Followers

Thursday, July 28, 2011

റമദാന്‍ ഖുര്‍ആനില്‍

ഖുര്‍ആന്‍ രണ്ടാമദ്ധ്യായം 183 മുതല്‍ 187 വരെയുള്ള സൂക്തങ്ങളും അവയ്ക്ക് മൌലാനാ മൌദൂദി നല്‍കിയ വ്യാഖ്യാനക്കുറിപ്പുകളും.
Source
To read this part in English

(183-184) അല്ലയോ വിശ്വസിച്ചവരേ, നിങ്ങള്‍ക്കുമുമ്പുള്ള പ്രവാചകന്മാരുടെ അനുയായികള്‍ക്ക് നിര്‍ബന്ധമാക്കപ്പെട്ടപോലെ നിങ്ങള്‍ക്കും വ്രതാനുഷ്ഠാനം നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. അതുവഴി നിങ്ങളില്‍ ഭക്തിയുടെ ഗുണങ്ങള്‍ വളര്‍ന്നേക്കാം.183 വ്രതാനുഷ്ഠാനം നിശ്ചിത ദിവസങ്ങളിലാകുന്നു. നിങ്ങളിലാരെങ്കിലും രോഗിയോ യാത്രക്കാരനോ ആയിരുന്നാല്‍ അവന്‍ മറ്റു ദിവസങ്ങളില്‍ അത്രയും എണ്ണം തികക്കട്ടെ. വ്രതമനുഷ്ഠിക്കാന്‍ കഴിവുള്ളവന്‍ (എന്നിട്ടും അതനുഷ്ഠിക്കുന്നില്ലെങ്കില്‍) പ്രായശ്ചിത്തം നല്‍കേണ്ടതാകുന്നു. ഒരഗതിക്ക് അന്നം നല്‍കലാണ് ഒരു വ്രതത്തിന്റെ പ്രായശ്ചിത്തം. ആരെങ്കിലും സ്വമേധയാ കൂടുതല്‍ നന്മചെയ്താല്‍ അതവന്നു നല്ലത്.184 എന്നാല്‍ വ്രതമനുഷ്ഠിക്കുന്നതുതന്നെയാണ് ഏറെ ഉത്കൃഷ്ടമായിട്ടുള്ളത്-നിങ്ങള്‍ മനസ്സിലാക്കുന്നുണ്ടെങ്കില്‍.185
(185) മനുഷ്യര്‍ക്കാകമാനം മാര്‍ഗദര്‍ശകമായും സുവ്യക്തമായ സന്മാര്‍ഗ പ്രമാണങ്ങളായും സത്യാസത്യങ്ങളെ വേര്‍തിരിച്ചു കാണിക്കുന്ന ഉരകല്ലായും ഖുര്‍ആന്‍ അവതരിച്ച മാസമാകുന്നു റമദാന്‍. അതിനാല്‍ ഇനിമുതല്‍ നിങ്ങളില്‍ ആര്‍ ആ മാസം ദര്‍ശിക്കുന്നുവോ അവന്‍ ആ മാസം മുഴുവന്‍ വ്രതമനുഷ്ഠിക്കേണ്ടത് നിര്‍ബന്ധമാകുന്നു. രോഗിയോ യാത്രക്കാരനോ ആയവന്‍ മറ്റു നാളുകളില്‍ നോമ്പ് എണ്ണം തികക്കട്ടെ.186 അല്ലാഹു നിങ്ങള്‍ക്ക് എളുപ്പമാണിഛിക്കുന്നത്, ഞെരുക്കമിഛിക്കുന്നില്ല. നിങ്ങള്‍ക്ക് നോമ്പിന്റെ എണ്ണം തികക്കാന്‍ സാധിക്കുന്നതിനും അല്ലാഹു സന്മാര്‍ഗം നല്‍കി ആദരിച്ചതിന്റെ പേരില്‍ നിങ്ങള്‍ അവന്റെ മഹത്വം അംഗീകരിച്ചു പ്രകീര്‍ത്തിക്കുന്നതിനും, അവനോട് കൃതജ്ഞതയുള്ളവരായിരിക്കുന്നതിനും വേണ്ടിയത്രെ അവന്‍ ഈ രീതി നിര്‍ദേശിച്ചുതന്നത്.187
(186) പ്രവാചകാ, എന്റെ അടിമകള്‍ നിന്നോട് എന്നെക്കുറിച്ചു ചോദിച്ചാല്‍ അവര്‍ക്കു പറഞ്ഞുകൊടുക്കുക: ഞാന്‍ അവരുടെ അടുത്തുതന്നെയുണ്ട്. വിളിക്കുന്നവന്‍ എന്നെ വിളിച്ചാല്‍ ആ വിളി കേട്ട് ഞാന്‍ ഉത്തരം നല്‍കുന്നു. അതിനാല്‍ അവര്‍ എന്റെ വിളിക്ക് ഉത്തരം നല്‍കട്ടെ. എന്നില്‍ വിശ്വസിക്കുകയും ചെയ്യട്ടെ.188 (നീ ഇതെല്ലാം അവരെ കേള്‍പ്പിക്കുക) അവര്‍ സ•ാര്‍ഗം ഗ്രഹിച്ചെങ്കിലോ.189
(187) വ്രതകാലത്തെ രാവുകളില്‍ നിങ്ങള്‍ ഭാര്യമാരെ പ്രാപിക്കുന്നത് അനുവദിക്കപ്പെട്ടിരിക്കുന്നു. അവര്‍ നിങ്ങള്‍ക്ക് വസ്ത്രമാകുന്നു. നിങ്ങള്‍ അവര്‍ക്കും വസ്ത്രമാകുന്നു.190 നിങ്ങള്‍ രഹസ്യമായി സ്വയം വഞ്ചിക്കുകയായിരുന്നുവെന്ന് അല്ലാഹു അറിഞ്ഞിട്ടുണ്ട്. എന്നാല്‍ അവന്‍ നിങ്ങളുടെ കുറ്റം പൊറുക്കുകയും ക്ഷമിക്കുകയും ചെയ്തിരിക്കുന്നു. ഇനി ഭാര്യമാരോടൊപ്പം രാപ്പാര്‍ത്ത് അല്ലാഹു നിങ്ങള്‍ക്കനുവദിച്ചിട്ടുള്ള സുഖം തേടിക്കൊള്ളുക.191 അപ്രകാരംതന്നെ, രാവിന്റെ കരിവരകളില്‍നിന്ന് പ്രഭാതത്തിന്റെ വെള്ളവരകള്‍ തെളിഞ്ഞുകാണുന്നതുവരെ നിങ്ങള്‍ക്ക് തിന്നുകയും കുടിക്കുകയും ചെയ്യാം.192 പിന്നെ അതെല്ലാം വര്‍ജിച്ച് രാവുവരെ193 വ്രതം പാലിക്കുക.194 നിങ്ങള്‍ പള്ളികളില്‍ ഭജനമിരിക്കുമ്പോള്‍ ഭാര്യാസംസര്‍ഗമരുത്.195 ഇവ അല്ലാഹു നിശ്ചയിച്ച പരിധികളാകുന്നു. നിങ്ങള്‍ അവയോടടുത്തുപോകാതിരിക്കുക.196 ഇവ്വിധം അല്ലാഹു അവന്റെ വിധി ജനങ്ങള്‍ക്കു വിവരിച്ചുകൊടുക്കുകയാകുന്നു-അവര്‍ തെറ്റായ കര്‍മമാര്‍ഗങ്ങളില്‍നിന്ന് മുക്തരാകേണ്ടതിന്ന്.
..............


