Followers

Friday, May 6, 2011

എന്‍ഡോസള്‍ഫാന്‍: ലാഭമോ നഷ്ടമോ?

കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക്, പ്ലാന്റേഷന്‍ കോര്‍പറേഷന്‍ അഞ്ചു കോടി രൂപ നഷ്ടപരിഹാരം നല്‍കുന്നു. നാനൂറു പേര്‍ മരിക്കുകയും നാലായിരത്തില്‍പരമാളുകള്‍ മരിച്ചുജീവിക്കുകയും ചെയ്യുന്ന കൊടുംദുരന്തത്തിനു പകരമായി കണക്കാക്കുമ്പോള്‍ അഞ്ചു കോടി വെറും നക്കാപ്പിച്ച മാത്രം. മരിച്ച നാനൂറു പേപേരുടെ കുടുംബങ്ങള്‍ക്കിതു വിതരണം ചെയ്താല്‍ 125,000 വീതമാണ്‌ ഒരോ കുടുംബത്തിനും ലഭിക്കുക! ദുരന്തത്തിന്റെ ഉത്തരവാദികള്‍ ഇത്രയും നിസ്സാരതുക നഷ്ടപരിഹാരമായി നല്‍കുന്നത് ഇരകളെ പരിഹസിക്കുന്നതിന്നു തുല്യമാണ്‌.

ഇവരുടെ നഷ്ടത്തിനു പരിഹാരം നല്‍കുക മനുഷ്യസാദ്ധ്യമല്ലാത്ത കാര്യമാണ്‌. എന്നാലും പ്ലാന്റേഷന്‍ കോര്‍പറേഷന്‍ മരണപ്പെട്ടവരുടെ കുടുംബത്തിനു പത്തു ലക്ഷം വീതം നഷ്ടപരിഹാരം നല്‍കണം. നാല്‍പതു കോടി ഇതിനു വേണ്ടിവരും. മരിച്ചുജീവിക്കുന്നവര്‍ക്കും അവരവരുടെ അവസ്ഥ പരിഗണിച്ച് നഷ്ടപരിഹാരം നല്‍കണം. മാത്രമല്ല, ആവശ്യമനുസരിച്ചു പുനരധിവാസസൌകര്യവും ലഭ്യമാക്കണം. ഇതിനാവശ്യമായി വരുന്ന തുക വളരെ വളരെ ഭീമമായിരിക്കും.

മനുഷ്യന്റെ ജീവന്നോ അവന്റെ ജീവിക്കാനുള്ള അവകാശത്തിന്നോ അവന്റെ വേദനകള്‍ക്കോ വിലകല്‍പ്പിക്കാന്‍ കഴിയാത്ത, സാമ്പത്തിക ലാഭനഷ്ടങ്ങളുടെ കണക്കു മാത്രം മനസ്സിലാകുന്നവര്‍ ഉത്തരം പറയട്ടെ: എന്‍ഡോസള്‍ഫാന്‍ ഉള്‍പ്പെടെയുള്ള വിഷങ്ങളുടെ ഉപയോഗം വരുത്തിവയ്ക്കുന്നത് ലാഭമോ നഷ്ടമോ?

No comments:

Post a Comment