Followers

Friday, March 4, 2011

ഗോധ്ര: അസിമാനന്ദയും കലീമും 

സബര്‍മതി എക്സ്പ്രസിന്റെ എസ്. 6 കോച്ചിന്‌ തീ പിടിക്കുകയും 59 പേര്‍ -അയോധ്യയില്‍ നിന്ന് മടങ്ങുന്ന കര്‍സേവകര്‍ - കൊല്ലപ്പെടുകയും ചെയ്തു. ഗുജറാത്തിലെ ഗോധ്രയില്‍ വച്ചാണ്‌ സംഭവം. 94 പേര്‍ ഇതിനെത്തുടര്‍ന്ന് അറസ്റ്റ് ചെയ്യപ്പെട്ടു. ഇതില്‍ 63 പേര്‍ കുറ്റക്കാരല്ലെന്ന് കണ്ട് നേരത്തെ വിട്ടയയ്ക്കപ്പെട്ടു. ബാക്കി 31 പേര്‍ കുറ്റക്കരാണെന്ന് പ്രത്യേക കോടതി കോടതി ഇപ്പോള്‍ കണ്ടെത്തുകയും അവര്‍ക്ക് ശിക്ഷ വിധിക്കുകയും ചെയ്തിരിക്കുന്നു. 11 പേര്‍ക്ക് വധശിക്ഷയും 20 പേര്‍ക്ക് ജീവപര്യന്തം തടവുമാണ്‌ ശിക്ഷ. കേസിലെ മുഖ്യകുറ്റാരോപിതര്‍ കുറ്റക്കാരല്ലെന്ന് വിധിക്കപ്പെട്ടിട്ടുണ്ട്. എന്നിട്ടും അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ്‌ കേസെന്നും അതിനാലാണ്‌ ഇങ്ങനെ ശിക്ഷ വിധിക്കുന്നതെന്നുമാണ്‌ കോടതി വ്യക്തമാക്കിയത്.

പ്രദേശ വാസികളായ മുസ്‌ലിംകളാണ്‌ ഇതിന്ന് പിന്നിലെന്നും ഐ.എസ്.ഐ പിന്തുണയും സഹായവും ഇതിന്നുണ്ടെന്നും ആദ്യം പറഞ്ഞത് മുഖ്യമന്ത്രി മോഡിയയിരുന്നു. അതിനെ തുടര്‍ന്നാണ്‌ 2000 ന്‌ മേല്‍ മുസ്‌ലിംകള്‍ കൊല്ലപ്പെട്ട ഗുജറാത്ത് വംശഹത്യ അരങ്ങേറിയത്. വംശഹത്യക്ക്, പുറമേക്ക് പറയാന്‍ അവര്‍ക്കൊരു ന്യായം ആവശ്യമുണ്ടായിരുന്നു എന്നത് മറക്കരുത്. ഗോധ്ര സംഭവവും ഗുജറാത്ത് വംശ ഹത്യയും തമ്മില്‍ ബന്ധിപ്പിച്ചു കൊണ്ട് മോഡി പറഞ്ഞത് 'ഏത് പ്രവര്‍ത്തനത്തിനും ഒരു പ്രതിപ്രവര്‍ത്തനമുണ്ടാകും' എന്നായിരുന്നു. ഇതേ വാദം സംഘ്പരിവാറും സമാനമനസ്കരും ആവര്‍ത്തിച്ചു കൊണ്ടിരുന്നു. ചിലര്‍ ഗോധ്ര സംഭവം വലുതായി കാണുകയും വംശഹത്യ കണ്ടില്ലെന്ന് നടിക്കുകയും ചെയ്തു. വേറെ ചിലര്‍ അതിനെ സ്വാഭാവികമായ ഒരു പ്രതിപ്രവര്‍ത്തനമായി കണക്കാക്കി നിസ്സാരവല്‍ക്കരിച്ചു. ഗുജറാത്തിലെ മുസ്‌ലിം ഭീകരരെ ഒതുക്കിയതിന്ന് മോഡിയെ പ്രകീര്‍ത്തിക്കുന്ന പോസ്റ്ററുകള്‍ കേരളത്തില്‍ വരെ പ്രത്യക്ഷപ്പെട്ടിരുന്നു. അങ്ങനെ ഗോധ്ര സംഭവം യഥാര്‍ത്ഥ ഭീകരതയും ഗുജറാത്ത് വംശഹത്യ പ്രതികരണ ഭീകരതയുമായി വാഴ്ത്തപ്പെട്ടു.

