Followers

Saturday, April 16, 2011

തൌഹീദിന്റെ അടിത്തറയിന്മേല്‍...

(ഫെയ്സ് ബുക്കിലെ 'മുജാഹിദ് ജമാഅത്ത് സംവാദം' എന്ന ഗ്രൂപ്പില്‍ നടന്ന ഒരു ചര്‍ച്ചയാണിത്. ഇതില്‍ പ്രധാനമായും പങ്കെടുത്തത് ജമാല്‍ ചീമ്പയിലും ഞാനുമാണ്‌. ഇത്തിരി ദീര്‍ഘിച്ച ആ ചര്‍ച്ച കാര്യമായ എഡിറ്റിങ് ഇല്ലാതെ ഇവിടെ പ്രസിദ്ധീകരിക്കുകയാണ്‌. ചില ആവര്‍ത്തനങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. ബാക്കി കാര്യങ്ങള്‍ വായന മുന്നേറുമ്പോള്‍ മനസ്സിലാകും.)

Ali Koya: "ലോകത്ത് -അഥവാ പ്രവര്‍ത്തനത്തിന്റെ ആരംഭമെന്ന നിലയ്ക്ക് ഈ നാട്ടില്‍-
യഥാര്‍ത്ഥ ഇസ്‌ലാമിക തത്വങ്ങള്‍ക്കനുസരിച്ച്, ബോധപൂര്‍വമായും ആത്മാര്‍ത്ഥമായും സ്വയം ജീവിക്കുന്ന ഒരു സൊസൈറ്റിയെ സംഘടിപ്പിക്കുക,
അവര്‍ വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും ലോകത്തിന്റെ മുമ്പില്‍ ഇസ്‌ലാമിനെ ശരിക്കും പ്രതിനിധാനം ചെയ്യുക,
അങ്ങനെ തങ്ങളുടെ കഴിവും സ്വാധീനവും വികസിച്ചിടങ്ങളിലെല്ലാം,
മനുഷ്യന്റെ ചിന്താപരവും സദ്ദാചാരപരവും നാഗരികവും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ ജീവിതവ്യവസ്ഥിതിയെ ആധുനിക നാസ്തികത്വത്തിന്റെയും പദാര്‍ത്ഥവാദത്തിന്റെയും അടിത്തറകളില്‍ നിന്ന് പിഴുതെടുത്ത്,
യഥാര്‍ത്ഥ ദൈവവിശ്വാസത്തിന്റെ -'തൌഹീദി'ന്റെ- അടിത്തറയിന്മേല്‍ കെട്ടിയുയ്റപ്പിക്കുക. ഇതാണ്‌ നമ്മുടെ ജമാഅത്ത് (പാര്‍ട്ടി) രംഗത്ത് വന്നതിന്റെ ഉദ്ദേശ്യം."
(മതേതരത്വം ദേശീയത്വം ജനാധിപത്യം ഒരു താത്വിക വിശകലനം -മൌലാനാ അബുല്‍ അഅ്‌ലാ മൌദൂദി )

‎''ഇസ്ലാം ഇതു ദിവസം ദീന്‍ [മതം] ആയോ അന്ന് തന്നെ സിയാസത്തും [രാഷ്ട്രവും] കൂടിയായിരുന്നു.അതിന്റെ മിമ്പര്‍ അതിന്റെ സിംഹാസനവും അതിന്റെ പള്ളി അതിന്റെ കോടതിയും അതിന്റെ തൌഹീദ് നമ്രൂദ്‌,ഫിര്‍ ഔന്‍, കൈസര്‍,കിസ്രാ മുതലായവരുടെ സാമ്രാജ്യത്തം നശിപ്പിക്കാനുള്ള സന്ദേശവും''. [അല്‍-മുര്ശിദ്-ജില്ദ്3-ലക്കം-11പേജു:405]

പ്രിയ മുജാഹിദ് സുഹൃത്തുക്കളേ, തൌഹീദിന്റെ അടിത്തറയിന്മേല്‍ ഒരു രാജ്യം കെട്ടിപ്പടുക്കാന്‍ നമുക്കൊരുമിച്ച് പ്രവര്‍ത്തിക്കാം.

Jamal Cheembayil സ്വാഗതാര്‍ഹമായ ഒരു അഭിപ്രായമാണ് ആലിക്കോയ സാഹിബ് മുന്നോട്ട് വെച്ചിരിക്കുന്നത്. പക്ഷെ അതിനു മുന്‍പ്‌ ജമാഅതിന്റെ കാഴ്ചപ്പാടിലെ തൌഹീദ് എന്താണെന്ന് ഒന്ന് വിശദീകരിക്കാമോ?

Ali Koya ജമാഅത്ത് മനസ്സിലാക്കിയ തൌഹീദ്:

....അല്ലാഹു ഏക'ഇലാഹ്' ആണെന്നും മറ്റാരും 'ഇലാഹ്' അല്ലെന്നും ഉള്ളതിന്റെ വിവക്ഷ ഇതാണ്: ഏതൊരുവന്‍ നമ്മുടെയും അഖില ലോകത്തിന്റെയും സ്രഷ്ടാവും രക്ഷിതാവും നിയന്താവും ഉടമസ്ഥനും പ്രകൃതിനിയമ വിധികര്‍ത്താവും ആണോ, അതേ അല്ലാഹു തന്നെയാണ് വാസ്തവത്തില്‍ നമ്മുടെയെല്ലാം സാക്ഷാല്‍ 'മഅ്ബൂദും' സാന്മാര്‍ഗിക വിധികര്‍ത്താവും. ആരാധനക്കര്‍ഹനും യഥാര്‍ഥത്തില്‍ അനുസരിക്കപ്പെടേണ്ടവനും അവന്‍ മാത്രമാകുന്നു. പ്രസ്തുത നിലകളിലൊന്നും അവന്ന് യാതൊരു പങ്കാളിയുമില്ല.

ഈ യാഥാര്‍ഥ്യം ഗ്രഹിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നതുമൂലം താഴെ പറയുന്ന സംഗതികള്‍ മനുഷ്യന്റെ മേല്‍ നിര്‍ബന്ധമാകുന്നതാണ്:
1. അല്ലാഹുവെ അല്ലാതെ മറ്റാരെയും രക്ഷാകര്‍ത്താവോ കൈകാര്യകര്‍ത്താവോ ആവശ്യങ്ങള്‍ നിറവേറ്റുന്നവനോ ബുദ്ധിമുട്ടുകള്‍ തീര്‍ക്കുന്നവനോ സങ്കടങ്ങള്‍ കേള്‍ക്കുന്നവനോ സംരക്ഷിക്കുന്നവനോ സഹായിക്കുന്നവനോ ആയി ധരിക്കാതിരിക്കുക. കാരണം, മറ്റാരുടെ പക്കലും യഥാര്‍ഥത്തില്‍ യാതൊരു അധികാരശക്തിയും ഇല്ലതന്നെ.
2. അല്ലാഹുവെ ഒഴിച്ചു മറ്റാരെയും ലാഭനഷ്ടങ്ങള്‍ ഏല്‍പിക്കുന്നവരായി കരുതാതിരിക്കുക; മറ്റാരോടും ഭക്തി കാണിക്കാതിരിക്കുക; മറ്റാരെയും ഭയപ്പെടാതിരിക്കുക; മറ്റാരെയും ഭരമേല്‍പിക്കാതിരിക്കുക; മറ്റാരോടും പ്രതീക്ഷകള്‍ ബന്ധപ്പെടുത്താതിരിക്കുക. കാരണം, സകല അധികാരങ്ങളുടെയും ഉടമസ്ഥന്‍ യഥാര്‍ഥത്തില്‍ അല്ലാഹു മാത്രമാകുന്നു.
3. അല്ലാഹുവെ അല്ലാതെ മറ്റാരെയും ആരാധിക്കാതിരിക്കുക; മറ്റാരുടെ പേരിലും നേര്‍ച്ച നേരാതിരിക്കുക; മറ്റാരുടെ മുമ്പിലും തല കുനിക്കാതിരിക്കുക. ചുരുക്കത്തില്‍, ബഹുദൈവവിശ്വാസികള്‍ തങ്ങളുടെ ആരാധ്യരുമായി പുലര്‍ത്തിവരാറുള്ള യാതൊരിടപാടും മറ്റുള്ളവരുമായി നടത്താതിരിക്കുക. കാരണം, അല്ലാഹു മാത്രമാണ് ആരാധനക്കര്‍ഹന്‍.
4. അല്ലാഹുവോടല്ലാതെ, മറ്റാരോടും പ്രാര്‍ഥിക്കാതിരിക്കുക; മറ്റാരോടും അഭയം തേടാതിരിക്കുക; മറ്റാരെയും സഹായത്തിന് വിളിക്കാതിരിക്കുക; ശിപാര്‍ശ മുഖേന ദൈവവിധിയെ മാറ്റാന്‍ കഴിയുന്നവിധം, ദൈവിക വ്യവസ്ഥകളില്‍ പ്രവേശനവും സ്വാധീനവുമുള്ളവരായി ആരെയും ഗണിക്കാതിരിക്കുക. കാരണം, സകലരും -മലക്കുകളോ അമ്പിയാഓ ഔലിയാഓ ആരുതന്നെയാണെങ്കിലും ശരി- അല്ലാഹുവിന്റെ സാമ്രാജ്യത്തില്‍ അധികാരമില്ലാത്ത പ്രജകള്‍ മാത്രമാകുന്നു.
5. അല്ലാഹുവെ ഒഴിച്ച് മറ്റാരെയും ആധിപത്യത്തിന്റെ ഉമടസ്ഥനോ അധീശാധിപതിയോ ആയി കരുതാതിരിക്കുക; സ്വാധികാരപ്രകാരം കല്‍പിക്കാനും നിരോധിക്കാനും അര്‍ഹരായി മറ്റാരെയും അംഗീകരിക്കാതിരിക്കുക; മറ്റാരെയും സ്വതന്ത്ര നിയമനിര്‍മാതാവും 'ശാരിഉം' ആയി സ്വീകരിക്കാതിരിക്കുക; ഏക അല്ലാഹുവിനുള്ളതോ അവന്റെ നിയമത്തിനു വിധേയമായതോ അല്ലാത്ത ഏതുവിധ അനുസരണങ്ങളും ശരിയെന്ന് അംഗീകരിക്കാതിരിക്കുക. കാരണം, തന്റെ രാജ്യത്തിന്റെ ന്യായമായ ഏക ഉടമസ്ഥനും സൃഷ്ടികളുടെ ന്യായമായ ഏക വിധികര്‍ത്താവും അല്ലാഹു മാത്രമാകുന്നു. ഉടമസ്ഥതക്കും വിധികര്‍ത്തൃത്വത്തിനുമുള്ള അവകാശം വാസ്തവത്തില്‍ അവന്നല്ലാതെ മറ്റാര്‍ക്കുമില്ല.

പ്രസ്തുത ആദര്‍ശം സ്വീകരിക്കുന്നതിനാല്‍ മനുഷ്യന്റെ മേല്‍ താഴെ വിവരിക്കുന്ന സംഗതികള്‍ കൂടി അനിവാര്യമായിത്തീരുന്നു:

6. സ്വാധികാരത്തെ കൈയൊഴിക്കുക. സ്വേച്ഛകള്‍ക്കടിമപ്പെടുന്നതുപേക്ഷിക്കുക. ഏക ഇലാഹായി താന്‍ സമ്മതിച്ചംഗീകരിച്ച അല്ലാഹുവിന്റെ മാത്രം അടിമയായി നിലകൊള്ളുക.
7. താന്‍ വല്ലതിന്റെയും ഉടമസ്ഥനും അധികാരിയുമാണെന്ന് കരുതാതിരിക്കുക. സര്‍വതും, തന്റെ ജീവനും അവയവങ്ങളും ശാരീരികവും മാനസികവുമായ കഴിവുകളും വരെ അല്ലാഹുവിന്നുടമപ്പെട്ടതും അവങ്കല്‍നിന്നുള്ള 'അമാനത്തും' ആണെന്ന് കരുതുക.
8. താന്‍ അല്ലാഹുവിന്റെ മുമ്പില്‍ ഉത്തരവാദപ്പെട്ടവനും സമാധാനം ബോധിപ്പിക്കേണ്ടവനുമാണെന്ന് കരുതുക. തന്റെ കഴിവുകള്‍ ഉപയോഗിക്കുന്നതിലും പെരുമാറ്റത്തിലും ക്രയവിക്രയങ്ങളിലും അവയെക്കുറിച്ച് അന്ത്യനാളില്‍ അല്ലാഹുവിന്റെ മുമ്പാകെ കണക്ക് ബോധിപ്പിക്കേണ്ടതുണ്ടെന്നും സ്വകര്‍മങ്ങളുടെ സദ്ഫലമോ ദുഷ്ഫലമോ അനുഭവിക്കേണ്ടിവരുമെന്നുമുള്ള യാഥാര്‍ഥ്യം സദാ ഗൌനിക്കുക.
9. തന്റെ ഇഷ്ടത്തിന് അല്ലാഹുവിന്റെ ഇഷ്ടത്തെയും, തന്റെ അനിഷ്ടത്തിന് അല്ലാഹുവിന്റെ അനിഷ്ടത്തെയും മാനദണ്ഡമായി സ്വീകരിക്കുക.
10. അല്ലാഹുവിനെ അഗാധമായി സ്നേഹിക്കുക. അവന്റെ പ്രീതിയും സാമീപ്യവും, തന്റെ സമസ്ത ശ്രമങ്ങളുടെയും ലക്ഷ്യമായും മുഴു ജീവിതത്തിന്റെ അച്ചുതണ്ടായും സ്വീകരിക്കുക.
11. തന്റെ സ്വഭാവചര്യകള്‍, സാമൂഹിക നാഗരിക സാമ്പത്തിക രാഷ്ട്രീയ ഇടപാടുകള്‍ തുടങ്ങി ജീവിതത്തിന്റെ എല്ലാ വിഷയങ്ങളിലും അല്ലാഹുവിന്റെ നിര്‍ദേശത്തെ മാത്രം നിര്‍ദേശമായി അംഗീകരിക്കുക. അല്ലാഹു നിശ്ചയിച്ചുതന്നതോ അവന്റെ നിയമ നിര്‍ദേശങ്ങള്‍ക്ക് വിധേയമോ ആയ പദ്ധതിയെ മാത്രം പദ്ധതിയായി സ്വീകരിക്കുക. അവന്റെ 'ശരീഅത്തി'നു വിരുദ്ധമായതെന്തും തള്ളിക്കളയുക.
(ജമാഅത്ത് ഭരണഘടനയില്‍ നിന്ന്.)

