ഇസ്‌ലാമുമായി ബന്ധപ്പെട്ട സുപ്രധാനമായ മൂന്നു ചരിത്രസംഭവങ്ങള്‍ക്ക്
സാക്‌ഷ്യം വഹിച്ച മാസമാണ് റമദാന്‍.
ഒന്ന്: 40 വയസ്സു പ്രായമായ മുഹമ്മദ് നബിക്ക്, ദൈവത്തില്‍ നിന്ന്,
ആദ്യമായി ഖുര്‍ആന്‍ സൂക്തങ്ങള്‍ അവതരിച്ചു കിട്ടിയത് ഈ മാസമാണ്.
ഖുര്‍ആനിന്റെ മാസമായി റമദാനിനെ കണക്കാക്കുന്നത് ഇക്കാരണത്താലാണ്.
അതിനാല്‍ തന്നെ ഖുര്‍ആന്‍ പഠിപ്പിച്ച ജീവിതചര്യ കൂടുതല്‍ ശ്രദ്ധയോടുകൂടി
അനുഷ്ഠിച്ചു ശീലിക്കുകയാണ് വ്രതകാലത്ത് വിശ്വാസിക്കു ചെയ്യാനുള്ളത്.
രണ്ട്: ബദര്‍ യുദ്ധം. ജന്മനാടായ മക്കയില്‍ നിന്നു പ്രവാചകനും
അനുചരന്മാരും മദീനയിലേക്ക് പലായനം ചെയ്യേണ്ടി വന്നിരുന്നുവല്ലോ. അതിന്നു
ശേഷവും അവരെ സ്വസ്ഥമായി ജീവിക്കാനനുവദിക്കാതിരുന്ന മക്കയിലെ ഖുറൈശികളും
സഹായികളും സംഘം ചേര്‍ന്ന് മദീനക്കു നേരെ നടത്തിയ ആക്രമണത്തെ പ്രവാചകനും
അനുചരന്മാരും പ്രതിരോധിച്ച സംഭവമാണ് ബദ്‌ര്‍ യുദ്ധം.
മൂന്ന്: പലായനത്തിനു ശേഷം കൂടുതല്‍ ശക്തി സംഭരിച്ച പ്രവാചകന്‍, എട്ടാം
വര്‍ഷം, മക്ക കീഴടക്കിയ സംഭവം നടന്നതും ഈ മാസത്തില്‍ തന്നെ.
'രക്തരഹിതവിപ്ലവം' എന്നു തന്നെ ഇതിനെ വിശേഷിപ്പിക്കാം. ഇതിനു ശേഷം തന്റെ
അധീനത്തില്‍ വന്ന മക്കയില്‍ വസിച്ചുവന്നിരുന്ന പഴയ ശത്രുക്കള്‍ക്ക്
പ്രവാചകന്‍ പൊതുമാപ്പ് കൊടുത്തത് വളരെ പ്രസിദ്ധമാണ്.
*********************
നോമ്പുകാരന്ന് രണ്ടു സന്തോഷങ്ങളുണ്ടെന്നു പ്രവാചകന്‍ പറഞ്ഞിരിക്കുന്നു.
നോമ്പ് തുറക്കുമ്പോഴാണ് ഒന്നാമതേത്. പരലോകത്ത് ദൈവത്തെ
കണ്ടുമുട്ടുമ്പോള്‍ നോമ്പ് മൂലം ലഭിക്കുന്ന സന്തോഷമാണ് രണ്ടാമത്തേത്.
(ബുഖാരി) നോമ്പുതുറ ഒരു ആഘോഷം തന്നെയാണ്.
നോമ്പു തുറക്കാന്‍ നേരമാകുമ്പോഴേക്ക് വീട്ടിലെത്തിച്ചേരുക;
വീട്ടിലിരുന്നു നോമ്പ് തുറക്കുക; ഭക്ഷണം കഴിക്കുക; പിന്നീട്
സന്ധ്യാനമസ്കാരം നിര്‍വഹിക്കുക - ഇതായിരുന്നു നമ്മുടെ നാട്ടിലെ പഴയപതിവ്.
