Followers

Monday, July 4, 2011

പലിശയെപ്പറ്റി: മൌലാനാ മൌദൂദി

(ഖുര്‍ആനിലെ രണ്ടാമദ്ധ്യായം 275, 276 സൂക്തങ്ങളും അവയ്ക്ക് മൌലാനാ മൌദൂദി നല്‍കിയ വ്യാഖ്യാനക്കുറിപ്പുകളും.)

"എന്നാല്‍ പലിശ തിന്നുന്നവരോ315 അവരുടെ ഗതി ചെകുത്താന്‍ ബാധിച്ച് ഭ്രാന്തുപിടിച്ചവന്റേതുപോലെയാകുന്നു.316 `കച്ചവടവും പലിശപോലെത്തന്നെ`317 എന്നു വാദിച്ചതുകൊണ്ടത്രെ അവര്‍ക്കീ ഗതിവന്നത്. എന്നാല്‍ കച്ചവടത്തെ അല്ലാഹു അനുവദിക്കുകയും പലിശയെ നിഷിദ്ധമാക്കുകയുമാണ് ചെയ്തിട്ടുള്ളത്.318 ആര്‍ക്കെങ്കിലും തന്റെ നാഥനില്‍നിന്നുള്ള ഈ ഉപദേശം വന്നെത്തുകയും അങ്ങനെ പലിശയിടപാടില്‍നിന്നു വിരമിക്കുകയും ചെയ്താല്‍, അയാള്‍ മുമ്പ് അനുഭവിച്ചത് അനുഭവിച്ചുകഴിഞ്ഞു. ഇനി അവന്റെ കാര്യം അല്ലാഹുവിങ്കലാകുന്നു.319 ഈ വിധിക്കുശേഷം ഇതേ ഇടപാട് തുടരുന്നവരോ, നരകാവകാശികള്‍ തന്നെയാകുന്നു. അവരതില്‍ നിത്യവാസികളല്ലോ. അല്ലാഹു പലിശയെ നശിപ്പിക്കുകയും ദാനധര്‍മങ്ങളെ പരിപോഷിപ്പിക്കുകയും ചെയ്യുന്നു.320 നന്ദികെട്ട ദുര്‍വൃത്തരായ ആരെയും അല്ലാഹു സ്നേഹിക്കുകയില്ല.321" (Quran 2/275, 276)
-------
ഈ സൂക്തങ്ങള്‍ക്ക് മൌലാനാ മൌദൂദി എഴുതിയ അടിക്കുറിപ്പുകള്‍:
315. മൂലത്തില്‍ രിബാ എന്ന വാക്കാണ് ഉപയോഗിച്ചിട്ടുള്ളത്. അതിന്റെ അര്‍ഥം വളര്‍ച്ച, വര്‍ധന എന്നൊക്കെയാണ്. സാങ്കേതികാര്‍ഥത്തില്‍ അറബികള്‍ ഈ വാക്കുപയോഗിച്ചിരുന്നത്, ഒരാള്‍ തന്റെ കടക്കാരനില്‍നിന്ന് നിശ്ചിത തോതനുസരിച്ച് മൂലധനത്തില്‍ കൂടുതലായി വസൂലാക്കിയിരുന്ന തുകക്കാണ്. നമ്മുടെ ഭാഷയില്‍ പലിശയെന്നു പറയുന്നതും ഇതിനുതന്നെയാണ്. ഖുര്‍ആന്‍ അവതരിച്ചിരുന്ന കാലത്ത് നടപ്പുണ്ടായിരുന്നതും അറബികള്‍ രിബാ എന്ന വാക്കുപയോഗിച്ചിരുന്നതുമായ പലിശസമ്പ്രദായങ്ങളുടെ ചില ഉദാഹരണങ്ങള്‍: ഒരാള്‍ മറ്റൊരാള്‍ക്ക് വല്ലതും വില്‍ക്കുകയും വിലകൊടുത്തു തീര്‍ക്കുവാന്‍ ഒരു സമയം നിശ്ചയിക്കുകയും ചെയ്യുക; നിശ്ചിത സമയത്ത് വില കൊടുത്തുതീര്‍ക്കാന്‍ കഴിയാതെ വരുമ്പോള്‍ കൂടുതല്‍ സമയം അനുവദിച്ച് വിലയുടെ തുക വര്‍ധിപ്പിക്കുക. അല്ലെങ്കില്‍ ഒരാള്‍ മറ്റൊരാള്‍ക്ക് വല്ലതും കടം കൊടുക്കുമ്പോള്‍ ഇത്ര കാലത്തേക്ക് ഇത്ര സംഖ്യ മൂലധനത്തേക്കാള്‍ കൂടുതല്‍ കൊടുക്കണമെന്നു നിശ്ചയിക്കുക. വേറൊരുദാഹരണം: നിശ്ചിതകാലത്തേക്ക് ഒരു പ്രത്യേക തോത് ഉടമസ്ഥനും കടക്കാരനും കൂടി നിശ്ചയിക്കുകയും അക്കാലത്തിനിടക്ക് മൂലധനവും കൂടുതല്‍ നിശ്ചയിച്ച സംഖ്യയും കൊടുത്ത് വീട്ടാതിരിക്കുന്ന പക്ഷം ആദ്യത്തെ തോതു വര്‍ധിപ്പിച്ച് കൂടുതല്‍ സമയം അനുവദിച്ചു കൊടുക്കുകയും ചെയ്യുക. ഇത്തരം സ്വഭാവങ്ങളോടുകൂടിയ ഇടപാടുകളുടെ വിധിയാണ് ഇവിടെ വിവരിക്കുന്നത്.

