Followers

Monday, May 23, 2011

കുഴപ്പം കണ്ടുപിടിക്കുക

ഇരുപതു വര്‍ഷം മുമ്പു നടന്ന ഒരു സംഭവം പറയാം.
കോഴിക്കോട് ജില്ലയിലെ ഒരു തോട്ടം. അതിന്റെ മേല്‍നോട്ടം വഹിക്കുന്നവനാണ്‌ മാമു. അയാള്‍ക്ക് കൊല്ലം വരെ ഒന്നു പോകണം. അതിനു നാലുദിവസത്തെ ലീവ് വേണം. മുതലാളിയെ സമീപിച്ചപ്പോള്‍ ഒരു നിബന്ധനയോടെ ലീവനുവദിച്ചു. 'നിനക്ക് വിശ്വാസമുള്ള ഒരാളെ തോട്ടത്തില്‍ നിറുത്തിയിട്ട് നീ പോയ്ക്കോ'.

മാമുവിനു എന്നെ വിശ്വാസമായിരുന്നു. എനിക്കും സമ്മതം. പകരക്കാരനെ കിട്ടിയാല്‍ എപ്പോള്‍ വേണമെങ്കിലും പോകാന്‍ മാമുവിനു അനുവാദം കിട്ടിയിട്ടുണ്ട്. അങ്ങനെ ഒരു ശനിയാഴ്ച വൈകുന്നേരം മാമു കൊല്ലത്തേക്കു പുറപ്പെട്ടു. പോകുമ്പോള്‍ എന്നോട് പറഞ്ഞു 'ഞാന്‍ ഞായറാഴ്ച കാലത്താണ്‌ പോയത്' എന്നേ മുതലാളിയോട് പറയാവൂ എന്ന്. ഞാന്‍ ശക്തമായി എതിര്‍ത്തെങ്കിലും മാമു സമ്മതിച്ചില്ല.

അന്നു രാത്രി ഏതാണ്ട് 10 മണി സമയം. അപ്പോഴുണ്ട് ഒരാള്‍ ഓടിക്കിതച്ചു കയറിവരുന്നു. കിതപ്പിനിടയില്‍ അയാള്‍ പറഞ്ഞു: മാമു അയച്ചിട്ടാണ്‌ ഞാന്‍ വരുന്നത്. അവന്‍ എപ്പോഴാണ്‌ കൊല്ലത്തേക്ക് പോയതെന്നു മുതലാളി ചോദിച്ചാല്‍ 'ശനിയാഴ്ച വൈകുന്നേരം പോയെ'ന്നു പറയാന്‍ പറഞ്ഞു. എനിക്ക് നേരമില്ല ഞാന്‍ പോവുകയാണ്‌.
അയാള്‍ പോവുകയും ചെയ്തു.

നാലുനാള്‍ കഴിഞ്ഞു മാമു തിരിച്ചെത്തി. മേല്‍ ദൂതിനെക്കുറിച്ച് ഞാന്‍ അന്വേഷിച്ചു. അപ്പോള്‍ മാമു പറയുകയാണ്‌: ശനിയാഴ്ച വൈകുന്നേരം ബസ് കാത്തു നില്‍ക്കുമ്പോള്‍ മുതലാളിയുടെ അനുജന്‍ ആ വഴിക്കു കാറില്‍ വന്നു. എന്നെ കണ്ടു. കാര്‍ നിറുത്തി. അതിലാണ്‌ കോഴിക്കോട്ടേക്ക് പോയത്.
മുതലാളിയും അനുജനും ഒരു വീട്ടിലാണ്‌ താമസം. അതിനാല്‍, ഞാന്‍ എപ്പോഴാണ്‌ യാത്രതിരിച്ചതെന്ന കാര്യം അനുജനില്‍ നിന്നു മുതലാളി അറിയാനിടയാവുമെന്നു ഞാന്‍ ഊഹിച്ചു. അദ്ദേഹം തോട്ടത്തില്‍ വരുമ്പോള്‍, 'മാമു ഞായറാഴ്ച രാവിലെയാണ്‌ പോയതെ'ന്ന് നീ കള്ളം പറയുകയും കൈയോടെ പിടികൂടപ്പെടുകയും ചെയ്യുമോ എന്ന് ഞാന്‍ ആശങ്കിക്കുകയും ചെയ്തു. അതിന്നു പരിഹാരം കാണാന്‍ വേണ്ടിയാണ്‌ ഞാന്‍ സുഹൃത്തിനെ തോട്ടത്തിലേക്കയച്ചത്. യാത്ര അവസാനിപ്പിച്ചാലോ എന്നു പോലും ഞന്‍ ആലോചിച്ചു പോയിരുന്നു. അപ്പോഴാണ്‌ അവനെ കണ്ടു മുട്ടിയത്. ഇല്ലായിരുന്നുവെങ്കില്‍ നിന്നെ വിവരമറിയിക്കാന്‍ എനിക്കു കഴിയുമായിരുന്നില്ല. നിന്നെ വിവരമറിയിക്കാതെ എനിക്കു പോകാനും പറ്റുമായിരുന്നില്ല.

അന്ന് മൊബൈലുണ്ടായിരുന്നില്ലെന്നു മാത്രമല്ല, ആ തോട്ടത്തില്‍ ലാന്‍ഡ് ഫോണ്‍ കണക്‌ഷന്‍ പോലുമുണ്ടായിരുന്നില്ല.

ഈ കഥ മുമ്പില്‍ വച്ചുകൊണ്ട് നമുക്ക് രണ്ടു രീതിയില്‍ ചിന്തിക്കാം.
ഒന്ന്: സാങ്കേതികവിദ്യകളുടെ അപര്യപ്തതയാണ്‌ കുഴപ്പമായത്.
രണ്ട്: കള്ളം പറയാനുള്ള പ്രവണതയാണ്‌ കുഴപ്പമായത്.

2 comments:

  1. സാങ്കേതിക വിദ്ദ്യ പര്യാപ്ത മാണോ അല്ലയോ എന്നുള്ളതല്ല ഇവിടുത്തെ പ്രശ്നം. നമ്മള്‍ ഒരുകാര്യത്തെ സത്യസന്തമായാണ് നേരിടുന്നതെങ്കില്‍ ആരെയും ഭയക്കേണ്ടതില്ല. അല്പമെങ്കിലും കള്ളത്തരം നമ്മള്‍ ഒരു വിഷയത്തില്‍ കാണിക്കുമ്പോള്‍, മനസ്സിന് ഒരു സമാധാനവും കിട്ടില്ല. ഒരു കളവിനെ ന്യായീകരിക്കാന്‍, ഒരുപാട് കളവുകള്‍ പറയേണ്ടി വരും. അതുകൊണ്ട് സത്യസന്തമായി ഒരു വിഷയത്തെ സപീപിച്ചു കഴിഞ്ഞാല്‍, ആ സമയത്ത് അല്പം പ്രയാസപ്പെടേണ്ടിവന്നാലും പിന്നീടുള്ള അതിന്‍റെ ഫലം സന്തോഷം നല്‍കുന്നതായിരിക്കും.

    ReplyDelete
  2. അഷ്‌റഫ്‌ പറഞ്ഞ അഭിപ്രായത്തോട് യോജിക്കുന്നു സാങ്കേതികത നമ്മളെ കള്ളനാക്കുന്നു

    ReplyDelete