Followers

Tuesday, May 17, 2011

ആതിഥ്യമര്യാദ

ഈയിടെ ഒരു സുഹൃത്തിന്റെ ഗൃഹപ്രവേശച്ചടങ്ങില്‍ പങ്കെടുത്തിരുന്നു. സാമാന്യം വലിയ ഒരു ചടങ്ങ്. നല്ല ഭക്ഷണം. പക്ഷെ, അത് ക്യൂ നിന്നു വാങ്ങണം. എന്നിട്ട് ഒരു കസേര കിട്ടിയാല്‍ അതിലിരുന്നും ഇല്ലെങ്കില്‍ രണ്ടുകാലില്‍ നിന്നും കഴിക്കണം. കുടിക്കാന്‍ വെള്ളമാവശ്യമുള്ളവര്‍ക്കു മറ്റൊരിടത്ത് ക്യൂ നിന്ന് വേണമെങ്കില്‍ വാങ്ങാവുന്നതാണ്‌. അത് ഇരിക്കുന്ന കസേരയുടെ ചുവട്ടിലോ മറ്റോ സൂക്ഷിക്കുകയും എടുത്ത് കുടിക്കുകയും ചെയ്യാം. ഇത്രമാത്രം അസൌകര്യമുണ്ടായിട്ടും ആളുകള്‍ അവിടെനിന്നു ഭക്ഷണം കഴിച്ചത് നാട്ടില്‍ ക്ഷാമവും പട്ടിണിയുമുള്ളതുകൊണ്ടല്ല. ക്ഷണിച്ചുവരുത്തിയ ആളുകളെ ഇങ്ങനെ അപമാനിക്കുന്നതില്‍ പ്രതിഷേധമില്ലാത്തതുകൊണ്ടുമല്ല. ഇങ്ങോട്ട് അമാന്യമായി പെരുമാറുന്നവനോട് അങ്ങോട്ട് വളരെ മാന്യമായി പെരുമാറുകയെന്ന ഉദാര നയം ആളുകള്‍ സ്വീകരിച്ചതുമല്ല. മറിച്ച്, ഇതാണ്‌ ഇന്നത്തെ നാട്ടുനടപ്പ് എന്നു ജനം ധരിച്ചിരിക്കുന്നു. അതുകൊണ്ട് ഇഷ്ടമില്ലാഞ്ഞിട്ടും ആരെയും ചോദ്യം ചെയ്യാന്‍ മുതിരാതെ ജനം സഹിക്കുന്നു. ഞാന്‍ സുഹൃത്തിനോട് പറഞ്ഞു: 'ആളുകളെ വിളിച്ചുവരുത്തി ഇപ്രകാരം അപമാനിക്കരുത്. അതിഥിയെ ആദരിക്കാനാണ്‌ പ്രവാചകന്‍ പഠിപ്പിച്ചത്. ഇവിടെ നിങ്ങള്‍ അവരെ നിന്ദിക്കുകയാണ്‌ ചെയ്യുന്നത്.'
അദ്ദേഹം തന്റെ ചെയ്തിയെ ന്യായീകരിച്ചത് ഇന്നത്തെ നാട്ടുനടപ്പിന്റെ പേരിലായിരുന്നു. കാലാകാലങ്ങളില്‍ വരാനിരിക്കുന്ന നാട്ടുനടപ്പിനെക്കുറിച്ചൊന്നും ഒരു വിചിന്തനവും നടത്താതെ 'നിങ്ങള്‍ അതിഥികളെ ആദരിക്കണം' എന്നു പഠിപ്പിച്ച പ്രവാചകനു തെറ്റു പറ്റിയോ? അല്ലെങ്കില്‍ ഇക്കാലത്തെ ആദരവ് ഇതാണോ?

6 comments:

  1. പാശ്ചാത്യ സംസ്കാരത്തെ അന്തമായി അനുകരിക്കുന്നതാണ് പ്രശ്നം.