അക്കാലത്ത് പള്ളികളിലെ മഗ്‌രിബ് ജമാഅത്ത് ഒരപൂര്‍വ സംഭവമായിരുന്നു.
എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. ആളുകള്‍ സന്ധ്യാസമയത്ത് പള്ളികളില്‍
ഒരുമിച്ചു കൂടുന്നു; ഒരുമിച്ചു നോമ്പു തുറക്കുന്നു. അതിന്നാവശ്യമായ
പഴങ്ങളും പാനീയങ്ങളും ലഘുഭക്ഷണങ്ങളും അവിടെ ഒരുക്കിയിട്ടുണ്ടായിരിക്കും.
സന്ധ്യാനമസ്കാരത്തിനു ശേഷം ആളുകള്‍ വീടുകളില്‍ ചെന്ന് ഭക്ഷണം
കഴിക്കുന്നു. എന്നാല്‍, പഴയ വറുതിക്കാലങ്ങളില്‍ ചില പള്ളികളില്‍
നോമ്പുതുറസമയത്ത് കഞ്ഞിയും പുഴുക്കും ഉണ്ടാക്കി വിതരണം ചെയ്യുമായിരുന്നു.
അത്തരം പള്ളികള്‍ ദരിദ്രര്‍ക്ക് ആശ്വാസവും അതിനാല്‍തന്നെ
സജീവവുമായിരുന്നു.
****************
റമദാനിന്റെ സവിശേഷതയാണ് തറാവീഹ് നമസ്കാരം എന്ന പേരില്‍ പ്രസിദ്ധമായ
രാത്രി നമസ്കാരം. എല്ലാമാസങ്ങളിലും രാത്രിനമസ്കാരമുണ്ടെങ്കിലും റമദാനില്‍
അതിന്നു പ്രാധാന്യം കൂടുതലാണ്. എല്ലാ സല്കര്‍മ്മങ്ങള്‍ക്കും മറ്റു
മാസങ്ങളെ അപേക്ഷിച്ച് റമദാനില്‍ എഴുപതിരട്ടി പുണ്യം ലഭിക്കുന്നതാണതിന്നു
കാരണം. പള്ളിയില്‍ ഒരുമിച്ചു കൂടി, സംഘടിതമായി രാത്രിനമസ്കാരം
നിര്‍വഹിക്കുന്നതും ഈ മാസത്തില്‍ മാത്രമാണ്. വിവാദപ്രിയന്മാര്‍ക്ക്
നല്ലൊരു വിഭവം കൂടിയാണ് തറാവീഹ്. അതിന്റെ റക്‌അത്തുകളുടെ
എണ്ണത്തെച്ചൊല്ലിയാണ് വിവാദം നിലനില്ക്കുന്നത്. സാധാരണക്കാര്‍
തമ്മിലുള്ള തര്‍ക്കവിതര്‍ക്കം മുതല്‍ പണ്ഡിതന്മാര്‍ തമ്മിലുള്ള
വാദപ്രതിവാദകോലാഹലങ്ങള്‍ക്ക് വരെ ഇതു നിമിത്തമാക്കപ്പെടാറുണ്ടെന്നത്
സങ്കടകരമാണ്.
ഇബ്‌നു ഉമര്‍ നിവേദനം ചെയ്ത ഒരു ഹദീസില്‍ ഇപ്രകാരം കാണാം: ഒരാള്‍ നബിയോട്
രാത്രിനമസ്കാരത്തിന്റെ രൂപത്തെക്കുറിച്ചന്വേഷിച്ചു. തിരുമേനി പറഞ്ഞു:
ഈരണ്ട് റക്‌അത്തായി നമസ്കരിക്കുക. നേരം പുലരുമെന്നു ഭയപ്പെട്ടാല്‍ ഒരു
റക്‌അത്ത് നമസ്കരിച്ചുകൊണ്ട് മൊത്തം റക്‌അത്തുകളുടെ എണ്ണം ഒറ്റയാക്കുക.
