Followers

Friday, July 29, 2011

മാസപ്പിറവി: തെറ്റും ശരിയും

ഖുര്‍ആന്‍ നിര്‍ദ്ദേശിച്ചതനുസരിച്ചും നബി (സ) മാതൃക കാണിച്ചതുമനുസരിച്ചുമാണല്ലോ നാം കാലഗണന നടത്തേണ്ടത്.
ഖുര്‍ആന്‍ പറയുന്നു: 'ഹിലാലുകളെക്കുറിച്ച് അവര്‍ നിന്നോട് ചോദിക്കുന്നു. പറയുക: മനുഷ്യര്‍ക്കും ഹജ്ജിനുമുള്ള കാല സൂചികളാകുന്നു അവ.' (2/189)
നബി (സ) പറഞ്ഞു: ഹിലാല്‍ കാണുവോളം നിങ്ങള്‍ നോമ്പനുഷ്ഠിക്കരുത്. ഹിലാല്‍ കാണുവോളം നിങ്ങള്‍ നോമ്പ് അവസാനിപ്പിക്കുകയും ചെയ്യരുത്. ഹിലാല്‍ കണ്ടാല്‍ നിങ്ങള്‍ നോമ്പ് നോല്‍ക്കുക. ഹിലാല്‍ കണ്ടാല്‍ നിങ്ങള്‍ നോമ്പ് അവസാനിപ്പിക്കുകയും ചെയ്യുക.
(അഹ്‌മദ് 9505)


ഈ പ്രമാണ വചനങ്ങളും നബിയുടെ നടപടിക്രമവുമനുസരിച്ച് നാം ചെയ്തുവരുന്നതിതാണ്‌:
നിലവിലുള്ള മാസം 29 ന്ന് സൂര്യാസ്തമയ വേളയില്‍ പടിഞ്ഞാറന്‍ ചക്രവാളത്തില്‍ ഹിലാല്‍ കണ്ടാല്‍ ആ സമയം മുതല്‍ അടുത്ത മാസം ആരംഭിച്ചതായി കണക്കാക്കുക.


ഏന്നാല്‍ ശാസ്ത്രമേറെ പുരോഗമിച്ച ഇക്കാലത്ത് മാസം നോക്കാന്‍ പോകേണ്ടതില്ലെന്നും കണക്ക് അവലംബിച്ചാല്‍ മതിയെന്നും ചിലര്‍ വാദിക്കുന്നു. നമസ്‌കാര സമയം നിര്‍ണ്ണയിക്കുന്നതിന്ന് കണക്ക് അവലംബിക്കുന്നത് തെളിവായി ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു. ഈ വാദം സമൂഹത്തിലെ വലിയൊരു ഭാഗത്തെ സ്വാധീനിക്കുന്നുണ്ട്. എന്നാല്‍ ഇപ്പറയുന്നതിന്‍റെ പൊരുളറിഞ്ഞു കൊണ്ടല്ല പൊതു ജനം ഈ പ്രചരണത്തില്‍ വീഴുന്നത്. പഴഞ്ചന്‍, പ്രാകൃതം, എന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്നതിനോട് വെറുപ്പും അകല്‍ച്ചയും; കണക്ക്, ശാസ്ത്രീയം എന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്നതിനോട് കമ്പവും തോന്നുക തോന്നുക സ്വാഭാവികമാണ്‌.


നബിയുടെ കാലത്ത് ചക്രവാളത്തില്‍ നോക്കി സൂര്യന്‍ മറഞ്ഞെന്ന് ബോധ്യമാകുമ്പോള്‍ മഗ്‌രിബ് ബാങ്ക് വിളിക്കുമായിരുന്നു. പിന്നീട് കണക്കനുസരിച്ച് നമസ്‌കാര സമയം തീരുമാനിക്കാന്‍ തുടങ്ങിയപ്പോള്‍ സൂര്യന്‍ അസ്തമിച്ചതായി 'ദൃശ്യമാവുക' എപ്പോഴാണെന്ന് കണക്ക് കൂട്ടി കണ്ടു പിടിച്ചു. എന്നിട്ട് ആ സമയ വിവരപ്പട്ടിക നോക്കി ബാങ്ക് വിളിക്കാനും തുടങ്ങി. യഥാര്‍ത്ഥത്തില്‍ സൂര്യനസ്തമിക്കുന്നത് ഈ പട്ടികയില്‍ പറയുന്ന സമയത്തിന്‍റെ 8 മിനിറ്റ് 20 സെക്കന്‍റ്‌ മുമ്പാണ്‌. അത് കണക്ക് കൂട്ടാന്‍ കഴിയാഞ്ഞിട്ടല്ല; പക്ഷെ അങ്ങനെ ചെയ്യാറില്ല; ആ സമയത്ത് ബാങ്ക് വിളിക്കാറുമില്ല.


ഈ മാതൃക അനുസരിച്ച് മാസപ്പിറവിയുടെ കാര്യത്തില്‍ കണക്ക് അവലംബിക്കാമെന്ന് വച്ചാല്‍ എന്താണ്‌ ചെയ്യേണ്ടത്? നിലവിലുള്ള മാസം 29 ന്ന് സൂര്യന്‍ അസ്തമിച്ച ശേഷം ഹിലാല്‍ 'ദൃശ്യമാ'കുമോ എന്ന് കണക്ക് കൂട്ടണം. സൂര്യന്‍ അസ്തമിച്ച ശേഷം ഹിലാല്‍ ആകാശത്തുണ്ടായത് കൊണ്ട് മാത്രം അത് ദൃശ്യമാകണമെന്നില്ല. അത് കൊണ്ട് തന്നെ ഹിലാല്‍ ആകാശത്തുണ്ടാകുമോ എന്ന് പോലുമല്ല; അത് 'ദൃശ്യമാകുമോ' എന്ന് തന്നെയാണ്‌ കണക്ക് കൂട്ടേണ്ടത്. നമസ്‌കാരസമയം നിര്‍ണ്ണയിക്കുന്ന അതേ മാതൃക മാസനിര്‍ണ്ണയത്തിന്നും അവലംബിക്കുന്നു എന്ന് വാദിക്കുന്നവര്‍ ഇതാണ്‌ ചെയ്യേണ്ടത്.


എന്നാല്‍ കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹിജ്റ കമ്മിറ്റി ഓഫ് ഇന്ത്യയുടെ ശൈലി ഖുര്‍ആനും ഹദീസും പഠിപ്പിച്ചതിന്ന് വിരുദ്ധമാണ്‌. അവര്‍ക്ക് ഹിലാല്‍ കാണണമെന്നില്ലെന്ന് മാത്രമല്ല; അസ്തമയ ശേഷം ഹിലാല്‍ ആകാശത്തുണ്ടാകുമോ എന്ന് പോലും പരിഗണിക്കേണ്ടതില്ലത്രെ. ഇത്തവണ (2011) അവര്‍ റമദാന്‍ ആരംഭിക്കുന്നത് ജൂലായ് 31 നാണ്‌. ആഗസ്ത് 30 ന്‌ ഈദുല്‍ ഫിത്വ്‌ര്‍ ആഘോഷിക്കാനും തീരുമാനിച്ചിരിക്കുന്നു. നബിയുടെ നടപടിക്രമം എന്തായിരുന്നുവെന്നു നോക്കാം.


ഒരിക്കല്‍ ഒരു ഗ്രാമീണന്‍ നബിയുടെ അടുക്കല്‍ വന്നിട്ട് പറഞ്ഞു: 'ഞാന്‍ ഹിലാല്‍ കണ്ടിരിക്കുന്നു.'
നബി ചോദിച്ചു: അല്ലാഹുവല്ലാതെ ഒരു ഇലാഹില്ലെന്ന് നീ സാക്‌ഷ്യം വഹിക്കുന്നുണ്ടോ?
അദ്ദേഹം പറഞ്ഞു: അതെ.
വീണ്ടും നബി ചോദിച്ചു: മുഹമ്മദ് അല്ലാഹുവിന്‍റെ റസൂലാണെന്ന് നീ സാക്‌ഷ്യം വഹിക്കുന്നുണ്ടോ?
അദ്ദേഹം പറഞ്ഞു: അതെ.
നബി പറഞ്ഞു: ഓ ബിലാല്‍, അടുത്ത പകല്‍ നോമ്പനുഷ്ഠിക്കണമെന്ന് ജനങ്ങള്‍ക്കിടയില്‍ വിളമ്പരം ചെയ്യുക. (അബൂ ദാവൂദ് 1993)


നബിയുടെ നടപടിക്രമം മാതൃകയാക്കുന്നവര്‍ക്ക് ഈ ജൂലായ് 31 ന്‌ റമദാന്‍ ആരംഭിക്കാന്‍ കഴിയുകയില്ല. കാരണം, 30 ന്‌ സൂര്യന്‍ അസ്തമിക്കുന്നത് 6.52 നാണ്‌. അന്ന് ചന്ദ്രന്‍ അസ്തമിക്കുന്നത് 6.30 നും. അഥവാ സൂര്യന്‍ അസ്തമിക്കുന്നതിന്റെ 22 മിനിറ്റുകള്‍ക്ക് മുമ്പ് ചന്ദ്രന്‍ അസ്തമിച്ചിരിക്കും. അഥവാ 30 ന്‌ മാസം കാണാന്‍ ഒരു സാധ്യതയുമില്ല.
വസ്തുത ഇതായിരിക്കെ ജൂലായ് 31 ന്‌ റമദാന്‍ വ്രതമാരംഭിക്കുന്നത് ഇസ്‌ലാമിക നിയമങ്ങള്‍ക്ക് വിരുദ്ധമാണ്‌. ഇതു പറയുന്നത് കണക്കിന്റെ അടിസ്ഥാനത്തിലാണ്‌. ആ കണക്ക് നിങ്ങള്‍ക്ക് പരിശോധിക്കാവുന്നതാണ്‌.


1. 2011 ജൂലായ് മാസത്തിലെ സൂര്യന്റെ ഉദയാസ്തമയങ്ങള്‍: click here


2. 2011 ജൂലായ് മാസത്തിലെ ചന്ദ്രന്റെ ഉദയാസ്തമയങ്ങള്‍: click here


3. 1990 മുതല്‍ 2030 വരെയുള്ള ലോകത്തിന്‍റെ എല്ലാ ഭാഗത്തെയും സൂര്യ ചന്ദ്രന്‍മാരുടെ ഉദയാസ്തമയങ്ങളറിയാന്‍ ഈ വെബ്സൈറ്റ് സന്ദര്‍ശിക്കുക: click here


4. ആഗോളാടിസ്ഥാനത്തില്‍ ഓരോ മാസവും ഹിലാല്‍ ദൃശ്യമാകുമോ എന്നതിനെക്കുറിച്ച് ശാസ്ത്രീയ പ്രവചനവും പിന്നീട് ദൃശ്യമാകുന്നത് സംബന്ധിച്ച റിപ്പോര്‍ട്ടും ലഭിക്കാന്‍: click here


കെ.കെ. ആലിക്കോയ

Thursday, July 28, 2011

റമദാന്‍ ഖുര്‍ആനില്‍

ഖുര്‍ആന്‍ രണ്ടാമദ്ധ്യായം 183 മുതല്‍ 187 വരെയുള്ള സൂക്തങ്ങളും അവയ്ക്ക് മൌലാനാ മൌദൂദി നല്‍കിയ വ്യാഖ്യാനക്കുറിപ്പുകളും.
Source
To read this part in English

(183-184) അല്ലയോ വിശ്വസിച്ചവരേ, നിങ്ങള്‍ക്കുമുമ്പുള്ള പ്രവാചകന്മാരുടെ അനുയായികള്‍ക്ക് നിര്‍ബന്ധമാക്കപ്പെട്ടപോലെ നിങ്ങള്‍ക്കും വ്രതാനുഷ്ഠാനം നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. അതുവഴി നിങ്ങളില്‍ ഭക്തിയുടെ ഗുണങ്ങള്‍ വളര്‍ന്നേക്കാം.183 വ്രതാനുഷ്ഠാനം നിശ്ചിത ദിവസങ്ങളിലാകുന്നു. നിങ്ങളിലാരെങ്കിലും രോഗിയോ യാത്രക്കാരനോ ആയിരുന്നാല്‍ അവന്‍ മറ്റു ദിവസങ്ങളില്‍ അത്രയും എണ്ണം തികക്കട്ടെ. വ്രതമനുഷ്ഠിക്കാന്‍ കഴിവുള്ളവന്‍ (എന്നിട്ടും അതനുഷ്ഠിക്കുന്നില്ലെങ്കില്‍) പ്രായശ്ചിത്തം നല്‍കേണ്ടതാകുന്നു. ഒരഗതിക്ക് അന്നം നല്‍കലാണ് ഒരു വ്രതത്തിന്റെ പ്രായശ്ചിത്തം. ആരെങ്കിലും സ്വമേധയാ കൂടുതല്‍ നന്മചെയ്താല്‍ അതവന്നു നല്ലത്.184 എന്നാല്‍ വ്രതമനുഷ്ഠിക്കുന്നതുതന്നെയാണ് ഏറെ ഉത്കൃഷ്ടമായിട്ടുള്ളത്-നിങ്ങള്‍ മനസ്സിലാക്കുന്നുണ്ടെങ്കില്‍.185
(185) മനുഷ്യര്‍ക്കാകമാനം മാര്‍ഗദര്‍ശകമായും സുവ്യക്തമായ സന്മാര്‍ഗ പ്രമാണങ്ങളായും സത്യാസത്യങ്ങളെ വേര്‍തിരിച്ചു കാണിക്കുന്ന ഉരകല്ലായും ഖുര്‍ആന്‍ അവതരിച്ച മാസമാകുന്നു റമദാന്‍. അതിനാല്‍ ഇനിമുതല്‍ നിങ്ങളില്‍ ആര്‍ ആ മാസം ദര്‍ശിക്കുന്നുവോ അവന്‍ ആ മാസം മുഴുവന്‍ വ്രതമനുഷ്ഠിക്കേണ്ടത് നിര്‍ബന്ധമാകുന്നു. രോഗിയോ യാത്രക്കാരനോ ആയവന്‍ മറ്റു നാളുകളില്‍ നോമ്പ് എണ്ണം തികക്കട്ടെ.186 അല്ലാഹു നിങ്ങള്‍ക്ക് എളുപ്പമാണിഛിക്കുന്നത്, ഞെരുക്കമിഛിക്കുന്നില്ല. നിങ്ങള്‍ക്ക് നോമ്പിന്റെ എണ്ണം തികക്കാന്‍ സാധിക്കുന്നതിനും അല്ലാഹു സന്മാര്‍ഗം നല്‍കി ആദരിച്ചതിന്റെ പേരില്‍ നിങ്ങള്‍ അവന്റെ മഹത്വം അംഗീകരിച്ചു പ്രകീര്‍ത്തിക്കുന്നതിനും, അവനോട് കൃതജ്ഞതയുള്ളവരായിരിക്കുന്നതിനും വേണ്ടിയത്രെ അവന്‍ ഈ രീതി നിര്‍ദേശിച്ചുതന്നത്.187
(186) പ്രവാചകാ, എന്റെ അടിമകള്‍ നിന്നോട് എന്നെക്കുറിച്ചു ചോദിച്ചാല്‍ അവര്‍ക്കു പറഞ്ഞുകൊടുക്കുക: ഞാന്‍ അവരുടെ അടുത്തുതന്നെയുണ്ട്. വിളിക്കുന്നവന്‍ എന്നെ വിളിച്ചാല്‍ ആ വിളി കേട്ട് ഞാന്‍ ഉത്തരം നല്‍കുന്നു. അതിനാല്‍ അവര്‍ എന്റെ വിളിക്ക് ഉത്തരം നല്‍കട്ടെ. എന്നില്‍ വിശ്വസിക്കുകയും ചെയ്യട്ടെ.188 (നീ ഇതെല്ലാം അവരെ കേള്‍പ്പിക്കുക) അവര്‍ സ•ാര്‍ഗം ഗ്രഹിച്ചെങ്കിലോ.189
(187) വ്രതകാലത്തെ രാവുകളില്‍ നിങ്ങള്‍ ഭാര്യമാരെ പ്രാപിക്കുന്നത് അനുവദിക്കപ്പെട്ടിരിക്കുന്നു. അവര്‍ നിങ്ങള്‍ക്ക് വസ്ത്രമാകുന്നു. നിങ്ങള്‍ അവര്‍ക്കും വസ്ത്രമാകുന്നു.190 നിങ്ങള്‍ രഹസ്യമായി സ്വയം വഞ്ചിക്കുകയായിരുന്നുവെന്ന് അല്ലാഹു അറിഞ്ഞിട്ടുണ്ട്. എന്നാല്‍ അവന്‍ നിങ്ങളുടെ കുറ്റം പൊറുക്കുകയും ക്ഷമിക്കുകയും ചെയ്തിരിക്കുന്നു. ഇനി ഭാര്യമാരോടൊപ്പം രാപ്പാര്‍ത്ത് അല്ലാഹു നിങ്ങള്‍ക്കനുവദിച്ചിട്ടുള്ള സുഖം തേടിക്കൊള്ളുക.191 അപ്രകാരംതന്നെ, രാവിന്റെ കരിവരകളില്‍നിന്ന് പ്രഭാതത്തിന്റെ വെള്ളവരകള്‍ തെളിഞ്ഞുകാണുന്നതുവരെ നിങ്ങള്‍ക്ക് തിന്നുകയും കുടിക്കുകയും ചെയ്യാം.192 പിന്നെ അതെല്ലാം വര്‍ജിച്ച് രാവുവരെ193 വ്രതം പാലിക്കുക.194 നിങ്ങള്‍ പള്ളികളില്‍ ഭജനമിരിക്കുമ്പോള്‍ ഭാര്യാസംസര്‍ഗമരുത്.195 ഇവ അല്ലാഹു നിശ്ചയിച്ച പരിധികളാകുന്നു. നിങ്ങള്‍ അവയോടടുത്തുപോകാതിരിക്കുക.196 ഇവ്വിധം അല്ലാഹു അവന്റെ വിധി ജനങ്ങള്‍ക്കു വിവരിച്ചുകൊടുക്കുകയാകുന്നു-അവര്‍ തെറ്റായ കര്‍മമാര്‍ഗങ്ങളില്‍നിന്ന് മുക്തരാകേണ്ടതിന്ന്.
..............