* ജമാഅത്തിന്റെ സങ്കല്‍പ്പത്തിലുള്ള തൌഹീദില്‍ നിന്ന് ഏതെല്ലാം ഭാഗങ്ങള്‍ ഒഴിവാക്കിയാണ്‌ മുജാഹിദ് സങ്കല്‍പ്പത്തിലുള്ള തൌഹീദ് രൂപപ്പെടുത്തിയിട്ടുള്ളത്?

* ഒരു രാഷ്ട്ര നിര്‍മ്മാണത്തിനായി പ്രവര്‍ത്തിക്കുന്നത് ദീനീ പ്രവര്‍ത്തനമാണെന്ന് താങ്കള്‍ സമ്മതിക്കുമോ?

* "കേരള നദവത്തുല്‍ മുജാഹിദീന്‍ ഒരു മത സംഘടനയാണ്, ആയതിനാല്‍ അതിന് വോട്ടുകള്‍ ഏകീകരിക്കാന്‍ പാടില്ല. വോട്ടുകള്‍ എകീകരിക്കുന്നതോടെ മത സംഘടനയും രാഷ്ട്രീയ സംഘടനയായി മാറും. രാഷ്ട്രീയ പാര്‍ട്ടി എന്നതിന്‍റെ നിര്‍വചനങ്ങളിലോന്ന് വോട്ടുകള്‍ ഏകീകരിക്കുന്ന വിഭാഗം എന്നാണ്.
ഒരു മതസംഘടനാ നേതൃത്വം ഇന്ന പാര്‍ട്ടിക്ക്‌ വോട്ട് ചെയ്യുക എന്ന് പ്രഖ്യാപിക്കുകയും അനുയായികള്‍ അതപ്പടി അംഗീകരിക്കുകയും ചെയ്യുന്ന അവസ്ഥക്ക് പൌരോഹിത്യ വ്യവസ്ഥ എന്നാണ് പറയുക – മുജാഹിദ്‌ പ്രസ്ഥാനത്തിന്‍റെ വിഭാവനയിലില്ലാത്ത ഒന്നാണത്.
മറ്റൊന്ന് തൌഹീദിന്‍റെ പേരില്‍ കൂട്ടായ്മയുണ്ടാക്കിയവരുടെ ഭൌതിക കാര്യത്തിലുള്ള അഭിപ്രായ സ്വാതന്ത്ര്യത്തെ നേതൃത്വം വിലമതിക്കുന്നു എന്നതാണ്. വോട്ടുകള്‍ എകീകരിക്കാതെ, ഇസ്ലാമിന് വിരുദ്ധമല്ലാത്ത പാര്‍ട്ടികള്‍ക്ക് വോട്ട് നല്‍കാന്‍ അനുവാദം കൊടുക്കുന്നതിന്‍റെ അര്‍ഥം... ഇങ്ങനെ ആദര്‍ശാനുയായികളെ കുഞ്ഞാടുകളാക്കുന്നത് നല്ല നടപടിയായി മുജാഹിദ്‌ നേതൃത്വം കാണുന്നില്ല”
[വിചിന്തനം വാരിക, മാര്‍ച്ച് 6, 2009]

ഒരു രാഷ്ട്ര സ്ഥാപനത്തിന്നായി താങ്കള്‍ ഇറങ്ങിത്തിരിക്കുമ്പോള്‍, ഇത്തരം ഉദ്ധരണികളും അവയുടെ വക്താക്കളും താങ്കളെ വേട്ടയാടുമോ?
അവര്‍ താങ്കളെ മതരാഷ്ട്രാവാദിയാക്കുമോ?

Jamal Cheembayil ‎5. അല്ലാഹുവെ ഒഴിച്ച് മറ്റാരെയും ആധിപത്യത്തിന്റെ ഉമടസ്ഥനോ അധീശാധിപതിയോ ആയി കരുതാതിരിക്കുക; സ്വാധികാരപ്രകാരം കല്‍പിക്കാനും നിരോധിക്കാനും അര്‍ഹരായി മറ്റാരെയും അംഗീകരിക്കാതിരിക്കുക; മറ്റാരെയും സ്വതന്ത്ര നിയമനിര്‍മാതാവും 'ശാരിഉം' ആയി സ്വീകരിക്കാതിരിക്കുക; ഏക അല്ലാഹുവിനുള്ളതോ അവന്റെ നിയമത്തിനു വിധേയമായതോ അല്ലാത്ത ഏതുവിധ അനുസരണങ്ങളും ശരിയെന്ന് അംഗീകരിക്കാതിരിക്കുക. കാരണം, തന്റെ രാജ്യത്തിന്റെ ന്യായമായ ഏക ഉടമസ്ഥനും സൃഷ്ടികളുടെ ന്യായമായ ഏക വിധികര്‍ത്താവും അല്ലാഹു മാത്രമാകുന്നു. ഉടമസ്ഥതക്കും വിധികര്‍ത്തൃത്വത്തിനുമുള്ള അവകാശം വാസ്തവത്തില്‍ അവന്നല്ലാതെ മറ്റാര്‍ക്കുമില്ല # # # ആലിക്കോയ സാഹിബ് , ഈ വിഷയത്തില്‍ എനിക്കുദിക്കുന്ന ചില സംശയങ്ങള്‍ ഇതാണ്. ഒരു ഇന്ത്യന്‍ പൌരന്‍ എന്നനിലക്ക് ഇന്ത്യന്‍ നിയമ സംഹിത എന്തായാലും നാം നിരുപാധികം അന്ഗീകരിക്കെണ്ടാതാണല്ലോ, ഇവിടത്തെ നിയമ നിര്‍മ്മാണ കോടതികളെയും, അവിടത്തെ വിധികളെയും ഏതു നിലക്കാണ് ജമാഅതുകാര്‍ സ്വീകരിക്കുന്നത്?. ഒന്ന് മുതല്‍ നാല് വരെയുള്ളതില്‍ ഉയര്‍ന്ന ചോദ്യങ്ങല്ല്ക് ഉത്തരം എന്തായിരിക്കും എന്ന് ഞാന്‍ സ്വയം കണ്ടെത്തുന്നു. ഗൌരവമുള്ളതല്ല ആ സംശയങ്ങള്‍. ഇതിനു മറുപടി തരിക.

Ali Koya ഇസ്‌ലാമിന്റെ തൌഹീദിന്റെ വിശാലത എത്ര മാത്രമുണ്ടെന്ന് തീരുമാനിക്കുന്നത് നാം ജീവിക്കുന്ന രാജ്യത്തെ നിയമം നോക്കിയിട്ടല്ലല്ലോ. 'അല്ലാഹുവല്ലാതെ മറ്റാരെയും ആരാധിക്കാന്‍ പാടില്ലെന്ന' വസ്തുത ഒരു രാജ്യത്ത് പുറത്ത് പറയാന്‍ അനുവാദമില്ലെന്ന് സങ്കല്‍പ്പിക്കുക. ആ രാജ്യത്ത് ജീവിക്കുന്ന മുസ്‌ലിംകള്‍ക്ക്, ഇസ്‌ലാമിന്റെ തൌഹീദില്‍ നിന്ന് ആ ഭാഗം ഒഴിവാക്കാന്‍ കഴിയുമോ? ഇല്ലല്ലോ.
അതേ പോലെ ഇന്ത്യാ രാജ്യത്ത് ജീവിക്കുമ്പോള്‍ -ഏത് രാജ്യത്ത് ജീവിക്കുമ്പോഴും- ആ രാജ്യത്തെ നിയമം അനുസരിക്കാന്‍ പൌരന്മാര്‍ നിര്‍ബന്ധിതരാകും. അത് സ്വാഭാവികമാണ്‌. ഇങ്ങനെ ഒരു നിര്‍ബന്ധിതാവസ്ഥയില്‍ വിശ്വാസികള്‍ എത്തിപ്പെടുന്നു എന്ന കാരണത്താല്‍ നമുക്ക് ചെരിപ്പിനൊപ്പിച്ച് കാല്‌ മുറിക്കന്‍ കഴിയുമോ?
അത്കൊണ്ട് ഇന്ത്യയില്‍ ജീവിക്കുന്ന മുസ്‌ലിമിന്ന് എത്രത്തോളം നടപ്പിലാക്കാന്‍ കഴിയുമെന്ന ഉപാധി മാറ്റിവച്ച് കൊണ്ട് ഇസ്‌ലാമിന്റെ തൌഹീദ് എന്താണെന്ന് സ്വതന്ത്രമായി അന്വേഷിക്കുകയാണ്‌ നാം ചെയ്യേണ്ടത്.

ജമാഅത്ത് ഭരണഘടനയിലെ, താങ്കള്‍ സംശയമുന്നയിച്ച ഭാഗം ഞാന്‍ ആറാക്കി വിഭജിച്ചിരിക്കുന്നു:

1. അല്ലാഹുവെ ഒഴിച്ച് മറ്റാരെയും ആധിപത്യത്തിന്റെ ഉമടസ്ഥനോ അധീശാധിപതിയോ ആയി കരുതാതിരിക്കുക;

2. സ്വാധികാരപ്രകാരം കല്‍പിക്കാനും നിരോധിക്കാനും അര്‍ഹരായി മറ്റാരെയും അംഗീകരിക്കാതിരിക്കുക;

3. മറ്റാരെയും സ്വതന്ത്ര നിയമനിര്‍മാതാവും 'ശാരിഉം' ആയി സ്വീകരിക്കാതിരിക്കുക;

4. ഏക അല്ലാഹുവിനുള്ളതോ അവന്റെ നിയമത്തിനു വിധേയമായതോ അല്ലാത്ത ഏതുവിധ അനുസരണങ്ങളും ശരിയെന്ന് അംഗീകരിക്കാതിരിക്കുക.

5. തന്റെ രാജ്യത്തിന്റെ ന്യായമായ ഏക ഉടമസ്ഥനും സൃഷ്ടികളുടെ ന്യായമായ ഏക വിധികര്‍ത്താവും അല്ലാഹു മാത്രമാകുന്നു.

6. ഉടമസ്ഥതക്കും വിധികര്‍ത്തൃത്വത്തിനുമുള്ള അവകാശം വാസ്തവത്തില്‍ അവന്നല്ലാതെ മറ്റാര്‍ക്കുമില്ല.

* ഈ ആറ്‌ പോയന്റുകളില്‍ ഏതിനോടാണ്‌ താത്വികമായി താങ്കള്‍ക്ക് വിയോജിപ്പുള്ളതെന്ന് പറഞ്ഞാല്‍ അതിനെക്കുറിച്ച് നമുക്ക് ചര്‍ച്ചയാവാം.

* ഈ പറഞ്ഞ ആറ്‌ കാര്യങ്ങള്‍ക്ക് ഖുര്‍ആനിന്റെയും ഹദീസിന്റെയും പിന്തുണയുണ്ടെന്നതില്‍ താങ്കള്‍ക്ക് സംശയമുണ്ടോ? ഉണ്ടെങ്കില്‍ അതിനെക്കുറിച്ചും നമുക്ക് ചര്‍ച്ചയാവാം.

* ആദ്യം തത്വം; പിന്നെ പ്രായോഗിക വശം. അതാണ്‌ ചര്‍ച്ചയുടെ രീതി. അല്ലാതെ പ്രായോഗിക രംഗത്ത് പ്രയാസമോ തടസ്സമോ ഉണ്ടെന്ന കാരണത്താല്‍ തത്വം മാറ്റാന്‍ നമുക്ക് കഴിയില്ല. ഇത് താങ്കളും സമ്മതിക്കുമല്ലോ.

* 'ഏക അല്ലാഹുവിനുള്ളതോ അവന്റെ നിയമത്തിനു വിധേയമായതോ അല്ലാത്ത ഒന്നിനെയും അനുസരിക്കരുത്' എന്നല്ല പറഞ്ഞത്. മറിച്ച് 'അത്തരം അനുസരണങ്ങള്‍ ശരിയെന്ന് അംഗീകരിക്കരുത്' എന്നാണ്‌. ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം ശ്രദ്ധിക്കുമല്ലോ.

Jamal Cheembayil
## താന്കള്‍ ഒരു തുറന്ന അഭ്പ്രായം പറയുന്നില്ല എന്നത് മനസ്സിലാക്കാന്‍ പ്രയാസം നേരിടുന്നു. ഞാന്‍ മനസ്സിലാക്കിയത് വെച്ച് ., നിലവിലുള്ള ഇന്ത്യന്‍ നിയമ വ്യവസ്ഥിതിയെ ദൈവീകമെന്നു കരുതാതെ അനുസരിക്കാം. അതാണ്‌ താന്കള്‍ പറയുന്നതിന്റെ ചുരുക്കം?

* ആവര്‍ത്തനങ്ങളും, വാചക ബാഹുല്യവും നമുക്ക്‌ ഒഴിവാക്കി ചര്‍ച്ച എളുപ്പമാക്കാം. പ്രായോഗിക മേഖലയെ കുറിച്ചാണ് ചോദ്യം. അത് വിശദീകരിക്കുക.