അടിക്കുറിപ്പുകള്‍:
183. ഇസ്ലാമിലെ മറ്റ് ചില നിയമങ്ങളെപ്പോലെ നോമ്പ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നിയമവും പടിപടിയായാണ് നടപ്പില്‍വരുത്തിയത്. ഓരോ മാസത്തിലും മൂന്ന് ദിവസം വീതം നോമ്പനുഷ്ഠിക്കുവാന്‍ ആദ്യകാലത്ത് നബി(സ) തിരുമേനി മുസ്ലിംകളോട് നിര്‍ദേശിച്ചിരുന്നു. എന്നാലത് നിര്‍ബന്ധമായിരുന്നില്ല. പിന്നീട് ഹി. രണ്ടാംവര്‍ഷം റമദാന്‍ മാസത്തിലെ നോമ്പിനെക്കുറിച്ചുള്ള ഈ വിധി അവതരിച്ചു. പക്ഷേ, നോമ്പനുഷ്ഠിക്കാന്‍ ശക്തിയുള്ളതോടെ അതനുഷ്ഠിക്കാതിരിക്കുന്നവര്‍ ഒരു നോമ്പിന് പകരം ഒരു ദരിദ്രന്ന് ആഹാരം നല്‍കിയാല്‍ മതിയെന്ന ഒരിളവ് അതിലുണ്ടായിരുന്നു. പിന്നീട് രണ്ടാമത്തെ വിധി അവതരിക്കുകയും ഈ ഇളവ് ദുര്‍ബലപ്പെടുത്തുകയും ചെയ്തു. എന്നാല്‍ രോഗി, യാത്രക്കാരന്‍, ഗര്‍ഭിണി, മുലകൊടുക്കുന്ന സ്ത്രീ, നോമ്പെടുക്കാന്‍ ശക്തിയില്ലാത്ത വൃദ്ധന്മാര്‍ എന്നിവര്‍ക്ക് ഈ ആനുകൂല്യം പഴയതുപോലെ നിലനിര്‍ത്തുകയുണ്ടായി. പ്രതിബന്ധം നീങ്ങിയാല്‍ റമദാനില്‍ ഒഴിഞ്ഞുപോയ അത്രയും നോമ്പുകള്‍ നോറ്റുവീട്ടണമെന്ന് ആജ്ഞാപിക്കുകയും ചെയ്തു.


184. അതായത്, ഒന്നില്‍ കൂടുതലാളുകള്‍ക്ക് ആഹാരം നല്‍കുക; അല്ലെങ്കില്‍ നോമ്പനുഷ്ഠിക്കുകയും അതോടൊപ്പം അഗതികള്‍ക്ക് ആഹാരം നല്‍കുകയും ചെയ്യുക.


185. റമദാനിലെ നോമ്പു സംബന്ധിച്ച് ഹി. രണ്ടാം കൊല്ലത്തില്‍, ബദ്ര്‍ യുദ്ധത്തിനുമുമ്പ് അവതരിച്ചിരുന്ന പ്രാരംഭ വിധിയാണ് ഇതുവരെ. ശേഷമുള്ള വാക്യങ്ങള്‍ പിന്നീട് ഒരു കൊല്ലം കഴിഞ്ഞ് അവതരിച്ചതും വിഷയത്തിന്റെ യോജിപ്പ് പരിഗണിച്ച് ഇതേ പരമ്പരയില്‍ ഉള്‍ക്കൊള്ളിച്ചതുമാണ്.