ഗുജറാത്ത് ഗവണ്‍മെന്റ് നിശ്ചയിച്ച നാനാവതി കമ്മീഷന്‍ മോഡിയുടെ, മേല്‍ സൂചിപ്പിച്ച, നിഗമനം ശരിയാണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ പിന്നീട് റയില്‍വേ നിശ്ചയിച്ച ബാനര്‍ജീ കമ്മീഷന്‍ കണ്ടെത്തിയത് എസ്. 6 കോച്ചിനുള്ളില്‍ നിന്നാണ്‌ തീ പടര്‍ന്നതെന്നും സംഭവത്തില്‍ പുറമെ നിന്നുള്ള ഇടപെടലിന്‌ തെളിവില്ലെന്നുമാണ്‌. അതേസമയം ഈ കമ്മീഷന്‍ ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു ഗുജറാത്ത് ഹൈക്കോടതിയുടെ കണ്ടെത്തല്‍.

കെട്ടിച്ചമച്ച ആരോപണങ്ങളും കൃത്രിമമായി ഉണ്ടാക്കപ്പെട്ട തെളിവുകളുമാണ്‌ കോടതിക്ക് മുമ്പില്‍ സമര്‍പ്പിക്കപ്പെട്ടത്. ഇത് തിരിച്ചറിയാന്‍ കോടതിക്ക് കഴിഞ്ഞില്ലെന്ന് വേണം കരുതാന്‍. എന്നിട്ടും വി.എച്.പി നേതാവ് പറയുന്നത് 11 പേരെ തൂക്കികൊന്നാല്‍ പോരെന്നും; 94 പേരെയും തൂക്കികൊല്ലണമെന്നുമാണ്‌. ഇവരില്‍ 63 പേര്‍ നിരപരാധികളാണെന്നും 20 പേര്‍ ജീവപര്യന്തം തടവ് ശിക്ഷ മാത്രമേ അര്‍ഹിക്കുന്നുള്ളു എന്നും കോടതി കണ്ടെത്തിയവരാണെന്നോര്‍ക്കണം. എങ്കില്‍ പോലും അവരെക്കൂടി തൂക്കിലേറ്റിയെങ്കില്‍ മാത്രമേ സംഘ്പരിവാറിന്‌ മനസ്സമാധാനം കിട്ടുകയുള്ളു എന്ന്.

2002 ഫെബ്രുവരി 27 നാണല്ലോ ഗോധ്ര സംഭവം നടന്നത്. ഇതിന്റെ തലേന്ന് ചില മുസ്‌ലിംകള്‍ 140 ലിറ്റര്‍ പെട്രോള്‍ വാങ്ങിയിട്ടുണ്ടെന്ന, പമ്പിലെ രണ്ട് ജീവനക്കാരുടെ മൊഴിയാണ്‌ അന്വേഷണോദ്യോഗസ്ഥര്‍ സമര്‍പ്പിച്ച അതി സുപ്രധാനമായ തെളിവ്. എന്നാല്‍ ഇരുവര്‍ക്കും 50,000 രൂപ വീതം കൈക്കൂലി നല്‍കി പറയിച്ചതാണിതെന്ന കാര്യം നേരത്തെ തെഹല്‍ക തെളിയിച്ചിട്ടുണ്ട്.