അടിക്കുറിപ്പുകള്‍:
183. ഇസ്ലാമിലെ മറ്റ് ചില നിയമങ്ങളെപ്പോലെ നോമ്പ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നിയമവും പടിപടിയായാണ് നടപ്പില്‍വരുത്തിയത്. ഓരോ മാസത്തിലും മൂന്ന് ദിവസം വീതം നോമ്പനുഷ്ഠിക്കുവാന്‍ ആദ്യകാലത്ത് നബി(സ) തിരുമേനി മുസ്ലിംകളോട് നിര്‍ദേശിച്ചിരുന്നു. എന്നാലത് നിര്‍ബന്ധമായിരുന്നില്ല. പിന്നീട് ഹി. രണ്ടാംവര്‍ഷം റമദാന്‍ മാസത്തിലെ നോമ്പിനെക്കുറിച്ചുള്ള ഈ വിധി അവതരിച്ചു. പക്ഷേ, നോമ്പനുഷ്ഠിക്കാന്‍ ശക്തിയുള്ളതോടെ അതനുഷ്ഠിക്കാതിരിക്കുന്നവര്‍ ഒരു നോമ്പിന് പകരം ഒരു ദരിദ്രന്ന് ആഹാരം നല്‍കിയാല്‍ മതിയെന്ന ഒരിളവ് അതിലുണ്ടായിരുന്നു. പിന്നീട് രണ്ടാമത്തെ വിധി അവതരിക്കുകയും ഈ ഇളവ് ദുര്‍ബലപ്പെടുത്തുകയും ചെയ്തു. എന്നാല്‍ രോഗി, യാത്രക്കാരന്‍, ഗര്‍ഭിണി, മുലകൊടുക്കുന്ന സ്ത്രീ, നോമ്പെടുക്കാന്‍ ശക്തിയില്ലാത്ത വൃദ്ധന്മാര്‍ എന്നിവര്‍ക്ക് ഈ ആനുകൂല്യം പഴയതുപോലെ നിലനിര്‍ത്തുകയുണ്ടായി. പ്രതിബന്ധം നീങ്ങിയാല്‍ റമദാനില്‍ ഒഴിഞ്ഞുപോയ അത്രയും നോമ്പുകള്‍ നോറ്റുവീട്ടണമെന്ന് ആജ്ഞാപിക്കുകയും ചെയ്തു.


184. അതായത്, ഒന്നില്‍ കൂടുതലാളുകള്‍ക്ക് ആഹാരം നല്‍കുക; അല്ലെങ്കില്‍ നോമ്പനുഷ്ഠിക്കുകയും അതോടൊപ്പം അഗതികള്‍ക്ക് ആഹാരം നല്‍കുകയും ചെയ്യുക.


185. റമദാനിലെ നോമ്പു സംബന്ധിച്ച് ഹി. രണ്ടാം കൊല്ലത്തില്‍, ബദ്ര്‍ യുദ്ധത്തിനുമുമ്പ് അവതരിച്ചിരുന്ന പ്രാരംഭ വിധിയാണ് ഇതുവരെ. ശേഷമുള്ള വാക്യങ്ങള്‍ പിന്നീട് ഒരു കൊല്ലം കഴിഞ്ഞ് അവതരിച്ചതും വിഷയത്തിന്റെ യോജിപ്പ് പരിഗണിച്ച് ഇതേ പരമ്പരയില്‍ ഉള്‍ക്കൊള്ളിച്ചതുമാണ്.


186. യാത്രയില്‍ നോമ്പനുഷ്ഠിക്കുന്നതും അനുഷ്ഠിക്കാതിരിക്കുന്നതും മനുഷ്യന്റെ സ്വാതന്ത്യ്രത്തിനു വിട്ടിരിക്കയാണ്. നബി(സ) തിരുമേനിയോടൊന്നിച്ചു യാത്ര ചെയ്തിരുന്ന സഹാബത്തില്‍ നോമ്പ് പിടിക്കുന്നവരും പിടിക്കാത്തവരുമുണ്ടായിരുന്നു, അവരില്‍ ഒരു വിഭാഗവും മറ്റേ വിഭാഗത്തെ ആക്ഷേപിച്ചിരുന്നില്ല. H10 തിരുമേനിതന്നെയും യാത്രയില്‍ ചിലപ്പോള്‍ നോമ്പനുഷ്ഠിക്കുകയും മറ്റുചിലപ്പോള്‍ അനുഷ്ഠിക്കാതിരിക്കുകയും ചെയ്തിട്ടുണ്ട്. ഒരു യാത്രയില്‍ തിരുമേനിയുടെ സംഘത്തിലുണ്ടായിരുന്ന ഒരാള്‍ അവശനായി തളര്‍ന്നു വീണു; ചുറ്റും ആളുകള്‍ തടിച്ചുകൂടി. സംഗതി എന്തെന്നു തിരുമേനി അന്വേഷിച്ചപ്പോള്‍ നോമ്പുകാരണം ക്ഷീണിച്ചതാണെന്നു ജനങ്ങള്‍ പറഞ്ഞു. അപ്പോള്‍ തിരുമേനി അരുള്‍ചെയ്തു: "ഇത് പുണ്യമല്ല.`` H9 യുദ്ധകാലത്ത് ശത്രുക്കളുമായുള്ള പോരാട്ടത്തില്‍ ബലഹീനരാവാതിരിക്കേണ്ടതിന്നു, നോമ്പ് പിടിക്കുന്നത് തിരുമേനി പ്രത്യേകം നിരോധിച്ചിരുന്നു. ഉമര്‍(റ) N1512 നിവേദനം ചെയ്യുന്നു: ഞങ്ങള്‍ നബി(സ) തിരുമേനിയൊന്നിച്ചു രണ്ടുതവണ റമദാനില്‍ യുദ്ധത്തിനു പോയിട്ടുണ്ട്; ബദ്ര്‍ യുദ്ധത്തിനും മക്കാവിജയത്തിനും. രണ്ടുതവണയും ഞങ്ങള്‍ നോമ്പു വിടുകയുണ്ടായി.`` അബ്ദുല്ലാഹിബ്നു ഉമര്‍(റ) N1344 പറയുന്നു: "മക്കാവിജയഘട്ടത്തില്‍ തിരുമേനി അരുള്‍ ചെയ്തു: `ഇത് യുദ്ധദിവസമാണ്; അതുകൊണ്ട് നോമ്പു മുറിച്ചുകൊള്ളുക.` മറ്റു റിപ്പോര്‍ട്ടുകളില്‍ ഇങ്ങനെയും വന്നിട്ടുണ്ട്: `നിങ്ങള്‍ ശത്രുക്കളുമായി ഏറ്റുമുട്ടാന്‍ അടുത്തിരിക്കുന്നു. അതുകൊണ്ട് നോമ്പു മുറിച്ചുകൊള്ളുക. അത് നിങ്ങള്‍ക്ക് ശക്തി നല്‍കും. യാത്രയില്‍ പൊതുവെ എത്ര ദൂരമുണ്ടെങ്കിലാണ് നോമ്പുപേക്ഷിക്കാന്‍ അനുവാദമുള്ളത് എന്ന പ്രശ്നത്തെ സംബന്ധിച്ച് നബി(സ) തിരുമേനിയില്‍നിന്നു വ്യക്തമായ നിര്‍ദേശമൊന്നും ലഭിക്കുന്നില്ല. സഹാബത്തിന്റെ നടപടി ഈ വിഷയത്തില്‍ വ്യത്യസ്തങ്ങളാണ്. സാധാരണയില്‍ യാത്രയെന്നു പറയാവുന്നതും ഒരു യാത്രക്കാരനെന്ന അവസ്ഥ മനുഷ്യനു വന്നുചേരുന്നതുമായ വഴി ദൂരം നോമ്പുപേക്ഷിക്കാന്‍ മതിയെന്ന അഭിപ്രായമാണ് ശരി. ഒരാള്‍ യാത്ര ആരംഭിക്കുന്ന ദിവസംതന്നെ അവന്ന് നോമ്പുപേക്ഷിക്കാന്‍ സ്വാതന്ത്യ്രമുണ്ടെന്നതില്‍ ഭിന്നാഭിപ്രായമില്ല. വേണമെങ്കില്‍ വീട്ടില്‍നിന്ന് ഭക്ഷണം കഴിച്ച് യാത്ര ആരംഭിക്കാം. അല്ലെങ്കില്‍ വീട്ടില്‍നിന്ന് പുറപ്പെട്ട ഉടന്‍ ഭക്ഷണം കഴിക്കാം. രണ്ടു രൂപവും സഹാബത്തില്‍നിന്ന് സ്ഥിരപ്പെട്ടതാണ്. ഒരു നാടിനെ ശത്രുക്കള്‍ ആക്രമിക്കുന്ന പക്ഷം അവിടത്തുകാര്‍ക്ക് യുദ്ധത്തിനുവേണ്ടി നോമ്പുപേക്ഷിക്കാമോ എന്ന പ്രശ്നത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ ഭിന്നാഭിപ്രായമുണ്ട്. അനുവദനീയമല്ലെന്നാണ് ചിലരുടെ അഭിപ്രായം. എന്നാല്‍ അല്ലാമാ ഇബ്നുതൈമിയ്യ N1536 സുശക്തമായ തെളിവുകള്‍ സഹിതം ഫത്വ നല്‍കിയിട്ടുണ്ട്, അത് തികച്ചും അനുവദനീയമാണെന്ന്.


187. അതായത്, റമദാനില്‍ മാത്രമേ നോമ്പനുഷ്ഠിക്കാവൂ എന്ന് അല്ലാഹു നിജപ്പെടുത്തിയിട്ടില്ല. ശരീഅത്തിന്റെ ദൃഷ്ടിയില്‍ ന്യായമായ പ്രതിബന്ധം കാരണം നോമ്പെടുക്കാത്തവര്‍ മറ്റു ദിവസങ്ങളില്‍ നോറ്റു വീട്ടിയാലും മതി. നിങ്ങള്‍ക്ക് നല്‍കിയ ഖുര്‍ആനാകുന്ന അനുഗ്രഹത്തിന്ന് നന്ദി രേഖപ്പെടുത്താനുള്ള അമൂല്യാവസരം പാഴായിപ്പോകാതിരിക്കാന്‍ വേണ്ടിയാണ് അങ്ങനെ അനുവദിച്ചിരിക്കുന്നത്. ഇവിടെ ഒരു സംഗതികൂടി ഗ്രഹിച്ചിരിക്കേണ്ടതുണ്ട്: റമസാനിലെ നോമ്പ് ഒരാരാധനയും ഭക്തിയുടെ പരിശീലനവും മാത്രമായല്ല കണക്കാക്കിയിട്ടുള്ളത്. പ്രത്യുത, അല്ലാഹു നില്‍കിയ വിശുദ്ധ ഖുര്‍ആനാകുന്ന മഹത്തായ അനുഗ്രഹത്തിന്നുള്ള കൃതജ്ഞതയായിട്ടുകൂടിയാണ്. കൃതജ്ഞത പ്രകാശിപ്പിക്കുന്നതിനുള്ള ഉത്തമ മാര്‍ഗം അനുഗ്രഹദാതാവിന്റെ ഉദ്ദേശ്യം പൂര്‍ത്തീകരിക്കുവാന്‍ സര്‍വാത്മനാ തയ്യാറാവുക എന്നതാണ്. നമുക്ക് വിശുദ്ധ ഖുര്‍ആന്‍ നല്‍കിയതിന്റെ ഉദ്ദേശ്യം, അല്ലാഹുവിന്റെ പ്രീതി സമ്പാദിക്കാനുള്ള മാര്‍ഗം ഗ്രഹിച്ച് നാമതനുസരിച്ചു ജീവിക്കുകയും ലോകത്തെ അതിലൂടെ നയിക്കുകയുമാണ്. ഈ ഉദ്ദേശ്യത്തിന് നമ്മെ തയ്യാറാക്കാനുള്ള അത്യുത്തമ മാര്‍ഗമത്രെ നോമ്പ്. അതിനാല്‍ ഖുര്‍ആന്‍ അവതരിച്ച മാസത്തിലെ നമ്മുടെ നോമ്പ് ഒരാരാധനയോ ധാര്‍മിക സംസ്കരണമോ മാത്രമല്ല, ഖുര്‍ആനാകുന്ന അനുഗ്രഹത്തിന്ന് അനുയോജ്യമായ കൃതജ്ഞതാപ്രകടനം കൂടിയാണ്.


