Followers

Thursday, December 9, 2010

പ്രവാചകവിമര്‍ശനത്തിന്റെ ഒരു മാതൃക!

ഒരു വേദപഠന ക്ലാസ്! ക്രിസ്തുവിന്റെ വരവും അദേഹത്തെ സ്വന്തം ജനത തള്ളിക്കളഞ്ഞതും വിഷയം! അദ്ധ്യാപകന്‍ വിഷയം കുട്ടികളെ പഠിപ്പിച്ചു. ശേഷം ബന്ധപ്പെട്ട വേദഭാഗം വയിക്കുവാന്‍ ഒരു കുട്ടിയോട് ആവശ്യപ്പെട്ടു. മറ്റുകുട്ടികള്‍ വേദപുസ്തകം നോക്കി ഇരിപ്പാണ്. ഇതിനിടെ പെട്ടെന്ന് വായന നിന്നു. ഉപദേശി കുട്ടികളെ നോക്കി. എല്ലാവരും ക്ലസ് റൂമിന്റെ വാതിലിനു നേരെ നോക്കിയിരിക്കുന്നു. സ്വാഭവികമായും ഉപദേശിയും അങ്ങോട്ട് നോക്കി. ഒരു പട്ടിക്കുഞ്ഞ് ക്ലാസില്‍ കയറി വന്നിരിക്കുന്നു. അദ്ദേഹം ഒച്ച വച്ചു. പട്ടിക്കുട്ടി ഇറങ്ങി ഓടി. വായന തുടരാന്‍ ആവശ്യപ്പെട്ടു. കുട്ടി വേദ പുസ്തകം നോക്കി വായിച്ചു: 'അവന്‍ തന്റെ സ്വന്തക്കാരിലേക്ക് വന്നു; എന്നാല്‍ അവരോ അവനെ ആട്ടിക്കളഞ്ഞു.'

ഇത് സ്വാഭാവികമായും ആ ക്ലസില്‍ ചിരി ഉയര്‍ത്തുമെന്ന് പറയേണ്ടതില്ലല്ലോ. ഒരു വിചിത്ര ബന്ധമാണ്‌ ഇവിടെ ചിരി ഉയര്‍ത്തിയത്. ഇതേ പോലുള്ള വിചിത്ര ബന്ധങ്ങള്‍ കൃത്രിമമായി സൃഷ്ടിച്ച്, ഇസ്‌ലാം വിമര്‍ശനം നടത്തുന്ന ചിലരുണ്ട്. ബ്ലോഗര്‍ സാജന്‍ ജെ.സി.ബി. ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്‌.

അദ്ദേഹം സ്വന്തം ബ്ലോഗിലൂടെ എന്നോട് ചോദിച്ച ഒരു ചോദ്യം കാണുക: "സൈനബിനെ വിവാഹം ചെയ്യുന്ന വേളയില്‍ വന്ന ഖുറാന്‍ സൂക്തം നോക്കൂ.

33:52 ഇനിമേല്‍ നിനക്ക്‌ ( വേറെ ) സ്ത്രീകളെ വിവാഹം കഴിക്കാന്‍ അനുവാദമില്ല. ഇവര്‍ക്ക്‌ പകരം വേറെ ഭാര്യമാരെ സ്വീകരിക്കുവാനും ( അനുവാദമില്ല ) അവരുടെ സൌന്ദര്യം നിനക്ക്‌ കൌതുകം തോന്നിച്ചാലും ശരി. നിന്‍റെ വലതുകൈ ഉടമപ്പെടുത്തിയവര്‍ ( അടിമസ്ത്രീകള്‍ ) ഒഴികെ. അല്ലാഹു എല്ലാകാര്യവും നിരീക്ഷിച്ചു കൊണ്ടിരിക്കുന്നവനാകുന്നു.

താങ്കള്‍ തന്ന ലിസ്റ്റ് ( 1 , 2 ) പ്രകാരം സൈനബ് അഞ്ചാമത്തെ കേട്ടിയോളാണ്. അത് കഴിഞ്ഞിട്ടും നബി വിവാഹം കഴിച്ചിട്ടുണ്ടല്ലോ?
33:52 നബി റദ്ദാക്കിയിരുന്നോ? താങ്കള്‍ പറയുന്നു ആയത്ത് റദ്ദാക്കുന്നത് സംസ്കരണത്തിന്റെ ഭാഗമായാണെന്ന് . ഇത് ആരെ സംസ്കരണം പഠിപ്പിക്കാന്‍ ആയിരുന്നു?

അതോ ഖുറാന്‍ നിയമങ്ങളെ തന്നിഷ്ട പ്രകാരം മാറ്റിമറിക്കാന്‍ നബിക്ക് അല്ലാഹു പ്രത്യേക അനുമതി കൊടുത്തിരുന്നോ?"

= ഈ ചോദ്യം വായിക്കുന്ന, പ്രവാചക ജീവിതത്തെക്കുറിച്ച് വേണ്ടത്ര ധാരണയില്ലാത്ത ഒരാള്‍ "അയ്യേ" എന്ന് പറഞ്ഞു പോകും. ഇത്രയേ അവര്‍ക്ക് ലക്‌ഷ്യമുള്ളു. ഈ ആരോപണത്തില്‍ കഴമ്പുണ്ടോ? ഇസ്‌ലാമിന്റെ പക്ഷത്ത് നിന്ന് ആരെങ്കിലും മറുപടി നല്‍കുമ്പോള്‍ സാജന്‍ കെട്ടിപ്പൊക്കിയ ഈ സൌധം തകര്‍ന്ന് വീഴുമോ? അതൊന്നും ഇദ്ദേഹത്തിന്‌ ഒട്ടും പ്രശ്‌നമല്ല. പ്രവാചകനെ വിമര്‍ശിക്കണം; പോരാ, വിമര്‍ശിച്ചു കൊണ്ടേയിരിക്കണം. അതിന്ന് ഇത്തരം വിചിത്ര ബന്ധങ്ങള്‍ സ്ഥാപിക്കുന്നത് തന്നെ അദ്ദേഹത്തിന്ന് ധാരാളമാണ്‌.