(ബുഖാരി) ഇവിടെ മൊത്തം റക്‌അത്തെത്രയെന്ന് പറയാന്‍ ഏറ്റവും പറ്റിയ
അവസരമായിരുന്നുവെങ്കിലും പ്രവാചകന്‍ അതു പറഞ്ഞില്ല. മൊത്തം എണ്ണം
ഒറ്റയാകണമെന്നു മാത്രമേ പറഞ്ഞുള്ളു. അതേസമയം 'തിരുമേനി ആ നമസ്കാരം
റമദാനിലും അല്ലാത്ത മാസങ്ങളിലും നിര്‍വഹിച്ചത് പതിനൊന്നു റക്‌അത്ത്
വീതമായിരുന്നു'വെന്നത് സുവിദിതമാണ്. (ബുഖാരി)
ഇപ്പോള്‍ നമ്മുടെ നാട്ടില്‍ സുദീര്‍ഘമായി ഖുര്‍ആന്‍ പാരായണം ചെയ്തുകൊണ്ട്
11 റക്‌അത്ത് നമസ്കരിക്കുന്നതും അല്പം മാത്രം ഖുര്‍ആന്‍ പാരായണം
ചെയ്തുകൊണ്ട് 23 റക്‌അത്ത് നമസ്കരിക്കുന്നതുമായ പള്ളികള്‍ കാണാം. രണ്ട്
രീതിയും ആവാം. എങ്കിലും ഒന്നാമത്തെ രീതിയാണ് കൂടുതല്‍ നല്ലത്. അതേസമയം
രണ്ടാമത്തെ രീതി അവലംബിക്കുന്ന ചില പള്ളികളിലെ നമസ്കാരത്തിന്റെ
'അമിതവേഗത' അത്യന്തം പകടകരമാണ്. ഓരോ സമയത്തും ചൊല്ലേണ്ടവ ചൊല്ലാന്‍ സമയം
കിട്ടാത്ത തരത്തിലുള്ള ആ നമസ്കാരം പ്രവാചകന്‍ ശപിച്ച
'കോഴികൊത്തുന്നതുപോലുള്ള' നമസ്കാരത്തില്‍ പെടുമോ എന്നു ബന്ധപ്പെട്ടവര്‍
ആലോചിക്കുന്നത് നന്നായിരുക്കും.
ഖുര്‍ആന്‍ മനഃപാഠമുള്ളവരെ തേടിപ്പിടിച്ച് തങ്ങളുടെ പള്ളികളില്‍ ഇമാമാക്കി
നിറുത്താന്‍ ചില പള്ളിഭാരവാഹികള്‍ ശുഷ്കാന്തി കാണിക്കാറുണ്ട്. എന്നാല്‍
ഒരുമാസംകൊണ്ട് ഖുര്‍ആന്‍ ഒരാവര്‍ത്തി ഓതിത്തീരാന്‍ പാകത്തില്‍
നമസ്കാരത്തിന്റെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുന്നത് സഹിക്കാന്‍ പലര്‍ക്കും
സാധിക്കാറില്ല. റക്‌അത്തുകളുടെ എണ്ണവും ദൈരര്‍ഘ്യവും എത്രയായാലും ശരി,
ആബാലവര്‍ദ്ധം ജനങ്ങള്‍ ഭക്തിപൂര്‍വം ഇതില്‍ പങ്കാളികളാകുന്ന കാഴ്ച
ആനന്ദകരം തന്നെയാണ്. നേരത്തെ വയനാട്ടില്‍ വളരെ ശൂഷ്കിച്ച സദസ്സ്
മാത്രമാണ് തറാവീഹിന് ഉണ്ടാവാറുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ സജീവത
വര്‍ദ്ധിച്ചുവരുന്നുണ്ട്. പ്രത്യേകിച്ച് ചെറുപ്പക്കാര്‍ക്കിടയില്‍
ഉണര്‍വ് കാണാനുണ്ട്. നവോത്ഥാന സംരംഭങ്ങളുടെ സ്വാധീനം ഇതില്‍ പ്രകടമാണ്.