188. അതായത്, നിങ്ങള്‍ക്കെന്നെ കാണാന്‍ കഴിയുന്നില്ലെങ്കിലും, പഞ്ചേന്ദ്രിയങ്ങള്‍ വഴി എന്നെ നേരിട്ടറിയാന്‍ നിങ്ങള്‍ക്ക് സാധ്യമല്ലെങ്കിലും, ഞാന്‍ നിങ്ങളില്‍നിന്ന് ദൂരത്താണെന്ന് ധരിച്ചുപോകരുത്; എന്റെ ഓരോ അടിമയോടും വളരെ അടുത്താണ് ഞാന്‍ സ്ഥിതിചെയ്യുന്നത്; അവന്ന് എപ്പോള്‍ വേണമെങ്കിലും ആവശ്യങ്ങള്‍ എന്റെ മുമ്പില്‍ സമര്‍പ്പിക്കുകയും എന്നോട് പ്രാര്‍ഥിക്കുകയും ചെയ്യാം. അവന്‍ ഹൃദയംകൊണ്ട് മാത്രം എന്നോട് പ്രാര്‍ഥിച്ചാല്‍ പോലും ഞാനത് ശ്രവിക്കുന്നതാണ്. ശ്രവിക്കുക മാത്രമല്ല, തീരുമാനം കല്‍പിക്കുകകൂടി ചെയ്യുന്നതാണ്. അയഥാര്‍ഥങ്ങളായ, അധികാരമില്ലാത്ത ഏതൊക്കെ വസ്തുക്കളെ അജ്ഞത കാരണം നിങ്ങള്‍ ദൈവങ്ങളും യജമാനന്മാരുമായി കണക്കാക്കിയിരിക്കുന്നുവോ അവയുടെ അടുക്കലേക്ക് നിങ്ങള്‍ അങ്ങോട്ട് ഓടിച്ചെല്ലേണ്ടിവരുന്നു. എന്നാലും അവയ്ക്ക് നിങ്ങളുടെ പ്രാര്‍ഥന കേള്‍ക്കുവാനോ അപേക്ഷകളനുസരിച്ച് തീരുമാനം കല്‍പിക്കുവാനോ കഴിയില്ല. എന്നാല്‍ അനന്തവിസ്തൃതമായ പ്രപഞ്ചത്തിന്റെ സര്‍വ്വാധിപതിയും സകലവിധ അധികാരങ്ങളുടെയും കഴിവുകളുടെയും ഉടമസ്ഥനുമായ ഞാന്‍ നിങ്ങളുമായി എത്രയോ സമീപത്താണ്. യാതൊരു മാധ്യസ്ഥനും ശുപാര്‍ശകനുമില്ലാതെ, സ്വന്തമായിത്തന്നെ ഏതവസരത്തിലും എവിടെവെച്ചും നിങ്ങളുടെ അപേക്ഷകള്‍ എന്റെ മുമ്പില്‍ നേരിട്ട് സമര്‍പ്പിക്കാവുന്നതാണ്. അതിനാല്‍ ശക്തിയോ അധികാരമോ ഒന്നുമില്ലാത്ത കൃത്രിമ ദൈവങ്ങളുടെ പിന്നാലെ അലഞ്ഞുതിരിയുകയെന്ന വിഡ്ഢിത്തമുപേക്ഷിച്ച് എന്റെ ക്ഷണത്തിനുത്തരം നല്‍കി, എന്നില്‍ അഭയം പ്രാപിക്കുകയും എന്നിലേക്ക് മടങ്ങുകയും എന്നില്‍ വിശ്വാസമര്‍പ്പിക്കുകയും എന്നോടുള്ള അടിമത്തത്തിലും അനുസരണത്തിലും പ്രവേശിക്കുകയും ചെയ്യുക.


189. അതായത്, നീ മുഖേന വാസ്തവസ്ഥിതി അറിഞ്ഞ് അവര്‍ കണ്ണുതുറക്കുകയും അവരുടെതന്നെ നന്മ സ്ഥിതിചെയ്യുന്ന ശരിയായ നയം സ്വീകരിക്കാന്‍ മുമ്പോട്ട് വരികയും ചെയ്തേക്കും.
190. വസ്ത്രത്തിനും ശരീരത്തിനുമിടക്ക് യാതൊരു മറയുമില്ല. അവ പരസ്പരം ചേര്‍ന്നിരിക്കുന്നു. നിങ്ങളും നിങ്ങളുടെ ഭാര്യമാരും തമ്മിലുള്ള ബന്ധം ഈ നിലക്കുള്ളതാണ്.


191. റമദാനിലെ രാത്രികളില്‍ ഭാര്യാസമ്പര്‍ക്കം പാടില്ലെന്ന് വ്യക്തമായ യാതൊരു വിധിയും മുമ്പുണ്ടായിരുന്നില്ലെങ്കിലും അത് തെറ്റാണെന്ന് ജനങ്ങള്‍ സ്വയം ധരിച്ചുപോന്നിരുന്നു. എന്നാല്‍ അത് തെറ്റാണെന്നോ നല്ലതല്ലെന്നോ ധരിച്ചുകൊണ്ടുതന്നെ ചിലപ്പോഴെല്ലാം അവര്‍ തങ്ങളുടെ ഭാര്യമാരെ സമീപിക്കുകയും ചെയ്തിരുന്നു. മനസ്സാക്ഷിയെ വഞ്ചിക്കുമാറുള്ള ഈ പ്രവൃത്തിമൂലം തെറ്റുകള്‍ ചെയ്യാനുള്ള മനഃസ്ഥിതി അവരില്‍ വളര്‍ന്നുവരുമെന്ന് ഭയപ്പെടേണ്ടിയിരുന്നു. അതിനാല്‍ അല്ലാഹു ആദ്യമായി പ്രസ്തുത ആത്മവഞ്ചനയെക്കുറിച്ച് താക്കീത് നല്‍കി. അനന്തരം, അത് നിങ്ങള്‍ക്കനുവദനീയമാണെന്നും അതിനാല്‍ ദുഷ്കൃത്യമാണെന്ന ധാരണയോടുകൂടി പ്രവര്‍ത്തിക്കുന്നതിന് പകരം അല്ലാഹുവിന്റെ അനുവാദത്തെ ഉപയോഗപ്പെടുത്തി ഹൃദയത്തിന്റെയും മനസ്സാക്ഷിയുടെയും പൂര്‍ണമായ പരിശുദ്ധിയോടെ ഭാര്യമാരെ സമീപിച്ചുകൊള്‍കയെന്നും അരുള്‍ചെയ്തു.


192. ഈ വിഷയത്തിലും ആരംഭത്തില്‍ ജനങ്ങള്‍ക്ക് തെറ്റിദ്ധാരണയുണ്ടായിരുന്നു. ഇശാ നമസ്കാരത്തിന്ന് ശേഷം തിന്നലും കുടിക്കലും നിഷിദ്ധമാണെന്നായിരുന്നു ചിലരുടെ ധാരണ. മറ്റു ചിലര്‍ ധരിച്ചിരുന്നത്, രാത്രി ഉറങ്ങാതിരിക്കുന്ന സമയത്തോളം തിന്നുകയും കുടിക്കുകയും ചെയ്യാമെന്നും ഉറങ്ങിപ്പോയാല്‍ എഴുന്നേറ്റ് യാതൊന്നും ഭക്ഷിക്കാന്‍ പാടില്ലെന്നുമായിരുന്നു. ജനങ്ങള്‍ സ്വയം ഇങ്ങനെയെല്ലാം ധരിച്ചുവശായത് കാരണം പലപ്പോഴും അവര്‍ക്ക് വലിയ വിഷമങ്ങള്‍ അനുഭവിക്കേണ്ടിവന്നു. ഈ തെറ്റിദ്ധാരണകളെയാണ് പ്രകൃത വാക്യത്തില്‍ ദൂരീകരിച്ചിട്ടുള്ളത്. നോമ്പിന്റെ സമയം പ്രഭാതം മുതല്‍ സൂര്യസ്തമയംവരെയാണെന്ന് ഇതില്‍ നിര്‍ണയിച്ചു. അസ്തമയം മുതല്‍ പ്രഭാതം വരെയുള്ള രാത്രിസമയങ്ങളില്‍ തിന്നുന്നതിന്നും കുടിക്കുന്നതിന്നും സ്ത്രീ സംസര്‍ഗത്തിനും സ്വാതന്ത്യ്രം നല്‍കി. അതോടൊപ്പം പ്രഭാതത്തിന് തൊട്ടുമുമ്പ് വേണ്ടവിധം തിന്നുകയും കുടിക്കുകയും ചെയ്യേണ്ടതിന്ന് `അത്താഴം കഴിക്കുക` എന്നൊരു വ്യവസ്ഥ നബി(സ) ഏര്‍പ്പെടുത്തുകയും ചെയ്തു.


193. ഇസ്ലാം അതിന്റെ ആരാധനകള്‍ക്ക് നിശ്ചയിച്ച സമയങ്ങളുടെ മാനദണ്ഡം ലോകത്ത് ഏത് നാഗരിക നിലപാടിലുള്ള ജനങ്ങള്‍ക്കും, ഏതവസരത്തിലും, എവിടെവെച്ചും സമയനിര്‍ണയത്തിന്ന് കഴിയുന്ന വിധത്തിലാണ്. ഘടികാരങ്ങള്‍ക്കനുസരിച്ച് സമയനിര്‍ണയം ചെയ്യുന്നതിന്ന് പകരം ചക്രവാളത്തില്‍ പ്രത്യക്ഷമായിക്കാണുന്ന ചിഹ്നങ്ങള്‍ വീക്ഷിച്ചാണ് അത് സമയം കുറിക്കുന്നത്. എന്നാല്‍ വിവരമില്ലാത്തവര്‍ ഈ സമയനിര്‍ണയ സമ്പ്രദായത്തെ സാധാരണ ആക്ഷേപിച്ചുകൊണ്ട് പറയാറുണ്ട്, `രാത്രിയും പകലും പല മാസങ്ങളോളം നീണ്ടുനില്‍ക്കുന്ന ഉത്തര-ദക്ഷിണ ധ്രുവങ്ങളുടെ പരിസരപ്രദേശങ്ങളില്‍ ഈ സമയനിര്‍ണയം എങ്ങനെയാണ് നടക്കുക`യെന്ന്. ഭൂമിശാസ്ത്രത്തെക്കുറിച്ച് പഠിച്ചിട്ടില്ലാത്തതിന്റെ ഫലമാണ് വാസ്തവത്തില്‍ ഈ ആക്ഷേപം. ഭൂമധ്യരേഖയുടെ പരിസരത്ത് താമസിക്കുന്ന നാം രാത്രിയെന്നും പകലെന്നും പറയുന്ന അര്‍ഥത്തിലല്ല ധ്രുവപ്രദേശങ്ങളില്‍ ആറുമാസത്തെ രാത്രിയും ആറുമാസത്തെ പകലും എന്ന് പറയുന്നത്. പകലിന്റെ ഘട്ടമായാലും രാത്രിയുടെ ഘട്ടമായാലും പ്രഭാതത്തിന്റെയും സന്ധ്യയുടെയും അടയാളങ്ങള്‍ തികച്ചും വ്യവസ്ഥാപിതമായിത്തന്നെ ചക്രവാളത്തില്‍ പ്രത്യക്ഷീഭവിക്കാറുണ്ട്. അതനുസരിച്ചാണ് അവിടത്തെ നിവാസികള്‍, നമ്മെപ്പോലെത്തന്നെ, ഉറങ്ങാനും ഉണരാനും ജോലിചെയ്യാനും വിശ്രമിക്കാനുമുള്ള സമയം നിശ്ചയിക്കാറുള്ളത്. ഘടികാരം പരക്കെ നടപ്പില്ലാതിരുന്ന കാലത്ത് ഫിന്‍ലന്റ് N613, നോര്‍വെ, ഗ്രീന്‍ലാന്റ് N366, M44 മുതലായ രാജ്യങ്ങളില്‍ ജനങ്ങള്‍ സമയം മനസ്സിലാക്കിപ്പോന്നിട്ടുണ്ട്. അതിനുള്ള ഏകമാര്‍ഗം അന്തരീക്ഷത്തിലെ ചിഹ്നങ്ങള്‍ തന്നെയായിരുന്നു. അതിനാല്‍ മറ്റെല്ലാ ഇടപാടുകളിലും ചിഹ്നങ്ങള്‍ സമയനിര്‍ണയത്തിന് സഹായമാകുന്നതുപോലെ നമസ്കാരം, അത്താഴം, നോമ്പുതുറ എന്നിവയിലും സഹായകമാകുന്നതാണ്.