ഇനി ഈ ആരോപണത്തിന്റെ പൊരുളെന്താണെന്നറിയാന്‍ അദ്ദേഹത്തിന്ന് ഞാന്‍ നല്‍കിയ മറുപടി വായിക്കുക:
" = വിവാദ നായിക സൈനബ് നബി അഞ്ചാമത് കല്യാണം കഴിച്ച സൈനബ് അല്ല; ഏഴാമതായി വിവഹം കഴിച്ച സൈനബ് (ജഹ്‌ശിന്റെ മകള്‍) ആണ്‌. ഇക്കാര്യം ഞാന്‍ അവിടെത്തന്നെ വ്യക്തമാക്കിയതുമാണ്‌. ഈ വിവാഹം നടന്നത് ഹിജ്‌റ അഞ്ചാം വര്‍ഷത്തിലാണ്‌. എന്നാല്‍ താങ്കള്‍ ചൂണ്ടിക്കാണിച്ച 33:52 അവതരിച്ചത് സൈനബിന്റെ വിവാഹത്തോടനുബന്ധിച്ചല്ല; ഹിജ്‌റ ഏഴിലാണ്‌. അതായത് സൈനബിനെ വിവാഹം കഴിച്ച ശേഷം ജുവൈരിയ, ഉമ്മു ഹബീബ, സഫിയ്യ, മൈമൂന എന്നിവരെ നബി വിവാഹം കഴിച്ചിട്ടുണ്ട്; അതിനും ശേഷമാണ്‌ ഈ സൂക്തം അവതരിച്ചത്. ഈ സൂക്തം അവതരിച്ചതിന്ന് ശേഷം നബി വിവാഹം ഒന്നും കഴിച്ചിട്ടില്ല.
എന്നാല്‍ ഈജിപ്തിലെ ഭരണാധികാരിയായിരുന്ന ക്രിസ്ത്യാനിയായ മുഖൌഖിസ് നബിക്ക് സമ്മാനമായി കൊടുത്തയച്ച മാരിയ എന്ന ദാസിയെ നബി ഉപയോഗിച്ചിട്ടുണ്ട്; അതില്‍ അവര്‍ക്കൊരു കുഞ്ഞ് ജനിച്ചിട്ടുമുണ്ട്. മേല്‍സൂക്തത്തില്‍ ഇത് വിലക്കപ്പെട്ടിട്ടില്ല. ഇതിന്ന് ശേഷം വേറെ ദാസിമാരെയും നബി സ്വീകരിച്ചിട്ടില്ല. വസ്തുത ഇതാണ്‌. എന്നിരിക്കെ നബിയുടെ പേരില്‍ അങ്ങേയറ്റം നീചമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നവരുടെ വാക്കുകള്‍ താങ്കള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നത് എന്തിനാണ്‌?"

1. ആ സൈനബിനെയും ഈ സൈനബിനെയും തമ്മില്‍ മാറ്റുക;
2. ഒരു ഖുര്‍ആന്‍ സൂക്തം അവതരിച്ചത് അത് യഥാര്‍ത്ഥത്തില്‍ അവതരിച്ചതിന്റെ രണ്ട് വര്‍ഷം മുമ്പാണെന്ന് വാദിക്കുക.
3. മേല്‍പറഞ്ഞ വിവാഹമാണ്‌ ഇതിന്റെ അവതരണ പശ്ചാത്തലമെന്ന് വാദിക്കുക;
അപ്പോള്‍ ഈ സൂക്തം അവതരിച്ച ശേഷവും നബി കല്യാണം കഴിച്ചിട്ടുണ്ടെന്ന് വരും; ഇങ്ങനെ ചില വിചിത്ര ബന്ധങ്ങള്‍ ഉണ്ടാക്കിവച്ചിട്ട് പ്രവാചകനെ കുറ്റപ്പെടുത്തുക. ഇവ തെളിയിക്കുന്നതിതാണ്‌: നേര്‍ക്കുനേരെ പ്രവാചകനെ വിമര്‍ശിക്കുന്നതില്‍ വിമര്‍ശകന്‍മാര്‍ അമ്പേ പരാചയപ്പെട്ടിരിക്കുന്നു; ഇനി പിടിച്ചു നില്‍ക്കാന്‍ ഇതൊക്കെയേ വഴിയുള്ളൂ; എന്നാലും വിമര്‍ശനം അതിന്റെ മുറയ്ക്ക് നടന്നു കൊണ്ടേയിരിക്കും.



1 comment:

  1. ചിലര്‍ പ്രവാചക വിമര്‍ശനം തങ്ങളുടെ ഒരു ഹോബിയായി സ്വീകരിച്ചിരിക്കുകയണ്‌. വിമര്‍ശിക്കാന്‍ ഒരു പഴുതും ഇല്ലാത്തിടത്ത്, പഴുത് അവരുണ്ടാക്കിക്കൊള്ളും. ഇത്തരം വിമര്‍ശനങ്ങള്‍ പൊള്ളയായിരുന്നുവെന്ന് തെളിയിച്ച് കൊടുത്തലും അവര്‍ ആരോപണം മറ്റുള്ളിടങ്ങളില്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കും. സത്യസന്ധത, മാന്യത, മര്യാദ ഇതെല്ലാം ഇവര്‍ക്കപരിചിതം.

    ReplyDelete