Followers

Sunday, December 26, 2010

ഫലം സുനിശ്ചിതം!

'വിദ്യാഭ്യാസം, ജോലി, വിവാഹം, സാമ്പത്തിക നേട്ടം, വ്യാപാര അഭിവൃദ്ധി,
ശത്രു നാശം തുടങ്ങിയുള്ള ഏത് ആഗ്രഹം സഫലീകരിക്കുന്നതിന്നും ഈ ഏലസ്സ്
ധരിക്കുക; ഫലം സുനിശ്ചിതം.'

ടേപ്പ് റെകോര്‍ഡറിന്‍റെ ശബ്ദം കേട്ടിടത്തേക്ക് നാലാം ക്ലാസ്
വിദ്യാര്‍ത്ഥിയായ നൈസാബ് തിരിഞ്ഞ് നോക്കി. റോഡിന്‍റെ ഓരത്ത് കീറിയ കുട
കൊണ്ട് വെയില്‌ മറക്കാന്‍ പാടുപെട്ട് വിയര്‍ത്തൊലിച്ച് കഴിയുന്ന ഒരു പാവം
കച്ചവടക്കാരന്‍.

നൈസാബ് അയാളോട് ചോദിച്ചു: നിങ്ങള്‍ക്ക് ഒരു റൂം വാടകക്കെടുത്തുകൂടേ?
അല്ലെകില്‍ ലോട്ടറിക്കാരെപ്പോലെ ഒരു കാര്‍ വാങ്ങിക്കൂടേ?

അയാള്‍: ആഗ്രഹമില്ലാഞ്ഞിട്ടല്ല കുഞ്ഞേ; അതിനൊക്കെ കയ്യില്‍ ഒരു പാട് കാഷ്
വേണ്ടേ?

നൈസാബ്: അപ്പോള്‍ ഈ ടേപ്പ് റികോര്‍ഡ് പറയുന്നതൊന്നും ശരിയല്ലേ?

അയാള്‍: എന്ത്?

നൈസാബ്: അല്ല; ഒരു ഏലസ്സ് നിങ്ങള്‍ ധരിച്ചാല്‍ നിങ്ങളുടെ എല്ലാ
ആഗ്രഹങ്ങളും സഫലമാകില്ലേ? അപ്പോള്‍ നിങ്ങള്‍ക്ക് റൂം വാടകക്കെടുക്കുകയോ കാറ്‌ വാങ്ങുകയോ എന്ത് വേണമെങ്കിലും ചെയ്യാമല്ലോ.
..........

പാവം ഏലസ്സ് കച്ചവടക്കാരന്‍! ഒരു പക്ഷെ ആദ്യമായിട്ടാകാം ഇത്തരം ​ഒരു ചോദ്യം അയാള്‍ നേരിടേണ്ടി വരുന്നത്. ഇത്കൊണ്ട് ഒരു ഫലവും ഉണ്ടാകില്ലെന്ന് അയാള്‍ക്ക് നന്നായറിയാമല്ലോ. എന്നാലും മറ്റൊരാളില്‍ നിന്ന് ആ ചോദ്യം കേള്‍ക്കാന്‍ അയാള്‍ ഇഷ്ടപ്പെടുകയില്ല. അത് നേരിടാനുള്ള ധാര്‍മ്മിക ബലം  അയാള്‍ക്കില്ലെന്നത് മാത്രമാണിതിന്ന് കാരണം.

നമ്മുടെ നാട്ടിലെ വിവിധ ദൃശ്യ-ശ്രാവ്യ-അച്ചടി മാധ്യമങ്ങളില്‍ നിത്യേന ഇത്തരം പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇവ വിശ്വസിക്കാനും ഈയിനത്തില്‍ പണം ചെലവഴിക്കാനും ഇക്കാലത്തും ധാരാളം ആളുകളുണ്ട്; അല്‍ഭുതം തന്നെ! ശാസ്ത്രയുഗം, കമ്പൂട്ടര്‍ യുഗം, വിജ്ഞാനവിസ്‌ഫോടനത്തിന്റെ യുഗം എന്നൊക്കെ നമ്മുടെ കാലത്തെക്കുറിച്ച് നാം വീമ്പു പറയാറുണ്ടെങ്കിലും അതൊക്കെ വെറും പുറംപൂച്ച് മാത്രമാണെന്ന് ഈ തട്ടിപ്പുകാരുടെ വളര്‍ച്ച നമ്മെ ബോദ്ധ്യപ്പെടുത്തുന്നു.