194. രാവുവരെ വ്രതംപാലിക്കുന്നതുകൊണ്ടുള്ള വിവക്ഷ രാത്രിയുടെ അതിര്‍ത്തി ആരംഭിക്കുന്നേടത്ത് നോമ്പിന്റെ അതിര്‍ത്തി അവസാനിക്കുന്നുവെന്നാണ്. രാത്രിയുടെ അതിര്‍ത്തി സൂര്യാസ്തമയം മുതല്‍ക്കാണല്ലോ ആരംഭിക്കുന്നത്. അതിനാല്‍ സൂര്യന്‍ അസ്തമിക്കുന്നതോടൊപ്പംതന്നെ നോമ്പ് മുറിക്കേണ്ടതാണ്. അത്താഴത്തിന്റെയും നോമ്പ് തുറയുടെയും ശരിയായ അടയാളമിതാണ്: രാത്രിയുടെ അവസാനത്തില്‍ ചക്രവാളത്തിന്റെ കിഴക്കെ അറ്റത്ത് പ്രഭാത വെണ്‍മയുടെ നേരിയ ഇഴകള്‍ പ്രത്യക്ഷപ്പെട്ട് മേലോട്ടുയര്‍ന്നു തുടങ്ങിയാല്‍ അത്താഴസമയം അവസാനിച്ചു. അതുപോലെ പകലിന്റെ അന്ത്യത്തില്‍ കിഴക്കുഭാഗത്തുനിന്ന് രാത്രിയുടെ കറുപ്പ് പൊങ്ങിവരുന്നതു കണ്ടാല്‍ നോമ്പ് മുറിക്കേണ്ട സമയവും ആസന്നമായി. അത്താഴം കഴിക്കുന്നതിലും നോമ്പ് തുറക്കുന്നതിലും ജനങ്ങള്‍ ഇന്ന് അതിരുകവിഞ്ഞ `സൂക്ഷ്മത`യുടെ പേരില്‍ അനാവശ്യമായ തീവ്രത കൈക്കൊള്ളാന്‍ തുടങ്ങിയിരിക്കുന്നു. ഏതാനും സെക്കന്റുകളോ മിനുട്ടുകളോ അങ്ങോട്ടോ ഇങ്ങോട്ടോ ആകുന്നതിനാല്‍ നോമ്പ് അസാധുവായിത്തീരുന്ന വിധത്തിലുള്ള യാതൊരു പരിധിനിര്‍ണയവും ഇക്കാര്യത്തില്‍ ശരീഅത്ത് ചെയ്തിട്ടില്ലെന്നതാണ് വാസ്തവം. അത്താഴസമയത്ത് രാത്രിയുടെ കറുപ്പില്‍നിന്ന് ഉഷസ്സിന്റെ വെണ്‍മ പ്രത്യക്ഷമാവുകയെന്ന് പറയുമ്പോള്‍ ഏതാനും നിമിഷങ്ങള്‍ അങ്ങോട്ടോ ഇങ്ങോട്ടോ ആകാനുള്ള സാധ്യത ഉണ്ടല്ലോ. കിഴക്ക് വെള്ളകീറുന്ന സമയത്താണ് ഒരാള്‍ ഉറക്കമുണര്‍ന്നതെങ്കില്‍ വേഗമെഴുന്നേറ്റ് വല്ലതും കഴിക്കുന്നതിന്നു വിരോധമില്ല. നബി(സ)തിരുമേനി അരുള്‍ചെയ്തതായി ഒരു ഹദീസില്‍ ഇങ്ങനെ വന്നിട്ടുണ്ട്: "നിങ്ങളിലൊരാള്‍ അത്താഴം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ബാങ്കിന്റെ ശബ്ദം കേട്ടാല്‍ അവന്‍ ഉടനെ നിറുത്തേണ്ടതില്ല. തന്റെ ആവശ്യത്തിനനുസരിച്ച് വല്ലതും തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളട്ടെ.`` H12 ഇതേപ്രകാരം നോമ്പ് തുറക്കുന്ന സമയത്ത് സൂര്യന്‍ അസ്തമിച്ച ശേഷവും പകല്‍ വെളിച്ചമവസാനിക്കുന്നതുവരെ കാത്തിരിക്കേണ്ട യാതൊരാവശ്യവുമില്ല. സൂര്യനസ്തമിക്കുന്നതോടെ തിരുമേനി (സ) ബിലാലി(റ)നെ N670 വിളിച്ച് തനിക്കുള്ള പാനീയം കൊണ്ടുവരാന്‍ ആവശ്യപ്പെട്ടിരുന്നു. ഒരിക്കല്‍ ബിലാല്‍(റ) ഉണര്‍ത്തി: `ദൂതരേ! പകല്‍ ഇപ്പോഴും പ്രകാശിക്കുന്നുവല്ലോ.` അപ്പോള്‍ തിരുമേനി അരുള്‍ചെയ്തു: `രാത്രിയുടെ കറുപ്പ് കിഴക്കുഭാഗത്തുനിന്നു തുടങ്ങിയാല്‍ നോമ്പിന്റെ സമയം അവസാനിച്ചു.


195. ഇഅ്തികാഫ് ഇരിക്കുകയെന്നാല്‍, റമദാനിലെ അവസാനത്തെ പത്തുദിവസം പള്ളിയില്‍ കഴിച്ചുകൂട്ടുകയും ആ ദിവസങ്ങള്‍ ദൈവസ്മരണയിലും ആരാധനകളിലുമായി വിനിയോഗിക്കുകയുമാണ്. ഇഅ്തികാഫിന്റെ അവസരത്തില്‍ മനുഷ്യന്ന് പ്രാഥമികാവശ്യങ്ങള്‍ക്കായി പള്ളിയില്‍നിന്ന് പുറത്തുപോകാമെങ്കിലും കാമവികാരപരമായ സുഖാസ്വാദനത്തില്‍നിന്ന് തികച്ചും വിട്ടുനില്‍ക്കുക നിര്‍ബന്ധമാണ്.


196. പരിധികള്‍ വിട്ടുകടക്കരുതെന്നല്ല, അവയോട് അടുക്കുകപോലും അരുതെന്നാണ് ആജ്ഞാപിക്കുന്നത്. ഇതിന്റെ അര്‍ത്ഥം കുറ്റങ്ങളുടെയും പാപങ്ങളുടെയും അതിര്‍ത്തി ആരംഭിക്കുന്നതിന്റെ തൊട്ടടുത്ത് ചുറ്റിപ്പറ്റി നടക്കുക ആപല്‍ക്കരമാണെന്നാകുന്നു. മറന്നുപോലും കാല്‍ അതിര്‍ത്തിക്കപ്പുറം വെച്ചുപോകാതിരിക്കുവാന്‍ നല്ലത് അതിര്‍ത്തിയില്‍നിന്നകലെ നിലകൊള്ളുന്നതാണ്. അതിലാണ് രക്ഷയുള്ളത്. ഇതേ ആശയം നബി(സ) തിരുമേനിയുടെ ഒരു വചനത്തില്‍ ഇങ്ങനെ വന്നിരിക്കുന്നു: "ഓരോ രാജാവിന്നും ഓരോ ഹിമായുണ്ട്. അല്ലാഹുവിന്റെ ഹിമാ അവന്റെ നിരോധങ്ങളാണ്. ഹിമായുടെ ചുറ്റും മേഞ്ഞുതിന്നുന്നവര്‍ അതില്‍ പ്രവേശിക്കാന്‍ ഇടവന്നേക്കും.`` H14 അറബിഭാഷയില്‍ ഹിമാ എന്നു പറയുന്നത് ഒരു നേതാവോ രാജാവോ പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലാത്തവിധം വേര്‍തിരിച്ചുനിറുത്തുന്ന മേച്ചില്‍സ്ഥലത്തിനാണ്. എന്നാല്‍ ശരീഅത്തിന്റെ ആത്മാവിനെക്കുറിച്ച് അറിവില്ലാത്തവര്‍ അനുവാദങ്ങളുടെ അവസാനത്തെ അതിര്‍ത്തിയോളം പോകാന്‍ എപ്പോഴും ശഠിച്ചുകാണുന്നത് പരിതാപകരം തന്നെ. എത്രയോ ഉലമാക്കളും ശൈഖന്മാരും തെളിവുകള്‍ പരതിയെടുത്ത് അനുവാദത്തിന്റെ അവസാനാതിര്‍ത്തികള്‍ ജനങ്ങള്‍ക്ക് പഠിപ്പിച്ചുകൊടുക്കുകയും ചെയ്യുന്നു. അങ്ങനെ അനുസരണത്തിനും നിയമലംഘനത്തിനുമിടക്ക് തലനാരിഴ വ്യത്യാസം മാത്രം അവശേഷിക്കുന്ന അതിലോലമായ അതിര്‍ത്തിരേഖയില്‍ അവര്‍ ചുറ്റിത്തിരിയുന്നു. ഇതിന്‍ഫലമായി എത്രയോ ആളുകള്‍ പാപങ്ങളിലും പാപത്തിലുപരി മാര്‍ഗഭ്രംശത്തിലും വഴുതി വീണുകൊണ്ടിരിക്കുന്നു. എന്തുകൊണ്ടെന്നാല്‍ അതിസൂക്ഷ്മമായ ആ അതിര്‍ത്തിരേഖകള്‍ വേര്‍തിരിച്ചറിയുകയും അതിന്റെ അറ്റത്തോളമെത്തി സ്വയം നിയന്ത്രിക്കുകയും ചെയ്യുക എല്ലാവര്‍ക്കും കഴിവുള്ള കാര്യമല്ല.

Tuesday, July 26, 2011

അമുസ്‌ലിം തീവ്രവാദം വിമര്‍ശനാതീതം 

നോര്‍വേയെ നടുക്കിയ ഇരട്ട ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് 76 പെരാണ്‌. 93 പേര്‍ മരിച്ചെന്ന് നേരത്തെ പറഞ്ഞത് തെറ്റായിരുന്നുവെന്നും പോലീസ് ഇപ്പോള്‍ പറയുന്നു. തീവ്രവലതുപക്ഷ ക്രിസ്ത്യന്‍ തീവ്രവാദി ബ്രെയ്‌വിക്കാണ്‌ കൊലനടത്തിയത്. എന്നാല്‍ താനൊറ്റയ്ക്കല്ലേന്നും ചില തീവ്രവാദ ഗ്രൂപ്പുകള്‍ തന്നെ റിക്രൂട്ട് ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ബ്രിട്ടണില്‍ ഇസ്‌ലാം മതം വ്യാപിക്കുന്നതിന്നനുകൂലമായ നിലപാടെടുത്തുവെന്നതാണ്‌ ചില നേതാക്കന്‍മാര്‍ക്കും ഭരണാധികാരികള്‍ക്കുമെതിരില്‍ അദ്ദേഹം ഉന്നയിച്ചിരിക്കുന്ന കുറ്റം.

മതവര്‍ഗ്ഗീയത, വംശീയത, അസഹിഷ്ണുത, പരമതവിദ്വേഷം, താനും തന്റെ മതവും മാത്രമാണ്‌ ശരിയെന്നും അതുമാത്രം മതിയെന്നുമുള്ള ചിന്ത... ഇങ്ങനെ പലതും ബ്രെയ്‌വിക്കിന്നെതിരില്‍ ഉന്നയിക്കാവുന്നതാണ്‌. ശക്തമായ വിമര്‍ശനം ഇതിന്നെതിരെ നടക്കേണ്ടതുമുണ്ടായിരുന്നു. എന്നാല്‍ അതൊന്നും നാം കാണുന്നില്ല. പാകിസ്താനിലെയോ ഇറാനിലെയോ വിവരമില്ലാത്ത ഒരു മുല്ല ആരുടെയെങ്കിലും മുഖത്തൊന്നു കനപ്പിച്ചു നോക്കിയിട്ടുണ്ടെന്ന വാര്‍ത്ത വന്നാല്‍ കേട്ടപാതി കേള്‍ക്കാത്തപാതി കോളങ്ങെളുഴുതി ആഘോഷിക്കാറുള്ള നമ്മുടെ നാട്ടിലെ അള്‍ട്രാ സെകുലറിസ്റ്റുകള്‍ ഇപ്പോള്‍ മൌനത്തിലാണ്‌. കാരണം മറ്റൊന്നുമല്ല; പ്രതിസ്ഥാനത്തുള്ളത് ഒരു മുസ്‌ലിമല്ല എന്നത് തന്നെയാണ്‌.

നോര്‍വെയില്‍ കൊലനടത്തിയത് ഒരു മുസ്‌ലിം തീവ്രവാദി ആയിരുന്നുവെങ്കില്‍ കാണാമായിരുന്നു പുകില്‍. അവിടെയൊഴുകിയ ഓരോതുള്ളി ചോരയുടെ പേരിലും ​ഇവിടെ ചിലര്‍ കണ്ണുനീര്‍ വാര്‍ക്കുന്നത് കാണാമായിരുന്നു. അക്രമത്ത അപലപിക്കാന്‍ അവര്‍ക്ക് നീളമേറിയ നിരവധി നാക്കുകള്‍ ഉണ്ടാകുമായിരുന്നു. അവിടെയുയര്‍ന്ന രോദനം അവര്‍ നമ്മെ കേള്‍പ്പിക്കുമായിരുന്നു. അക്രമത്തെയും അതിന്നു പ്രേരിപ്പിക്കുന്ന വികാരത്തെയും അവര്‍ അപലപിക്കുമായിരുന്നു. ഖുര്‍ആനിനും പ്രവാചകനുമെതിരില്‍ കുറെയേറെ വാറോലകള്‍ ഇതിങ്കം പുറത്തിറങ്ങുമായിരുന്നു. പക്ഷെ, ഇപ്പോള്‍ ഒന്നും നടക്കുന്നില്ല. അവരുടെ ശൈലിയനുസരിച്ച് ഈ കൊലപാതകം കാരണമായി വിമര്‍ശിക്കേണ്ടത് ക്രൈസ്തവമതത്തെയാണ്‌; അധിക്ഷേപിക്കേണ്ടത് യേശുവിനെയും ബൈബിളിനെയുമാണ്‌. ഇതൊന്നും സാമ്രാജ്യത്ത മേലാളന്മാര്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങളല്ല. ഇസ്‌ലാമിനിട്ടു കൊട്ടുന്നത് പോലെയല്ല ക്രൈസ്തവതയ്ക്കിട്ടു കൊട്ടുന്നത്. കളിമാറും. തങ്ങള്‍ സാമ്രാജ്യത്ത ദാസന്മാരാണെന്ന് ഈ നടപടികളിലൂടെ അവര്‍ തെളിയിച്ചിരിക്കുന്നു.

അസിമാനന്ദയും കാളിദാസനും
"എല്ലാ ഭീകരവാദികളും മുസ്‌ലിംകളാണ്‌"
ജിഹാദ്
ഭീകരതയുടെ കുത്തക മുസ്‌ലിംകള്‍ക്കോ?

