പോള്‍ നിന്നോട് വൈരത്തില്‍ വര്‍ത്തിക്കുന്നവന്‍ ഒരു ആത്മമിത്രമായിത്തീരുന്നത് നിനക്ക് കാണാം. ക്ഷമയവലംബിക്കുന്നവര്‍ക്കല്ലാതെ ഈ സ്വഭാവഗുണം ലഭിക്കുന്നതല്ല. മഹാഭാഗ്യവാന്മാര്‍ക്കല്ലാതെ ഈ സ്ഥാനം ലഭിക്കുന്നതല്ല." (Quran 41: 34, 35)
ReplyDelete