Followers

Tuesday, May 3, 2011

ഇസ്‌ലാമും അടിമത്തസമ്പ്രദായവും

ഇസ്‌ലാമും അടിമത്ത സമ്പ്രദായവും: ഇസ്‌ലാംവിമര്‍ശകരുടെ ഇഷ്ടവിഷയമാണിത്. ബ്ലോഗുകളിലും ഫെയ്സ്ബുക്കിലുമെല്ലാം മലയാളത്തില്‍ തന്നെ ഈ വിഷയം നന്നായി വിശകലനം ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാലും പലതവണ വ്യക്തമായി മറുപടി നല്‍കപ്പെട്ട ആരോപണങ്ങള്‍ പോലും വിമര്‍ശകന്മാര്‍ ആവര്‍ത്തിച്ചുന്നയിച്ചുകൊണ്ടിരിക്കുന്നു. ഇസ്‌ലാമിന്റെ സുന്ദരമുഖത്ത് ചെളിവാരിയെറിയുക എന്നത് മാത്രമാണ്‌ അവരുടെ ലക്‌ഷ്യം .അത് മാത്രമേ അവര്‍ക്ക് സാധിക്കുകയുള്ളു. ഇനി വിഷയത്തിലേക്ക് കടക്കാം.

1. അടിമത്ത സമ്പ്രദായം നിലനിറുത്തണമെന്ന് ഇസ്‌ലാം ആഗ്രഹിച്ചിട്ടില്ല. അതില്ലാതാക്കാനാണ്‌ ഇസ്‌ലാം ശ്രമിച്ചിട്ടുള്ളത് എന്ന് ചരിത്രം പരിശോധിച്ചാല്‍ കാണാന്‍ കഴിയും. ഒരു നിരോധന പ്രഖ്യാപനം കൊണ്ട് അടിമത്തം ഇല്ലാതാക്കാന്‍ കഴിയുമെന്ന് ഇസ്‌ലാം വ്യാമോഹിച്ചിരുന്നില്ല. അതുകൊണ്ടാണ്‌ പടിപടിയായ നടപടികളിലൂടെ അടിമത്ത നിവാരണത്തിന്ന് വേണ്ട നിയമങ്ങള്‍ അതാവിഷ്‌കരിച്ചത്.

2. ഇസ്‌ലാം അടിമകളുടെ മോചനത്തിന്‌ വേണ്ടത് ചെയ്യുമെന്ന് അറിയാവുന്നത് കൊണ്ടാണാല്ലോ അന്ന് അടിമകളായിരുന്ന പലരും ഇസ്‌ലാമില്‍ ചേര്‍ന്നതും അവരുടെ യജമാനന്‍മാരുടെ കൊടും പീഡനങ്ങള്‍ സഹിച്ചും അവര്‍ ഇസ്‌ലാമില്‍ ഉറച്ചു നിന്നതും.

3. അടിമകള്‍ക്ക് സ്വതന്ത്രന്‍മാരോടൊപ്പം സ്ഥാനം നല്‍കുന്നതു കണ്ട അവിശ്വാസികള്‍ അക്കാരണത്താല്‍ ഇസ്‌ലാമിനെ വിമര്‍ശിച്ചിരുന്നു. അവരുടെ പ്രീതിക്കു വേണ്ടി വിശ്വാസികളിലെ അടിമകളെയും മറ്റ് തരത്തില്‍ സമൂഹത്തിന്റെ താഴെതട്ടില്‍ കഴിയുന്നവരയും ഒട്ടും അവഗണിക്കരുതെന്ന പാഠം ഖുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട്.

4. 'എന്റെ അടിമ, എന്റെ അടിമസ്ത്രീ' എന്ന് അടിമകളെ വിളിക്കരുതെന്ന് പ്രവാചകന്‍ ഉപദേശിച്ചിട്ടുണ്ട്. അത് പോലെ 'എന്റെ യജമാനന്‍, എന്റെ യജമാനത്തി' എന്നൊന്നും പറയരുത് അടിമകളോടും കല്‍പ്പിച്ചു.

5. അടിമകളുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ വേണ്ട നടപടികളും കൂട്ടത്തില്‍ കാണാം. അവര്‍ക്ക് നല്ല ഭക്ഷണവും വസ്‌ത്രവും നല്‍കാനും ഭാരം ലഘൂകരിച്ച് കൊടുക്കാനും ഇസ്‌ലാം കര്‍ശനമായി നിര്‍ദ്ദേശിച്ചു. അടിമയെ ഉപദ്രവിക്കുന്നതും പ്രയാസപ്പെടുത്തുന്നതും നിരോധിച്ചു. അടിമയോട് ക്രൂരത കാണിക്കുന്നത് ശിക്ഷര്‍ഹമായ കുറ്റമായി പ്രഖ്യാപിച്ചു. ഇത്തരം നടപടികളിലൂടെ നിലവിലുള്ള അടിമകളുടെ സുസ്ഥിതി ഉറപ്പ് വരുത്തുകയാണ്‌ ഇസ്‌ലാം ആദ്യം ചെയ്തത്.

6. രണ്ടാമത്തെ പടിയായി അടിമകളെ മോചിപ്പിക്കാന്‍ ഇസ്‌ലാം നിര്‍ദ്ദേശിച്ചു. ഖുര്‍ആനും ഹദീസും അടിമകളെ മോചിപ്പിക്കാന്‍ പ്രേരണ ചെലുത്തുന്നതു കാണാം. അത് ഒരു വലിയ പുണ്യ കര്‍മ്മമാക്കി നിശ്ചയിച്ചു. ഈ ആഹ്വാനമനുസരിച്ച് മുസ്‌ലിംകള്‍ ധാരാളം അടിമകളെ മോചിപ്പിച്ചിരുന്നു. സ്വന്തമായി അടിമകളില്ലാത്ത സമ്പന്നര്‍ അടിമകളെ വിലക്ക് വാങ്ങി മോചിപ്പിച്ച് പുണ്യം നേടാന്‍ ശ്രമിച്ചതും ചരിത്രത്തില്‍ കാണാം. ആദ്യത്തെ നാലു ഖലീഫമാരുടെ കാലത്ത് ഇങ്ങനെ 39000 അടിമകള്‍ മോചിപ്പിക്കപ്പെട്ടത് ചരിത്രത്തില്‍ കാണാം. മൂന്നാം ഖലീഫ ഉസ്‌മാന്‍ എല്ലാ വെള്ളിയാഴ്ചയും ഓരോ അടിമയെ വീതം മോചിപ്പിക്കാറുണ്ടായിരുന്നു.

7. സ്വയം ഒരു പുണ്യകര്‍മ്മമായി ഇതിനെ കണക്കാക്കിയതോടൊപ്പം തന്നെ ചില തെറ്റുകള്‍ക്കുള്ള പ്രായശ്ചിത്തമായി അടിമത്തമോചനം ഒരു ഓപ്‌ഷനായി നിശ്ചയിക്കപ്പെട്ടു. ശപഥത്തിന്റെ ലംഘനം, സംയോഗം മൂലം റമദാന്‍ വ്രതം നഷ്ടപ്പെടുത്തല്‍, മനപ്പൂര്‍വ്വമല്ലാത്ത കൊല മുതലായ കുറ്റങ്ങള്‍ ഇതില്‍ പെടും.

