Followers

Thursday, May 19, 2011

അരക്ഷിതരായ രക്ഷിതാക്കള്‍ 

'ഗുരുവായൂരിലെ ലോഡ്ജില്‍ മുറിയെടുത്തു താമസിച്ച വൃദ്ധദമ്പദികള്‍ ജീവനൊടുക്കി. മൂന്നു ദിവസം മുമ്പാണ്‌ റൂമെടുത്തത്. വാര്‍ദ്ധക്യത്തില്‍ സംരക്ഷിക്കാനാളില്ലാത്തതാണ്‌ മരണം വരിക്കാന്‍ കാരണമെന്ന് ആത്മഹത്യാകുറിപ്പില്‍ പറഞ്ഞിരിക്കുന്നു. ശവമടക്കു ചെലവിനായി 6500 രൂപ ആത്മഹത്യാകുറിപ്പിനൊപ്പം വച്ചിട്ടുണ്ട്.' (manorama online)

ഇവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍, ഇതെഴുതും വരെ, ലഭിച്ചിട്ടില്ല. എങ്കിലും ഒരുകാര്യം തീര്‍ച്ചയാണ്‌; നമ്മുടെ നാട്ടില്‍ ഇതുപോലുള്ള സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരുകയാണ്‌. വാര്‍ദ്ധക്യത്തിലെത്തുമ്പോള്‍ നോക്കാനാളില്ലാതാകുന്ന അവസ്ഥ. അതുമൂലം നടക്കുന്ന ആത്മഹത്യകള്‍. ഇനി മറ്റൊരു കൂട്ടരുണ്ട്. നോക്കാനാളു/കളു/ള്ളവര്‍. എന്നാല്‍ നോക്കാനുള്ള സന്നദ്ധത നോക്കേണ്ടവര്‍ക്കില്ലാത്തതുമൂലം അവഗണിക്കപ്പെടുന്നവര്‍. സ്വന്തം വീട്ടില്‍ നിന്ന് ആട്ടിയിറക്കപ്പെടുന്നവര്‍. അതേ, ജന്മംനല്‍കി വളര്‍ത്തി വലുതാക്കിയ മാതാപിതാക്കളെ അവരുടെ അവശതയുടെ ഘട്ടത്തില്‍ ആട്ടിയിറക്കുന്ന മക്കള്‍. അതിന്റെ തോത് ഏറിക്കൊണ്ടിരിക്കുന്ന ഈ യുഗത്തെ നാം 'പരിഷ്കൃതയുഗമെ'ന്നു വിളിക്കുന്നു.

ദയാവധം പോലുള്ള നിഷേധാത്മകമായ പരിഹാരങ്ങളല്ല നമുക്കാവശ്യം. നിര്‍മ്മാണാത്മകമായ എന്തു പരിഹാരമാണിതിന്നു കണ്ടെത്താന്‍ കഴിയുക?

അവനവന്റെ മാതാപിതാക്കളെ അവനവന്‍ സംരക്ഷിക്കുക എന്നതാണ്‌ മാന്യവും ലളിതവുമായ പരിഹാരമാര്‍ഗ്ഗം. അതിനു സന്നദ്ധതയില്ലാത്തവരുടെ/ സാധിക്കാത്തവരുടെ മാതാപിതാക്കളെ ആരു സംരക്ഷിക്കും? ബന്ധുക്കളാരുമില്ലാത്ത വൃദ്ധരെ ആരു സംരക്ഷിക്കും? അതേപോലെ സമൂഹത്തിലെ അവശരായ മറ്റംഗങ്ങളെ ആരു സംരക്ഷിക്കും? ഇതൊരു സാമൂഹിക പ്രശ്നമായി കണക്കാക്കണം. കൂട്ടായി ചിന്തിക്കുകയും പരിഹാരം കണ്ടെത്തുകയും ചെയ്യണം.

1 comment:

  1. ഇതു വായിക്കുന്നവര്‍ അവരുടെ കാഴ്ചപ്പാട് ഇവിടെ രേഖപെടുത്തിയാല്‍ നന്നായിരിക്കും.

    മലയാളത്തില്‍ എഴുതാന്‍: http://kerals.com/write_malayalam/malayalam.htm

    ReplyDelete