186. യാത്രയില്‍ നോമ്പനുഷ്ഠിക്കുന്നതും അനുഷ്ഠിക്കാതിരിക്കുന്നതും മനുഷ്യന്റെ സ്വാതന്ത്യ്രത്തിനു വിട്ടിരിക്കയാണ്. നബി(സ) തിരുമേനിയോടൊന്നിച്ചു യാത്ര ചെയ്തിരുന്ന സഹാബത്തില്‍ നോമ്പ് പിടിക്കുന്നവരും പിടിക്കാത്തവരുമുണ്ടായിരുന്നു, അവരില്‍ ഒരു വിഭാഗവും മറ്റേ വിഭാഗത്തെ ആക്ഷേപിച്ചിരുന്നില്ല. H10 തിരുമേനിതന്നെയും യാത്രയില്‍ ചിലപ്പോള്‍ നോമ്പനുഷ്ഠിക്കുകയും മറ്റുചിലപ്പോള്‍ അനുഷ്ഠിക്കാതിരിക്കുകയും ചെയ്തിട്ടുണ്ട്. ഒരു യാത്രയില്‍ തിരുമേനിയുടെ സംഘത്തിലുണ്ടായിരുന്ന ഒരാള്‍ അവശനായി തളര്‍ന്നു വീണു; ചുറ്റും ആളുകള്‍ തടിച്ചുകൂടി. സംഗതി എന്തെന്നു തിരുമേനി അന്വേഷിച്ചപ്പോള്‍ നോമ്പുകാരണം ക്ഷീണിച്ചതാണെന്നു ജനങ്ങള്‍ പറഞ്ഞു. അപ്പോള്‍ തിരുമേനി അരുള്‍ചെയ്തു: "ഇത് പുണ്യമല്ല.`` H9 യുദ്ധകാലത്ത് ശത്രുക്കളുമായുള്ള പോരാട്ടത്തില്‍ ബലഹീനരാവാതിരിക്കേണ്ടതിന്നു, നോമ്പ് പിടിക്കുന്നത് തിരുമേനി പ്രത്യേകം നിരോധിച്ചിരുന്നു. ഉമര്‍(റ) N1512 നിവേദനം ചെയ്യുന്നു: ഞങ്ങള്‍ നബി(സ) തിരുമേനിയൊന്നിച്ചു രണ്ടുതവണ റമദാനില്‍ യുദ്ധത്തിനു പോയിട്ടുണ്ട്; ബദ്ര്‍ യുദ്ധത്തിനും മക്കാവിജയത്തിനും. രണ്ടുതവണയും ഞങ്ങള്‍ നോമ്പു വിടുകയുണ്ടായി.`` അബ്ദുല്ലാഹിബ്നു ഉമര്‍(റ) N1344 പറയുന്നു: "മക്കാവിജയഘട്ടത്തില്‍ തിരുമേനി അരുള്‍ ചെയ്തു: `ഇത് യുദ്ധദിവസമാണ്; അതുകൊണ്ട് നോമ്പു മുറിച്ചുകൊള്ളുക.` മറ്റു റിപ്പോര്‍ട്ടുകളില്‍ ഇങ്ങനെയും വന്നിട്ടുണ്ട്: `നിങ്ങള്‍ ശത്രുക്കളുമായി ഏറ്റുമുട്ടാന്‍ അടുത്തിരിക്കുന്നു. അതുകൊണ്ട് നോമ്പു മുറിച്ചുകൊള്ളുക. അത് നിങ്ങള്‍ക്ക് ശക്തി നല്‍കും. യാത്രയില്‍ പൊതുവെ എത്ര ദൂരമുണ്ടെങ്കിലാണ് നോമ്പുപേക്ഷിക്കാന്‍ അനുവാദമുള്ളത് എന്ന പ്രശ്നത്തെ സംബന്ധിച്ച് നബി(സ) തിരുമേനിയില്‍നിന്നു വ്യക്തമായ നിര്‍ദേശമൊന്നും ലഭിക്കുന്നില്ല. സഹാബത്തിന്റെ നടപടി ഈ വിഷയത്തില്‍ വ്യത്യസ്തങ്ങളാണ്. സാധാരണയില്‍ യാത്രയെന്നു പറയാവുന്നതും ഒരു യാത്രക്കാരനെന്ന അവസ്ഥ മനുഷ്യനു വന്നുചേരുന്നതുമായ വഴി ദൂരം നോമ്പുപേക്ഷിക്കാന്‍ മതിയെന്ന അഭിപ്രായമാണ് ശരി. ഒരാള്‍ യാത്ര ആരംഭിക്കുന്ന ദിവസംതന്നെ അവന്ന് നോമ്പുപേക്ഷിക്കാന്‍ സ്വാതന്ത്യ്രമുണ്ടെന്നതില്‍ ഭിന്നാഭിപ്രായമില്ല. വേണമെങ്കില്‍ വീട്ടില്‍നിന്ന് ഭക്ഷണം കഴിച്ച് യാത്ര ആരംഭിക്കാം. അല്ലെങ്കില്‍ വീട്ടില്‍നിന്ന് പുറപ്പെട്ട ഉടന്‍ ഭക്ഷണം കഴിക്കാം. രണ്ടു രൂപവും സഹാബത്തില്‍നിന്ന് സ്ഥിരപ്പെട്ടതാണ്. ഒരു നാടിനെ ശത്രുക്കള്‍ ആക്രമിക്കുന്ന പക്ഷം അവിടത്തുകാര്‍ക്ക് യുദ്ധത്തിനുവേണ്ടി നോമ്പുപേക്ഷിക്കാമോ എന്ന പ്രശ്നത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ ഭിന്നാഭിപ്രായമുണ്ട്. അനുവദനീയമല്ലെന്നാണ് ചിലരുടെ അഭിപ്രായം. എന്നാല്‍ അല്ലാമാ ഇബ്നുതൈമിയ്യ N1536 സുശക്തമായ തെളിവുകള്‍ സഹിതം ഫത്വ നല്‍കിയിട്ടുണ്ട്, അത് തികച്ചും അനുവദനീയമാണെന്ന്.