316. ഭ്രാന്ത് ബാധിച്ചവനു മജ്നൂന്‍(പിശാച് ബാധയേറ്റവന്‍) എന്ന വാക്കാണ് അറബികള്‍ ഉപയോഗിച്ചിരുന്നത്. ഒരാള്‍ക്ക് ഭ്രാന്ത് പിടിപെട്ടുവെന്നു പറയേണ്ടിവരുമ്പോള്‍ `അവനെ പിശാച് ബാധിച്ചു` എന്നവര്‍ പറഞ്ഞിരുന്നു. ഈ പ്രയോഗംകൊണ്ട്, വിശുദ്ധ ഖുര്‍ആന്‍ പലിശ വാങ്ങുന്നവനെ ബുദ്ധി ഭ്രമിച്ചവനോട് ഉപമിക്കുകയാണ്. അതായത്, ഒരു ഭ്രാന്തന്‍ വിശേഷബുദ്ധി നഷ്ടപ്പെട്ടതുകാരണം സമനില തെറ്റി പ്രവര്‍ത്തിക്കുന്നതുപോലെ പലിശക്കാരനും പണത്തിന്റെ പിന്നാലെ ഭ്രാന്തുപിടിച്ചോടുന്നു. തന്റെ പലിശവ്യാപാരം കാരണം മാനുഷിക സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ദീനാനുകമ്പയുടെയും അടിവേര് എത്രമാത്രം മുറിഞ്ഞുപോവുന്നുണ്ട്, സാമൂഹ്യനന്മക്ക് എത്ര വലിയ വിനാശമേല്‍ക്കുന്നുണ്ട്, ആരുടെയൊക്കെ ദുഃസ്ഥിതിയില്‍നിന്നാണ് തന്റെ സുസ്ഥിതിക്കുള്ള ഉപകരണങ്ങള്‍ ചൂഷണം ചെയ്തുണ്ടാക്കുന്നത് എന്നിവക്കൊന്നും, സ്വാര്‍ഥമാകുന്ന ഭ്രാന്തില്‍ പെട്ടതുകാരണം അവന്‍ തീരെ വില കല്‍പിക്കുകയില്ല. ഇത് ഈ ലോകത്ത് തന്നെയുണ്ടാകുന്ന അവന്റെ ഭ്രാന്തിന്റെ അവസ്ഥയാണ്; പരലോകത്തില്‍ മനുഷ്യന്‍ പുനര്‍ജീവിപ്പിക്കപ്പെടുന്നത്, ഇഹലോകത്ത് അവര്‍ ജീവിതമവസാനിപ്പിച്ച അതേ അവസ്ഥയിലായിരിക്കും. അതിനാല്‍, പേ പിടിച്ച് ബുദ്ധി ഭ്രമിച്ച ഒരു മനുഷ്യന്റെ രൂപത്തിലായിരിക്കും അന്ത്യനാളില്‍ പലിശക്കാരന്‍ എഴുന്നേല്‍ക്കുക.

317. അതായത്, പലിശയുടെ സ്വഭാവവും കച്ചവടത്തില്‍ മൂലധനത്തിന്മേല്‍ വാങ്ങുന്ന ലാഭത്തിന്റെ സ്വഭാവവും തമ്മിലുള്ള അന്തരം ഗ്രഹിക്കുന്നില്ലെന്നതാണ് അവരുടെ സിദ്ധാന്തത്തിന്റെ തകരാറ്. രണ്ടിനെയും തുല്യമായി കണക്കാക്കിക്കൊണ്ട്, കച്ചവടത്തില്‍ ഇറക്കിയ പണത്തിന്ന് ലാഭം അനുവദനീയമാണെങ്കില്‍ കടമായി കൊടുത്ത പണത്തിനു ലാഭം എങ്ങനെ നിഷിദ്ധമായി എന്നവര്‍ ന്യായവാദം നടത്തുകയാണ്. ഇക്കാലത്തെ പലിശവ്യാപാരികളും ഇതേ നിലക്കുള്ള ന്യായവാദങ്ങള്‍ നടത്താറുണ്ട്. അവര്‍ പറയുന്നു: `ഒരാള്‍ സ്വയം ലാഭമുണ്ടാക്കാന്‍ കഴിയുന്ന തന്റെ പണം കടമായി മറ്റൊരാളെ ഏല്‍പിക്കുന്നു; കടം വാങ്ങിയ വ്യക്തിയും അതില്‍നിന്നു ലാഭമെടുക്കുകയാണ് ചെയ്യുന്നത്. എന്നിരിക്കെ, ഉത്തമര്‍ണന്റെ പണംകൊണ്ട് അധമര്‍ണന്‍ സമ്പാദിക്കുന്ന ലാഭത്തില്‍ ഒരു ഭാഗം ഉത്തമര്‍ണന് എന്തുകൊണ്ട് നല്‍കിക്കൂടാ?` എന്നാല്‍ ഒരു യാഥാര്‍ഥ്യത്തെക്കുറിച്ച് ഇക്കൂട്ടര്‍ തീരെ ചിന്തിക്കുന്നില്ല. അതായത്, ലോകത്ത് നടക്കുന്ന യാതൊരിടപാടും- അത് കച്ചവടമോ വ്യവസായമോ കൃഷിയോ ഏതാവട്ടെ, ഒരുവന്റെ അധ്വാനംകൊണ്ടു മാത്രം നടത്തുന്നവയാകട്ടെ, അധ്വാനവും മൂലധനവും വഴി നിര്‍വഹിക്കുന്നവയാകട്ടെ - നഷ്ട സംഭവ്യത (Risk)യില്‍നിന്നു തികച്ചും ഒഴിവായതല്ല; നിശ്ചിതമായ ഒരു ലാഭം നിര്‍ബന്ധമായും ലഭിക്കുമെന്നു അവയൊന്നും ഉറപ്പുനല്‍കുന്നുമില്ല. എന്നിരിക്കെ, മുഴുവന്‍ വ്യാപാരലോകത്ത് ഒരേ ഒരാള്‍ - കടം കൊടുക്കുന്ന മുതലാളി മാത്രം - നഷ്ടത്തിന്റെ എല്ലാ സാധ്യതയില്‍നിന്നും തികച്ചും സുരക്ഷിതനായി, ഒരു നിശ്ചിത ലാഭത്തിനു നിര്‍ബന്ധപൂര്‍വം അവകാശിയായി നിലകൊള്ളാന്‍ കാരണമെന്ത്? ലാഭകരമല്ലാത്ത ആവശ്യങ്ങള്‍ക്കായി കടം വാങ്ങുന്നവരുടെ കാര്യം അല്‍പസമയത്തേക്ക് വിട്ടേക്കുക; തോതിന്റെ ഏറ്റക്കുറവ് പ്രശ്നവും തല്‍ക്കാലം അവഗണിച്ചേക്കുക; ലാഭകരമായ പ്രവൃത്തികളില്‍ മുതലിറക്കുവാനാണ് കടം വാങ്ങുന്നതെന്നും പലിശയുടെ തുക വളരെ തുഛമാണെന്നും തന്നെ വെക്കുക; ഇവിടെ ഉദ്ഭവിക്കുന്ന ചോദ്യം ഇതാണ്: തങ്ങളുടെ സമയവും അധ്വാനവും യോഗ്യതയും മൂലധനവും ഇടപാടില്‍ സദാ വിനിയോഗിച്ചുകൊണ്ടിരിക്കുന്നതാരോ, വ്യാപാരത്തിന്റെ അഭിവൃദ്ധി ആരുടെ ത്യാഗപരിശ്രമങ്ങളെ ആശ്രയിച്ചിരിക്കുന്നുവോ, അവരെ സംബന്ധിച്ചിടത്തോളം ഒരു നിശ്ചിത ലാഭത്തിന്റെ ഉറപ്പൊന്നുമില്ല; നഷ്ടത്തിന്റെ മുഴുവന്‍ അപകട സാധ്യതയും അവരുടെ തലക്കുമീതെ തൂങ്ങിക്കിടക്കുകയും ചെയ്യുന്നു. എന്നാല്‍ പണം കടം നല്‍കുക മാത്രം ചെയ്തവന്‍ യാതൊരപകട സാധ്യതയും കൂടാതെ ഒരു നിശ്ചിത ലാഭം കൃത്യമായി വസൂലാക്കിക്കൊണ്ടിരിക്കുകയും! ഏതൊരു ബുദ്ധിയാണ്, ഏത് ന്യായശാസ്ത്രമാണ്, ഏതു നീതി സിദ്ധാന്തമാണ്, ഏതു സാമ്പത്തിക തത്വമാണ് ഇതിനെ ന്യായീകരിക്കുക? ഒരാള്‍ ഒരു വ്യവസായശാലക്ക് 20 കൊല്ലത്തേക്ക് ഒരു സംഖ്യ കടം നല്‍കുന്നു; വരുന്ന 20 കൊല്ലം വരെ വര്‍ഷാന്തം അഞ്ചു ശതമാനത്തിന്റെ തോതില്‍ ലാഭം വസൂലാക്കുവാന്‍ തനിക്കവകാശമുണ്ടെന്ന് ഇന്നുതന്നെ തീരുമാനിക്കുകയും ചെയ്യുന്നു. ആ വ്യവസായശാല ഉല്‍പാദിപ്പിക്കുന്ന വസ്തുക്കള്‍ക്ക് വരുന്ന 20 കൊല്ലത്തിനകം മാര്‍ക്കറ്റില്‍ എന്തു വില കിട്ടുമെന്നോ വിലയില്‍ എത്രകണ്ട് ഉയര്‍ച്ച-താഴ്ചകള്‍ ഉണ്ടാകുമെന്നോ ആര്‍ക്കും അറിഞ്ഞുകൂടതാനും. ഒരു സമുദായത്തിലെ ജനവിഭാഗങ്ങളൊന്നടങ്കം ഒരു യുദ്ധത്തില്‍ അപകടങ്ങളും നാശനഷ്ടങ്ങളും ത്യാഗങ്ങളും സഹിക്കുക, എന്നാല്‍ കടം കൊടുത്ത ഒരു മുതലാളി മാത്രം യുദ്ധാനന്തരം നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും, താന്‍ നല്‍കിയ യുദ്ധക്കടത്തിനു സ്വന്തം സമുദായത്തില്‍നിന്നു പലിശ വസൂലാക്കിക്കൊണ്ടിരിക്കുക- ഇതെങ്ങനെ ന്യായീകരിക്കാം?

318. കച്ചവടത്തിന്റെയും പലിശയുടെയും സാമ്പത്തികവും ധാര്‍മികവുമായ നിലപാട് ഭിന്നമായിരിക്കുന്നതിന്നു നിദാനമായ അടിസ്ഥാന വ്യത്യാസം താഴെ വിവരിക്കുന്നതാണ്: i) കച്ചവടത്തില്‍, വില്‍ക്കുന്നവന്നും വാങ്ങുന്നവന്നും ഇടയില്‍ ലാഭത്തിന്റെ കൈമാറ്റത്തില്‍ തുല്യ നിലപാടാണുള്ളത്. എന്തുകൊണ്ടെന്നാല്‍, വാങ്ങുന്നവന്‍ താന്‍ വാങ്ങിയ സാധനത്തില്‍നിന്നും ഫലമെടുക്കുന്നു; വിറ്റവനാകട്ടെ, വാങ്ങുന്നവന്ന് ആ സാധനം ശേഖരിച്ചു കൊടുക്കുന്നതില്‍ വിനിയോഗിച്ച അധ്വാനം, ബുദ്ധിസാമര്‍ഥ്യം, സമയം എന്നിവയുടെ പ്രതിഫലമാണ് വാങ്ങുന്നത്. നേരെമറിച്ച്, പലിശയുടെ കൊള്ളക്കൊടുക്കയില്‍ ലാഭത്തിന്റെ കൈമാറ്റം തുല്യ നിലപാടിലായിരിക്കയില്ല. പലിശ വാങ്ങുന്നവന്‍ ലാഭമെന്നുറപ്പായ ഒരു നിശ്ചിത തുക ഏതു നിലക്കും വസൂലാക്കുന്നു; എന്നാല്‍ പലിശ കൊടുക്കുന്നവനും വെറും കാലാവധിയുടെ ആനുകൂല്യം മാത്രമാണ് ലഭിക്കുന്നത്; അതാകട്ടെ, ലാഭകരമായിരിക്കുമെന്നൊട്ടുറപ്പില്ലതാനും. അവന്‍ കടം വാങ്ങിയത് വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ചെലവഴിക്കുവാന്‍ വേണ്ടിയാണെങ്കില്‍ കാലാവധി അവന്നു തീരെ ലാഭകരമല്ലെന്നതു വ്യക്തമാണ്. ഇനി കച്ചവടം, കൃഷി, വ്യവസായം, തൊഴില്‍ എന്നിവയില്‍ മുതലിറക്കുവാനാണ് വാങ്ങിയതെന്നിരുന്നാലും, കാലാവധിയില്‍ ലാഭത്തിന്നു സാധ്യതയുള്ളത്രതന്നെ നഷ്ടത്തിന്നും സാധ്യതയുണ്ട്. അതിനാല്‍, പലിശ ഇടപാട് ഒന്നുകില്‍ ഒരു വിഭാഗത്തിന്നു ലാഭവും മറ്റേ വിഭാഗത്തിന്നു