8. അതി സുപ്രധാനമായ മറ്റൊരു നീക്കം: മോചനം ആഗ്രഹിക്കുന്ന അടിമയ്ക്ക് തന്റെ ഉടമയുമായി മോചന പത്രം എഴുതാന്‍ ഇസ്‌ലാം അനുവാദം നല്‍കി. മോചനപത്രം എഴുതാന്‍ അടിമ ആവശ്യപ്പെട്ടാല്‍ അത് നിരാകരിക്കാന്‍ ഉടമക്ക് അവകാശമില്ലെന്ന് ഇസ്‌ലാം വിധിച്ചു. അടിമയ്ക്ക് ഇത് കോടതിയില്‍ ചോദ്യം ചെയ്യാമായിരുന്നു. ഇന്നത്തേത് പോലെ പണം ചെലവാക്കി നീതി നേടുന്ന കോടതിയായിരുന്നില്ല ഇസ്‌ലാമിന്റെത് എന്ന് പ്രത്യേകം ഓര്‍മ്മിക്കുക. മോചന പത്രം എഴുതുന്ന അടിമ നിശ്ചിത കാലത്തിനകം ഉടമയ്ക്ക് അയാളുടെ മോചനത്തിന്റെ വില നല്‍കണം. ഇതിന്നാവശ്യമായ ധനം സമ്പാദിക്കുവാന്‍ അടിമയ്ക്ക് അവകാശമുണ്ടായിരിക്കും. സ്വയം ഈ തുക സ്വരൂപിക്കാന്‍ അടിമയ്ക്ക് കഴിയാതെ വന്നാല്‍ അയാള്‍ക്ക് സകാത്ത് ഫണ്ടില്‍ നിന്ന് സഹായം ലഭിക്കാനുള്ള അര്‍ഹതയുണ്ട്.

9. ഇസ്‌ലാമിലെ സകാത്തിന്റെ എട്ട് അവകാശികളില്‍ ഒരു വിഭാഗം മോചനം ആഗ്രഹിക്കുന്ന അടിമകളാണ്‌. ഇസ്‌ലാമിക ഭരണപ്രദേശത്ത് അടിമകളുടെ എണ്ണം കൂടുകയല്ല കുറയുകയാണ്‌ ചെയ്തിരുന്നത് എന്നും കാണാം. മേല്‍പറഞ്ഞവയായിരുന്നു കാരണങ്ങള്‍.

10. പുതിയ അടിമകള്‍ സൃഷ്ടിക്കപ്പെടാനിടയുള്ള എല്ലാ വഴികളും ഇസ്‌ലാം അടച്ചു കളഞ്ഞു. യുദ്ധത്തില്‍ പിടിക്കപ്പെടുന്ന ശത്രുക്കളെ മാത്രമേ അടിമകളാക്കാവൂ എന്നും വിധിച്ചു; അതും അനിവാര്യ ഘട്ടത്തില്‍ മാത്രം. യുദ്ധത്തില്‍ പിടിക്കപ്പെടുന്നവരെയെല്ലാം അടിമകളാക്കണമെന്ന് ഇസ്‌ലാം നിശ്ചയിച്ചിട്ടില്ല. മറിച്ച് അവരുടെ മോചനത്തിനാണ്‌ ഇസ്‌ലാം മുന്‍ഗണന നല്‍കുന്നത്. ഒന്നുകില്‍ അവരെ മുസ്‌ലിം തടവുകാര്‍ക്ക് പകരമായി കൈമാറാം. അല്ലെങ്കില്‍ മോചനമൂല്യം വാങ്ങി വിട്ടയക്കാം. ഒരു നിശ്ചിത ജോലി ചെയ്തു തീര്‍ത്തു സ്വതന്ത്രരാവാനുള്ള അവകാശവും അവര്‍ക്ക് നല്‍കിയിട്ടുണ്ട്. രാജ്യത്തിന്റെ സുരക്ഷിതത്വത്തിന്ന് ഹാനി വരുത്തുമെന്ന് ഭയമില്ലാത്തവരെ സൌജന്യമായി മോചിപ്പിക്കുകയുമാവാം. ഇതൊന്നും നടത്താന്‍ പറ്റാത്ത സാഹചര്യത്തില്‍ മാത്രം തടവുകാരെ യുദ്ധത്തില്‍ പങ്കെടുത്തവര്‍ക്ക് അടിമകളായി വീതിച്ചു കൊടുക്കാന്‍ ഇസ്‌ലാം അനുവദിച്ചത്.