Tuesday, July 5, 2011

നബിയുടെ ഉപദേശങ്ങള്‍

Anvar Vadakkangara writes:
ആറാം നൂറ്റാണ്ടില്‍ ജീവിച്ച കാട്ടറബിയെന്ന് വിമര്‍ശകര്‍ ആക്ഷേപിക്കുന്ന, മഹാനായ മുഹമ്മദ് നബി മനുഷ്യസമൂഹത്തിനു നല്‍കിയ ഉപദേശങ്ങള്‍ കാണുക:

* മതം ഗുണകാഷയാകുന്നു.
* മതത്തില്‍ നിങ്ങള്‍ പാരുഷ്യം ഉണ്ടാക്കരുത്.
* കുട്ടികളോട് കരുണ കാണിക്കാത്തവനും വലിയവരെ ബഹുമാനിക്കാത്തവനും നമ്മില്‍ പ്പെട്ടവനല്ല.
* വഴിയില്‍ നിന്ന് ഉപദ്രവങ്ങളെ നീക്കുന്നത് വിശ്വാസത്തിന്റെ ഭാഗമണ്.
* വിവാഹം നിങ്ങള്‍ പരസ്യ പ്പെടുത്തണം.
* ഒരാള്‍ കച്ചവടം പറഞ്ഞതിന്റെ മേല്‍ നിങ്ങള്‍ വിലകൂട്ടി പരയരുത്.
* നിങ്ങള്‍ പരസ്പരം നിന്ദിക്കുകയോ വഞ്ചിക്കുകയോ ചെയ്യരുത്.
* നിങ്ങള്‍ പരസ്പരം ഭീഷണിപ്പെടുത്തരുത്.
* നിങ്ങള്‍ മരിച്ചവന്റെ പേരില്‍ അലമുറ കൂട്ടരുത്.
* മരിച്ചവരെ പറ്റി നിങ്ങള്‍ കുറ്റം പറയരുത്.
* നന്മ കല്‍പിക്കണം തിന്മ വിരോധിക്കണം.
* ഒരുവന്‍ രോഗിയായാല്‍ അവനെ സന്ദര്‍ശിക്കണം..
* ആരെങ്കിലും ക്ഷണിച്ചാല്‍ ആ ക്ഷണം സ്വീകരിക്കണം.
* പരസ്പരം കരാറുകള്‍ പലിക്കണം.
* അതിഥികളെ ആദരിക്കണം.
* അസത്യം മിത്രങ്ങളിലൂടെയോ ബന്ധുക്കളിലുടെയോ വന്നാലും സ്വീകരിക്കരുത്.
* ആപല്‍ക്കരമെങ്കിലും സത്യം പറയുക. വിജയം അതിലാണുള്ളത്.
* തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിച്ച് അര്‍ഹമായ കൂലി കൊടുക്കാത്തവനുമായി അന്ത്യ നാളില്‍ ഞാന്‍ ശത്രുതയിലായിരിക്കും.
* വിജ്ഞാനം വിശ്വാസിയുടെ കളഞ്ഞു പോയ സ്വത്താകുന്നു. അത് നേടുന്നവന്‍ അതീവ ഭാഗ്യവാന്‍.
* അധികാരം അനര്‍ഹരില്‍ കണ്ടാല്‍ നിങ്ങള്‍ അന്ത്യനാള്‍ പ്രതീക്ഷിക്കുക.
* ഭരണാധികാരിയുടെ വഞ്ചനെയെക്കാള്‍ കടുത്ത വഞ്ചനയില്ല.
* മര്‍ദ്ദിതന്റെ പ്രാര്‍ത്ഥന നിങ്ങള്‍ സൂക്ഷിക്കുക. അവനും അല്ലാഹുവിനും തമ്മില്‍ യാതൊരു മറയും ഇല്ല.
* നിങ്ങളില്‍ ശ്രേഷ്ടന്‍ ഭാര്യയോട് നന്നായി വര്‍ത്തിക്കുന്നവനാണ്.
* ദൈവം ഏറ്റവും വെറുപ്പോടെ അനുവധിച്ച കാര്യമാണ് വിവാഹമോചനം.
* നിങ്ങള്‍ കഴിയുന്നതും വിവഹമോചനം ചെയ്യരുത്. നിങ്ങളത് ചെയ്യുമ്പോള്‍ ദൈവസിംഹാസനം പോലും വിറക്കും
* സ്വന്തം ഭാര്യക്ക് ഭക്ഷണം നല്‍കുന്നതില്‍ പോലും നിങ്ങള്‍ക്ക് പ്രതിഫലമുണ്ട്.
* ധനം എല്ലാവര്‍ക്കും നല്‍കാന്‍ കഴിയില്ല. എന്നാല്‍ മുഖപ്രസന്നയും സത്സ്വഭാവവും എല്ലാവര്‍ക്കും നല്‍കാന്‍ കഴിയും.
* ഭക്തിയും സത്സ്വഭാവവും ഒരുവനെ സ്വര്‍ഗ്ഗരാജ്യത്തേക്കടുപ്പിക്കും.
* അസൂയാര്‍ഹരായി രണ്ട് പേരെയുള്ളൂ .. ധനം നല്ല മാര്‍ഗത്തില്‍ ചിലവഴിക്കുന്നവനും വിജ്ഞാനം അഭ്യസിക്കുന്നവനും.
* സദ് വൃത്തയായ ഭാര്യയാണ് ഐഹികവിഭവങ്ങളില്‍ ഏറ്റവും ഉത്തമമായത്.
* ദൈവ പ്രീതി മാതാപിതാക്കളുടെ തൃപ്തിയിലാണ്. ദൈവകോപം മാതാപിതാക്കളുടെ കോപത്തിലാണ്.
* ദൈവം ഏറ്റവും വേഗം പ്രതിഫലം നല്‍കുന്നത് ദാനത്തിനും കുടുംബബന്ധം ചേര്‍ക്കുന്നതിനുമാണ്.
* മല്ലയുദ്ധത്തില്‍ ജയിക്കുന്നവനല്ല ശക്തന്‍. കോപം വരുമ്പോള്‍ അത് അടക്കി നിര്‍ത്തുന്നവനാണ്.
* കോപം വന്നാല്‍ മൌനം പാലിക്കുക.
* നിങ്ങള്‍ ആളുകള്‍ക്ക് എളുപ്പമുണ്ടാക്കുക. പ്രയാസപ്പെടുത്തരുത്. സന്തോഷിപ്പിക്കുക. വെറുപ്പിക്കരുത്.
* മറ്റൊരാളോട് പ്രസന്നതയോടെ പുഞ്ചിരിക്കുന്നതില്‍ നിങ്ങള്‍ക്ക് പുണയമുണ്ട്.
* നിങ്ങളുടെ അടുത്ത് കൊച്ചു കുട്ടികളുണ്ടെങ്കില്‍ നിങ്ങളും കുട്ടികളെ പോലെയാവുക.
* നിങ്ങള്‍ക്ക് ലച്ചിട്ടുള്ള അനുഗ്രഹങ്ങളെ നിങ്ങള്‍ മറച്ചു വെക്കരുത്. അത് നന്ദികേടാണ്.
* മറ്റുള്ളവരെ ആക്ഷേപിക്കുന്നവനും തെറി വിളിക്കുന്നവനും വിശ്വാസിയല്ല.
* ഒരാള്‍ മറ്റൊരാളുടെ ന്യൂനത മറച്ചുവച്ചാല്‍ അന്ത്യ നാളില്‍ ദൈവം അവന്റെ ന്യൂനതയും മറച്ചു വെക്കും.
* തീ വിറകിനെ എന്ന പോലെ അസൂയ നന്മകളെ മായ്ച്ചു കളയും
* ലഹരിയുണ്ടാക്കുന്ന എല്ലാ വസ്തുക്കളും നിഷിദ്ധമാണ്.
* മദ്യം മ്ലേച്ച വൃത്തിയുടെ മാതാവാകുന്നു.
* പലിശ വാങ്ങുന്നവനെയും കൊടുക്കുന്നവനെയും അതിനിടയില്‍ നില്‍ക്കുന്നവനെയും ദൈവം ശപിച്ചിരിക്കുന്നു
* പിശുക്ക് സൂക്ഷിക്കുക. അത് കുടുംബ ബന്ധങ്ങളെ വിഛേദിക്കാന്‍ പ്രേരിപ്പിക്കും.
* മുഖസ്തുതി പറയുന്നവന്റെ വായില്‍ മണ്ണു വാരിയിടണം.
* സ്വന്തം കൈകൊണ്ട് അദ്ധ്വാനിച്ച് ആഹരിക്കുന്നതിനേക്കാള്‍ ഉത്തമമായ ഭക്ഷണമില്ല.
* പ്രഭാതപ്രാര്‍ത്ഥന കഴിഞ്ഞാല്‍ അന്നത്തെ ആഹാരം അന്വേഷിക്കാതെ നിങ്ങള്‍ വിശ്രമിക്കരുത്

Monday, July 4, 2011

പലിശയെപ്പറ്റി: മൌലാനാ മൌദൂദി

(ഖുര്‍ആനിലെ രണ്ടാമദ്ധ്യായം 275, 276 സൂക്തങ്ങളും അവയ്ക്ക് മൌലാനാ മൌദൂദി നല്‍കിയ വ്യാഖ്യാനക്കുറിപ്പുകളും.)

"എന്നാല്‍ പലിശ തിന്നുന്നവരോ315 അവരുടെ ഗതി ചെകുത്താന്‍ ബാധിച്ച് ഭ്രാന്തുപിടിച്ചവന്റേതുപോലെയാകുന്നു.316 `കച്ചവടവും പലിശപോലെത്തന്നെ`317 എന്നു വാദിച്ചതുകൊണ്ടത്രെ അവര്‍ക്കീ ഗതിവന്നത്. എന്നാല്‍ കച്ചവടത്തെ അല്ലാഹു അനുവദിക്കുകയും പലിശയെ നിഷിദ്ധമാക്കുകയുമാണ് ചെയ്തിട്ടുള്ളത്.318 ആര്‍ക്കെങ്കിലും തന്റെ നാഥനില്‍നിന്നുള്ള ഈ ഉപദേശം വന്നെത്തുകയും അങ്ങനെ പലിശയിടപാടില്‍നിന്നു വിരമിക്കുകയും ചെയ്താല്‍, അയാള്‍ മുമ്പ് അനുഭവിച്ചത് അനുഭവിച്ചുകഴിഞ്ഞു. ഇനി അവന്റെ കാര്യം അല്ലാഹുവിങ്കലാകുന്നു.319 ഈ വിധിക്കുശേഷം ഇതേ ഇടപാട് തുടരുന്നവരോ, നരകാവകാശികള്‍ തന്നെയാകുന്നു. അവരതില്‍ നിത്യവാസികളല്ലോ. അല്ലാഹു പലിശയെ നശിപ്പിക്കുകയും ദാനധര്‍മങ്ങളെ പരിപോഷിപ്പിക്കുകയും ചെയ്യുന്നു.320 നന്ദികെട്ട ദുര്‍വൃത്തരായ ആരെയും അല്ലാഹു സ്നേഹിക്കുകയില്ല.321" (Quran 2/275, 276)
-------
ഈ സൂക്തങ്ങള്‍ക്ക് മൌലാനാ മൌദൂദി എഴുതിയ അടിക്കുറിപ്പുകള്‍:
315. മൂലത്തില്‍ രിബാ എന്ന വാക്കാണ് ഉപയോഗിച്ചിട്ടുള്ളത്. അതിന്റെ അര്‍ഥം വളര്‍ച്ച, വര്‍ധന എന്നൊക്കെയാണ്. സാങ്കേതികാര്‍ഥത്തില്‍ അറബികള്‍ ഈ വാക്കുപയോഗിച്ചിരുന്നത്, ഒരാള്‍ തന്റെ കടക്കാരനില്‍നിന്ന് നിശ്ചിത തോതനുസരിച്ച് മൂലധനത്തില്‍ കൂടുതലായി വസൂലാക്കിയിരുന്ന തുകക്കാണ്. നമ്മുടെ ഭാഷയില്‍ പലിശയെന്നു പറയുന്നതും ഇതിനുതന്നെയാണ്. ഖുര്‍ആന്‍ അവതരിച്ചിരുന്ന കാലത്ത് നടപ്പുണ്ടായിരുന്നതും അറബികള്‍ രിബാ എന്ന വാക്കുപയോഗിച്ചിരുന്നതുമായ പലിശസമ്പ്രദായങ്ങളുടെ ചില ഉദാഹരണങ്ങള്‍: ഒരാള്‍ മറ്റൊരാള്‍ക്ക് വല്ലതും വില്‍ക്കുകയും വിലകൊടുത്തു തീര്‍ക്കുവാന്‍ ഒരു സമയം നിശ്ചയിക്കുകയും ചെയ്യുക; നിശ്ചിത സമയത്ത് വില കൊടുത്തുതീര്‍ക്കാന്‍ കഴിയാതെ വരുമ്പോള്‍ കൂടുതല്‍ സമയം അനുവദിച്ച് വിലയുടെ തുക വര്‍ധിപ്പിക്കുക. അല്ലെങ്കില്‍ ഒരാള്‍ മറ്റൊരാള്‍ക്ക് വല്ലതും കടം കൊടുക്കുമ്പോള്‍ ഇത്ര കാലത്തേക്ക് ഇത്ര സംഖ്യ മൂലധനത്തേക്കാള്‍ കൂടുതല്‍ കൊടുക്കണമെന്നു നിശ്ചയിക്കുക. വേറൊരുദാഹരണം: നിശ്ചിതകാലത്തേക്ക് ഒരു പ്രത്യേക തോത് ഉടമസ്ഥനും കടക്കാരനും കൂടി നിശ്ചയിക്കുകയും അക്കാലത്തിനിടക്ക് മൂലധനവും കൂടുതല്‍ നിശ്ചയിച്ച സംഖ്യയും കൊടുത്ത് വീട്ടാതിരിക്കുന്ന പക്ഷം ആദ്യത്തെ തോതു വര്‍ധിപ്പിച്ച് കൂടുതല്‍ സമയം അനുവദിച്ചു കൊടുക്കുകയും ചെയ്യുക. ഇത്തരം സ്വഭാവങ്ങളോടുകൂടിയ ഇടപാടുകളുടെ വിധിയാണ് ഇവിടെ വിവരിക്കുന്നത്.

316. ഭ്രാന്ത് ബാധിച്ചവനു മജ്നൂന്‍(പിശാച് ബാധയേറ്റവന്‍) എന്ന വാക്കാണ് അറബികള്‍ ഉപയോഗിച്ചിരുന്നത്. ഒരാള്‍ക്ക് ഭ്രാന്ത് പിടിപെട്ടുവെന്നു പറയേണ്ടിവരുമ്പോള്‍ `അവനെ പിശാച് ബാധിച്ചു` എന്നവര്‍ പറഞ്ഞിരുന്നു. ഈ പ്രയോഗംകൊണ്ട്, വിശുദ്ധ ഖുര്‍ആന്‍ പലിശ വാങ്ങുന്നവനെ ബുദ്ധി ഭ്രമിച്ചവനോട് ഉപമിക്കുകയാണ്. അതായത്, ഒരു ഭ്രാന്തന്‍ വിശേഷബുദ്ധി നഷ്ടപ്പെട്ടതുകാരണം സമനില തെറ്റി പ്രവര്‍ത്തിക്കുന്നതുപോലെ പലിശക്കാരനും പണത്തിന്റെ പിന്നാലെ ഭ്രാന്തുപിടിച്ചോടുന്നു. തന്റെ പലിശവ്യാപാരം കാരണം മാനുഷിക സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ദീനാനുകമ്പയുടെയും അടിവേര് എത്രമാത്രം മുറിഞ്ഞുപോവുന്നുണ്ട്, സാമൂഹ്യനന്മക്ക് എത്ര വലിയ വിനാശമേല്‍ക്കുന്നുണ്ട്, ആരുടെയൊക്കെ ദുഃസ്ഥിതിയില്‍നിന്നാണ് തന്റെ സുസ്ഥിതിക്കുള്ള ഉപകരണങ്ങള്‍ ചൂഷണം ചെയ്തുണ്ടാക്കുന്നത് എന്നിവക്കൊന്നും, സ്വാര്‍ഥമാകുന്ന ഭ്രാന്തില്‍ പെട്ടതുകാരണം അവന്‍ തീരെ വില കല്‍പിക്കുകയില്ല. ഇത് ഈ ലോകത്ത് തന്നെയുണ്ടാകുന്ന അവന്റെ ഭ്രാന്തിന്റെ അവസ്ഥയാണ്; പരലോകത്തില്‍ മനുഷ്യന്‍ പുനര്‍ജീവിപ്പിക്കപ്പെടുന്നത്, ഇഹലോകത്ത് അവര്‍ ജീവിതമവസാനിപ്പിച്ച അതേ അവസ്ഥയിലായിരിക്കും. അതിനാല്‍, പേ പിടിച്ച് ബുദ്ധി ഭ്രമിച്ച ഒരു മനുഷ്യന്റെ രൂപത്തിലായിരിക്കും അന്ത്യനാളില്‍ പലിശക്കാരന്‍ എഴുന്നേല്‍ക്കുക.