187. അതായത്, റമദാനില്‍ മാത്രമേ നോമ്പനുഷ്ഠിക്കാവൂ എന്ന് അല്ലാഹു നിജപ്പെടുത്തിയിട്ടില്ല. ശരീഅത്തിന്റെ ദൃഷ്ടിയില്‍ ന്യായമായ പ്രതിബന്ധം കാരണം നോമ്പെടുക്കാത്തവര്‍ മറ്റു ദിവസങ്ങളില്‍ നോറ്റു വീട്ടിയാലും മതി. നിങ്ങള്‍ക്ക് നല്‍കിയ ഖുര്‍ആനാകുന്ന അനുഗ്രഹത്തിന്ന് നന്ദി രേഖപ്പെടുത്താനുള്ള അമൂല്യാവസരം പാഴായിപ്പോകാതിരിക്കാന്‍ വേണ്ടിയാണ് അങ്ങനെ അനുവദിച്ചിരിക്കുന്നത്. ഇവിടെ ഒരു സംഗതികൂടി ഗ്രഹിച്ചിരിക്കേണ്ടതുണ്ട്: റമസാനിലെ നോമ്പ് ഒരാരാധനയും ഭക്തിയുടെ പരിശീലനവും മാത്രമായല്ല കണക്കാക്കിയിട്ടുള്ളത്. പ്രത്യുത, അല്ലാഹു നില്‍കിയ വിശുദ്ധ ഖുര്‍ആനാകുന്ന മഹത്തായ അനുഗ്രഹത്തിന്നുള്ള കൃതജ്ഞതയായിട്ടുകൂടിയാണ്. കൃതജ്ഞത പ്രകാശിപ്പിക്കുന്നതിനുള്ള ഉത്തമ മാര്‍ഗം അനുഗ്രഹദാതാവിന്റെ ഉദ്ദേശ്യം പൂര്‍ത്തീകരിക്കുവാന്‍ സര്‍വാത്മനാ തയ്യാറാവുക എന്നതാണ്. നമുക്ക് വിശുദ്ധ ഖുര്‍ആന്‍ നല്‍കിയതിന്റെ ഉദ്ദേശ്യം, അല്ലാഹുവിന്റെ പ്രീതി സമ്പാദിക്കാനുള്ള മാര്‍ഗം ഗ്രഹിച്ച് നാമതനുസരിച്ചു ജീവിക്കുകയും ലോകത്തെ അതിലൂടെ നയിക്കുകയുമാണ്. ഈ ഉദ്ദേശ്യത്തിന് നമ്മെ തയ്യാറാക്കാനുള്ള അത്യുത്തമ മാര്‍ഗമത്രെ നോമ്പ്. അതിനാല്‍ ഖുര്‍ആന്‍ അവതരിച്ച മാസത്തിലെ നമ്മുടെ നോമ്പ് ഒരാരാധനയോ ധാര്‍മിക സംസ്കരണമോ മാത്രമല്ല, ഖുര്‍ആനാകുന്ന അനുഗ്രഹത്തിന്ന് അനുയോജ്യമായ കൃതജ്ഞതാപ്രകടനം കൂടിയാണ്.


