Followers

Sunday, November 28, 2010

പ്രവചിക്കപ്പെട്ട ഇമ്മാനുവേല്‍

ക്രിസ്ത്യാനികളും മുസ്‌ലിംകളും യേശുക്രിസ്തുവിനെ ആദരിക്കുന്നു. ക്രിസ്ത്യാനികള്‍ അദ്ദേഹത്തെ കര്‍ത്താവും രക്ഷകനും രാജാവുമായ ദൈവമായി കണക്കാക്കുന്നു. എന്നാല്‍ ഇസ്‌ലാമിന്റെ വീക്ഷണത്തില്‍ ദൈവത്തിന്റെ സൃഷ്ടിയും ദാസനും പ്രവാചകനുമായ മനുഷ്യനാണദ്ദേഹം. ഈ രണ്ടു വീക്ഷണങ്ങള്‍ തമ്മില്‍ പൊരുത്തപ്പെടുകയില്ല. മാത്രമല്ല; ഒന്ന് നിരാകരിച്ചുകൊണ്ടല്ലാതെ രണ്ടാമത്തേത് സ്വീകരിക്കാന്‍ കഴിയുകയുമില്ല. അതിനാല്‍ ഏത് വീക്ഷണത്തിന്നാണ്‌ തെളിവിന്റെ പിന്‍ബലമുള്ളത് എന്ന് പരിശോധിക്കുനത് നന്നായിരിക്കും.

പഴയനിയമ പുസ്തകത്തില്‍ പലയിടങ്ങളിലായി കാണപ്പെടുന്ന നിരവധി പ്രവചനങ്ങളുടെ പുലര്‍ച്ചയാണ്‌ യേശുവെന്ന് ക്രൈസ്തവര്‍ വിശ്വസിക്കുന്നു. അവരുടെ വേദമായ പുതിയ നിയമത്തിലെ ചില അവകാശ വാദങ്ങളാണ്‌ ഈ വിശ്വാസത്തിന്നാധാരം.

ആഗമനം മുന്‍കൂട്ടി പ്രവചിക്കപ്പെട്ട ഒരു ദിവ്യപുരുഷന്റെ വ്യക്തിത്വം എത്തരത്തിലുള്ളതായിരിക്കുമെന്ന് പ്രവചനത്തില്‍ നിന്ന് തന്നെ ഏറെക്കുറെ ഗ്രഹിക്കാന്‍ കഴിയേണ്ടതാണ്‌. അതിനാല്‍ പ്രവചനങ്ങളില്‍ നിന്നുരുത്തിരിയുന്ന യേശുവിന്റെ വ്യക്തിത്വം നിലവിലുള്ള ക്രിസ്തീയ സങ്കല്‍പ്പവുമായി പൊരുത്തപ്പെടുന്നുവെങ്കില്‍ അവരുടെ സങ്കല്‍പ്പം സത്യമാണെന്ന് കരുതാം; അല്ലെങ്കില്‍ മറിച്ചും.

പുതിയ നിയമത്തില്‍ ആദ്യം കാണുന്ന പ്രവചനം ഇതാണ്‌: "'കന്യക ഗര്‍ഭിണിയായി ഒരു മകനെ പ്രസവിക്കും. അവന്ന് ദൈവം നമ്മോട് കൂടെ എന്നര്‍ത്ഥമുള്ള ഇമ്മാനുവേല്‍ എന്ന് പേര്‍ വിളിക്കും.' എന്ന് കര്‍ത്താവ് പ്രവാചകന്‍ മുഖാന്തരം അരുള്‍ ചെയ്തത് നിവൃത്തിയാകുവാന്‍ ഇതൊക്കെയും സംഭവിച്ചു."  (മത്തായി 1:22,23)

ഇസ്രയേല്‍ കന്യകയായ മറിയം പുരുഷ സമ്പര്‍ക്കം കൂടാതെ ഗര്‍ഭം ധരിച്ച് ഒരു ആണ്‍കുഞ്ഞിനെ പ്രസവിച്ചു. അവന്ന് യേശു എന്ന് നാമകരണം ചെയ്തു. ബൈബിള്‍ പുതിയ നിയമവും ഖുര്‍ആനും ഇതംഗീകരിക്കുന്നു. (ഖുര്‍ആനില്‍ ഈസാ എന്നാണ്‌ പേര്‌.) പഴയ നിയമത്തില്‍ നിന്ന് മത്തായി ഉദ്ധരിച്ച പ്രവചനം പ്രത്യക്ഷത്തില്‍  ഈ സംഭവവുമായി വളരെയേറെ പൊരുത്തം ഉള്ളതാണ്‌. അത്കൊണ്ട് സംശയിക്കാനോ കൂടുതല്‍ പരിശോധിക്കാനോ മുതിരാതെ മേല്‍ പ്രവചനം യേശുവിനെക്കുറിച്ചുള്ളതാണെന്ന് വിശ്വസിക്കാന്‍ ഇരു മതക്കാരും തയ്യാറാവുന്നു.

എന്നാലും  മത്തായി ഉദ്ധരിച്ച പ്രവചനത്തിന്‌ യേശുവുമായി ഒരു പൊരുത്തക്കേട് ചൂണ്ടിക്കാണിക്കാനുണ്ട്. പേരുമായി ബന്ധപ്പെട്ടതാണിത്. യേശുവിന്ന് ഇമ്മാനുവേല്‍ എന്ന് പേര്‌ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ പേര്‌ യേശു എന്ന് തന്നെ ആയിരുന്നു. അങ്ങനെ പേര്‌ വയ്ക്കാനാണ്‌ മറിയമിനെ മാലാഖ ഉപദേശിച്ചതും. (ലൂക്കോസ് 1:31) അത്കൊണ്ട് ഈ പ്രവചനം യേശുവിനെക്കുറിച്ചുള്ളതല്ലെന്ന് ന്യായമായും വാദിക്കാവുന്നതാണ്‌.
എന്നാല്‍ ക്രിസ്ത്യാനികള്‍ ഈ വാദത്തെ നിരാകരിക്കുന്നു. ഇമ്മാനുവേല്‍ എന്ന പേരിനെച്ചൊല്ലിയുള്ള തര്‍ക്കത്തിന്‌ അവര്‍ നല്‍കുന്ന മറുപടി ഇതാണ്‌: സാക്ഷാല്‍ ദൈവം കന്യാമറിയമിലൂടെ മനുഷ്യനായി അവതരിച്ചു. അഥവാ 'ദൈവം നമ്മോട് കൂടെ' ജീവിച്ചു. ഈ അവതാര സങ്കല്‍പം സൂചിപ്പിക്കുന്നതിന്നാണ്‌ 'ദൈവം നമ്മോട് കൂടെ' എന്നര്‍ത്ഥമുള്ള ഇമ്മാനുവേല്‍ എന്ന പേര്‌ പ്രവചനത്തില്‍ ഉപയോഗിച്ചത്; അല്ലാതെ അതദ്ദേഹത്തിന്റെ നാമമായിരിക്കണം എന്ന അര്‍ത്ഥത്തിലല്ല.

ചുരുക്കത്തില്‍ ഒരു വെടിയ്ക്ക് രണ്ട് പക്ഷിയെ കിട്ടിയ ആഹ്ലാദത്തിലാണവര്‍. കന്യക ഗര്‍ഭിണിയായി ഒരു മകനെ പ്രസവിക്കുമെന്ന പ്രവചനം സഫലമായി. ഇതാണ്‌ ഒന്നാമത്തേത്. രണ്ടാമത്തേത് അങ്ങനെ ജനിക്കുന്ന കുഞ്ഞ് ദൈവാവതാരം ആയിരിക്കുമെന്ന സൂചനയാണ്‌. ഈ വാദത്തിന്ന് ഒരു ഉദാഹരണമിതാ: "ദൈവം നമ്മോട് കൂടെ എന്നര്‍ത്ഥമുള്ള ഇമ്മാനുവേലാണ്‌ യേശു. അവന്‍ കൊച്ചു ദൈവമോ ദൂതന്‍ മാത്രമോ ആയിരുന്നുവെങ്കില്‍ ആ അര്‍ത്ഥം വരുന്ന പേര്‌ മാത്രമേ വിളിക്കുകയുള്ളായിരുന്നു. യേശുക്രിസ്തു സമ്പൂര്‍ണ്ണ ദൈവമാണ്‌, സത്യദൈവമാണ്‌, മഹാദൈവമാണ്‌..." (പേജ് 65 ത്രിയേക ദൈവം, സി.വി. ജോര്‍ജ്ജ്, ശ്രീകാര്യം.)

യേശു ദൈവമാണെന്ന് വിശ്വസിക്കുന്നവര്‍ക്ക് ഈ വ്യാഖ്യാനം തൃപ്തികരമായിരിക്കും. അവരുടെ വിശ്വാസം പൂര്‍വോപരി ശക്തിപ്പെടുത്താനും ഈ വ്യാഖ്യാനത്തിന്‌ ശക്തിയുണ്ട്.
എന്നാല്‍ ഇസ്‌ലാമിന്ന് ഈ വ്യാഖ്യാനം സ്വീകാര്യമല്ല. കാരണം, അതിന്റെ അടിസ്ഥാനം കലര്‍പ്പറ്റ ഏകദൈവ സിദ്ധാന്തമാകുന്നു. ദൈവം അനാദ്യനും അനന്തനുമാണ്‌. അവന്‍ പരിവര്‍ത്തന വിധേയനല്ല. തന്റെ സൃഷ്ടികളില്‍ ഏതെങ്കിലും ഒന്നിന്റെ രൂപത്തില്‍ അവതരിക്കുകയെന്നത് പരമോന്നതനായ ദൈവത്തിന്റെ മഹത്വത്തിന്‌ ഒട്ടും അനുയോജ്യവുമല്ല.