317. അതായത്, പലിശയുടെ സ്വഭാവവും കച്ചവടത്തില്‍ മൂലധനത്തിന്മേല്‍ വാങ്ങുന്ന ലാഭത്തിന്റെ സ്വഭാവവും തമ്മിലുള്ള അന്തരം ഗ്രഹിക്കുന്നില്ലെന്നതാണ് അവരുടെ സിദ്ധാന്തത്തിന്റെ തകരാറ്. രണ്ടിനെയും തുല്യമായി കണക്കാക്കിക്കൊണ്ട്, കച്ചവടത്തില്‍ ഇറക്കിയ പണത്തിന്ന് ലാഭം അനുവദനീയമാണെങ്കില്‍ കടമായി കൊടുത്ത പണത്തിനു ലാഭം എങ്ങനെ നിഷിദ്ധമായി എന്നവര്‍ ന്യായവാദം നടത്തുകയാണ്. ഇക്കാലത്തെ പലിശവ്യാപാരികളും ഇതേ നിലക്കുള്ള ന്യായവാദങ്ങള്‍ നടത്താറുണ്ട്. അവര്‍ പറയുന്നു: `ഒരാള്‍ സ്വയം ലാഭമുണ്ടാക്കാന്‍ കഴിയുന്ന തന്റെ പണം കടമായി മറ്റൊരാളെ ഏല്‍പിക്കുന്നു; കടം വാങ്ങിയ വ്യക്തിയും അതില്‍നിന്നു ലാഭമെടുക്കുകയാണ് ചെയ്യുന്നത്. എന്നിരിക്കെ, ഉത്തമര്‍ണന്റെ പണംകൊണ്ട് അധമര്‍ണന്‍ സമ്പാദിക്കുന്ന ലാഭത്തില്‍ ഒരു ഭാഗം ഉത്തമര്‍ണന് എന്തുകൊണ്ട് നല്‍കിക്കൂടാ?` എന്നാല്‍ ഒരു യാഥാര്‍ഥ്യത്തെക്കുറിച്ച് ഇക്കൂട്ടര്‍ തീരെ ചിന്തിക്കുന്നില്ല. അതായത്, ലോകത്ത് നടക്കുന്ന യാതൊരിടപാടും- അത് കച്ചവടമോ വ്യവസായമോ കൃഷിയോ ഏതാവട്ടെ, ഒരുവന്റെ അധ്വാനംകൊണ്ടു മാത്രം നടത്തുന്നവയാകട്ടെ, അധ്വാനവും മൂലധനവും വഴി നിര്‍വഹിക്കുന്നവയാകട്ടെ - നഷ്ട സംഭവ്യത (Risk)യില്‍നിന്നു തികച്ചും ഒഴിവായതല്ല; നിശ്ചിതമായ ഒരു ലാഭം നിര്‍ബന്ധമായും ലഭിക്കുമെന്നു അവയൊന്നും ഉറപ്പുനല്‍കുന്നുമില്ല. എന്നിരിക്കെ, മുഴുവന്‍ വ്യാപാരലോകത്ത് ഒരേ ഒരാള്‍ - കടം കൊടുക്കുന്ന മുതലാളി മാത്രം - നഷ്ടത്തിന്റെ എല്ലാ സാധ്യതയില്‍നിന്നും തികച്ചും സുരക്ഷിതനായി, ഒരു നിശ്ചിത ലാഭത്തിനു നിര്‍ബന്ധപൂര്‍വം അവകാശിയായി നിലകൊള്ളാന്‍ കാരണമെന്ത്? ലാഭകരമല്ലാത്ത ആവശ്യങ്ങള്‍ക്കായി കടം വാങ്ങുന്നവരുടെ കാര്യം അല്‍പസമയത്തേക്ക് വിട്ടേക്കുക; തോതിന്റെ ഏറ്റക്കുറവ് പ്രശ്നവും തല്‍ക്കാലം അവഗണിച്ചേക്കുക; ലാഭകരമായ പ്രവൃത്തികളില്‍ മുതലിറക്കുവാനാണ് കടം വാങ്ങുന്നതെന്നും പലിശയുടെ തുക വളരെ തുഛമാണെന്നും തന്നെ വെക്കുക; ഇവിടെ ഉദ്ഭവിക്കുന്ന ചോദ്യം ഇതാണ്: തങ്ങളുടെ സമയവും അധ്വാനവും യോഗ്യതയും മൂലധനവും ഇടപാടില്‍ സദാ വിനിയോഗിച്ചുകൊണ്ടിരിക്കുന്നതാരോ, വ്യാപാരത്തിന്റെ അഭിവൃദ്ധി ആരുടെ ത്യാഗപരിശ്രമങ്ങളെ ആശ്രയിച്ചിരിക്കുന്നുവോ, അവരെ സംബന്ധിച്ചിടത്തോളം ഒരു നിശ്ചിത ലാഭത്തിന്റെ ഉറപ്പൊന്നുമില്ല; നഷ്ടത്തിന്റെ മുഴുവന്‍ അപകട സാധ്യതയും അവരുടെ തലക്കുമീതെ തൂങ്ങിക്കിടക്കുകയും ചെയ്യുന്നു. എന്നാല്‍ പണം കടം നല്‍കുക മാത്രം ചെയ്തവന്‍ യാതൊരപകട സാധ്യതയും കൂടാതെ ഒരു നിശ്ചിത ലാഭം കൃത്യമായി വസൂലാക്കിക്കൊണ്ടിരിക്കുകയും! ഏതൊരു ബുദ്ധിയാണ്, ഏത് ന്യായശാസ്ത്രമാണ്, ഏതു നീതി സിദ്ധാന്തമാണ്, ഏതു സാമ്പത്തിക തത്വമാണ് ഇതിനെ ന്യായീകരിക്കുക? ഒരാള്‍ ഒരു വ്യവസായശാലക്ക് 20 കൊല്ലത്തേക്ക് ഒരു സംഖ്യ കടം നല്‍കുന്നു; വരുന്ന 20 കൊല്ലം വരെ വര്‍ഷാന്തം അഞ്ചു ശതമാനത്തിന്റെ തോതില്‍ ലാഭം വസൂലാക്കുവാന്‍ തനിക്കവകാശമുണ്ടെന്ന് ഇന്നുതന്നെ തീരുമാനിക്കുകയും ചെയ്യുന്നു. ആ വ്യവസായശാല ഉല്‍പാദിപ്പിക്കുന്ന വസ്തുക്കള്‍ക്ക് വരുന്ന 20 കൊല്ലത്തിനകം മാര്‍ക്കറ്റില്‍ എന്തു വില കിട്ടുമെന്നോ വിലയില്‍ എത്രകണ്ട് ഉയര്‍ച്ച-താഴ്ചകള്‍ ഉണ്ടാകുമെന്നോ ആര്‍ക്കും അറിഞ്ഞുകൂടതാനും. ഒരു സമുദായത്തിലെ ജനവിഭാഗങ്ങളൊന്നടങ്കം ഒരു യുദ്ധത്തില്‍ അപകടങ്ങളും നാശനഷ്ടങ്ങളും ത്യാഗങ്ങളും സഹിക്കുക, എന്നാല്‍ കടം കൊടുത്ത ഒരു മുതലാളി മാത്രം യുദ്ധാനന്തരം നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും, താന്‍ നല്‍കിയ യുദ്ധക്കടത്തിനു സ്വന്തം സമുദായത്തില്‍നിന്നു പലിശ വസൂലാക്കിക്കൊണ്ടിരിക്കുക- ഇതെങ്ങനെ ന്യായീകരിക്കാം?

318. കച്ചവടത്തിന്റെയും പലിശയുടെയും സാമ്പത്തികവും ധാര്‍മികവുമായ നിലപാട് ഭിന്നമായിരിക്കുന്നതിന്നു നിദാനമായ അടിസ്ഥാന വ്യത്യാസം താഴെ വിവരിക്കുന്നതാണ്: i) കച്ചവടത്തില്‍, വില്‍ക്കുന്നവന്നും വാങ്ങുന്നവന്നും ഇടയില്‍ ലാഭത്തിന്റെ കൈമാറ്റത്തില്‍ തുല്യ നിലപാടാണുള്ളത്. എന്തുകൊണ്ടെന്നാല്‍, വാങ്ങുന്നവന്‍ താന്‍ വാങ്ങിയ സാധനത്തില്‍നിന്നും ഫലമെടുക്കുന്നു; വിറ്റവനാകട്ടെ, വാങ്ങുന്നവന്ന് ആ സാധനം ശേഖരിച്ചു കൊടുക്കുന്നതില്‍ വിനിയോഗിച്ച അധ്വാനം, ബുദ്ധിസാമര്‍ഥ്യം, സമയം എന്നിവയുടെ പ്രതിഫലമാണ് വാങ്ങുന്നത്. നേരെമറിച്ച്, പലിശയുടെ കൊള്ളക്കൊടുക്കയില്‍ ലാഭത്തിന്റെ കൈമാറ്റം തുല്യ നിലപാടിലായിരിക്കയില്ല. പലിശ വാങ്ങുന്നവന്‍ ലാഭമെന്നുറപ്പായ ഒരു നിശ്ചിത തുക ഏതു നിലക്കും വസൂലാക്കുന്നു; എന്നാല്‍ പലിശ കൊടുക്കുന്നവനും വെറും കാലാവധിയുടെ ആനുകൂല്യം മാത്രമാണ് ലഭിക്കുന്നത്; അതാകട്ടെ, ലാഭകരമായിരിക്കുമെന്നൊട്ടുറപ്പില്ലതാനും. അവന്‍ കടം വാങ്ങിയത് വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ചെലവഴിക്കുവാന്‍ വേണ്ടിയാണെങ്കില്‍ കാലാവധി അവന്നു തീരെ ലാഭകരമല്ലെന്നതു വ്യക്തമാണ്. ഇനി കച്ചവടം, കൃഷി, വ്യവസായം, തൊഴില്‍ എന്നിവയില്‍ മുതലിറക്കുവാനാണ് വാങ്ങിയതെന്നിരുന്നാലും, കാലാവധിയില്‍ ലാഭത്തിന്നു സാധ്യതയുള്ളത്രതന്നെ നഷ്ടത്തിന്നും സാധ്യതയുണ്ട്. അതിനാല്‍, പലിശ ഇടപാട് ഒന്നുകില്‍ ഒരു വിഭാഗത്തിന്നു ലാഭവും മറ്റേ വിഭാഗത്തിന്നു നഷ്ടവുമായിരിക്കും; അല്ലെങ്കില്‍ ഒരു വിഭാഗത്തിന്ന് ഉറച്ചതും നിര്‍ണിതവുമായ ലാഭവും, മറ്റേ വിഭാഗത്തിന്നു അനിശ്ചിതവും നിര്‍ണിതമല്ലാത്തതുമായ ലാഭവുമായിരിക്കും അതിന്റെ ഫലം. ii) കച്ചവടത്തില്‍, വില്‍ക്കുന്നവന്‍ വാങ്ങുന്നവനില്‍നിന്നു എത്ര കൂടുതല്‍ ലാഭമെടുത്താലും ഒരിക്കല്‍ മാത്രമാണെടുക്കുന്നത്. എന്നാല്‍, പലിശ ഇടപാടില്‍ ധനം നല്‍കുന്നവന്‍ തന്റെ ധനത്തിന്നു തുടര്‍ച്ചയായി ലാഭം വസൂലാക്കിക്കൊണ്ടിരിക്കുന്നു. സമയത്തിന്റെ ഗതിക്കൊപ്പം അവന്റെ ലാഭവും വളര്‍ന്നുകൊണ്ടേ പോകുന്നതാണ്. കടം വാങ്ങിയവന്‍ ആ ധനം വഴി എത്ര തന്നെ ലാഭമെടുത്താലും അതിന്റെ ഫലം എങ്ങനെയും ഒരു പ്രത്യേക പരിധിവരെ മാത്രമായിരിക്കും; നേരെ മറിച്ച് കടം കൊടുത്തവന്‍ അനുഭവിക്കുന്ന ഫലത്തിന് യാതൊരതിര്‍ത്തിയുമില്ല. കടം വാങ്ങിയവന്റെ മുഴുവന്‍ സമ്പാദ്യവും, മുഴുവന്‍ ജീവിത ഉപകരണങ്ങളും, എന്നല്ല, അവന്റെ നാണം മറയ്ക്കുന്ന വസ്ത്രവും കഞ്ഞി കുടിക്കാനുള്ള പാത്രങ്ങളും കൂടി ഒരുപക്ഷേ പലിശ മുതലാളി തട്ടിയെടുക്കുകയും, എന്നിട്ടും അവന്റെ പലിശാവകാശം അവശേഷിക്കുകയും ചെയ്തേക്കും! iii) കച്ചവടത്തില്‍, സാധനവും അതിന്റെ വിലയും കൈമാറുന്നതോടെ ഇടപാട് അവസാനിക്കുന്നു; അനന്തരം വാങ്ങിയവന്‍ വിറ്റവന്നു യാതൊന്നും മടക്കിക്കൊടുക്കേണ്ടതില്ല. വീട്, ഭൂമി, സാമാനങ്ങള്‍ എന്നിവയുടെ വാടകയില്‍ മൂലവസ്തു- അതുപയോഗിക്കുന്നതിന്റെ പ്രതിഫലമാണല്ലോ നല്‍കപ്പെടുന്നത്- ചെലവാകാതെ നിലനില്‍ക്കുന്നു; അതേ വസ്തുതന്നെ ഉടമസ്ഥനു മടക്കിക്കൊടുക്കുകയും ചെയ്യുന്നു. എന്നാല്‍ പലിശ ഇടപാടില്‍, കടം വാങ്ങിയവന്‍ മൂലധനം ചെലവാക്കിക്കഴിഞ്ഞിട്ടുണ്ടായിരിക്കും; അങ്ങനെ ചെലവഴിച്ച ധനം വീണ്ടും ഉല്‍പാദിപ്പിച്ച് വര്‍ധനവോടുകൂടിയാണ് മടക്കിക്കൊടുക്കേണ്ടിവരുന്നത്! iv) കച്ചവടം, വ്യവസായം, തൊഴില്‍, കൃഷി എന്നിതുകളില്‍ മനുഷ്യന്‍ തന്റെ അധ്വാനവും സാമര്‍ഥ്യവും സമയവും വിനിയോഗിച്ച് അതിന്റെ ഫലമാസ്വദിക്കുന്നു; എന്നാല്‍ പലിശ വ്യാപാരത്തില്‍ മുതലാളി തന്റെ ആവശ്യത്തില്‍ കൂടുതലുള്ള ധനം നല്‍കി യാതൊരുവിധ അധ്വാനവും ബുദ്ധിമുട്ടും കൂടാതെ അന്യരുടെ സമ്പാദ്യത്തിലെ മികച്ച പങ്കാളിയായിത്തീരുകയാണ് ചെയ്യുന്നത്. അവന്റെ നിലപാട് ലാഭത്തിലും നഷ്ടത്തിലും പങ്ക് വഹിക്കുകയും ലാഭത്തിലുള്ള പങ്ക് ലാഭത്തിന്റെ തോതനുസരിച്ചായിരിക്കുകയും ചെയ്യുന്ന സാങ്കേതികാര്‍ഥത്തിലുള്ള `പങ്കുകാര`ന്റേതല്ല; പ്രത്യുത, ലാഭവും നഷ്ടവും നോക്കാതെ ലാഭത്തോത് പരിഗണിക്കാതെ തന്റെ നിശ്ചിത ലാഭത്തിനുവേണ്ടി വാദിക്കുന്ന പങ്കാളിയുടേതാണ്! ഇക്കാരണങ്ങളാല്‍, കച്ചവടത്തിന്റെ സാമ്പത്തിക നിലപാടും പലിശയുടെ സാമ്പത്തിക നിലപാടും തമ്മില്‍ ഭീമമായ അന്തരമുണ്ടായിത്തീരുന്നു. കച്ചവടം മനുഷ്യനാഗരികതയുടെ നിര്‍മാണശക്തിയായി വര്‍ത്തിക്കുമ്പോള്‍ പലിശ അതിന്റെ നാശത്തിനു കാരണമായി ഭവിക്കുന്നു. ഇനി ധാര്‍മികമായി നോക്കുന്ന പക്ഷം, വ്യക്തികളില്‍ ലുബ്ധത, സ്വാര്‍ഥം, കഠിന മനസ്കത, ദയയില്ലായ്മ, ധനപൂജ തുടങ്ങിയ ദുര്‍ഗുണങ്ങള്‍ സൃഷ്ടിച്ചുവിടുകയും അനുഭാവം, സഹാനുഭൂതി, പരസ്പരസഹായം എന്നിതുകളുടെ ചൈതന്യം തീരെ നശിപ്പിച്ചുകളയുകയും ചെയ്യുകയെന്നതു പലിശയുടെ സഹജമായ സ്വഭാവമാണ്. ഈ അടിസ്ഥാനത്തില്‍ പലിശ സാമ്പത്തികമായും ധാര്‍മികമായും മനുഷ്യവംശത്തിനു നാശഹേതുകമത്രെ!