നേരത്തെയുണ്ടായിരുന്ന വയനാടിന്റെ കാലാവസ്ഥ, അമിതവും വ്യാപകവുമായിരുന്ന
വന്യമൃഗശല്യം, പള്ളികളിലേക്കുള്ള ദൂരം എന്നിവമൂലം ആഗ്രഹമുള്ളവര്‍ക്കു
പോലും പള്ളികളില്‍ ചെന്നു നമസ്കരിക്കാന്‍ കഴിയാത്ത സാഹചര്യം
നിലവിലുണ്ടായിരുന്നു. ഈ സ്ഥിതിയും ഇപ്പോള്‍ ഏറെ മാറിയിട്ടുണ്ടല്ലോ. അതും
ഉണര്‍വിന്റെ മറ്റു കാരണങ്ങളാകാം.
********************
അത്താഴമെന്നാല്‍ രാത്രിഭക്ഷണമെന്നാണല്ലോ അര്‍ത്ഥം. റമദാനില്‍
മുസ്‌ലിംകള്‍ അത്താഴം കഴിക്കുന്നത് പുലരാന്‍ നേരമാണ്. മാസ്, വടുക,
തുറമാങ്ങ, താളിപ്പ്, കൊണ്ടാട്ടം ഇവയെല്ലാം പഴയകാലം മുതല്‍ അത്താഴത്തിന്റെ
വിഭവങ്ങളാണ്. പകല്‍ സമയത്ത് അന്നപാനീയങ്ങള്‍ വര്‍ജ്യമായതിനാല്‍
തന്ത്രശാലിയായ ഒരാള്‍ കണ്ടെത്തിയ സൂത്രമല്ല ഈ അത്താഴം. പ്രവാചകന്‍
കണിശമായി പാലിച്ചിരുന്നതും പാലിക്കാന്‍ ഉപദേശിച്ചതുമാണിത്. അത്താഴത്തില്‍
നിങ്ങള്‍ക്ക് അനുഗ്രഹമുണ്ടെന്നും അതൊരു പുണ്യകര്‍മ്മമാണെന്നുമാണ്
തിരുമേനി പറഞ്ഞത്. അത്താഴം വര്‍ജ്ജിക്കരുതെന്നും ഒരു ഭക്ഷണവും തല്കാലം
ആവശ്യമില്ലെങ്കിലും അല്പം പഴം കഴിക്കുകയും വെള്ളം കുടിക്കുകയും
ചെയ്യണമെന്നും തിരുമേനി ഉപദേശിച്ചിട്ടുണ്ട്. ഇതു രാത്രിയുടെ
അവാസാനഘട്ടത്തില്‍ തന്നെ ആകുന്നതാണ് പുണ്യം. പ്രവാചകന്‍ അത്താഴം
കഴിച്ചതിന്നു ശേഷം അന്പതു ഖുര്‍ആന്‍ സൂക്തം പാരായണം ചെയ്യുമ്പോഴേക്ക്
പ്രഭാതനമസ്കാരത്തിനു സമയമാകാറുണ്ടായിരുന്നുവെന്ന് ഹദീസുകളില്‍ കാണാം.
************
തിരുമേനിയുടെ കാലത്ത് അത്താഴത്തിനും രാത്രിനമസ്കാരത്തിനുമുള്ള
സമയമറിയിക്കാന്‍ വേണ്ടി പ്രഭാത്തത്തിനുമുമ്പ് ഒരു 'ആറാം ബാങ്ക്'
പതിവുണ്ടായിരുന്നു. ആ ബാങ്ക് വിളിച്ചിരുന്നത് ബിലാല്‍ ആയിരുന്നു.