നഷ്ടവുമായിരിക്കും; അല്ലെങ്കില്‍ ഒരു വിഭാഗത്തിന്ന് ഉറച്ചതും നിര്‍ണിതവുമായ ലാഭവും, മറ്റേ വിഭാഗത്തിന്നു അനിശ്ചിതവും നിര്‍ണിതമല്ലാത്തതുമായ ലാഭവുമായിരിക്കും അതിന്റെ ഫലം. ii) കച്ചവടത്തില്‍, വില്‍ക്കുന്നവന്‍ വാങ്ങുന്നവനില്‍നിന്നു എത്ര കൂടുതല്‍ ലാഭമെടുത്താലും ഒരിക്കല്‍ മാത്രമാണെടുക്കുന്നത്. എന്നാല്‍, പലിശ ഇടപാടില്‍ ധനം നല്‍കുന്നവന്‍ തന്റെ ധനത്തിന്നു തുടര്‍ച്ചയായി ലാഭം വസൂലാക്കിക്കൊണ്ടിരിക്കുന്നു. സമയത്തിന്റെ ഗതിക്കൊപ്പം അവന്റെ ലാഭവും വളര്‍ന്നുകൊണ്ടേ പോകുന്നതാണ്. കടം വാങ്ങിയവന്‍ ആ ധനം വഴി എത്ര തന്നെ ലാഭമെടുത്താലും അതിന്റെ ഫലം എങ്ങനെയും ഒരു പ്രത്യേക പരിധിവരെ മാത്രമായിരിക്കും; നേരെ മറിച്ച് കടം കൊടുത്തവന്‍ അനുഭവിക്കുന്ന ഫലത്തിന് യാതൊരതിര്‍ത്തിയുമില്ല. കടം വാങ്ങിയവന്റെ മുഴുവന്‍ സമ്പാദ്യവും, മുഴുവന്‍ ജീവിത ഉപകരണങ്ങളും, എന്നല്ല, അവന്റെ നാണം മറയ്ക്കുന്ന വസ്ത്രവും കഞ്ഞി കുടിക്കാനുള്ള പാത്രങ്ങളും കൂടി ഒരുപക്ഷേ പലിശ മുതലാളി തട്ടിയെടുക്കുകയും, എന്നിട്ടും അവന്റെ പലിശാവകാശം അവശേഷിക്കുകയും ചെയ്തേക്കും! iii) കച്ചവടത്തില്‍, സാധനവും അതിന്റെ വിലയും കൈമാറുന്നതോടെ ഇടപാട് അവസാനിക്കുന്നു; അനന്തരം വാങ്ങിയവന്‍ വിറ്റവന്നു യാതൊന്നും മടക്കിക്കൊടുക്കേണ്ടതില്ല. വീട്, ഭൂമി, സാമാനങ്ങള്‍ എന്നിവയുടെ വാടകയില്‍ മൂലവസ്തു- അതുപയോഗിക്കുന്നതിന്റെ പ്രതിഫലമാണല്ലോ നല്‍കപ്പെടുന്നത്- ചെലവാകാതെ നിലനില്‍ക്കുന്നു; അതേ വസ്തുതന്നെ ഉടമസ്ഥനു മടക്കിക്കൊടുക്കുകയും ചെയ്യുന്നു. എന്നാല്‍ പലിശ ഇടപാടില്‍, കടം വാങ്ങിയവന്‍ മൂലധനം ചെലവാക്കിക്കഴിഞ്ഞിട്ടുണ്ടായിരിക്കും; അങ്ങനെ ചെലവഴിച്ച ധനം വീണ്ടും ഉല്‍പാദിപ്പിച്ച് വര്‍ധനവോടുകൂടിയാണ് മടക്കിക്കൊടുക്കേണ്ടിവരുന്നത്! iv) കച്ചവടം, വ്യവസായം, തൊഴില്‍, കൃഷി എന്നിതുകളില്‍ മനുഷ്യന്‍ തന്റെ അധ്വാനവും സാമര്‍ഥ്യവും സമയവും വിനിയോഗിച്ച് അതിന്റെ ഫലമാസ്വദിക്കുന്നു; എന്നാല്‍ പലിശ വ്യാപാരത്തില്‍ മുതലാളി തന്റെ ആവശ്യത്തില്‍ കൂടുതലുള്ള ധനം നല്‍കി യാതൊരുവിധ അധ്വാനവും ബുദ്ധിമുട്ടും കൂടാതെ അന്യരുടെ സമ്പാദ്യത്തിലെ മികച്ച പങ്കാളിയായിത്തീരുകയാണ് ചെയ്യുന്നത്. അവന്റെ നിലപാട് ലാഭത്തിലും നഷ്ടത്തിലും പങ്ക് വഹിക്കുകയും ലാഭത്തിലുള്ള പങ്ക് ലാഭത്തിന്റെ തോതനുസരിച്ചായിരിക്കുകയും ചെയ്യുന്ന സാങ്കേതികാര്‍ഥത്തിലുള്ള `പങ്കുകാര`ന്റേതല്ല; പ്രത്യുത, ലാഭവും നഷ്ടവും നോക്കാതെ ലാഭത്തോത് പരിഗണിക്കാതെ തന്റെ നിശ്ചിത ലാഭത്തിനുവേണ്ടി വാദിക്കുന്ന പങ്കാളിയുടേതാണ്! ഇക്കാരണങ്ങളാല്‍, കച്ചവടത്തിന്റെ സാമ്പത്തിക നിലപാടും പലിശയുടെ സാമ്പത്തിക നിലപാടും തമ്മില്‍ ഭീമമായ അന്തരമുണ്ടായിത്തീരുന്നു. കച്ചവടം മനുഷ്യനാഗരികതയുടെ നിര്‍മാണശക്തിയായി വര്‍ത്തിക്കുമ്പോള്‍ പലിശ അതിന്റെ നാശത്തിനു കാരണമായി ഭവിക്കുന്നു. ഇനി ധാര്‍മികമായി നോക്കുന്ന പക്ഷം, വ്യക്തികളില്‍ ലുബ്ധത, സ്വാര്‍ഥം, കഠിന മനസ്കത, ദയയില്ലായ്മ, ധനപൂജ തുടങ്ങിയ ദുര്‍ഗുണങ്ങള്‍ സൃഷ്ടിച്ചുവിടുകയും അനുഭാവം, സഹാനുഭൂതി, പരസ്പരസഹായം എന്നിതുകളുടെ ചൈതന്യം തീരെ നശിപ്പിച്ചുകളയുകയും ചെയ്യുകയെന്നതു പലിശയുടെ സഹജമായ സ്വഭാവമാണ്. ഈ അടിസ്ഥാനത്തില്‍ പലിശ സാമ്പത്തികമായും ധാര്‍മികമായും മനുഷ്യവംശത്തിനു നാശഹേതുകമത്രെ!