 മത്തയി തന്റെ കൃതിയില്‍ വ്യക്തമാക്കിയത് പോലെ, ഇമ്മാനുവേല്‍ ജനിക്കുമെന്നത്, മുന്‍കാലക്കാരനായ പ്രവാചകന്‍ മുഖാന്തരം കര്‍ത്താവ് (യഹോവ) അരുള്‍ ചെയ്തതാണ്‌. യശയ്യാ എന്ന പ്രവാചകനിലൂടെയണ്‌ ഇതറിയിക്കപ്പെട്ടത്. അദ്ദേഹത്തിന്റെ പേരിലറിയപ്പെടുന്ന ഗ്രന്‍ഥത്തിന്റെ ഏഴാമദ്ധ്യായത്തില്‍ ഇത് കാണാം. സുദീര്‍ഘമായ ഒരു പ്രവചനമാണത്. അതില്‍ നിന്നടര്‍ത്തിയെടുത്ത ഒരു വക്യം (7/14) മാത്രമാണ്‌ മത്തായിയില്‍ നാം വായിച്ചത്. പ്രവചനത്തിന്റെ നിജസ്ഥിതി മനസ്സിലാക്കാന്‍ ഈ ഒറ്റ വാക്യം അപര്യപ്തമാണ്‌‌. പ്രവചനം പൂര്‍ണ്ണ രൂപത്തില്‍ പരിഗണിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ പ്രവചനം യേശുവിനെക്കുറിച്ച് തന്നെയാണോ എന്ന് തീരുമാനിക്കാന്‍ കഴിയുകയുള്ളു.

ആദ്യം പ്രവചത്തിന്റെ പശ്ചാത്തലം നോക്കാം: ദാവീദിന്റെ പുത്രനായ സോളമന്റെ കാല ശേഷം ഇസ്രയേല്‍ രാജ്യം വടക്കും തെക്കുമായി, രണ്ടായി പിളര്‍ന്നു. ബി.സി. 933 ലാണിത്. തെക്കന്‍ രാജ്യത്ത് യഹൂദ, ബിന്‍യാമീന്‍ എന്നീ രണ്ട് ഗോത്രങ്ങള്‍ വസിച്ചു. അവരുടെ രാജ്യത്തിന്ന് യഹൂദ രാജ്യം എന്ന് പേര്‍. ബാക്കി പത്ത് ഗോത്രങ്ങള്‍ വടക്കന്‍ രാജ്യത്ത് താമസിച്ചു. ആ രാജ്യത്തിന്ന് എഫ്രായീം എന്നു പേര്‍.

പിളര്‍പ്പിന്റെ രണ്ട് നൂറ്റാണ്ടുകള്‍ക്ക് ശേഷം എഫ്രായീം സിറിയയുമായി കൂട്ടുചേര്‍ന്ന് യഹൂദക്ക് നേരെ യുദ്ധത്തിന്‌ ചെന്നു. യഹൂദ ഭയന്നു വിറച്ചു. ഈ സമയത്ത് യഹൂദയില്‍ ആഹാസ്, സിറിയയില്‍ റെസിന്‍, എഫ്രായീമില്‍ പേക്കഹ് എന്നിവരാണ്‌ രാജാക്കന്‍മാര്‍. ആഹാസിനെ യശയ്യാ മുഖാന്തരം യഹോവ ധൈര്യപ്പെടുത്തുകയും ഭാവി സംഭവങ്ങളെക്കുറിച്ച് സൂചന നല്‍കുകയും ചെയ്തു. സഖ്യ കക്ഷികളുടെ ഗൂഢാലോചനയെക്കുറിച്ച് യഹോവ ആഹാസിനെ (യശയ്യാ മുഖന്തരം) ഇപ്രകാരം അറിയിക്കുന്നു. "7 യഹോവയായ കര്ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: അതു നടക്കയില്ല, സാധിക്കയുമില്ല.8 അരാമിന്നു തല ദമ്മേശെക്; ദമ്മേശക്കിന്നു തല രെസീന്‍ (സിറിയയുടെ തലസ്ഥാനം ഡമാസ്‌കസ്, ഡമാസ്‌കസിലെ ഭരണാധികാരി റെസിന്‍ -ലേഖകന്‍.) അറുപത്തഞ്ചു സംവത്സരത്തിന്നകം എഫ്രയീം ജനമായിരിക്കാതവണ്ണം തകര്ന്നു പോകും.9 എഫ്രയീമിന്നു തല(സ്ഥാനം) ശമര്യ്യ; ശമര്യ്യെക്കു തല(വന്‍ ) രെമല്യാവിന്റെ മകന്‍; നിങ്ങൾക്കു വിശ്വാസം ഇല്ലെങ്കില്‍ സ്ഥിരവാസവുമില്ല.10 യഹോവ പിന്നെയും ആഹാസിനോടു:11 നിന്റെ ദൈവമായ യഹോവയോടു താഴെ പാതാളത്തിലോ മീതെ ഉയരത്തിലോ ഒരു അടയാളം ചോദിച്ചുകൊള്‍ക എന്നു കല്പിച്ചതിന്നു ആഹാസ്:12 ഞാന്‍ ചോദിക്കയില്ല, യഹോവയെ പരീക്ഷിക്കയും ഇല്ല എന്നു പറഞ്ഞു.13 അതിന്നു അവര് (യശയ്യാ) പറഞ്ഞതു: ദാവീദ്ഗൃഹമേ, കേള്‍പ്പിന്‍; മനുഷ്യരെ മുഷിപ്പിക്കുന്നതു പോരാഞ്ഞിട്ടോ നിങ്ങള്‍ എന്റെ ദൈവത്തെക്കൂടെ മുഷിപ്പിക്കുന്നതു?14 അതു കൊണ്ടു കര്ത്താവു തന്നേ നിങ്ങള്‍ക്കു ഒരു അടയാളം തരും: കന്യക ഗര്ഭിണിയായി ഒരു മകനെ പ്രസവിക്കും; അവന്നു ഇാമ്മനൂവേല്‍ എന്നു പേര് വിളിക്കും.15 തിന്മ തള്ളി നന്മ തിരഞ്ഞെടുപ്പാന്‍ പ്രായമാകുംവരെ അവന്‍ തൈരും തേനുംകൊണ്ടു ഉപജീവിക്കും.16 തിന്മ തള്ളി നന്മ തിരഞ്ഞെടുപ്പാന്‍ ബാലന്നു പ്രായമാകുംമുമ്പെ, നീ വെറുക്കുന്ന രണ്ടു രാജാക്കന്മാരുടെയും ദേശം ഉപേക്ഷിക്കപ്പെട്ടിരിക്കും."  (യശയ്യാ 7:8-16)

ഒരു നിശ്ചിത കാല പരിധിക്കകം സംഭവിക്കേണ്ട രണ്ടു രാഷ്ട്രീയ സംഭവങ്ങളാണ്‌ പ്രവചിക്കപ്പെട്ടത്. എഫ്രയീം 65 വര്‍ഷത്തിനകം ഒരു രാജ്യമായിരിക്കാത്ത വണ്ണം തകരും. ഇതാണ്‌ ഒന്ന്. ബി.സി. 722 ഇല്‍ ഇത് സംഭവിച്ചു. അതായത് അസീറിയന്‍ രാജാവ് എഫ്രായീമിനോട് യുദ്ധം ചെയ്തു; അവരെ തോല്‍പ്പിച്ചു. അവിടത്തെ ജനങ്ങളെ ആസകലം അടിമകളാക്കി അസീറിയയില്‍ കൊണ്ട് പോയി പാര്‍പ്പിച്ചു. അതോടെ എഫ്രായീം ഒരു ജനത അല്ലാതെയായി. ഏതാണ്ട് ഇതേ കാലത്ത് തന്നെ അസീറിയന്‍ രാജാവ് ഡമാസ്‌കസ് ആക്രമിച്ചു. ജനങ്ങളെ തടവിലാക്കുകയും രാജാവിനെ വധിക്കുകയും ചെയ്തു. (2 രാജാക്കന്‍മാര്‍ അദ്ധ്യായം 16, 17; 2 ദിനവൃത്താന്തം അദ്ധ്യായം 29; യശയ്യാ അദ്ധ്യായം 7, 8 എന്നിവ കാണുക.)

മേല്‍ പറഞ്ഞ രണ്ട് സംഭവങ്ങളുടെ മുന്നടയാളമായിട്ടാണ്‌ കന്യകാഗര്‍ഭവും ഇമ്മാനുവേലിന്റെ ജനനവും നിശ്ചയിക്കപ്പെട്ടത്. ഇമ്മാനുവേലിന്ന് 'തിന്‍മ തള്ളി നന്‍മ തിരഞ്ഞെടുക്കാന്‍ പ്രായമാകും മുമ്പ്' രണ്ട് രാജാക്കന്‍മാരുടെയും രാജ്യങ്ങള്‍ (പേക്കഹിന്റെ എഫ്രായീം, റെസിന്റെ സിറിയ) ഉപേക്ഷിക്കപ്പെട്ടിരിക്കും എന്നാണ്‌ പ്രവചനത്തില്‍ കാണുന്നത്. അത്കൊണ്ട് ബി.സി. 722 ന്ന് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇമ്മാനുവേല്‍ ജനിച്ചിരിക്കണം; ജനിച്ചിട്ടുമുണ്ട്. (യശയ്യാ 8 ആം അദ്ധ്യായം കാണുക.)

സത്യത്തില്‍ ഈ കുട്ടിയെക്കുറിച്ചുള്ള പ്രവചനമാണ്‌ പ്രവാചക പുസ്തകമായ യശയ്യാ 7/14 ഇല്‍ ഉള്ളത്. ഇത് യേശുവിന്റെ ജനനത്തെക്കുറിച്ചുള്ളതാണെന്ന മത്തായിയുടെ അവകാശ വാദം വ്യാജമാണ്‌. അതിനാല്‍ ഇമ്മാനുവേല്‍ എന്ന പേരില്‍ ദൈവാവതാരത്തെക്കുറിച്ചുള്ള സൂചനയുണ്ടെന്ന ക്രൈസ്തവ വാദം വ്യാജത്തിന്‍മേല്‍ പടുത്തുയര്‍ത്തിയ വ്യാജമാണെന്ന് പറയാതെ വയ്യ.