ഏത് പരീക്ഷയും നിഷ്പ്രയാസം ജയിക്കാം, ഏത് ജോലിയും കരസ്തമാക്കാം, പെട്ടെന്ന് പണക്കാരനാകാം, ഇഷ്ടപ്പെട്ട കല്യാണം കഴിക്കാം, ശത്രുവിനെ തോല്‍പ്പിക്കാം, പ്രശസ്തനാകാം, അധികാരം നേടാം .... എന്നിങ്ങനെ മോഹിപ്പിക്കുന്ന വാഗ്ദാനങ്ങള്‍ കേള്‍കുമ്പോള്‍ ആളുകള്‍ വീണു പോകുന്നു. എല്ലാം ചുളുവില്‍ നേടണം എന്ന അതിമോഹം ബുദ്ധിയെയും  ചിന്താശേഷിയെയും വിവേകത്തെയും  മരവിപ്പിച്ചിരിക്കുന്നതിനാല്‍ നാലാം ക്ലാസുകാരന്റെ അത്ര പോലും  ബുദ്ധി ഉപയോഗിക്കാനവര്‍ക്ക് സാധിക്കുന്നില്ല. ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് തന്നെ മാറ്റിപ്പണിയുമ്പോള്‍ മാത്രമേ ഇത്തരം വിഡ്ഢിത്തങ്ങളില്‍  നിന്നെല്ലാം മനുഷ്യന്‍ മോചിതനാവുകയുള്ളു.

11 comments:

  1. അന്ധവിശ്വാസങ്ങളില്‍ നിന്ന് മുക്തനാകുമ്പോള്‍ മാത്രമേ മനുഷ്യന്ന് തന്റെ മഹത്വം തിരിച്ചറിയാന്‍ കഴിയുകയുള്ളു.

    ReplyDelete
  2. സര്‍,
    ഈ പോസ്റ്റ് തികച്ചും കാലികമാണ്‌. ഇത്തരം കള്ളനാണയങ്ങളുടെ പരസ്യം പ്രസിദ്ധീകരിക്കുകയും അവരില്‍ നിന്ന് കൊള്ളമുതലിന്റെ പങ്ക് പറ്റുകയും ചെയ്യുന്നുവല്ലോ ചിലര്‍. അവര്‍ക്ക് ഇത്തരം അന്ധവിശ്വാസങ്ങളെ തുറന്നു കാണിക്കാന്‍ കഴിയുകയില്ല.

    ReplyDelete
  3. സര്‍,
    ഈ പോസ്റ്റില്‍ പറഞ്ഞ തരം അന്ധവിശ്വാസങ്ങളില്‍ നിന്ന് ഇസ്ലാം മുക്തമാണ്‌ എന്ന് പറയാന്‍ താങ്കള്‍ക്ക് കഴിയുമോ?

    ReplyDelete
  4. തീര്‍ച്ചയായും പറയാന്‍ കഴിയും.