188. അതായത്, നിങ്ങള്‍ക്കെന്നെ കാണാന്‍ കഴിയുന്നില്ലെങ്കിലും, പഞ്ചേന്ദ്രിയങ്ങള്‍ വഴി എന്നെ നേരിട്ടറിയാന്‍ നിങ്ങള്‍ക്ക് സാധ്യമല്ലെങ്കിലും, ഞാന്‍ നിങ്ങളില്‍നിന്ന് ദൂരത്താണെന്ന് ധരിച്ചുപോകരുത്; എന്റെ ഓരോ അടിമയോടും വളരെ അടുത്താണ് ഞാന്‍ സ്ഥിതിചെയ്യുന്നത്; അവന്ന് എപ്പോള്‍ വേണമെങ്കിലും ആവശ്യങ്ങള്‍ എന്റെ മുമ്പില്‍ സമര്‍പ്പിക്കുകയും എന്നോട് പ്രാര്‍ഥിക്കുകയും ചെയ്യാം. അവന്‍ ഹൃദയംകൊണ്ട് മാത്രം എന്നോട് പ്രാര്‍ഥിച്ചാല്‍ പോലും ഞാനത് ശ്രവിക്കുന്നതാണ്. ശ്രവിക്കുക മാത്രമല്ല, തീരുമാനം കല്‍പിക്കുകകൂടി ചെയ്യുന്നതാണ്. അയഥാര്‍ഥങ്ങളായ, അധികാരമില്ലാത്ത ഏതൊക്കെ വസ്തുക്കളെ അജ്ഞത കാരണം നിങ്ങള്‍ ദൈവങ്ങളും യജമാനന്മാരുമായി കണക്കാക്കിയിരിക്കുന്നുവോ അവയുടെ അടുക്കലേക്ക് നിങ്ങള്‍ അങ്ങോട്ട് ഓടിച്ചെല്ലേണ്ടിവരുന്നു. എന്നാലും അവയ്ക്ക് നിങ്ങളുടെ പ്രാര്‍ഥന കേള്‍ക്കുവാനോ അപേക്ഷകളനുസരിച്ച് തീരുമാനം കല്‍പിക്കുവാനോ കഴിയില്ല. എന്നാല്‍ അനന്തവിസ്തൃതമായ പ്രപഞ്ചത്തിന്റെ സര്‍വ്വാധിപതിയും സകലവിധ അധികാരങ്ങളുടെയും കഴിവുകളുടെയും ഉടമസ്ഥനുമായ ഞാന്‍ നിങ്ങളുമായി എത്രയോ സമീപത്താണ്. യാതൊരു മാധ്യസ്ഥനും ശുപാര്‍ശകനുമില്ലാതെ, സ്വന്തമായിത്തന്നെ ഏതവസരത്തിലും എവിടെവെച്ചും നിങ്ങളുടെ അപേക്ഷകള്‍ എന്റെ മുമ്പില്‍ നേരിട്ട് സമര്‍പ്പിക്കാവുന്നതാണ്. അതിനാല്‍ ശക്തിയോ അധികാരമോ ഒന്നുമില്ലാത്ത കൃത്രിമ ദൈവങ്ങളുടെ പിന്നാലെ അലഞ്ഞുതിരിയുകയെന്ന വിഡ്ഢിത്തമുപേക്ഷിച്ച് എന്റെ ക്ഷണത്തിനുത്തരം നല്‍കി, എന്നില്‍ അഭയം പ്രാപിക്കുകയും എന്നിലേക്ക് മടങ്ങുകയും എന്നില്‍ വിശ്വാസമര്‍പ്പിക്കുകയും എന്നോടുള്ള അടിമത്തത്തിലും അനുസരണത്തിലും പ്രവേശിക്കുകയും ചെയ്യുക.


189. അതായത്, നീ മുഖേന വാസ്തവസ്ഥിതി അറിഞ്ഞ് അവര്‍ കണ്ണുതുറക്കുകയും അവരുടെതന്നെ നന്മ സ്ഥിതിചെയ്യുന്ന ശരിയായ നയം സ്വീകരിക്കാന്‍ മുമ്പോട്ട് വരികയും ചെയ്തേക്കും.
190. വസ്ത്രത്തിനും ശരീരത്തിനുമിടക്ക് യാതൊരു മറയുമില്ല. അവ പരസ്പരം ചേര്‍ന്നിരിക്കുന്നു. നിങ്ങളും നിങ്ങളുടെ ഭാര്യമാരും തമ്മിലുള്ള ബന്ധം ഈ നിലക്കുള്ളതാണ്.


191. റമദാനിലെ രാത്രികളില്‍ ഭാര്യാസമ്പര്‍ക്കം പാടില്ലെന്ന് വ്യക്തമായ യാതൊരു വിധിയും മുമ്പുണ്ടായിരുന്നില്ലെങ്കിലും അത് തെറ്റാണെന്ന് ജനങ്ങള്‍ സ്വയം ധരിച്ചുപോന്നിരുന്നു. എന്നാല്‍ അത് തെറ്റാണെന്നോ നല്ലതല്ലെന്നോ ധരിച്ചുകൊണ്ടുതന്നെ ചിലപ്പോഴെല്ലാം അവര്‍ തങ്ങളുടെ ഭാര്യമാരെ സമീപിക്കുകയും ചെയ്തിരുന്നു. മനസ്സാക്ഷിയെ വഞ്ചിക്കുമാറുള്ള ഈ പ്രവൃത്തിമൂലം തെറ്റുകള്‍ ചെയ്യാനുള്ള മനഃസ്ഥിതി അവരില്‍ വളര്‍ന്നുവരുമെന്ന് ഭയപ്പെടേണ്ടിയിരുന്നു. അതിനാല്‍ അല്ലാഹു ആദ്യമായി പ്രസ്തുത ആത്മവഞ്ചനയെക്കുറിച്ച് താക്കീത് നല്‍കി. അനന്തരം, അത് നിങ്ങള്‍ക്കനുവദനീയമാണെന്നും അതിനാല്‍ ദുഷ്കൃത്യമാണെന്ന ധാരണയോടുകൂടി പ്രവര്‍ത്തിക്കുന്നതിന് പകരം അല്ലാഹുവിന്റെ അനുവാദത്തെ ഉപയോഗപ്പെടുത്തി ഹൃദയത്തിന്റെയും മനസ്സാക്ഷിയുടെയും പൂര്‍ണമായ പരിശുദ്ധിയോടെ ഭാര്യമാരെ സമീപിച്ചുകൊള്‍കയെന്നും അരുള്‍ചെയ്തു.