11. ഇങ്ങനെ തടവുകാരായി മാറുന്ന സ്ത്രീകളെ സ്വതന്ത്രരാക്കി വിവാഹം കഴിച്ച് കൂടെ താമസിപ്പിക്കാം. പ്രവാചക പത്നിമാരിലെ സഫിയ, ജുവൈരിയ എന്നിവര്‍, നബി ഇങ്ങനെ വിവാഹം ചയ്തിട്ടുള്ളവരാണ്‌. ഇനി സ്വയം വിവാഹം ചെയ്യാതെ, അവളെ മറ്റ് സ്വതന്ത്രര്‍ക്കോ അടിമകള്‍ക്കോ വിവാഹം ചെയ്തു കൊടുക്കുകയുമാവാം. ഈ സാഹചര്യത്തില്‍ അവളുടെ ദേഹം സ്പര്‍ശിക്കുവാനുള്ള അവകാശം ഈ ഉടമയ്ക്കുണ്ടായിരിക്കുകയില്ല. മറ്റെല്ലാ ഉടമാവകാശങ്ങളെയും പോലെ ഒരാള്‍ക്കു നിയമാനുസൃതമായി ഗവണ്‍മെന്റു നല്‍കിയ യുദ്ധത്തടവുകാരുടെ മേലുള്ള ഉടമാവകാശവും കൈമാറ്റം ചെയ്യാവുന്നതാണ്.

12. വിവാഹം ചെയ്യാതെ തന്നെ ലൈംഗികമായി ഉപയോഗിക്കാനും, ശക്തമായ നിബന്ധനകള്‍ക്ക് വിധേയമായി, ഇസ്‌ലാം അനുവദിച്ചിരുന്നു. അവളുടെ ഒരു ആര്‍ത്തവം കഴിഞ്ഞ ശേഷമേ ഉപയോഗിക്കാന്‍ പാടുള്ളൂ. ഒരു സ്ത്രീയെ ഒരു പുരുഷന്ന് മാത്രമേ ഉപയോഗിക്കാന്‍ അനുവാദമുള്ളൂ. മറ്റാരും അവളെ ഉപയോഗിച്ചുകൂടാ.

13. പട്ടാളക്കാര്‍ക്ക് ബന്ധനസ്ഥരായ സ്ത്രീകളുമായി ലൈംഗികവേഴ്ച നടത്തുവാന്‍ അനുവാദം ഉണ്ടായിരിക്കുന്നതല്ല. അത് ഇസ്ലാമിക നിയമപ്രകാരം നിഷിദ്ധമായ നടപടിയാണ്. അതും വ്യഭിചാരവും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല.

14. അടിമസ്ത്രീ പ്രസവിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് സ്വതന്ത്ര ഭാര്യ പ്രസവിക്കുന്ന കുഞ്ഞിനെ പ്പോലെ പിതൃസ്വത്ത് ഉള്‍പ്പെടെ എല്ലാറ്റിനും അവകാശമുണ്ടായിരിക്കും. അവര്‍, അവരുടെ പിതാവിന്റെ അടിമകളായിരിക്കുകയില്ല എന്നര്‍ത്ഥം. പുരുഷന്‍ മരിക്കുന്നതോടെ അവള്‍ സ്വതന്ത്രയാവുകയും ചെയ്യും. ഒരു സ്ത്രീയെ അവളുടെ രക്ഷിതാവ് ഒരു പുരുഷന്ന് വിവാഹം ചെയ്തു കൊടുക്കുന്നത് പോലെ, ഒരു രാഷ്ട്രം അതിന്റെ അധീനത്തില്‍ വരുന്ന അടിമസ്ത്രീയെ അവളുടെ രക്ഷിതാവിന്റെ സ്ഥാനത്ത് നിന്നുകൊണ്ട് ഒരു പൌരന്ന് ഏല്‍പ്പിച്ചു കൊടുക്കുന്ന ഒരു പ്രക്രിയയാണിത്. പേര്‌ വിവാഹമെന്നല്ലെന്ന് മാത്രം.