    ReplyDelete
  5. സര്‍,
    ഞാന്‍ മനസ്സിലാക്കിയത് എല്ലാ തരം അന്ധവിശ്വാസങ്ങളും മുസ്ലിംകള്‍ക്കിടയിലും ഉണ്ടെന്നാണ്‌. എന്റെ നാട്ടില്‍ ഒരു ഉസ്താദ് ഈ ചികില്‍സയിലൂടെ വളരെ പെട്ടെന്ന് പണക്കാരനായി മാറിയിട്ടുണ്ട്. അയാള്‍ ഇപ്പോള്‍ പള്ളിയിലെ ജോലിക്കൊന്നും പോകാറില്ല. വീട്ടില്‍ വെറുതെ ഇരുന്നാല്‍ മതി. ആളുകള്‍ പണവും മറ്റ് സമ്മാനങ്ങളും കൊണ്ട് അവിടെ വന്നുകൊള്ളും. ആ ഏലസ്സ് കച്ചവടക്കാരനില്‍ നിന്ന് എന്ത് വ്യത്യാസമാണ്‌ ഇതിന്നുള്ളത്? എന്നിട്ടും ഇസ്‌ലാം ഇതില്‍ നിന്നൊക്കെ മുക്തമാണെന്ന് താങ്കള്ക്കെങ്ങനെ പറയാന്‍ കഴിയുന്നു?

    ReplyDelete
  6. ഇസ്ലാമും മുസ്ലിമും രണ്ടാണെന്ന് മനസ്സിലാകുക.

    ഇസ്ലാം എന്നത് ഒരു ആദര്‍ശവും ജീവിത വ്യവസ്ഥയും ആണ്. മുസ്ലിംകള്‍ എന്ന് അറിയപ്പെടുന്നവരില്‍ ഏറിയും കുറഞ്ഞും ഇസ്ലാം അനുസരിച്ച് ജീവിക്കുന്നവരുണ്ട്‌. ചിലര്‍ പേരില്‍ മാത്രം ഇസ്ലാം ഉള്ളവരും ഉണ്ട്.

    ഇസ്ലാമിനെ അതിന്റെ അടിസ്ഥാന സ്രോതസ്സില്‍ നിന്നും മനസ്സിലാക്കുകയായിരുക്കും ഏറ്റവും ഉചിതം.

    ReplyDelete
  7. student,
    സുബൈര്‍ പറഞ്ഞത് തന്നെയാണ്‌ എനിക്കും പറയാനുള്ളത്. മുസ്‌ലിമായി കണക്കാക്കപ്പെടുന്ന എല്ലാവരും അവരുടെ ജീവിതത്തില്‍ ഇസ്‌ലാമിനോട് വേണ്ട വിധം നീതി പുലര്‍ത്തുന്നവരല്ല. അനുയായികളില്‍ കാണപ്പെടുന്ന ഈ പോരായ്മ ചൂണ്ടിക്കാണിച്ച് ഇസ്‌ലാമിനെ കുറ്റപ്പെടുത്തരുതെന്നാണ്‌ സുബൈര്‍ പറയുന്നത്.

    ReplyDelete
  8. അല്ല അവരെ പറഞ്ഞിട്ടും കാര്യമില്ല ...കാരണം ഏതൊരു മതവും നമ്മള്‍ വിലയിരുത്തുക അതിന്റെ നേതാക്കളെ നോക്കി ആയിരിക്കും ..സങ്കടകരം എന്ന് പറയട്ടെ കുറെ 'മോല്ല്യംമാര്‍"ഇതിനായി കച്ച കെട്ടി ഇറങ്ങിയിരിക്കുക അല്ലെ ....മതത്തിന്‍റെ അറിവ് കിട്ടിയവര്‍ തന്നെ ഇങ്ങനെ ആയാല്‍ എന്ത് ചെയ്യും ......!!!!!

    നല്ല ലേഖനം .....