Ali Koya: ഇന്ത്യനവസ്ഥ മുമ്പില്‍ വച്ച് ജമാഅത്തിനെ പ്രതിരോധിക്കാന്‍ വേണ്ടി മുജാഹിദുകള്‍ പ്രയോഗിക്കുന്ന പതിവ് തന്ത്രം മാത്രമാണിത്. വിഷയ പഠനത്തിനോ ചര്‍ച്ചയ്ക്കോ പ്രയോജനപ്പെടുന്ന രീതിയല്ല. മറിച്ച് പൊതു യോഗങ്ങളില്‍ ജമാഅത്തിനെതിരെ ഉപയോഗിക്കാവുന്ന സൌകര്യ പ്രദമായ ഒരു തന്ത്രം മാത്രമാണ്‌.

ഇനി ചോദിക്കട്ടെ:

* നിലവിലുള്ള വ്യവസ്ഥയാണോ താങ്കള്‍ക്ക് മുഖ്യമായ കാര്യം?

* അല്ലെങ്കില്‍ ഇസ്‌ലാമിന്റെ തൌഹീദോ?

* നിലവിലുള്ള വ്യവസ്ഥയുമായി പൊരുത്തപ്പെടുന്നേടത്തോളം വിശാലത മാത്രമേ ഇസ്‌ലാമിന്റെ തൌഹീദിന്ന് വകവച്ച് കൊടുക്കുകയുള്ളൂ എന്ന് താങ്കള്‍ തീരുമാനിച്ചിട്ടുണ്ടോ?

ഞാന്‍ പറഞ്ഞതിതാണ്‌:

* ഇസ്‌ലാമിന്റെ തൌഹീദിന്റെ വിശാലത എത്രത്തോളമെന്നത് ആദ്യം മനസ്സിലാക്കാം.

* ഇന്ത്യയില്‍ എന്ത്, എങ്ങനെ എന്നത് അതിന്ന് ശേഷം ചര്‍ച്ച ചെയ്യാം.

* ജമാഅത്ത് പറയുന്നയത്രയും വിശാലത യഥാര്‍ത്ഥത്തില്‍ ഇസ്‌ലാമിന്റെ തൌഹീദിന്നില്ലെങ്കില്‍, രണ്ടാം വശത്തെക്കുറിച്ച് ചര്‍ച്ച വേണ്ടി വരുകയില്ല.

ജമാഅത്ത് ഭരണഘടനയില്‍ നിന്ന് ഉദ്ധരിച്ച ഈ ആറ്‌ കാര്യങ്ങള്‍ ഇസ്‌ലാമിന്റെ തൌഹീദില്‍ പെടുമോ എന്നാണ്‌ ആദ്യം തീരുമാനിക്കേണ്ടത്. താങ്കളുടെ അഭിപ്രായം ക്ഷണിക്കുന്നു.

ആദര്‍ശം: ഇസ്‌ലാമിന്റെ തൌഹീദിന്റെ പരിധിയെക്കുറിച്ചുള്ള ചര്‍ച്ച ആദര്‍ശത്തിന്റെ ഭാഗമാണ്‌. ഏതെങ്കിലും പ്രദേശവുമായി ബന്ധപ്പെടുത്തിയല്ല ഇത് തീരുമാനിക്കുന്നത്. ആഗോളാടിസ്ഥാനത്തില്‍ ഇത് ഒന്നായിരിക്കും. അറേബ്യയ്ക്കും ഇന്ത്യയ്ക്കും വേറെ വേറെ തൌഹീദുകള്‍ ഉണ്ടായിരിക്കുകയില്ല.

നയം: ഇന്ത്യയില്‍ എന്ത്, എങ്ങനെ എന്നത് നയത്തിന്റെ ഭാഗമാണ്‌. ഇസ്‌ലാമിന്റെ ആദര്‍ശം മുറുകെപ്പിടിച്ചു കൊണ്ട് അറേബ്യയില്‍ പ്രവര്‍ത്തിക്കുന്നതും ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതും ഒരു പോലെയാവില്ല. അത് സാഹചര്യങ്ങള്‍ പരിഗണിച്ച് ചെയ്യേണ്ട കാര്യമാണ്‌. അഥവാ ഇന്ത്യയിലും അറേബ്യയിലും രണ്ട് നയം നമുക്ക് സ്വീകരിക്കേണ്ടി വരും. എന്നു വച്ച് ഇന്ത്യനവസ്ഥക്ക് പാകമാകും വിധം ഇസ്‌ലാമിന്റെ ആദര്‍ശത്തെ ചെറുതാക്കാന്‍ നമുക്ക് കഴിയുകയുമില്ല.

Jamal Cheembayil ബഹുമാന്യനായ ആലിക്കോയ സാഹിബിനോട് എനിക്ക് പറയാനുള്ളത്‌., നേരിട്ട് ഒരു മറുപടി കൊടുക്കുന്ന രീതി താങ്കള്‍ സ്വീകരിക്കണം എന്നാണു. നേരിട്ട് അല്ലെങ്കിലും മറുപടിയിലെക്ക് വരുന്നു എന്ന് കാണുന്നതില്‍ സന്തോഷമുണ്ട്. അഹങ്കാരത്തിന്‍റെ ധ്വനി ഇല്ലാതെ തന്നെ ഞാന്‍ പറയട്ടെ., തൌഹീദിനെ കുറിച്ചു ഒരു മുജാഹിദിനെ പറഞ്ഞു പഠിപ്പിക്കേണ്ടതില്ല.അതിന്റെ വിശാലതയും, അതിരുകളും ഇവിടെ തര്‍ക്കമല്ല.- താങ്കളില്‍ നിന്ന്.,-->നയം: ഇന്ത്യയില്‍ എന്ത്, എങ്ങനെ എന്നത് നയത്തിന്റെ ഭാഗമാണ്‌. ഇസ്‌ലാമിന്റെ ആദര്‍ശം മുറുകെപ്പിടിച്ചു കൊണ്ട് അറേബ്യയില്‍ പ്രവര്‍ത്തിക്കുന്നതും ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതും ഒരു പോലെയാവില്ല. അത് സാഹചര്യങ്ങള്‍ പരിഗണിച്ച് ചെയ്യേണ്ട കാര്യമാണ്‌. അഥവാ ഇന്ത്യയിലും അറേബ്യയിലും രണ്ട് നയം നമുക്ക് സ്വീകരിക്കേണ്ടി വരും.<-- ഞാന്‍ ചോദിക്കുന്നതും ഈയൊരു സ്ഥിരീകരണം തന്നെയാണ്. അതായത്‌ മുജാഹിദ്‌ പ്രസ്ഥാനം പണ്ട് മുതല്‍ സ്വീകരിച്ചു വരുന്ന നിലപാട്‌ ശരിയാണ് എന്നതിലേക്ക് ആണ് താങ്കളുടെ മറുപടി വിരല്‍ ചൂണ്ടുന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ജമാഅതുകാര്‍ക്ക് ഈയൊരു തിരിച്ചറിവ്‌ ഇല്ലാതെ പോയി എന്നതല്ലേ സത്യം?. സാങ്കേതിക ശബ്ദങ്ങള്‍ ഉപയോഗിച്ചില്ല എന്നതാണോ മുജാഹിദ്‌ പ്രസ്ഥാനത്തിന് മേല്‍ നിങ്ങള്‍ കാണുന്ന തെറ്റ്? . # വായനാ സൗകര്യം മാനിച്ചു അനാവശ്യ വിശദീകരണങ്ങള്‍ ഒഴിവാക്കി മറുപടിയിലെക്ക് താങ്കളുടെ ശ്രദ്ധ ക്ഷണിക്കുന്നു.#

Ali Koya നേര്‍ക്ക് നേരെ തന്നെയാണ്‌ മറുപടി നല്‍കുന്നത്.

ഞാന്‍ പറഞ്ഞതിന്റെ ചുരുക്കമിതാണ്‌:

മേല്‍ഭാഗത്ത് എണ്ണിപ്പറഞ്ഞ ആറ്‌ കാര്യങ്ങള്‍ ഇസ്‌ലാമിന്റെ തൌഹീദിന്റെ ഭാഗമാണോ അല്ലേ എന്നാണ്‌ ആദ്യം തീരുമാനിക്കേണ്ടത്. യഥാര്‍ത്ഥത്തില്‍ അവ തൌഹീദിന്റെ ഭാഗമല്ലെങ്കില്‍ താങ്കളോടൊപ്പം ജമാഅത്തിനെ നിരാകരിക്കുന്നവരുടെ കൂട്ടത്തില്‍ ഞാനുമുണ്ടായിരിക്കും.

തൌഹീദ് എന്താണെന്ന് സ്ഥലകാല നിരപേക്ഷമായി മനസ്സിലാക്കണം. ആ തൌഹീദ് ഇന്ത്യയില്‍ എത്രത്തോളം നടപ്പിലാകാമെന്നത് വേറെ ആലോചിക്കണം. അവിടെയാണ്‌ ആദര്‍ശവും നയവും തമ്മില്‍ വേര്‍ പിരിയുന്നത്.

Jamal Cheembayil താന്കള്‍ എണ്ണിപ്പറഞ്ഞ ആറു കാര്യങ്ങളിലും വിയോജിപ്പ്‌ ഇല്ല. പക്ഷെ അതില്‍ ഉണ്ടായിരുന്ന സംശയം ആണ് താങ്കള്‍ നയം: ... എന്ന് പറഞ്ഞു വിശദീകരിച്ചത്‌. അതില്‍ നിന്നാണ് ഞാന്‍ താങ്കളില്‍ നിന്ന് മറ്റൊരു സ്ഥിരീകരണം ആഗ്രഹിക്കുന്നത്. ഞാന്‍ അത് വീണ്ടും പേസ്റ്റ്‌ ചെയ്തു നീളം വര്‍ദ്ധിപ്പിക്കുന്നില്ല. താങ്കളത് വായിച്ചു നോക്കുക. എന്ത് വിശദീകരണമാണ് താങ്കleനിക്ക് തരിക എന്നറിയാന്‍ താല്പര്യമുണ്ട്.

Ali Koya ആറ്‌ കാര്യങ്ങളോട് താങ്കള്‍ക്ക് യോജിപ്പാണെന്നറിഞ്ഞതില്‍ സന്തോഷമുണ്ട്.
ഒരു കാര്യം കൂടി താങ്കള്‍ പറയേണ്ടതുണ്ട്. അതും ആദര്‍ശത്തെക്കുറിച്ച് തന്നെയാണ്‌. ആദര്‍ശം തീരുമാനിച്ചു കഴിഞ്ഞതിന്ന് ശേഷമേ നയത്തെക്കുറിച്ച് ആലോചിക്കേണ്ടതുള്ളു. ലാ ഇലാഹ ഇല്ലല്ലാഹുവിന്റെ വിശദീകരണമായി ജമാഅത്ത് ഭരണഘടനയില്‍ പറഞ്ഞ മറ്റ് പോയന്റുകളോടുള്ള താങ്കളുടെ വീക്ഷണം കൂടി വ്യക്തമാക്കിയാല്‍ നന്നായിരിക്കും.

Jamal Cheembayil ആലിക്കോയ സാഹിബേ , ഞാന്‍ താങ്കളുടെ അടുത്തു ജമാഅതെ ഇസ്ലാമിയില്‍ മെമ്പര്‍ ഷിപ്‌ ചോദിച്ചു വന്നതല്ല. ഞാന്‍ ചില ചോദ്യങ്ങള്‍ ചോദിച്ചു. അതിനു താങ്കള്‍ മറുപടി തരിക. അല്ലാതെ ശരി ഇനി ഇത് പറയു, ഓകെ ഇനി അടുത്തത്‌ പറയൂ, യസ് ഇപ്പൊ ശരി ആയി ഇനി അടുത്തതു പറയൂ എന്നൊക്കെ പറഞ്ഞു നീട്ടി ക്കൊണ്ട് പോകല്ലേ. ഒരു മുന്‍ഗണനാ ക്രമം പാലിക്കുക. അതല്ലേ ചര്‍ച്ചയുടെ മര്യാദ?

Shahjahan T Abbas ആലിക്കോയ യുടെ സ്വഭാവം കാണുമ്പോള്‍ അദ്ദേഹം ഒരു ക്വിസ് മസ്റെരും മുജാഹിദുകള്‍ ഉത്തരം പറയുന്നവരും ജമാതുകള്‍ സന്ഖടകരുമാനെന്നു തോന്നും. ക്വിസ് മാസ്റെരോട് ചോദ്യങ്ങള്‍ ചോദിക്കരുത് പ്രിയമുള്ളവരേ. അതും കൂടി നിങ്ങള്‍ക്കറിയില്ല എന്നുണ്ടോ?

Ali Koya To Jamal Cheembayil & Shahjahan T Abbas
എന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ നിങ്ങള്‍ക്ക് പ്രയാസമുണ്ടെന്ന് മനസ്സിലായി. അപ്പോള്‍ പിന്നെ ഒഴിഞ്ഞു മാറണമല്ലോ. അതിന്ന് ഇപ്പോള്‍ സ്വീകരിച്ച ഒരടവ് മാത്രമാണ്‌ മേല്‍ കണ്ട രണ്ട് കമന്റുകള്‍. ചോദ്യം ചോദിക്കാനുള്ള ജന്മാവകാശം മുജാഹിദുകള്‍ക്കാണല്ലോ; അല്ലേ? ഒരു ചോദ്യം ചോദുക്കുക; അതിന്ന് ഉത്തരം പറഞ്ഞ് തീരും മുമ്പ് രണ്ടാമത്തെ ചോദ്യം... അങ്ങനെ അനന്തമായ ചോദ്യങ്ങളുടെ പരമ്പര മാത്രം പഠിപ്പിക്കപ്പെട്ടവര്‍ക്ക് മറ്റുള്ളവരുടെ ചോദ്യങ്ങള്‍ നേരിടാന്‍ പ്രാപ്തി കാണുകയില്ലെന്നറിയാം.

ജമാഅത്ത് പറയുന്ന തൌഹീദ് ശരിയാണോ എന്നാണ്‌ ആദ്യം തീരുമാനിക്കേണ്ടത്. ചര്‍ച്ചക്ക് നിങ്ങളൊരുക്കമല്ലെങ്കില്‍ എനിക്കൊന്നും പറയാനില്ല.