കെ.കെ. ആലിക്കോയ

അബ്രഹാമിന്റെ ബലി
ഇംറാന്‍, ഹാറൂന്‍, മറിയം, ഈസാ
ഇസ്‌ലാമും ക്രിസ്തുമതവും
കുരിശ് സംഭവം: ഒരു കെട്ടുകഥ
ലേവി വംശജനായ യേശു ക്രിസ്തു

Friday, November 19, 2010

കുരിശ് സംഭവം: ഒരു കെട്ടുകഥ

സുവിശേഷ ഗ്രന്‍ഥങ്ങളിലാണ്‌ കുരിശു സംഭവം നാം വായിക്കുന്നത്. സംഭവം നാലു സുവിശേഷകരും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്; അവര്‍ നാലും സംഭവത്തിന്റെ ദൃക്‌സാക്ഷികളല്ലെങ്കിലും. കേട്ടുകേള്‍വിയും ഭാവനയും അടിസ്ഥനമാക്കിയുള്ള വിവരണമാണ്‌ അവര്‍ നല്‍കുന്നത്. ഒന്നാമതായി ഇത് തന്നെ സാക്‌ഷ്യത്തിന്റെ വിശ്വസനീയതയെ ഹനിക്കുന്നുണ്ട്.

അത് മാറ്റിവച്ച് കൊണ്ട് റിപ്പോര്‍ട്ടുകള്‍ വിശകലനം ചെയ്തു നോക്കാം. നാലു പേരും പല കാര്യത്തിലും പരസ്പരം വിയോജിക്കുന്നത് സംഭവത്തിന്റെ വിശ്വാസ്യതയെ വീണ്ടും ഹനിക്കുന്നു. അത്തരം വൈരുദ്ധ്യങ്ങളില്‍ ചിലത് ഇവിടെ വിശകലനം നടത്താം എന്ന് കരുതുന്നു.

1. ഒറ്റുകാരനെ പറ്റി ക്രിസ്തു മുന്നറിയിപ്പ് നല്‍കിയത് നാലു സുവിശേഷകരും സമ്മതിക്കുന്ന കാര്യമാണ്‌. അവരില്‍ മൂന്നു പേര്‍ പറയുന്നത് ആരായിരിക്കും ആ ഒറ്റുകാരന്‍ എന്ന് ക്രിസ്തു വ്യക്തമാക്കിയില്ലെന്നും അതിനാല്‍ പന്ത്രണ്ടില്‍ ഒരോരുത്തരും അത് താനാകുമോ എന്ന് ഭയപ്പെട്ടുവെന്നുമാണ്‌. എന്നാല്‍ യോഹന്നാന്‍ മാത്രം പറയുന്നു: ഒറ്റുകാരനെ ക്രിസ്തു ചൂണ്ടിക്കാണിച്ചു കൊടുത്തെന്ന്. "ഞാന്‍ അപ്പം മുക്കി ആര്‍ക്ക് കൊടുക്കുന്നുവോ അയാള്‍ തന്നെ (ഒറ്റുകാരന്‍!)" എന്നു പറഞ്ഞ് അദ്ദേഹം അപ്പം മുക്കി യുദായ്ക്ക് കൊടുത്തു. (യോഹ. 13:26.27)

* ഇതില്‍ ഏതാണ്‌ ശരി? 12 ഇല്‍ ഒരാള്‍ ഒറ്റുകാരനാകും എന്ന് പറയുക മാത്രമാണോ ക്രിസ്തു ചെയ്തത്? അതല്ല; ആളെ ചൂണ്ടിക്കാണിച്ച് കൊടുത്തിട്ടുണ്ടോ?

2. ഗത്‌സമനിയില്‍ ക്രിസ്തു മുട്ട് കുത്തി പ്രാര്‍ത്ഥിച്ചുവെന്നും അല്ല; കമിഴ്ന്നു വീണ്‌ പ്രാര്‍ത്ഥിച്ചെന്നും പരസ്പര വിരുദ്ധമായ രണ്ട് റിപ്പോര്‍ട്ടുകള്‍ കാണാം. മുട്ട് കുത്തി. (ലൂ. 22:41) മുഖം നിലത്ത് കുത്തി/ നിലത്ത് വീണ്‌ (മാര്‍. 14:35; മത്താ. 26:39).

* ക്രിസ്തു എങ്ങനെയാണ്‌ പ്രാര്‍ത്ഥിച്ചത്? ക്രൈസ്തവര്‍ ചെയ്യുമ്പോലെ മുട്ട്കുത്തി നിന്ന്?/ മുസ്‌ലിംകള്‍ ചെയ്യുമ്പോലെ സാഷ്ടാംഗപ്രണാമം ചെയ്ത്?/ ഹിന്ദുക്കളില്‍ ചിലര്‍ ചെയ്യുന്നത് പോലെ നിലത്ത് കമഴ്ന്ന് വീണ്‌?

3. പിലാത്തോസ് ക്രിസ്തുവിനെ ഹെരോദോസിന്റെ അടുത്തേക്ക് അയച്ചെന്ന് ലൂക്കോസ് (23:6-12) പറയുന്നു. മറ്റാരും ഇത് റിപ്പോര്‍ട്ട് ചെയ്യുന്നില്ല.

* അയാള്‍ ക്രിസ്തുവിനെ ഹെരോദോസിന്റെ അടുത്ത് അയച്ചോ?/ അയച്ചില്ലേ?

4. ക്രിസ്തുവിനെ പിടികൂടാന്‍ മുഖ്യപുരോഹിതന്‍മാരും മൂപ്പന്മാരും നേരിട്ട് വന്നെന്ന് ലൂക്കോസ് (22:52,53) പറയുന്നു. എന്നാല്‍ ഇവര്‍ അയച്ച സേവകന്‍മാരോ ഒരു ആള്‍ക്കൂട്ടമോ ആണ്‌ വന്നതെന്ന് മറ്റുള്ളവര്‍ (മ 26:47, മാ. 14:43, യോ 18:3) പറയുന്നു.

* ആരാണ്‌ ശരിക്കും വന്നത്? മുഖ്യപുരോഹിതരും നേതാക്കന്‍മാരും ആണോ?/ അതല്ല അവരുടെ സേവകരോ?

5. ഒറ്റുകാരന്‍ മുമ്പോട്ട് വന്ന് ക്രിസ്തുവിനെ ഗുരോ എന്ന് വിളിച്ചു ചുംബിച്ചു; അപ്പോള്‍ ആള്‍ക്കൂട്ടം മുമ്പോട്ട് വന്ന് ക്രിസ്തുവിനെ പിടികൂടി. (മ 26:48-50, മാ 14:45,46, ലൂ 22:48) അതേസമയം യോഹന്നാന്‍ ഈ ചുംബനത്തെക്കുറിച്ച് ഒന്നും പറയുന്നില്ല. അദ്ദേഹം (18:4-9, 12) പറയുന്ന കഥ മറ്റൊന്നാണ്‌. ക്രിസ്തു ആള്‍ക്കൂട്ടത്തോട് ചോദിക്കുന്നു: 'നിങ്ങള്‍ ആരെ അന്വേഷികുന്നു' എന്ന്. അവര്‍ പറയുന്നു: 'നസറായനായ ക്രിസ്തുവിനെ' എന്ന്. 'അത് ഞാനാണ്'എന്ന് ക്രിസ്തുവിന്റെ മറുപടി, എന്നിട്ട് അവര്‍ അദ്ദേഹത്തെ പിടികൂടുകയല്ല; അദ്ദേഹത്തിന്ന് മുമ്പില്‍ വീണ്‌ നമസ്‌കരിക്കുകയാണ്‌ ചെയ്യുന്നത്. പിന്നീട് പിടികൂടുന്നുമുണ്ട്.

* എന്താണ്‌ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്? യൂദാ ചുംബിച്ചപ്പോള്‍ അവര്‍ അദ്ദേഹത്തെ പിടികൂടിയോ? അതല്ല യോഹന്നന്‍ പറഞ്ഞ പോലെ ഒരു സംഭാഷണം നടക്കുകയും പിന്നെ പിടികൂടുകയും ചെയ്തോ? ഇതിനിടയില്‍ ആള്‍ക്കൂട്ടം അദ്ദേഹത്തെ നമസ്‌കരിക്കുകയും ചെയ്തോ?

6. ഒറ്റിക്കൊടുത്തതിന്ന് കിട്ടിയ പ്രതിഫലമായ 30 വെള്ളിക്കാശ്‌ യൂദാ ദേവാലയത്തിലേക്ക് എറിഞ്ഞു, ദേവാലയത്തിന്റെ ആളുകള്‍ ആ പണം കൊണ്ട് പരദേശികളെ സംസ്കരിക്കാന്‍ ഒരു കുശവന്റെ നിലം വാങ്ങി, പിന്നീട് അയാള്‍ പോയി തൂങ്ങി മരിച്ചെന്ന് മത്തായ് (27:1-6) പറയുമ്പോള്‍, അപ്പോസ്തല പ്രവൃത്തികള്‍ പറയുന്നത്: യൂദാ നിലം വാങ്ങിയെന്നും അയാള്‍ തല കീഴായി വീണ്‌ നടുവെ പിളര്‍ന്ന് മരിച്ചെന്നുമാണ്‌. (1:18-19)

* യൂദാ തൂങ്ങി മരിച്ചോ അതല്ല വീണു വയറ്‌ പിളര്‍ന്ന് മരിച്ചോ?

