Followers

Friday, May 20, 2011

ആദാമിന്റെ മകന്‍ അബു

സലിം കുമാര്‍ മികച്ച നടനുള്ള ദേശീയ അവര്‍ഡ് നേടിയിരിക്കുന്നു. അഭിനന്ദനങ്ങള്‍. ആദാമിന്റെ മകന്‍ അബു എന്ന സിനിമയിലെ 'അഭിനയ'ത്തിലൂടെയാണ്‌ സലിം കുമാര്‍ ഈ നേട്ടം കൈവരിച്ചതെന്നു മാധ്യമങ്ങള്‍ പറയുന്നു; എന്നാല്‍ അദ്ദേഹം ഇതു നിഷേധിച്ചിരിക്കുന്നു. അദ്ദേഹം പറയുന്നത് ആ പടത്തിനല്‍ ഒരു സീനില്‍ പോലും താന്‍ അഭിനയിച്ചിട്ടില്ലെന്നാണ്‌. പിന്നെങ്ങനെ അഭിനയത്തിനുള്ള അവാര്‍ഡ് കിട്ടി? സലിം കുമാര്‍ തന്നെ മറുപടി നല്‍കുന്നു: ഞാന്‍ ആദാമിന്റെ മകന്‍ അബുവായി ജീവിക്കുകയായിരുന്നു. അതേ, അതാണ്‌ വേണ്ടത്. അപ്പോഴാണ്‌ അവാര്‍ഡ് കിട്ടുക.

പ്രതിഫലം വാങ്ങാതെയാണ്‌ ഈ പടത്തില്‍ അദ്ദേഹം അഭിനയിച്ചത്. എന്നാല്‍, കഥയിലെ അബു ഹജ്ജിനായി സ്വരുക്കൂട്ടിയ 1600 രൂപയുടെ നാണയങ്ങളും അതു സൂക്ഷിച്ച പെട്ടിയും ഈ പടത്തിന്റെ ഓര്‍മ്മയ്ക്കായി സലിം കുമാര്‍ സ്വന്തമാക്കുകയും സൂക്ഷിച്ചുവരുകയും ചെയ്യുന്നു. താന്‍ അബുവായി ജീവിക്കുകയായിരുന്നുവെന്ന സലിം കുമാറിന്റെ അവകാശവാദം പ്രത്യക്ഷരം ശരിയാണെന്ന് ഈ സംഭവം നമ്മെ തെര്യപ്പെടുത്തുന്നു.

ഈ കഥാപാത്രം സലിം കുമാറിനെ വല്ലാതെ സ്വാധീനിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ സാക്‌ഷ്യപ്പെടുത്തുന്നത് കാണുക: 40 ദിവസം ഞാന്‍ ആദാമിന്റെ മകന്‍ അബുവായി ജീവിക്കുകയായിരുന്നു. ഇസ്‌ലാമിന്റെ നന്മകളെ മാത്രമല്ല; ഒപ്പം ഈ ലോകത്തിന്റെ മുഴുവന്‍ നന്മകളെയുമാണ്‌ ഈ സിനിമ വെളിച്ചത്ത് നിറുത്തുന്നത്.

മാത്രമല്ല; ഈ സിനിമയില്‍ 'അഭിനയി'ക്കുമ്പോള്‍ സലിം കുമാറിനെ സ്വാധീനിച്ച മറ്റൊന്ന് ഹജ്ജ് ചെയ്യാനുള്ള തീവ്രവികാരമാണ്‌. ഹജ്ജ് ചെയ്യാനുള്ള വിശ്വാസിയുടെ ആഗ്രഹത്തിന്റെ തീവ്രത അദ്ദേഹം ആവാഹിച്ചെടുക്കുകയായിരുന്നുവെന്നാണ്‌ മനസ്സിലാകുന്നത്. സംവിധായകന്‍ സലിം അഹ്‌മദിനോട് അദ്ദേഹം അന്വേഷിച്ചുവത്രെ: തനിക്ക് ഹജ്ജ് ചെയ്യാന്‍ പറ്റുമോ എന്ന്. ഏതായാലും സലിം കുമാര്‍ ഒരു തീരുമാനമെടുത്തിരിക്കുന്നു. ഇത്തവണ തന്റെ പ്രതിനിധിയായി ഒരാളെ ഹജ്ജിനയക്കുമെന്ന്. അയാള്‍ക്ക് ഹജ്ജ് നിര്‍വഹിക്കാന്‍ വേണ്ടിവരുന്ന സാമ്പത്തികച്ചെലവുകള്‍ താന്‍ വഹിച്ചുകൊള്ളാമെന്ന് സലിം കുമാര്‍ വാഗ്ദാനം ചെയ്തിരിക്കുന്നു. അര്‍ഹനായ ആളെ കണ്ടെത്താന്‍ മുസ്‌ലിം ലീഗ് നേതാവ് ഡോ. എം.കെ. മുനീറിനെ അദ്ദേഹം ചുമതലപ്പെടുത്തുകയും ചെയ്തിരിക്കുന്നു. ഹജ്ജ് ചെയ്യാന്‍ കൊതിയുള്ള, എന്നാല്‍ സാമ്പത്തിക ശേഷി ഇല്ലാത്തതു മൂലം അത് സാധിക്കാതെ പോകുന്ന, ആദാമിന്റെ മകന്‍ അബുവിനെപ്പോലുള്ള, ഒരു ഹതഭാഗ്യനെ, മഹാഭാഗ്യവാനാക്കി മാറ്റാനുള്ള സലിം കുമാറിന്റെ തീരുമാനം അഭിനന്ദനാര്‍ഹമാണ്‌. ഒപ്പം മതസൌഹാര്‍ദ്ദത്തിന്റെ ഉത്തമമാതൃകയും.