192. ഈ വിഷയത്തിലും ആരംഭത്തില്‍ ജനങ്ങള്‍ക്ക് തെറ്റിദ്ധാരണയുണ്ടായിരുന്നു. ഇശാ നമസ്കാരത്തിന്ന് ശേഷം തിന്നലും കുടിക്കലും നിഷിദ്ധമാണെന്നായിരുന്നു ചിലരുടെ ധാരണ. മറ്റു ചിലര്‍ ധരിച്ചിരുന്നത്, രാത്രി ഉറങ്ങാതിരിക്കുന്ന സമയത്തോളം തിന്നുകയും കുടിക്കുകയും ചെയ്യാമെന്നും ഉറങ്ങിപ്പോയാല്‍ എഴുന്നേറ്റ് യാതൊന്നും ഭക്ഷിക്കാന്‍ പാടില്ലെന്നുമായിരുന്നു. ജനങ്ങള്‍ സ്വയം ഇങ്ങനെയെല്ലാം ധരിച്ചുവശായത് കാരണം പലപ്പോഴും അവര്‍ക്ക് വലിയ വിഷമങ്ങള്‍ അനുഭവിക്കേണ്ടിവന്നു. ഈ തെറ്റിദ്ധാരണകളെയാണ് പ്രകൃത വാക്യത്തില്‍ ദൂരീകരിച്ചിട്ടുള്ളത്. നോമ്പിന്റെ സമയം പ്രഭാതം മുതല്‍ സൂര്യസ്തമയംവരെയാണെന്ന് ഇതില്‍ നിര്‍ണയിച്ചു. അസ്തമയം മുതല്‍ പ്രഭാതം വരെയുള്ള രാത്രിസമയങ്ങളില്‍ തിന്നുന്നതിന്നും കുടിക്കുന്നതിന്നും സ്ത്രീ സംസര്‍ഗത്തിനും സ്വാതന്ത്യ്രം നല്‍കി. അതോടൊപ്പം പ്രഭാതത്തിന് തൊട്ടുമുമ്പ് വേണ്ടവിധം തിന്നുകയും കുടിക്കുകയും ചെയ്യേണ്ടതിന്ന് `അത്താഴം കഴിക്കുക` എന്നൊരു വ്യവസ്ഥ നബി(സ) ഏര്‍പ്പെടുത്തുകയും ചെയ്തു.


193. ഇസ്ലാം അതിന്റെ ആരാധനകള്‍ക്ക് നിശ്ചയിച്ച സമയങ്ങളുടെ മാനദണ്ഡം ലോകത്ത് ഏത് നാഗരിക നിലപാടിലുള്ള ജനങ്ങള്‍ക്കും, ഏതവസരത്തിലും, എവിടെവെച്ചും സമയനിര്‍ണയത്തിന്ന് കഴിയുന്ന വിധത്തിലാണ്. ഘടികാരങ്ങള്‍ക്കനുസരിച്ച് സമയനിര്‍ണയം ചെയ്യുന്നതിന്ന് പകരം ചക്രവാളത്തില്‍ പ്രത്യക്ഷമായിക്കാണുന്ന ചിഹ്നങ്ങള്‍ വീക്ഷിച്ചാണ് അത് സമയം കുറിക്കുന്നത്. എന്നാല്‍ വിവരമില്ലാത്തവര്‍ ഈ സമയനിര്‍ണയ സമ്പ്രദായത്തെ സാധാരണ ആക്ഷേപിച്ചുകൊണ്ട് പറയാറുണ്ട്, `രാത്രിയും പകലും പല മാസങ്ങളോളം നീണ്ടുനില്‍ക്കുന്ന ഉത്തര-ദക്ഷിണ ധ്രുവങ്ങളുടെ പരിസരപ്രദേശങ്ങളില്‍ ഈ സമയനിര്‍ണയം എങ്ങനെയാണ് നടക്കുക`യെന്ന്. ഭൂമിശാസ്ത്രത്തെക്കുറിച്ച് പഠിച്ചിട്ടില്ലാത്തതിന്റെ ഫലമാണ് വാസ്തവത്തില്‍ ഈ ആക്ഷേപം. ഭൂമധ്യരേഖയുടെ പരിസരത്ത് താമസിക്കുന്ന നാം രാത്രിയെന്നും പകലെന്നും പറയുന്ന അര്‍ഥത്തിലല്ല ധ്രുവപ്രദേശങ്ങളില്‍ ആറുമാസത്തെ രാത്രിയും ആറുമാസത്തെ പകലും എന്ന് പറയുന്നത്. പകലിന്റെ ഘട്ടമായാലും രാത്രിയുടെ ഘട്ടമായാലും പ്രഭാതത്തിന്റെയും സന്ധ്യയുടെയും അടയാളങ്ങള്‍ തികച്ചും വ്യവസ്ഥാപിതമായിത്തന്നെ ചക്രവാളത്തില്‍ പ്രത്യക്ഷീഭവിക്കാറുണ്ട്. അതനുസരിച്ചാണ് അവിടത്തെ നിവാസികള്‍, നമ്മെപ്പോലെത്തന്നെ, ഉറങ്ങാനും ഉണരാനും ജോലിചെയ്യാനും വിശ്രമിക്കാനുമുള്ള സമയം നിശ്ചയിക്കാറുള്ളത്. ഘടികാരം പരക്കെ നടപ്പില്ലാതിരുന്ന കാലത്ത് ഫിന്‍ലന്റ് N613, നോര്‍വെ, ഗ്രീന്‍ലാന്റ് N366, M44 മുതലായ രാജ്യങ്ങളില്‍ ജനങ്ങള്‍ സമയം മനസ്സിലാക്കിപ്പോന്നിട്ടുണ്ട്. അതിനുള്ള ഏകമാര്‍ഗം അന്തരീക്ഷത്തിലെ ചിഹ്നങ്ങള്‍ തന്നെയായിരുന്നു. അതിനാല്‍ മറ്റെല്ലാ ഇടപാടുകളിലും ചിഹ്നങ്ങള്‍ സമയനിര്‍ണയത്തിന് സഹായമാകുന്നതുപോലെ നമസ്കാരം, അത്താഴം, നോമ്പുതുറ എന്നിവയിലും സഹായകമാകുന്നതാണ്.