15. ആദ്യ ഘട്ടത്തില്‍ ഇസ്‌ലാമിക രാഷ്ട്രത്തില്‍ ജയില്‍ സംവിധാനമുണ്ടായിരുന്നില്ല; അക്കാലത്താണ്‌ അടിമത്ത സമ്പ്രദായം ഉപയോഗപ്പെടുത്തിയത്. ജയില്‍ സംവിധാനവും അടിമത്ത സമ്പ്രദായവും തമ്മിലുള്ള സാദൃശ്യവും പരിഗണിക്കാവുന്നതാണ്‌. പരിഷ്‌കൃത ലോകത്തിന്റെ പേര്‌ പറഞ്ഞാണല്ലോ ഇസ്‌ലാമിനെ വിമര്‍ശിക്കുന്നത്. പരിഷ്‌കൃത ലോകം യുദ്ധത്തടവുകാരോട് പെരുമാറുന്ന വിധവും പരസ്യമായ കാര്യമാണല്ലോ. യൂ. എസ്സിന്റെ ഗ്വാണ്ടനാമോയും ഇറാഖിലെ അബൂഗുറൈബും കുപ്രസിദ്ധി ആര്‍ജ്ജിച്ചത് തറ്റവുകാരോടുള്ള ക്രൂരതയുടെ പേരിലാണാല്ലോ.

യുക്തിവാദികളുടെ സദാചാര സങ്കല്‍പ്പം

3 comments:

  1. വിമര്‍ശകരില്‍ പലരും ഇസ്ലാമിക രീതിയും ഇന്നത്തെ മനുഷ്യ നിര്‍മിത രീതികളുമായാണ് താരതമ്യം ചെയ്യാറുള്ളത്. പക്ഷെ മനുഷ്യ നിര്‍മിത നീതിവ്യവസ്ത experimental ആണെന്നും അതില്‍ പാളിച്ചകള്‍ പലതും ഉണ്ടാകാറുണ്ട് എന്നതും അവര്‍ക്ക് അംഗീകരിക്കാന്‍ പറ്റാറില്ല. അതുമല്ല നമ്മള്‍ ഇന്ന് ഒരു പരിഷ്കൃത വ്യവസ്ഥിതി വളര്തിയെടുതിട്ടുണ്ടെങ്കില്‍ അത് ഏത് വിധം ദുഷിച്ച സംസ്കാരത്തില്‍ നിന്നും ഉടലെടുത്തതാണ് എന്നും ചിന്തിക്കാറില്ല. ഞാന്‍ അതൊരു കുറ്റം ആയി ആരോപിക്കുകയല്ല. അങ്ങനെയൊരു ചിന്താകതി ഉണ്ടാകുന്നത് കാലത്തിനും നാട്ടു സംസ്കാരത്തിനും അപ്പുറം ചിന്തിക്കാന്‍ പറ്റാത്തത് കൊണ്ടാണ്.

    അടിമത്തത്തെ കുറിച്ചുള്ള പോസ്റ്റ്‌ നന്നായിരിക്കുന്നു . ഓരോ പോയിന്റിനും തെളിവുകള്‍ ഉധരിചിരുന്നെങ്കില്‍ ‍ ഭംഗിയായേനെ.

    جزاك الله خيرا

    ReplyDelete
  2. നല്ല പോസ്റ്റ്‌, അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ.

    ReplyDelete
  3. പ്രവാചകന്‍ യുദ്ധത്തടവുകാരെ അടിമകള്‍ ആക്കിയതിന് തെളിവുണ്ടോ? ബദര്‍ യുദ്ധത്തില്‍ പിടിക്കപ്പെട്ടവരെ സാക്ഷരത പ്രവര്‍ത്തനത്തിന് നിയോഗിക്കുകയായിരുന്നു എന്ന് കേട്ടിട്ടുണ്ട്. ബാനു മുസ്തളിക് യുദ്ധത്തില്‍ പിടിക്കപ്പെട്ടവരെ ജുവൈരിയയുമായുള്ള വിവാഹത്തെ തുടര്‍ന്ന് അന്ന് രാത്രി തന്നെ സ്വതന്ത്രരാക്കി. പിന്നെ, എവിടെയാണ് പ്രവാചകന്‍ യുദ്ധത്തടവുകാരെ അടിമകള്‍ ആക്കിയത്?

    ReplyDelete