Shahjahan T Abbas മുജാഹിദുകള്‍ ചോദിച്ച എല്ലാ ചോദ്യങ്ങള് ഉത്തരമില്ലാതെ മരവിച്ചു കിടക്കുകയാണ്. അതിന്നിടയിലാണോ നിങ്ങളുടെ ഈ കൊച്ചു പരിഭവം. നിങ്ങള്‍ അങ്ങിനെ ചോദ്യം ചോദിക്കേണ്ട. ഞങ്ങളുടെ ചോദ്യങ്ങള്‍ അനുഭാവ പൂര്‍വ്വം പരിഗണിച്ചാല്‍ നിങ്ങളുടെ ചോദ്യങ്ങള്‍ക്കും മറുപടി തരും. ഇന്ഷ അല്ലാഹ്.

Ali koya: എന്റെ ചോദ്യമിതാണ്‌: ജമാഅത്ത് ഭരണഘടന വിശദീകരിച്ച തൌഹീദ് ശരിയായ തൌഹീദാണെന്ന് നിങ്ങള്‍ അംഗീകരിക്കുന്നുണ്ടോ?

ഒളിച്ചോടരുത്; ഉത്തരം പറയണം. ഇതിന്ന് ഉത്തരം പറയാതിരുന്നാല്‍ ജമാഅത്തിന്റെ ഭാഗം ശരിയോ തെറ്റോ എന്ന് വിശകലനം നടത്തുന്നതെങ്ങനെ?

ജമാഅത്തിന്റെ ആദര്‍ശം -അഖീദ- തെറ്റാണെന്ന് തെളിഞ്ഞാല്‍ അതിന്നര്‍ത്ഥം അതിന്റെ നയവും തെറ്റാണെന്നാണ്‌. പിന്നെ നയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ല.
ആദര്‍ശം ശരിയാണെന്നത് കൊണ്ട് മാത്രം നയം ശരിയായിക്കൊള്ളണമെന്നില്ല. ആദര്‍ശം ശരിയാണെങ്കിലേ നയത്തെക്കുറിച്ച് ചര്‍ച്ച ആവശ്യമുള്ളു എന്ന് മാത്രം.

എന്റെ ഭാഗം ഞന്‍ വിശദീകരിച്ചു കഴിഞ്ഞു. ജമാഅത്തിന്റെ തൌഹീദ് എന്താണെന്ന് വിശദീകരിച്ചു കഴിഞ്ഞാല്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിന്നുള്ള ആഹ്വാനം സ്വീകരിക്കാമെന്ന് ജമാല്‍ സാഹിബ് നേരത്തെ പറഞ്ഞിരുന്നു. സഹകരിക്കുവാന്‍ ഞാനദ്ദേഹത്തെ സ്വാഗതം ചെയ്യുന്നു.
എന്റെ വാദങ്ങളുടെ ആധികാരികത ഞാന്‍ ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട്. അതേ പോലെ ജമാല്‍ സാഹിബ് പറയുന്ന കാര്യങ്ങള്‍ക്ക് മുജാഹിദ് പ്രസ്ഥാനത്തിന്റെ പിന്തുണയുണ്ടെങ്കില്‍ അത് അദ്ദേഹം തെളിയിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് 'ജമാഅത്ത് ഭരണഘടനയില്‍ പറഞ്ഞ തൌഹീദ് ശരിയാണെന്ന് മുജാഹിദുകള്‍ അംഗീകരിക്കുന്നു' എന്ന പ്രസ്താവന.

താങ്കളുടെ പ്രസ്താവനക്ക് മുജാഹിദ് പ്രസ്ഥാനത്തിന്റെ പിന്‍തുണയുണ്ടെന്ന് ആദ്യം തെളിയിക്കുക. ബാക്കി പിന്നിടാകാം.

Jamal Cheembayil സത്യത്തില്‍ ഞാന്‍ ഒന്ന് ഭയന്ന് പോയി, അത് അന്ഗീകരിക്കുക വഴി വല്ല അബദ്ധവും ചെയ്തോ എന്ന്. അത് ഇസ്ലാമിന്റെ തൌഹീദുമായി സാമ്യം ഉള്ളത് കൊണ്ടാണ് അതില്‍ വിയോജിപ്പില്ല എന്ന് ഞാന്‍ സമ്മതിച്ചത്. സമസ്തക്കാരുടെ അസുഖം നിങ്ങള്‍ക്കും തുടങ്ങിയോ ആലിക്കോയ സാഹിബേ?. നിങ്ങളെന്നെ ഒരിക്കല്‍ യുക്തിവാദി ആക്കിയതാണ്. ഇനി മുശ് രിക്ക് ആക്കാനുള്ള തയ്യാരെടുപ്പിലാണോ? എനിക്ക് ഖുര്‍ആനും ഹദീസും ആണ് ഒന്നും രണ്ടും പ്രമാണങ്ങള്‍. ഞങ്ങളുടെ ഖുര്‍ആനും , ഹദീസും ജമാല്‍ അംഗീകരിച്ചു എന്ന് പറഞ്ഞു നിങ്ങള്‍ വീമ്പ്‌ പറയുമോ? എന്താണ് ആലിക്കോയ സാഹിബേ ഇത്? ഉത്തരം ഇല്ലെങ്കില്‍ മൌനവും ഭൂഷണം തന്നേ ആണ്. പക്ഷെ വിഡ്ഢിത്തങ്ങള്‍ പറയല്‍ ഒഴിവാക്കിക്കൂടെ? . താങ്കളില്‍ നിന്ന് പക്വമായ മറുപടി പ്രതീക്ഷിക്കുന്നു. എനിക്കറിയാം., മറുപടി ഇല്ലാത്തതല്ല നിങ്ങളുടെ വിഷയം . സത്യം അന്ഗീകരിക്കേണ്ടി വരും എന്ന ജാള്യത ആണ് താങ്കളെ അങ്കലാപ്പിലാക്കുന്നത്. പക്ഷെ അത് വൈകും തോറും നിങ്ങളെ സത്യം വേട്ടയാടിക്കൊണ്ടിരിക്കും.

* ഇതിങ്ങന ഒരു ചോദ്യമായി താങ്കളെ തുറിച്ചു നോക്കുന്നത് കാണുമ്പോള്‍ അസ്വസ്ഥത അനുഭവപ്പെടുന്നുണ്ട് അല്ലെ ആലിക്കോയ സാഹിബേ? തുടക്കം മുതല്‍ ഇതുവരെ നമ്മള്‍ ചര്‍ച്ച നടത്തിയത് മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ ഔദ്യോഗിക സമ്മതപത്രം ഹാജരാക്കിക്കൊണ്ടായിരുന്നുവോ? . എങ്ങനെയെങ്കിലും തടിയൂരാന്‍ ഒരു മാര്‍ഗ്ഗം അന്വേഷിക്കവേ ആരെങ്കിലും താങ്കളെ ഉപദേശിച്ചതാണോ ഈയൊരു മാര്‍ഗ്ഗം സ്വീകരിക്കാന്‍?. കുഴപ്പമില്ല. ഞാന്‍ താങ്കളെ ഒഴിവാക്കിത്തന്നിരിക്കുന്നു. താന്കള്‍ ഇനിയിതിനു മറുപടി തരണമെന്നില്ല. ഇനി ഇവരുമായി ചര്‍ച്ചക്ക് തയ്യാറാവുന്ന മുജാഹിദുകള്‍ ഇങ്ങനെ ഒരു ട്രാപ് ശ്രദ്ധിച്ചാല്‍ മതി.

Ali Koya: ഞാന്‍ പറയുന്ന കാര്യങ്ങള്‍ക്ക് ജമാഅത്തിന്റെ ഭാഗത്ത് നിന്നുള്ള ആധികാരികത ഞാന്‍ ബോദ്ധ്യപ്പെടുത്താം. അങ്ങനെ ചെയ്യുമ്പോള്‍ മാത്രമേ ഞാനുന്നയിക്കുന്ന വാദം ജമാഅത്തിന്റെ വാദമാവുകയുള്ളു.

അതേപോലെ താങ്കള്‍ പറയുന്ന കാര്യങ്ങള്‍ക്ക് താങ്കളുടെ പ്രസ്ഥാനത്തിന്റെ ആധികാരികത ബോദ്ധ്യപ്പെടുത്തണം. അല്ലാതെ വെറുതെ ചറ പറ സംസാരിച്ചിട്ട് ഒരു പ്രയോജനവുമില്ല.

എന്റെ ചോദ്യത്തിന്‌ ഉത്തരം പറയാന്‍ കഴിയാതെ കുഴയുന്ന താങ്കള്‍, ഞാന്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നു എന്ന് ആരോപിക്കുന്നത് കാണുമ്പോള്‍ എനിക്ക് ചിരി വരുന്നില്ല; പക്ഷെ, സഹതാപം തോന്നുന്നു.

* താങ്കളുന്നയിച്ച വാദങ്ങള്‍ക്ക് ഒരാധികാരികതയുമില്ലെന്ന കുറ്റസമ്മതമായി താങ്കളുടെ മേല്‍ കമന്റിനെ ഞാന്‍ കണക്കാക്കുന്നു.

* ജമാഅത്ത് മുമ്പോട്ട് വയ്ക്കുന്ന തൌഹീദിനെക്കുറിച്ച് ചര്‍ച്ച നടത്താനുള്ള ത്വാഖതില്ലാത്ത മുജാഹിദുകള്‍ നടത്തുന്ന ഒരു പതിവ് നാടകമുണ്ട്. തങ്കളും ആ നാടകം കളിക്കുകയാണിപ്പോള്‍. ജമാഅത്തിന്റെ ഭാഗത്ത് നിന്ന് പറയുന്ന തത്വങ്ങളൊക്കെ ഓഹ് അത് ഞമ്മക്കും സമ്മതം എന്ന് അഴകൊഴമ്പന്‍ വര്‍ത്തമാനം പറയും. എന്നാല്‍ പിന്നീട് ചര്‍ച്ചയിലേക്ക് കടക്കുമ്പോള്‍ ആകെക്കൂടി നിങ്ങള്‍ക്ക് പറയാനുണ്ടാവുക ആദ്യം ശിര്‍ക്കെന്ന് പറഞ്ഞില്ലേ? പിന്നെ ഹലാലാക്കിയില്ലേ? എന്ന് തുടങ്ങിയുള്ള ചില ചോദ്യങ്ങളുണ്ട്; പഠിപ്പിക്കപ്പെട്ടവ. അത് തലങ്ങും വിലങ്ങും ചോദിച്ച് ചര്‍ച്ച അലങ്കോലപ്പെടുത്താനല്ലാതെ മറ്റെന്താണ്‌ നിങ്ങള്‍ക്കറിയുക?
1950 മുതല്‍ 2011 വരെയുള്ള തെരഞ്ഞെടുപ്പുകളില്‍ ജമാഅത്ത് സ്വീകരിച്ച നയ നിലപാടുകള്‍ നമുക്ക് ചര്‍ച്ച ചെയ്യാം.

പക്ഷെ, അതിന്ന് മുമ്പ്
ഇതൊരു ദീനീ വിഷയമാണോ,
തൌഹീദിന്റെ ഭാഗമാണോ,
ഇജ്തിഹാദീ വിഷയമാണോ,
സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറ്റം വരാന്‍ പാടുണ്ടോ,
ഈ വിഷയത്തില്‍ ഇസ്‌ലാമിക നേതൃത്വത്തെ അനുസരിക്കാന്‍ ഒരു വിശ്വാസി ബാദ്ധ്യസ്ഥനാണോ
എന്നിത്യാതി കാര്യങ്ങളില്‍ ഒരു തീരുമാനത്തിലെത്താന്‍ നമുക്ക് കഴിയേണ്ടതുണ്ട്. അതിന്‌ ഉതകുന്ന ഒരു ചര്‍ച്ചയ്ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ വരൂ നമുക്ക് സംസാരിക്കാം

Sayoob Vadakke Chanat: ജമാല്‍ സാഹിബ്. അലികോയക്ക ഇങ്ങനെ ചോദിക്കാന്‍ കാരണം താങ്കള്‍ സമ്മതിച്ച പോലെ പൊതുവേ മുജാഹിദ് പ്രവര്‍ത്തകര്‍ സമ്മതിച്ചു തരാറില്ല എന്നതാവാം. അതിനാലാണ് ഇത് മുജാഹിദ് പ്രസ്ഥാനത്തിന്റെ തന്നെ വീക്ഷണം ആണോന്നു chodikkunnathu.

Ali Koya അതെ സയൂബ്, അതാണ്‌ കാരണം. പിന്നെ സമ്മതിക്കാറുണ്ട്. ഞാന്‍ കഴിഞ്ഞ കമന്റില്‍ സൂചിപ്പിച്ചത് പോലുള്ള ഒരു സമ്മതം.

