Followers

Sunday, April 10, 2011

മുനീറിനെതിരെ സുന്നി അഫ്കാര്‍

('മുനീറിനെ വിമര്‍ശിക്കുന്ന ലേഖനങ്ങള്‍; സുന്നി വാരികയുടെ പ്രസിദ്ധീകരണം മാറ്റി' എന്ന തലക്കെട്ടില്‍ 2011 ഏപ്രില്‍ 7 ന്റെ മാധ്യമത്തില്‍  വന്ന ഒരു റിപ്പോര്‍ട്ടാണ്‌ ചുവടെ. അതില്‍ പരാമര്‍ശിച്ച ലേഖനങ്ങള്‍  ഇവിടെ വായിക്കാം. )

കോഴിക്കോട്: എം.കെ. മുനീറിനെയും ഇന്ത്യാവിഷന്‍ ചാനലിനെയും വിമര്‍ശിക്കുന്ന ലേഖനങ്ങളുള്ളതിനാല്‍ സുന്നി വാരികയുടെ പ്രസിദ്ധീകരണം മാറ്റി. സുന്നി യുവജന സംഘത്തിന്റെ മുഖപത്രമായ 'സുന്നി അഫ്കാര്‍' വാരികയുടെ പുതിയ ലക്കത്തിന്റെ പ്രസിദ്ധീകരണമാണ് (പുസ്തകം ഒന്ന്, ലക്കം 31) ഉന്നത ഇടപെടലിനെ തുടര്‍ന്ന് മാറ്റിവെച്ചത്. മുസ്‌ലിംലീഗിന്റെയും സുന്നി യുവജന സംഘത്തിന്റെയും സംസ്ഥാന പ്രസിഡന്റായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ മാനേജിങ് ഡയറക്ടറായ വാരികയുടെ ചീഫ് എഡിറ്റര്‍ എസ്.വൈ.എസ് ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരാണ്.
സുന്നി അഫ്കാറിന്റെ പ്രസിദ്ധീകരിക്കാനിരിക്കുന്ന പതിപ്പില്‍ കവര്‍സ്‌റ്റോറി ഉള്‍പ്പെടെയുള്ള നാല് ലേഖനങ്ങള്‍, തന്നെയും ഇന്ത്യാവിഷനെയും വിമര്‍ശിക്കുന്നവയാണെന്ന് മുന്‍കൂട്ടി അറിഞ്ഞ എം.കെ. മുനീര്‍ ഹൈദരലി തങ്ങളുമായി നിരന്തരം ബന്ധപ്പെട്ടാണ് പ്രസിദ്ധീകരണം മാറ്റിവെപ്പിച്ചതെന്നറിയുന്നു. തന്നെ വിമര്‍ശിക്കുന്ന ലേഖനം വാരികയില്‍ വരുന്നത് തന്റെ രാഷ്ട്രീയ ഭാവിയെ ബാധിക്കുമെന്നാണത്രെ മുനീര്‍ തങ്ങളെ ബോധിപ്പിച്ചത്.
മുനീറിനെയും ചാനലിനെയും വിമര്‍ശിച്ചുകൊണ്ട് ചന്ദ്രിക പാലക്കാട് ബ്യൂറോ ചീഫ് എന്‍.എ.എം. ജാഫറിന്റെ 'ഇന്ത്യാവിഷന്‍ പൊള്ളയായ എഡിറ്റോറിയല്‍ വിപ്ലവം', സുന്നി അഫ്കാറിന്റെ മുന്‍ എഡിറ്ററായ ഷഫീഖ് വഴിപ്പാറയുടെ 'നമ്മുടെ സ്ഥാനാര്‍ഥികള്‍ എത്രത്തോളം നമ്മുടേതാണ്', ചന്ദ്രിക മുന്‍ അസോസിയേറ്റ് എഡിറ്റര്‍ കെ.പി. കുഞ്ഞിമ്മൂസയുടെ 'വാര്‍ത്ത വൈറസുകളുടെ പ്രചാരകന്മാര്‍' എന്നീ ലേഖനങ്ങളും ഇന്ത്യാവിഷന്‍ മുന്‍ എക്‌സിക്യൂട്ടിവ് എഡിറ്റര്‍ ഹസന്‍ ചേളാരിയുടെ 'സമുദായത്തിന്റെ താല്‍പര്യമാണ് പരിഗണിക്കേണ്ടിയിരുന്നത്' എന്ന പ്രത്യേക സ്‌റ്റോറിയുമാണ് പുതിയ ലക്കത്തില്‍ ഉണ്ടായിരുന്നത്.