7. കുറേനക്കാരനായ ശിമയോനെ വഴിയില്‍ കാണുകയും അയാളെ കൊണ്ട് കുരിശു വഹിപ്പിക്കുകയും ചെയ്തെന്ന് മൂന്ന് സുവിശേഷകന്മാര്‍ (മ.27:32,33, മാ. 15:21,22, ലൂ. 23:26) പറയുന്നു. എന്നാല്‍ ഗോല്‍ഗോഥാ വരെ കുരിശു ചുമന്ന് കൊണ്ട് പോയത് യേശുവാണെന്നാണ്‌ യോഹന്നാന്‍ (19:17) പറയുന്നത്.

* ഗോല്‍ഗോഥാ വരെ ക്രിസ്തു തന്നെ കുരിശ് ചുമന്നുവൊ? അതല്ല ഇടയ്ക്ക് വച്ച് ആ ജോലി അവര്‍ ശിമയോനെ ഏല്‍പ്പിച്ചുവോ?

8. അന്ത്യനിമിഷം: കുരിശില്‍ കിടന്ന ക്രിസ്തു ഏലീ ഏലീ ലമ്മാ സബക്താനീ എന്ന് പറഞ്ഞു പിന്നെ ഉറക്കെ നിലവിളിച്ച് കൊണ്ട് അന്ത്യ ശ്വാസം വലിച്ചു. (മ. 27:45-50)
ഏലോഹീ ഏലോഹീ ലമ്മാ സബക്താനീ എന്നാണ്‌ കരഞ്ഞത്. (മാര്‍. 15:33-39)
യേശു ഉറക്കെ നിലവിളിക്കുകയും 'എന്റെ ആത്മാവിനെ നിന്റെ കൈകളില്‍ ഏല്‍പ്പിക്കുന്നു' എന്ന് പറഞ്ഞ് അന്ത്യശ്വാസം വലിക്കുകയും ചെയ്തു. (ലൂക്കോ. 23:44-47) വിനാഗിരി കുടിച്ച ശേഷം 'എല്ലാം പൂര്‍ത്തിയായി' എന്ന് പറഞ്ഞ് പ്രാണന്‍ വെടിഞ്ഞു. (യോഹ. 19:28-30)

* യഥാര്‍ത്ഥത്തില്‍ അന്ത്യനിമിഷത്തില്‍ എന്താണ്‌ സംഭവിച്ചത്? മത്തായിയും മാര്‍ക്കോസും പറഞ്ഞത് പോലെയൊ? അതല്ല; ലൂക്കോസോ അല്ലെങ്കില്‍ യോഹന്നാനോ പറഞ്ഞത് പോലെയോ?

9. ക്രിസ്തുവിന്റെ മരണം നടന്നപ്പോള്‍ ദേവാലയത്തിന്റെ തിരശ്ശീല കീറിയ കാര്യം യോഹന്നാനൊഴികെ മൂന്ന് സുവിശേഷകരും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ആ സമയത്ത്: 1. ഭൂമി കുലുങ്ങി. 2. പാറകള്‍ പിളര്‍ന്നു. 3. ശവകുടീരങ്ങള്‍ തുറക്കപ്പെട്ടു. 4. അനേകം വിശുദ്ധരുടെ ശരീരങ്ങള്‍ ഉയിര്‍പ്പിക്കപ്പെട്ടു. 5. അവര്‍ വിശുദ്ധ നഗരത്തിലെ അനേകര്‍ക്ക് പ്രത്യക്ഷരായി.പക്ഷെ ഇതൊന്നും മത്തായി (27:51-54) ഒഴികെ മറ്റാരും റിപ്പോര്‍ട്ട് ചെയ്തില്ല. ഇത് അല്‍ഭുതകരമായിരിക്കുന്നു. ദേവാലയത്തിന്റെ തിരശ്ശീല കീറുന്നത് കണ്ടവര്‍ ഭൂമി കുലുങ്ങിയതും പാറകള്‍ പിളര്‍ന്നതും കണ്ടില്ലത്രേ. ഒരു തിരശ്ശീല കീറുന്നത് നോക്കി നിന്നാലേ കാണുകയുള്ളു; എന്നാല്‍ ഭൂമി കുലുക്കമോ? ഉറങ്ങിക്കിടക്കുന്നവര്‍ പോലും അറിയും. എന്നിട്ടും ഈ മഹാല്‍ഭുതം

* മത്തായി ഒഴികെ മറ്റാരും അറിഞ്ഞില്ലെന്ന്. ഇതെങ്ങനെ വിശ്വസികുക?

10. കുരിശില്‍ ഒരു ലിഖിതം സ്ഥാപിച്ചതായി എല്ലാ സുവിശേഷകരും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 'യഹൂദരുടെ രാജാവായ യേശുവാണിവന്‍' (മ. 27:37), 'യഹൂദരുടെ രാജാവ്' (മാ. 15:27), 'ഇത് യഹൂദരുടെ രാജാവാണ്‌'. (ലൂ. 23:38), 'നസറായനായ യേശു യഹൂദരുടെ രാജാവ്' (യോ. 19:19). നേരിയ തോതിലെങ്കിലും വ്യത്യാസം ഇവയില്‍ കാണപ്പെടുന്നുണ്ട്.

* ഒരു ലിഖിതം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ കൃത്യമാകേണ്ടതുണ്ട്. എന്നാല്‍ ഇവിടെയത് പാലിക്കപ്പെട്ടുകാണുന്നില്ല. എന്ത് കൊണ്ട്?

11. ക്രൂശിക്കപ്പെട്ടിടത്ത് ക്രിസ്തുവിന്റെ അമ്മയുണ്ടായിരുന്നതായും കുരിശില്‍ കിടന്ന് കൊണ്ട് അദ്ദേഹം അമ്മയോട് സംസാരിച്ചതായും യോഹന്നാന്‍ (19:25) റിപ്പോര്‍ട്ട് ചെയ്യൂന്നുണ്ട്. എന്നാല്‍ മറ്റുള്ളവര്‍ ഇത് കണ്ടില്ല. അവിടെയുണ്ടായിരുന്ന പല സ്ത്രീകളുടെയും പേര്‌ എടുത്ത് പറഞ്ഞിട്ടും സുപ്രധാനമായ ഇക്കാര്യം മാത്രം മറ്റുള്ളവര്‍ കണ്ടില്ല.

* ശരിയ്ക്കും അദ്ദേഹത്തിന്റെ അമ്മ മറിയം അവിടെ ഉണ്ടായിരുന്നോ? അവര്‍ തമ്മില്‍ സംസാരിച്ചുവോ?

12. ആഴ്‌ചയിലെ ഒന്നാം നാള്‍ അതിരാവിലെ മഗ്ദലന മറിയമും മറ്റെ മറിയമും കല്ലറയിലേക്ക് ചെന്നു എന്ന് നാല്‌ പേരും പറയുന്നു. എന്നാല്‍ ഇത് സൂര്യന്‍ ഉദിച്ചപ്പോള്‍ ആണെന്ന് മാര്‍. 16: 1 പറയുമ്പോള്‍ അല്ല; ഇരുട്ടുള്ളപ്പോള്‍ തന്നെയാണെന്ന് യോഹ 20:1 പറയുന്നു.

* ഉദിച്ചപ്പോള്‍ / ഇരുട്ടുള്ളപ്പോള്‍: ഇത് രണ്ടും രണ്ടാണ്‌. ഏതാണ്‌ ശരി?

13. ക്രിസ്തുവിന്റെ കല്ലറ അടച്ച കല്ല്‌ ആരാണ്‌ നീക്കിയത്? കാലത്ത് കല്ലറ കാണാന്‍ ചെന്ന മഗ്ദലന മറിയമും മറ്റെ മറിയമും പറഞ്ഞെന്ന് മത്തായി റിപ്പോര്‍ട്ട് ചെയ്യുന്നു: 'അവര്‍ ചെന്നപ്പോള്‍ ഒരു മാലാഖ ആകാശത്ത് നിന്ന് ഇറങ്ങി വരുകയും കല്ല്‌ ഉരുട്ടി മാറ്റുകയും എന്നിട്ട് അതിന്‍മേല്‍ കയറി ഇരിക്കുകയും ചെയ്യുന്നത് അവര്‍ കണ്ടുവെന്ന്. (മത്തായി 28:2) എന്നാല്‍ മറ്റ് മൂന്ന് സുവിശേഷകരും (മാ. 16:4, ലൂ. 24:2, യോ. 20:1) പറയുന്നത് മഗ്ദലന മറിയമും മറ്റെ മറിയമും അവിടെ എത്തിയപ്പോള്‍ തന്നെ കല്ല്‌ ഉരുട്ടി മാറ്റപ്പെട്ടതായിട്ടാണ്‌ കണ്ടതെന്നാണ്‌.

* അവര്‍ എത്തിയ ശേഷം ഉരുട്ടി മാറ്റി എന്നതും നേരത്തെ തന്നെ മാറ്റപ്പെട്ടു എന്നതും രണ്ടാണ്‌. ഏതാണ്‌ ശരി?

14. അവര്‍ കല്ലറ സന്ദര്‍ശിക്കാന്‍ ചെന്നപ്പോള്‍ വലിയ ഭൂകമ്പമുണ്ടായെന്ന് മത്തായി (28:2) പറയുന്നു. എന്നാല്‍ മറ്റ് മൂന്ന് പേരും ഈ ഭൂകമ്പം അറിഞ്ഞില്ലത്രെ! നാട്ടില്‍ നടക്കുന്ന പല സംഭവങ്ങളും പോലെയല്ല ഭൂകമ്പം. നേരത്തെ സൂചിപ്പിച്ചത് പോലെ ഉറങ്ങിക്കിടക്കുന്നവര്‍ പോലും അതറിയും. അതിന്റെ അടയാളം വളരെക്കാലം കാണാന്‍ പാകത്തില്‍ നിലനില്‍ക്കുകയും ചെയ്യും. എന്നിട്ടും അവര്‍ അറിഞ്ഞില്ലെന്ന്.

* ശരിയ്ക്കും ഭൂകമ്പം ഉണ്ടായിരുന്നോ?