    ReplyDelete
  2. കല്യാണവിരുന്ന് ബുഫെ സ്‌റ്റൈലില്‍ വേണ്ട

    ഈയിടെയായി കല്യാണസദ്യകളില്‍ ഭക്ഷണം വിളമ്പുന്നത് പാശ്ചാത്യന്‍ രീതിയില്‍ ബുഫെ എന്ന ഓമനപ്പേരിലാണ്. പാശ്ചാത്യന്‍ നാടുകളിലും നമ്മുടെതന്നെ ചില പ്രദേശങ്ങളിലും ഭക്ഷണ വിഭവങ്ങള്‍ ക്ഷണിക്കപ്പെട്ട വ്യക്തി അഭിരുചിക്കനുസരിച്ച് ആവശ്യത്തിന് സ്വയം എടുത്തു കഴിക്കാവുന്ന രീതിയിലാണ് സംവിധാനിച്ചിട്ടുണ്ടാകുക. എന്നാല്‍, ഇവിടെയാകട്ടെ ഭക്ഷണത്തിന് ദുരിതാശ്വാസ ക്യാമ്പിലെന്നപോലെ നീണ്ട ക്യൂവില്‍ നില്‍ക്കുന്ന കാഴ്ചയാണ് കാണാറുള്ളത്.
    വിളമ്പുകാരന്റെ ഔദാര്യമെന്ന മട്ടില്‍ ഇത്തിരി വിഭവം വിളമ്പുമ്പോള്‍ പേപ്പര്‍പ്ലേറ്റ് ഒടിഞ്ഞ് ഭക്ഷണം ശരീരത്തിലും വസ്ത്രത്തിലും തെറിച്ചുവീണിട്ടുപോലും ഒന്നിരിക്കാന്‍ നോക്കിയാല്‍ ഒരു കസേര പോലുമില്ലാതെ കഷ്ടപ്പെടുന്നത് കണ്ട് കല്യാണവീട്ടുകാരന്‍ ആത്മനിര്‍വൃതി അടയുകയാണ്. പാതിവിശപ്പുമായി ദാഹം തീര്‍ക്കാന്‍ ഒരു ഗ്ലാസ്‌വെള്ളം പോലും എടുക്കാന്‍ സാധിക്കാതെ ആത്മാഭിമാനമുള്ളതുകൊണ്ട് രണ്ടാംപ്രാവശ്യം വിളമ്പുകാരന്റെ ഔദാര്യത്തിന് നില്‍ക്കാതെ കല്യാണവീട്ടില്‍നിന്നും പോകുന്നവരും തീരെ ഭക്ഷണം കഴിക്കാതെ പോകുന്നവരും ഉണ്ടെന്നത് നിഷേധിക്കാനാവാത്ത വസ്തുതയാണ്.
    എന്തിനാണ് ലോകരെ മുഴുവന്‍ ക്ഷണിച്ചുവരുത്തി ഇത്തരത്തില്‍ അവഹേളിക്കുന്നത്? മാന്യമായ രീതിയില്‍ സ്വീകരണവും ഭക്ഷണവും നല്‍കാന്‍ കഴിയില്ലെങ്കില്‍ എന്തിനാണ് സ്ത്രീകളെയും കുട്ടികളെയും വൃദ്ധരെയും രോഗികളെയും ഇങ്ങനെ കഷ്ടപ്പെടുത്തുന്നത്. കണ്ടമാനം ആളുകളെ ക്ഷണിക്കലല്ല, വിരുന്നുവന്നവരെ മാന്യമായി സ്വീകരിച്ച് നല്ല നിലയില്‍ ഭക്ഷണം നല്‍കി സൗഹൃദം പങ്കുവെക്കലാണ് മാന്യതയും അന്തസ്സും.
    -ദേവദാസന്‍, മഞ്ചേരി(മാധ്യമം-ഇന്ന്)

    കേരളത്തിന് ഒരു ആതിഥ്യമര്യാദയുണ്ടായിരുന്നു. ഇസ്ലാം അതിനേക്കാള് മഹത്തരമായ രീതിയില് ആ ആഥിത്യമര്യാദയെ പ്രോല്സാഹി്പ്പിക്കുന്നു. എന്നിട്ടും ആളുകളെ ക്ഷണിച്ചു വരുത്തി മാന്യമായി ഇരുത്തി ഭക്ഷണം നല്കല് എങ്ങിനെയാണ് പിന്തിരിപ്പന് പരിപാടിയായിത്തീര്ന്നതെന്ന് മനസ്സിലമാവുന്നില്ല...