    ReplyDelete
  9. ഇസ്‌ലാമില്‍ പല വിഭാഗങ്ങളുണ്ടെന്ന് അറിയാം. അവര്‍ക്കിടയില്‍ പല വിഷയത്തിലും തര്‍ക്കമെണ്ടെന്നും കേട്ടിട്ടുണ്ട്. ഈ പറഞ്ഞ ഏലസ്സ് കച്ചവടത്തിന്റെ കാര്യവും അത് പോലെ ഒരു തര്‍ക്ക വിഷയമാണോ? അഥവാ അത് ശരിയാണെന്ന് ചിലരും അല്ലെന്ന് മറ്റു ചീലരും വാദിക്കുകയാണോ? ഈ പോസ്റ്റും ഇവിടെ വന്ന കമന്റുകളും ഒരേ സ്വരത്തില്‍ അതിനെ എതിര്‍ക്കുന്നത് കാണാം. ഇതിനെ അനുകൂലിക്കുന്ന ആരെങ്കിലും ഇവിടെ അവരുടെ ന്യായങ്ങള്‍ നിരത്തിയാല്‍ ഈ ചര്‍ച്ചയില്‍ നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ഗ്രഹിക്കാന്‍ സാധിക്കും. അത്തരം ഒരു ചര്‍ച്ച ഇവിടെ അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
    ****

    ഇവിടെ കമന്റ് മോഡറേഷന്‍ ഉണ്ടെന്നും അതിനാല്‍ ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്നും സാജന്‍ സാറിന്റെ ബ്ലോഗില്‍ എഴുതിക്കാണുന്നു. എന്താണ്‌ കമന്റ് മോഡറേഷന്‍. എന്റെ കമന്റുകള്‍ പെട്ടെന്ന് തന്നെ പ്രസിദ്ധീകരിച്ചു കാണുന്നുണ്ട്. സര്‍, ക്ഷമിക്കണം, താങ്കള്‍ ചിലര്‍ക്ക് മാത്രമായി ഇവിടെ മോഡറേഷന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോ? എനിക്ക് ഇതിന്റെ സാങ്കേതിക വശങ്ങള്‍ ഒന്നും നിശ്ചയമില്ല. അത്കൊണ്ട് ചോദിക്കുകയാണ്‌.

    ReplyDelete
  10. നല്ല പോസ്റ്റ്‌. കാലിക പ്രസക്തമായത് ... നമ്മിലെ നമ്മെ മനസ്സിലാക്കുന്നതില്‍ പറ്റിയ വീഴ്ച. നമ്മുടെ സംരക്ഷകനായ സര്‍വ്വ ശക്തനായ അല്ലാഹുവിനെ അറിയുന്നതില്‍ പറ്റിയ അവിവേകം ... നാഥന്‍ കാക്കുമാറാകട്ടെ

    ReplyDelete
  11. ഏലസും ഐക്കല്ലും ഇസ്‌ലാമില്‍ ഒരു തര്‍ക്കവിഷയം പോലുമല്ല എന്നാണ് എന്റെ അഭിപ്രായം. അതുകൊണ്ട് സ്വന്തം ഐഡിയില്‍ ആരും അതിനെ അനുകൂലിക്കുമെന്നും തോന്നുന്നില്ല. അഥവാ ആരെങ്കിലും അതിനെ അനുകൂലിച്ച് സംസാരിച്ചാല്‍ അതനുവധിക്കാത്ത പ്രശ്‌നവും ഇവിടെ ഉണ്ടാവില്ല.

    ഹൈടെക്ക് വിദ്യഉപയോഗിച്ച് അന്ധവിശ്വാസം പ്രചരിപ്പിക്കുമ്പോള്‍ അതിനെ നേരിടാന്‍ മാത്രമായി ഒന്നിലധികം മതസംഘടനകള്‍ ഇക്കാര്യത്തില്‍നിന്ന് പൂര്‍ണമായി മാറിനിന്ന് ഇസ്‌ലാമിക ഭരണത്തിന്റെ അപകടം പറഞ്ഞ് മനസ്സിലാക്കുന്ന തിരക്കിലാണ്. അതിന് ഫലം കണ്ടുതുടങ്ങിയിരിക്കുന്നു. അടുത്തുതന്നെ ഇസ്‌ലാമില്‍ ഭരണനിയമങ്ങള്‍കൂടിയുണ്ട് എന്നാരെങ്കിലും പറഞ്ഞാല്‍ രാജ്യദ്രോഹമാകും.

    ReplyDelete