319. അവന്‍ വാങ്ങി തിന്നതെല്ലാം അല്ലാഹു മാപ്പ് ചെയ്തുകൊടുക്കുമെന്നല്ല, അല്ലാഹുവിങ്കലാണ് അവന്റെ കാര്യം എന്നാണ് പറയുന്നത്. ഈ വാചകത്തില്‍നിന്നും വ്യക്തമാവുന്നത്, മുമ്പ് അനുഭവിച്ചതെല്ലാം അനുഭവിച്ചുകഴിഞ്ഞു എന്നതിനര്‍ഥം, വാങ്ങിയതെല്ലാം മാപ്പാക്കപ്പെട്ടുവെന്നല്ല; പ്രത്യുത, നിയമപരമായ ആനുകൂല്യം മാത്രമാണതുകൊണ്ടുദ്ദേശിക്കപ്പെടുന്നത്. അതായത്, മുമ്പ് വാങ്ങിക്കഴിഞ്ഞ പലിശ മടക്കിക്കൊടുക്കുവാന്‍ നിയമപരമായി അവനോടാവശ്യപ്പെടുകയില്ല; കാരണം, അങ്ങനെ ആവശ്യപ്പെടുന്നപക്ഷം, കേസുകളുടെ എവിടെയും അവസാനിക്കാത്ത നീണ്ട പരമ്പര അതുവഴി ആരംഭിച്ചേക്കും. പക്ഷേ, ധാര്‍മികമായി നോക്കുമ്പോള്‍, ഒരാള്‍ പലിശവ്യാപാരം വഴി സമ്പാദിച്ചുണ്ടാക്കിയ ധനത്തിന്റെ മലിനത പഴയ നിലക്കുതന്നെ അവശേഷിക്കുന്നതാണ്; അവന്‍ യഥാര്‍ഥത്തില്‍ അല്ലാഹുവെ ഭയപ്പെടുന്നവനാണെങ്കില്‍, ഇസ്ലാം സ്വീകരിച്ചതിനാല്‍ അവന്റെ സാമ്പത്തികവും ധാര്‍മികവുമായ വീക്ഷണഗതിക്ക് യഥാര്‍ഥമായും മാറ്റം സംഭവിച്ചിട്ടുണ്ടെങ്കില്‍, നിഷിദ്ധ മാര്‍ഗങ്ങളിലൂടെ സമ്പാദിച്ചിട്ടുള്ള ധനം സ്വന്തം ആവശ്യങ്ങള്‍ക്കായി ചെലവഴിക്കുന്നത് കഴിയുന്നത്ര സൂക്ഷിക്കുന്നതാണ്. തന്റെ പക്കലുള്ള ധനത്തിന്റെ സാക്ഷാല്‍ അവകാശികളെ കണ്ടുപിടിച്ചു അവരുടെ ധനം അവര്‍ക്ക് മടക്കിക്കൊടുക്കുവാനും അവകാശികളെ കണ്ടുപിടിക്കാന്‍ കഴിയാത്ത ഭാഗം സ്വന്തം ആവശ്യങ്ങള്‍ക്ക് ചെലവാക്കുന്നതിന്നുപകരം സമൂഹനന്മക്കായി ചെലവു ചെയ്യുവാനും കഴിവത് അവന്‍ പരിശ്രമിക്കുന്നതായിരിക്കും. ഇതേ കര്‍മനയമായിരിക്കും അല്ലാഹുവിന്റെ ശിക്ഷയില്‍നിന്നും അവനെ രക്ഷിക്കുന്നത്! മുമ്പ് നിഷിദ്ധമായി സമ്പാദിച്ച ധനം ആസ്വദിച്ചു പഴയ പടി സുഖിച്ചുകൊണ്ടിരുന്ന വ്യക്തിയെ സംബന്ധിച്ചിടത്തോളം നിഷിദ്ധ ധനം ആസ്വദിച്ചതിന്റെ പേരില്‍ ശിക്ഷ അനുഭവിക്കേണ്ടിവരികയെന്നതു ഒട്ടും അസംഭവ്യമല്ല.