15. അവര്‍ കല്ലറയ്കകത്ത് ഒരു മാലാഖയെ കണ്ടെന്ന് മാര്‍ക്കോസ് (16:5) പറയുമ്പോള്‍, രണ്ട് പേരെ കണ്ടെന്നാണ്‌ ലൂക്കോസ് (24:4) പറഞ്ഞത്. ഒരു മാലാഖയെ പുറത്ത് കണ്ടെന്നാണ്‌ മത്തായി (28:2) പറഞ്ഞത്. എന്നാല്‍ അകത്തോ പുറത്തോ ഒരു മാലാഖയെയും കണ്ടതായി യോഹന്നാന്‍ പറയുന്നില്ല.

* ശരിയ്ക്കും അവര്‍ മാലാഖയെ കണ്ടിരുന്നോ?: ഒന്ന്?/ രണ്ട്?/ അകത്ത്?/ പുറത്ത്?

16. മഗ്ദലന മറിയമും മറ്റെ മറിയമും കല്ലറയില്‍ കടന്നെന്നാണ്‌ മൂന്ന് സുവിശേഷകരും (മ. 28:5, മാ. 16:5, ലൂ. 24:2) പറയുന്നത്. എന്നാല്‍ കല്ല്‌ മാറ്റിയതയി കണ്ടപ്പോള്‍, അകത്ത് കടക്കാതെ അവര്‍ ഓടിപ്പോയെന്ന് യോഹന്നന്‍ (20:2) പറയുന്നു.

* അവര്‍ കല്ലറയില്‍ കയറി നോക്കിയോ? അതല്ല ഓടിയോ?

17. ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റെന്ന് സ്ത്രീകളെ അറിയിച്ചത് മാലാഖയാണെന്ന് മൂന്ന് സുവിശേഷകന്‍മാര്‍ (മ. 28:6, മാ. 16:6, ലൂ. 24:6) പറയുന്നു. എന്നാല്‍ യോഹന്നാന്‍ (20:9) പറയുന്നത് അത് ശിഷ്യന്‍മാര്‍ സ്വയം അനുമാനിച്ചെന്നാണ്‌.

* എന്താണ്‌ സംഭവിച്ചത്? മാലാഖ പറഞ്ഞോ? അതല്ല ശിഷ്യന്‍മാര്‍ അനുമാനിച്ചോ?

18. മഗ്ദലന മറിയം ഉള്‍പ്പെടെയുള്ള സ്ത്രീകള്‍ ക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് വിവരം ശിഷ്യന്‍മാരെ അറിയിച്ചെന്ന് രണ്ട് സുവിശേഷകന്‍മാര്‍ (മ. 28:7,8, ലൂ. 24:9,10) പറയുന്നു. എന്നാല്‍ മാര്‍ക്കോസ് പറയുന്നത്: ഉയിര്‍ത്തെഴുന്നേറ്റ കാര്യം ശിഷ്യന്‍മാരെ അറിയിക്കാന്‍ സ്ത്രീകളെ മാലാഖ ചുമതലപ്പെടുത്തിയിരുന്നെങ്കിലും (16:7) ഭയം മൂലം അവര്‍ ആരോടും ഒന്നും പറഞ്ഞില്ലെന്നാണ്‌. (16:8) അതേസമയം യോഹന്നാന്‍ (20:2) പറയുന്നത് ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ മറ്റൊരു കഥയാണ്‌: "അവര്‍ കര്‍ത്താവിനെ കല്ലറയില്‍ നിന്ന് എടുത്ത് മാറ്റിയിരിക്കുന്നു. അവര്‍ അവനെ എവിടെ വച്ചെന്ന് ഞങ്ങള്‍ക്ക് അറിഞ്ഞു കൂടാ" എന്നാണ്‌ ഈ സ്ത്രീകള്‍ ശിഷ്യന്‍മാരോട് പറഞ്ഞതത്രെ.

* യഥാര്‍ത്ഥത്തില്‍ അവര്‍ ശിഷ്യന്‍മാരോട് പറഞ്ഞതെന്താണ്‌? ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റെന്നാണോ? അതല്ല; ബോഡി കാണുന്നില്ലെന്ന് മാത്രമോ?

കുരിശ് സംഭവം കെട്ടുകഥയല്ലെന്ന് കരുതാന് ഒരു ന്യായവുമില്ല. സുവിശേഷകന്‍മാര്‍ തമ്മിലുള്ള വൈരുദ്ധ്യമാണ്‌ പ്രധാനമായും ഇതിന്റെ വിശ്വാസ്യത തകര്‍ക്കുന്നത്. കുരിശ് സംഭവം നടന്നിട്ടില്ലെന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നുണ്ടല്ലോ. എന്നാല്‍ ഇത് മുഹമ്മദിന്ന് പറ്റിയ ഒരു അബദ്ധമാണെന്നാണ്‌ ക്രൈസ്തവരുടെ വിലയിരുത്തല്‍. അവരെ വസ്തുതകള്‍ ബോദ്ധ്യപ്പെടുത്തന്‍ ഇത് സഹായകമാകും എന്ന് കരുതുന്നു. അനുകൂലിച്ചൂം പ്രതികൂലിച്ചുമുള്ള അഭിപ്രായങ്ങള്‍ സ്വാഗതം ചെയ്യുന്നു; ആരോഗ്യകരമയ ചര്‍ച്ച നടക്കട്ടെ.

യാതൊരാവശ്യവുമില്ലാതെ ചില യുക്തിവാദികളും ഇത്തരം വിഷങ്ങളില്‍ ക്രൈസ്തവ പക്ഷത്ത് കക്ഷി ചേരുന്നത് കാണാം. എന്നിട്ട് ബൈബിള്‍ പറഞ്ഞത് ശരിയും കുര്‍ആന്‍ പറഞ്ഞത് തെറ്റും ആണെന്ന മട്ടില്‍ വാദിച്ചു കൊണ്ടിരിക്കുകയും ചെയ്യും. നാം ക്രിസ്തുമതത്തെ വിമര്‍ശിച്ചാലോ; അതവര്‍ക്ക് ഇഷ്ടപ്പെടുകയില്ല. ക്രിസ്തുമതവുമായി ബന്ധപ്പെട്ട വല്ലതും ചോദിച്ചാല്‍ അവര്‍ ഉത്തരം പറയുകയുമില്ല; അതൊക്കെ ക്രിസ്ത്യാനികളോട് പറയണം/ ചോദിക്കണം എന്നായിരിക്കും അവരുടെ മറുപടി. അഥവാ എങ്ങനെയെങ്കിലും ഇസ്‌ലാമിനെ വിമര്‍ശിക്കണം എന്നേ അവര്‍ക്കുള്ളൂ. അത് ക്രിസ്തുമതത്തെ ന്യായീകരിച്ചുകൊണ്ടായാലും അവര്‍ക്ക് വിരോധമൊന്നുമില്ല. ഇത് കാണുമ്പോള്‍ ഇവര്‍ 'യുക്തിവാദികള്‍' തന്നെയോ എന്ന് സംശയിച്ച് പോയാല്‍ അതൊരു തെറ്റാവുകയില്ലെന്ന് കരുതുന്നു.

കുരിശ് സംഭവത്തെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നു:
"അവര്‍ ഊറ്റംകൊണ്ടു: `മസീഹ് ഈസബ്‌നുമര്‍യമിനെ, ദൈവദൂതനെ, ഞങ്ങള്‍ വധിച്ചുകളഞ്ഞിരിക്കുന്നു. സത്യത്തിലോ, അവരദ്ദേഹത്തെ വധിച്ചിട്ടില്ല. ക്രൂശിച്ചിട്ടുമില്ല. പിന്നെയോ, സംഭവം അവര്‍ക്ക് അവ്യക്തമാവുകയത്രെ ഉണ്ടായത്. അദ്ദേഹത്തെക്കുറിച്ചു ഭിന്നാഭിപ്രായമുള്ളവരും സന്ദേഹത്തില്‍ തന്നെയാകുന്നു. അവരുടെ പക്കല്‍ ആ സംഭവത്തെക്കുറിച്ച് ഒരറിവുമില്ല; കേവലം ഊഹത്തെ പിന്തുടരുന്നതല്ലാതെ. അവര്‍ മസീഹിനെ ഉറപ്പായും വധിച്ചിട്ടില്ല. പ്രത്യുത അദ്ദേഹത്തെ അല്ലാഹു അവങ്കലേക്കുയര്‍ത്തിയതാകുന്നു. അല്ലാഹുവോ, അജയ്യശക്തനും അഭിജ്ഞനുമല്ലോ." (4:157-158)

കെ.കെ. ആലിക്കോയ

അബ്രഹാമിന്റെ ബലി
ഇംറാന്‍, ഹാറൂന്‍, മറിയം, ഈസാ
ഇസ്‌ലാമും ക്രിസ്തുമതവും
പ്രവചിക്കപ്പെട്ട ഇമ്മാനുവേല്‍
ലേവി വംശജനായ യേശു ക്രിസ്തു

Saturday, November 6, 2010

അബ്രഹാമിന്റെ ബലി

സന്താനമില്ലായ്മ അബ്രഹാമിനെ വല്ലാതെ ദുഖിപ്പിച്ചിരുന്നു. എങ്കിലും അദ്ദേഹം പ്രതീക്ഷയോടെ പ്രാര്‍ത്ഥിച്ചു പോന്നു. 'നാഥാ എനിക്ക് സുകൃതവാനായ ഒരു സന്താനത്തെ നല്‍കേണമേ! (ഖുര്‍ആന്‍ 37:100) ബൈബിള്‍ പറയുന്നതനുസരിച്ച് അദ്ദേഹത്തിന്ന് 87 വയസ്സായപ്പോഴാണ്‌ ഇശ്‌മയേല്‍ പിറന്നത്. (ഉല്‍പ്പത്തി 16:16) 'ഇശ്‌മയേല്‍' എന്നാല്‍ 'ദൈവം കേള്‍ക്കുന്നു' എന്നര്‍ത്ഥം. ദശാബ്ദങ്ങളായി ദൈവത്തിന്റെ ഉറ്റ മിത്രം ഉള്ളുരുകി പ്രാര്‍ത്ഥിച്ചിട്ട്, അതിന്നുത്തരമായി കിട്ടിയ പൊന്നോമനയ്ക്ക് ഇതിലേറെ അനുയോജ്യമായ വേറെ പേരുണ്ടോ?