അങ്ങനെ സമ്മതിച്ച ഒരാളുടെ കഥപറയാം:
പ്രദേശത്തെ ഒരു മുജാഹിദ് പ്രമുഖനുമായി, പള്ളിയിലിരുന്ന്, ഞാന്‍ സംസാരിക്കുകയായിരുന്നു. ജമാഅത്തിന്റെ ആദര്‍ശം, ലക്‌ഷ്യം, പ്രവര്‍ത്തന മാര്‍ഗ്ഗം ഇവയത്രയും വിശദീകരിച്ചു. ഓരോ പോയന്റും വിശദീകരിക്കുമ്പോള്‍ അദ്ദേഹത്തോട് അഭിപ്രായം ചോദിച്ചിരുന്നു. അപ്പോഴെല്ലാം, അദ്ദേഹത്തിന്‌ എല്ലാം സമ്മതം. ജമാഅത്ത് പറയുന്ന തൌഹീദ്, ഇഖാമതുദ്ദീന്‍ എന്ന ലക്‌ഷ്യം, അതിന്നായുള്ള പ്രവര്‍ത്തന മര്‍ഗ്ഗം എല്ലാം അദ്ദേഹത്തിന്‌ സമ്മതം. ഒരു മണിക്കൂറിലേറെ ഞാന്‍ സംസാരിക്കുകയും അദ്ദേഹം കേള്‍ക്കുകയും ചെയ്തു. അതിനിടയിലെല്ലാം അഭിപ്രായം പറയാന്‍ അദ്ദേഹത്തോട് ഞാനാവശ്യപ്പെട്ടെങ്കിലും, അദ്ദേഹം എല്ലാം സമ്മതിക്കുകയല്ലാതെ മറ്റൊന്നും ചെയ്തില്ല. 'ഇതിലൊക്കെ ആര്‍ക്കാണ്‌ തര്‍ക്കമുള്ളത്' എന്ന മറുചോദ്യമായിരുന്നു പലപ്പോഴും അദ്ദേഹത്തിന്റെ മറുപടി.
അവസാനം ഞാന്‍ പറഞ്ഞു: ഞാന്‍ ഇവിടെ നിറുത്തുന്നു; ഇനി നിങ്ങള്‍ എന്തെങ്കിലും പറയണം.
അദ്ദേഹം പറഞ്ഞു: നമ്മുക്കൊന്ന് പുറത്തിറങ്ങാം.
ഞാനതിനോട് താല്‍പ്പര്യം കാണിച്ചില്ല.
അദ്ദേഹം പിന്നെയും നിര്‍ബന്ധിച്ചു. ഒരു വല്ലാത്ത നിര്‍ബന്ധം.
നിര്‍ബന്ധത്തിന്റെ കാരണം പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍ മറൂപടി ഇതായിരുന്നു: നമുക്ക് അങ്ങാടിയില്‍ പോയിരുന്ന് സംസാരിക്കാം എന്ന് കരുതിയിട്ടാണ്‌.
ഞാന്‍: നമുക്ക് സ്വസ്ഥമായിരുന്ന് സംസാരിക്കാന്‍ നല്ലത് ഇവിടെയല്ലേ? അങ്ങാടിയല്ലല്ലോ.
അദ്ദേഹം: ഇത്രയും നേരം നിങ്ങള്‍ സംസാരിച്ചില്ലേ? അതെല്ലാം ഞാന്‍ കേള്‍ക്കൂകയും ചെയ്തില്ലേ? പിന്നെ എന്നോട് സംസാരിക്കാന്‍ നിങ്ങള്‍ ആവശ്യപ്പെടുകയും ചെയ്തല്ലോ.
ഞാന്‍: അതെ. നിങ്ങള്‍ സംസാരിക്കണം. എന്ന് ഞാനിപ്പോള്‍ ആവശ്യപ്പെടുകയല്ല; നേരത്തേ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നല്ലോ.
അദ്ദേഹം: എനിക്ക് ചിലത് പറയാനുണ്ട്. അത് അങ്ങാടിയിലുള്ള നാലാളുകള്‍ കൂടീ കേള്‍ക്കട്ടെ എന്ന് കരുതിയാണ്‌ അങ്ങോട്ട് പോകാമെന്ന് പറഞ്ഞത്.

ഞാന്‍: ഞാന്‍ പറഞ്ഞതിന്ന് മറുപടിയായി താങ്കള്‍ക്ക് ചീലത് പറയാനുണ്ടെന്നര്‍ഥം. അത് ഞാന്‍ മാത്രം കേട്ടാല്‍ പോരാ നാട്ടുകാര്‍ നാലു പേര്‌ കൂടി കേള്‍ക്കണമെന്നും.
അദ്ദേഹം: അതെ.
ഞാന്‍: കൊള്ളാം. നല്ല ഐഡിയ. എന്നാല്‍ ഞാന്‍ പറഞ്ഞതും ആളുകള്‍ കേള്‍ക്കേണ്ടിയിരുന്നില്ലേ? അപ്പോഴല്ലേ നിങ്ങള്‍ പറയുന്നത് എന്തിന്റെ മറുപടിയാണെന്ന് അവര്‍ക്ക് മനസ്സിലാവുകയുള്ളു.
അദ്ദേഹം: നിങ്ങള്‍ താത്വികമായ കര്യങ്ങളല്ലേ സംസാരിച്ചത്? അതാര്‍ക്കെങ്കിലും കേട്ടാല്‍ മനസിലാകുമോ? എനിക്ക് അങ്ങാടിയില്‍ വച്ച്, നാലു പേര്‍ കേള്‍ക്കെ, നിങ്ങളോട് ചില ചോദ്യങ്ങള്‍ ചോദിക്കാനുണ്ട്.
ഞാന്‍: ചോദ്യം എത്ര വേണമെങ്കിലും ആവാം . ഞാന്‍ മറൂപടി പറയാം. അറീഞ്ഞു കൂടാത്ത കാര്യങ്ങളാണെങ്കില്‍ പിന്നീട് മറൂപടി നല്‍കുന്നതാണ്‌. പക്ഷെ, ഒരു കാര്യം എനിക്കങ്ങോട്ട് ചോദിക്കാനുണ്ട്: ജമാഅത്തിന്റെ ആദര്‍ശം, ലക്‌ഷ്യം, പ്രവര്‍ത്തന മാര്‍ഗ്ഗം ഇതൊക്കെ ഞാന്‍ വിശദീകരിച്ചപ്പോള്‍ എല്ലാം ശരിയാണെന്ന് നിങ്ങള്‍ സമ്മതിച്ചതല്ലേ? പിന്നെ, ഇപ്പോള്‍ ഏത് വിഷയത്തിലാണ്‌ നിങ്ങള്‍ക്ക് ചോദ്യം ചോദിക്കാനുള്ളത്?
അദ്ദേഹം: നിങ്ങള്‍ പറഞ്ഞത് താത്വികമായ കാര്യങ്ങളല്ലേ? അതൊക്കെ ആര്‌ ശ്രദ്ധിക്കുന്നു. നിങ്ങള്‍ ആദ്യം വോട്ട് ചെയ്തില്ല; പിന്നെ ചെയ്തു. ഹറാം ഹലാലാക്കിയില്ലേ? ഹലാല്‍ ഹറാമാക്കിയില്ലേ? നിങ്ങള്‍ പറഞ്ഞു തീര്‍ന്നിട്ട് വേണം ഇത് ചോദിക്കാനെന്ന് കരുതി കാത്തിരിക്കുകയായിരുന്നു ഞാന്‍.

ഇപ്പോള്‍ ജമാല്‍ ഈ കാത്തിരിപ്പിലാണ്‌. പക്ഷെ, ആ കാത്തിരിപ്പിത്തിര്‍ നീളും.....

* ഞാന്‍ പറഞ്ഞത് ജമാലിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി ഇല്ലെന്നല്ല. 2011 വരെയുള്ള സകല തെരഞ്ഞെടുപ്പുകളിലും ജമാഅത്ത് സ്വീകരിച്ച നയത്തിന്റെ ന്യായീകരണം എന്തെന്നത് നമുക്ക് ചര്‍ച്ച ചെയ്യാം. ഞാന്‍ രെഡിയാണ്‌. പക്ഷെ, ഇതൊരു ദീന്‍ കാര്യമാണെങ്കിലല്ലേ നാം ചര്‍ച്ച ചെയ്യേണ്ടതുള്ളൂ?

ജമാഅത്ത് പറയുന്നു: ഇത് ദീന്‍ കാര്യമാണെന്ന്.

മുജാഹിദ് പറയുന്നു: ഇത് ദീന്‍ കാര്യമല്ല; വെറും ദുന്‍യാ കാര്യമാണെന്ന്.

അപ്പോള്‍ ആദ്യം തീരുമാനമുണ്ടാകേണ്ടത്:
ഇതൊരു കേവല ദുന്‍യാ കാര്യമാണോ അതല്ല ദീന്‍ കാര്യമാണോ എന്ന തര്‍ക്കത്തിനാണ്‌.

അത് തീരുമാനമാകാതെ നമുക്കെങ്ങനെ ചര്‍ച്ച മുമ്പോട്ട് കൊണ്ട് പോകാന്‍ കഴിയും?

ഇതൊരു കേവല ദുന്‍യാ കാര്യമാണെങ്കില്‍ നമുക്ക് നമ്മുടെ യുക്തിയനുസരിച്ചോ മറ്റാരുടെയെങ്കിലും മാര്‍ഗ്ഗ ദര്‍ശനമനുസരിച്ചോ ഇതില്‍ തീരുമാനമെടുക്കാവുന്നതാണ്‌. (രാഷ്ട്രീയത്തില്‍ മുജാഹിദുകള്‍ ഇപ്പോള്‍ ചെയ്യുന്നത് പോലെ.)

എന്നാല്‍ ദീന്‍ കാര്യമാണെങ്കിലോ? ഖുര്‍ആനില്‍ നിന്നും സുന്നത്തില്‍ നിന്നുമുള്ള മാര്‍ഗ്ഗ ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ ഇസ്‌ലാമിക നേതൃത്വം ഇജ്തിഹദിലൂടെ ഈ വിഷയത്തില്‍ തീരുമാനം കണ്ടെത്തണം. (രാഷ്ട്രീയത്തില്‍ ജമാഅത്ത് ഇപ്പോള്‍ ചെയ്യുന്നത് പോലെ.)

അഥവാ ഞാനും ജമാലും തമ്മിലുള്ളത് അടിസ്ഥാനപരമായ, ഗുരുതരമായ അഭിപ്രായ വ്യത്യാസമാണ്‌. ഒരു വീട് നിര്‍മ്മിക്കുമ്പോള്‍ അതിന്റെ അടിത്തറയുടെ വലുപ്പത്തെക്കുറിച്ചാണ്‌ തര്‍ക്കം. ജമാല്‍ പറയുന്നു തറ ചെറുത് മതിയെന്ന്. ഞാന്‍ പറയുന്നു പറ്റില്ല; തറ നല്ല വലുപ്പം വേണമെന്ന്.

ഇനി ഇത് വായിക്കുന്നവര്‍ പറയട്ടെ: അടിത്തറയുടെ കാര്യത്തിലുള്ള തര്‍ക്കത്തിന്‌ തീരുമാനമാകാതെ, ഉണ്ടാകാന്‍ പോകുന്ന വീടിന്നടിക്കേണ്ട പെയ്ന്റിനെക്കുറിച്ച് തര്‍ക്കിക്കുന്നത് ബുദ്ധിയാണോ?

* ഒരു കാര്യം കൂടി പറയേണ്ടതുണ്ട്: സയൂബ് ചൂണ്ടിക്കാണിച്ചത് ശരിയാണ്‌.

അതായത് ജമാഅത്ത് ഭരണഘടനയില്‍ വിശദീകരിച്ച പ്രകാരം വിശാലമായ ഒരു തൌഹീദ് മുജാഹിദുകള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുകയില്ല. തൌഹീദിന്റെ പരിധിയില്‍ പെടാത്ത പലതും അതിന്റെ പരിധിയില്‍ പെടുത്തിയെന്നാണ്‌ ജമാഅത്തിനെതിരെ അവരുടെ മുഖ്യ ആരോപണം. ഈ ആരോപണം നില നില്‍ക്കുന്നു.

അതേ സമയം തൌഹീദിന്റെ പരിധിയില്‍ പെട്ട പലതും അതിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കുന്നു എന്നും, അതിനാല്‍ മുജാഹിദുകളുടെ തൌഹീദ് അപൂര്‍ണ്ണമാണ്‌ എന്നുമാണ്‌ മുജാഹിദുകളെക്കുറിച്ച് ജമാത്തിന്റെ ആരോപണം. ഇതും നിലനില്‍ക്കുന്നു.

എന്നിരിക്കെ, ജമാഅത്ത് ഭരണഘടനയില്‍ വിശദീകരിച്ച തൌഹീദ് 'മുജാഹിദുകള്‍‌' അംഗീകരിക്കുന്നു എന്ന് ജമാല്‍ പറഞ്ഞാല്‍ അത് വിശ്വാസയോഗ്യമല്ലെന്ന് എനിക്ക് പറയേണ്ടി വരും. അത് കൊണ്ടാണ്‌ തെളിവ് ചോദിച്ചത്. അഥാവാ മുജാഹിദുകള്‍ ഇന്നത് അംഗീകരിക്കുന്നു എന്ന് ജമാലിനെപ്പോലുള്ള ഒരു പുതു മുജാഹിദ് പറഞ്ഞാല്‍ പോരാ. മുജാഹിദ് നേതൃത്വത്തിന്റെ സ്ഥിരീകരണം അതിന്നുണ്ടായിരിക്കണം.

ഈ നിര്‍ദ്ദേശമംഗീകരിക്കാന്‍ ജമാലിന്ന് സാധിക്കാതിരിക്കാന്‍ ഒരു കാരണമേയുള്ളൂ: ജമാഅത്ത് ഭരണ ഘടന വിശദീകരിച്ച പോലെ വിശാലമായ ഒരു തൌഹീദ് മുജാഹിദുകള്‍ അംഗീകരിച്ചിട്ടില്ല.

Jamal Cheembayil എന്തെങ്കിലും സ്ഥിരത ഉള്ള ആദര്‍ശത്തിന്റെ ഉടമകള്‍ക്കെ അത് തുറന്നു പറയാനും അതെക്കുറിച്ച് ചര്‍ച്ച ചെയ്യാനും കഴിയൂ. താങ്കളും താങ്കളുടെ പാര്‍ട്ടിയും അതിനു ചേര്‍ന്നതല്ല. അത്യാവശ്യം സാമാന്യ ബോധം ഉള്ളവര്‍ക്ക് തിരിയുന്ന രീതിയില്‍ ഞാന്‍ താങ്കളുമായി സംവദിച്ചു കഴിഞ്ഞു. ഇനി ഉള്ളത് നിങ്ങള്‍ പറയാതെ മനസ്സിലാകുന്നു. കാപട്യമല്ലാതെ മറ്റൊന്നും ഇല്ല നിങ്ങളുടെ കയ്യില്‍. ഞാന്‍ താങ്കളെ ഒഴിവാക്കി. മഅസ്സലാമ.