194. രാവുവരെ വ്രതംപാലിക്കുന്നതുകൊണ്ടുള്ള വിവക്ഷ രാത്രിയുടെ അതിര്‍ത്തി ആരംഭിക്കുന്നേടത്ത് നോമ്പിന്റെ അതിര്‍ത്തി അവസാനിക്കുന്നുവെന്നാണ്. രാത്രിയുടെ അതിര്‍ത്തി സൂര്യാസ്തമയം മുതല്‍ക്കാണല്ലോ ആരംഭിക്കുന്നത്. അതിനാല്‍ സൂര്യന്‍ അസ്തമിക്കുന്നതോടൊപ്പംതന്നെ നോമ്പ് മുറിക്കേണ്ടതാണ്. അത്താഴത്തിന്റെയും നോമ്പ് തുറയുടെയും ശരിയായ അടയാളമിതാണ്: രാത്രിയുടെ അവസാനത്തില്‍ ചക്രവാളത്തിന്റെ കിഴക്കെ അറ്റത്ത് പ്രഭാത വെണ്‍മയുടെ നേരിയ ഇഴകള്‍ പ്രത്യക്ഷപ്പെട്ട് മേലോട്ടുയര്‍ന്നു തുടങ്ങിയാല്‍ അത്താഴസമയം അവസാനിച്ചു. അതുപോലെ പകലിന്റെ അന്ത്യത്തില്‍ കിഴക്കുഭാഗത്തുനിന്ന് രാത്രിയുടെ കറുപ്പ് പൊങ്ങിവരുന്നതു കണ്ടാല്‍ നോമ്പ് മുറിക്കേണ്ട സമയവും ആസന്നമായി. അത്താഴം കഴിക്കുന്നതിലും നോമ്പ് തുറക്കുന്നതിലും ജനങ്ങള്‍ ഇന്ന് അതിരുകവിഞ്ഞ `സൂക്ഷ്മത`യുടെ പേരില്‍ അനാവശ്യമായ തീവ്രത കൈക്കൊള്ളാന്‍ തുടങ്ങിയിരിക്കുന്നു. ഏതാനും സെക്കന്റുകളോ മിനുട്ടുകളോ അങ്ങോട്ടോ ഇങ്ങോട്ടോ ആകുന്നതിനാല്‍ നോമ്പ് അസാധുവായിത്തീരുന്ന വിധത്തിലുള്ള യാതൊരു പരിധിനിര്‍ണയവും ഇക്കാര്യത്തില്‍ ശരീഅത്ത് ചെയ്തിട്ടില്ലെന്നതാണ് വാസ്തവം. അത്താഴസമയത്ത് രാത്രിയുടെ കറുപ്പില്‍നിന്ന് ഉഷസ്സിന്റെ വെണ്‍മ പ്രത്യക്ഷമാവുകയെന്ന് പറയുമ്പോള്‍ ഏതാനും നിമിഷങ്ങള്‍ അങ്ങോട്ടോ ഇങ്ങോട്ടോ ആകാനുള്ള സാധ്യത ഉണ്ടല്ലോ. കിഴക്ക് വെള്ളകീറുന്ന സമയത്താണ് ഒരാള്‍ ഉറക്കമുണര്‍ന്നതെങ്കില്‍ വേഗമെഴുന്നേറ്റ് വല്ലതും കഴിക്കുന്നതിന്നു വിരോധമില്ല. നബി(സ)തിരുമേനി അരുള്‍ചെയ്തതായി ഒരു ഹദീസില്‍ ഇങ്ങനെ വന്നിട്ടുണ്ട്: "നിങ്ങളിലൊരാള്‍ അത്താഴം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ബാങ്കിന്റെ ശബ്ദം കേട്ടാല്‍ അവന്‍ ഉടനെ നിറുത്തേണ്ടതില്ല. തന്റെ ആവശ്യത്തിനനുസരിച്ച് വല്ലതും തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളട്ടെ.`` H12 ഇതേപ്രകാരം നോമ്പ് തുറക്കുന്ന സമയത്ത് സൂര്യന്‍ അസ്തമിച്ച ശേഷവും പകല്‍ വെളിച്ചമവസാനിക്കുന്നതുവരെ കാത്തിരിക്കേണ്ട യാതൊരാവശ്യവുമില്ല. സൂര്യനസ്തമിക്കുന്നതോടെ തിരുമേനി (സ) ബിലാലി(റ)നെ N670 വിളിച്ച് തനിക്കുള്ള പാനീയം കൊണ്ടുവരാന്‍ ആവശ്യപ്പെട്ടിരുന്നു. ഒരിക്കല്‍ ബിലാല്‍(റ) ഉണര്‍ത്തി: `ദൂതരേ! പകല്‍ ഇപ്പോഴും പ്രകാശിക്കുന്നുവല്ലോ.` അപ്പോള്‍ തിരുമേനി അരുള്‍ചെയ്തു: `രാത്രിയുടെ കറുപ്പ് കിഴക്കുഭാഗത്തുനിന്നു തുടങ്ങിയാല്‍ നോമ്പിന്റെ സമയം അവസാനിച്ചു.


