പൂവിനെയും പൂമ്പാറ്റയെയും ഇഷ്ടപ്പെടുന്നത് കുട്ടികള്‍ മാത്രമല്ല. എന്നാല്‍, അവയുടെ ദൃശ്യഭംഗി ആസ്വദിക്കുന്നതിന്നപ്പുറം നമ്മിലെത്ര പേര്‍ക്ക് അതൊരു ചിന്താവിഷയമാകാറുണ്ട്?
പൂവും പൂമ്പാറ്റയും നല്‍കുന്ന പാഠമെന്താണെന്നു നോക്കാം:
സസ്യത്തിന്റെ നിലനില്‍പ്പിനു വിത്തുല്‍പ്പാദനം ആവശ്യമാണ്. ചിലതില്‍ പരപരാഗണത്തിലൂടെയാണ് വിത്തുല്‍പ്പാദനത്തിനു കളമൊരുങ്ങുന്നത്. ഇത്തരം ചെടികളുല്‍പ്പാദിപ്പിക്കുന്ന പൂക്കള്‍ പ്രാണികളെ ആകര്‍ഷിക്കാന്‍ പോന്നവയായിരിക്കും. പ്രാണികള്‍ക്ക് അവയില്‍നിന്ന് ആഹാരം ലഭിക്കുകയും ചെയ്യും. അതിനുവേണ്ടിയാണല്ലോ അവ പൂക്കളില്‍ ചെല്ലുന്നതു തന്നെ. അല്ലാതെ പരാഗണം, വിത്തുല്‍പ്പാദനം, സസ്യവംശത്തിന്റെ നിലനല്‍പ്പ് ഇവയൊന്നും ഒരു പ്രാണിക്കറിയാവുന്ന കാര്യങ്ങളല്ലെ. അതിനെ പറഞ്ഞു പഠിപ്പിക്കാമെന്നു വച്ചാലും സാദ്ധ്യവുമല്ലല്ലോ.
ഇനി ചെടിയുടെ കാര്യമോ?
തനിക്കു വംശം നിലനിറുത്തണം,
അതിനു പരാഗണം നടക്കണം,
അതിനു പ്രാണിയെ ആശ്രയിക്കണം,
അതിനു പൂവിനു നല്ല ആകര്‍ഷകത്വം വേണം,
കൂട്ടത്തില്‍ പ്രാണിക്ക് ഇഷ്ടപ്പെടുന്ന ആഹാരം നല്‍കണം,
ഇന്നിടത്ത് ആഹാരവും ഇന്നിടത്ത് പരാഗവസ്തുവും വച്ചാലാണ് പരാഗണം നടക്കുക
ഇവയൊന്നും ചെടിക്കും നിശ്ചയമുള്ള കാര്യങ്ങളല്ല. എന്നിട്ടും ഇവയത്രയും മുറതെറ്റാതെ നടന്നു വരുന്നു; ഇതിന്റെ ആസൂത്രണത്തില്‍ ചെടിക്കോ പ്രാണികള്‍ക്കോ ഒരു പങ്കുമില്ലെങ്കിലും!
ആഹാരം നല്‍കിക്കൊള്ളാമെന്നു ചെടിയും, പരാഗണം നടത്തിത്തരാമെന്നു പ്രാണിയും സമ്മതിക്കുന്ന ഒരു ഉടമ്പടി ഇവതമ്മില്‍ ഉണ്ടായിട്ടുമില്ല. പക്ഷെ, കാലാകാലങ്ങളായി അവ സഹകരിച്ചുവരുന്നു.
എങ്കില്‍ ഇതാസൂത്രണം ചെയ്തതാരാണ്?
ഇവയെ സഹകരിപ്പിച്ചതാരാണ്?
നല്ല ആസൂത്രണപാടവമുള്ള ഒരു ബുദ്ധി ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടില്ലേ?
ഇല്ലെന്നെങ്ങനെ പറയും?
ആ അസ്തിത്വത്തിനു താന്‍ ആസൂത്രണം ചെയ്യുന്നത് നടപ്പില്‍ വരുത്താനുള്ള കഴിവും അധികാരവും ഉണ്ടായിരിക്കണം. ഇല്ലാതെ തന്റെ പദ്ധതികളെങ്ങനെ നടപ്പില്‍ വരുത്തുന്നു?
ചുരുക്കത്തില്‍ സര്‍വശക്തനും സര്‍വജ്ഞനുമായ അപാരബുദ്ധിയുടെയും ആസൂത്രണപാടവത്തിന്റെയും ഉടമയായ താനിച്ഛിക്കുന്നതെന്തും നടപ്പില്‍വരുത്താന്‍ ശക്തിയും അധികാരവുമുള്ള
ഒരു ദൈവത്തെ കണ്ടെത്താന്‍ പൂവും പൂമ്പാറ്റയും നമ്മെ സഹായിക്കുന്നുണ്ട്. ആ ദൃശ്യവിരുന്ന് ആസ്വദിക്കുന്നതിനപ്പുറം, അവ നല്‍കുന്ന പാഠത്തെപ്പറ്റി അല്‍പ്പനേരം ചിന്തിക്കാന്‍ നാം തയ്യാറായാവണമെന്നു മാത്രം.
No comments:
Post a Comment