എന്നാല്‍, അബ്രഹാമിന്റെ വാഗ്ദത്ത പുത്രനെന്ന സ്ഥാനം ഇശ്‌മയേലിന്ന് വകവച്ചു കൊടുക്കാന്‍ ഇസ്രയേല്യര്‍ തയ്യാറല്ല. അത്കൊണ്ട് അവര്‍ ബൈബിളില്‍ ഇങ്ങനെ എഴുതിച്ചേര്‍ത്തു. "യഹോവയുടെ ദൂതന്‍ വീണ്ടും അവളോട് (ഹാഗാറിനോട്) പറഞ്ഞു: ..... നീ ഗര്‍ഭിണിയാണല്ലോ; നീ ഒരു മകനെ പ്രസവിക്കും. യഹോവ നിന്റെ സങ്കടം കേള്‍ക്ക കൊണ്ട് അവന്ന് ഇശ്‌മയേല്‍ എന്ന് പേര്‍ വിളിക്കണം. (ഉല്‍പ്പത്തി 16:11) യഹോവ ഹാഗാറില്‍ നിന്ന് എന്ത് സങ്കടമാണ്‌ കേട്ടതെന്ന് ഇവിടെ വ്യക്തമാക്കിയിട്ടില്ല .

എന്നാല്‍ മറ്റൊരാള്‍ ദൈവത്തോട് സങ്കടം ബോധിപ്പിച്ചിട്ടുണ്ട്- അബ്രഹാം. അതിപ്രകാരമായിരുന്നു: "ദൈവമേ എനിക്കൊരു അനന്തരാവകാശി ഇല്ല. ദമാസ്‌കസുകാരനായ ഏല്യാസര്‍ എന്ന ഈ ദാസന്‍ മാത്രമാണ്‌ എനിക്കവകാശിയായിട്ടുള്ളത്. നീ എനിക്കൊരു പുത്രനെ തന്നില്ലല്ലോ. ഈ സങ്കടം ദൈവം കേട്ടു; ഉത്തരം അനല്‍കി: "ഏല്യാസര്‍ നിന്റെ അവകാശി ആവുകയില്ല. നിന്നില്‍ നിന്ന് ജനിച്ച നിന്റെ പുത്രന്‍ തന്നെ നിന്റെ അവകാശിയാകും. (ഉല്‍പ്പത്തി 15:2-4)

അടയാളം

പുത്രവാഗ്ദാനത്തോടൊപ്പം, വാഗ്ദത്തപുത്രനെ തിരിച്ചറിയാനുതകുന്ന വ്യക്തമായ ഒരടയാളവും നിശ്ചയിക്കപ്പെട്ടു. "അന്ന് ദൈവം അബ്രഹാമിനോട് ഒരു ഉടമ്പടി ഉണ്ടാക്കി പറഞ്ഞു: ഞാന്‍ നിന്റെ സന്തതികള്‍ക്കായി ഈജിപ്തിലെ (നൈല്‍) നദി മുതല്‍ മഹാനദിയായ യൂഫ്രട്ടീസ് വരെയുള്ള ദേശം തരുന്നു. കേനിയര്‍, കെനീസിയര്‍, കദ്മോനിയര്‍, ഹിത്തിയര്‍, പെരിസിയര്‍, രെഫായീമിയര്‍, അമോരിയര്‍, കനാനിയര്‍, ഗിര്‍ഗ്ഗശിയര്‍, യെബൂസിയര്‍ എന്നിവരുടെ ദേശം. (ഉല്‍പ്പത്തി 15: 18-21) ഈ വാഗ്ദാനത്തെത്തുടര്‍ന്ന് അബ്രഹാമിന്ന് ഇശ്‌മയേല്‍ എന്ന പുത്രന്‍ ജനിച്ചു. ഉല്‍പ്പത്തി 16-ആം അദ്ധ്യായം ഇശ്‌മയേലിന്റെ ജനനത്തെക്കുറിച്ചുള്ളതാണ്‌.

ഇതോട് ചെര്‍ത്തു വായിക്കേണ്ടതാണ്‌ അബ്രഹാമിന്റെ രണ്ടാമത്തെ പുത്രനായ ഇസ്‌ഹാഖിന്റെ ജനനത്തെ സംബന്ധിച്ചുള്ള സുവിശേഷം. ഇസ്‌ഹാഖിന്റെ സന്താന പരമ്പരയ്ക്കും ഒരു ദേശം വാഗ്ദാനം ചെയ്തിട്ടുണ്ട്. "നിനക്കും അനന്തര തലമുറകള്‍ക്കും നിന്റെ പ്രവാസദേശമായ ഈ കനാന്‍ മുഴുവന്‍ ശാശ്വതാവകാശമായി ഞാന്‍ തരും." (ഉല്‍പ്പത്തി 17:8)

ഇപ്പോള്‍ കനാന്‍ ദേശവുമായി ബന്ധപ്പെട്ടു രണ്ട് വാഗ്ദാനങ്ങളായി. ഒന്ന്: അബ്രഹമിന്നും അദ്ദേഹത്തെത്തുടര്‍ന്ന് സന്താന പരമ്പരക്കും. ഈ വാഗ്ദാനം നല്‍കപ്പെടുന്നത് ഇസ്‌ഹാഖിന്റെ പിറവി സംബന്ധിച്ചുള്ള സുവിശേഷത്തോടൊപ്പമാണ്‌. അത്കൊണ്ട് ഇസ്‌ഹാഖിന്റെ പരമ്പരയ്ക്കുള്ളതാണ്‌ ഈ വാഗ്ദാനമെന്ന് അനുമാനിക്കാം. രണ്ട്: കനാന്‍ ഉള്‍പ്പെടെയുള്ള 10 ജനതകളുടെ വാസസ്ഥലം അതായത് യൂഫ്രട്ടീസ് നദി മുതല്‍ നൈല്‍ നദി വരെയുള്ള വിശാലമായ ഭൂപ്രദേശം അബ്രഹാമിന്റെ സന്താന പരമ്പരക്ക്. ഇശ്‌മയേലിന്റെ ജനനത്തെക്കുറിച്ചുള്ള സുവിശേഷത്തോടൊപ്പമാണ്‌ ഈ വാഗ്ദാനം നല്‍കപ്പെട്ടത്. അത്കൊണ്ട് ഇശ്‌മയേലിന്റെ പരമ്പരയ്ക്കുള്ളതാണ്‌ ഈ വാഗ്ദാനമെന്നും അനുമാനിക്കാം. ഇശ്‌മയേല്‍ പരമ്പരയില്‍ ജനിച്ച മുഹമ്മദ് നബിയിലൂടെ സ്ഥാപിക്കപ്പെട്ട ഇസ്‌ലാമിന്ന് മാത്രമേ ഈ ഭൂപ്രദേശം മുഴുവനായി അധീനപ്പെട്ടിട്ടുള്ളു. ഇത് അബ്രഹാമിന്റെ വാഗ്ദത്ത പുത്രനെ തിരിച്ചറിയാന്‍ സഹായിക്കുന്ന ഒരടയാളമാണ്‌.

ഇരട്ടത്താപ്പ്

എന്നാല്‍, വര്‍ഗ്ഗ വൈരം മൂത്ത ഇസ്രയേല്യര്‍ ഇശ്‌മയേലിനെ വാഗ്ദത്ത പുത്രനായി അംഗീകരിക്കുന്നില്ലെന്ന് മാത്രമല്ല; അദ്ദേഹം സ്വന്തം പിതാവിന്റെ യഥാര്‍ത്ഥ പുത്രന്‍ പോലുമല്ലെന്ന് വാദിക്കുകയും ചെയ്യുന്നു; എന്നാല്‍ ബൈബിള്‍ അവര്‍ക്ക് പ്രതികൂലമായ തെളിവാണ്‌ നല്‍കുന്നത്.
ഒന്നാം ദിനവൃത്താന്തം 1:28 -ല്‍ വംശാവലി പട്ടികയില്‍ ആബ്രഹാമിന്റെ രണ്ട് പുത്രന്‍മാരുടെ (ഇശ്‌മയേല്‍, ഇസ്‌ഹാഖ്) പേര്‌ പറഞ്ഞിട്ടുണ്ട്. അവിടെ ഇരുവര്‍ക്കുമിടയില്‍ ഒരു വിവേചനവും കല്‍പ്പിച്ചു കാണുന്നില്ല. അതേസമയം ഇതേ അദ്ധ്യായം 32-ആം വാക്യത്തില്‍ ഇങ്ങനെ കാണാം: "അബ്രഹാമിന്റെ ഉപഭാര്യയായ (വെപ്പാട്ടിയായ) കെതൂറയുടെ പുത്രന്‍മാര്‍: സിമ്രാന്‍, യോക്‌ശാല്‍, മേദാന്‍, മിദ്യാന്‍, യിശ്‌ബാക്, ശൂവഹ് എന്നിവരെ അവള്‍ പ്രസവിച്ചു."

ഈ ആറു പേരെ ആദ്യം പറഞ്ഞ രണ്ട് പേര്‍ക്കൊപ്പം ചേര്‍ത്തു പറഞ്ഞില്ല. മാത്രമല്ല; ഇശ്‌മയേലിന്റെ പേരെണ്ണിയത് ഇക്കൂട്ടത്തിലല്ല; ഇസ്‌ഹാഖിന്റെ കൂടെയാണ്‌. കെതൂറ ജന്മം നല്‍കിയ ആറ്‌ പുത്രന്‍മാര്‍ക്കില്ലാത്ത ഒരു സവിശേഷത ഇവരിരുവര്‍ക്കുമുണ്ടെന്നതാണിതിന്ന് കാരണം. ശരിയായ ഭാര്യമാരില്‍ നിന്ന് ജനിച്ചവരാണിരുവരും.