Ali Koya ‎'ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കാട്ടുക' എന്ന് പറയുന്നത് താങ്കളുടെ ഈ ശൈലിയെ സംബന്ധിച്ചാണ്‌. 'എന്താണ്‌ ജമാഅത്തിന്റെ തൌഹീദ്' എന്ന താങ്കളുടെ ചോദ്യത്തിന്‌ ഉത്തരം നല്‍കുകയാണ്‌ യഥാര്‍ത്ഥത്തില്‍ ഞാന്‍ ചെയ്തിരുന്നത്. നാഴികക്ക് നാല്‍പ്പത് വട്ടം 'തൊഹീദ്, തൌഹീദ്' എന്ന് ഉരുവിടുന്നവര്‍ക്ക് തൌഹീദിനെപ്പറ്റി എന്തറിയാമെന്ന് ഈ സംഭാഷണം വ്യക്തമാക്കിയിരിക്കുന്നു. ജമാഅത്ത് ഭരണഘടനയില്‍ സംക്ഷിപ്തമായി വിശദീകരിച്ച തൌഹീദിനെക്കുറിച്ച് ഒരു ചര്‍ച്ച നടത്താനുള്ള കപ്പാസിറ്റി പോലുമില്ലാത്ത താങ്കളാണ്‌ ഇടക്ക് പോക്രിത്തരം പറഞ്ഞിരുന്നത്: 'മുജാഹിദുകളേ തൌഹീദ് പഠിപ്പിക്കരുതെ'ന്ന്. നിങ്ങളുടെ തൌഹീദ് നിങ്ങള്‍ സുന്നികളെ പഠിപ്പിച്ചാല്‍ മതി. തൌഹീദിന്റെ നിങ്ങള്‍ക്ക് മനസ്സിലായിട്ടില്ലാത്ത ഭാഗം പഠിക്കാന്‍ വേണ്ടി മാത്രമേ നിങ്ങള്‍ ജമാഅത്ത് പ്രവര്‍ത്തകരെ സമീപിക്കേണ്ടതുള്ളു. ആ തിരിച്ചറിവാണ്‌ താങ്കള്‍ക്കുണ്ടാകേണ്ടത്.

Sunday, April 10, 2011

മുനീറിനെതിരെ സുന്നി അഫ്കാര്‍

('മുനീറിനെ വിമര്‍ശിക്കുന്ന ലേഖനങ്ങള്‍; സുന്നി വാരികയുടെ പ്രസിദ്ധീകരണം മാറ്റി' എന്ന തലക്കെട്ടില്‍ 2011 ഏപ്രില്‍ 7 ന്റെ മാധ്യമത്തില്‍  വന്ന ഒരു റിപ്പോര്‍ട്ടാണ്‌ ചുവടെ. അതില്‍ പരാമര്‍ശിച്ച ലേഖനങ്ങള്‍  ഇവിടെ വായിക്കാം. )

കോഴിക്കോട്: എം.കെ. മുനീറിനെയും ഇന്ത്യാവിഷന്‍ ചാനലിനെയും വിമര്‍ശിക്കുന്ന ലേഖനങ്ങളുള്ളതിനാല്‍ സുന്നി വാരികയുടെ പ്രസിദ്ധീകരണം മാറ്റി. സുന്നി യുവജന സംഘത്തിന്റെ മുഖപത്രമായ 'സുന്നി അഫ്കാര്‍' വാരികയുടെ പുതിയ ലക്കത്തിന്റെ പ്രസിദ്ധീകരണമാണ് (പുസ്തകം ഒന്ന്, ലക്കം 31) ഉന്നത ഇടപെടലിനെ തുടര്‍ന്ന് മാറ്റിവെച്ചത്. മുസ്‌ലിംലീഗിന്റെയും സുന്നി യുവജന സംഘത്തിന്റെയും സംസ്ഥാന പ്രസിഡന്റായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ മാനേജിങ് ഡയറക്ടറായ വാരികയുടെ ചീഫ് എഡിറ്റര്‍ എസ്.വൈ.എസ് ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരാണ്.
സുന്നി അഫ്കാറിന്റെ പ്രസിദ്ധീകരിക്കാനിരിക്കുന്ന പതിപ്പില്‍ കവര്‍സ്‌റ്റോറി ഉള്‍പ്പെടെയുള്ള നാല് ലേഖനങ്ങള്‍, തന്നെയും ഇന്ത്യാവിഷനെയും വിമര്‍ശിക്കുന്നവയാണെന്ന് മുന്‍കൂട്ടി അറിഞ്ഞ എം.കെ. മുനീര്‍ ഹൈദരലി തങ്ങളുമായി നിരന്തരം ബന്ധപ്പെട്ടാണ് പ്രസിദ്ധീകരണം മാറ്റിവെപ്പിച്ചതെന്നറിയുന്നു. തന്നെ വിമര്‍ശിക്കുന്ന ലേഖനം വാരികയില്‍ വരുന്നത് തന്റെ രാഷ്ട്രീയ ഭാവിയെ ബാധിക്കുമെന്നാണത്രെ മുനീര്‍ തങ്ങളെ ബോധിപ്പിച്ചത്.
മുനീറിനെയും ചാനലിനെയും വിമര്‍ശിച്ചുകൊണ്ട് ചന്ദ്രിക പാലക്കാട് ബ്യൂറോ ചീഫ് എന്‍.എ.എം. ജാഫറിന്റെ 'ഇന്ത്യാവിഷന്‍ പൊള്ളയായ എഡിറ്റോറിയല്‍ വിപ്ലവം', സുന്നി അഫ്കാറിന്റെ മുന്‍ എഡിറ്ററായ ഷഫീഖ് വഴിപ്പാറയുടെ 'നമ്മുടെ സ്ഥാനാര്‍ഥികള്‍ എത്രത്തോളം നമ്മുടേതാണ്', ചന്ദ്രിക മുന്‍ അസോസിയേറ്റ് എഡിറ്റര്‍ കെ.പി. കുഞ്ഞിമ്മൂസയുടെ 'വാര്‍ത്ത വൈറസുകളുടെ പ്രചാരകന്മാര്‍' എന്നീ ലേഖനങ്ങളും ഇന്ത്യാവിഷന്‍ മുന്‍ എക്‌സിക്യൂട്ടിവ് എഡിറ്റര്‍ ഹസന്‍ ചേളാരിയുടെ 'സമുദായത്തിന്റെ താല്‍പര്യമാണ് പരിഗണിക്കേണ്ടിയിരുന്നത്' എന്ന പ്രത്യേക സ്‌റ്റോറിയുമാണ് പുതിയ ലക്കത്തില്‍ ഉണ്ടായിരുന്നത്.
ഹസന്‍ ചേളാരിയുടെ ലേഖനത്തില്‍ സംഘ്പരിവാറിന്റെ അജണ്ടകള്‍ക്ക് ശക്തിപകര്‍ന്ന ലൗ ജിഹാദ് കെട്ടുകഥ ആദ്യം കൊട്ടിയാടിയത് ഇന്ത്യാവിഷനാണെന്ന് സമര്‍ഥിക്കുന്നു. അതേപോലെ പ്രവാചകനെ നിന്ദിക്കുന്ന കൃതിയായ 'ഇസ്‌ലാമും സ്ത്രീകളും' (മൊറോക്കോ എഴുത്തുകാരി ഫാത്തിമ മെര്‍ണിസിന്റെ 'ദ വീല്‍ ആന്‍ഡ് ദ മെയില്‍ എലൈറ്റ്' എന്ന കൃതിയുടെ മലയാള പരിഭാഷ) എന്ന പുസ്തകം മുനീര്‍ ചെയര്‍മാനായ 'ഒലിവ് പബ്ലിക്കേഷന്‍' പുറത്തിറക്കിയതിനെയും ലേഖനം വിമര്‍ശിക്കുന്നുണ്ട്. കോഴിക്കോട്ടെ 'നിസ' എന്ന ഫെമിനിസ്റ്റ് സംഘടനക്കാണ് ഈ പുസ്തകം സമര്‍പ്പിച്ചത്. പുസ്തകം വിവാദമായപ്പോള്‍ തങ്ങളത് നേരത്തേ പിന്‍വലിച്ചതാണെന്ന് സര്‍ക്കുലേഷന്‍ മാനേജരുടെ പേരിലുള്ള പത്രക്കുറിപ്പല്ലാതെ, അതിന്റെ മുഖ്യ സാരഥ്യം വഹിക്കുന്ന ചെയര്‍മാന്‍ എം.കെ. മുനീര്‍ ഒരക്ഷരം പ്രതികരിക്കാത്തത് സമുദായം ശ്രദ്ധിക്കുന്നുണ്ടെന്ന ഓര്‍മപ്പെടുത്തലും ലേഖനത്തിലുണ്ട്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്‌ലാമി സ്വീകരിച്ച നിലപാടിനെയും ലേഖനം വിമര്‍ശിക്കുന്നു.
'ഇന്ത്യാവിഷന്‍ പൊള്ളയായ എഡിറ്റോറിയല്‍ വിപ്ലവം' എന്ന ലേഖനത്തില്‍ മാറാട് കലാപ സമയത്ത് സാമുദായിക വിഭാഗീയത മൂര്‍ച്ഛിപ്പിക്കുന്ന തരത്തില്‍ ചാനല്‍ നിലപാടെടുത്തതിനെയും ഐസ്‌ക്രീം കേസില്‍ റജീനാ വിഷയം ലീഗ് നേതാവിനോടുള്ള പകയോടെ അവതരിപ്പിച്ചതിനെയുമാണ് വിമര്‍ശിക്കുന്നത്.
ഈ ലേഖനങ്ങള്‍ ഉള്‍പ്പെടുന്ന വാരികയുടെ പുതിയ ലക്കം ഇന്നലെ പുറത്തിറങ്ങേണ്ടതായിരുന്നു. ഇതനുസരിച്ച് സമയത്തിനുതന്നെ കമ്പോസിങ്ങും പ്രിന്റിങ്ങും പൂര്‍ത്തിയാവുകയും ചെയ്തിരുന്നു. മാനേജിങ് ഡയറക്ടറായ ഹൈദരലി ശിഹാബ് തങ്ങളുടെ വിലക്കുവന്നതോടെ വാരിക പിടിച്ചുവെക്കുകയായിരുന്നു. വിവാദ ലേഖനങ്ങള്‍ ഒഴിവാക്കി വാരിക അടുത്തദിവസം പുറത്തിറങ്ങുമെന്നാണ് അറിയുന്നത്.
സുന്നി അഫ്കാറിന്റെ പുതിയ ലക്കം ഏപ്രില്‍ 11ന് പ്രസിദ്ധീകരിക്കുമെന്ന് സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ് മാനേജറും വാരികയുടെ സീനിയര്‍ എഡിറ്ററുമായ പിണങ്ങോട് അബൂബക്കര്‍ 'മാധ്യമ'ത്തോട് പറഞ്ഞു. എന്‍.എ.എം. ജാഫറും ഷഫീഖ് വഴിപ്പാറയും ഹസന്‍ ചേളാരിയും കെ.പി. കുഞ്ഞിമ്മൂസയുമൊക്കെ ലേഖനങ്ങള്‍ തന്നിരുന്നുവെങ്കിലും പുതിയ ലക്കത്തില്‍ അതുള്‍പ്പെടുത്തിയിട്ടില്ല. രാഷ്ട്രീയ വിവാദങ്ങള്‍ ഉണ്ടാക്കല്‍ സമസ്തയുടെയോ വാരികയുടെയോ ജോലിയല്ലെന്നും അദ്ദേഹം പറഞ്ഞു.

Friday, April 8, 2011

ജമാഅത്തെ ഇസ്‌ലാമി, സി.പി.എം, തീവ്രവാദം 

ജമാഅത്തെ ഇസ്‌ലാമി കേരള ശൂറ -കൂടിയാലോചനാ സമിതി-, കേരള സെക്രട്ടരിയേറ്റ്, കേന്ദ്ര പ്രതിനിധി സഭ എന്നിവയില്‍ അംഗവും വാണിമേല്‍ പ്രദേശത്തെ അമീറുമായ ഹമീദ് വാണിമേല്‍ ജമാഅത്തിലെ പ്രാഥമിക അംഗത്വമുള്‍പ്പെടെ എല്ലാ പദവികളില്‍ നിന്നും രാജി വച്ചിരിക്കുന്നുവല്ലോ. അദ്ദേഹത്തിന്റെ രാജിയും വാര്‍ത്താ സമ്മേളനത്തിലെ ചില പരാമര്‍ശങ്ങളുമാണ്‌ ഇപ്പോള്‍ കേരള തെരഞ്ഞെടുപ്പിലെ മുഖ്യ ചര്‍ച്ച വിഷയം.

രാജി വയ്ക്കാനായി അദ്ദേഹം നിരത്തിയ കാരണങ്ങള്‍ അങ്ങേയറ്റം ബാലിശമാണ്‌. അദ്ദേഹത്തിന്റെ അഭിപ്രായത്തിന്‌ വിരുദ്ധമായി ശുറ തീരുമാനമെടുത്തു എന്നതാണ്‌ രാജിയ്ക്ക് കാരണമത്രെ. ജമാഅത്തേ ഇസ്‌ലാമിയുടെ കൂടിയാലോചനാ സമിതിയില്‍ ചര്‍ച്ചയ്ക്ക് വരുന്ന കാര്യങ്ങളില്‍ തങ്ങളുടെ അഭിപ്രായം പറയാന്‍ ഓരോ അംഗത്തിനും അവകാശമുണ്ട്. അത് നിഷേധിക്കപ്പെട്ടതായി ഇപ്പോള്‍ രാജിവച്ച അംഗം പോലും പറഞ്ഞിട്ടില്ല. 2011 ഏപ്രില്‍ 13 ന്‌ നടക്കുന്ന തെരഞ്ഞെടുപ്പുമായിബന്ധപ്പെട്ട ചര്‍ച്ചയും ജനാധിപത്യ മര്യാദകള്‍ പാലിച്ചു കൊണ്ട് തന്നെയാണ്‌ നടന്നതെന്ന് അദ്ദേഹത്തിന്റെ പ്രസ്താവനയില്‍ നിന്ന് വ്യക്തമാകുന്നുണ്ട്.