സംസ്ഥാന മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഒരു പറ്റം നേതാക്കളും ഭരണാധികളും ഉദ്യോഗസ്ഥരും വംശഹത്യയുടെ പേരില്‍ കടുത്ത സംശയത്തിന്റെ നിഴലില്‍ കഴിയുന്ന കാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണല്ലോ. സുപ്രീം കോടതി പോലും ഈ നിഗമനത്തോട് കൂടി കേസില്‍ ഇടപെട്ടിട്ടുമുണ്ട്. ഈയൊരു സാഹചര്യത്തില്‍ ഗോധ്ര സംഭവത്തിലുള്ള കോടതി വിധി ഏറെ സംശയാസ്പദമാണെന്ന് പറയാതെ വയ്യ. അപ്പീലിനുള്ള അവസരം ​ബാക്കിയുണ്ടെന്നതാണ്‌ ഏക ആശ്വാസം.

മാലേഗാവ്, സംഝോതാ എക്സ്പ്രസ്, അജ്മീര്‍, മക്ക മസ്ജിദ് ഉള്‍പ്പെടെയുള്ള സ്ഫോടങ്ങള്‍ നടത്തിയത് മുസ്‌ലിംകളാണെന്നാണല്ലോ കരുതപ്പെട്ടിരുന്നത്. ഇവയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് സംഘ് പരിവാറാണെന്ന സ്വാമി അസിമാനന്ദയുടെ വെളിപ്പെടുത്തലിന്‌ മുമ്പ്‌ ഈ കേസുകളില്‍ വിധി പ്രസ്താവിക്കപ്പെട്ടിരിന്നുവെങ്കില്‍ നൂറുക്കണക്കിന്‌ മുസ്‌ലിംകള്‍ ശിക്ഷിക്കപ്പെടുമായിരുന്നില്ലേ? അന്യായമായി സംഘം ചേരല്‍, ഗൂഢാലോചന, നിയമവിരുദ്ധമായി ആയുധം കൈവശം വയ്ക്കല്‍, കരുതിക്കൂട്ടിയുള്ള ആക്രമണം, ഭീകരത, വിദേശബന്ധം, അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം തുടങ്ങിയുള്ള ഞെട്ടിക്കുന്ന പല പദങ്ങളും വിധിപ്രസ്താവനയുടെ എരിവ് കൂട്ടാന്‍ വേണ്ടി ഉപയോഗിക്കപ്പെടുമായിരുന്നില്ലേ?

അതിനാല്‍ ഗോധ്ര കേസില്‍ ശിക്ഷ വിധിക്കപ്പെട്ടവരുടെ മോചനത്തിന്‌ വേണ്ടിയുള്ള നിയമ പോരാട്ടം ശക്തമായി നടക്കേണ്ടതുണ്ട്. അതോടൊപ്പം സത്യം തുറന്ന് പറയാന്‍ ആര്‍ജ്ജവം കാണിക്കുന്ന അസിമാനന്ദമാരെ നമുക്ക് കാത്തിരിക്കാം. അവരെ അതിന്ന് പ്രേരിപ്പിക്കുന്ന കലീമുമാരെയും.

അസിമാനന്ദയും കാളിദാസനും
"എല്ലാ ഭീകരവാദികളും മുസ്‌ലിംകളാണ്‌"
ജിഹാദ്
ഭീകരതയുടെ നിറംമാറ്റം
അസിമാനന്ദയ്ക്ക് പകരം യുക്തിവാദികള്‍

1 comment:

  1. സത്യം തുറന്ന് പറയാന്‍ ആര്‍ജ്ജവം കാണിക്കുന്ന അസിമാനന്ദമാരെ നമുക്ക് കാത്തിരിക്കാം. അവരെ അതിന്ന് പ്രേരിപ്പിക്കുന്ന കലീമുമാരെയും.

    ReplyDelete