പരിസ്ഥിതി സ്നേഹം, ഈ പടം ഉയര്‍ത്തിക്കാണിക്കുന്ന മറ്റൊരു നന്മയാണെന്നു സംവിദായകന്‍ സലിം അഹ്‌മദ് പറയുന്നു. ഹജ്ജിനു പോകാന്‍ പണം കണ്ടെത്താന്‍ വേണ്ടിയാണെങ്കിലും, വീട്ടുമുറ്റത്തുള്ള മരം മുറിക്കുമ്പോള്‍ അബു തേങ്ങുകയാണ്‌. ഈ മരത്തില്‍ ഒരു കിളിക്കൂടെങ്കിലുമുണ്ടെങ്കില്‍, അതു മുറിക്കുന്നത് പാതകമാവില്ലേ? 'ഭൂമിയുടെ അവകാശികളെ'ക്കുറിച്ച് നമ്മെ ചിന്തിപ്പിച്ച എഴുത്തുകാരനാണ്‌ വൈക്കം മുഹമ്മദ് ബഷീര്‍. ഒരു ചെടിയില്‍ നിന്ന്, അനാവശ്യമായി ഒരില നുള്ളുന്നതു പോലും ഇസ്‌ലാമിന്റെ പ്രവാചകന്‍ വെറുത്തിരുന്നുവെന്ന് അദ്ദേഹത്തിന്റെ ചരിത്രത്തില്‍ കാണാം. നമ്മുടെ ജീവിതത്തില്‍ നന്മതിന്മകളില്ലാത്ത ഒരു മേഖലയുമില്ല. നമ്മുടെ വാക്കുകളില്‍ നന്മയും തിന്മയുമുണ്ട്; മാത്രമല്ല മൌനത്തിലുമുണ്ടത്. നമ്മുടെ കര്‍മ്മത്തില്‍ മാത്രമല്ല; നിഷ്ക്രിയത്വത്തിലും നന്മതിന്മകളുണ്ട്. നമ്മുടെ മനസ്സില്‍ നമയെക്കുറിച്ചുള്ള ചിന്തയുടെ വിത്തുപാകാന്‍ ഒരു സിനിമയ്ക്ക് സാധിക്കുന്നുവെങ്കില്‍ ആ സിനിമ ഒരു സല്‍ക്കര്‍മ്മമാണ്‌.

2 comments:

  1. ജൂറിയില്‍ ഇത്തവണ മലയാളികള്‍ ആരുമില്ലാത്തത് കൊണ്ട് അര്‍ഹതപെട്ടവന് അവാര്‍ഡ് കിട്ടി. അല്ലെങ്കില്‍ ഇതും മമ്മുട്ടിയിലോ മോഹന്‍ലാലിലോ മറ്റേതെങ്കിലും കൊമ്പന്‍ മാരിലോ തങ്ങി നിന്നേനെ.

    മലയാളിക്ക് മലയാളി തന്നെയാണ് പാര.

    ReplyDelete
  2. നമ്മുടെ മനസ്സില്‍ നമയെക്കുറിച്ചുള്ള ചിന്തയുടെ വിത്തുപാകാന്‍ ഒരു സിനിമയ്ക്ക് സാധിക്കുന്നുവെങ്കില്‍ ആ സിനിമ ഒരു സല്‍ക്കര്‍മ്മമാണ്‌.

    മേല് വരിക്ക് കീഴില് ഒരോപ്പ്.

    ReplyDelete