319. അവന്‍ വാങ്ങി തിന്നതെല്ലാം അല്ലാഹു മാപ്പ് ചെയ്തുകൊടുക്കുമെന്നല്ല, അല്ലാഹുവിങ്കലാണ് അവന്റെ കാര്യം എന്നാണ് പറയുന്നത്. ഈ വാചകത്തില്‍നിന്നും വ്യക്തമാവുന്നത്, മുമ്പ് അനുഭവിച്ചതെല്ലാം അനുഭവിച്ചുകഴിഞ്ഞു എന്നതിനര്‍ഥം, വാങ്ങിയതെല്ലാം മാപ്പാക്കപ്പെട്ടുവെന്നല്ല; പ്രത്യുത, നിയമപരമായ ആനുകൂല്യം മാത്രമാണതുകൊണ്ടുദ്ദേശിക്കപ്പെടുന്നത്. അതായത്, മുമ്പ് വാങ്ങിക്കഴിഞ്ഞ പലിശ മടക്കിക്കൊടുക്കുവാന്‍ നിയമപരമായി അവനോടാവശ്യപ്പെടുകയില്ല; കാരണം, അങ്ങനെ ആവശ്യപ്പെടുന്നപക്ഷം, കേസുകളുടെ എവിടെയും അവസാനിക്കാത്ത നീണ്ട പരമ്പര അതുവഴി ആരംഭിച്ചേക്കും. പക്ഷേ, ധാര്‍മികമായി നോക്കുമ്പോള്‍, ഒരാള്‍ പലിശവ്യാപാരം വഴി സമ്പാദിച്ചുണ്ടാക്കിയ ധനത്തിന്റെ മലിനത പഴയ നിലക്കുതന്നെ അവശേഷിക്കുന്നതാണ്; അവന്‍ യഥാര്‍ഥത്തില്‍ അല്ലാഹുവെ ഭയപ്പെടുന്നവനാണെങ്കില്‍, ഇസ്ലാം സ്വീകരിച്ചതിനാല്‍ അവന്റെ സാമ്പത്തികവും ധാര്‍മികവുമായ വീക്ഷണഗതിക്ക് യഥാര്‍ഥമായും മാറ്റം സംഭവിച്ചിട്ടുണ്ടെങ്കില്‍, നിഷിദ്ധ മാര്‍ഗങ്ങളിലൂടെ സമ്പാദിച്ചിട്ടുള്ള ധനം സ്വന്തം ആവശ്യങ്ങള്‍ക്കായി ചെലവഴിക്കുന്നത് കഴിയുന്നത്ര സൂക്ഷിക്കുന്നതാണ്. തന്റെ പക്കലുള്ള ധനത്തിന്റെ സാക്ഷാല്‍ അവകാശികളെ കണ്ടുപിടിച്ചു അവരുടെ ധനം അവര്‍ക്ക് മടക്കിക്കൊടുക്കുവാനും അവകാശികളെ കണ്ടുപിടിക്കാന്‍ കഴിയാത്ത ഭാഗം സ്വന്തം ആവശ്യങ്ങള്‍ക്ക് ചെലവാക്കുന്നതിന്നുപകരം സമൂഹനന്മക്കായി ചെലവു ചെയ്യുവാനും കഴിവത് അവന്‍ പരിശ്രമിക്കുന്നതായിരിക്കും. ഇതേ കര്‍മനയമായിരിക്കും അല്ലാഹുവിന്റെ ശിക്ഷയില്‍നിന്നും അവനെ രക്ഷിക്കുന്നത്! മുമ്പ് നിഷിദ്ധമായി സമ്പാദിച്ച ധനം ആസ്വദിച്ചു പഴയ പടി സുഖിച്ചുകൊണ്ടിരുന്ന വ്യക്തിയെ സംബന്ധിച്ചിടത്തോളം നിഷിദ്ധ ധനം ആസ്വദിച്ചതിന്റെ പേരില്‍ ശിക്ഷ അനുഭവിക്കേണ്ടിവരികയെന്നതു ഒട്ടും അസംഭവ്യമല്ല.

320. ധാര്‍മികവും ആത്മീയവുമായ നിലപാടിലും സാമ്പത്തികവും നാഗരികവുമായ വീക്ഷണത്തിലും തികച്ചും ശരിയായ ഒരു യാഥാര്‍ഥ്യമാണ് ഈ വാക്യത്തില്‍ വിവരിച്ചിട്ടുള്ളത്. പലിശകൊണ്ട് സമ്പത്ത് വളരുകയും ദാനധര്‍മങ്ങളാല്‍ അത് കുറയുകയും ചെയ്യുന്നതായായിട്ടാണ് പ്രത്യക്ഷത്തില്‍ കാണപ്പെടുന്നതെങ്കിലും യഥാര്‍ഥത്തില്‍ മറിച്ചാണ് സംഭവിക്കുന്നത്. പലിശ ധാര്‍മികവും ആത്മീയവും സാമ്പത്തികവും നാഗരികവുമായ പുരോഗതിക്ക് വിഘാതമാണെന്നു മാത്രമല്ല, അധോഗതിക്ക് കാരണം കൂടിയാണെന്നത്രെ പ്രകൃതിയുക്തമായ ദൈവികനിയമം. നേരെമറിച്ച് ദാനധര്‍മങ്ങള്‍ വഴി (പലിശരഹിതമായ കടവും അതിലുള്‍പ്പെടുന്നു) ധാര്‍മികവും ആത്മീയവും നാഗരികവും സാമ്പത്തികവുമായി വളര്‍ച്ചയും വികാസവും ലഭ്യമാകുന്നതാണ്. ധാര്‍മികമായും ആത്മീയമായും നോക്കുമ്പോള്‍, സ്വാര്‍ഥം, ലുബ്ധ്, കുടിലമനസ്കത, ഹൃദയകാഠിന്യം തുടങ്ങിയ ദുര്‍ഗുണങ്ങളുടെ അനന്തരഫലമാണ് പലിശയെന്നും അതേ ദുര്‍ഗുണങ്ങളെയാണ് മനുഷ്യനില്‍ അത് വളര്‍ത്തിവിടുന്നതെന്നുമുള്ള വസ്തുത തികച്ചും വ്യക്തമാണ്. മറിച്ചു ദാനധര്‍മങ്ങളാകട്ടെ, ഔദാര്യം, അനുഭാവം, വിശാലമനസ്കത, ഉന്നത മനഃസ്ഥിതി തുടങ്ങിയ സല്‍ഗുണങ്ങളുടെ ഫലമാണ്; ഇതേ തരത്തിലുള്ള ഉത്തമ ഗുണങ്ങളായിരിക്കും ദാനധര്‍മങ്ങളാല്‍ മനുഷ്യനില്‍ വളര്‍ന്നുവരുന്നതും. ധാര്‍മിക ഗുണങ്ങളുടെ ഈ രണ്ടു സമാഹാരങ്ങളില്‍ ആദ്യത്തേതിനെ പരമ നീചമായും രണ്ടാമത്തേതിനെ സര്‍വോല്‍കൃഷ്ടമായും അംഗീകരിക്കാത്തവരായി ആരാണുണ്ടായിരിക്കുക? നാഗരികമായി