ഇത് പറയൂമ്പോള്‍ ഇസ്രയേല്യര്‍ മറ്റൊരു എതിര്‍വാദവുമായി രംഗത്ത് വരും. അതിപ്രകാരമാണ്‌: 'ഹാഗാര്‍ അബ്രഹാമിന്റെ ഭാര്യ തന്നെ; എങ്കിലും അവള്‍ സ്വതന്ത്രയായിരുന്നില്ല; ദാസിയയിരുന്നു. അത്കൊണ്ട് സ്വതന്ത്രയില്‍ നിന്ന് ജനിച്ച പുത്രനൊപ്പം അവകാശിയാകാന്‍ 'അടിമയായിരുന്നവളില്‍' നിന്ന് ജനിച്ച ഇശ്‌മയേല്‍ യോഗ്യനല്ല.'

ഇവിടെ ഇശ്‌മയേലിനോട് അവര്‍ കാണിക്കുന്നത് വ്യക്തമായ ഇരട്ടത്താപ്പ് നയമാണെന്നതിന്നും ബൈബിള്‍ സാക്ഷിയാണ്‌. നോക്കൂ: ഇസ്രയേലിന്റെ 12 ഗോത്രപിതാക്കളില്‍ നാലു പേര്‍ ജനിച്ചത് അടിമസ്ത്രീകളില്‍ നിന്നാണ്‌. 'യാക്കോബിന്റെ ഭാര്യ റാഹേലിന്റെ ദാസിയായിരുന്നു ബില്‍ഹാ. റാഹേല്‍ അവളെ യാക്കോബിന്ന് ഭാര്യയായിട്ട് നല്‍കി. (ഉല്‍പ്പത്തി 30:4)
അവള്‍ രണ്ട് പുത്രന്‍മാര്‍ക്ക് ജന്മം നല്‍കി. ദാന്‍, നഫ്‌താലി. (ഉല്‍പ്പത്തി 30:68) മറ്റൊരു ഭാര്യയായ ലേയ അവരുടെ ദാസി സില്‍പയെ യാക്കോബിന്ന് ഭാര്യയായിട്ട് നല്‍കി. (ഉല്‍പ്പത്തി 30:9) ശേര്‍, ഗാദ് എന്നീ പുത്രന്‍മാര്‍ അവരില്‍ നിന്ന് പിറന്നു. (ഉല്‍പ്പത്തി 30:10-13) ദാസിമാരില്‍ നിന്ന് ജനിച്ച ഈ നാലു പേര്‍ കൂടി ഉള്‍ക്കൊള്ളുന്നതാണ്‌ ഇസ്രയേല്‍ വംശത്തിന്റെ 12 ഗോത്രപിതാക്കന്മാര്‍. ഈ നാലു പേര്‍ക്കും അവരുടെ സന്താന പരമ്പരക്കും യാക്കോബിന്റെ അവകാശികളാകാന്‍ അര്‍ഹതയുണ്ടെങ്കില്‍ അബ്രഹാമിന്റെ അവകാശിയാകാന്‍ ഇശ്‌മയേലിന്നും അദ്ദേഹത്തിന്റെ സന്താന പരമ്പക്കും അര്‍ഹതയുണ്ട്.

പുറത്താക്കി?

ബൈബിള്‍ പറയുന്നു: ഇശ്‌മയേല്‍ ഇസ്‌ഹാഖിന്റെ കൂടെ അവകാശിയാകുന്നത് സാറ ഇഷ്ടപ്പെട്ടിരുന്നില്ല. അതിനാല്‍ ഹാഗാറിനെയും ഇശ്‌മയേലിനെയും പുറത്താക്കാന്‍ അവര്‍ അബ്രഹാമിനോട് ആവശ്യപ്പെട്ടു. (ഇസ്‌ഹാഖിന്റെ മുലകുടി നിറുത്തല്‍ ചടങ്ങിന്റെ ഘട്ടത്തിലാണ്‌ ഇത് സംഭവിച്ചത്.) പുത്രവാല്‍സല്യം മൂലം അബ്രഹാമിന്ന് അത് പ്രയാസകരമയി തോന്നി. എന്നാല്‍ ഒട്ടും പ്രയാസം തോന്നാതെ സാറയുടെ ഇഷ്ടം നടപ്പില്‍ വരുത്താന്‍ ദൈവം കല്‍പ്പിച്ചു. അദേഹമത് നടപ്പിലാക്കി.

ഇനി ഈ സംഭവം നടന്നത് എപ്പോഴാണെന്ന് നോക്കാം. അബ്രഹാമിന്റെ 86-ആം വയസ്സിലാണ്‌ ഇശ്‌മയേല്‍ ജനിച്ചത്; 100-ആം വയസ്സില്‍ ഇസ്‌ഹാഖും. രണ്ട് വയസ്സ് പൂര്‍ത്തിയായപ്പോഴാണ്‌ ഇസ്‌ഹാഖിന്റെ മുലകുടി നിറുത്തിയതെന്ന് കണക്കാക്കിയാല്‍ ആ സമയത്ത് ഇശ്‌മയേലിന്ന് വയസ്സ് 16 ആയിട്ടുണ്ടാകും. (ഉല്‍പ്പത്തി 16:16, 21:5, 21:8-11 കാണുക.)

എന്നാല്‍ ഖുര്‍ആനില്‍ നിന്നും നബിവചനത്തില്‍ നിന്നും മനസ്സിലാകുന്നത് മറ്റൊന്നാണ്‌. ഹാഗാറിനെയും മകന്‍ ഇശ്‌മയേലിനെയും പുറത്താക്കാന്‍ സാറ ആവശ്യപ്പെട്ടിട്ടില്ല; പുറത്താക്കിയിട്ടുമില്ല. മറിച്ച് ഹാഗാറിനെയും മുലകുടി പ്രായത്തിലുള്ള ഇശ്‌മയേലിനെയും മക്കയില്‍ കൊണ്ട് ചെന്ന് താമസിപ്പിക്കുവാന്‍ ദൈവം അബ്രഹാമിനോട് കല്‍പ്പിച്ചു; അദ്ദേഹമത് അനുസരിക്കുകയും ചെയ്തു. പുതിയ ഒരു ജനതയ്ക്ക് അത് മൂലം തുടക്കം കുറിക്കപ്പെട്ടു. ഇതാണ്‌ വസ്തുത.

ഈ 'പുറത്താക്കല്‍' സംഭവത്തിന്റെ ബൈബിള്‍ വിവരണം ശ്രദ്ധിച്ചു വായിച്ചാല്‍ ഇസ്‌ലാമിന്റെ കാഴ്ചപ്പാടാണ്‌ ശരിയെന്ന് മനസ്സിലാക്കാം: "അബ്രഹാം അതിരാവിലെ എഴുന്നേറ്റ് അപ്പവും ഒരു തുരുത്തി വെള്ളവും ഹാഗാറിനെ ഏല്‍പ്പിച്ചു; കുട്ടിയെ തോളില്‍ വച്ച് അവളെ പറഞ്ഞയച്ചു. അവര്‍ അവിടം ​വിട്ട് ബേര്‍ശേബാ മരുഭൂമിയില്‍ അലഞ്ഞു നടന്നു. തുരുത്തിയിലെ വെള്ളം തീര്‍ന്നപ്പോള്‍ അവള്‍ കുട്ടിയെ ഒരു കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു. അവള്‍ അവിടെ നിന്നും കുറച്ചകലെ, അതായത് ഏകദേശം ഒരു വില്‍പ്പാട് ദൂരെ പുറം തിരിഞ്ഞിരുന്ന് 'എനിക്ക് കുഞ്ഞിന്റെ മരണം കാണേണ്ടാ' എന്ന് പറഞ്ഞു. അവള്‍ ദൂരെ മാറി പുറം തിരിഞ്ഞിരുന്നപ്പോള്‍ കുട്ടി ഉറക്കെ കരഞ്ഞു. ദൈവം കുട്ടിയുടെ നിലവിളി കേട്ടു. ദൈവത്തിന്റെ മാലാഖ ആകാശത്ത് നിന്ന് ഹാഗാറിനോട് വിളിച്ചു പറഞ്ഞു: 'ഹാഗാറേ നീ എന്തിന്‍ വിഷമിക്കുന്നുന്നു? ഭയപ്പെടേണ്ടാ. കുട്ടി ഇരിക്കുന്ന ഇടത്തില്‍ നിന്ന് ദൈവം അവന്റെ നിലവിളി കേട്ടിരിക്കുന്നു. എഴുന്നേല്‍ക്കുക. കുട്ടിയെ എടുത്ത് നിന്റെ കരവലയത്തില്‍ ഉറപ്പിച്ചു നിറുത്തുക. ഞാന്‍ അവനെ ഒരു വലിയ ജനതയാക്കും. അനന്തരം ദൈവം അവളുടെ കണ്ണ് തുറന്നു. അവള്‍ ഒരു നീരുറവ കണ്ടു. അവള്‍ ചെന്ന് തുരുത്തിയില്‍ വെള്ളം നിറച്ചു. പുത്രന്ന് കുടിക്കാന്‍ കൊടുത്തു. ദൈവം ബാലനോട് കൂടെ ഉണ്ടായിരുന്നു. അയാള്‍ വളര്‍ന്നു വന്നു; അയാള്‍ മരുഭൂമിയില്‍ പാര്‍ത്തു. അമ്മ അയാള്‍ക്ക് ഈജിപ്ത് ദേശത്ത് നിന്ന് ഒരു ഭാര്യയെ തെരഞ്ഞെടുത്തു. (ഉല്‍പ്പത്തി 21:14-20)

ഈ ഉദ്ധരണിയിലെ ശ്രദ്ധിക്കേണ്ട ഭാഗങ്ങള്‍:

1. കുട്ടിയെ തോളില്‍ വച്ച് അവളെ പറഞ്ഞയച്ചു.
? 16 വയസ്സ് പ്രായമുള്ള മകനെ അവന്റെ അമ്മയുടെ തോളില്‍ വച്ചുകൊടുത്തെന്നോ?