ഒരു കൂടിയാലോചനാ സമിതി എങ്ങനെ തീരുമാനമെടുക്കണം?
പരമാവധി അഭിപ്രായൈക്യം ഉണ്ടാക്കാന്‍ ശ്രമിക്കണം.
അതസാദ്ധ്യമായി വരുമ്പോള്‍ ഭൂരിപക്ഷത്തിന്റെ അഭിപ്രായമനുസരിച്ച് തീരുമാനമെടുക്കണം.
ആ തീരുമാനം -എതിരഭിപ്രായമുന്നയിച്ചവര്‍ ഉള്‍പ്പെടെ- എല്ലാവരും അംഗീകരിക്കണം.
ഇതാണ്‌ ജനാധിപത്യ മര്യാദ. ജമാഅത്ത് ഭരണഘടനയിലും ഇത് വിശദീകരിച്ചിട്ടുണ്ട്: "(ജി) അഭിപ്രായങ്ങളില്‍ യോജിപ്പില്ലാതെ വരുമ്പോള്‍ തീരുമാനം ഭൂരിപക്ഷാഭിപ്രായമനുസരിച്ചായിരിക്കും. വോട്ടെടുപ്പവസരത്തില്‍ അധ്യക്ഷന്റെ വോട്ടും ഒരു വോട്ടായി കണക്കാക്കുന്നതാണ്. എന്നാല്‍, വോട്ടുകള്‍ സമമായി വിഭജിക്കപ്പെടുകയാണെങ്കില്‍ തീരുമാനം അധ്യക്ഷന്റെ (ഹല്‍ഖാ അമീര്‍) അഭിപ്രായമുള്‍ക്കൊള്ളുന്ന വിഭാഗത്തിന്റെ അഭിപ്രായമനുസരിച്ചായിരിക്കും." (ഖണ്ഡിക: 50, G)

എന്നാല്‍, ഈ മര്യാദ പാലിക്കാന്‍ ഹമീദ് ഇപ്പോള്‍ ഒരുക്കമല്ല. അദ്ദേഹത്തിന്റെ അഭിപ്രായം ഭൂരിപക്ഷാഭിപ്രായത്തിന്‌ എതിരാണെന്ന് അദ്ദേഹം തന്നെ സമ്മതിച്ചിരിക്കുന്നു; എന്നിട്ടും അത് എല്ലാവരും അംഗീകരിച്ചു കൊള്ളണമെന്ന വാശിയാണ്‌ അദ്ദേഹം കാണിക്കുന്നത്. അത് സമ്മതിച്ചു കൊടുക്കാന്‍ കഴിയുന്നതല്ലല്ലോ. അങ്ങനെയാണത്രെ രാജിയുണ്ടായത്.

ചര്‍ച്ചയില്‍ സ്വന്തം അഭിപ്രായം പറയുക; സമിതിയുടെ തീരുമാനം, തന്റെ അഭിപ്രായത്തിന്നെതിരായാല്‍ പോലും അതംഗീകരിക്കുക. ഇതാണ്‌ എല്ലാ കമ്മിറ്റികളിലും സാധാരണ നടക്കാറുള്ളത്. അല്ലാതിരുന്നാല്‍ ഓരോ മീറ്റിംഗ് കഴിയുമ്പോഴും കമ്മിറ്റിയില്‍ നിന്ന് ഏതാനും പേര്‍ രാജിവയ്ക്കേണ്ടി വരും. ഇങ്ങനെയെങ്കില്‍ ഹമീദ് സാഹിബ് തന്നെ ഇതിന്ന് മുമ്പ് പല തവണ രാജിവയ്ക്കേണ്ട അവസ്ഥയില്‍ എത്തിയിരിക്കുമല്ലോ. ജനാധിപത്യ മര്യാദ എന്താണെന്നത് മറന്ന് പോയാല്‍ ഇതും ഇതിലപ്പുറവും സംഭവിക്കും.

നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്ന കാര്യത്തില്‍ ഇടത് പക്ഷത്തിന്‌ മുന്‍തൂക്കം നല്‍കുന്ന ഒരു തീരുമാനമുണ്ടാകണമെന്നാണ്‌ ശുറയുടെ അഭിപ്രായമെന്ന് കീഴ് ഘടകങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ശൂറ തീരുമാനിച്ചു. അതും ഭൂരിപക്ഷാഭിപ്രായമനുസരിച്ച് തന്നെ. എന്നീട്ട് കീഴ്ഘടകങ്ങളുടെ അഭിപ്രായം കൂടി പരിഗണിച്ച് അന്തിമ നിലപാട് സ്വീകരിക്കാമെന്നും തീരുമാനിച്ചു. ഈ തീരുമാനത്തിന്‌ എതിര്‍ നില്‍ക്കേണ്ട എന്ത് അടിയന്തര സാഹചര്യമാണ്‌ ഹമീദിന്‌ മുമ്പില്‍ അപ്പോഴുണ്ടായിരുന്നത്?

ദശലക്ഷങ്ങളുടെ സാമ്പത്തിക ബാദ്ധ്യത അദ്ദേഹത്തിനുണ്ട്. ഈ ബാദ്ധ്യതയെക്കുറിച്ച് ജമാഅത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഭീമമായ ബാദ്ധ്യത തീര്‍ക്കാന്‍ വല്ല മാര്‍ഗ്ഗവും അന്വേഷിക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനായിരുന്നിരിക്കാം. ഇതൊന്നും ജമാഅത്ത് നയത്തെ സ്വാധീനിക്കേണ്ട കാര്യങ്ങളല്ല. അതേ സമയം അദ്ദേഹത്തിന്റെ രാജിക്കത്ത് ദല്‍ഹിയിലേക്ക് ഫാക്സ് ചെയ്തത് ചന്ദ്രിക ദിനപ്പത്രത്തിന്റെ ഓഫീസില്‍ നിന്നാണെന്നത് അദ്ദേഹത്തിന്റെ തീരുമാനത്തെ ആര്‌ സ്വാധീനിച്ചുവെന്ന് വ്യക്തമാക്കുന്നുണ്ട്.

കമ്മ്യൂണിസത്തോട് ജമാഅത്തെ ഇസ്‌ലാമിക്ക് വിയോജിപ്പുണ്ട്. ആ വിയോജിപ്പാകട്ടെ അടിസ്ഥാനപരമായ വിയോജിപ്പ് തന്നെയാണ്‌. അത് ജമാഅത്തിനും ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകള്‍ക്കും അറിയാവുന്നതുമാണ്‌. കമ്മ്യുണിസ്റ്റ് പാര്‍ട്ടികളോട് മാത്രമല്ല; എല്‍.ഡി.എഫിലെ മറ്റ് പാര്‍ട്ടികളോടും ജമാഅത്തിന്‌ ഇതേ വിയോജിപ്പുണ്ട്. ജമാഅത്തെ ഇസ്‌ലാമി അതിന്റെ അടിത്തറയിലും എല്‍.ഡി.എഫിലുള്ള പാര്‍ട്ടികള്‍ അവ ഇപ്പോഴുള്ള അടിത്തറകളിലും നിലനില്‍ക്കുന്നിടത്തോളം കാലം ഈ വിയോജിപ്പ് തുടരുകയും ചെയ്യും.

ജമാഅത്തിന്‌, അടിസ്ഥാനപരമായ ഈ വിയോജിപ്പുള്ളത് എല്‍.ഡി.എഫിനോടും അതിലെ പാര്‍ട്ടികളോടും മാത്രമല്ല; യു.ഡി.എഫിനോടും അതിലെ പാര്‍ട്ടികളോടുമുണ്ട് സമാനമായ വിയോജിപ്പ്. എല്‍.ഡി.എഫില്‍ മാത്രമല്ല; യു.ഡി.എഫിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുണ്ട്. അവയോട് മാത്രമല്ല ആ മുന്നണിക്ക് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസുള്‍പ്പെടെ സകല പാര്‍ട്ടികളോടും അടിസ്ഥാനപരമായ വിയോജിപ്പുണ്ട്. ആ പാര്‍ട്ടികള്‍ അവയുടെ അടിത്തറയില്‍ നിലനില്‍ക്കുന്നിടത്തോളം കാലം ഈ വിയോജിപ്പ് തുടരുകയും ചെയ്യും.

എന്നാല്‍, ഇപ്പോള്‍ നമ്മുടെ മുമ്പിലുള്ളത് 2011-'16 കാലത്ത് ആരാണ്‌ കേരളം ഭരിക്കേണ്ടതെന്ന് തീരുമാനിക്കുന്ന പൊതു തെരഞ്ഞെടുപ്പാണ്‌. നമുക്ക് മുമ്പില്‍ രണ്ട് മുന്നണികളുണ്ട്; യു.ഡി.എഫും എല്‍.ഡി.എഫും. ഈ രണ്ടിലൊന്ന് കേരളം ഭരിയ്ക്കും; മൂന്നാമതൊരു സാദ്ധ്യതയില്ല. 2001-2006 കാലത്ത് യു.ഡി.എഫാണ്‌ ഭരിച്ചിരുന്നത്. 2006-2011 കാലത്ത്, അഥവാ ഇപ്പോള്‍ എല്‍.ഡി.എഫ് ഭരണമാണ്‌ നിലവിലുള്ളത്. ഈ രണ്ട് ഭരണങ്ങള്‍ തമ്മില്‍ മാറ്റുരച്ച് നോക്കാനുള്ള സമയമാണിത്. അതോടൊപ്പം നിലവിലുള്ള കേന്ദ്ര ഭരണത്തിന്റെ വിലയിരുത്തലും നടക്കണം.

നിലവില്‍ കേരളം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങോട് ഇവിടെയുള്ള രണ്ട് മുന്നണികളുടെ നിലപാടെന്താണെന്ന് നോക്കണം. അവരവര്‍ മുമ്പോട്ട് വച്ച പ്രകടനപത്രികകള്‍ പരിശോധിക്കണം. ഇരുവര്‍ക്കും വാക്ക് പാലിക്കുന്ന സ്വഭാവം എത്രയുണ്ടെന്നതും പരിഗണിക്കണം. ഇരു മുന്നണികള്‍ക്കൂം വികസനത്തോടുള്ള കാഴ്ചപ്പാട്, ഹിന്ദുത്വത്തോടും ഫാഷിസത്തോടും മുള്ള നിലപാടിലെ കാപട്യവും ആത്മാര്‍ത്ഥതയും, സാമ്രാജ്യത്വത്തോടുള്ള സമീപനത്തിലെ വ്യത്യാസം, ആഗോളാടിസ്ഥാനത്തില്‍ ഇസ്‌ലാമോ ഫോബിയ പരത്തി മുസ്‌ലിംകളെ വേട്ടയാടുന്നതിനോടുള്ള നിലപാട്, ന്യായമായ ആവശ്യങ്ങള്‍ക്കും അവകാശങ്ങള്‍ക്കും വേണ്ടി സമരം ചെയ്യുന്നവര്‍ക്ക് മേല്‍ തീവ്രവാദ-ഭീകര മുദ്ര ചാര്‍ത്തല്‍ ഇങ്ങനെ പലതും പരിഗണിക്കേണ്ടതുണ്ട്.

എന്നിട്ട് ആരെ പിന്തുണക്കണമെന്ന് തീരുമാനിക്കണം. ഈ ആലോചനയില്‍ ജമാഅത്തിന്‌ വിഷയമാകുന്നത് മുസ്‌ലിം സമുദായവും അതിന്റെ പ്രശ്നങ്ങളും മാത്രമല്ല. നാട്ടിലെ മൊത്തം ജനങ്ങളും അവരുടെ സകല പ്രശ്നങ്ങളും ജമാഅത്തെ ഇസ്‌ലാമിക്ക് അതിന്റെ പ്രശ്നങ്ങള്‍ തന്നെയാണ്‌. അപ്പോള്‍ മൊത്തം ജനങ്ങളെ വരാനിരിക്കുന്ന കേരള ഭരണം എങ്ങനെ ബാധിക്കുമെന്ന് -അതാണ്‌ പരമപ്രധാനമായ കാര്യം- നോക്കിയേ ഒരു തീരുമാനത്തിലെത്താന്‍ ജമാഅത്തിന്‌ സാധിക്കുകയുള്ളു.

ജമാഅത്തെ ഇസ്‌ലാമിയുടെ നിലപാട് വളരെ വ്യക്തമാണ്‌. ഈ രണ്ടില്‍ ഏതെങ്കിലും ഒരു മുന്നയിയോടോ അവയില്‍ ഏതെങ്കിലും ഒരു കക്ഷിയോടോ പ്രത്യേകിച്ച് എന്തെങ്കിലും മമതയോ വിധേയത്തമോ വിരോധമോ ജമാഅത്തിനില്ല. അത്കൊണ്ട് അവരിലാരുടെയും താല്‍പ്പര്യം നോക്കേണ്ട ബാദ്ധ്യതയും ജമാഅത്തിനില്ല. ജമാഅത്തിന്‌ മുമ്പിലുള്ളത് ജനങ്ങളും അവരുടെ പ്രശ്നങ്ങളുമാണ്‌. രണ്ട് മുന്നണികളില്‍ ഏതാണ്‌ അവയോട് മെച്ചപ്പെട്ട രീതിയില്‍ പ്രതികരിക്കുക എന്നാണ്‌ നോക്കാനുള്ളത്. അങ്ങനെയാണ്‌ തമ്മില്‍ ഭേദം എല്‍.ഡി.എഫാണ്‌ എന്ന നിഗമനത്തില്‍ ജമാഅത്ത് എത്തിയത്. അതിന്റെ അടിസ്ഥാനത്തിലാണ്‌ എല്‍.ഡി.എഫിന്‌ മുന്‍തൂക്കമുള്ള തീരുമാനം വരണമെന്ന് ജമാഅത്ത് ആഗ്രഹിക്കുന്നുവെന്ന് അമീര്‍ ടി. ആരിഫലി കീഴ്‌ഘടകങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത്.