ഹസന്‍ ചേളാരിയുടെ ലേഖനത്തില്‍ സംഘ്പരിവാറിന്റെ അജണ്ടകള്‍ക്ക് ശക്തിപകര്‍ന്ന ലൗ ജിഹാദ് കെട്ടുകഥ ആദ്യം കൊട്ടിയാടിയത് ഇന്ത്യാവിഷനാണെന്ന് സമര്‍ഥിക്കുന്നു. അതേപോലെ പ്രവാചകനെ നിന്ദിക്കുന്ന കൃതിയായ 'ഇസ്‌ലാമും സ്ത്രീകളും' (മൊറോക്കോ എഴുത്തുകാരി ഫാത്തിമ മെര്‍ണിസിന്റെ 'ദ വീല്‍ ആന്‍ഡ് ദ മെയില്‍ എലൈറ്റ്' എന്ന കൃതിയുടെ മലയാള പരിഭാഷ) എന്ന പുസ്തകം മുനീര്‍ ചെയര്‍മാനായ 'ഒലിവ് പബ്ലിക്കേഷന്‍' പുറത്തിറക്കിയതിനെയും ലേഖനം വിമര്‍ശിക്കുന്നുണ്ട്. കോഴിക്കോട്ടെ 'നിസ' എന്ന ഫെമിനിസ്റ്റ് സംഘടനക്കാണ് ഈ പുസ്തകം സമര്‍പ്പിച്ചത്. പുസ്തകം വിവാദമായപ്പോള്‍ തങ്ങളത് നേരത്തേ പിന്‍വലിച്ചതാണെന്ന് സര്‍ക്കുലേഷന്‍ മാനേജരുടെ പേരിലുള്ള പത്രക്കുറിപ്പല്ലാതെ, അതിന്റെ മുഖ്യ സാരഥ്യം വഹിക്കുന്ന ചെയര്‍മാന്‍ എം.കെ. മുനീര്‍ ഒരക്ഷരം പ്രതികരിക്കാത്തത് സമുദായം ശ്രദ്ധിക്കുന്നുണ്ടെന്ന ഓര്‍മപ്പെടുത്തലും ലേഖനത്തിലുണ്ട്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്‌ലാമി സ്വീകരിച്ച നിലപാടിനെയും ലേഖനം വിമര്‍ശിക്കുന്നു.
'ഇന്ത്യാവിഷന്‍ പൊള്ളയായ എഡിറ്റോറിയല്‍ വിപ്ലവം' എന്ന ലേഖനത്തില്‍ മാറാട് കലാപ സമയത്ത് സാമുദായിക വിഭാഗീയത മൂര്‍ച്ഛിപ്പിക്കുന്ന തരത്തില്‍ ചാനല്‍ നിലപാടെടുത്തതിനെയും ഐസ്‌ക്രീം കേസില്‍ റജീനാ വിഷയം ലീഗ് നേതാവിനോടുള്ള പകയോടെ അവതരിപ്പിച്ചതിനെയുമാണ് വിമര്‍ശിക്കുന്നത്.
ഈ ലേഖനങ്ങള്‍ ഉള്‍പ്പെടുന്ന വാരികയുടെ പുതിയ ലക്കം ഇന്നലെ പുറത്തിറങ്ങേണ്ടതായിരുന്നു. ഇതനുസരിച്ച് സമയത്തിനുതന്നെ കമ്പോസിങ്ങും പ്രിന്റിങ്ങും പൂര്‍ത്തിയാവുകയും ചെയ്തിരുന്നു. മാനേജിങ് ഡയറക്ടറായ ഹൈദരലി ശിഹാബ് തങ്ങളുടെ വിലക്കുവന്നതോടെ വാരിക പിടിച്ചുവെക്കുകയായിരുന്നു. വിവാദ ലേഖനങ്ങള്‍ ഒഴിവാക്കി വാരിക അടുത്തദിവസം പുറത്തിറങ്ങുമെന്നാണ് അറിയുന്നത്.
സുന്നി അഫ്കാറിന്റെ പുതിയ ലക്കം ഏപ്രില്‍ 11ന് പ്രസിദ്ധീകരിക്കുമെന്ന് സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ് മാനേജറും വാരികയുടെ സീനിയര്‍ എഡിറ്ററുമായ പിണങ്ങോട് അബൂബക്കര്‍ 'മാധ്യമ'ത്തോട് പറഞ്ഞു. എന്‍.എ.എം. ജാഫറും ഷഫീഖ് വഴിപ്പാറയും ഹസന്‍ ചേളാരിയും കെ.പി. കുഞ്ഞിമ്മൂസയുമൊക്കെ ലേഖനങ്ങള്‍ തന്നിരുന്നുവെങ്കിലും പുതിയ ലക്കത്തില്‍ അതുള്‍പ്പെടുത്തിയിട്ടില്ല. രാഷ്ട്രീയ വിവാദങ്ങള്‍ ഉണ്ടാക്കല്‍ സമസ്തയുടെയോ വാരികയുടെയോ ജോലിയല്ലെന്നും അദ്ദേഹം പറഞ്ഞു.

No comments:

Post a Comment