195. ഇഅ്തികാഫ് ഇരിക്കുകയെന്നാല്‍, റമദാനിലെ അവസാനത്തെ പത്തുദിവസം പള്ളിയില്‍ കഴിച്ചുകൂട്ടുകയും ആ ദിവസങ്ങള്‍ ദൈവസ്മരണയിലും ആരാധനകളിലുമായി വിനിയോഗിക്കുകയുമാണ്. ഇഅ്തികാഫിന്റെ അവസരത്തില്‍ മനുഷ്യന്ന് പ്രാഥമികാവശ്യങ്ങള്‍ക്കായി പള്ളിയില്‍നിന്ന് പുറത്തുപോകാമെങ്കിലും കാമവികാരപരമായ സുഖാസ്വാദനത്തില്‍നിന്ന് തികച്ചും വിട്ടുനില്‍ക്കുക നിര്‍ബന്ധമാണ്.


196. പരിധികള്‍ വിട്ടുകടക്കരുതെന്നല്ല, അവയോട് അടുക്കുകപോലും അരുതെന്നാണ് ആജ്ഞാപിക്കുന്നത്. ഇതിന്റെ അര്‍ത്ഥം കുറ്റങ്ങളുടെയും പാപങ്ങളുടെയും അതിര്‍ത്തി ആരംഭിക്കുന്നതിന്റെ തൊട്ടടുത്ത് ചുറ്റിപ്പറ്റി നടക്കുക ആപല്‍ക്കരമാണെന്നാകുന്നു. മറന്നുപോലും കാല്‍ അതിര്‍ത്തിക്കപ്പുറം വെച്ചുപോകാതിരിക്കുവാന്‍ നല്ലത് അതിര്‍ത്തിയില്‍നിന്നകലെ നിലകൊള്ളുന്നതാണ്. അതിലാണ് രക്ഷയുള്ളത്. ഇതേ ആശയം നബി(സ) തിരുമേനിയുടെ ഒരു വചനത്തില്‍ ഇങ്ങനെ വന്നിരിക്കുന്നു: "ഓരോ രാജാവിന്നും ഓരോ ഹിമായുണ്ട്. അല്ലാഹുവിന്റെ ഹിമാ അവന്റെ നിരോധങ്ങളാണ്. ഹിമായുടെ ചുറ്റും മേഞ്ഞുതിന്നുന്നവര്‍ അതില്‍ പ്രവേശിക്കാന്‍ ഇടവന്നേക്കും.`` H14 അറബിഭാഷയില്‍ ഹിമാ എന്നു പറയുന്നത് ഒരു നേതാവോ രാജാവോ പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലാത്തവിധം വേര്‍തിരിച്ചുനിറുത്തുന്ന മേച്ചില്‍സ്ഥലത്തിനാണ്. എന്നാല്‍ ശരീഅത്തിന്റെ ആത്മാവിനെക്കുറിച്ച് അറിവില്ലാത്തവര്‍ അനുവാദങ്ങളുടെ അവസാനത്തെ അതിര്‍ത്തിയോളം പോകാന്‍ എപ്പോഴും ശഠിച്ചുകാണുന്നത് പരിതാപകരം തന്നെ. എത്രയോ ഉലമാക്കളും ശൈഖന്മാരും തെളിവുകള്‍ പരതിയെടുത്ത് അനുവാദത്തിന്റെ അവസാനാതിര്‍ത്തികള്‍ ജനങ്ങള്‍ക്ക് പഠിപ്പിച്ചുകൊടുക്കുകയും ചെയ്യുന്നു. അങ്ങനെ അനുസരണത്തിനും നിയമലംഘനത്തിനുമിടക്ക് തലനാരിഴ വ്യത്യാസം മാത്രം അവശേഷിക്കുന്ന അതിലോലമായ അതിര്‍ത്തിരേഖയില്‍ അവര്‍ ചുറ്റിത്തിരിയുന്നു. ഇതിന്‍ഫലമായി എത്രയോ ആളുകള്‍ പാപങ്ങളിലും പാപത്തിലുപരി മാര്‍ഗഭ്രംശത്തിലും വഴുതി വീണുകൊണ്ടിരിക്കുന്നു. എന്തുകൊണ്ടെന്നാല്‍ അതിസൂക്ഷ്മമായ ആ അതിര്‍ത്തിരേഖകള്‍ വേര്‍തിരിച്ചറിയുകയും അതിന്റെ അറ്റത്തോളമെത്തി സ്വയം നിയന്ത്രിക്കുകയും ചെയ്യുക എല്ലാവര്‍ക്കും കഴിവുള്ള കാര്യമല്ല.

No comments:

Post a Comment