നോക്കിയാലും ഒരു വസ്തുത ഏവര്‍ക്കും നിഷ്പ്രയാസം ഗ്രഹിക്കാവുന്നതാണ്. ഒരു സമുദായത്തിലെ വ്യക്തികള്‍ കേവലം സ്വാര്‍ഥപരമായ അടിസ്ഥാനത്തിലാണ് അന്യോന്യം ഇടപെടുന്നതെങ്കില്‍, സ്വന്തം താല്‍പര്യത്തെയും സ്വന്തം ലാഭത്തെയും മുന്‍നിര്‍ത്തിയല്ലാതെ ഒരാളും മറ്റൊരാളെ സഹായിക്കാന്‍ ഒരുക്കമില്ലെങ്കില്‍, ഒരാളുടെ പരാശ്രയത്തെയും കഴിവുകേടിനെയും മറ്റുള്ളവര്‍ തങ്ങള്‍ക്ക് ലാഭം നേടുന്നതിനുള്ള സുവര്‍ണാവസരമായി കണക്കാക്കി പൂര്‍ണമായി ചൂഷണം ചെയ്യുന്നുവെങ്കില്‍, ധനികവര്‍ഗത്തിന്റെ താല്‍പര്യം സാധാരണക്കാരുടെ താല്‍പര്യത്തിനു വിരുദ്ധമായിത്തീരുന്നുവെങ്കില്‍ അത്തരമൊരു സമുദായം ഒരിക്കലും പുരോഗമിച്ച് ശക്തി പ്രാപിക്കുകയില്ല. അതിലെ വ്യക്തികള്‍ക്കിടയില്‍ സ്നേഹത്തിനുപകരം വിദ്വേഷവും അസൂയയും നിര്‍ദയത്വവും അകല്‍ച്ചയുമായിരിക്കും വളര്‍ന്നുവരുന്നത്. പ്രസ്തുത സമൂഹത്തിലെ ഘടകങ്ങള്‍ നാശത്തിലേക്കും കുഴപ്പത്തിലേക്കും അരാജകത്വത്തിലേക്കും വഴുതി വീണുകൊണ്ടിരിക്കും. ഈ ദുരവസ്ഥക്ക് മറ്റുകാരണങ്ങള്‍ കൂടി സഹായകമായിത്തീരുന്ന പക്ഷം അതിലെ ഘടകങ്ങള്‍ പരസ്പരം ഏറ്റുമുട്ടുകയെന്നതും ഒട്ടും അസാധാരണമല്ല. നേരെമറിച്ച്, ഒരു സമുദായത്തിന്റെ സാമൂഹിക വ്യവസ്ഥ പരസ്പര സ്നേഹത്തിലും സഹാനുഭൂതിയിലുമാണ് പടുത്തുയര്‍ത്തപ്പെട്ടിട്ടുള്ളതെങ്കില്‍, അതിലെ വ്യക്തികള്‍ അന്യോന്യം ഔദാര്യത്തോടുകൂടിയാണ് വര്‍ത്തിക്കുന്നതെങ്കില്‍, ഓരോ വ്യക്തിയും അപരന്റെ വിഷമാവസ്ഥയില്‍ ഹൃദയംതുറന്നു സഹായിക്കുന്നുവെങ്കില്‍, കഴിവുള്ളവര്‍ കഴിവില്ലാത്തവരോട് അനുകമ്പാര്‍ദ്രമായ സഹായത്തിന്റെ, അഥവാ നീതിപൂര്‍വമായ സഹകരണത്തിന്റെയെങ്കിലും മാര്‍ഗമാണവലംബിക്കുന്നതെങ്കില്‍ അത്തരം സമുദായത്തില്‍ പരസ്പര സ്നേഹവിശ്വാസവും ഗുണകാംക്ഷയും വളര്‍ന്നുവരുന്നതാണ്. അതിലെ വ്യക്തികള്‍ അന്യോന്യം ബന്ധപ്പെട്ടിരിക്കും; പരസ്പരം താങ്ങും തണലുമായിരിക്കും. ആഭ്യന്തര കലഹങ്ങള്‍ക്കോ സംഘട്ടനങ്ങള്‍ക്കോ അതില്‍ പ്രവേശനം ലഭിക്കുകയില്ല. സ്നേഹ സഹകരണത്തിന്റെയും ഗുണകാംക്ഷയുടെയും ഫലമായി ആ സമുദായം ആദ്യത്തേതിനെ അപേക്ഷിച്ച് അതിവേഗം പുരോഗതി പ്രാപിക്കുന്നതാണ്. ഇനി സാമ്പത്തികമായി നോക്കുക. സാമ്പത്തികശാസ്ത്രത്തിന്റെ വീക്ഷണഗതിയനുസരിച്ച് പലിശക്കടം രണ്ടുതരമാണ്: ഒന്ന്, സ്വന്തം ജീവിതാവശ്യങ്ങള്‍ക്ക് ചെലവഴിക്കേണ്ടതിനു അഗതികളും നിര്‍ധനരും വാങ്ങുന്ന കടം. രണ്ട്, കച്ചവടം, തൊഴില്‍, വ്യവസായം, കൃഷി തുടങ്ങിയവയില്‍ മുതലിറക്കുവാനായി അതതു ജോലിയിലേര്‍പ്പെട്ടവര്‍ വാങ്ങുന്ന കടം. ഒന്നാം ഇനത്തില്‍പെട്ട കടത്തിന്നു പലിശ വസൂലാക്കുന്ന സമ്പ്രദായം അങ്ങേയറ്റം ദ്രോഹകരവും മാരകവുമാണെന്നു ലോകം പരക്കെ സമ്മതിച്ചിട്ടുള്ളതാണ്. പലിശമുതലാളിമാരും പലിശ വ്യാപാരം നടത്തുന്ന സ്ഥാപനങ്ങളും ഈ മാര്‍ഗത്തിലൂടെ പാവപ്പെട്ട തൊഴിലാളികളുടെയും കര്‍ഷകരുടെയും, ജീവിതോപകരണങ്ങള്‍ കുറവായ സാധാരണക്കാരുടെയും രക്തം വലിച്ചുകുടിച്ചുകൊണ്ടിരിക്കാത്ത രാജ്യങ്ങളില്ല. പലിശ കാരണമായി അത്തരം കടങ്ങള്‍ വീട്ടുക അവര്‍ക്ക് പ്രയാസകരമാണെന്നല്ല, പലപ്പോഴും അസാധ്യംതന്നെ ആയിത്തീരുന്നു. ഒരു കടം വീട്ടുവാന്‍ രണ്ടാമതും മൂന്നാമതും അവര്‍ കടം വാങ്ങിക്കൊണ്ടേപോവുകയാണ്. മൂലധനത്തെക്കാള്‍ എത്രയോ ഇരട്ടി പലിശ കൊടുത്തുകഴിഞ്ഞതിനു ശേഷവും മൂലധനം പഴയപടി ബാക്കിനില്‍ക്കുന്നു. അധ്വാനിക്കുന്ന വിഭാഗത്തിന്റെ വരുമാനത്തില്‍ ഭൂരിഭാഗവും പലിശക്കാരന്‍ തട്ടിയെടുത്തു കൊണ്ടുപോകുന്നു; ആ സാധുക്കളുടെ സ്വന്തം സമ്പാദ്യത്തില്‍നിന്നു, തങ്ങളുടെയും സന്താനങ്ങളുടെയും വിശപ്പടക്കുവാന്‍ മതിയാവുന്ന തുകപോലും അവരുടെ പക്കല്‍ അവശേഷിക്കുന്നില്ല. ഇത് അധ്വാനിക്കുന്നവര്‍ക്ക് ജോലിയിലുള്ള താല്‍പര്യത്തെ ക്രമേണ നശിപ്പിച്ചുകളയുന്നു. കാരണം തങ്ങളുടെ അധ്വാനഫലം മറ്റുള്ളവര്‍ തട്ടിയെടുക്കുകയാണെങ്കില്‍ മനസ്സിരുത്തി അധ്വാനിക്കുവാന്‍ അവര്‍ക്കൊരിക്കലും സാധിക്കുകയില്ല. മാത്രമല്ല, പലിശ കൊടുക്കേണ്ടിവരുന്നവര്‍ എപ്പോഴും അതിനെക്കുറിച്ചുള്ള ചിന്തയിലും വേവലാതിയിലുമായി സമയം കഴിക്കുന്നതുകൊണ്ടും ദാരിദ്യ്രം കാരണമായി നല്ല ആഹാരമോ ചികില്‍സയോ ലഭ്യമല്ലാത്തതുകൊണ്ടും അവരുടെ ആരോഗ്യനില ഒരിക്കലും തൃപ്തികരമായിരിക്കുകയുമില്ല. ഇങ്ങനെ പലിശക്കടം കാരണമായി, ഏതാനും വ്യക്തികള്‍ ലക്ഷക്കണക്കിനാളുകളുടെ രക്തം കുടിച്ച് തടിച്ചു കൊഴുക്കുമെങ്കിലും മൊത്തത്തില്‍ സമൂഹത്തിന്റെ സമ്പത്യുല്‍പാദനം അതിന്റെ സാധ്യമായ തോതില്‍നിന്നും വളരെയധികം കുറഞ്ഞു പോവുന്നതാണ്. ഒടുവില്‍ ചോരകുടിയന്മാരായ ആ വ്യക്തികളും അതിന്റെ നാശനഷ്ടങ്ങളില്‍നിന്നു രക്ഷപ്പെടുകയില്ല. എന്തുകൊണ്ടെന്നാല്‍, അവരുടെ ഈ സ്വാര്‍ഥം കാരണം പാവപ്പെട്ട സാധാരണക്കാരന് ഏല്‍ക്കേണ്ടിവരുന്ന കഷ്ടാരിഷ്ടതകളുടെ ഫലമായി ധനികവര്‍ഗത്തിന്നെതിരില്‍ വെറുപ്പിന്റെയും പ്രതികാരവാഞ്ഛയുടെയും ഒരഗ്നിപര്‍വതം തന്നെ ജനഹൃദയങ്ങളില്‍ വിങ്ങിക്കൊണ്ടിരിക്കും. അത് ഒരു വിപ്ളവത്തിന്റെ ആഘാതത്താല്‍ പൊട്ടിത്തെറിക്കുന്നപക്ഷം അക്രമികളായ ധനികവര്‍ഗത്തിന് തങ്ങളുടെ ധനത്തോടൊപ്പം ജീവനും അഭിമാനവും കുടി കൈയൊഴിക്കേണ്ടിവരുന്നതാണ്. ഇനി വ്യാപാരാദികളില്‍ മുതലിറക്കുവാന്‍ വാങ്ങുന്ന കടമാണെങ്കില്‍, അതിന്ന് ഒരു നിശ്ചിത തോതില്‍ പലിശ ചുമത്തുന്നതിനാലുണ്ടാകുന്ന നിരവധി ദൂഷ്യങ്ങളില്‍ പ്രകടമായ ചിലത് ഇവയാണ്: i) നിലവിലുള്ള പലിശനിരക്കിന് തുല്യമായി ലാഭം കിട്ടാത്ത ഏര്‍പ്പാടുകളില്‍ - നാട്ടിനും ജനത്തിനും അവ എത്രതന്നെ ആവശ്യവും ഫലപ്രദവുമാണെങ്കിലും - മുതലിറക്കുവാന്‍ പണം ലഭിക്കുകയില്ല. മാര്‍ക്കറ്റിലെ പലിശനിരക്കിന് സമമായോ കൂടുതലായോ ലാഭം കിട്ടുന്ന ഇടപാടുകളുടെ ഭാഗത്തേക്കാണ് നാട്ടിന്റെ സാമ്പത്തിക വിഭവങ്ങള്‍ മുഴുവന്‍ ഒഴുകിക്കൊണ്ടിരിക്കുക. സാമൂഹ്യമായി അത്തരം ഇടപാടുകളുടെ ആവശ്യവും പ്രയോജനവും നന്നെ കുറവായിരിക്കട്ടെ, തീരെ ഇല്ലെന്നിരിക്കട്ടെ, അതൊന്നും ഇവിടെ പരിഗണനീയമേ ആയിരിക്കില്ല. ii) പലിശക്ക് മൂലധനം ലഭിക്കുന്ന ഏര്‍പ്പാടുകള്‍ കച്ചവടമോ തൊഴിലോ കൃഷിയോ ഏതാവട്ടെ, അവയുടെ ലാഭം ഏത് പരിതഃസ്ഥിതിയിലും ഒരു നിശ്ചിത തോതില്‍ കിട്ടിക്കൊണ്ടിരിക്കുമെന്നും ആ തോതില്‍ കൂടുകയല്ലാതെ ഒരിക്കലും കുറയുകയില്ലെന്നും ഉറപ്പുനല്‍കുവാന്‍ സാധ്യമല്ല. എന്നല്ല, ഏതെങ്കിലുമൊരിടപാടില്‍ ലാഭം തീര്‍ച്ചയായും ലഭിക്കുമെന്നും ഒരിക്കലും നഷ്ടം സംഭവിക്കുകയില്ലെന്നും ഉറപ്പു നല്‍കുക കൂടി അസാധ്യമാണ്. അതിനാല്‍, മുതലാളിക്ക് ഒരു നിശ്ചിതതോതനുസരിച്ച് ലാഭം നല്‍കുവാന്‍ ഉറപ്പുനല്‍കിക്കൊണ്ടുള്ള മൂലധനം ഒരിടപാടില്‍ മുതലിറക്കുന്നത് നഷ്ടത്തിന്റെയും അപകടങ്ങളുടെയും സാധ്യതകളില്‍നിന്ന് ഒരിക്കലും ഒഴിവാകയില്ല. iii) മൂലധനം നല്‍കുന്ന മുതലാളി വ്യാപാരത്തിന്റെ ലാഭത്തിലും നഷ്ടത്തിലും പങ്കുവഹിക്കുന്നില്ല; ലാഭത്തില്‍ മാത്രമേ പങ്കാളിയാകുന്നുള്ളൂ. നിശ്ചിത തോതനുസരിച്ച് ലാഭം കിട്ടുമെന്ന