    ReplyDelete
  3. ഈ രീതിയോട് എനിക്ക് വിരോധമില്ല. പക്ഷെ അതിനോടനുബന്ധിച്ച സൌകര്യതോടാണ് പരാതി. ഭക്ഷണം ഇരുന്നു കഴിക്കണം, അതിനുള്ള സൗകര്യം ഉണ്ടായാല്‍ പ്രശ്നങ്ങള്‍ തീരുനതല്ലേ, എന്നാല്‍ ഇതിനു കുറെ ഗുണവുമില്ലേ ? ഫുഡ്‌ അമിതമായി കളയില്ല, ആര്ക് എന്ത് വേണമെന്ന് പിന്നാലെ നടന്നു തിരക്കണ്ട, ഷുഗര്‍ ഉള്ളവന് മതുരം വേണ്ട എന്നു പറയേണ്ടതില്ല, ഫുഡ്‌ വിളമ്പുന്നത് നേരത്തെ ചെയ്യാം, ഇഷ്ടമുള്ളവന് വിശക്കുന സമയത്ത് പോയി കഴിക്കാം അങ്ങനെ അങ്ങനെ.............

    ReplyDelete
  4. കഴിഞ്ഞ ആഴ്ചയില്‍ ഞാനൊരു കല്യാണത്തിനു പോയി. എന്റെ ഒരു സഹപ്രവര്‍ത്തകന്റെ കല്യാണം. അവിടെ നെയ്ചോറും കറിയുമായിരുന്നു വിഭവം. ആവശ്യക്കാര്‍ക്ക് സാദാ ചോറും പച്ചക്കറി, മീന്‍കറി ഇവയും കിട്ടും. ഒരു വലിയ പ്ലെയ്റ്റില്‍ ചോറും ഒരു പാത്രത്തില്‍ കറിയും ഒരു ജഗ്ഗ് വെള്ളവുമാണ്‌ നാലുപേര്‍ ഇരിക്കുന്ന ഒരു ടേബിളില്‍ നല്‍കിയിരുന്നത്. പിന്നെ, നാലു ഡിസ്പോസിബിള്‍ പ്ലെയ്റ്റും ഗ്ലാസും. ഓരോരുത്തരും ആവശ്യമുള്ളത് വിളമ്പിക്കഴിക്കുന്നു. എന്റെ അഭിപ്രായത്തില്‍, ഭക്ഷണം കഴിക്കുന്നവര്‍ക്ക്, ഏറ്റവും സൌകര്യപ്രദമായ രീതി ഇതാണ്‌. ഭക്ഷണം ഒട്ടും നഷ്ടപ്പെടുകയുമില്ല; അവരവരുടെ പാകത്തിനു കഴിക്കുകയും ചെയ്യാം.

    ബൊഫേ സമ്പ്രദായത്തില്‍ ഭക്ഷണം ധാരാളം വെയ്സ്റ്റാകുന്നുണ്ട്. ഒരാള്‍ ക്യൂ നിന്നു വാങ്ങുന്ന ചോറും കറിയുമാണല്ലോ കൈയിലുണ്ടാവുക. ചിലപ്പോള്‍ കറി മതിയായില്ലെന്നു വരും. വീണ്ടും ക്യൂ നിന്നിട്ടു വേണം കറി കിട്ടാന്‍. അതിലും ഭേദം ഇതങ്ങു കളയുന്നതാണെന്നു തീരുമാനിക്കുകയും കളയുകയും ചെയ്യുന്നു. എച്ചില്‍പ്പാത്രം നിക്ഷേപിക്കിന്നിടത്ത് ഇതു കൂട്ടിയിട്ടതു കാണാം. എന്നാല്‍ മേല്‍ പറഞ്ഞ രീതിയിലാണെങ്കില്‍ അല്‍പ്പം പോലും ഭക്ഷണം വെയ്സ്റ്റാവുകയില്ല. ചോറും കറിയും മുമ്പില്‍ തന്നെ ഉണ്ടാവും. അവരവര്‍ക്ക് വേണ്ടത്, കുറേശ്ശെകുറേശ്ശെ വിളമ്പിയിട്ടാണ്‌ കഴിക്കുന്നത്. പിന്നെങ്ങനെ വെയ്സ്റ്റാകാന്‍? ഭക്ഷണം വെയ്സ്റ്റാകില്ലെന്നു മാത്രമല്ല; കഴിക്കുന്നത് ഓവറാവുകയോ കുറഞ്ഞു പോവുകയോ പോലുമില്ല. ആശ്വാസത്തില്‍ ഇരുന്നു കഴിക്കാനും കഴിയും.