തെരഞ്ഞെടുപ്പ് സമയത്ത് മാത്രമല്ല മറ്റ് സന്ദര്‍ഭങ്ങളിലും കേരളത്തിലെ രാഷ്ട്രീയ നേതാക്കളും ഭരണാധികാരികളുമായും ജമാഅത്ത് ചര്‍ച്ചകള്‍ നടത്താറുണ്ട്. അതിന്റെ ഭാഗമായി ഇത്തവണയും ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. പലരും ജമാഅത്തിനോട് വോട്ട് അഭ്യര്‍ത്ഥിച്ചിട്ടുമുണ്ട്. ജമാഅത്തിനെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങുന്നയിച്ച് തീ തുപ്പി നടക്കുന്ന മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് കെ.എം.ഷാജി സോളിഡാരിറ്റി കണ്ണൂര്‍ ജില്ലാ ഓഫീസില്‍ കയറിച്ചെന്ന് 'നിങ്ങളുടെ സഹായം വേണമെന്ന്' ജില്ലാ പ്രസിഡന്റിനോട് പറഞ്ഞിട്ടുണ്ട്. ഷാജിയുടെ അഭിപ്രായത്തില്‍ ആഗോള തീവ്രവാദത്തിഉന്റെ മാസ്റ്റര്‍ ബ്രെയ്നാണ്‌ മൌലാനാ മൌദൂദി. ജമാഅത്തിനെ പിന്തുണക്ക് സമീപിക്കുന്നത് ആഗോള തലത്തില്‍ തീവ്രവാദം വളര്‍ത്താനേ ഉപകരിക്കുകയുള്ളൂ.

എരണാകുളത്ത് കെ.എന്‍.എം സംഘടിപ്പിച്ച ഒരു സെമിനാറില്‍ സംബന്ധിക്കവേ കെ.എം.ഷാജി പറഞ്ഞു: ഇത്തരം സെമിനാറുകളിലും മറ്റും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തീവ്രവാദത്തെ എതിര്‍ക്കും.... എന്നാല്‍, തെരഞ്ഞെടുപ്പിന്റെ തലേന്നാള്‍ എന്ന ഒരു ദിവസമുണ്ട്. അത് വല്ലാത്തൊരു ദിവസമാണ്‌. മല്‍സരിച്ചവര്‍ക്കേ അതറിയൂ. ഞാന്‍ മല്‍സരിച്ചിട്ടുണ്ട്. എനിക്കതറിയാം. അന്ന് തലയില്‍ മുണ്ടിട്ടു കൊണ്ടാണ്‌ സ്ഥാനാര്‍ത്ഥികള്‍ തീവ്രവാദികളെ തേടിയെത്തുന്നത്. രാഷ്ട്രീയക്കാര്‍ വരുമെന്ന് അവര്‍ക്കുമറിയാം. അപ്പോഴാണ്‌ ഒത്തുതീര്‍പ്പുകളുണ്ടാക്കുന്നത്. ഈ രഷ്ട്രീയക്കാര്‍ക്ക് തീവ്രവാദത്തെ എതിര്‍ക്കാന്‍ കഴിയാതെ പോകുന്നു. അത്കൊണ്ടാണ്‌ ഇത്തരം സെമിനാറുകളില്‍ ആഗോള തീവ്രവാദത്തെക്കുറിച്ചും മറ്റും പ്രസംഗിച്ച് മതിയാക്കേണ്ടി വരുന്നതും, നമ്മുടെ കൈയെത്തുന്ന ദൂരത്തിലുള്ള തീവ്രവാദത്തെ തൊടാന്‍ കഴിയാതെ പോകുന്നതും. അങ്ങനെയാണ്‌ തീവ്രവാദം വളരുന്നത്." എന്നാല്‍ ഷാജി കണ്ണൂരിലെ സോളിഡാരിറ്റി ഓഫീസില്‍ ചെന്നത് തെരഞ്ഞെടുപ്പിന്റെ തലേന്നാളല്ല; നോമിനേഷന്‍ സമര്‍പ്പിച്ച അതേ ദിവസമാണ്‌.

അതിനു മുമ്പുള്ള ഒരു ഘട്ടത്തിലാണ്‌ എം.ഐ. ഷാനവാസ് കോഴിക്കോട്ട് ഹിറാ സെന്റര്‍ സന്ദര്‍ശിച്ചത്. ജമാഅത്ത് അമീര്‍ ടി.ആരിഫലി പറയുന്നതനുസരിച്ച് ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും പ്രതിനിധിയായാണ്‌ അദ്ദേഹം ഹിറയിലെത്തിയത്. എന്നാല്‍ ഇത് നിഷേധിക്കാന്‍ വേണ്ടി ഷാനവാസ് ചൂണ്ടിക്കാണിച്ചത് വളരെ വിചിത്രമായ ഒരു കാരണമാണ്‌. ഷാനവാസ് അസുഖം ബാധിച്ചതിനാല്‍ ഏതാനും മാസങ്ങള്‍ വിശ്രമത്തിലായിരുന്നു. അന്ന് ചില ജമാഅത്ത് നേതാക്കള്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. എല്ലാ നേതാക്കള്‍ക്കും അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ കഴിഞ്ഞിരുന്നില്ല. ആ പോരായ്മ നികത്താന്‍ വേണ്ടി അദ്ദേഹം ജമാഅത്ത് കേന്ദ്രമായ ഹിറാ സെന്റര്‍ സന്ദര്‍ശിച്ചുവെന്ന്. അല്ലാതെ ആ സന്ദര്‍ശനത്തിന്‌ തെരഞ്ഞെടുപ്പുമായി ബന്ധമൊന്നുമുണ്ടായിരുന്നില്ലെന്ന്. ഇത് നമ്മള്‍ വിശ്വസിക്കണമത്രെ.

കിനാലൂര്‍ സംഭവത്തെത്തുടര്‍ന്ന് സി.പി.എമ്മും ജമാഅത്തും തമ്മില്‍ അകന്നിരുന്നുവല്ലോ. അന്ന് ജമാഅത്ത് വിമര്‍ശനത്തിന്റെ ഒരു തേരോട്ടമാണ്‌ പിണറായി വിജയന്‍ നടത്തിയിരുന്നത്; സ്റ്റേജിലും പേജിലും. തികച്ചും അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ്‌ അന്നദ്ദേഹം ഉന്നയിച്ചിരുന്നത്. അതില്‍ ഇപ്പോഴദ്ദേഹം ഖേദിക്കുന്നുണ്ടാവാം. കാരണം, ജമാഅത്ത് നേതാക്കളും പിണറായിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയ വാര്‍ത്ത പുറത്ത് വന്നപ്പോള്‍ യു.ഡി.എഫ് നേതാക്കളും അനുകൂല മീഡിയക്കളും സി.പി.എമ്മിനെതിരെ തിരിഞ്ഞിരിക്കുന്നു.

അവരുടെ വിമര്‍ശനത്തിന്റെ ചുരുക്കമിതാണ്‌: മാസങ്ങള്‍ക്ക് മുമ്പ് തീവ്രവാദികളെന്നും ഭീകരരെന്നും നിങ്ങള്‍ തന്നെ മുദ്രയടിച്ചവരുമായി ഇപ്പോള്‍ നിങ്ങള്‍ തന്നെ ചര്‍ച്ച നടത്തുകയാണോ എന്ന്. അല്ലാതെ ജമാഅത്ത് തീവ്രവാദ സംഘടനയാണെന്ന് അവര്‍ക്കഭിപ്രായമില്ലെന്ന്. അല്ലെങ്കില്‍, ജമാഅത്ത് നടത്തിയ തീവ്രവാദ പ്രചാരണങ്ങളും നടത്തിയ ഭീകര പ്രവര്‍ത്തനങ്ങളും ചൂണ്ടിക്കാണിച്ച്കൊണ്ട് പിണറായിയെ ചോദ്യം ചെയ്യാന്‍ അവര്‍ക്ക് കഴിയണമായിരുന്നു. അതുണ്ടാകുന്നില്ലെന്ന് മാത്രമല്ല; 'ജമാഅത്തിന്റെ വോട്ട് കിട്ടുകയില്ല അത് കൊണ്ട് ചോദിക്കുന്നില്ല' എന്ന നിലപാടിലാണ്‌ ഇപ്പോള്‍ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെ പലരുമുള്ളത്. അദ്ദേഹം നേരത്തെ പറഞ്ഞതിപ്രകാരമായിരുന്നു: 'ജമാഅത്ത് പിന്തുണ നല്‍കിയാല്‍, മുസ്‌ലിം ലീഗിന്റെ കമ്മിറ്റികളില്‍ ചര്‍ച്ച ചെയ്തിട്ട് മാത്രമേ അത് സ്വീകരിക്കണോ വേണ്ടേ എന്ന് തീരുമാനിക്കുകയുള്ളു.' ലീഗ് സ്ഥാനാര്‍ത്ഥികളുടെ സമ്മര്‍ദ്ദത്തിന്‌ വഴങ്ങിക്കൊണ്ട് വരുത്തിയ തിരുത്താകാം പുതിയ പ്രസ്താവന.

ഈ സംഭവത്തില്‍ പിണറായിക്കും സി.പി.എമ്മിനും ഒരു പാഠമുണ്ട്. അതിതാണ്‌: അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ആര്‍ക്കെതിരെയും ഉന്നയിക്കരുത്. ഉന്നയിച്ചാല്‍ അത് ഉന്നയിച്ചവര്‍ക്ക് തന്നെ തിരിച്ചടിയാകും. ചരിത്രത്തിന്റെ കാവ്യനീതിയാണത്. ആ പ്രസ്താവന കാരണമായി ചില വോട്ടുകള്‍ ഈ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്‌ നഷ്ടമാവുക തന്നെ ചെയ്യും . ഇനി ഒരു മാര്‍ഗ്ഗം കൂടി പിണറായിക്ക് മുമ്പിലുണ്ട്. അന്ന് ജമാഅത്തിനെതിരെ തീവ്രതയും ഭീകരതയും ആരോപിച്ചത് വെറുതെ പകപോക്കാന്‍ വേണ്ടി ചെയ്തതാണെന്ന് തുറന്ന് സമ്മതിക്കുക. അതിനുള്ള ആര്‍ജ്ജവം അദ്ദേഹം കാണിക്കുമോ?

അങ്ങനെയൊരു പ്രസ്താവന നടത്തിയാല്‍ അത് വസ്തുതാപരമായി തെറ്റാവുകയില്ല. ഈയിടെ കേരള ഹൈക്കോടതിയില്‍ ആഭ്യന്തര വകുപ്പ് ഒരു അഫിഡവിറ്റ് സമര്‍പ്പിച്ചിട്ടുണ്ട്. അതില്‍ പറഞ്ഞത് ജമാഅത്തിന്‌ തീവ്രവാദബന്ധം ഇല്ലെന്നാണ്‌. ആ അഫിഡവിറ്റില്‍ പറഞ്ഞ കാര്യങ്ങള്‍ ഒന്ന് ഉദ്ധരിക്കുക മാത്രമേ സി.പി.എം നേതൃത്വം ചെയ്യേണ്ടതുള്ളു. അതോടെ അവര്‍ക്കെതിരെ, ജമാഅത്തുമായി ബന്ധപ്പെടുത്തി യു.ഡി.എഫ് ഉയര്‍ത്തുന്ന സകല വിമര്‍ശനങ്ങളും തകര്‍ന്ന് തരിപ്പണമാകും.

ജമാഅത്തിനെതിരെ സി.പി.എം ആരോപണമുന്നയിച്ചത് ചൂണ്ടിക്കാണിച്ചുകൊണ്ട്, എന്നിട്ടും നിങ്ങളവര്‍ക്ക് വോട്ട് കൊടുക്കുകയണോ എന്നാണ്‌ ചിലര്‍ ചോദിക്കുന്നത്. വിമര്‍ശിച്ചവര്‍ക്ക് വോട്ട് കൊടുക്കുകയില്ലെന്ന് തീരുമാനിച്ചാല്‍ പിന്നെ ആര്‍ക്കാണ്‌ ജമാഅത്ത് വോട്ട് കൊടുക്കുക? രണ്ട് തവണ ജമാഅത്തിനെ നിരോധിച്ച കോണ്‍ഗ്രസിനോ? അതില്‍ ആഹ്ലാദം പ്രകടിപ്പിക്കുകയും അഭിമാനം കൊള്ളുകയും ചെയ്ത ലീഗിനോ?

താല്‍ക്കാലിക രാഷ്ട്രീയ ലാഭത്തിന്‌ വേണ്ടി ജമാഅത്തിനെതിരെ ആരോപ്പണമുന്നയിക്കുകയാണ്‌ നേതാക്കന്മാര്‍ ചെയ്യുന്നത്. അവര്‍ക്കറിയാം ജമാഅത്തെ ഇസ്‌ലാമി ഒരു തീവ്രവാദ-ഭീകര സംഘടനയല്ലെന്ന്. എന്നാല്‍, യഥാര്‍ത്ഥ ഹിന്ദുത്വത്തേക്കാള്‍ കൂടുതലായി മൃദു ഹിന്ദുത്വത്തെ ഭയപ്പെടുന്ന നേതാക്കന്മാര്‍ക്ക് അത് തുറന്ന് പറയാന്‍ ഇപ്പോള്‍ കഴിയുന്നില്ലെന്ന് മാത്രം. നമുക്ക് കാത്തിരിക്കാം.


ദൈവത്തിന്റെ രാഷ്ട്രീയം
"എല്ലാ ഭീകരവാദികളും മുസ്‌ലിംകളാണ്‌"
ജിഹാദ്
ഭീകരതയുടെ നിറംമാറ്റം
അസിമാനന്ദയ്ക്ക് പകരം യുക്തിവാദികള്‍