320. ധാര്‍മികവും ആത്മീയവുമായ നിലപാടിലും സാമ്പത്തികവും നാഗരികവുമായ വീക്ഷണത്തിലും തികച്ചും ശരിയായ ഒരു യാഥാര്‍ഥ്യമാണ് ഈ വാക്യത്തില്‍ വിവരിച്ചിട്ടുള്ളത്. പലിശകൊണ്ട് സമ്പത്ത് വളരുകയും ദാനധര്‍മങ്ങളാല്‍ അത് കുറയുകയും ചെയ്യുന്നതായായിട്ടാണ് പ്രത്യക്ഷത്തില്‍ കാണപ്പെടുന്നതെങ്കിലും യഥാര്‍ഥത്തില്‍ മറിച്ചാണ് സംഭവിക്കുന്നത്. പലിശ ധാര്‍മികവും ആത്മീയവും സാമ്പത്തികവും നാഗരികവുമായ പുരോഗതിക്ക് വിഘാതമാണെന്നു മാത്രമല്ല, അധോഗതിക്ക് കാരണം കൂടിയാണെന്നത്രെ പ്രകൃതിയുക്തമായ ദൈവികനിയമം. നേരെമറിച്ച് ദാനധര്‍മങ്ങള്‍ വഴി (പലിശരഹിതമായ കടവും അതിലുള്‍പ്പെടുന്നു) ധാര്‍മികവും ആത്മീയവും നാഗരികവും സാമ്പത്തികവുമായി വളര്‍ച്ചയും വികാസവും ലഭ്യമാകുന്നതാണ്. ധാര്‍മികമായും ആത്മീയമായും നോക്കുമ്പോള്‍, സ്വാര്‍ഥം, ലുബ്ധ്, കുടിലമനസ്കത, ഹൃദയകാഠിന്യം തുടങ്ങിയ ദുര്‍ഗുണങ്ങളുടെ അനന്തരഫലമാണ് പലിശയെന്നും അതേ ദുര്‍ഗുണങ്ങളെയാണ് മനുഷ്യനില്‍ അത് വളര്‍ത്തിവിടുന്നതെന്നുമുള്ള വസ്തുത തികച്ചും വ്യക്തമാണ്. മറിച്ചു ദാനധര്‍മങ്ങളാകട്ടെ, ഔദാര്യം, അനുഭാവം, വിശാലമനസ്കത, ഉന്നത മനഃസ്ഥിതി തുടങ്ങിയ സല്‍ഗുണങ്ങളുടെ ഫലമാണ്; ഇതേ തരത്തിലുള്ള ഉത്തമ ഗുണങ്ങളായിരിക്കും ദാനധര്‍മങ്ങളാല്‍ മനുഷ്യനില്‍ വളര്‍ന്നുവരുന്നതും. ധാര്‍മിക ഗുണങ്ങളുടെ ഈ രണ്ടു സമാഹാരങ്ങളില്‍ ആദ്യത്തേതിനെ പരമ നീചമായും രണ്ടാമത്തേതിനെ സര്‍വോല്‍കൃഷ്ടമായും അംഗീകരിക്കാത്തവരായി ആരാണുണ്ടായിരിക്കുക? നാഗരികമായി നോക്കിയാലും ഒരു വസ്തുത ഏവര്‍ക്കും നിഷ്പ്രയാസം ഗ്രഹിക്കാവുന്നതാണ്. ഒരു സമുദായത്തിലെ വ്യക്തികള്‍ കേവലം സ്വാര്‍ഥപരമായ അടിസ്ഥാനത്തിലാണ് അന്യോന്യം ഇടപെടുന്നതെങ്കില്‍, സ്വന്തം താല്‍പര്യത്തെയും സ്വന്തം ലാഭത്തെയും മുന്‍നിര്‍ത്തിയല്ലാതെ ഒരാളും മറ്റൊരാളെ സഹായിക്കാന്‍ ഒരുക്കമില്ലെങ്കില്‍, ഒരാളുടെ പരാശ്രയത്തെയും കഴിവുകേടിനെയും മറ്റുള്ളവര്‍ തങ്ങള്‍ക്ക് ലാഭം നേടുന്നതിനുള്ള സുവര്‍ണാവസരമായി കണക്കാക്കി പൂര്‍ണമായി ചൂഷണം ചെയ്യുന്നുവെങ്കില്‍, ധനികവര്‍ഗത്തിന്റെ താല്‍പര്യം സാധാരണക്കാരുടെ താല്‍പര്യത്തിനു വിരുദ്ധമായിത്തീരുന്നുവെങ്കില്‍ അത്തരമൊരു സമുദായം ഒരിക്കലും പുരോഗമിച്ച് ശക്തി പ്രാപിക്കുകയില്ല. അതിലെ വ്യക്തികള്‍ക്കിടയില്‍ സ്നേഹത്തിനുപകരം വിദ്വേഷവും അസൂയയും നിര്‍ദയത്വവും അകല്‍ച്ചയുമായിരിക്കും വളര്‍ന്നുവരുന്നത്. പ്രസ്തുത സമൂഹത്തിലെ ഘടകങ്ങള്‍ നാശത്തിലേക്കും കുഴപ്പത്തിലേക്കും അരാജകത്വത്തിലേക്കും വഴുതി വീണുകൊണ്ടിരിക്കും. ഈ ദുരവസ്ഥക്ക് മറ്റുകാരണങ്ങള്‍ കൂടി സഹായകമായിത്തീരുന്ന പക്ഷം അതിലെ ഘടകങ്ങള്‍ പരസ്പരം ഏറ്റുമുട്ടുകയെന്നതും ഒട്ടും അസാധാരണമല്ല. നേരെമറിച്ച്, ഒരു സമുദായത്തിന്റെ സാമൂഹിക വ്യവസ്ഥ പരസ്പര സ്നേഹത്തിലും സഹാനുഭൂതിയിലുമാണ് പടുത്തുയര്‍ത്തപ്പെട്ടിട്ടുള്ളതെങ്കില്‍, അതിലെ വ്യക്തികള്‍ അന്യോന്യം ഔദാര്യത്തോടുകൂടിയാണ് വര്‍ത്തിക്കുന്നതെങ്കില്‍, ഓരോ വ്യക്തിയും അപരന്റെ വിഷമാവസ്ഥയില്‍ ഹൃദയംതുറന്നു സഹായിക്കുന്നുവെങ്കില്‍, കഴിവുള്ളവര്‍ കഴിവില്ലാത്തവരോട് അനുകമ്പാര്‍ദ്രമായ സഹായത്തിന്റെ, അഥവാ നീതിപൂര്‍വമായ സഹകരണത്തിന്റെയെങ്കിലും മാര്‍ഗമാണവലംബിക്കുന്നതെങ്കില്‍ അത്തരം സമുദായത്തില്‍ പരസ്പര സ്നേഹവിശ്വാസവും ഗുണകാംക്ഷയും വളര്‍ന്നുവരുന്നതാണ്. അതിലെ വ്യക്തികള്‍ അന്യോന്യം ബന്ധപ്പെട്ടിരിക്കും; പരസ്പരം താങ്ങും തണലുമായിരിക്കും. ആഭ്യന്തര കലഹങ്ങള്‍ക്കോ സംഘട്ടനങ്ങള്‍ക്കോ അതില്‍ പ്രവേശനം ലഭിക്കുകയില്ല. സ്നേഹ സഹകരണത്തിന്റെയും ഗുണകാംക്ഷയുടെയും ഫലമായി ആ സമുദായം ആദ്യത്തേതിനെ അപേക്ഷിച്ച് അതിവേഗം പുരോഗതി പ്രാപിക്കുന്നതാണ്. ഇനി സാമ്പത്തികമായി നോക്കുക. സാമ്പത്തികശാസ്ത്രത്തിന്റെ വീക്ഷണഗതിയനുസരിച്ച് പലിശക്കടം രണ്ടുതരമാണ്: ഒന്ന്, സ്വന്തം ജീവിതാവശ്യങ്ങള്‍ക്ക് ചെലവഴിക്കേണ്ടതിനു അഗതികളും നിര്‍ധനരും വാങ്ങുന്ന കടം. രണ്ട്, കച്ചവടം, തൊഴില്‍, വ്യവസായം, കൃഷി തുടങ്ങിയവയില്‍ മുതലിറക്കുവാനായി അതതു ജോലിയിലേര്‍പ്പെട്ടവര്‍ വാങ്ങുന്ന കടം. ഒന്നാം ഇനത്തില്‍പെട്ട കടത്തിന്നു പലിശ വസൂലാക്കുന്ന സമ്പ്രദായം അങ്ങേയറ്റം ദ്രോഹകരവും മാരകവുമാണെന്നു ലോകം പരക്കെ സമ്മതിച്ചിട്ടുള്ളതാണ്. പലിശമുതലാളിമാരും പലിശ വ്യാപാരം നടത്തുന്ന സ്ഥാപനങ്ങളും ഈ മാര്‍ഗത്തിലൂടെ പാവപ്പെട്ട തൊഴിലാളികളുടെയും കര്‍ഷകരുടെയും, ജീവിതോപകരണങ്ങള്‍ കുറവായ സാധാരണക്കാരുടെയും രക്തം വലിച്ചുകുടിച്ചുകൊണ്ടിരിക്കാത്ത രാജ്യങ്ങളില്ല. പലിശ കാരണമായി അത്തരം കടങ്ങള്‍ വീട്ടുക അവര്‍ക്ക് പ്രയാസകരമാണെന്നല്ല, പലപ്പോഴും അസാധ്യംതന്നെ ആയിത്തീരുന്നു. ഒരു കടം വീട്ടുവാന്‍ രണ്ടാമതും മൂന്നാമതും അവര്‍ കടം വാങ്ങിക്കൊണ്ടേപോവുകയാണ്. മൂലധനത്തെക്കാള്‍ എത്രയോ ഇരട്ടി പലിശ കൊടുത്തുകഴിഞ്ഞതിനു ശേഷവും മൂലധനം പഴയപടി ബാക്കിനില്‍ക്കുന്നു. അധ്വാനിക്കുന്ന വിഭാഗത്തിന്റെ വരുമാനത്തില്‍ ഭൂരിഭാഗവും പലിശക്കാരന്‍ തട്ടിയെടുത്തു കൊണ്ടുപോകുന്നു; ആ സാധുക്കളുടെ സ്വന്തം സമ്പാദ്യത്തില്‍നിന്നു, തങ്ങളുടെയും സന്താനങ്ങളുടെയും വിശപ്പടക്കുവാന്‍ മതിയാവുന്ന തുകപോലും അവരുടെ പക്കല്‍ അവശേഷിക്കുന്നില്ല. ഇത് അധ്വാനിക്കുന്നവര്‍ക്ക് ജോലിയിലുള്ള താല്‍പര്യത്തെ ക്രമേണ നശിപ്പിച്ചുകളയുന്നു. കാരണം തങ്ങളുടെ അധ്വാനഫലം മറ്റുള്ളവര്‍ തട്ടിയെടുക്കുകയാണെങ്കില്‍ മനസ്സിരുത്തി അധ്വാനിക്കുവാന്‍ അവര്‍ക്കൊരിക്കലും സാധിക്കുകയില്ല. മാത്രമല്ല, പലിശ കൊടുക്കേണ്ടിവരുന്നവര്‍ എപ്പോഴും അതിനെക്കുറിച്ചുള്ള ചിന്തയിലും വേവലാതിയിലുമായി സമയം കഴിക്കുന്നതുകൊണ്ടും ദാരിദ്യ്രം കാരണമായി നല്ല ആഹാരമോ ചികില്‍സയോ ലഭ്യമല്ലാത്തതുകൊണ്ടും അവരുടെ ആരോഗ്യനില ഒരിക്കലും തൃപ്തികരമായിരിക്കുകയുമില്ല. ഇങ്ങനെ പലിശക്കടം കാരണമായി, ഏതാനും വ്യക്തികള്‍ ലക്ഷക്കണക്കിനാളുകളുടെ രക്തം കുടിച്ച് തടിച്ചു കൊഴുക്കുമെങ്കിലും മൊത്തത്തില്‍ സമൂഹത്തിന്റെ സമ്പത്യുല്‍പാദനം അതിന്റെ സാധ്യമായ തോതില്‍നിന്നും വളരെയധികം കുറഞ്ഞു പോവുന്നതാണ്. ഒടുവില്‍ ചോരകുടിയന്മാരായ ആ വ്യക്തികളും അതിന്റെ നാശനഷ്ടങ്ങളില്‍നിന്നു രക്ഷപ്പെടുകയില്ല. എന്തുകൊണ്ടെന്നാല്‍, അവരുടെ ഈ സ്വാര്‍ഥം കാരണം പാവപ്പെട്ട സാധാരണക്കാരന് ഏല്‍ക്കേണ്ടിവരുന്ന കഷ്ടാരിഷ്ടതകളുടെ ഫലമായി ധനികവര്‍ഗത്തിന്നെതിരില്‍ വെറുപ്പിന്റെയും പ്രതികാരവാഞ്ഛയുടെയും ഒരഗ്നിപര്‍വതം തന്നെ ജനഹൃദയങ്ങളില്‍ വിങ്ങിക്കൊണ്ടിരിക്കും. അത് ഒരു വിപ്ളവത്തിന്റെ ആഘാതത്താല്‍ പൊട്ടിത്തെറിക്കുന്നപക്ഷം അക്രമികളായ ധനികവര്‍ഗത്തിന് തങ്ങളുടെ ധനത്തോടൊപ്പം ജീവനും അഭിമാനവും കുടി കൈയൊഴിക്കേണ്ടിവരുന്നതാണ്. ഇനി വ്യാപാരാദികളില്‍ മുതലിറക്കുവാന്‍ വാങ്ങുന്ന കടമാണെങ്കില്‍, അതിന്ന് ഒരു നിശ്ചിത തോതില്‍ പലിശ ചുമത്തുന്നതിനാലുണ്ടാകുന്ന നിരവധി ദൂഷ്യങ്ങളില്‍ പ്രകടമായ ചിലത് ഇവയാണ്: i) നിലവിലുള്ള പലിശനിരക്കിന് തുല്യമായി ലാഭം കിട്ടാത്ത ഏര്‍പ്പാടുകളില്‍ - നാട്ടിനും ജനത്തിനും അവ എത്രതന്നെ ആവശ്യവും ഫലപ്രദവുമാണെങ്കിലും - മുതലിറക്കുവാന്‍ പണം ലഭിക്കുകയില്ല. മാര്‍ക്കറ്റിലെ പലിശനിരക്കിന് സമമായോ കൂടുതലായോ ലാഭം കിട്ടുന്ന ഇടപാടുകളുടെ ഭാഗത്തേക്കാണ് നാട്ടിന്റെ സാമ്പത്തിക വിഭവങ്ങള്‍ മുഴുവന്‍ ഒഴുകിക്കൊണ്ടിരിക്കുക. സാമൂഹ്യമായി അത്തരം ഇടപാടുകളുടെ ആവശ്യവും പ്രയോജനവും നന്നെ കുറവായിരിക്കട്ടെ, തീരെ ഇല്ലെന്നിരിക്കട്ടെ, അതൊന്നും ഇവിടെ പരിഗണനീയമേ ആയിരിക്കില്ല. ii) പലിശക്ക് മൂലധനം ലഭിക്കുന്ന ഏര്‍പ്പാടുകള്‍ കച്ചവടമോ തൊഴിലോ കൃഷിയോ ഏതാവട്ടെ, അവയുടെ ലാഭം ഏത് പരിതഃസ്ഥിതിയിലും ഒരു നിശ്ചിത തോതില്‍ കിട്ടിക്കൊണ്ടിരിക്കുമെന്നും ആ തോതില്‍ കൂടുകയല്ലാതെ ഒരിക്കലും കുറയുകയില്ലെന്നും ഉറപ്പുനല്‍കുവാന്‍ സാധ്യമല്ല. എന്നല്ല, ഏതെങ്കിലുമൊരിടപാടില്‍ ലാഭം തീര്‍ച്ചയായും ലഭിക്കുമെന്നും ഒരിക്കലും നഷ്ടം സംഭവിക്കുകയില്ലെന്നും ഉറപ്പു നല്‍കുക കൂടി അസാധ്യമാണ്. അതിനാല്‍, മുതലാളിക്ക് ഒരു നിശ്ചിതതോതനുസരിച്ച് ലാഭം നല്‍കുവാന്‍ ഉറപ്പുനല്‍കിക്കൊണ്ടുള്ള മൂലധനം ഒരിടപാടില്‍ മുതലിറക്കുന്നത് നഷ്ടത്തിന്റെയും അപകടങ്ങളുടെയും സാധ്യതകളില്‍നിന്ന് ഒരിക്കലും ഒഴിവാകയില്ല. iii) മൂലധനം നല്‍കുന്ന മുതലാളി വ്യാപാരത്തിന്റെ ലാഭത്തിലും നഷ്ടത്തിലും പങ്കുവഹിക്കുന്നില്ല; ലാഭത്തില്‍ മാത്രമേ പങ്കാളിയാകുന്നുള്ളൂ. നിശ്ചിത തോതനുസരിച്ച് ലാഭം കിട്ടുമെന്ന ഉറപ്പിന്മേല്‍ മാത്രമാണ് അവന്‍ പണമിറക്കുന്നത്. അതിനാല്‍, വ്യാപാരത്തിന്റെ ലാഭനഷ്ടങ്ങളില്‍ അവന് യാതൊരു പ്രത്യേക താല്‍പര്യവുമുണ്ടായിരിക്കയില്ല. കവിഞ്ഞ സ്വാര്‍ഥത്തോടുകൂടി തന്റെ ലാഭത്തില്‍ മാത്രമായിരിക്കും അവന്‍ ദൃഷ്ടി കേന്ദ്രീകരിക്കുന്നത്. മാര്‍ക്കറ്റില്‍ മാന്ദ്യവും വിലയിടിവിന്റെ ആക്രമണവും വരാന്‍പോവുന്നുണ്ടെന്ന് വല്ലപ്പോഴും സംശയം ജനിച്ചാല്‍ തന്റെ പണം വലിച്ചെടുക്കുന്ന കാര്യമായിരിക്കും അവന്‍ ഒന്നാമതായി ചിന്തിക്കുന്നത്. ഇങ്ങനെ, ചിലപ്പോള്‍ അവന്റെ സ്വാര്‍ഥപരമായ ആശങ്കകള്‍ കൊണ്ടുമാത്രം ലോകത്ത് കമ്പോള മാന്ദ്യം യഥാര്‍ഥമായും സംഭവിച്ചേക്കും; ചിലപ്പോള്‍ മറ്റു കാരണങ്ങളാല്‍ കമ്പോള മാന്ദ്യം സംഭവിക്കുന്നപക്ഷം മുതലാളിയുടെ സ്വാര്‍ഥം അതിനെ ഊതിവീര്‍പ്പിച്ച് അങ്ങേയറ്റം ആപല്‍ക്കരമായ അതിര്‍ത്തിവരെ എത്തിക്കുന്നതാണ്. പലിശയുടെ ഈ മൂന്നു ദൂഷ്യങ്ങള്‍ തികച്ചും പ്രകടമാണ്. സാമ്പത്തികശാസ്ത്രവുമായി അല്‍പമെങ്കിലും ബന്ധമുള്ള യാതൊരാള്‍ക്കും അത് നിഷേധിക്കുക സാധ്യമല്ല. എന്നിരിക്കെ, അല്ലാഹുവിന്റെ പ്രകൃതിനിയമമനുസരിച്ച് പലിശ, സമ്പത്തിനെ വാസ്തവത്തില്‍ വളര്‍ത്തുകയല്ല, തളര്‍ത്തുകയാണെന്നു സമ്മതിക്കുകയേ നിര്‍വാഹമുള്ളൂ. ഇനി ദാനധര്‍മങ്ങളുടെ സാമ്പത്തിക സദ്ഫലങ്ങളിലേക്കും അല്‍പമൊന്നു കണ്ണോടിക്കുക: ഓരോ വ്യക്തിയും തന്റെ സ്ഥിതിക്കനുസരിച്ച് തന്റെയും കുടുംബാംഗങ്ങളുടെയും ആവശ്യങ്ങള്‍ക്ക് കൈയയച്ച് ചെലവഴിക്കുകയും, ആവശ്യം കഴിച്ച് മിച്ചംവരുന്ന പണം സാധുക്കള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ നിര്‍വഹിക്കുവാനായി നല്‍കുകയും എന്നിട്ടും ബാക്കിവരുന്ന പണം വ്യാപാരികള്‍ക്ക് പലിശകൂടാതെ കടം കൊടുക്കുകയോ, പങ്ക്കച്ചവടാടിസ്ഥാനത്തില്‍ ലാഭത്തിലും നഷ്ടത്തിലും പങ്കാളികളായിക്കൊണ്ട് മുതലിറക്കുകയോ, സാമൂഹ്യനന്മക്ക് ചെലവഴിക്കുവാനായി ഗവണ്‍മെന്റിന്റെ ഖജനാവില്‍ നിക്ഷേപിക്കുകയോ ചെയ്യുകയെന്നതാണ് ഒരു സമുദായത്തിലെ ധനികവിഭാഗത്തിന്റെ നിലപാടെങ്കില്‍ അത്തരമൊരു സമൂഹത്തില്‍ കച്ചവടവും വ്യവസായവും കൃഷിയുമെല്ലാം തന്നെ പരമാവധി വളര്‍ന്നു പുരോഗമിക്കുമെന്നു അല്‍പം ചിന്തിച്ചാല്‍ ആര്‍ക്കും മനസ്സിലാക്കാവുന്നതാണ്. പ്രസ്തുത സമൂഹത്തിലെ സാധാരണക്കാരുടെ ജീവിതനിലവാരം ക്രമത്തില്‍ ഉയര്‍ന്നുവരുന്നതും സമ്പത്തിന്റെ ഉല്‍പാദനം, പലിശ നടപ്പുള്ള സമൂഹത്തെ അപേക്ഷിച്ച് എത്രയോ കൂടുതലായിരിക്കുന്നതുമാണ്.

321. സമ്പത്തിന്റെ വിഭജനത്തില്‍ ആവശ്യത്തില്‍ കൂടുതല്‍ ഓഹരി ലഭിച്ചിട്ടുള്ള വ്യക്തിക്കേ പലിശക്ക് പണം കൊടുക്കുവാന്‍ കഴിയുകയുള്ളൂവെന്നത് വ്യക്തമാണ്. ഒരാള്‍ക്ക് ലഭിക്കുന്ന, ആവശ്യത്തില്‍ കൂടുതലുള്ള ഈ ഓഹരി ഖുര്‍ആന്റെ വീക്ഷണഗതിയനുസരിച്ച് അല്ലാഹുവിന്റെ അനുഗ്രഹമാണ്. അല്ലാഹുവിന്റെ ഈ അനുഗ്രഹത്തിനുള്ള ശരിയായ നന്ദിപ്രകടനം, അല്ലാഹു തന്റെ അടിമകള്‍ക്ക് അനുഗ്രഹം ചെയ്തതുപോലെ, അടിമകള്‍ തങ്ങളുടെ സഹോദരങ്ങള്‍ക്കും അനുഗ്രഹം ചെയ്കയെന്നതാണ്. അങ്ങനെ ചെയ്യുന്നതിന്നു പകരം, ആവശ്യത്തില്‍ കുറച്ചു മാത്രം ഓഹരി ലഭിച്ചിട്ടുള്ളവരുടെ കുറഞ്ഞ ഓഹരിപോലും സമ്പത്തിന്റെ ശക്തികൊണ്ട് തങ്ങളിലേക്ക് വലിച്ചുകൂട്ടുവാന്‍ അല്ലാഹുവിന്റെ അനുഗ്രഹത്തെ ദുരുപയോഗപ്പെടുത്തുകയാണ് ചെയ്യുന്നതെങ്കില്‍ അവര്‍ വാസ്തവത്തില്‍ അല്ലാഹുവിനോട് നന്ദിയില്ലാത്തവരും അക്രമികളും ദുഷ്കര്‍മികളുമാണ്.