    ReplyDelete
  5. വളരെ നല്ല പോസ്റ്റ്‌. ഇന്നലെയും ഇതുപോലുള്ള ഒരു ചടങ്ങില്‍ പങ്കെടുത്തു... ഒടിഞ്ഞു തൂങ്ങിയ പ്ലേറ്റില്‍ ഇത്തിരി ഫുഡ്‌ എടുത്തു... പക്ഷെ ഇരിക്കാന്‍ സ്ഥലമില്ല... ഭാരയുടെ ബന്ധു വീടായത് കാരണം പുതിയാപ്പിള എന്ന പരിഗണനയില്‍ ആരോ ഒരു കസേര സംഘടിപ്പിച്ചു തന്നു. കുടിക്കാന്‍ വെള്ളവും!!!. പക്ഷെ ഭൂരിഭാഗം പേരും സീറ്റില്ലാതെ, കുടിക്കാന്‍ വെള്ളമില്ലാതെ കഷ്ടപ്പെടുകയായിരുന്നു... നില്‍ക്കാന്‍ പോലും സ്ഥലമില്ലാതെ.... ഇത്രയും നടക്കുന്നത് ഒരു ഹാളിലെ കല്ല്യാനതിനാനെന്നാണ് ഏറ്റവും വലിയ തമാശ... !!!!! ഇഷ്ടം പോലെ സ്ഥലമുണ്ടായിട്ടും ചുമ്മാ ഷോ കാണിക്കാന്‍ വേണ്ടി മാത്രമാണോ ഇങ്ങിനെ???? രണ്ടാമതൊന്നു കൂടെ ഭക്ഷണം വാങ്ങിക്കാന്‍ പോയപ്പോള്‍ മുടിഞ്ഞ ഖ്യൂ.. സീറ്റും പോയി!!!! പിന്നെ ഭക്ഷണം വാങ്ങിക്കാന്‍ തോന്നിയില്ല....
    എല്ലാവരുടെയും അവസ്ഥ ഇങ്ങിനെ തന്നെയാണ്.... എന്റെയൊക്കെ നാട്ടില്‍ (മലപ്പുറം ജില്ലയില്‍) വളരെ അപൂര്‍വമായേ ഇത്തരം ബുഫെ സദ്യകള്‍ നടത്താറുള്ളൂ.... എന്‍റെ ഉപ്പയും ഉമ്മയുമോന്നും കോഴിക്കോട് ഭാഗത്തുള്ള കല്യാണങ്ങളില്‍ പങ്കെടുക്കാന്‍ വിമുഗത കാണിക്കുന്നതിന്റെ പ്രധാന കാരണവും ഈ സമ്പ്രദായം തന്നെയാണ്...
    വേണ്ടത്ര സീറ്റ് ഒരുക്കാന്‍ ഒരിക്കലും പലര്‍ക്കും സാധിക്കാറില്ല.... ഇരുന്നു ഭക്ഷണം കഴിക്കണമെന്ന സാമാന്യ മര്യാദ പോലും ഇത്തരം സന്ദര്‍ഭങ്ങളില്‍ ലംഘിക്കപ്പെടുകയാണ്..

    ReplyDelete
  6. എത്ര ആളുകള്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാന്‍ സൌകര്യമൊരുക്കാന്‍ സാധിക്കുമോ അത്രയും പേരെ മാത്രം പരിപാടിക്ക് ക്ഷണിക്കുക. ഇനി കൂടുതല്‍ പേരെ ക്ഷണിച്ചേ പറ്റൂ എന്നാണെങ്കില്‍ എല്ലാവര്‍ക്കും ആവശ്യമായ അളവില്‍ സൌകര്യമൊരുക്കുക. ഇത്തരം സദ്യകള്‍ ആളുകള്‍ ബഹിഷ്കരിക്കുന്ന കാലം അത്ര ദൂരെയല്ലെന്നോര്‍ക്കുക.

    ReplyDelete