പ്രഭാതനമസ്കാരത്തിന്റെ ബാങ്ക് അബ്ദുല്ലാ ബിന്‍ ഉമ്മുമക്‌തൂം വിളിക്കും.
അതിനാല്‍ ഇവരണ്ടും തിരിച്ചറിയാന്‍ മദീനാവാസികള്‍ക്ക്
പ്രയാസമുണ്ടായിരുന്നില്ല.
നമ്മുടെ നാട്ടില്‍ ഈ ബാങ്ക് പതിവില്ല. പകരമായി ഇപ്പോള്‍ ചില
പള്ളികളില്‍ ഉച്ചഭാഷിണിയുപയോഗിച്ച് സുദീര്‍ഘമായി ഖുര്‍ആന്‍ പാരായണം
നടത്തുന്നു. പള്ളിയുടെ പരിസരവാസികള്‍ക്കിതു ശല്യമാണെന്നു
പറയേണ്ടതില്ലല്ലോ. അത്താഴത്തിന്റെ സമയമറിയിക്കാന്‍ വേണ്ടിയെന്നാണത്രേ ഇതു
ചെയ്യുന്നത്. ഓരോ വീട്ടിലും വാച്ചും ടൈംപീസും ക്ലോക്കും മൊബൈല്‍ഫോണും
മറ്റും സമയമറിയിക്കുന്ന ഉപകരണങ്ങളായി ഉള്ള ഇക്കാലത്ത് ഇതിന്റെ
ആവശ്യമില്ലെന്ന് ബന്ധപ്പെട്ട മഹല്ലു ഭാരവാഹികള്‍ തിരിച്ചറിയുന്നത്
നന്നായിരിക്കും. മുസ്‌ലിംകളും സഹോദരസമുദായാംഗങ്ങളും ഇതു സഹിക്കുകയാണ്.
ഇതൊന്ന് അവസാനിപ്പിക്കുന്നത് ഈ പള്ളിക്കാര്‍ ഇസ്‌ലാമിനുവേണ്ടി ചെയ്യുന്ന
ഏറ്റവും വലിയ ഒരു സേവനമായിരിക്കും.
******************
കൊച്ചുകുട്ടികള്‍ നോമ്പു നോറ്റ് ശീലിക്കുന്നത് രസകരമാണ്. ഒരു നോമ്പ്
മുഴുവന്‍ നോല്‍ക്കാനാവര്‍ക്ക് സാധിക്കുകയില്ലല്ലോ. അതിനാല്‍
രക്ഷിതാക്കള്‍ അവരെ 'കാല്‍ നോമ്പ്', 'അര നോമ്പ്' വീതം
നോല്‍ക്കാനനുവദിക്കുന്നു. അങ്ങനെ നാലു കാല്‍ നോമ്പ്/ രണ്ട് അര നോമ്പ്
നോറ്റാല്‍ ഒരു നോമ്പായതായി കണക്കാക്കുകയും ചെയ്യുന്നു. ഏതാനും വര്‍ഷം ഈ
അഭ്യാസം തുടരുമ്പോള്‍ മുഴുനോമ്പ് നോല്‍ക്കാനുള്ള പ്രാപ്തി അവര്‍
നേടിയിരിക്കും. പിന്നെ ഇടവിട്ട ദിവസങ്ങളിലും മറ്റും നോമ്പനുഷ്ഠിക്കാന്‍
അവരെ അനുവദിക്കാമെന്ന നില വരും. ഇങ്ങനെ വര്‍ഷങ്ങള്‍ നീണ്ട
പരിശീലനത്തിലൂടെയാണ് കുട്ടികള്‍ റമദാന്‍ മുഴുവന്‍ നോമ്പ് നോല്‍ക്കാനുള്ള
പരിശീലനം നേടുന്നത്.
********************
'ചക്കരപ്പൊകല, തെരക്കൂട്ട്' ഈ പേരുകളില്‍ രണ്ടു തരം ബീഡികള്‍ പഴയകാലത്ത്
ഉണ്ടായിരുന്നു; റമദാന്‍ സ്പെഷലായിട്ട്. അല്പം സുഗന്ധമുള്ളതായിരുന്നു
അതിന്റെ പുകയെന്നണോര്‍മ്മ. പത്തിരുപത് വര്‍ഷമായി അവ കാണാറില്ല.