ഉറപ്പിന്മേല്‍ മാത്രമാണ് അവന്‍ പണമിറക്കുന്നത്. അതിനാല്‍, വ്യാപാരത്തിന്റെ ലാഭനഷ്ടങ്ങളില്‍ അവന് യാതൊരു പ്രത്യേക താല്‍പര്യവുമുണ്ടായിരിക്കയില്ല. കവിഞ്ഞ സ്വാര്‍ഥത്തോടുകൂടി തന്റെ ലാഭത്തില്‍ മാത്രമായിരിക്കും അവന്‍ ദൃഷ്ടി കേന്ദ്രീകരിക്കുന്നത്. മാര്‍ക്കറ്റില്‍ മാന്ദ്യവും വിലയിടിവിന്റെ ആക്രമണവും വരാന്‍പോവുന്നുണ്ടെന്ന് വല്ലപ്പോഴും സംശയം ജനിച്ചാല്‍ തന്റെ പണം വലിച്ചെടുക്കുന്ന കാര്യമായിരിക്കും അവന്‍ ഒന്നാമതായി ചിന്തിക്കുന്നത്. ഇങ്ങനെ, ചിലപ്പോള്‍ അവന്റെ സ്വാര്‍ഥപരമായ ആശങ്കകള്‍ കൊണ്ടുമാത്രം ലോകത്ത് കമ്പോള മാന്ദ്യം യഥാര്‍ഥമായും സംഭവിച്ചേക്കും; ചിലപ്പോള്‍ മറ്റു കാരണങ്ങളാല്‍ കമ്പോള മാന്ദ്യം സംഭവിക്കുന്നപക്ഷം മുതലാളിയുടെ സ്വാര്‍ഥം അതിനെ ഊതിവീര്‍പ്പിച്ച് അങ്ങേയറ്റം ആപല്‍ക്കരമായ അതിര്‍ത്തിവരെ എത്തിക്കുന്നതാണ്. പലിശയുടെ ഈ മൂന്നു ദൂഷ്യങ്ങള്‍ തികച്ചും പ്രകടമാണ്. സാമ്പത്തികശാസ്ത്രവുമായി അല്‍പമെങ്കിലും ബന്ധമുള്ള യാതൊരാള്‍ക്കും അത് നിഷേധിക്കുക സാധ്യമല്ല. എന്നിരിക്കെ, അല്ലാഹുവിന്റെ പ്രകൃതിനിയമമനുസരിച്ച് പലിശ, സമ്പത്തിനെ വാസ്തവത്തില്‍ വളര്‍ത്തുകയല്ല, തളര്‍ത്തുകയാണെന്നു സമ്മതിക്കുകയേ നിര്‍വാഹമുള്ളൂ. ഇനി ദാനധര്‍മങ്ങളുടെ സാമ്പത്തിക സദ്ഫലങ്ങളിലേക്കും അല്‍പമൊന്നു കണ്ണോടിക്കുക: ഓരോ വ്യക്തിയും തന്റെ സ്ഥിതിക്കനുസരിച്ച് തന്റെയും കുടുംബാംഗങ്ങളുടെയും ആവശ്യങ്ങള്‍ക്ക് കൈയയച്ച് ചെലവഴിക്കുകയും, ആവശ്യം കഴിച്ച് മിച്ചംവരുന്ന പണം സാധുക്കള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ നിര്‍വഹിക്കുവാനായി നല്‍കുകയും എന്നിട്ടും ബാക്കിവരുന്ന പണം വ്യാപാരികള്‍ക്ക് പലിശകൂടാതെ കടം കൊടുക്കുകയോ, പങ്ക്കച്ചവടാടിസ്ഥാനത്തില്‍ ലാഭത്തിലും നഷ്ടത്തിലും പങ്കാളികളായിക്കൊണ്ട് മുതലിറക്കുകയോ, സാമൂഹ്യനന്മക്ക് ചെലവഴിക്കുവാനായി ഗവണ്‍മെന്റിന്റെ ഖജനാവില്‍ നിക്ഷേപിക്കുകയോ ചെയ്യുകയെന്നതാണ് ഒരു സമുദായത്തിലെ ധനികവിഭാഗത്തിന്റെ നിലപാടെങ്കില്‍ അത്തരമൊരു സമൂഹത്തില്‍ കച്ചവടവും വ്യവസായവും കൃഷിയുമെല്ലാം തന്നെ പരമാവധി വളര്‍ന്നു പുരോഗമിക്കുമെന്നു അല്‍പം ചിന്തിച്ചാല്‍ ആര്‍ക്കും മനസ്സിലാക്കാവുന്നതാണ്. പ്രസ്തുത സമൂഹത്തിലെ സാധാരണക്കാരുടെ ജീവിതനിലവാരം ക്രമത്തില്‍ ഉയര്‍ന്നുവരുന്നതും സമ്പത്തിന്റെ ഉല്‍പാദനം, പലിശ നടപ്പുള്ള സമൂഹത്തെ അപേക്ഷിച്ച് എത്രയോ കൂടുതലായിരിക്കുന്നതുമാണ്.

321. സമ്പത്തിന്റെ വിഭജനത്തില്‍ ആവശ്യത്തില്‍ കൂടുതല്‍ ഓഹരി ലഭിച്ചിട്ടുള്ള വ്യക്തിക്കേ പലിശക്ക് പണം കൊടുക്കുവാന്‍ കഴിയുകയുള്ളൂവെന്നത് വ്യക്തമാണ്. ഒരാള്‍ക്ക് ലഭിക്കുന്ന, ആവശ്യത്തില്‍ കൂടുതലുള്ള ഈ ഓഹരി ഖുര്‍ആന്റെ വീക്ഷണഗതിയനുസരിച്ച് അല്ലാഹുവിന്റെ അനുഗ്രഹമാണ്. അല്ലാഹുവിന്റെ ഈ അനുഗ്രഹത്തിനുള്ള ശരിയായ നന്ദിപ്രകടനം, അല്ലാഹു തന്റെ അടിമകള്‍ക്ക് അനുഗ്രഹം ചെയ്തതുപോലെ, അടിമകള്‍ തങ്ങളുടെ സഹോദരങ്ങള്‍ക്കും അനുഗ്രഹം ചെയ്കയെന്നതാണ്. അങ്ങനെ ചെയ്യുന്നതിന്നു പകരം, ആവശ്യത്തില്‍ കുറച്ചു മാത്രം ഓഹരി ലഭിച്ചിട്ടുള്ളവരുടെ കുറഞ്ഞ ഓഹരിപോലും സമ്പത്തിന്റെ ശക്തികൊണ്ട് തങ്ങളിലേക്ക് വലിച്ചുകൂട്ടുവാന്‍ അല്ലാഹുവിന്റെ അനുഗ്രഹത്തെ ദുരുപയോഗപ്പെടുത്തുകയാണ് ചെയ്യുന്നതെങ്കില്‍ അവര്‍ വാസ്തവത്തില്‍ അല്ലാഹുവിനോട് നന്ദിയില്ലാത്തവരും അക്രമികളും ദുഷ്കര്‍മികളുമാണ്.

No comments:

Post a Comment