2. അവള്‍ കുട്ടിയെ ഒരു കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു.
? 16 വയസ്സ് പ്രായമുള്ള കുട്ടിയെ …..

3. അവള്‍ ദൂരെ മാറി പുറം തിരിഞ്ഞിരുന്നപ്പോള്‍ കുട്ടി ഉറക്കെ കരഞ്ഞു.
? 16 വയസ്സ് പ്രായമുള്ള കുട്ടി…

4. ദൈവം കുട്ടിയുടെ നിലവിളി കേട്ടു.
? പതിനാറ്‌ വയസ്സുള്ള കുട്ടിയുടെ നിലവിളി; പ്രാര്‍ത്ഥനയല്ല.

5. ദൈവത്തിന്റെ മാലാഖ ആകാശത്ത് നിന്ന് ഹാഗാറിനോട് വിളിച്ചു പറഞ്ഞു:
?'കുട്ടിയുടെ നിലവിളിയുടെ ഉത്തരം' ദൈവം നല്‍കുന്നത് കുട്ടിക്കല്ല; അവന്റെ അമ്മയ്ക്കാണ്‌
.
6. കുട്ടിയെ എടുത്ത് നിന്റെ കരവലയത്തില്‍ ഉറപ്പിച്ചു നിറുത്തുക.
? പതിനാറ്‌ വയസ്സുള്ള കുട്ടിയെ…

7. അവള്‍ ചെന്ന് തുരുത്തിയില്‍ വെള്ളം നിറച്ചു. പുത്രന്ന് കുടിക്കാന് കൊടുത്തു.
? പതിനാറ്‌ വയസ്സുള്ള കുട്ടിയ്ക്ക്……

ഹാഗാറിനെ അബ്രഹാം അയച്ചപ്പോള്‍ ഇശ്‌മയേലിന്റെ പ്രായം 16-ഓ അതിന്നടുത്തോ ആയിരുന്നുവെങ്കില്‍ അയച്ചതിന്റെയും പോയതിന്റെയും അനന്തര സംഭവങ്ങളുടെയും സ്വഭാവവും രീതിയും ഇങ്ങനെയൊന്നും ആകുമായിരുന്നില്ല. അബ്രഹാമിനോടും ഹാഗാറിനോടും അവന്‍ സംസാരിക്കുമായിരുന്നു. ഹാഗാര്‍ അവനെ ഒരിടത്ത് ഉപേക്ഷിച്ച് മാറിയിരുന്ന് വിലപിക്കുന്നതിന്ന് പകരം അവര്‍ അവനോട് കാര്യങ്ങള്‍ കൂടിയാലോചിക്കുമായിരുന്നു. ദൈവത്തോട് അവന്‍ കരയുക മാത്രമല്ല; പ്രാര്‍ത്ഥിക്കുക കൂടി ചെയ്യുമായിരുന്നു. ദൈവം അവന്ന് തന്നെ ഉത്തരം നല്‍കുമായിരുന്നു. മിക്കവാറും അവന്‍ വെള്ളമെടുത്ത് അമ്മയ്ക്ക് കുടിയ്ക്കാന്‍ കൊടുക്കുമായിരുന്നു. ഒരു സംഭവത്തെക്കുറിച്ച് ബൈബിളിലെ ഒരേ അദ്ധ്യായത്തില്‍ കാണപ്പെടുന്ന വൈരുദ്ധ്യങ്ങള്‍ ആ കൃതിയുടെ വിശ്വാസ്യതയ്ക്ക് തന്നെ കളങ്കമേല്‍പ്പിക്കാന്‍ പോന്നവയാണ്‌.

ബലിപുത്രന്‍

പല തവണ ദൈവത്തിന്റെ പരീക്ഷണങ്ങള്‍ക്ക് വിധേയനാവുകയ്യും വിജയം വരിക്കുകയും ചെയ്ത മഹാനാണ്‌ അബ്രഹാം. ഒരിക്കലദ്ദേഹത്തെ ദൈവം പരീക്ഷിച്ചത് സ്വന്തം പുത്രനെ ബലി നല്‍കാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ്‌. ഇത് ഖുര്‍ആനിലും കാണാം. അവിടെ ബലിപുത്രന്റെ പേര്‌ പറഞ്ഞിട്ടില്ല. എങ്കിലും വിവരണ ശൈലിയില്‍ നിന്ന് ആദ്യജാതനായ ഇസ്‌മാഈലാണ്‌ ഉദ്ദേശ്യമെന്ന് വ്യക്തമാണ്‌. (ഖുര്‍ആന്‍ 37:99-112)

എന്നാല്‍ ബൈബിള്‍ പറയുന്നത് അബ്രഹാമിന്റെ രണ്ടാമത്തെ പുത്രനായ ഇസ്‌ഹാഖിനെ ബലി അല്‍കാന്‍ ദൈവം ആവശ്യപ്പെട്ടുവെന്നാണ്‌. "നിന്റെ പുത്രനെ, നീ അത്യധികം സ്നേഹിക്കുന്ന നിന്റെ ഏകജാതനായ ഇസഹാഖിനെ, കൂട്ടിക്കൊണ്ട് മോറിയാ ദേശത്തേക്ക് പോകുക. അവിടെ ഞാന്‍ കല്‍പ്പിക്കുന്ന മലയില്‍ അവനെ എനിക്ക് ഹോമിക്കുക. (ഉല്‍പ്പത്തി 22:2) ബലിസംബന്ധമായ ഈ കല്‍പനയില്‍ 'ഇസഹാഖി'നെ എന്ന് ബലിപുത്രന്റെ പേര്‌ വ്യക്തമായി പറയുന്നുണ്ടെന്നത് ശരി തന്നെ. എന്നാല്‍ ഇസ്‌ഹാഖിനെ വിശേഷിപ്പിച്ചത് 'ഏകജാതന്‍' എന്നാണ്‌. ഈ വിശേഷണം ഇസ്‌ഹഖിന്ന് ഒട്ടും ചേരുകയില്ല. കാരണം അവന്‍ ഒരിക്കലും അബ്രഹാമിന്റെ ഏകജാതന്‍ ആയിരുന്നിട്ടില്ല. അബ്രഹാമിന്ന് ആദ്യം പിറന്നത് ഇസ്‌മാഈലാണ്‌. അവന്ന് 14 വയസ്സായപ്പോഴാണ്‌ ഇസ്‌ഹാഖിന്റെ ജനനം. തനിക്ക് 14 വയസ്സ് ആകും വരെയുള്ള കാലം ഇസ്‌മാഈല്‍ അബ്രഹാമിന്റെ ഏകജാതന്‍ ആയിരുന്നു. ഇസ്‌ഹാഖിന്റെ ജനനത്തോടെ ആ വിശേഷണം ആരും അര്‍ഹിക്കാതെയുമായി.

ബലിപുത്രന്ന് ദൈവം നല്‍കിയ 'ഏകജാതന്‍' എന്ന വിശേഷണത്തില്‍ നിന്ന് രണ്ട് കാര്യങ്ങള്‍ മനസ്സിലാക്കാം. ഒന്ന്: ബലി നല്‍കാന്‍ ദൈവം കല്‍പ്പിച്ചത് ഇസ്‌മാഈലിനെയാണ്‌. രണ്ട്: ബലി നടത്താനുള്ള ഈ കല്‍പ്പന ദൈവം നല്‍കുന്നത് ഇസ്‌ഹാഖ് ജനിക്കുന്നതിന്ന് മുമ്പാണ്‌.

രണ്ട് പുത്രന്‍മാരുള്ള ഒരാളോട് അവരില്‍ ഒരുവനെ ബലി നല്‍കാന്‍ കല്‍പ്പിക്കുന്നത് പരീക്ഷണം തന്നെയാണ്‌. എന്നാല്‍ ഒരാളോട് അദ്ദേഹത്തിന്റെ വാര്‍ദ്ധക്യത്തില്‍ പിറന്ന ഏക മകനെ ബലി നല്‍കാന്‍ പറയുന്നതിലെ തീവ്രത മേല്‍ പറഞ്ഞതിന്നില്ല. കഠിനമായ പരീക്ഷണം 'ഏകജാതനെ' ബലി നല്‍കാന്‍ ആവശ്യപ്പെടുന്നത് തന്നെയാണ്‌; അബ്രഹാം യഥാര്‍ത്ഥത്തില്‍ നേരിട്ടത് പോലെ.

ബലിപെരുന്നാള്‍

മാത്രമല്ല; ഇസ്‌ഹാഖിന്റെ പരമ്പരയില്‍ ജനിച്ചവര്‍ ഈ ബലിയുടെ ഓര്‍മ്മ നിലനിറുത്തുന്ന ഒന്നും ചെയ്തു വരുന്നില്ല. അതേസമയം ഇസ്‌മാഈലിന്റെ പരമ്പരയില്‍ പിറന്ന മുഹമ്മദ് നബിയും അദ്ദേഹത്തിന്റെ അനുയായികളും ഇബ്‌റാഹീം ഇസ്‌മാഈലിനെ ബലി നല്‍കാന്‍ സന്നദ്ധനായതിന്റെ സ്മരണ പുതുക്കുന്ന ബലിപെരുന്നാള്‍ ആഘോഷിച്ചുവരുന്നു.


കെ.കെ. ആലിക്കോയ

ഇംറാന്‍, ഹാറൂന്‍, മറിയം, ഈസാ
ഇസ്‌ലാമും ക്രിസ്തുമതവും
കുരിശ് സംഭവം: ഒരു കെട്ടുകഥ
പ്രവചിക്കപ്പെട്ട ഇമ്മാനുവേല്‍
ലേവി വംശജനായ യേശു ക്രിസ്തു