************
റമദാന്‍ മാസം തുടങ്ങുന്നതോടുകൂടി മുസ്‌ലിംകള്‍ അവരുടെ ഹോട്ടല്‍, ചായക്കട,
കൂള്‍ബാര്‍ തുടങ്ങിയവ അടച്ചിടാറാണ് പതിവ്. 11 മാസത്തെ ലാഭത്തില്‍ നിന്ന്
മിച്ചം വച്ചതുകൊണ്ട് ഒരു മാസം ജീവിക്കുക എന്നാണ് അന്നത്തെ
ചെലവിനെക്കുറിച്ച് പറയാറുള്ളത്. ഭക്ഷണം വില്‍ക്കുന്നവര്‍ മാത്രമല്ല
മറ്റിനങ്ങള്‍ വില്‍ക്കുന്നവരും തങ്ങളുടെ ജോലിസമയം കുറയ്ക്കാറുണ്ട്.
ചിലര്‍ സന്ധ്യയോടു കൂടി കടയടയ്ക്കും. മറ്റുചിലര്‍ രാത്രിനമസ്കാരത്തിനു
സമയം കിട്ടും വിധമാണ് കടയ്ടയ്ക്കുക. ഇതൊക്കെ ലംഘിക്കാന്‍
മടിയ്ക്കാത്തവരും ഇല്ലാതില്ല.
*******************
സകാത്തിന്റെ മാസം കൂടിയാണ് റമദാനെന്നാണ് പൊതു ധാരണ.
ദാനധര്‍മ്മങ്ങള്‍ക്ക് കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന മാസമായതിനാല്‍ മിക്ക
ധനികരും ഈ മാസമാണ് സകാത്ത് കൊടുക്കുന്നത്. സകാത്ത് കമ്മിറ്റികള്‍
കൂടുതല്‍ സജീവമാകുന്നതും ഈ മാസം തന്നെ.
റമദാന്‍ ഇരുപത്തേഴിന് പാവങ്ങള്‍ പണക്കാരുടെ വീടുകള്‍ക്കും കടകള്‍ക്കും
മുമ്പില്‍ ക്യൂ നില്കുന്ന കാഴ്ച ദയനീയമാണ്. ഇന്നത് വളരെ
കുറഞ്ഞിട്ടുണ്ടെങ്കിലും ഇല്ലാതായിട്ടില്ല. സകാത്ത് കമ്മിറ്റികളുടെ
ഇടപെടലും പൊതുവില്‍ പണക്കാര്‍ അവരുടെ സകാത്ത് അര്‍ഹരുടെ വീടുകളില്‍
എത്തിച്ചുകൊടുക്കാന്‍ സന്നദ്ധരാകുന്നതും മാറ്റത്തിനു കാരണമായിട്ടുണ്ട്.
ഓരോ മഹല്ലിലും സകാത്ത് പിരിക്കാനും അര്‍ഹര്‍ക്ക് വിതരണം നടത്താനുമുള്ള
സംവിധാനമേര്‍പ്പെടുത്തുന്നത് നല്ലതാണ്.
ദാരിദ്ര്യനിര്‍മ്മാര്‍ജനനത്തിനായി ഇസ്‌ലാമിന്റെ ഭാഗത്തു നിന്നുള്ള
വിപ്ലവകരമായ ഒരു സംരംഭമായിരിക്കുമത്. ഇപ്പോള്‍ റമദാന്‍ മാസത്തില്‍
ഭക്ഷണസാധനങ്ങളടങ്ങിയ കിറ്റുകള്‍ സന്നദ്ധസംഘടനകളും മറ്റും വിതരണം
നടത്തുന്നത് പാവങ്ങള്‍ക്കൊരാശ്വാസമാണ്.